Thursday, June 23, 2016

കേരള രാഷ്ട്രീയ മാറ്റങ്ങളുടെ നാൾ വഴികൾ 4


ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും.

കേരളത്തിൽ കഴിഞ്ഞ അറുപത് വർഷങ്ങളിൽ ഉണ്ടായ രാഷ്ട്രീയ പരിണാമങ്ങളെ ഇന്ത്യയിലെ രാഷ്ട്രീയ മറിവ് തിരുവകളുടെ ചരിത്രത്തിൽ നിന്ന് വേറിട്ട് കാണുവാനാകില്ല. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ഇങ്ങു തെക്കു പടിഞ്ഞാറേ അറ്റത്തു സ്ഥിതി ചെയ്യുന്ന 20 ലോക് സഭ അംഗങ്ങൾ മാത്രമുള്ള കേരളത്തിന് എന്തെകിലും കാര്യമായ പ്രസക്തി ഉണ്ടായിരുന്നോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. മറിച്ചു ഇന്ത്യൻ ദേശീയ രാഷ്ട്രീയം കേരള രാഷ്ട്രീയ മാറ്റങ്ങളെ സ്വാധീനിച്ചു എന്നതിൽ തർക്കമില്ല.
ഇവിടെ ഇന്ത്യൻ ദേശീയ രാഷ്ട്രീയ പരിണാമങ്ങളെ കുറിച്ച് ചില പ്രാഥമിക നിരീക്ഷണങ്ങൾ കുറിക്കുന്നത് കേരള രാഷ്ട്രീയ മാറ്റങ്ങളെ ഒരു വിപുലമായ തലത്തിൽ മനസ്സിലാക്കാനും കൂടിയാണ്.
കോൺഗ്രസ്സ് സംവിധാനവും ഇന്ത്യൻ രാഷ്ട്രീയവും.

ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് 1992 മുതലാണ്. സ്വാതന്ത്ര്യ സമരകാലം മുതൽ രാജ്യത്താകമാനം വളർന്ന കൊണ്ഗ്രെസ്സ് രാഷ്ട്രീയ സംവിധാനം അതിന്റെ അന്ത്യ ശ്വാസം വലിക്കുവാൻ തുടങ്ങിയത് 1980കളുടെ അവസാനത്തിലായിരുന്നു. എന്തായിരുന്നു ഈ കൊണ്ഗ്രെസ്സ് രാഷ്ട്രീയ സംവിധാനം? ഇത് ഗാന്ധി-നെഹ്റു-വല്ലഭായ് പട്ടേൽ നേതൃത്വം 1930 കൾ വളർത്തിയെടുത്ത ഒരു രക്ഷകർതൃ ഇന്ത്യൻ രാഷ്ട്രീയ സമവായ സമീപനം ആയിരുന്നു. ഗാന്ധിയുടെ നൈതീക ഉൾകൊള്ളൽ രക്ഷകർത്ര രാഷ്ട്രീയം( an inclusive and ethical politics of patronizing) ആയിരുന്നു അതിന്റെ കാതൽ. അതോടൊപ്പം നെഹ്രുവിന്റെ ആധുനിക ജനാധിപത്യ സെക്കുലർ സമീപനവും പട്ടേലിന്റെ സമവായ ഒത്തു തീർപ്പൽ മൃദു ഹിന്ദു ദേശീയ സമീപനവും വിളക്കി ചേർത്ത് ഉണ്ടായൊരു പാൻ-ഇന്ത്യൻ ദേശ രാഷ്ട്രീയ സമീപനം ആയിരുന്നു ഇത്.
ഈ സമീപനത്തിന്റെ രാഷ്ട്രീയ നേതൃത്വം വടക്കു -പടിഞാറെ ഇൻഡിയിലെ മേൽക്കോയ്മ ജാതിയിൽ നിന്നുള്ളവരുടെ കൈകളിൽ ആയിരുന്നു എങ്കിലും ഇൻഡിയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജാതി സാമൂഹങ്ങളെയും, ന്യുനപക്ഷ സാമൂഹങ്ങളെയും കരുതിയ ഒരു ഒത്തുതീർപ്പൽ പാൻ-ഇന്ത്യൻ സമവായ ജനാധിപത്യ രാഷ്ട്രീയമായിരുന്നു. ഈ ഒത്തുതീർപ്പു സമവായ രാഷ്ട്രീയം( accomodative political consensus) ഇൻഡിയിലെ എല്ലാ ജനങ്ങളെ ഉൾകൊള്ളാൻ ശ്രമിച്ചപ്പോഴും അതിന്റെ ഉള്ളിൽ വടക്കു-പടിഞ്ഞാറേ ഇൻഡിയിലെ ജാതി-രാഷ്ട്രീയ മേൽക്കോയ്മ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.
അങ്ങനെയുള്ള ദേശീയ സമവായ കൊണ്ഗ്രെസ്സ് ഇവിടുത്തെ ദളിതരെയും, ന്യുനപക്ഷ സാമൂഹങ്ങളെയും പിന്നോക്ക ജാതികളെയും അവശ്യ അനുസരണം കോ-ഒപ്ട് ചെയ്തു രക്ഷകർത്ര വലയത്തിൽ അധികാര രാഷ്ട്രീയത്തിന്റെ ഒരു ചേരുവയുണ്ടാക്കിയാണ് 1950കൾ മുതൽ ഏതാണ്ട് മുപ്പതു കൊല്ലം ഇന്ത്യയുടെ രാഷ്ട്രീയ ഭരണം നടത്തിയത്.
അതുകൊണ്ടു തന്നെയാണ് കൊണ്ഗ്രെസ്സ് ബദൽ രാഷ്ട്രീയം തെക്കേ ഇന്ത്യയിലും ബംഗാളിലും വടക്കു കിഴേക്കെ ഇന്ത്യയിലും ആദ്യമായി വളർന്നത്. കാരണം കോൺഗ്രസിന്റെ വടക്കു പടിഞ്ഞാറേ ഇന്ത്യയിൽ ഉള്ള മേക്കോയ്മ രാഷ്ട്രീയത്തിൽ ഈ ഭാഗത്തു നിന്നുള്ള നേതാക്കൾ വിരളം ആയിരുന്നു. ബംഗാളിൽ നിന്നുള്ള നേതാജിയും മറ്റും കോൺഗ്രസിന് പുറത്തായതും രാജഗോപാലചാരി സ്വതന്ത്ര പാർട്ടി ഉണ്ടാക്കിയതും അംബേദ്‌കർ ജാതിമേല്കൊയ്മ രക്ഷകർത്ര രാഷ്ട്രീയത്തെ ചോദ്യം ചെയ്തതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ബീഹാറിൽ നിന്ന് ഡോ. രാജേന്ദ്ര പ്രസാദ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹവും ജന്മി വരേണ്യ വിഭാഗത്തിന്റെ പ്രതിനിധി ആയിരുന്നു.
പിൽക്കാല രാഷ്ട്രീയം പരിശോധിച്ചാൽ ദ്രാവിഡ രാഷ്ട്രീയവും, ബീഹാറിലും കര്ണാടകത്തിലും വളർന്ന സോഷ്യലിസ്റ്റ് ധാരകളും കേരളത്തിലും ബംഗാളിലും വേര്പിടിച്ച കമ്മ്യൂണിസ്റ്റു പ്രസ്ഥാങ്ങളും, പഞ്ചാബിലെ അകാലി രാഷ്ട്രര്യവും വടക്കു കിഴേക്കെ ഇന്ത്യയിലെ വിഘടന രാഷ്ട്രീയവും , കാശ്മീരിലെ പ്രതിക്രിയ രാഷ്ട്രീയവുമെല്ലാം ഒരു പരിധിവരെ വടക്കു-പടിഞ്ഞാറേ ഇൻഡിയിലെ വരേണ്യ ജാതി കൊണ്ഗ്രെസ്സ് മേല്കൊയ്മക്ക് എതിരെയുള്ള ബദൽ രാഷ്ട്രീയ സരംഭങ്ങൾ ആയി കാണുവാൻ കഴിയും. ഇൻഡിയിലെ രാഷ്ട്രീയ മേൽക്കോയ്മ രാഷ്ട്രീയ സമാവയത്തിന് പുറത്തായിരുന്ന ആദിവാസി സമൂഹങ്ങളിൽ ആണ് തീവ്ര രാഷ്ട്രീയ ധാരയായ മാവോയിസം പ്രഭാവം ചിലത്തിയത് എന്നത് മറന്നുകൂടാ
.
വടക്കു പടിഞ്ഞാറേ സംസ്ഥാങ്ങളിൽ ആയിരുന്നു കോൺഗ്രസിന് എന്നും മുൻതൂക്കം. പഴയ യു.പി, എം.പി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് , പിന്നെ ഒരു പരിധി വരെ ബീഹാറിലും ആയിരുന്നു കോൺഗ്രസിന് മേൽക്കോയ്മ ഉണ്ടായിരുന്നത്. കൊണ്ഗ്രെസ്സ് നേതൃത്വ മേല്കൊയ്മയിൽ ഉള്ള എല്ലാവരും തന്നെ വടക്കു പടിഞ്ഞാറു നിന്നുള്ള വരേണ്യ ജാതിയിൽ ഉള്ളവർ ആയിരുന്നു. അവരെ പിന്തുണച്ചത് ആ ഭാഗത്തു നിന്നുള്ള മാർവാടി ബിസ്സിനസ്സ് താല്പര്യങ്ങൾ ആയിരുന്നു. ബിർളയും ഡൽമിയായും പിന്നെ ടാറ്റയും ഒക്കെ കൊണ്ഗ്രെസ്സ് സംവിധാനത്തിന്റെ പുറകിൽ ഉണ്ടായതും ആകസ്മികമല്ല.
വടക്കു പടിഞ്ഞാറേ സംസ്ഥാനങ്ങളിൽ ഉള്ള ജനസംഖ്യ കൂടുതൽ ഉള്ളതിനാലും കൂടുതൽ ലോക്സഭ സീറ്റുകൾ ഉള്ളതിനാലും കൊണ്ഗ്രെസ്സ് പാർട്ടി സംവിധാനത്തിന് ഭരണം പിടിക്കാൻ പ്രയാസമില്ലായിരുന്നു. 1950 മുതൽ 1990 വരെയുള്ള രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസിലെ മുൻ നിര നേതാക്കൾ എല്ലാം മൂന്നോ നാലോ സംസ്ഥാങ്ങളിൽ നിന്നുള്ളവരായിരുന്നു. കൊണ്ഗ്രെസ്സ് പാർട്ടിയുടെ ജന്മവും വളർച്ചയും ഉണ്ടായത് പഴയ ബോംബെ പ്രെസിഡൻസിയിൽ ആയിരുന്നു. കോൺഗ്രസിന്റെ നേതൃത്വം ആദ്യകാലങ്ങളിൽ കൈയാളിയത് മഹാരാഷ്ട്ര വരേണ്യ ബ്രാഹ്മണരും ബംഗാളി ബ്രാഹ്മണരും പിന്നെ ബോംബെയിലെ നവ ബിസിനസ്സുകാരുടെ പ്രതിനിധികളും ആയിരിന്നു. അതുകൊണ്ടു തന്നെയാണ് ഗോഖലയും, ബാല ഗംഗാധര തിലകും, ബോംബയിൽ നിന്നുള്ള ദാദാബായി നവരോജിയും പിന്നീട് ജിന്നയും കൊണ്ഗ്രെസ്സ് രാഷ്ട്രീയത്തിൽ മുന്നിലേക്ക് വന്നത്.
ഇന്ത്യൻ ദേശീയത ആഖ്യാനങ്ങൾ
ബ്രിട്ടീഷ് കോളനി വാഴ്ചെക്കെതിരെ ഉള്ള ഒരു ബദൽ രാഷ്ട്രീയമായാണ് ഇന്ത്യൻ ദേശീയ കാഴ്ചപ്പാട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഉണ്ടായത്. ഇന്ത്യയിൽ ബ്രാഹ്മണ നേത്രത്തിൽ ഉണ്ടായ പ്രധാന അധികാര സാമ്രാജ്യത്വം പൂനാ കേന്ദ്രമാക്കിയ പേഷ്വാ സാമ്രാജ്യം ആയിരുന്നു. ഇപ്പോൾ മഹാരാഷ്ട്ര എന്ന പ്രദേശത്തെ പഴയ രാഷ്ട്രീയ ധാരയിൽ രണ്ടു ചേരുവകൾ ഉണ്ടായിരുന്നു. ഒന്ന് മുസ്ലിം ആധിപത്യത്തിൽ ഉള്ള മുഗൾ ഭരണത്തോട് ഉള്ള മറാത്ത എതിർപ്പ്. ഔരംഗസേബിന്റ് ഭരണ ചരിത്രം മറാത്തി ദേശവുമായുള്ള യുദ്ധ ചരിത്രം കൂടിയാണ്. മാറാത്ത സാമ്രാജ്യം ഇന്‍ഡ്യയിലെ പലയിടത്തും വെരുറപ്പിച്ചു. അതിനു ശേഷം വന്ന പേഷ്വാഭരണം ബ്രാഹ്മണ ആയിരുന്നു. അത് പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധിപത്യത്തോടുള്ള യുദ്ധത്തിൽ ആയിരുന്നു. അതുകൊണ്ടു തന്നെ തിലകനും മറ്റും വളർത്തിയെടുത്ത ഇന്ത്യൻ ബദൽ ദേശീയ സങ്കല്ല്പ്പം അന്നത്തെ ബ്രാഹ്മണ മേൽക്കോയ്മ സാമൂഹിക-സാംസ്ക്കാരിക രാഷ്ട്രീയ കാലാവസ്ഥയിൽ വായിച്ചെടുക്കണ്ടതായിട്ടുണ്ട്.
എന്തുകൊണ്ടാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ പൂനയിൽ വലിയ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായിരുന്ന ജ്യോതി ഫുലെയുടെ ദളിത് രാഷ്ട്രീയ നിലപാടുകൾ ഇന്ത്യൻ ദേശീയ രാഷ്ട്രീയ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ പോലും സ്ഥാനം പിടിക്കാഞ്ഞത്.? ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഒരു ബദൽ ഇന്ത്യൻ ദേശീയ ആഖ്യാനം പ്രധാനമായും രൂപപ്പെടുത്തിയത് പൂന ബ്രാഹ്മണരും കൽക്കട്ട ബ്രാഹ്മണരും ആണ്. അതുകൊണ്ടു തന്നേ അതിന്റെ ചിന്ഹങ്ങളും അർത്ഥ വ്യഹങ്ങളിലും ജാതി മേല്കൊയ്മയുടെ ചേരുവകൾ ഉണ്ടായിരുന്നു. 'ഭാരത മാതാ' പോലുള്ള ആശയങ്ങൾ അന്നാണ് ഇന്ത്യൻ രാഷ്ട്രീയ നിഘണ്ടുവിൽ സ്ഥാനം പിടിച്ചത്.
ബംഗാളിന്റെ വിഭജനത്തോടെ പതിയെ കൽക്കട്ട ബ്രാഹ്മണ വരേണ്യര്‍ പതിയെ കളമൊഴിഞ്ഞു. അരബിന്തോ ഘോഷ് പോലുള്ളവർ വഴി പിരിഞ്ഞു പോയി. തിലകിന്റെ മരണത്തോട് കൂട് കോൺഗ്രസിൽ പൂന ബ്രമ്മാണ ആധിപത്യം ഒഴിഞ്ഞു.
1920ൽ കൾ മുതൽ ഗാന്ധിയുടെ നേത്രത്തിൽ വളർത്തിയ ദേശീയ ആഖ്യാനത്തിന് ഒരു പാൻ-ഇന്ത്യൻ സ്വഭാവം ഉണ്ടായിരുന്നു. ഗാന്ധിയുടെ ദേശീയ രാഷ്ട്രീയ പ്രവേശം തന്നെ ഖിലാഫത് പ്രസ്ഥാനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു എന്നത് ഇതിനോട് ചേർത്തുകാണാം. അങ്ങനെയുള്ള ഒരു ഗാന്ധിയൻ പാൻ ഇന്ത്യൻ ദേശീയത ഒരു പുതിയ ഉള്കൊള്ളൽ സമവായ ദേശീയ രാഷ്ട്രയത്തിന്റെ നാന്ദി ആയിരിന്നു. അതിനു ബദലായി ആണ് തിലകിന്റെ പഴയ ബ്രാഹ്മണ ദേശീയ വാദം പൂനയിലെ തിലകന്റെ രാഷ്ട്രര്യ പിന്മുറക്കാർ പൊടി തട്ടി എടുത്തു പഴയ പേഷ്വാ-മാറാത്ത അധികാര ഗ്രഹാതുര്വതങ്ങളോടെ പുനരുജ്ജീവിപ്പുക്കുവാൻ തുടങ്ങിയത്.
അവിടെ നിന്നാണ് മഹാരാഷ്ട്ര ബ്രാഹ്മണ മേല്‍കോയ്മ രാഷ്ട്രര്യ സ്വയം സംഘ് എന്ന പേരിൽ ആർ.എസ്.എസ് തുടക്കം കുറിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആർ. എസ്.എസിന്റെ തലപ്പത്തു ഡോ. ഹെഡ്‌ഗവാർ മുതൽ മോഹൻ ഭഗവത്ത് വരെയുള്ളവർ ഭരിക്കുന്നതും , ഇന്ത്യൻ ദേശീയത എന്നാൽ പഴയ ബ്രാഹ്മണ മേല്‍കോയ്മ ദേശീയതായാണെന്നു വരുത്തിത്തീർക്കാൻ അക്ഷീണം പരിശ്രമിക്കുന്നതും. ഗാന്ധിയുടെ ദേശീയ കാഴ്ചാപ്പാടുകളെ അവർക്കു ദഹിക്കാൻ നിർവാഹമില്ലാത്തതു കൊണ്ടാണ് ഒരു പൂന ബ്രാഹ്മണനായ ഗോട്സെ തന്നെ ഗാന്ധിയെ വെടിവച്ചു കൊന്നത്.
ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമായും മൂന്ന് സമാന്തര ആഖ്യാനങ്ങൾ ഇന്ത്യൻ ദേശീയത സങ്കൽപ്പത്തെ കുറിച്ചുണ്ട്. ഒന്നാമതത്ത് ഗാന്ധിയുടെ സർവ്വധർമ്മ രക്ഷകർത്ര ജനായത്ത ദേശീയത. രണ്ടാമത് സംഘ പരിവാറിന്റെ ബ്രാഹ്മണ മേധാവിത്വ ഹിന്ദുത്വ ദേശീയത. മൂന്നാമത് അംബേദ്‌കർ നേതൃത്വം കൊടുത്ത സാമൂഹ്യനീതി ജനായത്ത ശാക്തീകരണ ദേശീയത. ഈ പ്രധാന ധാരകൾക്കു പുറമെ ഉപ-ദേശീയ സങ്കൽപ്പങ്ങളും ബദൽ ദേശീയ ആഖ്യാനങ്ങളും കഴിഞ്ഞ എഴുപതു കൊല്ലത്തെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ട്.
മുൻപ് സൂചിപ്പിച്ചത് പോലെ 1980 കളുടെ അവസാനത്തോട് കൂടി കൊണ്ഗ്രെസ്സ് സംവിധാനമെന്ന ഒത്തുതീർപ്പു സമവായ ദേശീയ രാഷ്ട്രീയ സമവാക്യങ്ങൾ തിരിഞ്ഞു മറിഞ്ഞു. 1992 ഇന്ത്യൻ രാഷ്ട്രീയ മാറ്റത്തിന്റെ പുതിയ ഒരു അധ്യായമാണ് തുടങ്ങിയത്. ആദ്യമായി ഇന്ത്യയുടെ വടക്കു പടിഞ്ഞാറേ മേഖലക്ക് വെളിയിൽ നിന്നും പ്രധാനമന്ത്രിയായത് നരസിംഹ റാവു ആണ്. ആദ്യമായി ഇന്ത്യൻ രാഷ്ട്രീയവും കൊണ്ഗ്രെസ്സ് രാഷ്ട്രീയവും മുന്നണി രാഷ്ട്രീയത്തിലേക്ക് പോയത് വടക്കു പടിഞ്ഞാറേ മേഖലയിൽ കൊണ്ഗ്രെസ്സ് മേൽക്കോയ്മ നഷ്ടപ്പെട്ടത് കൊണ്ടാണ്. ഇന്ത്യയിലെ മതേതര ദേശീയ സമവായം ബാബരി മസ്ജിദിന്റെ തകർക്കളിലൂടെ നഷ്ടമായി. അതുപോലെ നവ ലിബറൽ നയ-ആധിപത്യം ഇന്ത്യയിലെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ മാറ്റങ്ങൾ സൃഷ്ട്ടിച്ചു. അതുകൊണ്ടു തന്നെ പഴയ കൊണ്ഗ്രെസ്സ് സംവിധാന സമവായവും നെഹ്രുവിയാണ് ജനാധിപത്യ മൂല്യങ്ങളും 1992 മുതൽ അസ്തമിച്ചു. അങ്ങയുള്ള സാഹചര്യത്തിൽ ആണ് ആർ. എസ്.എസ് -ബിജെപി വടക്കു പടിഞ്ഞാറേ സംസ്ഥാനങ്ങളിൽ പിടി മുറുക്കുന്നതും ഇന്ത്യൻ രാഷ്ട്രര്യത്തിൽ കോൺഗ്രസ് പാർട്ടി മറ്റ് സംസ്ഥാങ്ങളിൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെട്ടതും.
കേരള രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും
1990 കളിൽ ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടായ മാറ്റങ്ങൾ കേരളത്തെയും ബാധിച്ചു. സത്യത്തിൽ കേരള രാഷ്ട്രീയത്തിനോ ഇവിടുത്തെ നേതാക്കൾക്കോ ദേശീയ രാഷ്ട്രീയ തലത്തിൽ ഗണ്യമായ പങ്കൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ വടക്കു പടിഞ്ഞാറേ ഇൻഡിയിലെ കൊണ്ഗ്രെസ്സ് മേൽക്കോയ്മ നഷ്ട്ടപെട്ടതോടെ കേരളത്തിലെ ചില കൊണ്ഗ്രെസ്സ് നേതാക്കൾക്ക് ദേശീയ രാഷ്ട്രീയത്തിൽ കുറച്ചെങ്കിലും പേരും പ്രശസ്തിയും ഉണ്ടായി. നരസിംഹ റാവുവിന്‍റെ കാലത്ത് കെ. കരുണാകരനും, മന്‍മോഹന്‍ സിംഗ് കാലത്ത് ഏ. കെ ആന്റണി യും ദല്‍ഹിദര്‍ബാറില്‍ അറിയപെട്ടെങ്കിലും, അവര്‍ ദേശീയ രാഷ്ട്രീയത്തയോ കൊണ്ഗ്രെസ്സ് രാഷ്ട്രീയത്തെയോ നിർണായകമായി സ്വാധീനിച്ചതിന് തെളിവില്ല.
ഇടതു പക്ഷ പാർട്ടികളുടെ നേതൃത്തില്‍ ഇ.എം,സി നെ പോലെയുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും കേരള-ബംഗാൾ പാർട്ടിയായി ചുരുങ്ങിയ ഇടതു പക്ഷ പാർട്ടികൾക്ക് ദേശീയ ബദൽ രാഷ്ട്രീയത്തിനുള്ള രാഷ്ട്രീയ ഭാവനയെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചു ഇന്ത്യയില്‍ആകമാനം പ്രഭാവം നേടാനുള്ള ശേഷി ഇല്ലാതായി.
കേരളത്തിൽ ആർ.എസ്. എസ് 1940 കളുടെ അവസാനത്തോട് കൂടി ഇവിടുത്തെ ചില മേൽക്കോയ്മ ജാതി സമുദാചാര്യൻ മാരുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയെങ്കിലും കേരളത്തിൽ സംഘപരിവാറിന്റ് മഹാരാഷ്ട്ര ബ്രാംമണ ഹിന്ദുത്വ ദേശീയത കേരളത്തിൽ ചിലവായില്ല. ഇതിനു പല കാരണങ്ങൾ ഉണ്ട്. അവയിലൊന്ന് കൊണ്ഗ്രെസ്സ് സംവിധാന സമാവയത്തിന് ബദലായി ഇവിടെ സാമൂഹ്യ നീതിയിലുറച്ച ഒരു ഇടതു പക്ഷ രാഷ്ട്രീയ പരിസരം ഉണ്ടായിരുന്നു എന്നതാണ്. രണ്ടാമതായി കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ഇവിടുത്തെ മുസ്ലിം സമുദായവും ക്രിസ്ത്യൻ സമുദായവും ആദ്യമുതൽ തന്നേ കേരള സമൂഹത്തിന്റെ ഇഴ പിരിയാത്ത അവിഭാജ്യ വിഭാഗം ജനങ്ങൾ ആണ്. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും ബ്രാംമണ മേൽക്കോയ്മയിൽ നിന്നും സമൂഹിക രാഷ്ട്രീയ പ്രബുദ്ധ മൂലം കുതറി മാറി. സാർവർത്ഥിക വിദ്യാഭ്യാസം ലഭ്യമായ ഒരു ബഹുമത സാമൂഹിക പരിസരങ്ങളിൽ അധീശ ദേശീയതയുടെ വിവേചന രാഷ്ട്രീയം സാധുത നേടാൻ പ്രയാസമായിരുന്നു.
എന്നാൽ 1990 കളിൽ ഉണ്ടായ ദേശീയ രാഷ്ട്രീയ മാറ്റങ്ങൾ കേരള രാഷ്ട്രീയത്തിലും മാറ്റങ്ങൾ സൃഷ്ട്ടിച്ചു. അതിൽ പ്രധാനമായാണ് ബി.ജെ.പി ക്കും ആർ.എസ്. എസിനും കേരളത്തിലെ വരേണ്യ ജാതി വിഭാഗങ്ങളിൽ ഉള്ള ഒരു ഗണ്യമായ ആളുകളുടെ ഇടയിൽ ലഭിച്ച സാധുതയാണ്. അത് കേരളത്തിൽ 1980കളുടെ ആദ്യം ഉയർന്നു വന്ന മുന്നണി തിരെഞ്ഞടുപ്പ് സമ വാക്യങ്ങളെ ഉലച്ചു.
തുടരും

കേരള രാഷ്ട്രീയ മാറ്റങ്ങളുടെ നാൾ വഴികൾ -3


ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ അടിയന്തരവസ്ഥക്ക് മുൻപും പിൻപും എന്ന് വേർതിരിക്കാൻ ആകും. പല സാമൂഹിക -സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങൾ ചില കാലഘട്ടത്തിൽ കാതലായ രാഷ്ട്രീയ മാറ്റങ്ങളും ലോകത്തെ പല രാജ്യങ്ങളിലും സംഭവിക്കാറുണ്ട്.1945 -1950 ലോക രാഷ്ട്രീയ കാലാവസ്ഥയെ മാറ്റി മറിച്ച അഞ്ചു വർഷങ്ങൾ ആയിരുന്നു. ഇന്ന് കാണുന്ന ആഗോള സ്ഥാപനങ്ങൾ , അധികാര ശ്രേണികൾ എല്ലാം ആ അഞ്ചു വർഷങ്ങളിൽ ആണ് ഉയർന്നു വന്നത്. അതുപോലെ ഒരു കാലഘട്ടമായിരുന്നു 1987 മുതൽ 1982 വരെയുള്ള കാലം. ഈ കാലഘട്ടത്തിൽ ലോകത്തിലെ മിക്ക രാജ്യങ്ങളിലും കാതലായ മാറ്റങ്ങൾ ഉണ്ടായി. ലോക രാഷ്ട്രീയത്തില്‍ റീഗൻ-താച്ചർ യുഗവും, നവലിബറൽ നയ മേല്കൊയ്മയും, ഇറാനിലെ രാഷ്ട്രീയ മാറ്റവും, ഇറാൻ-ഇറാക്ക് യുദ്ധവും, പാകിസ്താൻ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവടങ്ങളിലും രാഷ്ട്രീയ മാറ്റം ഉണ്ടാകുന്നത് 1977-82 വരെയുള്ള അഞ്ചു വർഷങ്ങളിൽ ആണ്.
ഇന്ത്യയിൽ കോൺഗ്രസ്സ് പാർട്ടിയുടെ മേൽക്കോയ്മ അവസാനിച്ചു തുടങ്ങിയതും അടിയന്തരാവസ്ഥക്ക് ശേഷമായിരുന്നു, ഇപ്പോഴുള്ള മിക്ക രാഷ്ട്രീയ കക്ഷികളും ആ കാലഘട്ടത്തിൽ മാറ്റം സംഭവിക്കുകയോ, പുതിയതായി രൂപപ്പെടുകയോ ചെയ്തതാണ്. ഇവയിൽ പ്രധാനമായത് പഴയ ജനസംഘത്തിൽ നിന്ന് ജനത പാർട്ടി വഴി പുതിയ ബിജെപി യുടെ തുടക്കമാണ്.. ആദ്യമായി ദളിത് രാഷ്ട്രീയത്തിന് പുതിയ രാഷ്ട്രീയ രൂപം നൽകി വളർന്ന ബഹുജൻ സമാജ് പാർട്ടി എന്ന ബി.എസ്.പി യുടെ തുടക്കവും. യാദവ- ഓ.ബി.സി സമജവാദ ജനതാദൾ ധാരയും ഈ കാലത്തു രൂപപ്പെട്ടു വന്നതാണ്. അതുപോലെ തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷിരാഷ്ട്രീയത്തിനും പുറത്തു നവ രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളും സര്‍ക്കാരിതര സംഘടനകളും സജീവമായതും ഈ അഞ്ചു വര്‍ഷങ്ങളില്‍ ആണ്.
ഇതേ കാലഘട്ടത്തിൽ ആണ് സിപിഎം , സിപിഐ പോലുള്ള പാർട്ടികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് വ്യവസ്ഥയും ഭരണ സുഖ സൗഖ്യങ്ങളും ആയി താദാത്മ്യം പ്രാപിച്ചു തുടങ്ങുന്നത്. ഈ കാലത്തു ആണ് ഇടതുപക്ഷ പാർട്ടികൾ ബംഗാളിലെ മുപ്പതു കൊല്ല ഭരണം ആരംഭിച്ചത്. കേരളത്തിലും ഭരണ അധികാര പ്രായോഗിക ഇടതുപക്ഷ ചുവട് മാറ്റം തുടങ്ങിയതും ഈ കാലത്ത് ആണ്. മുന്നണി സമവാക്യങ്ങളിലൂടെ പ്രായഗിക തിരഞ്ഞെടുപ്പ് ചെരൂവകളിലൂടെ ജയിച്ചു ഒത്തു തീർപ്പു ഭരണ-നയ സമീപങ്ങളിലേക്ക് മാറിയതും ഈ കാലത്താണ്.
കേരളത്തിൽ മാത്രമാണ് അടിയന്തരവസ്ഥക്ക് ശേഷം തിരഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സ് വിജയിച്ചിത്. എന്നാൽ കോൺഗ്രസിലെ പുതിയ ചേരി തിരിവുകളും പുതിയ ഗ്രൂപ്പ് രാഷ്ട്രീയവും കേരളത്തിൽ തുടങ്ങിയതും ഇതേ കാലത്താണ്. കേരളത്തിലെ ഇപ്പോഴത്തെ മുന്നണി രാഷ്ട്രീയത്തിന്‍റെ തുടക്കവും 1977-82 കാലത്താണ്. ഇതേ കാലത്തു തന്നെയാണ് സൈലന്റ് വാലി സമര-വക്കാലത്തു കളിൽ കൂടി പരിസ്ഥിതി പ്രസ്ഥാനങ്ങളും നവ സാമൂഹിക പ്രസ്ഥാനങ്ങളും കേരളത്തിലും തുടക്കം കുറിച്ചത്. ഭരണത്തിന്റെ ഒത്തുതീർപ്പു രാഷ്ട്രീയ ബാധ്യത തിരക്കുകളിൽ സിപിഎം-സിപിഐ പോലുള്ള പാർട്ടികൾ ബംഗാൾ-കേരള പാർട്ടിയായി ചുരുങ്ങാൻ തുടങ്ങിയതും ഈ കാലത്താണ്. 1977-82ഇൽ ഉണ്ടായ മുന്നണി രാഷ്ട്രീയ സമവാക്യങ്ങളും പ്രായോഗിക ഒത്തു തീർപ്പു തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമാണ് ഇന്നും കേരളത്തിൽ പ്രാബല്യത്തിൽ ഉള്ളത്.
1980കളിൽ വളർന്നു വന്ന മുന്നണി സമവാക്യ പ്രായോഗിക തിരെഞ്ഞെടുപ്പു രാഷ്ട്രീയവും കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളും കേരള രാഷ്ട്രീയത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കി. അതിൽ ഒന്ന് തിരഞ്ഞെടുപ്പ് ജയിക്കുവാനായി ഒളിഞ്ഞും തെളിഞ്ഞും കേരളത്തിലെ ജാതി-മത സംഘടന നേതൃത്വങ്ങളും തമ്മിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയ ഒത്തുതീർപ്പു അവസര വാദ രാഷ്ട്രീയം ആയിരിന്നു. കൊണ്ഗ്രെസ്സ് നേതൃത്വം നൽകിയ യു.ഡി.എഫ് ജാതി-മത സമുദായ രാഷ്ട്രീയം ഒരു മറയുമില്ലാതെ നടത്തി. കെ.കരുണാകരൻ ഇങ്ങനെയുള്ള ജാതി-മത-സമുദായ രാഷ്ട്രീയ സമവായ ഒത്തു തീർപ്പു രാഷ്ട്രീയത്തിന്റെ പ്രയോഗം ചാതുര്യത്തോടെ ഉപയോഗിച്ചു. യു.ഡി.എഫ് മറയില്ലാതെ നടത്തിയത് , എൽ.ഡി.എഫ് അല്പം സൈദ്ധാന്തിക വാചക മറയോടെ ചെയ്തു എന്ന് മാത്രം.ഇ.എം.എസ് നെ പോലുള്ളവർ ആ കാലങ്ങളിൽ വാക് ചതുര്യത്തോടെ വാദിച്ച കാര്യങ്ങളുടെ പിന്നാമ്പുറം തേടിയാൽ പ്രായോഗിക തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമവാക്യങ്ങളിൽ ജാതി-മത-സമുദായ സ്വതങ്ങൾ തൊലിപ്പുറ സിദ്ധാന്ത മുദ്രാവാക്യങ്ങൾക്കു പുറകിൽ എങ്ങനെ വർത്തിച്ചു എന്ന് ദ്രശ്യമാകും.
കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ 1987 ലെ തിരഞ്ഞെടുപ്പ് മേൽ വിവരിച്ച കാര്യങ്ങൾ കൊണ്ട് മാത്രമല്ല പ്രസക്തം ആകുന്നത്. 1987 മുതൽ ആണ് കേരളത്തിലെ സാമ്പത്തിക വളർച്ചയുടെ തുടക്കം. വിദേശ പണത്തിന്റെ ഒഴുക്കും ഒരു പണാധിപത്യ സമൂഹത്തിന്റെ തുടക്കം ഉണ്ടാകുന്നതും 1980 കളുടെ അവസാനമാണ്. അത് കേരളത്തിൽ ഒരു മധ്യവല്കൃത സമൂഹ സമീപനത്തിന് തുടക്കം കുറിച്ചു.1989-90 കളിൽ സോവിയറ്റ് യൂണിയെന്റ് പതനം ഇൻഡിയിലെ ഇടതുപക്ഷ പാർട്ടികളെ പലതരത്തിൽ സ്വാധീനിച്ചു.
1990 കളോടെ കേരളത്തിലെ രാഷ്ട്രീയ നേതൃതവും അണികളും ഒരു മാധ്യവല്കൃത സാമൂഹ്യ പരിസരത്തേക്ക് മാറി തുടങ്ങി. അങ്ങനെ കേരള രാഷ്ട്രീയത്തിൽ പാവങ്ങളെ കുറിച്ചുള്ള കരുതലും തൊഴിലാളി വർഗ്ഗ രാഷ്ട്രീയവും എല്ലാം മുദ്രാവാക്യങ്ങളിലും പ്രകടനപത്രികകളിലേക്കും ചുരുങ്ങി തുടങ്ങി. 1992 ഓട് കൂടെ ബാബറി മസ്ജീദിന്റെ നേരെയുണ്ടായ അക്രമ നാശങ്ങളും നിയോ ലിബറൽ നയ ആധിപത്യവും കേരളത്തിലും രാഷ്ട്രീയ ഓളങ്ങൾ ഉണ്ടാക്കി. കേരളത്തിലെ ചെറുപ്പക്കാരിൽ വലിയൊരു പങ്കു , പ്രത്യകിച്ചും കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന്, ഗൾഫിലേക്ക് ജോലി തേടി ചേക്കേറാൻ തുടങ്ങി. 1990 കളുടെ മധ്യത്തിൽ ഇവിടെ ഉണ്ടായി തുടങ്ങിയ ഇന്റർനെറ്റ് വിനിമയ വിപ്ലവവും മൊബൈൽ ഫോണിന്റെ അവിർഭാവവും കേരള രാഷ്ട്രീയത്തിലും കക്ഷി രാഷ്ട്രീയ കേഡർ സ്വഭാവത്തിനും വലിയ മാറ്റങ്ങൾ ഉണ്ടാക്കി.

Monday, June 20, 2016

കേരള രാഷ്ട്രീയ മാറ്റത്തിന്‍റെ നാള്‍ വഴികൾ-2


കേരളത്തിൽ ഒരു നിയതമായ കക്ഷി രാഷ്ട്രീയ പ്രക്രിയയും സമൂഹത്തിന്റെ രാഷ്ട്രീയവൽക്കരണവും പ്രസക്തമായി തുടങ്ങിയത് 1930 കളിൽ ആയിരുന്നു. അതിനു മുൻപ് ഉണ്ടായ സമുദായ സാമൂഹിക രാഷ്ട്രീയ നീക്കങ്ങൾ എല്ലാം മലബാർ പ്രദേശത്തും തിരുവിതാംകൂർ കൊച്ചി മേഖലയിൽ ഉള്ള, പുതിയ വിദ്യാഭ്യാസം ലഭിച്ച ചില ചെറുപ്പക്കാരുടെ ഇടപെടലുകൾ മാത്രം ആയിരുന്നു. അവരിൽ തന്നേ മിക്കവാറും എല്ലാവരും തന്നെ വരേണ്യ ജാതി സമുദായങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. എന്നാൽ 1930 കളിൽ വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലഭ്യത കൂടുകയും പത്ര മാധ്യമങ്ങളിൽ കൂടി ലോകത്തെകുറിച്ചും ഇന്ത്യൻ സ്വാതിന്ത്ര്യ സമരത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ സമൂഹത്തിൽ പരക്കുവാനും തുടങ്ങി.
ലോക വിവരങ്ങളുടെയും രാഷ്ട്രീയ അറിവുകളുടെയും വിനിമയം മദ്രാസ് പ്രസിഡൻസിയിൽ ഇണ്ടായിരുന്ന മലബാർ മേഖലയിലും രാജ ഭരണത്തിൽ ആയിരുന്ന തിരുവിതാംകൂർ -കൊച്ചി പ്രദേശങ്ങളിലും വ്യത്യസ്ത തരത്തിൽ ഉള്ള സാമൂഹിക രാഷ്ട്രീയ ചലനങ്ങൾ സൃഷ്‌ടിച്ചു.
തിരുവിതാംകൂർ -കൊച്ചി പ്രദേശങ്ങളിൽ കൂടുതൽ സമുദായ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ ഉണ്ടാകുവാനുള്ള കാര്യങ്ങളിൽ ഒന്ന് അന്ന് 19 നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രദേശങ്ങളിൽ ലഭ്യമായ സാമൂഹ്യ സ്ഥാപന മാതൃകകൾ മിഷനറിമാർ വളർത്തിയ സി.എം.എസ്. ( Church Mission Society), എൽ.എം.എസ് (London Mission Society) യും അതിന്റെ ചുവട് പിടിച്ചുണ്ടായ ക്രിസ്തീയ സമുദായ സംഘടനകളും ആയിരുന്നു. . അന്ന് ലഭ്യമായിരുന്ന സമൂഹിക സമുദായ സംഘടന മാതൃകയിൽ ആണ് പിന്നീട് എസ്.ൻ. ഡി.പി യും, എൻ. എസ്. എസും യോഗ ക്ഷേമ സഭയും എല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഉണ്ടായത്. ഉന്നത വിദ്യാഭ്യാസം ലഭിച്ച വരേണ്യ യുവാക്കൾ ആണ് ഇങ്ങയുള്ള സാമൂഹ്യ സമുദായ സരംഭങ്ങൾക്കു തുടക്കം കുറിച്ചത്. ഇവിടെ അന്നുണ്ടായ സാമൂഹിക സമുദായ സംഘകൾക്കു പല സാമൂഹിക ഇടപെട്ടലുകക്കുള്ള വേദികൾ ആയിരുന്നു. അവയിൽ മൂന്ന് പ്രധാന ധാരകൾ കാണാം.
1)അതാതു സമുദായത്തിലെ യാഥാസ്ഥിക ജീര്ണതകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ. വിദ്യാഭ്യാസവും പത്ര പ്രവർത്തനവും സാഹിത്യ പ്രവർത്തനവും എല്ലാം പാരമ്പര്യ യാഥാസ്ഥിക മൂല്യങ്ങളും ആധുനിക സാമൂഹ്യ പ്രവണതകളും തമിയിൽ ഉള്ള ഒരു ഒത്തു തീർപ്പു ശ്രമങ്ങൾ ആയിരുന്നു. അതുകൊണ്ടു തന്നേ ആധുനിക പ്രവണതകളെ സ്വീകരിച്ചെങ്കിലും അടിതട്ടിൽ അടിഞ്ഞു കൂടിയ ജാതി സമുദായ മേൽക്കോയ്മ കാഴ്ചാപ്പാടുകളെ സമൂലം മാറ്റാൻ സാധിച്ചില്ല. ഒരു പാരമ്പര്യ യാഥാസ്ഥിതിക സമുദായത്തിന് മുകളിൽ ആധുനിക സാമൂഹ്യ മൂല്യങ്ങളുടെ മേൽകുപ്പായം ഇടിവിച്ചുണ്ടായ പ്രശ്നങ്ങൾ കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ഇന്നുമുണ്ട്.
2) 1930 കളിൽ തിരുവിതാംകൂർ-കൊച്ചി മേഖലയിലെ പുതുതായി ഉരുത്തിരിഞ്ഞ രാഷ്ട്രീയ രംഗത്ത് ചുവട് ഉറപ്പിക്കാൻ സമുദായ സംഘടനകളും സമൂഹത്തിൽ സാമ്പത്തിക -വിദ്യഭ്യാസ പ്രഭാവം ഉള്ള ഒരു നവ വരേണ്യ ചെറുപ്പക്കാരും തമ്മിലുള്ള വിഭാഗീയ കിട മത്സരത്തിന്റെ തുടക്കങ്ങൾ കാണുവാൻ സാധിക്കും.. ഇവരിൽ പലരും അവരവരുടെ സമുദായ സംഘടനകളിൽ കൂടിയാണ് സാമൂഹിക രാഷ്ട്രീയ കാഴച്ചപ്പാടുകൾ അവരുടെ ചെറുപ്പ കാലത്തു രൂപപ്പെടുത്തിയത്. പിന്നീട് അവരിൽ പലരും സമുദായ സാമൂഹിക രാഷ്ട്രര്യത്തിന് ഉപരിയായി പൊതു രാഷ്ട്രീയ കക്ഷി ജനാധിപത്യ രാഷ്ട്രീയത്തിലേക്കു വന്നെങ്കിലും പലപ്പോഴും ജാതി-മത-സമുദായ ചിന്തകളെ പൂർണമായി വിട്ടു കളയാൻ 1930 കളിലും 1940 കളിലും ഇവിടെ വളർന്നു വന്ന രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. അതുകൊണ്ടു തന്നേ ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയെങ്കിലും അതിനടിയിൽ, വിവിധ ജാതി സമുദായങ്ങളിൽ' പുതിയ സാമ്പത്തിക-വിദ്യാഭ്യാസം കൈവരിച്ച നവവരേണ്യർക്കിടയിൽ ഉള്ള വിഭാഗീയ കിട മത്സര പ്രവണത ഉണ്ടായിരുന്നു എന്ന് വേണം കരുതുവാൻ. ഇത് നിവർത്തന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ-സമൂഹിക ചരിത്രവും, ജാതി വിവേചങ്ങൾക്കെതിരെ തുടങ്ങിയ വൈക്കം സത്യാഗ്രഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്ര പിന്നാമ്പുറങ്ങൾ പരതിയാൽ സ്പഷ്ട്ടമാകും. ഈ വിഭാഗീയ സമ്മർദ മത്സര രാഷ്ട്രറിയം കേരളത്തിൽ വളർന്നു വന്ന ജനാധിപത്യ കക്ഷി രാഷ്ട്രരെയത്തിന്റ് തൊലിപുറത്തിന് താഴെ കഴിഞ്ഞ എട്ട് ദിശകങ്ങളിൽ പല രീതിയിൽ വർത്തിക്കുന്നുണ്ട്.
ഈ കിടമത്സരത്തിന്റെ നേർകാഴ്ച മറ്റൊരു രീതിയിൽ 1957 ലെ ഇ.എം.എസ് മന്ത്രസഭക്കെതിരെ ഉണ്ടായ 'വിമോചന' സമരത്തിലും അതിനു ശേഷം ഉണ്ടായ രാഷ്ട്രീയ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പിളർപ്പുകളിലും കേരള കോൺഗ്രസ്സിന്റെ തുടക്കത്തിലും മുസ്ലിം ലീഗിന്റെ രാഷ്‌ട്രീയ വളർച്ചയിലും കാണാം. ഇടത് പക്ഷ പാർട്ടികൾ വർഗ്ഗ സിത്താന്തം പറയുമ്പോഴും ജാതി സമുദായ മേല്കൊയ്മകൾ നേതൃത്വ സ്ഥാനത്തു സജീവമായിരുന്നു.
അതുകൊണ്ടു തന്നെയാണ് 'താക്കോൽ സ്ഥാനവും', , അഞ്ചാം മന്ത്രിയും' , ' സമുദായ സന്തുലനവും' ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിവാദങ്ങൾ ആകുന്നതു.
അതുകൊണ്ടു തന്നെയാണ് ഇപ്പോഴും കേരളത്തിലെ മുന്നണികൾ സ്ഥാനാർഥി നിർണയത്തിൽ ജാതി-മത -സമുദായ അധികാര സമവാക്യങ്ങൾ പാലിക്കുന്നത്.
3) വ്യവസ്ഥാപിത കക്ഷി രാഷ്ട്രീയത്തിനും സമുദായ സമ്മർദ്ദ രാഷ്ട്രീയത്തിനും ഉപരിയായി ഉയർന്നു വന്ന വികേന്ദ്രീമായ സിവിക് രാഷ്ട്രീയ ധാര കേരളത്തിൽ പല ഭാഗത്തും ഉണ്ടായി. ഇതിൽ പലരും സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തങ്കിലും കക്ഷി രക്ഷ്‌ട്രീയത്തിനും സമുദായ രാഷ്ട്രീയത്തിനും അതീതമായി പ്രവർത്തിച്ചവരാണ്. ഇതിൽ മലബാറിൽ നിന്നുള്ള പ്രമുഖർ മലബാറിൽ നിന്നമുള്ള കേളപ്പനും, കേശവ് മേനോനും അബ്ദുർ റഹ്‌മാൻ സാഹിബ്ബും, മൊയ്തു മൗലവിയെ എല്ലാം ഈ ഗണത്തിൽ പെടുത്താം. കേരളത്തിലെ ആദ്യകാല പത്രപ്രവര്തകരില്‍ പലരുംസഹോദരന്‍ അയ്യപ്പന്‍ മുതല്‍ കേശവ്ദേവും എം. ഗോവിന്ദനും, പില്‍ക്കാലത്ത് ഉണ്ടായ ലിറ്റില്‍ മാഗസിന്‍ പ്രസ്ഥാനങ്ങളും, ശാസ്ത്ര സാഹിത്യ പരിഷത് പോലെയുള്ള പ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രസ്തങ്ങളും, 1980 കളില്‍ ഉയര്‍ന്നു വന്ന നവ സാമൂഹിക പ്രസ്ഥാനങ്ങളും ഇങ്ങനെയുള്ള ഒരു സിവിക് രാഷ്ട്രീയ ധാരയുടെ ഭാഗമാണ്. അത് പോലെ തന്നെ ആദ്യകാല ഗാന്ധി മാർഗ്ഗ പ്രവർത്തകരും സിവിക് രാഷ്ട്രീയ ധാരയിൽ പ്രവർത്തിച്ച സാമൂഹിക പ്രവർത്തകർ ആയിരുന്നു.
നേരത്തെ സൂചിച്ചത് പോലെ മലബാറിലെയും തിരുവിതാംകൂർ-കൊച്ചിയിലെയും സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങൾ വ്യത്യസ്തമായിരുന്നു. അതുകൊണ്ടു തന്നെ അവിടങ്ങളിൽ ഉണ്ടായ രാഷ്ട്രീയ-സാമൂഹിക പ്രസ്താനങ്ങളിലും നേതാക്കളിലിലും ഈ വ്യത്യാസങ്ങൾ ദൃശ്യമായിരുന്നു. അന്നും ഇന്നും തിരുവിതാംകൂർ-കൊച്ചി മേഖലകളിൽ ആണ് സമുദായ സമ്മർദ രാഷ്ട്രീയ ധാര സജീവമായിരിക്കുന്നത്.
പക്ഷെ കേരളത്തിന്റെ തെക്കു വടക്കോളം 1930 കൾ കഴിഞ്ഞു ആദ്യ അമ്പത് വർഷങ്ങളിൽ ഉണ്ടായ രാഷ്ട്രീയ നേതൃത്വത്തിൽ ബഹു ഭൂരിപക്ഷം ഇവിടുത്തെ വരേണ്യ ജാതി സമുദായങ്ങളിൽപെട്ടവരായിരുന്നു. ഇവിടെ ദളിത്- മുസ്ലിം-തീരദേശ പരമ്പരാഗത മൽസ്യ തൊഴിലാളികൾ എന്നിവരിൽ നിന്നും മറ്റു പാർശ്വവൽകൃത വിഭാഗങ്ങളിൽ നിന്ന് നേതൃത്വ സ്ഥാനത്തെത്തിയവർ വളരെ വിരളം ആയിരുന്നു.
ഇവിടെ കേരള രാഷ്ട്രീയ ചരിത്രം വിവരിക്കുകയല്ല ഉദ്ദേശം. മറിച്ചു ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുഴാമറിച്ചിലികൾ മനസ്സിലാക്കാൻ കേരളത്തിലെ രാഷ്ട്രീയ ചരിത്ര വിശകലനം ആവശ്യമാണെന്ന് സൂചിപ്പിക്കുകയാണ്.
കേരള രാഷ്ട്രര്യത്തിനു ഒരു സ്ഥിരതയും സമാവയവും ഉണ്ടായതു 1980 മുതൽ ഇവിടെ രൂപപെട്ട മുന്നണി സമവാക്യമാണ്. 1971 വരെ ഇവിടെ ഒരു സർക്കാർ പോലും അഞ്ചു കൊല്ലം തികച്ചു ഭരിച്ചിട്ടില്ല.
കേരളത്തിൽ അഞ്ചുകൊല്ലം പൂർത്തിയാക്കിയ ആദ്യ മന്ത്രി സഭ അച്യുത മേനോൻ മന്ത്രി സഭയാണ്. എന്നാൽ 1980 കളിൽ ഉണ്ടായ രണ്ടു മുന്നണി സമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടു തുടങ്ങിയത്.
തുടരും.

കേരള രാഷ്ട്രീയ മാറ്റത്തിന്‍റെ നാൾ വഴികൾ 1.


കേരളത്തിലെ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്കൊപ്പം രാഷ്ട്രീയ പരിസരവും രാഷ്ട്രീയ പാർട്ടികളും കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ ഗണ്യമായി മാറി. കേരളത്തിലെ രാഷ്ട്രീയ പ്രക്രിയകളിലും രാഷ്ട്രീയ പാർട്ടികളുടെ സാമൂഹിക ചുറ്റുവട്ടവും തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളും പാടെ മാറി.
ആദ്യമായി കേരളത്തിലെ രാഷ്ട്രീയ പരിണാമങ്ങളെ കുറിച്ച് ചില പ്രാഥമിക നിരീക്ഷണങ്ങൾ.
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കം 1890 കൾ മുതലാണ്. ഇതിന് പ്രധാന കാരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന മുപ്പതു വർഷങ്ങളിൽ കേരളത്തിൽ തുടങ്ങിയ വിദ്യാലയങ്ങളും അതിനോട് അനുബന്ധിച്ചു വിദ്യാഭ്യാസത്തിന് സമൂഹത്തിൽ ഉണ്ടായ സാമ്പത്തിക-സാമൂഹിക സാധുതയും ആണ്. തിരു-കൊച്ചി ഭാഗങ്ങളിൽ ആണ് കൂടുതൽ വിദ്യാലയങ്ങൾ ഉണ്ടായതു. അതുകൊണ്ടു തന്നെ സാക്ഷരതയും ഈ പ്രദേശങ്ങളിൽ മലബാർ മേഖലയേക്കാൾ കൂടുതൽ ആയിരുന്നു.
കേരളത്തിലെ ആദ്യ സാമൂഹിക പരിവർത്തനത്തിന് തുടക്കം കുറിച്ചത് കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രവർത്തിച്ച മിഷനറി സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തകർ ആയിരുന്നു. അവർ മലയാള ഭാഷയെ ചിട്ടപ്പെടുത്തി അച്ചു നിരത്തി അച്ചടിച്ചു എല്ലാവര്ക്കും വായിക്കുവാനും പഠിക്കുവാനുമുള്ള അവസരത്തിന് തുടക്കമിട്ടു. കേരളത്തിലെ ഭാഷ വികസന, വിദ്യഭ്യാസ, വിനിമയ, പത്രപ്രവർത്തന മേഖലയുടെ എല്ലാം തുടക്കം മിഷനറി സാമൂഹിക-സാംസ്കാരിക പ്രവർത്തന ഫലമായിട്ടാണ്. കേരളത്തിൽ അടിമത്വത്തിനും ജാതി-മത വിവേചങ്ങൾക്കും സ്ത്രീകളുടെ അനുഭവിച്ച പ്രയാസങ്ങൾക്കും എതിരെ ആദ്യം കേരളത്തിൽ ശബ്ദമുയർത്തിയതും ഇവിടെ വിദേശത്തു നിന്നും വന്ന മിഷനറി ആക്ടിവിസ്റ്റ്കൾ ആയിരുന്നു. ഈഴവസ്ത്രീകള്‍ക്ക് മാറ് മറക്കുവനുള്ള 1859 ഇല്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഉണ്ടായ 'ചാന്നാര്‍ ലഹള' എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രതീകരണം കേരള രാഷ്ട്രീയ ചരിത്രത്തിലെ ആദ്യത്തെ അടയാളപ്പെട്തലുകളില്‍ ഒന്നാണ്.
കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം ദിശകം മുതൽ ഇവിടെ പ്രവർത്തിച്ചു തുടങ്ങിയ സി.എം.എസ് (church mission society), എൽ.എം.എസ് (London Mission Society)യും പിന്നീട് മലബാർ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ ജർമൻ മിഷണറി കൂട്ടായ്മയായ ബെസൽ മിഷനും കേരളത്തിന്റെ ഭാഷ- സാംസ്കാരിക-സാമൂഹിക-രാഷ്ട്രര്യ മേഖലകളിൽ തുടക്കം കുറിച്ച മാറ്റങ്ങൾ ആണ് കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനമായൊരു പ്രക്രിയ. ഈ സാമൂഹിക-സാംസ്കാരിക മാറ്റങ്ങൾ കേരള ചരിത്രത്തിൽ അടയാളപെടുത്തിയിട്ടുണ്ടെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിൽ ഇവിടെ തുടങ്ങിയ മാറ്റങ്ങളെകുറിച്ച് ഗഹനമായ സാമൂഹിക ചരിത്ര ഗവേഷങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
കേരളത്തിലെ തനതായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച കേരളത്തിലെ വരേണ്യ ജാതിസമുദായങ്ങളിലെ ചെറുപ്പക്കാർ ആയിരുന്നു. അന്നത്തെ തിരുവിതാംകൂർ-കൊച്ചി മേഖലയിൽ ഭൂമിക്കു മേൽ ഉടമസ്ത അവകാശമുള്ള നമ്പൂതിരി-നായർ-നസ്രാണി സമൂഹങ്ങളിൽ ഉണ്ടായിരുന്ന ചെറുപ്പക്കാർക്ക് കേരളത്തിലും മദ്രാസ് യൂണിവേഴ്‌സിറ്റി യിലും പഠിക്കാൻ ഉള്ള സൗകര്യങ്ങൾ കൂടുതൽ ഉണ്ടായിരുന്നു. അത് മാത്രമല്ല അന്നുണ്ടായിരുന്ന അധികാര രൂപങ്ങൾ പിന്തുണച്ചത് സമൂഹത്തിൽ മേൽക്കോയ്മ ഉള്ള വിഭാഗങ്ങളെ മാത്രം ആണ്.
അതുകൊണ്ട് തന്നെ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും കേരളത്തിലെ സാമൂഹിക-സാംസ്കാരിക-പത്രപ്രവർത്തക-രാഷ്ട്രീയ രംഗങ്ങളിൽ നേതൃത്വ നിരയിലേക്ക് വന്നത് ഈ വിഭാഗങ്ങളിൽ നിന്ന് ഉള്ളവരായിരുന്നു. ഒരു പക്ഷെ കേരളത്തിൽ ആദ്യമായി ഉണ്ടായ സർക്കാർ ഇതര സാമൂഹിക-സാംസ്കാരിക സംഘടന 1892 ഇൽ ഉണ്ടായ ഭാഷപോഷിണി സഭയിലെ അംഗങ്ങൾ മിക്കവാരും സാമൂഹ്യ മേൽക്കോയ്മ ഉണ്ടായിരുന്ന ജാതി-മത വിഭാഗങ്ങളിൽ നിന്ന് മാത്രമായിരുന്നു. 1891 ഇൽ ബാരിസ്റ്റർ ജി.പി പിള്ളയുടെ നേത്രത്വത്തിൽ ഉണ്ടായ മലയാളി മെമ്മോറിയൽ ആണ് കേരളത്തിലെ സാമൂഹിക -രാഷ്ട്രീയ പ്രഭാവങ്ങളുടെ തുടക്കം. അവിടെയും കേരളത്തിൽ താരതമ്യേന ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരം ഉണ്ടായിരുന്ന വരേണ്യ വിഭാഗങ്ങളിൽ ഉള്ളവരായിരുന്നു ബഹുഭൂരിപക്ഷവും. 1896ഇൽ ഡോ. പലപ്പുവിൻ നേതൃത്വത്തിൽ അമർപ്പിച്ച ഈഴവ മെമ്മോറിയൽ പാർശ്വവത്കരിക്കപ്പെട്ട സമുദായ സമൂഹങ്ങളിൽ നാമ്പെടുത്തു തുടങ്ങിയ സാമൂഹിക രാഷ്ട്രീയ പ്രക്രിയയുടെ ആദ്യ അടയാളപ്പെടുത്തൽ ആയിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു് ദിശകങ്ങളിൽ ആണ് കേരളത്തിൽ ആകമാനം വിദ്യാഭ്യാസവും പത്ര പ്രവർത്തനവും സാമുദായിക പരിഷ്‌കാരങ്ങളും എല്ലാ ജാതി മതസ്ഥരും ആയ സാമാന്യ ജനങ്ങളിലേക്ക് പതിയെ എത്തി തുടങ്ങിയത്. ഈ കാലയളവിൽ കേരളത്തിലെ മാറ്റങ്ങൾക്കു നേതൃത്വം നൽകിയത് അതാതു ജാതി-മത-സമുദായ നേതാക്കളും അവർ പുതുതായി സംഘടിപ്പിച്ച സമുദായ സാമൂഹ്യ മുന്നേറ്റ സംഘടനകളും ആയിരുന്നു. ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും, ചട്ടമ്പി സാമികളും, കണ്ടത്തിൽ വർഗീസ് മാപ്പിളയും, മന്നത്തു പദ്മനാഭനും, വക്കം മൗലവിയും, അബ്ദുർ റഹ്മാൻ സാഹിബ്ബും എല്ലാം സമുദായ പരിവർത്തന സാമൂഹിക രാഷ്ട്രീയത്തിനു പല തരത്തിൽ തുടക്കം കുറിച്ചവർ ആയിരുന്നു. പാരമ്പര്യ സാമൂഹ്യ യാഥാസ്ഥിക ചുറ്റുപാടുകളും ആധുനിക സാമൂഹിക ചിന്തകളുമായി പുതിയ ഒത്തു തീർപ്പു ശ്രമങ്ങൾ കൂടി ആയിരുന്നു അവരുടെ സാമൂഹിക സാമുദായിക രാഷ്ട്രീയവും രാഷ്ട്രീയ പത്ര പ്രവർത്തനം
കേരളത്തിൽ എസ്. എൻ. ഡി.പി യും, എൻ.എസ്.എസും , ക്രിസ്തീയ സമുദായ വിഭാഗങ്ങളുടെ സംഘടനകൾ എല്ലാം രൂപമെടുത്തത്ത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ 25 വര്ഷങ്ങൾക്കുള്ളിലാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ കക്ഷി രാഷ്ട്രീയത്തിന് മുൻപ് തന്നെ സമുദായ സാമൂഹിക രാഷ്ട്രീയവും( civic politics) വിഭാഗീയ രാഷ്ട്രീയവും (sectarian politics) വേര് പിടിച്ചു. കേരളത്തിലെ പലരും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളങ്ങളിൽ പങ്കെടുത്തങ്കിലും 1920 കളിൽ ആണ് കേരളത്തിൽ ഒരു പൊതു രാഷ്ട്രീയ അവബോധവും സ്വാതന്ത്ര്യ സമര കാഴ്ചപ്പാടുകളും ഉണ്ടായി തുടങ്ങിയത്. കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ മുപ്പതു വർഷങ്ങളിൽ പത്രപ്രവർത്തനം ഒരു പുതിയ സാമൂഹിക രാഷ്ട്രീയത്തിന്റെ (civic politics) ഏറ്റവും സജീവമായ ഒരു നേർകാഴ്ച യായിരുന്നു. അതുകൊണ്ടു തന്നെയാണ് വിവിധ സമുദായങ്ങളും വിവിധ സമുദായങ്ങളിലെ വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരും പത്രപ്രവർതനത്തിലൂടെ ഒരു പൊതു രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചതു. വക്കം മൗലവിയും സ്വദേശി രാമകൃഷ്ണ പിള്ളയും ഒക്കെ കേരളത്തിലെ ആധുനിക സാമൂഹിക സാമൂഹിക രാഷ്ട്രീയത്തിന്റെ ആദ്യകാല പ്രവർത്തകർ ആയിരുന്നു.
1920 കളിലും 1930 കളിലും രൂപ പെട്ടുവന്ന കേരളത്തിലെ സാമുദായിക സമൂഹ രാഷ്ട്രീയവും അതിന്റെ ചുവട് പിടിച്ചു വന്ന കോൺഗ്രസ്സ് പാർട്ടിയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി ധാരകളും ആണ് കേരള രാഷ്ട്രീയത്തിന്റെ ഡി.എൻ.എ യിൽ ഉള്ളത്. 1920 കളിൽ ഉയർന്നു വന്ന സമുദായ സാമൂഹിക രാഷ്ട്രീയവും 1930 കളിൽ ഉണ്ടായ കക്ഷി രാഷ്ട്രീയവും ഇന്നും കേരള രാഷ്ട്രീയത്തിലെ രണ്ടു പ്രധാന ധാരകൾ ആണ്. ഇന്നും കേരളത്തിലെ കക്ഷി രാഷ്ട്രീയ പ്രക്രിയകളിൽ സമുദായ സാമൂഹിക രാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും പ്രഭാവം നടത്തുന്നുണ്ട്. 1930 കളിൽ ഉണ്ടായ നിവർത്തന പ്രസ്ഥാനവും അതെ കാലയളവിൽ ഉണ്ടായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും കേരളത്തിലെ പിൽക്കാല രാഷ്ട്രീയ , സാമൂഹിക , സമുദായ രാഷ്ട്രീയ പരിണാമങ്ങളെ പല തരത്തിൽ ബാധിച്ചിട്ടുണ്ട്.
കേരളത്തിൽ ഒരു നിയതമായ കക്ഷി രാഷ്ട്രീയ ധാര തുടങ്ങുന്നത് 1930 കളിലും 1940 കളിലുമാണ്. 1920 കളിൽ ചെറിയ രാഷ്ട്രീയ പാർട്ടി ഉദ്യമങ്ങൾ ഉണ്ടായെങ്കിലും 1930 മുതൽ ആണ് കേരള സമൂഹത്തിൽ രാഷ്ട്രീയ കക്ഷികൾ മാറ്റങ്ങൾ വരുത്തുവാൻ തുടങ്ങിയത്. വൈക്കം സത്യാഗ്രഹവും ക്ഷേത്ര പ്രവേശന വിളമ്പരവും ഗുരുവായൂർ സത്യാഗ്രഹവും മനോരമ പത്രത്തിന്റെ അടച്ചു പൂട്ടലും എല്ലാം കേരളത്തിലെ സാമുദായിക-സാമൂഹിക-കക്ഷി രാഷ്ട്രര്യങ്ങളുടെ (communitarion, civic and party politics) തുടക്കത്തിന്റ് അടയാളപ്പെടുതൽ ആയിരുന്നു. ഇന്നും കേരളത്തിൽ സമുദായ രാഷ്ട്രീയവും, സാമൂഹിക രാഷ്ട്രീയവും , കക്ഷി രാഷ്ട്രീയവും കേരള രാഷ്ട്രര്യത്തിലെ മൂന്നു പ്രധാന ധാരകൾ ആണ്.
ഇന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രര്യത്തിന്റെ മുന്നിൽ രാഷ്ട്രീയ പാർട്ടികൾ ആണെങ്കിലും അതിന്റെ പിന്നിൽ സമുദായ രാഷ്ട്രീയ പ്രഭാവങ്ങൾ പല തരത്തിലും പല തലത്തിലും ഉണ്ട്. സമൂഹിക രാഷ്ട്രീയ ധാര കേരള രാഷ്ട്രര്യത്തിൽ ഒരു തിരുത്തൽ ശക്തി ആയി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം പ്രവർത്തിക്കുന്ന സംരംഭങ്ങൾ ആണ്.
തുടരും ...

കേരളത്തിലെ നവമാധ്യമങ്ങൾ എങ്ങോട്ട്?


ഇന്ന് താരതമ്യേന ചിലവ് കുറഞ്ഞ മാധ്യമ പ്രവർത്തനം ഓൺലൈൻ മാധ്യമ പ്രവർത്തനം ആണ്. ഇൻഡിയിലെ പ്രധാന പ്രിന്റ് മാധ്യമങ്ങളെക്കാൾ നല്ല ലേഖങ്ങളും വാർത്ത വിശകലങ്ങളും വാർത്തകളും പങ്കു വക്കുന്ന ഓൺലൈൻ പുതിയ സാമൂഹിക മാധ്യമങ്ങൾ ഉണ്ട്. ഇൻഡിയിലെ ആദ്യകാല ഓൺലൈൻ പുതു സാമൂഹിക മാധ്യമ പ്രവർത്തനം Infochange India ഞാനും എന്റെ സുഹൃത് ഹൂതൊക്ഷിയും തുടങ്ങിയത് ഇൻഡിയിലെ കുത്തക മാധ്യമങ്ങൾ മനഃപൂർവമോ അല്ലാതെയോ വിട്ട് കളയുന്ന വിഷയങ്ങൾ അവതരിപ്പിക്കാനാണ്. 1999 അവസാനം തുടങ്ങിയ പ്രവർത്തനം ഇന്നും തുടരുന്നു.
കേരളത്തിൽ കഴിഞ്ഞ അഞ്ചു കൊല്ലമായി പല നവമാധ്യമ കൂട്ടായ്‌മകളും രൂപപെട്ടു. അവയിൽ മലയാളനാടും നവമലയാളിയും ഫേസ് ബുക്കിലെ സർഗാത്മക കൂട്ടായ്മകളിൽ നിന്ന് ഒരു ലാഭേച്ഛയും ഇല്ലാതെ ഉയർന്നു വന്ന കേരളത്തിലെ ഓൺലൈൻ പുതു മാധ്യമ സരംഭങ്ങൾ ആണ്. ഈ രണ്ടു സോഷ്യൽ മീഡിയ സംരംഭങ്ങളുമയുർന്നു വന്നത് ഫേസ്ബുക് കൂട്ടായ്മയിലൂടെ ആണ്. ഇത് മുരളി വെട്ടം, സന്തോഷ് ഹൃത്തികേഷ്, സതീഷ്, രവി വർമ്മ, ജെയിംസ്, സോണി മുതലയാവരുടെ ശ്രമഫലമായും മറ്റ് അനേകരുടെ സഹകാരണത്തോടും തുടങ്ങിയതാണ്. ഈ രണ്ടു പുതു സമൂഹിക മാധ്യവുമായി തുടക്കം മുതൽ ഞാൻ അടുത്തു സഹകരിക്കുകയും പങ്കെടുക്കുകയും വല്ലപ്പോഴും എഴുതുകയും ചെയ്യുന്ന ആളാണ്. രണ്ടും കാമ്പുള്ള സാസ്‌കാരിക-സാമൂഹിക ഓൺലൈൻ മാധ്യമ പ്രവർത്തങ്ങൾ ആണ്. അത് പോലെ ഉയർന്നു വന്ന അഴിമുഖവും കാമ്പുള്ള ഗൗവാരമായ നവ മാധ്യമ ഇടപെടൽ ആണ്. ഇവയെല്ലാം മാഗസിൻ തരത്തിൽ ഉള്ളവയാണ്. അവ പ്രതി ദിന വാർത്ത നവ മാധ്യമങ്ങൾ അല്ല.
കഴിഞ്ഞ വര്ഷം ലൈഫ്ട് ക്ലിക് (ഇപ്പോൾ വേറൊരു പേരിലും)എന്ന പേരിൽ ടി.കെ വിനോദൻ തുടങ്ങിയ പ്രതി ദിന വാർത്ത നവ മാധ്യമ സംരംഭം നിലവാരമുള്ളതും ഗൗരവമായി എഡിറ്റ് ചെയ്യുന്ന ഒരു സംരംഭമായി തോന്നിയിട്ടുണ്ട്. അതിൽ ഇക്കിളി വാർത്തകളോ കൊലപാതക അപസർപ്പക കഥകളോ, കൂലി ഏഴുത്തോ, തൽപ്പര കക്ഷി രാഷ്ട്രറിയ അതിപ്രസരമോ, കൂതറ വ്യക്തി വിരോധ മഞ്ഞ എഴുത്തുകളോ ഇല്ലാത്തതിനാൽ വായിക്കാറുണ്ട്. മാത്രമല്ല അതിന്റെ എഡിറ്റർ ഒരു നല്ല എഡിറ്റർക്ക് വേണ്ട വിവേകവും വിദ്യഭ്യാസവും വിവരവും ഉള്ള ഒരു പൊതു സാമൂഹിക-സാംസ്കാരിക -സിവിക് രാഷ്ട്രീയ പ്രവർത്തകൻ ആയ ടി.കെ വിനോദൻ ആണ്. പിന്നെ ചില വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഡൂൾ ന്യൂസും അധികം കുഴപ്പം ഇല്ലാത്ത ഒരു ഇടപെടൽ ആയി തോന്നിയിട്ടുണ്ട്.
പക്ഷെ കഴിഞ്ഞ ചില കൊല്ലങ്ങൾ ആയി വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന മട്ടിൽ നവ മാധ്യമ രംഗത്ത് ഒരു വെബ്‌സൈറ്റും രണ്ടു ഡെസ്ക്ടോപ്പും അത്യാവശ്യം മലയാളവും ആയി ചില അവതാരങ്ങൾ ഇറങ്ങിയിട്ടുണ്ട്. അവരിൽ ഒട്ടു മിക്കവരും പത്ര പ്രവർത്തനവും സമൂഹിക ഇടപെടലും ആയി ഒരു ബന്ധവും ഇല്ലാത്തവരാണെന്നു തോന്നുന്നു . പക്ഷെ പല 'നവ' മാധ്യമങ്ങളും തുടരുന്നത് വെറും പഴയ 'തനി നിറ' ശൈലിയിൽ ഉള്ള കുരിട്ടു വിദ്യകൾ ആണ്. അൽപ്പം മസാലയും സ്വൽപ്പം സെക്സും ആവശ്യത്തിന് സ്റ്റണ്ടും അപസർപ്പക കഥകളും അത്യാവശ്യം പേരിനു ടി.വി സ്ക്രോൾ കണ്ടെഴുതി വാർത്ത ഒക്കെ ചേർത്തു വിളമ്പിയാൽ അതിനെ എന്ത് വിളിക്കണം?
ഇന്ന് 'പ്രമുഖ' മാധ്യങ്ങൾ പല 'പ്രമുഖ' കച്ചവടക്കാരെ കുറിച്ചും കള്ള കടത്തു, തരികിട കക്ഷികളെ കുറിച്ചും എഴുതാത്തത് അവർ പരസ്യമെന്ന 'കൈക്കൂലി' കൊടുത്തു മാധ്യമ ബിസിനസ്സിനെ സ്വാധീനിക്കുന്നതിനാലാണ്. അതുകൊണ്ടു തന്നെ 'പ്രമുഖ' മാധ്യമങ്ങൾ മുക്കുന്ന വാർത്തകൾ വസ്തു നിഷ്ടമായി അവതരിപ്പിക്കുന്ന ഒരു ബദൽ മീഡിയ ആയി വർത്തിക്കുവാൻ നവ മാധ്യമങ്ങൾ ക്കു കഴിയും. വലിയ മുതൽ മുടക്ക് ഇല്ലാത്തതിനാൽ അവർക്കു പഴയ മാധ്യമ ബിസിനസ്സന്നുള്ള പരിമിതികൾ ഇല്ല.
പക്ഷെ അങ്ങനെ യുള്ള ഗൗരവ ബദൽ മീഡിയ സംസ്കാരം ഇനിയും കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. ഇന്ന് മലയാള നവമാധ്യങ്ങളിൽ ഭൂരിപക്ഷവും കേരളത്തിലെ പഴയ മാധ്യമ രൂപങ്ങളുടെയും ശീലിച്ച രീതികളുടെയും ഒരു ഓൺലൈൻ പകർപ്പ് മാത്രമാണ്. ഒരു പുതിയ നവ മാധ്യമ സംസ്കാരവും സാമൂഹിക വിനിമയത്തിന്റ പുതിയ സാധ്യതകളും മലയാളത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
അതുകൊണ്ടു തന്നെ പഴയ പത്ര പ്രവർത്തക ശൈലിയിൽ നിന്നും കക്ഷി രാഷ്ട്രീയ അതി പ്രസരങ്ങളിൽ നിന്ന് അധികാര അധീശ മേല്കൊയ്മകളിൽ നിന്നും കുതറി മാറി ഒരു പുതിയ നവ മാധ്യമ സമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനം ഇണ്ടാകേണ്ടതുണ്ട്. ഇന്ന് കേരളത്തിൽ സാമൂഹിക, വിദ്യാഭാസ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നേരിടുന്ന ജീര്ണതകളുടെ തുടർച്ചയും നേർ കാഴ്ച്ചകളും ആണ് ഇപ്പോൾ വ്യവസ്ഥാപിത ടി.വി , പത്ര മാധ്യമങ്ങളിൽ കാണുന്നത്. അതിന്റെ ഒരു രണ്ടാം തരമോ മൂന്നാം തരമോ പതിപ്പ് മാത്രമായി ഓൺലൈൻ മാധ്യമങ്ങൾ മാറിയാൽ കേരളത്തിലെ പലതരം ജീർണ്ണതകളുടെ ഒരു പഴയ ബാക്കിപത്രം ആയി ചുരുങ്ങും കൂണുകൾ പോലെ പൊട്ടി മുളച്ചു അഴുകി പോകുന്ന ഓൺലൈൻ പതിപ്പുകൾ.
ഒരു 120 വര്ഷം മുമ്പ് കേരളത്തിൽ പത്രപ്രവർത്തനം തുടങ്ങിയ കാലത്തു ഒരു ബിസിനസ് സംരംഭം അല്ലായിരുന്നു. പത്ര പ്രവർത്തനം ഒരു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. പത്ര പ്രവർത്തകർ വയറ്റിൽ പിഴപ്പിന് മാത്രം പേനയുന്തുന്ന മുതലാളിക്ക് വേണ്ടി എഴുതുന്ന കൂലി എഴുത്തുകാർ അല്ലായിരുന്നു. അവരിൽ ഭൂരിഭാഗവും സമൂഹത്തിലെപാരമ്പര്യ ജീർണതകൾക്കും ജാതി മത വിവേചങ്ങൾക്കും എതിരെ പോരാടിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകർ ആയിരുന്നു. അവർക്കു കക്ഷി രാഷ്ട്രീയ താല്പര്യങ്ങളോ അധികാര മോഹങ്ങളോ ഇല്ലായിരുന്നു. അവരിൽ ബഹു ഭൂരിപക്ഷവും ഭരണത്തിൽ ഉണ്ടായിരുന്നവരുടെ ആസനം താങ്ങുന്നവരല്ലായിരുന്നു. അത് കൊണ്ട് തന്നെ ആർജവം ഉള്ള പത്രപ്രവർത്തനം അപകടകരമായ ഒരു ജീവിതമായിരുന്നു പലർക്കും. അവരിൽ പലർക്കും സാമ്പത്തിക നഷ്ടങ്ങളും യാതനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
ഇന്ന് പത്ര പ്രവർത്തനം ഒരു വ്യവസ്ഥാപിത തെഴിൽ മേഖല ആണ്. മാധ്യമ വ്യാപാരവും മദ്യ വ്യാപാരവും തമ്മിൽ വലിയ വ്യത്യാസം ഇല്ലാതായിട്ടുണ്ട്. കുത്തുക കോർപ്പറേറ്റുകളുടെ ഒരു ചിന്ന സൈഡ് ബിസിനസ്സായി വ്യവസ്ഥാപിത മാധ്യമങ്ങൾ മാറിയിരിക്കുന്നു. വ്യവസ്ഥാപിത മാധ്യമ കോർപ്പറേറ്റ് ബിസിനസ്സ് ഇന്ന് ഭരണം കൈയ്യാളുന്നവരുടെ കുഴലൂത്തുകാർ ആയി പരിണമിച്ചിരിക്കുന്നു. 'പ്രൊഫഷണൽ' പത്ര പ്രവത്തകരിൽ പലരും അധികാരത്തിന്റെ ഇടനാഴികകളിലെ അരിവെപ്പുകാരും അടക്കം പറച്ചിൽ കാരും ഏഷണിക്കാരും പുറം ചൊറിയുന്നവരും ആയി പരിണമിച്ചിരിക്കുന്നു. അവർക്ക് അധികാര നേതാകൾക്കു വേണ്ടി മാമാ പണി ചെയ്യുവാനോ ദല്ലാള് പണി ചെയ്യാനോ ഒരു നാണക്കേടും ഉളുപ്പുമില്ല. കാരണം ഇവിടെ അതൊക്കെ 'സാധാരണ' പതിവ് മാത്രം ആയിരിക്കുന്നു. 'ഉദ്ദിഷ്‌ട്ട കാര്യത്തിന് ഉപകാര സ്മരണ' എന്ന കണക്കെ സ്ഥാന മാനങ്ങൾ അധികാരി വർഗ്ഗം പ്രത്യുപകാരമായി കൊടുക്കുന്നത് ഡൽഹിയിൽ മാത്രമല്ല ഇൻഡിയിലെ എല്ലാ സംസ്ഥാനങ്ങളിലും പതിവ് ആയിട്ടുണ്ട്. ചുരുക്കത്തിൽ വ്യവസ്ഥാപിത മാധ്യമ ബിസിനസും പ്രൊഫഷണൽ പത്രപ്രവർത്ത നേതാക്കളിൽ ഗണ്യമായ പങ്കും ഇന്ന് നമ്മുടെ നാടും രാജ്യവും നേരിടുന്ന ജീര്ണതയുടെ നേർ രൂപങ്ങൾ ആണ്.
ഇതിനു മാറ്റം വരുത്താൻ കഴിവുള്ള ഒരു സാധ്യത ആണ് സാമൂഹിക പ്രതിബദ്ധതയുള്ള ആർജവം ഉള്ള നവ മാധ്യമ സംരംഭങ്ങൾ. അത് ഇന്നത്തെ ജീര്ണതയിൽ നിന്നും കുതറി മാറി ഒരു ബദൽ മാധ്യമ സംസ്കാര ധാര ആയി മാറിയെങ്കിൽ മാത്രമേ നമുക്ക് ഇന്നുള്ള ജീര്ണതകളെ അതീജീവിച്ചു ഒരു പുതിയ നൈതീമായ നന്മയുള്ള സാമൂഹ്യ മാറ്റത്തിന് വഴി തെളിക്കാൻ കഴിയുകയുള്ളൂ.

Thursday, June 16, 2016

സ്ത്രീ - പുരുഷ അസമത്വങ്ങൾ : കേരളമേ ലജ്ജിച്ചു തല താഴ്ത്തുക!!!


ഇന്ന് കേരളത്തിലെ സാമൂഹിക അസമത്വങ്ങളിൽ കൂടുതൽ പ്രകടം സ്ത്രീ-പുരുഷ അസമത്വമാണ്. പുരുഷാധിപത്യ രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും ദയനീയമായ അവസ്ഥയും ഇരട്ടത്താപ്പും അവർക്കു വനിത രാഷ്ട്രീയ നേതാക്കളോടുള്ള സമീപനത്തിൽ ആണ്. സാമ്പത്തിക സാമൂഹികമായി കേരളം വളർച്ച നേടിയെങ്കിലും സ്ത്രീകളോടുള്ള സമീപനത്തിൽ കേരളം ഇപ്പോഴും പിന്നോക്കം നിൽക്കുന്ന ഒരു പുരുഷ മേല്കൊയ്മയുടെ ഇടമാണ്.
കേരളം മാനവ വികസന സൂചികയിൽ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങലേക്കാൾ മുന്നിലാണ്. കേരളത്തിന്‍റെ സാമ്പത്തിക വളർച്ചയും കഴിഞ്ഞ പത്തു വർഷങ്ങളായി വളരുകയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും സ്ത്രീകളുടെ ആരോഗ്യ നിലവാരത്തിലും കേരളം മുന്നിൽ തന്നെ. കേരളത്തിലെ കുടുംബ ശ്രീ ലോകത്തിൽ തന്നെ വലിയ സ്ത്രീ സ്വാശ്രയ സംരഭങ്ങളിൽ ഒന്നാണെന്ന് അതിന്റെ സംഘാടകരായ കേരള സർക്കാർ ഉദ്യോഗസ്ഥർ അഭിമാനം കൊള്ളുന്നു.
സാധാരണ മാനവ വികസന സൂചിക നോക്കിയാൽ കേരളത്തിലെ സ്ത്രീകൾ മുന്‍പന്തിയില്‍ തന്നെ. പിന്നെ എന്താണ് പ്രശനം? പുസ്തത്തിലെ സ്ഥിതി വിവരക്കണക്കുകളും ജീവിതത്തിലെ അനുഭവ രാശികളും തമ്മിൽ ഉള്ള വൈരുദ്ധ്യമാണ് ഇവിടുത്തെ വിചിത്രമായ അവസ്ഥ. മാനവ സൂചിക കണക്കുകൾ അനുസരിച്ചു കേരളം സ്ത്രീ ശാക്തീകരണത്തിൽ മുന്നിൽ. പക്ഷ ഇവിടുത്തെ സമൂഹത്തിൽ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥ എന്താണ്?
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ ഏറ്റവും വലിയ വൈരുധ്യങ്ങളിൽ ഒന്ന് സ്ത്രീകളോടുള്ള സാമൂഹ്യ, രാഷ്ട്രീയ സമീപനങ്ങളിലാണ്. ഇവിടുത്തെ ഏറ്റവും വലിയ ഇരട്ടതാപ്പുകൾ കാണിക്കുന്നത് പുരുഷ മേധാവിത്തമുള്ള രാഷ്ട്രീയ പാർട്ടികൾ ആണ്. കേരളത്തിലെ മിക്ക രാഷ്ട്രീയ പാർട്ടികളിലും ഒരു സ്ത്രീക്ക് നേതൃത്വ പദവിയിലേക്ക് വരുവാൻ ഒരുപാട് കടമ്പകൾ കടക്കണം. അത് കടന്നാൽ തന്നെ പുരുഷ കേസരികളുടെ കാരുണ്യമില്ലെങ്കിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്ത അവസ്ഥ. ഇവിടുത്തെ വ്യവസ്ഥാപിത പാർട്ടികളുടെ നേതൃത്വ ഭാരവാഹികളിൽ എത്ര പേർ സ്ത്രീകളാണ്?
ഇത്രയും രാഷ്ട്രീയ പ്രഭുദ്ധതയും ജനയാത്തവും ഉണ്ട് എന്ന് ഊറ്റം കൊള്ളുന്ന കക്ഷി രാഷ്ട്രീയ നേതാക്കൾ തികഞ്ഞ പുരുഷ മേധാവിത്ത ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഇതിൽ ഏറ്റവും ദയനീയമായ ഇരട്ടത്താപ്പ് കാണിക്കുന്നത് കോൺഗ്രസ് പാർട്ടി ആണ്. അവർ വിരലിൽ എണ്ണാവുന്ന തോൽക്കുമെന്നു ഉറപ്പുള്ള സീറ്റുകളിൽ നിർത്തി സ്ത്രീകളെ ഒട്ടുമിക്ക തിരഞ്ഞെടുപ്പിലും തോല്പികയാണ് പതിവ്. കൊണ്ഗ്രെസ്സ് നിയമ സഭ സാമാജികരില്‍ ഒരൊറ്റ സ്ത്രീപോലും ഇല്ലാത്തതു ആ പാര്‍ട്ടിക്ക് ആകമാനം അപമാനം ആണ്. മുസ്ലീം ലീഗ് എന്ന പാർട്ടിയുടെ ചരിത്രത്തിൽ ഏതെങ്കിലും ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ? കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ എത്ര വനിതകൾ നിയമ സഭയിൽ എത്തി? ഇടതു പക്ഷ പാർട്ടികൾ 'തമ്മിൽ ഭേദം തൊമ്മൻ' എന്നപോലെ വിരലിൽ എണ്ണാവുന്ന സ്ത്രീകളെ തിരഞ്ഞെടുത്തതിൽ സ്വയം അഭിനന്ദിക്കുന്നതിൽ പിശുക്ക് കാട്ടാറില്ല.
ഇവിടെ 140 പേരുള്ള നിയമ സഭയിൽ ഉള്ളത് വെറും 8 സ്ത്രീകൾ മാത്രമാണെന്നത് ഇവിടുത്തെ ഓരോ ജനായത്ത വിശ്വാസിയേയും ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ലജ്ജിപ്പിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 78.29% സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ പുരുഷന്മാർ 76.33%, വോട്ട് ചെയ്തു. പക്ഷെ കേരള നിയമ സഭയിൽ സ്ത്രീകൾ വെറും 5.7 %. മാത്രം. കേരളമേ ലജ്ജിച്ചു തല താഴ്ത്തുക!!!
ഈ ദയനീയമായ അവസ്ഥക്ക് കാരണം എന്താണ്? കേരള വികസന മാതൃക ഒരു പുരുഷ മേധാവിത്വ യാഥാസ്ഥികമായ ഒരു മാറ്റൊലി വികസന അവകാശ വാദം മാത്രമാണ്. നമ്മൾ തിരഞ്ഞെടുപ്പ് ജനാധിപത്യം പഠിച്ചങ്കിലും നമ്മുടെ സമൂഹത്തിലും കുടുമ്പങ്ങളിലും ജനാധിപത്യ മൂല്യങ്ങൾ വളരെ കുറവാണ് എന്നതാണ് വാസ്തവം. നിയമ സഭയിലെ സ്ത്രീകളുടെ ദയനീയമായ പ്രാധിനിത്യം ഇതിന്റെ ഒരു അടയാളപ്പെടുത്തൽ മാത്രമാണ്.
മിക്കവാറും വീടുകളിൽ മുഴുവൻ ജോലികളും സ്ത്രീകൾ ചെയ്താലും അത് നമ്മുടെ സാമ്പത്തിക വികസന സ്ഥിതി വിവരകണക്കുകളിൽ അതിന് സ്ഥാനമില്ല. ഇന്ന് കേരളത്തിലെ ഒട്ടു മിക്ക സാധാരണ കോളജുകളിൽ പോയാൽ 80%തോളം വിദ്യാർത്ഥിനികൾ ആണ്. എന്നാൽ മിക്ക പ്രൊഫഷണൽ കോളേജുകളിലും കൂടുതൽ പുരുഷ വിദ്യാർത്ഥികളെ കാണാം. പല വീടുകളിലും വസ്തു വിറ്റാണെങ്കിലും ആൺകുട്ടികളെ പ്രൊഫഷണൽ കാഴ്‌സുകൾക്കു കേരളത്തിനകത്തും പുറത്തും വിടുമ്പോൾ പെൺകുട്ടികൾ 'കൺ വെട്ടത്ത്' തന്നെ ഉണ്ടാകണം എന്നത് ഒരു പുരുഷ മേധാവിത്വ രക്ഷകൃർത്ത മനോഭാവം കൊണ്ടാണ്. സ്ത്രീധന നിരോധ നിയമങ്ങൾ ഈ നാട്ടിൽ ഉണ്ടെങ്കിലും പെൺ കുട്ടികളെ ' കെട്ടിച്ചു' അയക്കുവാൻ വേണ്ടി പണം ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ സ്വരുകൂട്ടുന്ന ഒരു സമൂഹത്തിൽ വിദ്യഭ്യാസത്തിന് പണം ചിലവാക്കുന്നതിൽ കൂടുതൽ ഇവിടെ കൂണു പോലെ മുളച്ച സ്വര്ണകടകളിൽ ചിലവാക്കാനാണ് ഒരു വലിയ ശതമാനം ആളുകൾക്ക് താല്പര്യം.
കേരളത്തിലെ സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങളും അതിക്രമങ്ങളും ലൈംഗീക പീഠനങ്ങളും കൂട്ടുകയാണ്. ഇത് പ്രബുദ്ധരായ സ്ത്രീകൾ അക്രമങ്ങളും അതിക്രമങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്‌യുന്നതു കൊണ്ടാണെന്നു വാദിക്കാമെങ്കിലും കേരളത്തിൽ സ്ത്രീകൾ കൂടുതൽ അക്രമങ്ങളും അതിക്രമങ്ങളും നേരിടുന്നുണ്ട് എന്നതാണ് വാസ്തവം.
ഇന്ന് കേരളത്തിൽ വിവാഹ മോചനങ്ങൾ കൂടുന്നതിന്റ് ഒരു കാരണം ഗാർഹിക പീഠനങ്ങളും അതിക്രമങ്ങളും ആണ്. കേരളത്തിൽ നല്ല ഒരു ശതമാനം സ്ത്രീകൾ വീട്ടിന്റെ നാല് ചുവരുകൾക്കുള്ളിൽ വീർപ്പു മുട്ടുന്നവരും സ്വാഭിമാനം ഹനിക്കാപ്പെടുന്നവരും, പലപ്പോഴും ബലാൽക്കാരങ്ങൾക്കു ഇരയാകുന്നവരും ആണ്. കേരളത്തിൽ വളർന്നു വരുന്ന മദ്യാസക്തിയുടെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നതും സ്ത്രീകൾ തന്നെ.
ഇങ്ങനെയുള്ള വീർപ്പുമുട്ടലുകളിൽ നിന്ന് കുറെയെങ്കിലും ആശ്വാസം കിട്ടാനാണ് പല സ്ത്രീകളും അമ്പലങ്ങളെയും പള്ളികളെയും പുതിയ ആത്മീയ സരംഭങ്ങളെയും തേടി പോകുന്നത്. കേരളത്തിൽ ഇപ്പോൾ തഴച്ചു വളരുന്ന അമ്പല പൊങ്കാലകളും ആത്മീയ വ്യാപാര വ്യവസാവുമൊക്കെ ഒരു വലിയ പരിധിവരെ കേരളത്തിലെ സ്ത്രീകൾ കുടുംബത്തിനുള്ളിൽ നേരിടുന്ന വീർപ്പുമുട്ടലുകളിൽ നിന്നുള്ള സേഫ്റ്റി വാൽവുകൾ ആണ്. ഒരു യാഥാസ്ഥിക പുരുഷ മേൽക്കോയ്മ സമൂഹത്തിൽ സ്ത്രീകൾക്ക് താരതമ്യേന സ്വാതിന്ത്ര്യത്തോടെ പോകാൻ കഴിയുന്നത് വ്യവസ്ഥാപിത മതസ്വരൂപങ്ങളിലോ പ്രാർത്ഥന കേന്ദ്രങ്ങളിലോ ആണ്. അതിന് ഒരു കാരണം വ്യവസ്ഥാപിത മത അധികാര ഘട്ടനകൾ പുരുഷ മേല്കൊയ്മയുടെ പ്രധാന വാഹകരും പ്രചാരകരും ആണെന്നതാണ്.
കേരളത്തിലെ സാമ്പത്തിക പരാധീനത കൂടുതൽ ഉള്ള കുടുംബാംഗൾക്കുള്ളിലെ സാമ്പത്തിക സാമൂഹിക ഞെരുക്കങ്ങളിൽ നിന്ന് ഒരു താത്കാലിക ശമനത്തിനുള്ള, സർക്കാർ സംഘടിപ്പിക്കുന്ന, ഒരു സാമൂഹിക സുരക്ഷാ സേഫ്റ്റി വൽവാണ് കുടുംബ ശ്രീ എന്നതാണ് അതിന്റെ ഒരു സാമൂഹിക പ്രസക്തി. അതുകൊണ്ടു തന്നെയാണ് കുടുംബ ശ്രീയിൽ ചേരാൻ കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരുന്നത്. പക്ഷെ
കേരളത്തിലെ കുടുംബ ശ്രീ പോലും ഒരു പുരുഷ കേന്ദ്രീകൃത രക്ഷകർത്ത രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തൽ ആണ്. പ്രത്യക്ഷത്തിൽ കുടുംബ ശ്രീ ഒരു സ്ത്രീ ശാക്തീകരണ സരംഭ ആണെന്ന് തോന്നുമെങ്കിലും അത് പുരുഷാധിപത്യ രാഷ്ട്രീയ ചുറ്റുപാടിൽ ഉള്ള പരിമിതമായ ഒത്തുതീർപ്പു 'ശാക്തീകരണ' സംരംഭമാണ്. ഇവിടെ സർക്കാർ അവരുടെ സാമൂഹിക വികസന പരിപാടികളിൽ സ്ത്രീകളെ ' പങ്കെടുപ്പിക്കാൻ' ഉള്ള ഒരു സ്വാശ്രയ സംഘമായാണ് വിഭാവനം ചെയ്തതെങ്കിലും പലപ്പോഴും സർക്കാർ പദ്ധതികൾ നടപ്പാക്കാനും സബ്‌സിഡി വിതരണം ചെയ്യാനുമൊക്കെ ഉതകുന്ന ഒരു സർക്കാർ സംഘടിക ഉപാധി എന്നതിൽ അധികം പ്രസക്തി ഉണ്ടോ എന്ന് പലപ്പോഴും സംശയിക്കുന്നവർ ഉണ്ട്.
കുടുംബ ശ്രീ ഒരു സാമൂഹിക സാമ്പത്തിക സുരക്ഷാ വാൽവ് എന്ന രീതിയിൽ സാമ്പത്തിക പ്രയാസമുള്ള താഴെക്കിടയിൽ ഉള്ള സ്ത്രീകൾക്ക് ഒരാശ്വാസം ആണെന്ന് സമ്മതിക്കുമ്പോളും അത് കേരളത്തിൽ ഒരു വലിയ സാമൂഹിക സാമ്പത്തിക പരി വർത്ഥനത്തിന് ഇടനല്കാത്തത്ത് അത് ഒരു വ്യവസ്ഥാപിത ചട്ടകൂട്ടിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു യാഥാസ്ഥിതിക സർക്കാർ അധികാര സരംഭമായതിനാലാണ്.
കേരളത്തിലെ ഏറ്റവും വലിയ വിരോധഭാസങ്ങളിൽ ഒന്ന് ഇവിടയാണ്. ഒരു വശത്തു നാല്പതിരണ്ടു ലക്ഷം അംഗങ്ങൾ ഉള്ള ലോകത്തിലെ തന്നെ വലിയ സ്വാശ്രയ സ്ത്രീ കൂട്ടായ്മകളിൽ ഒന്ന്. മറു വശത്തു നിയമസഭയിൽ ഉള്ളത് വെറും 5.7% സ്ത്രീകൾ മാത്രം. ഒരു വശത്തു കുടുംബ ശ്രീ കൂട്ടത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു വോട്ടു ബാങ്ക് ഉണ്ടാക്കാൻ പുരുഷ മേളന്മാരുടെ മിടുകുറ്റ ശ്രമം. പക്ഷെ സ്ഥിതി വിവരകണക്കുകൾ പറയുന്നത് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിക്കുന്നു എന്നാണ്. സ്ത്രീകളുടെ ആത്മഹത്യകൾ പെരുകുന്നേതെന്തു കൊണ്ടാണ്?
ഇതിന് ഉപരിയായി കേരളത്തിൽ വളരുന്ന ഒരു രോഗം ആണ് 'മോറൽ പോലീസിംഗ്' എന്ന പേരിൽ അറിയപ്പെടുന്ന ഞരമ്പ് രോഗികളുടെ ആധിക്യം. പല കാരണങ്ങളാൽ ലൈംഗീക ദാരിദ്രം അനുഭവിക്കന്ന ഒരു വലിയ വിഭാഗം കേരളത്തിൽ ഉണ്ടെന്നു തോന്നുന്നു. ഒരു ആരോഗ്യകരമായ ലൈംഗീക വിദ്യാഭ്യാസവും കാഴ്ചപ്പാടും ഇല്ലാത്ത ഒരു പുരുഷ മേലാള സമൂഹത്തിൽ രതിയെ കുറിച്ചും ലൈംഗീകതയെകുറിച്ചും വികല ധാരണകൾ വച്ച് പുലർത്താനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെ സമൂഹത്തിൽ സ്ത്രീയെ 'ഭോഗ വസ്തു' ആയിക്കാണുന്ന ഞരമ്പ് രോഗികൾ സമൂഹത്തിന്റെ എല്ലാ തലത്തിലും ഉണ്ടെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് ഒരു പുരുഷനെയും സ്ത്രീയെയും സന്ധ്യ കഴിഞ്ഞു കണ്ടാലോ 'സംശയാസ്പദം' ആയ 'സാഹചര്യത്തിൽ' കണ്ടാൽ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകുന്നത്.
കേരളത്തിലെ ഏറ്റവും വലിയ വേറൊരു വിരോധാഭാസം രാഷ്ട്രര്യമായി പുരോഗമന വാദിയാണെങ്കിലും സാമൂഹികമായി പലരും പുരുഷ മേധാവിത്ത യാഥാസ്ഥിക വാദികൾ ആണ്. കേരളത്തിലെ ഒട്ടുമിക്ക സിനിമകളും ഏതാണ്ട് എല്ലാ ടി.വി സീരിയലുകളും ഇങ്ങയുള്ള പ്രതിലോമ പുരുഷമരല്കൊയ്മയുടെ പ്രദർശനങ്ങൾ ആണ്.മാധ്യമങ്ങളിലെ നല്ലൊരു വിഭാഗവും ഇങ്ങയുള്ള മൂരാച്ചി മൂല്യങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ്.
വെളിയിൽ നിന്ന് വരുന്നവർക്ക് കേരളത്തിൽ സ്ത്രീകൾ ശാക്തീകരണം പ്രാപിച്ചവർ ആണെന്ന് തോന്നുന്നത് ഓഫീസുകളിലും നിറത്തുകളിലും വാഹനങ്ങളിലും സ്ത്രീകളെ കാണുന്നത് കൊണ്ടാണ്. എന്നാൽ കാര്യങ്ങൾ അടുത്തു അറിയുന്നവർക്ക് അറിയാം ഈ അഭിനവ ശാക്തീകരണം പലപ്പോഴും രാവിലെ 8 മണിക്ക് തുടങ്ങി വൈകിട്ട് ആറു മണിക്ക് അവസാനിക്കുന്ന ഒരു പ്രക്രിയയാണെന്ന്.
കേരള നിയമ സഭയിൽ വെറും 8 സ്ത്രീകൾ മാത്രമുള്ളപ്പോൾ, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും പീഠനങ്ങളും കൂടുമ്പോൾ, സ്ത്രീകൾ സമൂഹിക അസമത്വം വീട്ടിലും നാട്ടിലും ഇപ്പോഴും അനുഭവിക്കുമ്പോൾ കേരളം എങ്ങോട്ടാണ് വളരുന്നത് എന്ന ചോദ്യം നമുക്ക് ഓരോരുത്തർക്കും നേരെ ഉയരുന്നു.

Tuesday, June 14, 2016

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ


കേരളത്തിന്റെ ചരിത്രം വിവിധ തരം കുടി ഏറ്റങ്ങളുടെയും കുടി ഇറക്കങ്ങളുടെയും കൂടി ചരിത്രം ആണ്. ഇന്ന് കേരളം എന്ന് അറിയപ്പെടുന്ന ഭൂപ്രദേശത്തു ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നു പുതിയതും പഴയതും ആയ ആവാസ പരിസരങ്ങൾ പരിണമിച്ചാണ് ഇന്നത്തെ കേരള സമൂഹം രൂപപ്പെട്ടു വന്നത്. ഒരു കാലത്തു ഒട്ടുമുക്കാലും വന നിബിഢമായിരുന്ന ഈ പ്രദേശത്തു തീര പ്രദേശങ്ങളിൽ വസിച്ചിരുന്നവർ നദീകളിൽ കൂടി സഞ്ചരിച്ചു ഇട നാടുകളിലേക്കും, പിന്നീട് കഴിഞ്ഞ നൂറു വര്ഷങ്ങൾക്കുള്ളിൽ, മല നാടുകളിലേക്കും കുടിയേറിയതും നമ്മുടെ സാമൂഹിക-,സാമ്പത്തിക ചരിത്രത്തിന്റെ ഭാഗം ആണ്.
ആയതിനാൽ തന്നെ ഇതര സംസ്ഥാങ്ങളിൽ നിന്നും ഇവിടെ, കൂടുതൽ വേതനം ലഭിക്കുവാൻ, ജോലിക്കു വേണ്ടി വരുന്നവരെ പഴയ കുടിയേറ്റക്കാർ ആശങ്കയോടെ വീക്ഷിക്കുന്നതിൽ വലിയ കാര്യം ഇല്ല. കഴിഞ്ഞ ഇരുപതു കൊല്ലമായി ഇതര സംസ്ഥാനത്തു നിന്നും ആളുകൾ ഇവിടെ ജോലി തേടി വരുന്നതിന്റെ കാരണം എന്താണ്? അത് കേരളത്തിൽ ഉണ്ടാക്കുവാൻ ഇടയുള്ള സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കും?
ഇതിന്റെ ആദ്യത്തെ കാരണം ഇവിടെ ചില തൊഴിലുകൾ ചെയ്യുവാൻ ഉള്ള ആളുകളുടെ ലഭ്യത കുറഞ്ഞതാണ്. കേരളത്തിൽ കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കുള്ളിൽ നടന്ന സാമ്പത്തിക സാമൂഹിക പരിണാമത്തിന്റെ ഫലമാണിത്. കേരളത്തിൽ ലഭ്യമായ സാർവത്രിക വിദ്യാഭ്യാത്തിന്റെ ഫലമായി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഉള്ള വലിയ ശതമാനം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു ശേഷം ജോലി സാധ്യതയുള്ള തൊഴിലുകളോ കോളേജ് വിദ്യാഭ്യാസമോ പ്രൊഫഷണൽ വിദ്യാഭ്യാസമോ നേടി അഭ്യസ്തവിദ്യരായി.
കഴിഞ്ഞ മുപ്പത് കൊല്ലമായി കേരളത്തിൽ വളർന്ന പുതിയ മധ്യവർഗ്ഗ സംസ്ക്കാരം കേരളത്തിലെ 90% ആളുകളുടെയും കാഴ്ചാപ്പാടുകളെ മാറ്റി മറിച്ചു. ഒരു പണാധിപത്യ ഉപഭോഗ സാമൂഹിക മാറ്റം ഉണ്ടാകുമ്പോൾ ജീവിത ചിലവുകൾ കൂടും. പക്ഷെ കൂടുതൽ അഭ്യസ്ത വിദ്യരായവർ കൂടുതൽ 'മാസ ശമ്പളം' കിട്ടുന്ന 'മാന്യമായ' ജോലി കാത്തിരിക്കും. കേരളത്തിൽ ഇങ്ങയുള്ള ജോലി കിട്ടുന്നത് സർക്കാർ വകുപ്പുകളിലും ചില സർക്കാർ, സ്വകാര്യ സംരംഭങ്ങളിലും മാത്രം ആണ്. അതുകൊണ്ടു തന്നെ കൂടുതൽ ശമ്പളം കിട്ടുന്ന ജോലി തേടി ഇന്ത്യയിലെ നഗരങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ലോകത്തിന്റെ അറ്റത്തോളവും മലയാളി പോയി. ഗൾഫ് രാജ്യങ്ങളിൽ ഒഴിച്ച് മറ്റു രാജ്യങ്ങളിൽ ഒരു വലിയ വിഭാഗം മലയാളികൾ ഇവിടെ നിന്നും കുടിയിറങ്ങി അവിടെ കുടിയേറി. ഇതിനോടനുബന്ധിച്ചു കേരളത്തിലെ ജനന നിരക്കുകളും കഴിഞ്ഞ ഇരുപത് കൊല്ലമായി എല്ലാ വിഭാഗങ്ങളിലും കുറയാൻ തുടങ്ങി. ഇതിന്റെ ഒക്കെ ഫലമായി കേരളത്തിൽ പല മേഖലകളിലും തൊഴിലാളികളുടെ ലഭ്യത കുറഞ്ഞു.
തൊഴിലാളികളുടെ ലഭ്യത കുറയുമ്പോളും ആവശ്യം കൂടുമ്പോഴും വേതനം കൂടും എന്നത് സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠമാണ്. അങ്ങനെ ഇൻഡിയിലെ ഏറ്റവും കൂടുതൽ ദിവസ വേതനം കിട്ടുന്ന സംസ്ഥാനം ആയിട്ടും കേരളത്തിൽ ദിവസ കൂലിക്കു പണി എടുക്കുവാൻ തയ്യാറുള്ള ആളുകളുടെ എണ്ണം വല്ലാതെ കുറഞ്ഞു.
ഒരു പുതുപണ മധ്യവർഗ്ഗ സമൂഹത്തിൽ ദിവസ ശമ്പളം കിട്ടുന്ന 'കൂലി പണി' ഒരു 'കുറച്ചിൽ'ആയി ഒരു വലിയ വിഭാഗം കാണാൻ തുടങ്ങിയതാണ് ഒരു കാരണം ഇവിടെ സമൂഹത്തിൽ ഇരുപത് കൊല്ലമായി വന്ന മധ്യ വർഗ്ഗ സാർവത്രിക സാമൂഹിക കാഴ്പ്പാടാണ് ഇതിന് കാരണം. ആയതിനാൽ കുറഞ്ഞ 'സാലറി' എന്ന മാസ ശമ്പളത്തിന് സ്വാകാര്യ സ്‌കൂളുകളിലും സ്വാകാര്യ ആശുപത്രികളിലും സ്വകാര്യ സ്ഥാപങ്ങളിലും ജോലി ചെയ്യാൻ തയ്യാർ ആണെങ്കിലും താരതമ്യേന നല്ല വേതനം കിട്ടുന്ന 'കൂലി പണി' ക്കു ഇവിടെ പോകുവാൻ പുതിയ തലമുറയിൽ ഉള്ള മലയാളി തയ്യാറല്ല. ഗൾഫിൽ പോയി മെയ്യനങ്ങി കോൺട്രാക്റ്റ് തൊഴിലാളികൾ ആയി പണി ചെയ്തു മാസ ശമ്പളം വാങ്ങി നാട്ടിൽ മധ്യ വർഗ്ഗ സാമൂഹിക ചുറ്റുപാടിൽ താമസിക്കുവാനും മലയാളിക്ക് മടി ഇല്ല. അതുകൊണ്ട് തന്നെ അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം കൂടിയെങ്കിലും തൊഴിലാളി ക്ഷാമം ഉള്ള ഒരു സംസ്ഥാനമായി കേരളം മാറി.
ഇത് സാമ്പത്തിക വളർച്ച കൈവരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും പൊതുവെ കാണുന്ന ഒരു മാറ്റം ആണ്. എങ്കിലും പ്രധാന വ്യത്യാസം അങ്ങനെ യുള്ള രാജ്യങ്ങളിലെ സമ്പത്തിക വളർച്ച അവിടെ ഉള്ള വ്യവസായ -സർവീസ് വളർച്ച കാരണം ആണ്. മറിച്ചു കേരളത്തിലെ സാമ്പത്തിക വളർച്ച ഒരു 'മാറ്റൊലി സാമ്പത്തിക' ചുറ്റുപാടാണ്. കാരണം കേരളത്തിന്റെ പ്രധാന വരുമാനം നമ്മൾ തൊഴിലാളികളെയും പ്രൊഫഷണൽ ജോലിക്കാരെയും ആഗോള തലത്തിൽ കയറ്റുമതി ചെയ്തു കിട്ടുന്ന 'റെമീറ്റൻസ്'' സാമ്പത്തിക പരിസരം ആണ്. കേരളത്തിലെ സാമ്പത്തിക വളർച്ച ഒരു ' ഡറിവെട്ടിവ് ഇക്കോണമി'( derivative economy) ആയതുകൊണ്ട് ആഗോള വിപണിയിൽ എണ്ണയുടെയും റബ്ബറിന്റെയും വില കുറയുമ്പോഴും കൂടുമ്പോളും നമ്മുടെ സാമ്പത്തിക വളർച്ചയെ അത് കാര്യമായി ബാധിക്കും. അമേരിക്കയിലും യൂറോപ്പിലെ രാജ്യങ്ങളിൽ ഉള്ള സാമ്പത്തിക മന്ദ്യങ്ങളും കേരളത്തിൽ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കും.
പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളിലും സ്കാന്റിനെവ്യൻ രാജ്യങ്ങളിലും ' വരുത്താരായ' മെയ്തൊഴിലാളികളും (manual labours) തദ്ദേശീയരും ആയുള്ള സാമൂഹിക സംഘർഷങ്ങൾ ഇപ്പോൾ കൂടുതൽ ദ്രശ്യമാണ്. അവിടെയുള്ള മധ്യവർഗ്ഗ സമൂഹങ്ങൾ 'വൈറ്റ് കോളർ' ജോലി എന്ന ഓഫീസ് ജോലികൾ മാത്രം തേടുമ്പോൾ 'ബ്ലൂ കോളർ' ജോലി എന്ന കായിക അദ്ധ്വാന ജോലികൾ കൂടുതൽ 'വരുത്തൻമാർ' ആണ് ചെയ്യുന്നത്. സാമൂഹികമായി ഇതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാന കാരണം സാമ്പത്തിക സംസ്കാര ചുറ്റുപാടുകൾ ആണ്. അതിൽ ഒന്ന് ജനന നിരക്കിൽ ഉള്ള കുറവും തൊഴിലാളി ക്ഷാമവും ആണ്. യൂറോപ്പിൽ 'അദ്ധ്വാന വർഗ്ഗങ്ങൾ' ആയി കുടി ഏറുന്ന ഒരു വലിയ സമൂഹം മറ്റു രാജ്യങ്ങളിൽ നിന്നും മറ്റു വശങ്ങളിൽ നിന്നും മറ്റു ഭാഷകളിൽ നിന്നും ഇതര മതങ്ങളിൽ നിന്നും ഉള്ളവരാണ്. 'വന്നു കേറി' താമസിക്കുന്നക്കുന്നവരായ 'വരുത്താരായ' അന്യ മതസ്ഥരും(വലിയ ഒരു വിഭാഗം മുസ്ലിങ്ങൾ) അവിടെ നൂറ്റാണ്ടുകളായി വസിക്കുന്ന തദ്ദേശ വാദികളും തമ്മിൽ കൂടുതൽ സാമൂഹിക-രാഷ്ട്രീയ സാമ്പത്തിക സംഘർഷങ്ങൾ യൂറോപ്പിൽ മിക്ക രാജ്യങ്ങളിലും ദ്രശ്യമാണ്.
ഇതിൽ നിന്ന് കേരളത്തിന് പുതിയ പല പാഠങ്ങളും ഉൾക്കൊണ്ടു പുതിയ സാമൂഹിക നയ രൂപങ്ങളെ(social policy) കുറിച്ച് ചർച്ച ചെയ്യെണ്ടതുണ്ട്.
എന്താണ് കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്? കേരളത്തിൽ നിന്ന് കൂടുതൽ പണം കിട്ടുന്ന ജോലി തേടി 15 തൊട്ട് 20 % വരെയുള്ള ആളുകൾ കേരളത്തിൽ നിന്നും കുട്ടി ഇറങ്ങി ഇൻഡിയിലെ നഗരങ്ങളിലും വിദേശ നഗരങ്ങളിലും ചേക്കേറി. അതിൽ തന്നെ വലിയൊരു വിഭാഗം കേരളത്തിൽ തിരിച്ചു വരാനുള്ള സാധ്യത കുറവാണ്. അതെ സമയം കേരളത്തിൽ ജന സംഖ്യയുടെ ഏതാണ്ട് 10% ത്തിന് തുല്യമായ ആളുകൾ ഇതര സംസ്ഥാങ്ങളിൽ നിന്ന് ഇവിടെ തൊഴിൽ ചെയ്യാൻ വരുന്നു. ഇപ്പോൾ അവരിൽ ഭൂരിഭാഗം 'സീസനൽ' തൊഴിലാളികൾ ആണ്. അവരുടെ യഥാർത്ഥ സ്ഥിതി വിവര കണക്കുകളെ കുറിച്ച് ഇനിയും കൃത്യമായ ധാരണ ഉണ്ടോയെന്ന് സംശയമാണ്. കേരള സർക്കാരും തൊഴിൽ വകുപ്പും ചില ഗവേഷണ സ്ഥാപങ്ങളും ചില പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്.
ഇതര സംസ്ഥാന തൊഴിലാളികളും ഇതര സംസ്ഥാങ്ങളിൽ നിന്ന് ഇവിടെ ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യാൻ വരുന്നവരും ക്രമേണ കേരള സമൂഹത്തിലെ ഒരു വിഭാഗം ആകുവാനുള്ള സാധ്യത ഉണ്ട്. കേരളത്തിൽ തന്നെ മലയാളം സസരിക്കാത്തവരുടെ എണ്ണവും കൂടാൻ ഇടയുണ്ട്. ഇനി വരുന്ന കാലങ്ങളിലെ മാറ്റത്തിന്റെ സൂചനകൾ ആണിത്.
ഇപ്പോൾ തന്നെ ഇതര സംസ്ഥാന തൊഴിലാളികളും മലയാളി 'ലോക്കൽസ്' മായി പല സ്ഥലങ്ങളിലും ഉരസൽ തുടങ്ങിയിട്ടുണ്ട്. യഥാർത്ഥത്തിൽ മലയാളികളിൽ വലിയൊരു വിഭാഗം മധ്യവർഗ്ഗ കാഴച്ചപ്പാടുകൾ സാംശീകരിക്കുകയും യഥാർഥ ' തൊഴിലാളികൾ' ഇതര സംസ്ഥാനത്തു നിന്നുള്ളവർ ആകുകയും ചെയ്യുമ്പോൾ ഇവിടെ ' തൊഴിലാളി വർഗ്ഗ പാർട്ടികൾ എന്ന വാദിക്കുന്നരുടെ നില പോലും പരിങ്ങലിൽ ആയിട്ടുണ്ട്.
പക്ഷെ വലിയ സാമൂഹിക പ്രശനം വേറൊന്നാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളികളിൽ ഭൂരിഭാഗവും രണ്ടാം തരം മനുഷ്യരും പൗരന്മാരും ആയാണ് കാണുന്നത്. ഇതിന് ഒരു പരിധിവരെ കേരള സമൂഹത്തിൽ മേൽക്കോയ്മ നേടിയ സവർണ മനോഭാവം ആണ്.ഇതര സംസ്ഥാന തൊഴിലാളികളികളിൽ ഭൂരിഭാഗം പേരും പാവപെട്ട ദളിതരും മുസ്ലിങ്ങളും ആണുള്ളത് ഈ സാമൂഹ്യ വിവേചനത്തിന് ഇട നൽകുന്നുണ്ട്. ഇവിടെ ഇപ്പോൾ എന്ത് കൊലപാതങ്ങളോ ഭവന ഭേദങ്ങളോ ഉണ്ടായൽ ഇവരുടെ നേരെ കൈചുണ്ടുന്നത് പതിവകുന്നുണ്ട്.
കേരളത്തിൽ നിന്ന് പതിനേഴു ആയിരം കോടി മുതൽ ഇരുപതിനായിരം കോടി വരെ ഇവർ 'കടത്തി' കൊണ്ട് പോകുന്നു എന്ന് പരിതപ്പിക്കുന്ന പലരും ഓർക്കേണ്ടത് കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് നിദാനം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിദേശത്തു നിന്നും ഇവിടെ വരുന്ന പണമാണ്. ഇവിടെ വരുന്ന പണത്തിന്റെ അഞ്ചിൽ ഒന്ന് മറ്റു സംസ്ഥാങ്ങളിലേക്ക് പോകുന്നത് ഇവിടുത്തെ ഇപ്പോഴത്തെ സാമ്പത്തിക വളർച്ചയുടെ സ്വഭാവം കൊണ്ടാണ്.
ഇവിടെ വസിക്കുന്ന ലക്ഷ കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കേരള സർക്കാരിന് നികുതി വരുമാവും ഭാഗ്യക്കുറി വരുമാനവും നൽകുന്നുണ്ട്. പക്ഷെ കേരള സർക്കാർ ബജറ്റിൽ ഈ തൊഴിലാളികൾക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഇവരിൽ വലിയ ഒരു വിഭാഗം താസിക്കാൻ സൗകര്യങ്ങൾ ഇല്ലാതെ ചെറിയ മുറികളിൽ അഞ്ചും പത്തും പേര് ഒരുമിച്ചു വസിക്കുകയാണ് പതിവ്.
ഇതര സംസ്ഥാങ്ങളിൽ നിന്നു ഇവിടെ ജോലിക്കു വരുന്ന സമൂഹങ്ങളും ഇവിടെ കുടിയേറാൻ സാധ്യത ഉള്ള സമൂഹങ്ങളും കേരളത്തിലെ സാമൂഹിക സാമ്പത്തിക ചുറ്റുപാട്ടുകളിൽ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇപ്പോൾ തന്നെ ബംഗാളിൽ നിന്ന് ഇവിടെ വരുന്നവർ ബംഗ്ലാദേശ് 'മുസ്ലിങ്ങൾ' ആണെന്നും അവരെ സൂക്ഷിക്കണം എന്നും സംഘ്പരിവാർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ പുതിയ കുറെയേറ്റങ്ങൾ കാരണം മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

Sunday, June 12, 2016

കേരളത്തിൽ വളരുന്ന അസമത്വങ്ങൾ


കേരളത്തിലെ സാമ്പത്തിക വളർച്ചക്കും സാമൂഹിക വികസനത്തിനും ഒപ്പം വളരുന്ന ഒന്നാണ് സാമ്പത്തിക-സമൂഹിക അസമാനതകളും അസമത്വങ്ങളും. ഇതിന്റെ പുതിയ സ്ഥിതി വിവര കണക്കുകൾ ഇപ്പോൾ കൂടുതൽ ലഭ്യമാണ്. ഈ പ്രാഥമികവും കൂടുതൽ സാമാന്യ വത്കൃതവും ആയ കുറിപ്പുകളിൽ സ്ഥിതി വിവരകണക്കുകൾ വിവരിക്കുന്നില്ല.
ഇതുവരെ ഞാൻ എഴുതിയ കുറിപ്പുകളിൽ കേരളത്തിലെ, പ്രത്യേകിച്ച് തെക്കൻ ജില്ലകളിലെ, മധ്യവർഗ്ഗ-ഉപരി മധ്യ വർഗ്ഗ വിഭാഗങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് കൂടുതൽ ചർച്ച ചെയ്തത്. കേരളത്തിൽ തന്നെ പഴയ തിരുവിതാംകൂർ -കൊച്ചി മേഖലയും കേരളത്തിന്റെ വടക്കുള്ള മലബാർ മേഖലയുമായി ചരിത്രപരമായി പല വ്യത്യസ്തകളും ഉണ്ട്. ഈ വിത്യാസം സാമ്പത്തിക-സാമൂഹ്യ വികസന വഴികളിലും ചില വ്യത്യാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് തിരിച്ചറിയുംപോഴും മനസ്സിലാക്കണ്ട ഒരു കാര്യം കഴിഞ്ഞ അറുപതു കൊല്ലങ്ങൾ ആയി കേരളത്തിൽ സാമൂഹിക സാമ്പത്തിക പോളിസികൾ കേരളത്തെ ആകമാനം ബാധിക്കുന്നു എന്നതാണ്. അതുപോലെ തന്നെ കേരളത്തിൽ കുറയുന്ന ജനന നിരക്കും മരണ നിരക്കും അതുപോലെ കൂടി കൊണ്ടിരിക്കുന്ന രോഗ അവസ്ഥകളും അസമത്വങ്ങളും കേരളത്തിലെ സമൂഹത്തിലെ എല്ലാവര്ക്കും ബാധകമാണ്.
കേരളത്തിൽ മറ്റുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ചു ദാരിദ്രവും മുഴു പട്ടിണിയും കുറവാണെങ്കിലും അസമത്വവും അസോസ്തതകളും ആപേക്ഷിക ദാരിദ്ര്യവും അനുഭവിക്കുന്ന വലിയ ഒരു വിഭാഗം ജനങ്ങൾ ഉണ്ട്. അങ്ങനെയുള്ളവരിൽ തന്നെ കൂടുതൽ ദുരിതമനുഭവിക്കുന്നവർ ഇവിടുത്തെ ജനവിഭാഗത്തിൽ 15% തോളം വരുന്ന ദളിത്-ആദിവാസി-മൽസ്യ തൊഴിലാളി വിഭങ്ങളിൽ പെട്ടവരാണ്. ഇവരിൽ വലിയ ഒരു വിഭാഗത്തിന് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെയും പൊതു ആരോഗ്യ രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു സാമ്പത്തിക-സാമൂഹിക പാർശ്വവൽകൃത സമൂഹങ്ങളെ ആണ്.
കേരളത്തിലെ സാമ്പത്തിക വളർച്ചയുടെ നേരിട്ട ഗുണഭോക്താക്കൾ ഇവിടെയും ഇന്ത്യയിലും വിദേശത്തും സ്ഥിര വരുമാനമുള്ള , മാസ ശമ്പളം പറ്റുന്ന, ഒരു മുപ്പതു ശതമാനത്തിൽ താഴെയുള്ള കുടുംബങ്ങളും ആളുകളും ആണ്. ഇത് കൂടാതെ കച്ചവട-വാണിജ്യ-വ്യവസായ-സർവീസ് മേഖലകളിൽ നിന്ന് പണം ഉണ്ടാക്കുന്ന ഒരു ചെറിയ ശതമാനം ആളുകളും ആണ്. ഇവിടെ കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങളിൽ ഉണ്ടായ സാമ്പത്തിക വളർച്ചയുടെ നേരിട്ടല്ലാത്ത ഗുണഭോക്താക്കൾ ഏതാണ്ട് ഇരുപതു ശതമാനം ആളുകൾ ആയിരിക്കും. ചുരുക്കത്തിൽ ഏകദേശം 50-55% ആളുകൾ സാമ്പത്തിക വളർച്ചയുടെ നേരിട്ടോ നേരിട്ടല്ലാതയോ ഫലമായി ജീവിത നിലവാരത്തിൽ ഒരു തരത്തിലോ മറ്റൊരു തരത്തിലോ ഗുണ മേന്മ ഉണ്ടായവരാണ്. പക്ഷെ ഇതിന്റെ മറുപുറം കേരളത്തിൽ 45-50 ശതമാനം ആളുകൾക്ക് ഈ പണാധിപത്യ സാമ്പത്തിക സാമൂഹിക പരിവർത്തനങ്ങൾ ജീവിക്കുവാൻ കൂടുതൽ വെല്ലു വിളികൾ ഉയർത്തുന്നു.
ഇങ്ങനെ ഉള്ള ഒരു പണാധിപത്യ സാമ്പത്തിക-,സമൂഹിക പരിസരം ഒരു വലിയ വിഭാഗം ജനങ്ങളിൽ ആപേക്ഷിക ഇല്ലായ്മകളെ (relative deprivation) സൃഷ്ടിക്കും. സാമൂഹിക -,സാമ്പത്തിക അസമത്വങ്ങളും ആപേക്ഷിക ഇല്ലായ്മകളും ഒരു ഉപഭോഗ സംസ്‌കാരത്തിൽ എത്തിപിടിക്കാൻ വെമ്പുന്ന ഒരു സാമൂഹിക (aspirational social urges) പരിസരം കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉണ്ടാകുന്നുണ്ട്. തൊട്ടു അടുത്ത വീട്ടിൽ രണ്ടു കാറുള്ളപ്പോൾ എനിക്ക് ഒരു മോട്ടോർ സൈക്കിൾ മാത്രമേ ഉള്ളൂ എന്ന് പരിതപിക്കുന്നവർക്കു ഒരു കാറു വാങ്ങണം എന്ന ആഗ്രഹം ഉണ്ടാകുന്നത് സ്വാഭാവികം ആണ്. ഒരു ഉപഭോഗ സംസ്കാരത്തിൽ ഉപഭോഗ -അഭിമാന ചിഹ്നങ്ങൾ (consumer-status symbol) ജീവിതത്തിന്റെ സാധാരണ ഘടകം ആകുമ്പോൾ ആണ് ഭക്ഷണത്തിന് കാശില്ലെങ്കിലും ടി.വി യും, ഫ്രിഡ്‌ജും മോട്ടോർ സൈക്കിളും, പുതിയ മൊബൈൽ ഫോണുകളും എല്ലാം കേരളത്തിലെ മിക്ക വീടുകളിലും സർവ സാധാരണം ആകുന്നതു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇന്ന് കൂടുതൽ പണം മുടക്കാൻ സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബങ്ങൾ പോലും തയ്യാറാണ്
കേരളത്തിലെ ജനങ്ങൾ സാമ്പത്തികമായി പല തട്ടിൽ ആണെങ്കിലും സാമൂഹികമായി ഇവിടുത്തെ ബഹു ഭൂരിപക്ഷം ആളുകളും ഒരു മധ്യവൽകൃത സാമൂഹിക സാംസ്കാരിക കാഴ്ചപ്പാടിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ഒരു പരിധിവരെ അത് കേരളത്തിലെ സാർവത്രിക വിദ്യഭ്യാസത്തിന്റെയും സാമൂഹിക വികാസത്തിന്റെയും പ്രതിഫലനമാണ്.
കേരളത്തിൽ തന്നെ ഇന്നു കുറഞ്ഞത് അഞ്ചു സമ്പത്തിക തട്ടുകൾ ഉണ്ട്. ഈ കഴിഞ്ഞ ഇരുപതു കൊല്ലങ്ങളിൽ 20 കോടിയിൽ അധികം ആസ്തിയും 35 ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനവും ഉള്ളവരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇന്ന് കേരളത്തിൽ ആണ് 25 ലക്ഷത്തിൽ അധികം വിലയുള്ള കാറുകളുടെ വിപണികൾ സജീവമായി ഉള്ളത്. സമ്പന്നരിൽ കൂടുതൽ പ്രവാസി സംരംഭകരും ഉയർന്ന ഉദ്യോഗസ്ഥരും ഇവിടെ വാണിജ്യ-വ്യവസായ -സർവീസ് മേഖലയിൽ പണം ഉണ്ടാക്കുന്നവരും ആണ്. രണ്ടാമത്തെ തട്ടിൽ ഉള്ളവർ ഒരു കോടി മുതൽ അഞ്ചു കോടി ആസ്തിയും ഏകദേശം 18 ലക്ഷം മുതൽ 30 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള ഉപരി മധ്യ വർഗ്ഗ വിഭാഗം ആണ്. കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ ഏറ്റവും ഗണ്യമായ വർദ്ധിച്ച ഒരു വിഭാഗം ആണിത്. ഇവരിൽ ഭൂരിഭാഗം പ്രൊഫഷണൽ ജോലി സ്വദേശത്തോ വിദേശത്തോ ഉള്ളവർ ആയിരിക്കും. ഇവിടെ ഉള്ള വ്യാപാര-വ്യവസായികളും രാഷ്ട്രീയ നേതാക്കളും നല്ലൊരു ശതമാനം ഈ വിഭാഗത്തിൽ പെടും.
മൂന്നാമത്തെ തട്ടിൽ ഉള്ള മാധ്യവർഗ്ഗത്തിന് 30 ലക്ഷം മുതൽ 1 കോടി വരെ ആസ്തിയും വാർഷിക വരുമാനം 6 ലക്ഷം മുതൽ 18 ലക്ഷം വരുന്ന ഒരു വലിയ വിഭാഗം ആളുകൾ ആണ്. പ്രവാസികളിൽ വലിയൊരു ശതമാനവും കേരളത്തിലെ വലിയ ഒരു ശതമാനം സർക്കാർ ഉദ്യോഗസ്ഥരും കേരളത്തിലെ സ്വകാര്യ മേഖലയിൽ ഉള്ള ഉദ്യോഗസ്ഥന്മാരും വ്യാപാരി വ്യവസായികളും രാഷ്ട്രീയ നേതാക്കളിൽ ബഹു ഭൂരിപക്ഷവും ഈ വിഭാഗത്തിൽ പെടും. ഇന്ന് കേരളത്തിളെ സാമൂഹിക , രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ ഏറ്റവും പ്രഭാവം ഉള്ളത് ജന സംഖ്യയിൽ ഏതാണ്ട് മുപ്പതു ശതമാനം വരുന്ന മധ്യ വർഗ്ഗ വിഭാഗമാണ്.
നാലാമത്തെ വിഭാഗം 20 ലക്ഷത്തി താഴെ ആസ്തി ഉള്ളവരും രണ്ടു ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ള കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ഇടത്തര മാധ്യവർഗ്ഗവും മുകളിലെ തട്ടിലോട്ടു കയറാൻ വെമ്പുന്നവരും (aspiring middle class) ആണ്.അഞ്ചമത്തെ വിഭാഗം 3 ലക്ഷത്തിൽ താഴെ ആസ്തി ഉള്ളവരും 1 ലക്ഷത്തിൽ താഴെ വരുമാനവും ഉള്ളഒരു വിഭാഗമാണ്. കേരളത്തിൽ ആപേക്ഷിക ദാരിദ്ര്യം (relative poverty) അനുഭവിക്കുന്നവരിൽ വലിയ ഒരു വിഭാഗം ദളിത്-മൽസ്യ-പരമ്പരാഗത മേഖലയിൽ ഉള്ളവരാണ്.
പക്ഷെ ഇതൊന്നുംഇല്ലാത്ത, ഭൂമിയോ, ആസ്തിയോ വിദ്യാഭ്യസമോ വരുമാനമാർഗ്ഗങ്ങളോ ഇല്ലാത്ത വെറും പട്ടിണിക്കാർ (absolute poor) കേരളത്തിൽ ഉണ്ട്. ഇവരിൽ ഭൂരിഭാഗവും ആദിവാസികളും 60 നു മേൽ പ്രായമായ ദളിത് കർഷക തൊഴിലാകളും ആണ്.
കേരളത്തിൽ വർദ്ധിച്ചു വരുന്ന സാമ്പത്തിക സാമൂഹിക അസമത്വങ്ങൾ ക്കു പല പ്രത്യാഘാദങ്ങൾ ഉണ്ടാകാം. അവയിൽ ചിലതു താഴെ കുറിക്കുന്നു.
1)സാമ്പത്തിക സാമൂഹിക അസമത്വം ഒരു പരിധിയിൽ കൂടുതൽ ഉള്ള സമൂഹങ്ങളിൽ സമൂഹത്തിന്റെ പൊതു ഘടനയിലും ജീവിത പ്രസരങ്ങളിലിലും കൂടുതൽ വിള്ളലുകൾ ഉണ്ടാക്കും. ഇത് സാമൂഹിക തലത്തിൽ ജനവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം കുറക്കാൻ ഇടയുണ്ട്.
2)സാമ്പത്തിക അസമത്വത്തിന് സ്വത മാനങ്ങൾ ഉണ്ടാകുമ്പോൾ ജാതി മത സ്പർദ്ധകൾ വർദ്ധിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിൽ ഗണ്യമായ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ വളർച്ച ഉണ്ടായ ഒരു സമൂഹമാണ് കേരളത്തിൽ മുസ്ലിം ജന വിഭാഗം. കേരളത്തിൽ 25% കൂടുതൽ ജനസംഖ്യ ഉള്ള സമൂഹത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഒരു കാരണം പ്രവാസ ജോലിയിൽ നിന്നുണ്ടായ വരുമാനത്തിൽ ഉള്ള വർദ്ധന ആണ്. കേരളത്തിന്റെ ചരിത്രത്തിൽ ഒരു പക്ഷെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹം സാമ്പത്തികവും, സാമൂഹികവും, വിദ്യാഭ്യാസപരമായും, രാഷ്ട്രീയമായും ഉന്നമിക്കുമ്പോൾ അത് നേരത്തെയുള്ള അധികാര മേൽക്കോയ്മ-സന്തുലിത സമവാക്യങ്ങളെ അലോരസപ്പെടുത്തും. അതിന്റെ അനുരണങ്ങൾ ആണ് അഞ്ചു കൊല്ലം മുമ്പുണ്ടായ വിവാദങ്ങൾ.
സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ മുതൽ എടുത്തു കൊണ്ട് മനഃപൂർവ്വം ചേരി തിരുവുകൾ ഉണ്ടാക്കി സ്വത വ്യത്യസ്തകൾ പാർതീകരിച്ചാണ് വർഗീയ രാഷ്ട്രറിയം കേരളത്തിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നത്.
3)സാമ്പത്തിക-സാമൂഹിക അസമത്വങ്ങൾ ഒരു പരിധിയിൽ കൂടുതൽ വളർന്നാൽ അത് സമൂഹത്തിൽ ആക്രമണ സംഭവങ്ങൾ കൂട്ടും. അങ്ങനെ ഉള്ള സമൂഹങ്ങളിൽ ക്രൈം റേറ്റ് കൂടാൻ ഇടയുണ്ട്. ഭവന ഭേദനങ്ങളും തെരുവ് പിടിച്ചുപറികളും സംഘടിത ഗാംഗുകളും കൂടാൻ സാദ്ധ്യതയുണ്ട്.
4) സമൂഹത്തിലെ ഒരു ഗണ്യമായ വിഭാഗം സാമ്പത്തിക-സമൂഹിക വളർച്ചയിൽ നിന്നും പിന്തള്ളപ്പെടുമ്പോൾ (excluded from socio-economic development) അത് പുതിയ രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴി തെളിക്കും. അതുകൊണ്ടു തന്നെ പുതിയ സ്വത രാഷ്ടീയങ്ങളെ ഫാസിസ്റ്റ് വർഗീയ ശക്തികൾക്ക് കൈയടക്കാൻ താരതമ്യേന എളുപ്പം സാധിക്കുന്നത്. അതിന്റെ തുടക്കം ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടു തുടങ്ങിയത്.
കേരളത്തിൽ വർദ്ധിച്ചു വരുന്ന മധ്യവർഗ സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടും ഇവിടെ വളർന്നു വരുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ അസമത്വങ്ങളും കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ പല തരത്തിൽ ബാധിക്കും.

Saturday, June 11, 2016

ഒറ്റപെടലുകളുടെ പുതിയ ഭൂമിക.


കേരളത്തിലെ സാമ്പത്തിക വളർച്ചക്കൊപ്പം ഉണ്ടായ സാമൂഹ്യക മാറ്റങ്ങളിൽ ഒന്ന് ജനന നിരക്ക് കുറഞ്ഞു വരുന്നതു മായി ബന്ധപ്പെട്ടതാണ്. കേരളത്തിൽ ഇപ്പോഴുള്ള രണ്ടു തലമുറകൾ പുതിയ പണാധിപത്യ സാമ്പത്തിക സംസ്കാരത്തിനും പഴയ പാരമ്പര്യ യാഥാസ്ഥിക കാഴ്ചപ്പാടുകൾക്കും ഇടയിൽ ഉള്ള സംഘർഷങ്ങളിൽ പലവിധ ഒത്തുതീർപ്പുകളുമായി സമരസപ്പെടുന്ന അവസ്ഥയിൽ ആണ്. എന്നാൽ 1990കൾക്ക് ശേഷം ജനിച്ച തലമുറ പുതിയ പണാധിപത്യ സാമൂഹിക സംസ്‌കാരവുമായി കൂടുതൽ താദാത്മ്യം ഉള്ളവരാണ്.
കേരളത്തിൽ ഏറ്റവും ജനന നിരക്ക് കുറഞ്ഞ ജില്ല പത്തനംതിട്ട ജില്ല ആണ്. അവിടെ ജനന നിരക്ക് കുറഞ്ഞു വരുന്നതിനു പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനമായ ഒന്ന് ആ ജില്ലയിൽ ഉണ്ടായ സാമ്പത്തിക, സാമൂഹിക വളർച്ചയാണ്. ഈ സാമ്പത്തിക വളർച്ചക്കു പ്രധാന കാരണം പ്രവാസ പണവും അത് ഉണ്ടാക്കുന്ന സമൂഹിക മാറ്റവും ആണ്. കൂടുതൽ ചെറുപ്പക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഗൾഫ് നാടുകളിലും ഇൻഡിയിലെ നഗരങ്ങളിലും ഒക്കെ കുടി ഏറുമ്പോൾ ജനന നിരക്ക് സ്വാഭികമായി കുറയും.
പണാധിപത്യ സാമൂഹിക-സാമ്പത്തിക ഉപഭോഗ സംസ്കാരത്തിൽ പിടിച്ചു നിൽക്കണം എങ്കിൽ കൂടുതൽ പണം വേണം. ഉപഭോഗ സാമൂഹിക സാസ്‌കാരിക പരിസരങ്ങളിൽ പകലന്തിയോളം ഭാര്യയും ഭർത്താവും പണിയെടുത്തു അടുത്ത മാസം കൊടുക്കണ്ട ഇ.എം.ഐ (equal monthly instalment) എന്ന ഓമനപ്പേരിൽ ഉള്ള കട ബാധ്യതകളെ കുറിച്ച് വേവലാതിപെടുന്നവർക്ക് രതിക്കോ ഭോഗത്തിനോ ഒന്നും സമയമില്ലാത്ത വല്ലാത്തൊരാവസ്ഥയിൽ ആണ് പുതിയ തലമുറ. ജീവിക്കുവാനും വീട് വാങ്ങാനും, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനു ഒക്കെ ചിലവ് അനുദിനം കൂടുമ്പോൾ കുട്ടികളെ ഒരു സാമ്പത്തിക ബാധ്യതായായി കണ്ടു തുടങ്ങുന്നവരുണ്ടു. അതുകൊണ്ട് തന്നെ ഒരു കുട്ടിയിൽ അധികമായാൽ പ്രശ്നമാണ് എന്ന് കരുതുന്നവരുടെ എണ്ണം ഇവിടെ കൂടി വരുന്നുണ്ട്.
ഇരുപത് കൊല്ലം മുമ്പ് വിവാഹ പ്രായം ഇരുപത് വയസ്സുകളിൽ ആയിരുന്നു എങ്കിൽ ഇന്നത് മുപ്പതുകളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. എത്രയും പണം ഉണ്ടാക്കി ഉപഭോഗ സംസ്കാരവുമായി സമരസപ്പെട്ടു ജീവിക്കുവാനുള്ള പങ്കപാടിൽ കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചാലും ഉണ്ടാകാത്ത അവസ്ഥയിൽ ഇന്ന് കേരളത്തിൽ ഏറ്റവും ലാഭകരമായി നടക്കുന്നത് ഫെർട്ടിലിറ്റി ക്ലിനിക്കുകളും ആശുപതികളും ആണ്. ഇതിന്റെ ഒക്കെ ഫലമായി കേരളത്തിൽ മലയാളികളുടെ എണ്ണം അടുത്ത ഇരുപത് വർഷങ്ങളിൽ വീണ്ടും കുറയും.
ഇതിൽ നിന്നും ഉണ്ടാകുന്ന സമൂഹിക സാമ്പത്തിക സാംസ്കാരിക പ്രത്യാഘാതങ്ങൾ പലതാണ്.
1) കുട്ടികളുടെ എണ്ണം കുറയുകയും , പ്രായമായവരുടെ എണ്ണം കൂട്ടുകയും ചെയ്യുമ്പോൾ കേരളം ഒരു പ്രായമുള്ളവരുടെ (aging society) ഒരു സമൂഹം ആയി മാറിക്കൊണ്ടിരിക്കും.
ഇത് ഭാവിയിൽ കേരളത്തിന്റെ ഉൽപ്പാദന ക്ഷ്മതയെയും (productive capacity), പ്രത്യുൽപ്പാദന ശേഷിയെയും (reproductive capability) കുറയ്ക്കും. ആരോഗ്യത്തിനുള്ള ചിലവ് വർദ്ധിക്കും. ആയുർ ദൈർഘ്യം കൂട്ടുന്നത് അനുസരിച്ചു സർക്കാരിന്റെ പെൻഷൻ ബാധ്യത കൂടും. ഇതെല്ലം കേരളത്തിന്റെ സാമ്പത്തിക അവസ്ഥക്ക് പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉയർത്തും.
കുട്ടികളുടെ എണ്ണം കുറയുകയും അവരിൽ നല്ലൊരു വിഭാഗം പ്രവാസികൾ ആയി മാറുമ്പോൾ പ്രായമായവർ സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടാകാം. വർധ്യക്യത്തിൽ അവരുടെ ആരോഗ്യ പരി രക്ഷക്ക് ആരും സഹായിക്കാനില്ലാത്ത ഒരു അവസ്ഥയിൽ ആകാം. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ ഇല്ലാതെ സ്‌കൂളുകൾ അടക്കുമ്പോൾ അവ വൃദ്ധ വയോജന സദനങ്ങൾ ആകാനുള്ള സാധ്യത ഉണ്ട്.
2)കുട്ടികളുടെ എണ്ണം കുറയുകയും സ്‌കൂളുകളുടെ എണ്ണം കൂട്ടുകയും ചെയ്താൽ ഇപ്പോഴുള്ള പല സ്‌കൂളുകളും വരും വർഷങ്ങളിൽ പഠിക്കാൻ വിദ്യാർഥികൾ ഇല്ലാത്തതിനാൽ പൂട്ടേണ്ടി വരും. ഞാൻ പഠിച്ച സർക്കാർ പ്രൈമറി സ്‌കൂളിൽ മുന്നൂറോളം കുട്ടികൾ ഉണ്ടായിരുന്നു. ഇന്നത് അറുപതിൽ താഴെ. കേരളത്തിലെ പല ഗ്രാമങ്ങളിലെയും സ്ഥിതി ഇതാണ്.
ഒരു ഉപഭോഗ സമൂഹിക സാംസ്കാരിക ചുറ്റുപാടിൽ വിദ്യാഭ്യാസവും ഒരു ഉപഭോഗ സർവീസ് മേഖല ആയിരിക്കുന്നു. അതുകൊണ്ടു തന്നെ സ്‌കൂൾ ഇന്ന് വിദ്യാലയം എന്നതിൽ ഉപരി ഒരു അഭിമാന ചിഹ്നം(status symbol) ആയി പരിണമിച്ചിരിക്കുന്നു. ഒരു കുട്ടിയെ രണ്ടു കുട്ടികളോ ഉള്ളപ്പോൾ അവരെ നല്ല നിലയും വിലയും ഉള്ള സ്‌കൂളുകളിൽ വിടണം എന്ന സാമൂഹിക മനഃശാസ്ത്രം ഇവിടെ സ്‌കൂളുകളുടെ ഒരു പുതിയ വിപണി ഉണ്ടാക്കി.
കഴിഞ്ഞ നൂറു കൊല്ലങ്ങൾക്ക് മുൻപ് കേരളത്തിൽ വിദ്യാലയങ്ങൾ ഉണ്ടായി വന്നത് ഒരു സാമൂഹിക സാംസ്കാരിക നവോദ്ധാനത്തിൻറെ അടയാളങ്ങൾ ആയിട്ടാണ്. ഇപ്പോൾ വിദ്യാലയങ്ങൾ കുറയുകയും സ്‌കൂൾ വിപണി കൂട്ടുകയും ചെയ്തു. അതുകൊണ്ടു സ്‌കൂൾ ഇന്ന് ലാഭകരമായ ഒരു കച്ചവട വാണിജ്യ സംരംഭം ആണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസവും ആയി യാതൊരു ബന്ധവും ഇല്ലാത്ത അബ്കാരികളും, ബിസിനസ്സുകാരും സ്ക്കൂൾ ഒരു 'ഇൻവെസ്റ്മെന്റു' അവസരമായി കണ്ടു കാശു വിദ്യാഭ്യാസ വിപണിയിൽ ഇറക്കി ലാഭം ഉണ്ടാക്കുവാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ യാണ് കേരളത്തിൽ സെൽഫ്-ഫൈനൻസിങ് കോളജുകൾ കൂണുകൾ പോലെ വളർന്നത്. ഇതിൽ മിക്ക കോളജുകളും വിദ്യാഭ്യാസമായി ഒരു ബന്ധവും ഇല്ലാത്ത വെറും കച്ചവടക്കാർ നടത്തുന്ന തരികിട സംരംഭങ്ങൾ ആണ്.
ഇങ്ങനെയുള്ള അവസ്ഥയിൽ ആണ് കുട്ടികളുടെ 'വിദ്യാഭ്യാസവും' ഒരു 'ഇൻവെസ്റ്മെന്റു'ആയി മാത പിതാക്കൾ കണ്ടു തുടങ്ങുന്നത്. കൂടുതൽ പണം മുടക്കി നല്ല 'വിലയും' , 'നിലയും' ഉള്ള വിപണിയിൽ ബ്രാൻഡ് വാല്യൂ ഉള്ള സ്കൂളികളിലും കോളേജുകളിലും പഠിപ്പിച്ചു 'വിജയിപ്പിച്ചു' ഇറങ്ങിയാൽ ജോലി വിപണിയിൽ വില പേശി വലിയ ശമ്പളം വാങ്ങാം എന്ന ഒരു സാമുഹിക മനശാസ്ത്രം ഇവിട് സംഭവിക്കുന്നു.
ഇവിടെ വിദ്യാഭ്യാസത്തിന്റെ വാണിജ്യ-വിപണിവൽക്കരണത്തോടൊപ്പം നടക്കുന്ന അപകടരമായ ഒരു മാറ്റം ഉണ്ട്. അത് വിദ്യാഭ്യത്തിന്റെ വർഗീയവൾക്കരണം ആണ്. അതാത് ജാതി മത വിഭാഗങ്ങൾ അവരുടെ സ്‌കൂളുകളിൽ അവരവരുടെ ജാതി മതത്തിൽ ഉള്ള കുട്ടികളെ നിർബന്ധിച്ചു ചേർക്കുന്ന അവസ്ഥ ചില ഇടങ്ങളിൽ തുടങ്ങിയിട്ടുണ്ട്. ഇത് പൊതു വിദ്യാഭ്യാസത്തിന്റെ സംസ്കാരത്തെ തുരങ്കം വെക്കുക മാത്രമല്ല ചെയ്യുന്നത്. ഒരേ ജാതിയിലും മതത്തിലും ഉള്ള കുട്ടികൾ ഒരു സ്‌കൂളിൽ ഉണ്ടായാൽ അവർക്കു മറ്റു ജാതി മതങ്ങളിൽ ഉള്ളവരുമായി സമൂഹിക സംസർഗ്ഗം കുറയും. ഇത് സമൂഹത്തിൽ കൂടുതൽ ചേരി തിരുവകൾക്കു ഇട നൽകാനുള്ള സാധ്യത കൂടുതൽ ആണ്.
അത് മാത്രമല്ല , കൂടുതൽ കുട്ടികൾ കേരളത്തിനോ ഇന്ത്യക്കു വെളിയിൽ പോയി പഠിക്കുമ്പോൾ ഇവിടുത്തെ കോളജുകളിൽ കുട്ടികളുടെ എണ്ണം കുറയും. അതിന്റെ കൂടെ ജനന നിരക്ക് കുറയുമ്പോൾ പല കോളജുകളിലും ചേരാൻ ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് ചില ദശകങ്ങൾക്കു ഉള്ളിൽ മാറാൻ സാധ്യത ഉണ്ട്. ഇന്നത്തെ പല സെൽഫ് ഫിനാൻസ് കോളജുകൾ ഹോട്ടലുകളോ ബാറുകളോ വ്യവസായ സംരംഭങ്ങളോ ആയാൽ അതിശയിക്കേണ്ടതില്ല.
3) ജനന നിരക്ക് കുറയുകയും സാമ്പത്തിക വളർച്ച കൂട്ടുകയും ചെയ്യുമ്പോൾ പൊതുവെ വ്യക്തിക്കു അതിജീവനത്തിനുള്ള സ്വാർത്ഥത കൂടും. ഒരു നഗരവത്കൃത സമൂഹത്തിലെ ഒറ്റയ്ക്ക് ജീവിക്കുന്ന കുടുംബങ്ങളിൽ ഒറ്റയ്ക്ക് ജീവിച്ചു മത്സരാധിഷ്ഠ സമൂഹത്തിൽ ഒറ്റയ്ക്ക് വളരുന്നു വലുതാകുമ്പോൾ പലപ്പോഴും ഒറ്റപ്പെടലിൽ നിന്നുള്ള മാനസിക പ്രശങ്ങൾക്കു ഇട നൽകിയേക്കും. ഇത് പലപ്പോഴും വിവാഹ ബന്ധങ്ങളെ മാത്രമല്ല ബാധിക്കുന്നത്.
പുതിയ പണാധിപത്യ ഉപഭോഗ സമൂഹത്തിൽ ഒരു വ്യക്തിക്ക് ഒറ്റപ്പെടലിൽ നിന്നും പിന്തള്ളപ്പെടലിൽ നിന്നുമൊക്കെ പുതിയ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെ ആണ്. കേരളത്തിൽ മാനസിക ആരോഗ്യ നിലക്ക് പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്. ഒരു പരിധി വരെ ഇങ്ങനെ യുള്ള പുതിയ മാനസിക പിരിമുറുക്കങ്ങൾ പലരിലും മദ്യാസക്തി കൂട്ടാനുള്ള സാധ്യതകൾ കൂട്ടുന്നു.
മാറുന്ന കേരളത്തിൽ "നാം രണ്ടു നമുക്കു രണ്ടു " എന്ന പഴയ കുടുംബാസൂത്രണ സമവ്യക്യത്തിൽ നിന്നും. 'നമ്മൾ രണ്ടു നമ്മുക്ക് വേണ്ട" എന്ന പുതിയ സംവാക്യത്തിലേക്ക് പുതിയ തലമുറയിലുള്ള കുറെ ആളുകളെങ്കിലും മാറിയാൽ അത്ഭുതപ്പെടേണ്ടതില്ല.
കേരളത്തിലെ പുതിയ ഒറ്റപെടലുകളുടെ ഭൂമി ശാസ്ത്രം ഇനിയും തെളിഞ്ഞു വരേണ്ടിയിരിക്കുന്നു. കേരളം കൂടുതൽ വ്യക്തി കേന്ദ്രീകൃത സമൂഹം ആയി പരിണമിക്കുമ്പോൾ അത് കേരളത്തിലെ സമൂഹത്തിലും സാസ്‌കാരിക രംഗത്തും രാഷ്ട്രീയ കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാക്കും.

LikeShow More Reactions
Comment

Friday, June 10, 2016

കേരളത്തിലെ പണാധിപത്യവും പാരമ്പര്യവും


സാമ്പത്തിക-സാമൂഹിക വളർച്ച വരിക്കുന്ന സമൂഹങ്ങളിൽ സാധാരയായി ജനന നിരക്ക് കുറയുകയാണ് പതിവ്. ഇതിനു പലകാരണങ്ങൾ ഉണ്ട്.
അവയിൽ ഒന്ന് കൂടുതൽ പണം ഒഴുകുന്ന ഒരു സാമ്പത്തിക വ്യവസ്ഥയിൽ ജീവിക്കുവാനും, വിദ്യഭ്യാസത്തിനും, ആരോഗ്യ പരിപാലനത്തിനും കൂടുതൽ പണം വേണമെന്നുള്ളതാണ്. ജീവിത ചിലവുകൾ വർദ്ധിക്കുമ്പോൾ മിക്കവാറും വീടുകളിൽ പുരുഷനും സ്ത്രീയും ജോലി ചെയ്തെങ്കിൽ മാത്രമേ വീട്ടു ചിലവുകൾ നടന്നു പോകുകയുള്ളൂ. അങ്ങനെ ഓരോ അണു കുടുംബവും (ന്യൂക്ലീയർ ഫാമിലി) പ്രധാനമായും സാമ്പത്തിക വ്യവസ്ഥിതിയുടെ ഭാഗമായ ഒരു സാമൂഹിക സാമ്പത്തിക സംരംഭമായി മാറുന്നു.
പണാധിപത്യമുള്ള ഒരു സാമ്പത്തിക വ്യവസ്ഥയിൽ വ്യക്തികളും കുടുംബവും അതിനു അനുസരിച്ചു മാറി ജീവിക്കുവാൻ പഠിക്കും. അങ്ങനെ കുടുമ്പം എന്നത് ഒരു സാമൂഹിക-സാമ്പത്തിക യൂണിറ്റ് ആകുമ്പോൾ എപ്പോൾ എത്ര കുട്ടികൾ വേണമെന്നുള്ളത് ഒരു വൈകാരിക തീരുമാനം മാത്രമല്ല, മറിച്ചു ഒരു സാമ്പത്തിക-സാമൂഹിക തീരുമാനം കൂടി ആണ്.
സമൂഹം തന്നെ പണാധിപത്യ വിപണിയായി പരിണമിക്കുമ്പോൾ ജനനവും, വിദ്യാഭ്യാസവും, ജോലിയും,, കല്യാണവും, ലൈംഗീതയും, രതിയും, വീടും, ആരോഗ്യവും, മരണവും അതിന് അനുസരിച്ചു മാറും. ജീവിക്കുവാനും വീട് വാങ്ങാനും/വെയ്ക്കാനും, വാഹനം വാങ്ങുവാനും കൂടുതൽ പണം ആവശ്യമായി വരുമ്പോൾ കൂടുതൽ പണം തേടിയുള്ള പാച്ചിൽ ആയി മാറും ജീവിതം. അതിനു കൂടുതൽ പഠിക്കണം പിന്നെ നല്ല ശമ്പളം കിട്ടുന്ന ജോലിവേണം, ഇതെല്ലാം കൂടി കഴിയുമ്പോൾ ഒരാൾക്കു മുപ്പതു വയസ്സാകും. വിവാഹ പ്രായം ഏറുംതോറും ജനന നിരക്ക് കുറഞ്ഞു വരും.
കേരളത്തിൽ കഴിഞ്ഞ ഇരുപതു കൊല്ലങ്ങളിൽ ഉണ്ടായ മാറ്റങ്ങളുടെ ഒരു നേർകാഴ്ച കൂടി ആണ് മുകളിൽ വിവരിച്ചത്. ഇപ്പോൾ കേരളത്തിൽ കല്യാണങ്ങൾ അധികവും നടക്കുന്നത് ഇന്റർനെറ്റ് കല്യാണ വിപണിയിൽ കൂടെ ആണു. ടെക്നോളജിയും വിപണിയും ഒരാളുടെ ജീവിതത്തിന്റെ പ്രധാന മുഹൂർത്തത്തിൽ പ്രധാന പങ്കു വഹിച്ചു തുടങ്ങുമ്പോൾ തന്നെ നമ്മുടെ ജീവിതം മുഴുവനും നമ്മൾ അറിയാതെ തന്നെ വാണിജ്യവൽക്കരിക്കുകയും നമ്മൾ വിപണിയിലെ വിഭവങ്ങൾ ആയി മാറുകയും ചെയ്യുന്നു.
സാധാരണഗതിയിൽ വലിയ തോതിൽ ഉള്ള സാമ്പത്തിക -സാമൂഹ്യ മാറ്റങ്ങൾ ഉണ്ടായ സമൂഹങ്ങളിൽ വ്യക്തിക്ക് പ്രാധാന്യം കൂട്ടുകയും, ജീവിത പങ്കാളിയെ അവരവർ തന്നെ തിരഞ്ഞെടുക്കുകയും ആണ് പതിവ്. എന്നാൽ കേരളത്തിൽ പണാധിപത്യ സാമ്പത്തിക വ്യവസ്ഥ താരതമ്യേന വേഗത്തിൽ പിടിമുറക്കിയെങ്കിലും കേരള സമൂഹ അതിന്റെ യാഥാസ്ഥിക പാരമ്പര്യത്തിൽ കിടന്നു ഉഴറുക ആണ്. അതു കൊണ്ട് തന്നെ വിവാഹം എന്നത് പല വീടുകളിലും ഒരു പുതിയ പ്രശനം ആണ്. സ്വന്തം ജീവിത പങ്കാളിയെ കണ്ടത്താൻ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയും എന്നാൽ പാരമ്പര്യ 'arranged marriage' നോട് താല്പര്യം ഇല്ലാത്ത ഒരു തലമുറയും ഇവിട് വളർന്നു നിൽക്കുന്നു .
ഇങ്ങയുള്ള പണാധിപത്യ വിപണിയും യാഥാസ്ഥിതിക പാരമ്പര്യവും തമ്മിൽ ഉള്ള കിട മത്സരങ്ങൾ കേരളത്തിൽ പുതിയ സാമൂഹ്യ സംഘര്ഷങ്ങൾക്കു ആക്കം കൂട്ടുന്നുണ്ട്.
കാർഷിക ആവാസ വ്യവസ്ഥയുടെ കൂട്ട് ഉത്തരവാദിത്ത കൂട്ടായ്മ സാമൂഹിക സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പണാധിപത്യ വിപണിമയമായ ഒരു സാമ്പത്തിക പരിസരത്തേക്ക് കേരള സമൂഹം മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു. അത് വ്യക്തി ജീവിതത്തെയും കുടുംബങ്ങളെയും സമൂഹത്തെയും പല രീതിയിൽ ബാധിക്കുന്നുണ്ട്.
ഒരു വശത്തു പണാധിപത്യ വിപണിയിമായി ഒത്തു തീർപ്പിൽ എത്രയും പണം ഉണ്ടാക്കാനുള്ള ആഗ്രഹം മറു വശത്തു പാരമ്പര്യ കെട്ട് പാട്ടുകൾ പൊട്ടിച്ചു പോകാനുള്ള ഭയം. ഇതിനു രണ്ടിനും ഇടയിൽ ഒത്തു തീർപ്പാക്കി മലയാളി ജീവിക്കുവാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന സാമൂഹിക രാഷ്ട്രീയ സംഘർഷങ്ങൾ ആണ് ഇന്ന് കാണുന്നതിൽ അധികവും.
ഇതിന് കാരണം പലതാണ്.
1)നാം സാമ്പത്തികമായി ഒരു പണാധിപത്യ വിപണിയിൽ എത്തി നിൽക്കുമ്പോളും സാമൂഹികമായി നമ്മൾ ഇപ്പോഴും കാർഷിക സാമൂഹ്യ വ്യവസ്ഥയിൽ നിന്നും പൂർണമായി വിട്ടു മാറിയിട്ടില്ല. അതുകൊണ്ടാണ് നാം പണാധിപത്യ വിപണിയെ പുല്കുമ്പോഴും കൃഷിയെ കുറിച്ച് ഗ്രഹാതുരയോടെ പരിതപിക്കുന്നത്.
2) പണാധിപത്യ വിപണിയിൽ സ്വയം ഒരു വിലയേറിയ ഒരു മാനവ വിഭാവമാകാൻ( high value human resource) ,പഠിച്ചു 'വിജയിച്ചു' ഏറ്റവും വലിയ ശമ്പളം ജോലി വിപണിയിൽ( job market) വില പേശി 'വിജയിക്കുവാൻ', ഉള്ള മത്സര ഓട്ടത്തിൽ പുതിയ അരക്ഷിതാവസ്ഥ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാകുന്നു.
3) ഒരു വശത്തു യാഥാസ്ഥിക പാരമ്പര്യ ജാതി മത സ്വതങ്ങളിൽ നിന്ന് വിടുതൽ ഇല്ലാതിരിക്കുകയും , മറു വശത്തു പണാധിപത്യ വിപണയിൽ വിഭവം ആകുമ്പോൾ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയും. ഇങ്ങയുള്ള അവസ്ഥയിൽ ആളുകൾ മത വിശ്വാസത്തിലും പാരമ്പര്യ സമൂഹിക സംരക്ഷണ വ്യവസ്ഥകളെയും ഒരു പിടി വള്ളി എന്നത് പോലെ മുറുക്കി പിടിക്കും. പണാധിപത്യ വിപണിയെന്ന സമുദ്രത്തിൽ നീന്തുവാൻ വെമ്പുന്ന വ്യക്തികൾ ഒരു ലൈഫ് ജാക്കറ്റോ ഒരു പിടി വള്ളിയോ എന്ന പോലെ മത വിശ്വാസങ്ങളെയും പാരമ്പര്യത്തെയും മുറുകെ പിടിക്കുന്നു. അവിടെയും ഇവിടെയും ഇല്ലാതെ പണാധിപത്യ വിപണിയും പാരമ്പര്യ പിടിവള്ളിയുമായി ഉള്ള പിടിവലിയുടെ നടുവിൽ ആണ് ഇന്ന് കേരള സമൂഹത്തിലെ ഒരു നല്ല ശതമാനം ആളുകൾ.
4) ഇങ്ങനെ പണാധിപത്യ സാമ്പത്തിക ആവാസ വ്യവസ്ഥയിൽ ജീവിതം തന്നെ ഒരു മത്സര ഒട്ടമാകുമ്പോൾ സംഭവിക്കുന്നത് പരസ്പര വിശ്വാസം കുറയും ( trust deficit). കാരണം ചെറുപ്പം മുതൽ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത് മത്സരത്തിൽ എതിർ സ്ഥാനാർത്ഥിയെക്കാൾ കൂടുതൽ മാർക്ക് വാങ്ങി ഒന്നാമനാകുക എന്നതാണ്. എങ്ങനെ എങ്കിലും ഏതെങ്കിലും 'റാങ്ക് ലിസ്റ്റിൽ' കയറി പറ്റുമ്പോൾ ആണ് ജീവിത 'വിജയം' ഉണ്ടാകുന്നത് എന്നും വിദ്യാഭ്യാസം എന്നാൽ 'റാങ്ക് ലിസ്റ്റ്'' ആണെന്നും നമ്മളെ പറഞ്ഞു പഠിപ്പിച്ചതു പണാധിപത്യ വിപണിയാണ്. ആ മത്സര ഓട്ടത്തിൽ വിജയിക്കുമോ എന്ന ആകാംഷ മനോരോഗം വരുമ്പോൾ ആണ് മലയാളി സകല ദൈവങ്ങൾക്കും ആൾ ദൈവങ്ങൾക്കും ദൈവ ദാസാ ദാസി മാർക്കും പിറകെ ഒരു 'ലൈഫ് ജാക്കറ്റിന്'' ഓടുന്നത്.
5) അങ്ങനെ അണു ഒരു 'ആത്മീയ വിപണി' രൂപപെടുന്നത്. ഒരു പണാധിപത്യ വിപണി ക്രമത്തിൽ യാഥാസ്ഥിക ജാതി-മത സംഘടനകൾ ഒത്തു തീർപ്പുകളും ഇടപാടുകളും നടത്തുമ്പോൾ ആണ് ആതുര ആലയങ്ങൾ 'മൾട്ടി സ്പെഷ്യലിറ്റി' ഫൈവ് സ്റ്റാർ ആശുപത്രികൾ ആകുന്നത്.
അങ്ങനെയാണ് പഴയ 'പള്ളി'''കൂടങ്ങൾ' മാറി വൻകിട സെൽഫ് 'ഫിനാൻസ്' കോളജുകൾക് വിപണി ഒരുക്കുന്നത്. ആത്മാവിന്റെയും മതത്തിന്റെയും വാണിജ്യ വൽക്കരണം രണ്ടിന്റെയും ആത്മാവിനെ ദ്രവിപ്പിച്ചു
എങ്കിലും വിപണീമയമായ ജാതി-മത രൂപങ്ങൾ അവരുടെ നിലനിൽപ്പിന് വേണ്ടി പാരമ്പര്യത്തിന്റെ തുറുപ്പു ചീട്ടു എറിഞ്ഞു ആളുകളുടെ ജാതി-മത സ്വത്വങ്ങൾ വച്ച് കളിക്കുവാൻ തുടങ്ങി.അവിട് സമൂഹത്തിൽ പല ജാതി-മത ധാരകളിൽ ഉള്ളവർക്ക് സമൂഹത്തിൽ പരസ്പര വിശ്വാസം കുറയുന്നു. അങ്ങനെ യുള്ള പുതിയ ' ജാതി-മത' കിടമത്സരങ്ങളിൽ കക്ഷി രാഷ്ട്രീയ അധികാര മോഹങ്ങൾ ഉണ്ടാകുമ്പഴാണ് സമൂഹം പുതിയ സ്വത്വ രാഷ്ട്രീയ വർഗീയ ധ്രുവീകരണത്തിലേക്ക് പോകുന്നതു.
പണാധിപത്യ വിപണിക്കും പരമ്പര്യ വ്യവസ്ഥയ്ക്കും ഇടയിൽ വ്യക്തികളും കുടുംബങ്ങളും അക്കപ്പെടുമ്പോൾ ഉള്ള ഒരു നീർ ചുഴിയിൽ ആണ് കേരള സമൂഹം ഇന്ന് എത്തിപ്പെട്ടു നിൽക്കുന്നത്.
ഇത് വ്യക്തികളിലും കുടുമ്പങ്ങളിലും സമൂഹത്തിലും പലതരം സംഘര്ഷങ്ങൾക്കു ഇട നൽകുന്നു.

ഇരുപത് കൊല്ലത്തെ സാമൂഹ്യ മാറ്റത്തിന്റെ ഒരു കഥ.


കേരളത്തിലെ സാമ്പത്തിക വളർച്ച സാമൂഹിക , സാംസ്കാരിക, രാഷ്ട്രീയ മേഖലകളെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്.ഇതിൽ പ്രസക്തമായ ഒരു കാര്യം കാർഷിക സാമൂഹിക സാമ്പത്തിക ചുറ്റുപാടിൽ നിന്നും സർവീസ് ഉപഭോഗ സാമ്പത്തിക അവസ്ഥയിലേക്കുള്ള ചുവട് മാറ്റമാണ്. ഈ മാറ്റം കേരളത്തിൽ നടന്നത് തരതമ്യനാ വേഗത്തിൽ ആണ്.
നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്ന കാർഷിക സാമൂഹിക സാമ്പത്തിക വ്യവസ്ഥ കേവലം 15 കൊല്ലങ്ങൾ കൊണ്ട് മാറ്റി മറിക്കപ്പെട്ടു. ഈ മാറ്റം കേരളത്തിന്റെ സമൂഹത്തിലെ എല്ലാ മേഖലയും ബാധിച്ചിട്ടുണ്ട്.
ഈ മാറ്റങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചേരുവകളിൽ , വിവിധ വേഗതായിലും ആണ് ഉണ്ടായതു. മധ്യ കേരളത്തിന്റെ തെക്കു ഭാഗത്തും മധ്യ കേരളത്തിലും ഉണ്ടായ മാറ്റങ്ങളെ അടുത്തു നിന്ന് പങ്കെടുത്തു-കാണുവാൻ(as a participant observer) എനിക്ക് അവസരം കിട്ടിയിട്ടുണ്ട്.
കേരളത്തിൽ പലതരം സാമൂഹിക സാമ്പത്തിക ആവാസ താരങ്ങളും തലങ്ങളും ഉണ്ട്. അവയെ അങ്ങന പെട്ടന്നു സമാന്യവൽക്കാരിക്കുവാൻ പ്രയാസം ആണ്. കാരണം കേരളത്തിൽ തന്നെ പല പ്രദേശങ്ങളിലും ഉള്ള മാറ്റം ഒരു പോലെ അല്ല. വിവിധ സാമൂഹിക സാമ്പത്തിക സ്വത്വ ശ്രേണികളിലും ചുറ്റുപാടുകളും ഉള്ളവർ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതും പ്രതികരിക്കുന്നതും വിവിധ രീതികളിൽ ആയിരിക്കും.
കേരളത്തിൽ സമൂഹിക സാമ്പത്തിക അസമത്വങ്ങൾ ഏറി വരുന്നുണ്ട്. അതിന്റെ നഗരവത്കരണത്തിന്റെ പിന്നാം പുറമാണ് കമ്മട്ടി പാടം എന്ന സിനിമ കാണിക്കുന്നത്. പല തലത്തിൽ പല തരം മാറ്റങ്ങൾ സ്തൂല തലത്തിലും സൂഷ്മ തലത്തിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അത് സമൂഹത്തിൽ പല തട്ടിലും പല ഭാഗത്തും പല തരത്തിൽ മാറ്റം ഉണ്ടാക്കുന്നതിനോടൊപ്പം നമ്മുടെ കാഴ്ചപ്പാടുകളെ സാരമായി പടിക്കുന്നുണ്ട്. ഇത് വ്യക്തികളിൽ പുതിയ സാമൂഹിക സാമ്പത്തിക സംഘര്ഷങ്ങൾക്കു ഇട നൽകുന്നുണ്ട്
അതിൽ ഒരു പ്രദേശത്തു ഒരു പ്രത്യേക കാർഷിക സമൂഹത്തിൽ ഉണ്ടായ സാമൂഹിക ,സാമ്പത്തിക, സാംസ്കാരിക മാറ്റത്തിന്റെ കഥ പറയുവാൻ ഞാൻ എന്റെ കുടുംബത്തിന് ചില തലമുറകളിൽ ഉണ്ടായ മാറ്റം ഒരു കേസ് സ്റ്റഡി എന്ന രൂപേണ പങ്കുവെക്കാം.
ഒരു പക്ഷെ ഒരു തലത്തിൽ ഉള്ള സാമൂഹിക സാമ്പത്തിക മാറ്റങ്ങളുടെ പ്രതിഫലനം ആയിരിക്കും എന്റെ കുടുംബ കഥ. എന്റെ മുതു മുത്തച്ഛൻ(great gradfather) കോശി വര്ഗീസ് ഒരു കർഷക അദ്ധ്യാപകൻ ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിൽ ഉണ്ടായ സാക്ഷരതാ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഒരു കര്ഷക ഗുണഭോക്താവ്.ആവശ്യത്തിന് മലയാളവും കുറെ സംസ്കൃതവും അല്പം ഇന്ഗ്ലിഷും അറിയാമായിരുന്ന അദ്ദേഹത്തിന്റെ ഉപജീവന മാർഗ്ഗം കൃഷി ആയിരുന്നു. അത് കൂടാതെ അദ്ദേഹം സ്വന്തമായി ഒരു അനൗപചാരിക വോളന്ററി സ്കൂൾ ആദ്യമായി 19 നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ തുടങ്ങി. എല്ലാ ദിവസവും മൂന്നു മണിക്കൂർ നടത്തിയ ആ സ്കൂളിൽ നിന്നാണ് ഞങ്ങളുടെ നാട്ടിലെ പാർശ്വവത്കൃത സമൂഹം സാക്ഷരത നേടി തുടങ്ങിയത്. വിദ്യാഭ്യാസം സിദ്ധിച്ച അദ്ദേഹത്തിന് മൂന്ന് മക്കൾ മാത്രം ഉണ്ടായിരുന്നുള്ളൂ. പക്ഷെ ആശുപത്രികൾ ഇല്ലാത്തതു കൊണ്ട് ആയുസ്സ് കുറഞ്ഞു. നല്ല നാല്പതുകളിൽ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മകൻ കോശി ചാക്കോ പൂർണ കർഷകൻ ആയിരിന്നു. അവർ മാടമ്പി കർഷകർ അല്ലായിരുന്നു. പതിനഞ്ചു ഇരുപത് ഏക്കർ കൃഷി ചെയ്യുന്നത് മറ്റു കര്ഷക തൊഴിലാളോട് കൂടി നിന്ന് കണ്ടം പൂട്ടിയും കരക്ക് കിളച്ചും ഒക്കയാണ്. പത്തു പശുക്കളും നാലു പൂട്ട് കാളകളും എല്ലാം അങ്ങനെ ഉള്ള ജൈവ കര്ഷക ആവാസ വ്യവസ്ഥയുടെ അടയാളപ്പെടുത്തലും ആയിരുന്നു.
എന്റെ വല്യപ്പന്റെ പത്തു മക്കളും വളർന്നതും പഠിച്ചതും കാർഷിക വിഭവ സമ്പത്തിൽ സമൂഹിക ചുറ്റു പാടിൽ ആണ്. അദ്ദേഹവും നാല്പതു കളുടെ മധ്യത്തിൽ മരിച്ചു. പക്ഷെ കല്യാണം കൗമാരത്തിൽ നടത്തിയത് കൊണ്ട് മൂത്ത മക്കൾ കാര്യങ്ങൾ ചെയ്യാൻ കെൽപ്പു ഉള്ളവർ ആയിരുന്ന. നൂറു കൊല്ലം മുമ്പ് ഞങ്ങളുടെ ഗ്രാമത്തിൽ സ്‌കൂൾ വന്നതിനാൽ പത്തു മക്കളും പഠിച്ചു പരീക്ഷ പാസായി മിടുക്കർ ആയി. അവർക്കു പഠനത്തോടൊപ്പം കൃഷി ചെയ്യാനും അറിയാമായിരുന്നു. കുടുംബ ഒരു കൂട്ട് കുടംബം പോലെ ആയിരുന്നു. എന്റെ അച്ഛന്റെ മൂത്ത ചേട്ടൻ കൃഷിയും കുടുംബ ഭാരവും ഏറ്റെടുത്തു.
എന്റെ അച്ഛൻ പഠിക്കാൻ മിടുക്കൻ ആയിരുന്നു എൻജിനീയർ ആകണം എന്നായിരുന്നു മോഹം. പക്ഷെ അതിന് പുരയിടം വിറ്റെങ്കിൽ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. കര്ഷക കുടുമ്പത്തിൽ വളർന്ന ഒരാളിന് മണ്ണിനോടുള്ള സ്നേഹം ഉന്നത വിദ്യാഭ്യാസത്തിലും അധികമാണ്. പഠിച്ചേങ്കിലും കേരളത്തിൽ ജോലി കിട്ടാനുള്ള പിടിപാടും ജാതി മഹിമയും ഇളല്ലാത്തതിനാൽ നിവർത്തി ഇല്ലാത്തതിനാൽ ചെങ്ങന്നൂരിൽ നിന്നും മദ്രാസ് മെയിലിൽ നാട് വിട്ട് ബോംബയിൽ എത്തി. തടിയും തന്റേടവും ഉണ്ടായതു കൊണ്ട് ഇന്ത്യൻ ആർമിയിൽ ജോലി കിട്ടി. മറ്റു സഹോദരങ്ങൾ എല്ലാം തൊഴിലിന് വേണ്ടി നാട് വിട്ടു. പക്ഷെ അവർ നാട്ടിൽ പൈസ അയച്ചു കൊടുത്തു ഏറ്റവും ഇളയ അനിയനെ പഠിപ്പിച്ചു പ്രൊഫസ്സർ ആക്കി.അദ്ദേഹം മാത്രമാണ് കേരളത്തിൽ ജോലി ചെയ്തത്. എന്റെ അപ്പൻ വിദ്യാഭ്യാസം നല്ലതുപോലെ ഉള്ള ഒരു കുടുമ്പത്തിൽ നിന്നും വിദ്യാഭ്യാസവും സർക്കാർ ജോലിയും ഉള്ള എന്റെ അമ്മയെ വിവാഹം കഴിച്ചു. പൈസ സ്വരുക്കൂട്ടി കൂടുതൽ വസ്തു വകകൾ ഉണ്ടാക്കി. നാട്ടിൽ ആദ്യത്തെ കോൺക്രീറ്റ് വീട് ഉണ്ടാക്കി. ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളും ഉണ്ടായിരുന്നതിനാൽ വോലിന്ററി റിട്ടയർമെന്റ് എടുത്തു വീണ്ടും കർഷകൻ ആയി.
പക്ഷ ഈ കുടുംബത്തിൽ ഇന്ന് ഒരാളും കൃഷി ചെയ്യുന്നില്ല. ഞാന് എന്റെ പെങ്ങളും കൃഷി കണ്ടു വളർന്നത് എന്റെ അച്ഛൻ പോസ്റ്റ്-,റിട്ടയർമെന്റ് ജീവിതം ആയി ജൈവ കൃഷി തിരെഞ്ഞെടുത്തതിനാലാണ്. ആയതിനാൽ വീട്ടിൽ ഉപ്പും പഞ്ചസാരയും വെളുത്തുള്ളി യും കടുകും മല്ലിയും ഒഴിച്ച് മറ്റൊന്നും കടയിൽ നിന്നും വാങ്ങേണ്ട ആവശ്യം ഇല്ലായിരുന്നു. ഇപ്പോൾ ഞങ്ങൾ കടയിൽ നിന്ന് വാങ്ങാതത്തായി ഒന്നുമില്ല.
ഞാനും എന്റർ പെങ്ങളും കേരളത്തിന് വെളിയിൽ പോയത് എന്റെ അപ്പന്റെ പോലെ നിവർത്തികേട്ടുകൊണ്ടല്ല. മറിച്ചു , സാമ്പത്തിക നിവൃത്തി ഉണ്ടായതിനാൽ ആണ്. കാരണം ശമ്പളകാരായ സർക്കാർ ജോലിയുള്ളവർക്ക് അവരുടെ മക്കളെ വെളിയിൽ വിട്ട് ഉന്നത വിദ്യഭ്യാസത്തിന് പഠിപ്പിക്കുവാൻ സാമ്പത്തിക പ്രശ്നമില്ല.
ഞാൻ പഠിക്കുവാൻ ആണ് വെളിയിൽ പോയത്. ഇന്ത്യക്കു വെളിയിൽ ജോലിക്കു മനഃപൂർവം പോയില്ല. പക്ഷെ സംഭവിച്ചത് മറിച്ചു. ഞാൻ ലോകം ഒട്ടാകെ ജീവിച്ചും സഞ്ചരിച്ചും ജോലി എടുക്കാൻ തുടങ്ങി. എന്റെ പെങ്ങൾ ന്യൂസിലാൻഡിൽ സ്ഥിര താമസം. പഠിക്കാൻ മിടുക്കരായ മൂന്ന് മക്കൾക്കും മലയാളം അറിയില്ല.
എന്റെ മക്കൾ ജനിച്ചതും വളർന്നത് കേരളത്തിന് വെളിയിലും പല വിദേശ രാജ്യങ്ങളിലും ആണ്. അവർ ഒരു പതിനഞ്ചു രാജ്യങ്ങളിൽ കുറഞ്ഞത് പോയിട്ടുണ്ടാകും. അവർ ഭാഷയും മലയാള സംസ്കാരവും പഠിക്കണം എന്ന് നിർബന്ധം ഉണ്ടായതു കൊണ്ട് അവരെ കേരളത്തിലേക്ക് തിരികെ കൊണ്ട് വന്നു. പക്ഷെ അവർക്കു കപ്പയും മീനുമല്ല , pizza ആണ് ഇഷ്ട്ടം. അത് തിരുവന്തപുരത് ഇഷ്ട്ടം പോലെ കിട്ടുന്നതി അവരെ പോലെ ആയിരക്കണക്കിന് പിള്ളേർ ഇവിടെ ഉള്ളതിനാൽ ആണ്.
അവരുടെ പ്രാഥമിക ഭാഷ ഇന്ഗ്ലിഷ് ആയതു അവരുടെ കുറ്റം അല്ല. അവരുടെ ജീവിത സാഹചര്യങ്ങൾ അങ്ങനെ ആയത് കൊണ്ടാണ്. അവർക്കു കൃഷിയെകുറച്ചു അറിയാത്തതു അവർ നഗരങ്ങളിൽ വളർന്ന സാഹചര്യം ആണ്. ഇപ്പോൾ എന്റെ മക്കൾ അവരുടെ കസിൻസിനെ കാണുന്നത് ഫേസ് ബുക്കിൽ കൂടി ആണ്. എന്റെ വീട്ടിൽ പോലും ഞങ്ങൾക്കു ഒരു വാട്ട്സ് ആപ്പ് ഗ്രൂപ് ഉണ്ട്. കാരണം സ്ഥിര സഞ്ചാരിയായ ഞാനും വെളിയിൽ പഠിക്കുന്ന ഞങ്ങളുടെ മകനും എല്ലാമായി എല്ലാദിവസവും കാര്യവിവരങ്ങൾ പങ്കു വയ്ക്കുന്നത് സോഷ്യൽ network ഇൽ കൂടി ആണ്.
മധ്യ തിരിവതാംകൂറിലെ ഒട്ടുമിക്ക കുടുമ്പങ്ങളിലും ഈ മാറ്റം ഒരു തരത്തിലോ മറ്റൊരു തരത്തിലോ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് പോലെ ഉള്ള മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെ തെറ്റോ ശരിയോ എന്ന് കാണുകയല്ല വേണ്ടത്. ഇതിൽ തെറ്റും ശരിയും ഇല്ല. മനുഷ്യനും സമൂഹവും മാറി കൊണ്ടിരിക്കും.ഭാഷയും സംസ്കാരവും രാഷ്ട്രീയവും അതനുസരിച്ചു മാറി കൊണ്ടിരിക്കും.
ഈ മാറ്റങ്ങൾ പെട്ടെന്നുണ്ടായത് കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ ആണ് എന്നത് കേരളത്തിലെ സാമൂഹിക സാമ്പത്തിക വൈരുധ്യങ്ങൾക്കു ആക്കം കൂട്ടുന്നുണ്ട്..
അറുപതുകളിലും എഴുപതുകളിലും ഉണ്ടായിരുന്ന കാർഷിക, ഗ്രാമീണ കൂട്ട് കുടുംബ( joint family comraderie) സംസ്കാരത്തിൽ നിന്നും നാട്ടു കൂട്ടായ്മയിൽ നിന്നും നമ്മൾ പൊടുന്നനെ ഒരു സർവീസ് ഉപഭോഗ സാമ്പത്തിക- സാമൂഹിക- സാംസ്‌കാരിക വ്യവസ്ഥയിലേക്ക് തെന്നി മാറി. കൂട്ട് കുടുംബത്തിന്റെ കൂട്ടായ്മയിൽ നിന്നും അണു കുടുംപതിന്റ് ( nuclear family) അതി ജീവന പ്രാരാബ്ദ പ്രശ്നങ്ങളിലേക്ക് സമൂഹം മാറി. സമൂഹത്തിലെ ഒരു വിഭാഗം ഇപ്പോൾ ന്യൂക്ലീയർ ഫാമിലിയിൽ നിന്ന് പോസ്റ്റ് ന്യൂക്ലീൻ ഫാമിലിയിലേക്ക് മാറി യിരിക്കുന്നു. എന്റെ കുടുംബം തികച്ചും പോസ്റ്റ് ന്യൂക്ലീയർ കുടുംബം ആണ്. കാരണം ഞങ്ങൾ പല ദേശങ്ങളിൽ ആണെങ്കിലും അനുദിനം സോഷ്യൽ നെറ്റ്‌വർക്കിൽ കൂടെയും ഫോൺ കൂടെയും ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെ കേരളത്തിൽ മാറി തുടങ്ങിയത് കഴിഞ്ഞ പത്തു പതിനഞ്ചു വര്ഷങ്ങളിൽ ആണെന്നുള്ളത് സാമൂഹിക മാറ്റത്തിന്റെ വേഗതയെ കാണിക്കുന്നു.
എല്ലാവര്ക്കും തിരക്കുംകൾകൂടി . അതിജീവനത്തിന്റെ പുതിയ പരിസരങ്ങളിൽ അൽപ്പം സ്വാർത്ഥത ഇല്ലാതെ പൈസ ഇല്ലാതെ പിടിച്ചു നിൽക്കാൻ ആകാതെ വന്നു. പുതിയ ഉപഭോഗ സംസ്കാരത്തിൽ ജീവിക്കുവാൻ കൂടുതൽ പൈസയുടെ ആവശ്യം എല്ലാവരെയും പല വിധത്തിൽ ബാധിച്ചു. പലർക്കും എല്ലാം ഉണ്ടായിട്ടും ഇല്ലായ്മകളെ ഓർമ്മ പെടുത്തുന്ന ഉപഭോഗ സംസ്കാരം ഇവിടെ വേരുറച്ചു. കൂടുതൽ പൈസ ഉണ്ടാക്കുന്നതിന് വേണ്ടി എന്തും എവിടെയും എങ്ങനെയും 'വിജയിചു' കൂടുതൽ ഭോഗിച്ചും ഉപഭോഗിച്ചും മുന്നോട്ട് പോകാൻ, ഒളിഞ്ഞും തെളിഞ്ഞും, പല മനുഷ്യർ പല തലത്തിൽ അതിജീവന സമരങ്ങളുടെ ഒരു പുതിയ ഭൂമികയിൽ എത്തി നിൽക്കുകയാണ്.
LikeShow More Reactions
Comment