Monday, June 20, 2016

കേരളത്തിലെ നവമാധ്യമങ്ങൾ എങ്ങോട്ട്?


ഇന്ന് താരതമ്യേന ചിലവ് കുറഞ്ഞ മാധ്യമ പ്രവർത്തനം ഓൺലൈൻ മാധ്യമ പ്രവർത്തനം ആണ്. ഇൻഡിയിലെ പ്രധാന പ്രിന്റ് മാധ്യമങ്ങളെക്കാൾ നല്ല ലേഖങ്ങളും വാർത്ത വിശകലങ്ങളും വാർത്തകളും പങ്കു വക്കുന്ന ഓൺലൈൻ പുതിയ സാമൂഹിക മാധ്യമങ്ങൾ ഉണ്ട്. ഇൻഡിയിലെ ആദ്യകാല ഓൺലൈൻ പുതു സാമൂഹിക മാധ്യമ പ്രവർത്തനം Infochange India ഞാനും എന്റെ സുഹൃത് ഹൂതൊക്ഷിയും തുടങ്ങിയത് ഇൻഡിയിലെ കുത്തക മാധ്യമങ്ങൾ മനഃപൂർവമോ അല്ലാതെയോ വിട്ട് കളയുന്ന വിഷയങ്ങൾ അവതരിപ്പിക്കാനാണ്. 1999 അവസാനം തുടങ്ങിയ പ്രവർത്തനം ഇന്നും തുടരുന്നു.
കേരളത്തിൽ കഴിഞ്ഞ അഞ്ചു കൊല്ലമായി പല നവമാധ്യമ കൂട്ടായ്‌മകളും രൂപപെട്ടു. അവയിൽ മലയാളനാടും നവമലയാളിയും ഫേസ് ബുക്കിലെ സർഗാത്മക കൂട്ടായ്മകളിൽ നിന്ന് ഒരു ലാഭേച്ഛയും ഇല്ലാതെ ഉയർന്നു വന്ന കേരളത്തിലെ ഓൺലൈൻ പുതു മാധ്യമ സരംഭങ്ങൾ ആണ്. ഈ രണ്ടു സോഷ്യൽ മീഡിയ സംരംഭങ്ങളുമയുർന്നു വന്നത് ഫേസ്ബുക് കൂട്ടായ്മയിലൂടെ ആണ്. ഇത് മുരളി വെട്ടം, സന്തോഷ് ഹൃത്തികേഷ്, സതീഷ്, രവി വർമ്മ, ജെയിംസ്, സോണി മുതലയാവരുടെ ശ്രമഫലമായും മറ്റ് അനേകരുടെ സഹകാരണത്തോടും തുടങ്ങിയതാണ്. ഈ രണ്ടു പുതു സമൂഹിക മാധ്യവുമായി തുടക്കം മുതൽ ഞാൻ അടുത്തു സഹകരിക്കുകയും പങ്കെടുക്കുകയും വല്ലപ്പോഴും എഴുതുകയും ചെയ്യുന്ന ആളാണ്. രണ്ടും കാമ്പുള്ള സാസ്‌കാരിക-സാമൂഹിക ഓൺലൈൻ മാധ്യമ പ്രവർത്തങ്ങൾ ആണ്. അത് പോലെ ഉയർന്നു വന്ന അഴിമുഖവും കാമ്പുള്ള ഗൗവാരമായ നവ മാധ്യമ ഇടപെടൽ ആണ്. ഇവയെല്ലാം മാഗസിൻ തരത്തിൽ ഉള്ളവയാണ്. അവ പ്രതി ദിന വാർത്ത നവ മാധ്യമങ്ങൾ അല്ല.
കഴിഞ്ഞ വര്ഷം ലൈഫ്ട് ക്ലിക് (ഇപ്പോൾ വേറൊരു പേരിലും)എന്ന പേരിൽ ടി.കെ വിനോദൻ തുടങ്ങിയ പ്രതി ദിന വാർത്ത നവ മാധ്യമ സംരംഭം നിലവാരമുള്ളതും ഗൗരവമായി എഡിറ്റ് ചെയ്യുന്ന ഒരു സംരംഭമായി തോന്നിയിട്ടുണ്ട്. അതിൽ ഇക്കിളി വാർത്തകളോ കൊലപാതക അപസർപ്പക കഥകളോ, കൂലി ഏഴുത്തോ, തൽപ്പര കക്ഷി രാഷ്ട്രറിയ അതിപ്രസരമോ, കൂതറ വ്യക്തി വിരോധ മഞ്ഞ എഴുത്തുകളോ ഇല്ലാത്തതിനാൽ വായിക്കാറുണ്ട്. മാത്രമല്ല അതിന്റെ എഡിറ്റർ ഒരു നല്ല എഡിറ്റർക്ക് വേണ്ട വിവേകവും വിദ്യഭ്യാസവും വിവരവും ഉള്ള ഒരു പൊതു സാമൂഹിക-സാംസ്കാരിക -സിവിക് രാഷ്ട്രീയ പ്രവർത്തകൻ ആയ ടി.കെ വിനോദൻ ആണ്. പിന്നെ ചില വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഡൂൾ ന്യൂസും അധികം കുഴപ്പം ഇല്ലാത്ത ഒരു ഇടപെടൽ ആയി തോന്നിയിട്ടുണ്ട്.
പക്ഷെ കഴിഞ്ഞ ചില കൊല്ലങ്ങൾ ആയി വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന മട്ടിൽ നവ മാധ്യമ രംഗത്ത് ഒരു വെബ്‌സൈറ്റും രണ്ടു ഡെസ്ക്ടോപ്പും അത്യാവശ്യം മലയാളവും ആയി ചില അവതാരങ്ങൾ ഇറങ്ങിയിട്ടുണ്ട്. അവരിൽ ഒട്ടു മിക്കവരും പത്ര പ്രവർത്തനവും സമൂഹിക ഇടപെടലും ആയി ഒരു ബന്ധവും ഇല്ലാത്തവരാണെന്നു തോന്നുന്നു . പക്ഷെ പല 'നവ' മാധ്യമങ്ങളും തുടരുന്നത് വെറും പഴയ 'തനി നിറ' ശൈലിയിൽ ഉള്ള കുരിട്ടു വിദ്യകൾ ആണ്. അൽപ്പം മസാലയും സ്വൽപ്പം സെക്സും ആവശ്യത്തിന് സ്റ്റണ്ടും അപസർപ്പക കഥകളും അത്യാവശ്യം പേരിനു ടി.വി സ്ക്രോൾ കണ്ടെഴുതി വാർത്ത ഒക്കെ ചേർത്തു വിളമ്പിയാൽ അതിനെ എന്ത് വിളിക്കണം?
ഇന്ന് 'പ്രമുഖ' മാധ്യങ്ങൾ പല 'പ്രമുഖ' കച്ചവടക്കാരെ കുറിച്ചും കള്ള കടത്തു, തരികിട കക്ഷികളെ കുറിച്ചും എഴുതാത്തത് അവർ പരസ്യമെന്ന 'കൈക്കൂലി' കൊടുത്തു മാധ്യമ ബിസിനസ്സിനെ സ്വാധീനിക്കുന്നതിനാലാണ്. അതുകൊണ്ടു തന്നെ 'പ്രമുഖ' മാധ്യമങ്ങൾ മുക്കുന്ന വാർത്തകൾ വസ്തു നിഷ്ടമായി അവതരിപ്പിക്കുന്ന ഒരു ബദൽ മീഡിയ ആയി വർത്തിക്കുവാൻ നവ മാധ്യമങ്ങൾ ക്കു കഴിയും. വലിയ മുതൽ മുടക്ക് ഇല്ലാത്തതിനാൽ അവർക്കു പഴയ മാധ്യമ ബിസിനസ്സന്നുള്ള പരിമിതികൾ ഇല്ല.
പക്ഷെ അങ്ങനെ യുള്ള ഗൗരവ ബദൽ മീഡിയ സംസ്കാരം ഇനിയും കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. ഇന്ന് മലയാള നവമാധ്യങ്ങളിൽ ഭൂരിപക്ഷവും കേരളത്തിലെ പഴയ മാധ്യമ രൂപങ്ങളുടെയും ശീലിച്ച രീതികളുടെയും ഒരു ഓൺലൈൻ പകർപ്പ് മാത്രമാണ്. ഒരു പുതിയ നവ മാധ്യമ സംസ്കാരവും സാമൂഹിക വിനിമയത്തിന്റ പുതിയ സാധ്യതകളും മലയാളത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
അതുകൊണ്ടു തന്നെ പഴയ പത്ര പ്രവർത്തക ശൈലിയിൽ നിന്നും കക്ഷി രാഷ്ട്രീയ അതി പ്രസരങ്ങളിൽ നിന്ന് അധികാര അധീശ മേല്കൊയ്മകളിൽ നിന്നും കുതറി മാറി ഒരു പുതിയ നവ മാധ്യമ സമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനം ഇണ്ടാകേണ്ടതുണ്ട്. ഇന്ന് കേരളത്തിൽ സാമൂഹിക, വിദ്യാഭാസ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നേരിടുന്ന ജീര്ണതകളുടെ തുടർച്ചയും നേർ കാഴ്ച്ചകളും ആണ് ഇപ്പോൾ വ്യവസ്ഥാപിത ടി.വി , പത്ര മാധ്യമങ്ങളിൽ കാണുന്നത്. അതിന്റെ ഒരു രണ്ടാം തരമോ മൂന്നാം തരമോ പതിപ്പ് മാത്രമായി ഓൺലൈൻ മാധ്യമങ്ങൾ മാറിയാൽ കേരളത്തിലെ പലതരം ജീർണ്ണതകളുടെ ഒരു പഴയ ബാക്കിപത്രം ആയി ചുരുങ്ങും കൂണുകൾ പോലെ പൊട്ടി മുളച്ചു അഴുകി പോകുന്ന ഓൺലൈൻ പതിപ്പുകൾ.
ഒരു 120 വര്ഷം മുമ്പ് കേരളത്തിൽ പത്രപ്രവർത്തനം തുടങ്ങിയ കാലത്തു ഒരു ബിസിനസ് സംരംഭം അല്ലായിരുന്നു. പത്ര പ്രവർത്തനം ഒരു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. പത്ര പ്രവർത്തകർ വയറ്റിൽ പിഴപ്പിന് മാത്രം പേനയുന്തുന്ന മുതലാളിക്ക് വേണ്ടി എഴുതുന്ന കൂലി എഴുത്തുകാർ അല്ലായിരുന്നു. അവരിൽ ഭൂരിഭാഗവും സമൂഹത്തിലെപാരമ്പര്യ ജീർണതകൾക്കും ജാതി മത വിവേചങ്ങൾക്കും എതിരെ പോരാടിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകർ ആയിരുന്നു. അവർക്കു കക്ഷി രാഷ്ട്രീയ താല്പര്യങ്ങളോ അധികാര മോഹങ്ങളോ ഇല്ലായിരുന്നു. അവരിൽ ബഹു ഭൂരിപക്ഷവും ഭരണത്തിൽ ഉണ്ടായിരുന്നവരുടെ ആസനം താങ്ങുന്നവരല്ലായിരുന്നു. അത് കൊണ്ട് തന്നെ ആർജവം ഉള്ള പത്രപ്രവർത്തനം അപകടകരമായ ഒരു ജീവിതമായിരുന്നു പലർക്കും. അവരിൽ പലർക്കും സാമ്പത്തിക നഷ്ടങ്ങളും യാതനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
ഇന്ന് പത്ര പ്രവർത്തനം ഒരു വ്യവസ്ഥാപിത തെഴിൽ മേഖല ആണ്. മാധ്യമ വ്യാപാരവും മദ്യ വ്യാപാരവും തമ്മിൽ വലിയ വ്യത്യാസം ഇല്ലാതായിട്ടുണ്ട്. കുത്തുക കോർപ്പറേറ്റുകളുടെ ഒരു ചിന്ന സൈഡ് ബിസിനസ്സായി വ്യവസ്ഥാപിത മാധ്യമങ്ങൾ മാറിയിരിക്കുന്നു. വ്യവസ്ഥാപിത മാധ്യമ കോർപ്പറേറ്റ് ബിസിനസ്സ് ഇന്ന് ഭരണം കൈയ്യാളുന്നവരുടെ കുഴലൂത്തുകാർ ആയി പരിണമിച്ചിരിക്കുന്നു. 'പ്രൊഫഷണൽ' പത്ര പ്രവത്തകരിൽ പലരും അധികാരത്തിന്റെ ഇടനാഴികകളിലെ അരിവെപ്പുകാരും അടക്കം പറച്ചിൽ കാരും ഏഷണിക്കാരും പുറം ചൊറിയുന്നവരും ആയി പരിണമിച്ചിരിക്കുന്നു. അവർക്ക് അധികാര നേതാകൾക്കു വേണ്ടി മാമാ പണി ചെയ്യുവാനോ ദല്ലാള് പണി ചെയ്യാനോ ഒരു നാണക്കേടും ഉളുപ്പുമില്ല. കാരണം ഇവിടെ അതൊക്കെ 'സാധാരണ' പതിവ് മാത്രം ആയിരിക്കുന്നു. 'ഉദ്ദിഷ്‌ട്ട കാര്യത്തിന് ഉപകാര സ്മരണ' എന്ന കണക്കെ സ്ഥാന മാനങ്ങൾ അധികാരി വർഗ്ഗം പ്രത്യുപകാരമായി കൊടുക്കുന്നത് ഡൽഹിയിൽ മാത്രമല്ല ഇൻഡിയിലെ എല്ലാ സംസ്ഥാനങ്ങളിലും പതിവ് ആയിട്ടുണ്ട്. ചുരുക്കത്തിൽ വ്യവസ്ഥാപിത മാധ്യമ ബിസിനസും പ്രൊഫഷണൽ പത്രപ്രവർത്ത നേതാക്കളിൽ ഗണ്യമായ പങ്കും ഇന്ന് നമ്മുടെ നാടും രാജ്യവും നേരിടുന്ന ജീര്ണതയുടെ നേർ രൂപങ്ങൾ ആണ്.
ഇതിനു മാറ്റം വരുത്താൻ കഴിവുള്ള ഒരു സാധ്യത ആണ് സാമൂഹിക പ്രതിബദ്ധതയുള്ള ആർജവം ഉള്ള നവ മാധ്യമ സംരംഭങ്ങൾ. അത് ഇന്നത്തെ ജീര്ണതയിൽ നിന്നും കുതറി മാറി ഒരു ബദൽ മാധ്യമ സംസ്കാര ധാര ആയി മാറിയെങ്കിൽ മാത്രമേ നമുക്ക് ഇന്നുള്ള ജീര്ണതകളെ അതീജീവിച്ചു ഒരു പുതിയ നൈതീമായ നന്മയുള്ള സാമൂഹ്യ മാറ്റത്തിന് വഴി തെളിക്കാൻ കഴിയുകയുള്ളൂ.

No comments: