ഇന്ന് കേരളത്തിലെ സാമൂഹിക അസമത്വങ്ങളിൽ കൂടുതൽ പ്രകടം സ്ത്രീ-പുരുഷ അസമത്വമാണ്. പുരുഷാധിപത്യ രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും ദയനീയമായ അവസ്ഥയും ഇരട്ടത്താപ്പും അവർക്കു വനിത രാഷ്ട്രീയ നേതാക്കളോടുള്ള സമീപനത്തിൽ ആണ്. സാമ്പത്തിക സാമൂഹികമായി കേരളം വളർച്ച നേടിയെങ്കിലും സ്ത്രീകളോടുള്ള സമീപനത്തിൽ കേരളം ഇപ്പോഴും പിന്നോക്കം നിൽക്കുന്ന ഒരു പുരുഷ മേല്കൊയ്മയുടെ ഇടമാണ്.
കേരളം മാനവ വികസന സൂചികയിൽ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങലേക്കാൾ മുന്നിലാണ്. കേരളത്തിന്‍റെ സാമ്പത്തിക വളർച്ചയും കഴിഞ്ഞ പത്തു വർഷങ്ങളായി വളരുകയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും സ്ത്രീകളുടെ ആരോഗ്യ നിലവാരത്തിലും കേരളം മുന്നിൽ തന്നെ. കേരളത്തിലെ കുടുംബ ശ്രീ ലോകത്തിൽ തന്നെ വലിയ സ്ത്രീ സ്വാശ്രയ സംരഭങ്ങളിൽ ഒന്നാണെന്ന് അതിന്റെ സംഘാടകരായ കേരള സർക്കാർ ഉദ്യോഗസ്ഥർ അഭിമാനം കൊള്ളുന്നു.
സാധാരണ മാനവ വികസന സൂചിക നോക്കിയാൽ കേരളത്തിലെ സ്ത്രീകൾ മുന്‍പന്തിയില്‍ തന്നെ. പിന്നെ എന്താണ് പ്രശനം? പുസ്തത്തിലെ സ്ഥിതി വിവരക്കണക്കുകളും ജീവിതത്തിലെ അനുഭവ രാശികളും തമ്മിൽ ഉള്ള വൈരുദ്ധ്യമാണ് ഇവിടുത്തെ വിചിത്രമായ അവസ്ഥ. മാനവ സൂചിക കണക്കുകൾ അനുസരിച്ചു കേരളം സ്ത്രീ ശാക്തീകരണത്തിൽ മുന്നിൽ. പക്ഷ ഇവിടുത്തെ സമൂഹത്തിൽ സ്ത്രീകളുടെ ഇന്നത്തെ അവസ്ഥ എന്താണ്?
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ ഏറ്റവും വലിയ വൈരുധ്യങ്ങളിൽ ഒന്ന് സ്ത്രീകളോടുള്ള സാമൂഹ്യ, രാഷ്ട്രീയ സമീപനങ്ങളിലാണ്. ഇവിടുത്തെ ഏറ്റവും വലിയ ഇരട്ടതാപ്പുകൾ കാണിക്കുന്നത് പുരുഷ മേധാവിത്തമുള്ള രാഷ്ട്രീയ പാർട്ടികൾ ആണ്. കേരളത്തിലെ മിക്ക രാഷ്ട്രീയ പാർട്ടികളിലും ഒരു സ്ത്രീക്ക് നേതൃത്വ പദവിയിലേക്ക് വരുവാൻ ഒരുപാട് കടമ്പകൾ കടക്കണം. അത് കടന്നാൽ തന്നെ പുരുഷ കേസരികളുടെ കാരുണ്യമില്ലെങ്കിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്ത അവസ്ഥ. ഇവിടുത്തെ വ്യവസ്ഥാപിത പാർട്ടികളുടെ നേതൃത്വ ഭാരവാഹികളിൽ എത്ര പേർ സ്ത്രീകളാണ്?
ഇത്രയും രാഷ്ട്രീയ പ്രഭുദ്ധതയും ജനയാത്തവും ഉണ്ട് എന്ന് ഊറ്റം കൊള്ളുന്ന കക്ഷി രാഷ്ട്രീയ നേതാക്കൾ തികഞ്ഞ പുരുഷ മേധാവിത്ത ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഇതിൽ ഏറ്റവും ദയനീയമായ ഇരട്ടത്താപ്പ് കാണിക്കുന്നത് കോൺഗ്രസ് പാർട്ടി ആണ്. അവർ വിരലിൽ എണ്ണാവുന്ന തോൽക്കുമെന്നു ഉറപ്പുള്ള സീറ്റുകളിൽ നിർത്തി സ്ത്രീകളെ ഒട്ടുമിക്ക തിരഞ്ഞെടുപ്പിലും തോല്പികയാണ് പതിവ്. കൊണ്ഗ്രെസ്സ് നിയമ സഭ സാമാജികരില്‍ ഒരൊറ്റ സ്ത്രീപോലും ഇല്ലാത്തതു ആ പാര്‍ട്ടിക്ക് ആകമാനം അപമാനം ആണ്. മുസ്ലീം ലീഗ് എന്ന പാർട്ടിയുടെ ചരിത്രത്തിൽ ഏതെങ്കിലും ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ? കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ എത്ര വനിതകൾ നിയമ സഭയിൽ എത്തി? ഇടതു പക്ഷ പാർട്ടികൾ 'തമ്മിൽ ഭേദം തൊമ്മൻ' എന്നപോലെ വിരലിൽ എണ്ണാവുന്ന സ്ത്രീകളെ തിരഞ്ഞെടുത്തതിൽ സ്വയം അഭിനന്ദിക്കുന്നതിൽ പിശുക്ക് കാട്ടാറില്ല.
ഇവിടെ 140 പേരുള്ള നിയമ സഭയിൽ ഉള്ളത് വെറും 8 സ്ത്രീകൾ മാത്രമാണെന്നത് ഇവിടുത്തെ ഓരോ ജനായത്ത വിശ്വാസിയേയും ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ലജ്ജിപ്പിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 78.29% സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ പുരുഷന്മാർ 76.33%, വോട്ട് ചെയ്തു. പക്ഷെ കേരള നിയമ സഭയിൽ സ്ത്രീകൾ വെറും 5.7 %. മാത്രം. കേരളമേ ലജ്ജിച്ചു തല താഴ്ത്തുക!!!
ഈ ദയനീയമായ അവസ്ഥക്ക് കാരണം എന്താണ്? കേരള വികസന മാതൃക ഒരു പുരുഷ മേധാവിത്വ യാഥാസ്ഥികമായ ഒരു മാറ്റൊലി വികസന അവകാശ വാദം മാത്രമാണ്. നമ്മൾ തിരഞ്ഞെടുപ്പ് ജനാധിപത്യം പഠിച്ചങ്കിലും നമ്മുടെ സമൂഹത്തിലും കുടുമ്പങ്ങളിലും ജനാധിപത്യ മൂല്യങ്ങൾ വളരെ കുറവാണ് എന്നതാണ് വാസ്തവം. നിയമ സഭയിലെ സ്ത്രീകളുടെ ദയനീയമായ പ്രാധിനിത്യം ഇതിന്റെ ഒരു അടയാളപ്പെടുത്തൽ മാത്രമാണ്.
മിക്കവാറും വീടുകളിൽ മുഴുവൻ ജോലികളും സ്ത്രീകൾ ചെയ്താലും അത് നമ്മുടെ സാമ്പത്തിക വികസന സ്ഥിതി വിവരകണക്കുകളിൽ അതിന് സ്ഥാനമില്ല. ഇന്ന് കേരളത്തിലെ ഒട്ടു മിക്ക സാധാരണ കോളജുകളിൽ പോയാൽ 80%തോളം വിദ്യാർത്ഥിനികൾ ആണ്. എന്നാൽ മിക്ക പ്രൊഫഷണൽ കോളേജുകളിലും കൂടുതൽ പുരുഷ വിദ്യാർത്ഥികളെ കാണാം. പല വീടുകളിലും വസ്തു വിറ്റാണെങ്കിലും ആൺകുട്ടികളെ പ്രൊഫഷണൽ കാഴ്‌സുകൾക്കു കേരളത്തിനകത്തും പുറത്തും വിടുമ്പോൾ പെൺകുട്ടികൾ 'കൺ വെട്ടത്ത്' തന്നെ ഉണ്ടാകണം എന്നത് ഒരു പുരുഷ മേധാവിത്വ രക്ഷകൃർത്ത മനോഭാവം കൊണ്ടാണ്. സ്ത്രീധന നിരോധ നിയമങ്ങൾ ഈ നാട്ടിൽ ഉണ്ടെങ്കിലും പെൺ കുട്ടികളെ ' കെട്ടിച്ചു' അയക്കുവാൻ വേണ്ടി പണം ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ സ്വരുകൂട്ടുന്ന ഒരു സമൂഹത്തിൽ വിദ്യഭ്യാസത്തിന് പണം ചിലവാക്കുന്നതിൽ കൂടുതൽ ഇവിടെ കൂണു പോലെ മുളച്ച സ്വര്ണകടകളിൽ ചിലവാക്കാനാണ് ഒരു വലിയ ശതമാനം ആളുകൾക്ക് താല്പര്യം.
കേരളത്തിലെ സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങളും അതിക്രമങ്ങളും ലൈംഗീക പീഠനങ്ങളും കൂട്ടുകയാണ്. ഇത് പ്രബുദ്ധരായ സ്ത്രീകൾ അക്രമങ്ങളും അതിക്രമങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്‌യുന്നതു കൊണ്ടാണെന്നു വാദിക്കാമെങ്കിലും കേരളത്തിൽ സ്ത്രീകൾ കൂടുതൽ അക്രമങ്ങളും അതിക്രമങ്ങളും നേരിടുന്നുണ്ട് എന്നതാണ് വാസ്തവം.
ഇന്ന് കേരളത്തിൽ വിവാഹ മോചനങ്ങൾ കൂടുന്നതിന്റ് ഒരു കാരണം ഗാർഹിക പീഠനങ്ങളും അതിക്രമങ്ങളും ആണ്. കേരളത്തിൽ നല്ല ഒരു ശതമാനം സ്ത്രീകൾ വീട്ടിന്റെ നാല് ചുവരുകൾക്കുള്ളിൽ വീർപ്പു മുട്ടുന്നവരും സ്വാഭിമാനം ഹനിക്കാപ്പെടുന്നവരും, പലപ്പോഴും ബലാൽക്കാരങ്ങൾക്കു ഇരയാകുന്നവരും ആണ്. കേരളത്തിൽ വളർന്നു വരുന്ന മദ്യാസക്തിയുടെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നതും സ്ത്രീകൾ തന്നെ.
ഇങ്ങനെയുള്ള വീർപ്പുമുട്ടലുകളിൽ നിന്ന് കുറെയെങ്കിലും ആശ്വാസം കിട്ടാനാണ് പല സ്ത്രീകളും അമ്പലങ്ങളെയും പള്ളികളെയും പുതിയ ആത്മീയ സരംഭങ്ങളെയും തേടി പോകുന്നത്. കേരളത്തിൽ ഇപ്പോൾ തഴച്ചു വളരുന്ന അമ്പല പൊങ്കാലകളും ആത്മീയ വ്യാപാര വ്യവസാവുമൊക്കെ ഒരു വലിയ പരിധിവരെ കേരളത്തിലെ സ്ത്രീകൾ കുടുംബത്തിനുള്ളിൽ നേരിടുന്ന വീർപ്പുമുട്ടലുകളിൽ നിന്നുള്ള സേഫ്റ്റി വാൽവുകൾ ആണ്. ഒരു യാഥാസ്ഥിക പുരുഷ മേൽക്കോയ്മ സമൂഹത്തിൽ സ്ത്രീകൾക്ക് താരതമ്യേന സ്വാതിന്ത്ര്യത്തോടെ പോകാൻ കഴിയുന്നത് വ്യവസ്ഥാപിത മതസ്വരൂപങ്ങളിലോ പ്രാർത്ഥന കേന്ദ്രങ്ങളിലോ ആണ്. അതിന് ഒരു കാരണം വ്യവസ്ഥാപിത മത അധികാര ഘട്ടനകൾ പുരുഷ മേല്കൊയ്മയുടെ പ്രധാന വാഹകരും പ്രചാരകരും ആണെന്നതാണ്.
കേരളത്തിലെ സാമ്പത്തിക പരാധീനത കൂടുതൽ ഉള്ള കുടുംബാംഗൾക്കുള്ളിലെ സാമ്പത്തിക സാമൂഹിക ഞെരുക്കങ്ങളിൽ നിന്ന് ഒരു താത്കാലിക ശമനത്തിനുള്ള, സർക്കാർ സംഘടിപ്പിക്കുന്ന, ഒരു സാമൂഹിക സുരക്ഷാ സേഫ്റ്റി വൽവാണ് കുടുംബ ശ്രീ എന്നതാണ് അതിന്റെ ഒരു സാമൂഹിക പ്രസക്തി. അതുകൊണ്ടു തന്നെയാണ് കുടുംബ ശ്രീയിൽ ചേരാൻ കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരുന്നത്. പക്ഷെ
കേരളത്തിലെ കുടുംബ ശ്രീ പോലും ഒരു പുരുഷ കേന്ദ്രീകൃത രക്ഷകർത്ത രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തൽ ആണ്. പ്രത്യക്ഷത്തിൽ കുടുംബ ശ്രീ ഒരു സ്ത്രീ ശാക്തീകരണ സരംഭ ആണെന്ന് തോന്നുമെങ്കിലും അത് പുരുഷാധിപത്യ രാഷ്ട്രീയ ചുറ്റുപാടിൽ ഉള്ള പരിമിതമായ ഒത്തുതീർപ്പു 'ശാക്തീകരണ' സംരംഭമാണ്. ഇവിടെ സർക്കാർ അവരുടെ സാമൂഹിക വികസന പരിപാടികളിൽ സ്ത്രീകളെ ' പങ്കെടുപ്പിക്കാൻ' ഉള്ള ഒരു സ്വാശ്രയ സംഘമായാണ് വിഭാവനം ചെയ്തതെങ്കിലും പലപ്പോഴും സർക്കാർ പദ്ധതികൾ നടപ്പാക്കാനും സബ്‌സിഡി വിതരണം ചെയ്യാനുമൊക്കെ ഉതകുന്ന ഒരു സർക്കാർ സംഘടിക ഉപാധി എന്നതിൽ അധികം പ്രസക്തി ഉണ്ടോ എന്ന് പലപ്പോഴും സംശയിക്കുന്നവർ ഉണ്ട്.
കേരളത്തിലെ കുടുംബ ശ്രീ പോലും ഒരു പുരുഷ കേന്ദ്രീകൃത രക്ഷകർത്ത രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തൽ ആണ്. പ്രത്യക്ഷത്തിൽ കുടുംബ ശ്രീ ഒരു സ്ത്രീ ശാക്തീകരണ സരംഭ ആണെന്ന് തോന്നുമെങ്കിലും അത് പുരുഷാധിപത്യ രാഷ്ട്രീയ ചുറ്റുപാടിൽ ഉള്ള പരിമിതമായ ഒത്തുതീർപ്പു 'ശാക്തീകരണ' സംരംഭമാണ്. ഇവിടെ സർക്കാർ അവരുടെ സാമൂഹിക വികസന പരിപാടികളിൽ സ്ത്രീകളെ ' പങ്കെടുപ്പിക്കാൻ' ഉള്ള ഒരു സ്വാശ്രയ സംഘമായാണ് വിഭാവനം ചെയ്തതെങ്കിലും പലപ്പോഴും സർക്കാർ പദ്ധതികൾ നടപ്പാക്കാനും സബ്‌സിഡി വിതരണം ചെയ്യാനുമൊക്കെ ഉതകുന്ന ഒരു സർക്കാർ സംഘടിക ഉപാധി എന്നതിൽ അധികം പ്രസക്തി ഉണ്ടോ എന്ന് പലപ്പോഴും സംശയിക്കുന്നവർ ഉണ്ട്.
കുടുംബ ശ്രീ ഒരു സാമൂഹിക സാമ്പത്തിക സുരക്ഷാ വാൽവ് എന്ന രീതിയിൽ സാമ്പത്തിക പ്രയാസമുള്ള താഴെക്കിടയിൽ ഉള്ള സ്ത്രീകൾക്ക് ഒരാശ്വാസം ആണെന്ന് സമ്മതിക്കുമ്പോളും അത് കേരളത്തിൽ ഒരു വലിയ സാമൂഹിക സാമ്പത്തിക പരി വർത്ഥനത്തിന് ഇടനല്കാത്തത്ത് അത് ഒരു വ്യവസ്ഥാപിത ചട്ടകൂട്ടിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു യാഥാസ്ഥിതിക സർക്കാർ അധികാര സരംഭമായതിനാലാണ്.
കേരളത്തിലെ ഏറ്റവും വലിയ വിരോധഭാസങ്ങളിൽ ഒന്ന് ഇവിടയാണ്. ഒരു വശത്തു നാല്പതിരണ്ടു ലക്ഷം അംഗങ്ങൾ ഉള്ള ലോകത്തിലെ തന്നെ വലിയ സ്വാശ്രയ സ്ത്രീ കൂട്ടായ്മകളിൽ ഒന്ന്. മറു വശത്തു നിയമസഭയിൽ ഉള്ളത് വെറും 5.7% സ്ത്രീകൾ മാത്രം. ഒരു വശത്തു കുടുംബ ശ്രീ കൂട്ടത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു വോട്ടു ബാങ്ക് ഉണ്ടാക്കാൻ പുരുഷ മേളന്മാരുടെ മിടുകുറ്റ ശ്രമം. പക്ഷെ സ്ഥിതി വിവരകണക്കുകൾ പറയുന്നത് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിക്കുന്നു എന്നാണ്. സ്ത്രീകളുടെ ആത്മഹത്യകൾ പെരുകുന്നേതെന്തു കൊണ്ടാണ്?
ഇതിന് ഉപരിയായി കേരളത്തിൽ വളരുന്ന ഒരു രോഗം ആണ് 'മോറൽ പോലീസിംഗ്' എന്ന പേരിൽ അറിയപ്പെടുന്ന ഞരമ്പ് രോഗികളുടെ ആധിക്യം. പല കാരണങ്ങളാൽ ലൈംഗീക ദാരിദ്രം അനുഭവിക്കന്ന ഒരു വലിയ വിഭാഗം കേരളത്തിൽ ഉണ്ടെന്നു തോന്നുന്നു. ഒരു ആരോഗ്യകരമായ ലൈംഗീക വിദ്യാഭ്യാസവും കാഴ്ചപ്പാടും ഇല്ലാത്ത ഒരു പുരുഷ മേലാള സമൂഹത്തിൽ രതിയെ കുറിച്ചും ലൈംഗീകതയെകുറിച്ചും വികല ധാരണകൾ വച്ച് പുലർത്താനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെ സമൂഹത്തിൽ സ്ത്രീയെ 'ഭോഗ വസ്തു' ആയിക്കാണുന്ന ഞരമ്പ് രോഗികൾ സമൂഹത്തിന്റെ എല്ലാ തലത്തിലും ഉണ്ടെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് ഒരു പുരുഷനെയും സ്ത്രീയെയും സന്ധ്യ കഴിഞ്ഞു കണ്ടാലോ 'സംശയാസ്പദം' ആയ 'സാഹചര്യത്തിൽ' കണ്ടാൽ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകുന്നത്.
കേരളത്തിലെ ഏറ്റവും വലിയ വേറൊരു വിരോധാഭാസം രാഷ്ട്രര്യമായി പുരോഗമന വാദിയാണെങ്കിലും സാമൂഹികമായി പലരും പുരുഷ മേധാവിത്ത യാഥാസ്ഥിക വാദികൾ ആണ്. കേരളത്തിലെ ഒട്ടുമിക്ക സിനിമകളും ഏതാണ്ട് എല്ലാ ടി.വി സീരിയലുകളും ഇങ്ങയുള്ള പ്രതിലോമ പുരുഷമരല്കൊയ്മയുടെ പ്രദർശനങ്ങൾ ആണ്.മാധ്യമങ്ങളിലെ നല്ലൊരു വിഭാഗവും ഇങ്ങയുള്ള മൂരാച്ചി മൂല്യങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ്.
വെളിയിൽ നിന്ന് വരുന്നവർക്ക് കേരളത്തിൽ സ്ത്രീകൾ ശാക്തീകരണം പ്രാപിച്ചവർ ആണെന്ന് തോന്നുന്നത് ഓഫീസുകളിലും നിറത്തുകളിലും വാഹനങ്ങളിലും സ്ത്രീകളെ കാണുന്നത് കൊണ്ടാണ്. എന്നാൽ കാര്യങ്ങൾ അടുത്തു അറിയുന്നവർക്ക് അറിയാം ഈ അഭിനവ ശാക്തീകരണം പലപ്പോഴും രാവിലെ 8 മണിക്ക് തുടങ്ങി വൈകിട്ട് ആറു മണിക്ക് അവസാനിക്കുന്ന ഒരു പ്രക്രിയയാണെന്ന്.
കേരള നിയമ സഭയിൽ വെറും 8 സ്ത്രീകൾ മാത്രമുള്ളപ്പോൾ, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും പീഠനങ്ങളും കൂടുമ്പോൾ, സ്ത്രീകൾ സമൂഹിക അസമത്വം വീട്ടിലും നാട്ടിലും ഇപ്പോഴും അനുഭവിക്കുമ്പോൾ കേരളം എങ്ങോട്ടാണ് വളരുന്നത് എന്ന ചോദ്യം നമുക്ക് ഓരോരുത്തർക്കും നേരെ ഉയരുന്നു.
1 comment:
Good and realistic assessment. Efforts to change this and bring more gender freedom and equality is very much needed.
Post a Comment