കേരളത്തിന്റെ ചരിത്രം വിവിധ തരം കുടി ഏറ്റങ്ങളുടെയും കുടി ഇറക്കങ്ങളുടെയും കൂടി ചരിത്രം ആണ്. ഇന്ന് കേരളം എന്ന് അറിയപ്പെടുന്ന ഭൂപ്രദേശത്തു ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നു പുതിയതും പഴയതും ആയ ആവാസ പരിസരങ്ങൾ പരിണമിച്ചാണ് ഇന്നത്തെ കേരള സമൂഹം രൂപപ്പെട്ടു വന്നത്. ഒരു കാലത്തു ഒട്ടുമുക്കാലും വന നിബിഢമായിരുന്ന ഈ പ്രദേശത്തു തീര പ്രദേശങ്ങളിൽ വസിച്ചിരുന്നവർ നദീകളിൽ കൂടി സഞ്ചരിച്ചു ഇട നാടുകളിലേക്കും, പിന്നീട് കഴിഞ്ഞ നൂറു വര്ഷങ്ങൾക്കുള്ളിൽ, മല നാടുകളിലേക്കും കുടിയേറിയതും നമ്മുടെ സാമൂഹിക-,സാമ്പത്തിക ചരിത്രത്തിന്റെ ഭാഗം ആണ്.
ആയതിനാൽ തന്നെ ഇതര സംസ്ഥാങ്ങളിൽ നിന്നും ഇവിടെ, കൂടുതൽ വേതനം ലഭിക്കുവാൻ, ജോലിക്കു വേണ്ടി വരുന്നവരെ പഴയ കുടിയേറ്റക്കാർ ആശങ്കയോടെ വീക്ഷിക്കുന്നതിൽ വലിയ കാര്യം ഇല്ല. കഴിഞ്ഞ ഇരുപതു കൊല്ലമായി ഇതര സംസ്ഥാനത്തു നിന്നും ആളുകൾ ഇവിടെ ജോലി തേടി വരുന്നതിന്റെ കാരണം എന്താണ്? അത് കേരളത്തിൽ ഉണ്ടാക്കുവാൻ ഇടയുള്ള സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കും?
ഇതിന്റെ ആദ്യത്തെ കാരണം ഇവിടെ ചില തൊഴിലുകൾ ചെയ്യുവാൻ ഉള്ള ആളുകളുടെ ലഭ്യത കുറഞ്ഞതാണ്. കേരളത്തിൽ കഴിഞ്ഞ മുപ്പതു വർഷങ്ങൾക്കുള്ളിൽ നടന്ന സാമ്പത്തിക സാമൂഹിക പരിണാമത്തിന്റെ ഫലമാണിത്. കേരളത്തിൽ ലഭ്യമായ സാർവത്രിക വിദ്യാഭ്യാത്തിന്റെ ഫലമായി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഉള്ള വലിയ ശതമാനം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു ശേഷം ജോലി സാധ്യതയുള്ള തൊഴിലുകളോ കോളേജ് വിദ്യാഭ്യാസമോ പ്രൊഫഷണൽ വിദ്യാഭ്യാസമോ നേടി അഭ്യസ്തവിദ്യരായി.
കഴിഞ്ഞ മുപ്പത് കൊല്ലമായി കേരളത്തിൽ വളർന്ന പുതിയ മധ്യവർഗ്ഗ സംസ്ക്കാരം കേരളത്തിലെ 90% ആളുകളുടെയും കാഴ്ചാപ്പാടുകളെ മാറ്റി മറിച്ചു. ഒരു പണാധിപത്യ ഉപഭോഗ സാമൂഹിക മാറ്റം ഉണ്ടാകുമ്പോൾ ജീവിത ചിലവുകൾ കൂടും. പക്ഷെ കൂടുതൽ അഭ്യസ്ത വിദ്യരായവർ കൂടുതൽ 'മാസ ശമ്പളം' കിട്ടുന്ന 'മാന്യമായ' ജോലി കാത്തിരിക്കും. കേരളത്തിൽ ഇങ്ങയുള്ള ജോലി കിട്ടുന്നത് സർക്കാർ വകുപ്പുകളിലും ചില സർക്കാർ, സ്വകാര്യ സംരംഭങ്ങളിലും മാത്രം ആണ്. അതുകൊണ്ടു തന്നെ കൂടുതൽ ശമ്പളം കിട്ടുന്ന ജോലി തേടി ഇന്ത്യയിലെ നഗരങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ലോകത്തിന്റെ അറ്റത്തോളവും മലയാളി പോയി. ഗൾഫ് രാജ്യങ്ങളിൽ ഒഴിച്ച് മറ്റു രാജ്യങ്ങളിൽ ഒരു വലിയ വിഭാഗം മലയാളികൾ ഇവിടെ നിന്നും കുടിയിറങ്ങി അവിടെ കുടിയേറി. ഇതിനോടനുബന്ധിച്ചു കേരളത്തിലെ ജനന നിരക്കുകളും കഴിഞ്ഞ ഇരുപത് കൊല്ലമായി എല്ലാ വിഭാഗങ്ങളിലും കുറയാൻ തുടങ്ങി. ഇതിന്റെ ഒക്കെ ഫലമായി കേരളത്തിൽ പല മേഖലകളിലും തൊഴിലാളികളുടെ ലഭ്യത കുറഞ്ഞു.
തൊഴിലാളികളുടെ ലഭ്യത കുറയുമ്പോളും ആവശ്യം കൂടുമ്പോഴും വേതനം കൂടും എന്നത് സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠമാണ്. അങ്ങനെ ഇൻഡിയിലെ ഏറ്റവും കൂടുതൽ ദിവസ വേതനം കിട്ടുന്ന സംസ്ഥാനം ആയിട്ടും കേരളത്തിൽ ദിവസ കൂലിക്കു പണി എടുക്കുവാൻ തയ്യാറുള്ള ആളുകളുടെ എണ്ണം വല്ലാതെ കുറഞ്ഞു.
തൊഴിലാളികളുടെ ലഭ്യത കുറയുമ്പോളും ആവശ്യം കൂടുമ്പോഴും വേതനം കൂടും എന്നത് സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠമാണ്. അങ്ങനെ ഇൻഡിയിലെ ഏറ്റവും കൂടുതൽ ദിവസ വേതനം കിട്ടുന്ന സംസ്ഥാനം ആയിട്ടും കേരളത്തിൽ ദിവസ കൂലിക്കു പണി എടുക്കുവാൻ തയ്യാറുള്ള ആളുകളുടെ എണ്ണം വല്ലാതെ കുറഞ്ഞു.
ഒരു പുതുപണ മധ്യവർഗ്ഗ സമൂഹത്തിൽ ദിവസ ശമ്പളം കിട്ടുന്ന 'കൂലി പണി' ഒരു 'കുറച്ചിൽ'ആയി ഒരു വലിയ വിഭാഗം കാണാൻ തുടങ്ങിയതാണ് ഒരു കാരണം ഇവിടെ സമൂഹത്തിൽ ഇരുപത് കൊല്ലമായി വന്ന മധ്യ വർഗ്ഗ സാർവത്രിക സാമൂഹിക കാഴ്പ്പാടാണ് ഇതിന് കാരണം. ആയതിനാൽ കുറഞ്ഞ 'സാലറി' എന്ന മാസ ശമ്പളത്തിന് സ്വാകാര്യ സ്‌കൂളുകളിലും സ്വാകാര്യ ആശുപത്രികളിലും സ്വകാര്യ സ്ഥാപങ്ങളിലും ജോലി ചെയ്യാൻ തയ്യാർ ആണെങ്കിലും താരതമ്യേന നല്ല വേതനം കിട്ടുന്ന 'കൂലി പണി' ക്കു ഇവിടെ പോകുവാൻ പുതിയ തലമുറയിൽ ഉള്ള മലയാളി തയ്യാറല്ല. ഗൾഫിൽ പോയി മെയ്യനങ്ങി കോൺട്രാക്റ്റ് തൊഴിലാളികൾ ആയി പണി ചെയ്തു മാസ ശമ്പളം വാങ്ങി നാട്ടിൽ മധ്യ വർഗ്ഗ സാമൂഹിക ചുറ്റുപാടിൽ താമസിക്കുവാനും മലയാളിക്ക് മടി ഇല്ല. അതുകൊണ്ട് തന്നെ അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം കൂടിയെങ്കിലും തൊഴിലാളി ക്ഷാമം ഉള്ള ഒരു സംസ്ഥാനമായി കേരളം മാറി.
ഇത് സാമ്പത്തിക വളർച്ച കൈവരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും പൊതുവെ കാണുന്ന ഒരു മാറ്റം ആണ്. എങ്കിലും പ്രധാന വ്യത്യാസം അങ്ങനെ യുള്ള രാജ്യങ്ങളിലെ സമ്പത്തിക വളർച്ച അവിടെ ഉള്ള വ്യവസായ -സർവീസ് വളർച്ച കാരണം ആണ്. മറിച്ചു കേരളത്തിലെ സാമ്പത്തിക വളർച്ച ഒരു 'മാറ്റൊലി സാമ്പത്തിക' ചുറ്റുപാടാണ്. കാരണം കേരളത്തിന്റെ പ്രധാന വരുമാനം നമ്മൾ തൊഴിലാളികളെയും പ്രൊഫഷണൽ ജോലിക്കാരെയും ആഗോള തലത്തിൽ കയറ്റുമതി ചെയ്തു കിട്ടുന്ന 'റെമീറ്റൻസ്'' സാമ്പത്തിക പരിസരം ആണ്. കേരളത്തിലെ സാമ്പത്തിക വളർച്ച ഒരു ' ഡറിവെട്ടിവ് ഇക്കോണമി'( derivative economy) ആയതുകൊണ്ട് ആഗോള വിപണിയിൽ എണ്ണയുടെയും റബ്ബറിന്റെയും വില കുറയുമ്പോഴും കൂടുമ്പോളും നമ്മുടെ സാമ്പത്തിക വളർച്ചയെ അത് കാര്യമായി ബാധിക്കും. അമേരിക്കയിലും യൂറോപ്പിലെ രാജ്യങ്ങളിൽ ഉള്ള സാമ്പത്തിക മന്ദ്യങ്ങളും കേരളത്തിൽ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കും.
പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളിലും സ്കാന്റിനെവ്യൻ രാജ്യങ്ങളിലും ' വരുത്താരായ' മെയ്തൊഴിലാളികളും (manual labours) തദ്ദേശീയരും ആയുള്ള സാമൂഹിക സംഘർഷങ്ങൾ ഇപ്പോൾ കൂടുതൽ ദ്രശ്യമാണ്. അവിടെയുള്ള മധ്യവർഗ്ഗ സമൂഹങ്ങൾ 'വൈറ്റ് കോളർ' ജോലി എന്ന ഓഫീസ് ജോലികൾ മാത്രം തേടുമ്പോൾ 'ബ്ലൂ കോളർ' ജോലി എന്ന കായിക അദ്ധ്വാന ജോലികൾ കൂടുതൽ 'വരുത്തൻമാർ' ആണ് ചെയ്യുന്നത്. സാമൂഹികമായി ഇതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാന കാരണം സാമ്പത്തിക സംസ്കാര ചുറ്റുപാടുകൾ ആണ്. അതിൽ ഒന്ന് ജനന നിരക്കിൽ ഉള്ള കുറവും തൊഴിലാളി ക്ഷാമവും ആണ്. യൂറോപ്പിൽ 'അദ്ധ്വാന വർഗ്ഗങ്ങൾ' ആയി കുടി ഏറുന്ന ഒരു വലിയ സമൂഹം മറ്റു രാജ്യങ്ങളിൽ നിന്നും മറ്റു വശങ്ങളിൽ നിന്നും മറ്റു ഭാഷകളിൽ നിന്നും ഇതര മതങ്ങളിൽ നിന്നും ഉള്ളവരാണ്. 'വന്നു കേറി' താമസിക്കുന്നക്കുന്നവരായ 'വരുത്താരായ' അന്യ മതസ്ഥരും(വലിയ ഒരു വിഭാഗം മുസ്ലിങ്ങൾ) അവിടെ നൂറ്റാണ്ടുകളായി വസിക്കുന്ന തദ്ദേശ വാദികളും തമ്മിൽ കൂടുതൽ സാമൂഹിക-രാഷ്ട്രീയ സാമ്പത്തിക സംഘർഷങ്ങൾ യൂറോപ്പിൽ മിക്ക രാജ്യങ്ങളിലും ദ്രശ്യമാണ്.
ഇതിൽ നിന്ന് കേരളത്തിന് പുതിയ പല പാഠങ്ങളും ഉൾക്കൊണ്ടു പുതിയ സാമൂഹിക നയ രൂപങ്ങളെ(social policy) കുറിച്ച് ചർച്ച ചെയ്യെണ്ടതുണ്ട്.
ഇതിൽ നിന്ന് കേരളത്തിന് പുതിയ പല പാഠങ്ങളും ഉൾക്കൊണ്ടു പുതിയ സാമൂഹിക നയ രൂപങ്ങളെ(social policy) കുറിച്ച് ചർച്ച ചെയ്യെണ്ടതുണ്ട്.
എന്താണ് കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്? കേരളത്തിൽ നിന്ന് കൂടുതൽ പണം കിട്ടുന്ന ജോലി തേടി 15 തൊട്ട് 20 % വരെയുള്ള ആളുകൾ കേരളത്തിൽ നിന്നും കുട്ടി ഇറങ്ങി ഇൻഡിയിലെ നഗരങ്ങളിലും വിദേശ നഗരങ്ങളിലും ചേക്കേറി. അതിൽ തന്നെ വലിയൊരു വിഭാഗം കേരളത്തിൽ തിരിച്ചു വരാനുള്ള സാധ്യത കുറവാണ്. അതെ സമയം കേരളത്തിൽ ജന സംഖ്യയുടെ ഏതാണ്ട് 10% ത്തിന് തുല്യമായ ആളുകൾ ഇതര സംസ്ഥാങ്ങളിൽ നിന്ന് ഇവിടെ തൊഴിൽ ചെയ്യാൻ വരുന്നു. ഇപ്പോൾ അവരിൽ ഭൂരിഭാഗം 'സീസനൽ' തൊഴിലാളികൾ ആണ്. അവരുടെ യഥാർത്ഥ സ്ഥിതി വിവര കണക്കുകളെ കുറിച്ച് ഇനിയും കൃത്യമായ ധാരണ ഉണ്ടോയെന്ന് സംശയമാണ്. കേരള സർക്കാരും തൊഴിൽ വകുപ്പും ചില ഗവേഷണ സ്ഥാപങ്ങളും ചില പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്.
ഇതര സംസ്ഥാന തൊഴിലാളികളും ഇതര സംസ്ഥാങ്ങളിൽ നിന്ന് ഇവിടെ ഐ.ടി മേഖലയിലും മറ്റും ജോലി ചെയ്യാൻ വരുന്നവരും ക്രമേണ കേരള സമൂഹത്തിലെ ഒരു വിഭാഗം ആകുവാനുള്ള സാധ്യത ഉണ്ട്. കേരളത്തിൽ തന്നെ മലയാളം സസരിക്കാത്തവരുടെ എണ്ണവും കൂടാൻ ഇടയുണ്ട്. ഇനി വരുന്ന കാലങ്ങളിലെ മാറ്റത്തിന്റെ സൂചനകൾ ആണിത്.
ഇപ്പോൾ തന്നെ ഇതര സംസ്ഥാന തൊഴിലാളികളും മലയാളി 'ലോക്കൽസ്' മായി പല സ്ഥലങ്ങളിലും ഉരസൽ തുടങ്ങിയിട്ടുണ്ട്. യഥാർത്ഥത്തിൽ മലയാളികളിൽ വലിയൊരു വിഭാഗം മധ്യവർഗ്ഗ കാഴച്ചപ്പാടുകൾ സാംശീകരിക്കുകയും യഥാർഥ ' തൊഴിലാളികൾ' ഇതര സംസ്ഥാനത്തു നിന്നുള്ളവർ ആകുകയും ചെയ്യുമ്പോൾ ഇവിടെ ' തൊഴിലാളി വർഗ്ഗ പാർട്ടികൾ എന്ന വാദിക്കുന്നരുടെ നില പോലും പരിങ്ങലിൽ ആയിട്ടുണ്ട്.
പക്ഷെ വലിയ സാമൂഹിക പ്രശനം വേറൊന്നാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളികളിൽ ഭൂരിഭാഗവും രണ്ടാം തരം മനുഷ്യരും പൗരന്മാരും ആയാണ് കാണുന്നത്. ഇതിന് ഒരു പരിധിവരെ കേരള സമൂഹത്തിൽ മേൽക്കോയ്മ നേടിയ സവർണ മനോഭാവം ആണ്.ഇതര സംസ്ഥാന തൊഴിലാളികളികളിൽ ഭൂരിഭാഗം പേരും പാവപെട്ട ദളിതരും മുസ്ലിങ്ങളും ആണുള്ളത് ഈ സാമൂഹ്യ വിവേചനത്തിന് ഇട നൽകുന്നുണ്ട്. ഇവിടെ ഇപ്പോൾ എന്ത് കൊലപാതങ്ങളോ ഭവന ഭേദങ്ങളോ ഉണ്ടായൽ ഇവരുടെ നേരെ കൈചുണ്ടുന്നത് പതിവകുന്നുണ്ട്.
കേരളത്തിൽ നിന്ന് പതിനേഴു ആയിരം കോടി മുതൽ ഇരുപതിനായിരം കോടി വരെ ഇവർ 'കടത്തി' കൊണ്ട് പോകുന്നു എന്ന് പരിതപ്പിക്കുന്ന പലരും ഓർക്കേണ്ടത് കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് നിദാനം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിദേശത്തു നിന്നും ഇവിടെ വരുന്ന പണമാണ്. ഇവിടെ വരുന്ന പണത്തിന്റെ അഞ്ചിൽ ഒന്ന് മറ്റു സംസ്ഥാങ്ങളിലേക്ക് പോകുന്നത് ഇവിടുത്തെ ഇപ്പോഴത്തെ സാമ്പത്തിക വളർച്ചയുടെ സ്വഭാവം കൊണ്ടാണ്.
ഇവിടെ വസിക്കുന്ന ലക്ഷ കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കേരള സർക്കാരിന് നികുതി വരുമാവും ഭാഗ്യക്കുറി വരുമാനവും നൽകുന്നുണ്ട്. പക്ഷെ കേരള സർക്കാർ ബജറ്റിൽ ഈ തൊഴിലാളികൾക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഇവരിൽ വലിയ ഒരു വിഭാഗം താസിക്കാൻ സൗകര്യങ്ങൾ ഇല്ലാതെ ചെറിയ മുറികളിൽ അഞ്ചും പത്തും പേര് ഒരുമിച്ചു വസിക്കുകയാണ് പതിവ്.
ഇതര സംസ്ഥാങ്ങളിൽ നിന്നു ഇവിടെ ജോലിക്കു വരുന്ന സമൂഹങ്ങളും ഇവിടെ കുടിയേറാൻ സാധ്യത ഉള്ള സമൂഹങ്ങളും കേരളത്തിലെ സാമൂഹിക സാമ്പത്തിക ചുറ്റുപാട്ടുകളിൽ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇപ്പോൾ തന്നെ ബംഗാളിൽ നിന്ന് ഇവിടെ വരുന്നവർ ബംഗ്ലാദേശ് 'മുസ്ലിങ്ങൾ' ആണെന്നും അവരെ സൂക്ഷിക്കണം എന്നും സംഘ്പരിവാർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ പുതിയ കുറെയേറ്റങ്ങൾ കാരണം മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
No comments:
Post a Comment