Monday, June 20, 2016

കേരള രാഷ്ട്രീയ മാറ്റത്തിന്‍റെ നാൾ വഴികൾ 1.


കേരളത്തിലെ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്കൊപ്പം രാഷ്ട്രീയ പരിസരവും രാഷ്ട്രീയ പാർട്ടികളും കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ ഗണ്യമായി മാറി. കേരളത്തിലെ രാഷ്ട്രീയ പ്രക്രിയകളിലും രാഷ്ട്രീയ പാർട്ടികളുടെ സാമൂഹിക ചുറ്റുവട്ടവും തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളും പാടെ മാറി.
ആദ്യമായി കേരളത്തിലെ രാഷ്ട്രീയ പരിണാമങ്ങളെ കുറിച്ച് ചില പ്രാഥമിക നിരീക്ഷണങ്ങൾ.
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കം 1890 കൾ മുതലാണ്. ഇതിന് പ്രധാന കാരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന മുപ്പതു വർഷങ്ങളിൽ കേരളത്തിൽ തുടങ്ങിയ വിദ്യാലയങ്ങളും അതിനോട് അനുബന്ധിച്ചു വിദ്യാഭ്യാസത്തിന് സമൂഹത്തിൽ ഉണ്ടായ സാമ്പത്തിക-സാമൂഹിക സാധുതയും ആണ്. തിരു-കൊച്ചി ഭാഗങ്ങളിൽ ആണ് കൂടുതൽ വിദ്യാലയങ്ങൾ ഉണ്ടായതു. അതുകൊണ്ടു തന്നെ സാക്ഷരതയും ഈ പ്രദേശങ്ങളിൽ മലബാർ മേഖലയേക്കാൾ കൂടുതൽ ആയിരുന്നു.
കേരളത്തിലെ ആദ്യ സാമൂഹിക പരിവർത്തനത്തിന് തുടക്കം കുറിച്ചത് കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രവർത്തിച്ച മിഷനറി സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തകർ ആയിരുന്നു. അവർ മലയാള ഭാഷയെ ചിട്ടപ്പെടുത്തി അച്ചു നിരത്തി അച്ചടിച്ചു എല്ലാവര്ക്കും വായിക്കുവാനും പഠിക്കുവാനുമുള്ള അവസരത്തിന് തുടക്കമിട്ടു. കേരളത്തിലെ ഭാഷ വികസന, വിദ്യഭ്യാസ, വിനിമയ, പത്രപ്രവർത്തന മേഖലയുടെ എല്ലാം തുടക്കം മിഷനറി സാമൂഹിക-സാംസ്കാരിക പ്രവർത്തന ഫലമായിട്ടാണ്. കേരളത്തിൽ അടിമത്വത്തിനും ജാതി-മത വിവേചങ്ങൾക്കും സ്ത്രീകളുടെ അനുഭവിച്ച പ്രയാസങ്ങൾക്കും എതിരെ ആദ്യം കേരളത്തിൽ ശബ്ദമുയർത്തിയതും ഇവിടെ വിദേശത്തു നിന്നും വന്ന മിഷനറി ആക്ടിവിസ്റ്റ്കൾ ആയിരുന്നു. ഈഴവസ്ത്രീകള്‍ക്ക് മാറ് മറക്കുവനുള്ള 1859 ഇല്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഉണ്ടായ 'ചാന്നാര്‍ ലഹള' എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രതീകരണം കേരള രാഷ്ട്രീയ ചരിത്രത്തിലെ ആദ്യത്തെ അടയാളപ്പെട്തലുകളില്‍ ഒന്നാണ്.
കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം ദിശകം മുതൽ ഇവിടെ പ്രവർത്തിച്ചു തുടങ്ങിയ സി.എം.എസ് (church mission society), എൽ.എം.എസ് (London Mission Society)യും പിന്നീട് മലബാർ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ ജർമൻ മിഷണറി കൂട്ടായ്മയായ ബെസൽ മിഷനും കേരളത്തിന്റെ ഭാഷ- സാംസ്കാരിക-സാമൂഹിക-രാഷ്ട്രര്യ മേഖലകളിൽ തുടക്കം കുറിച്ച മാറ്റങ്ങൾ ആണ് കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനമായൊരു പ്രക്രിയ. ഈ സാമൂഹിക-സാംസ്കാരിക മാറ്റങ്ങൾ കേരള ചരിത്രത്തിൽ അടയാളപെടുത്തിയിട്ടുണ്ടെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിൽ ഇവിടെ തുടങ്ങിയ മാറ്റങ്ങളെകുറിച്ച് ഗഹനമായ സാമൂഹിക ചരിത്ര ഗവേഷങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
കേരളത്തിലെ തനതായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച കേരളത്തിലെ വരേണ്യ ജാതിസമുദായങ്ങളിലെ ചെറുപ്പക്കാർ ആയിരുന്നു. അന്നത്തെ തിരുവിതാംകൂർ-കൊച്ചി മേഖലയിൽ ഭൂമിക്കു മേൽ ഉടമസ്ത അവകാശമുള്ള നമ്പൂതിരി-നായർ-നസ്രാണി സമൂഹങ്ങളിൽ ഉണ്ടായിരുന്ന ചെറുപ്പക്കാർക്ക് കേരളത്തിലും മദ്രാസ് യൂണിവേഴ്‌സിറ്റി യിലും പഠിക്കാൻ ഉള്ള സൗകര്യങ്ങൾ കൂടുതൽ ഉണ്ടായിരുന്നു. അത് മാത്രമല്ല അന്നുണ്ടായിരുന്ന അധികാര രൂപങ്ങൾ പിന്തുണച്ചത് സമൂഹത്തിൽ മേൽക്കോയ്മ ഉള്ള വിഭാഗങ്ങളെ മാത്രം ആണ്.
അതുകൊണ്ട് തന്നെ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും കേരളത്തിലെ സാമൂഹിക-സാംസ്കാരിക-പത്രപ്രവർത്തക-രാഷ്ട്രീയ രംഗങ്ങളിൽ നേതൃത്വ നിരയിലേക്ക് വന്നത് ഈ വിഭാഗങ്ങളിൽ നിന്ന് ഉള്ളവരായിരുന്നു. ഒരു പക്ഷെ കേരളത്തിൽ ആദ്യമായി ഉണ്ടായ സർക്കാർ ഇതര സാമൂഹിക-സാംസ്കാരിക സംഘടന 1892 ഇൽ ഉണ്ടായ ഭാഷപോഷിണി സഭയിലെ അംഗങ്ങൾ മിക്കവാരും സാമൂഹ്യ മേൽക്കോയ്മ ഉണ്ടായിരുന്ന ജാതി-മത വിഭാഗങ്ങളിൽ നിന്ന് മാത്രമായിരുന്നു. 1891 ഇൽ ബാരിസ്റ്റർ ജി.പി പിള്ളയുടെ നേത്രത്വത്തിൽ ഉണ്ടായ മലയാളി മെമ്മോറിയൽ ആണ് കേരളത്തിലെ സാമൂഹിക -രാഷ്ട്രീയ പ്രഭാവങ്ങളുടെ തുടക്കം. അവിടെയും കേരളത്തിൽ താരതമ്യേന ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരം ഉണ്ടായിരുന്ന വരേണ്യ വിഭാഗങ്ങളിൽ ഉള്ളവരായിരുന്നു ബഹുഭൂരിപക്ഷവും. 1896ഇൽ ഡോ. പലപ്പുവിൻ നേതൃത്വത്തിൽ അമർപ്പിച്ച ഈഴവ മെമ്മോറിയൽ പാർശ്വവത്കരിക്കപ്പെട്ട സമുദായ സമൂഹങ്ങളിൽ നാമ്പെടുത്തു തുടങ്ങിയ സാമൂഹിക രാഷ്ട്രീയ പ്രക്രിയയുടെ ആദ്യ അടയാളപ്പെടുത്തൽ ആയിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു് ദിശകങ്ങളിൽ ആണ് കേരളത്തിൽ ആകമാനം വിദ്യാഭ്യാസവും പത്ര പ്രവർത്തനവും സാമുദായിക പരിഷ്‌കാരങ്ങളും എല്ലാ ജാതി മതസ്ഥരും ആയ സാമാന്യ ജനങ്ങളിലേക്ക് പതിയെ എത്തി തുടങ്ങിയത്. ഈ കാലയളവിൽ കേരളത്തിലെ മാറ്റങ്ങൾക്കു നേതൃത്വം നൽകിയത് അതാതു ജാതി-മത-സമുദായ നേതാക്കളും അവർ പുതുതായി സംഘടിപ്പിച്ച സമുദായ സാമൂഹ്യ മുന്നേറ്റ സംഘടനകളും ആയിരുന്നു. ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും, ചട്ടമ്പി സാമികളും, കണ്ടത്തിൽ വർഗീസ് മാപ്പിളയും, മന്നത്തു പദ്മനാഭനും, വക്കം മൗലവിയും, അബ്ദുർ റഹ്മാൻ സാഹിബ്ബും എല്ലാം സമുദായ പരിവർത്തന സാമൂഹിക രാഷ്ട്രീയത്തിനു പല തരത്തിൽ തുടക്കം കുറിച്ചവർ ആയിരുന്നു. പാരമ്പര്യ സാമൂഹ്യ യാഥാസ്ഥിക ചുറ്റുപാടുകളും ആധുനിക സാമൂഹിക ചിന്തകളുമായി പുതിയ ഒത്തു തീർപ്പു ശ്രമങ്ങൾ കൂടി ആയിരുന്നു അവരുടെ സാമൂഹിക സാമുദായിക രാഷ്ട്രീയവും രാഷ്ട്രീയ പത്ര പ്രവർത്തനം
കേരളത്തിൽ എസ്. എൻ. ഡി.പി യും, എൻ.എസ്.എസും , ക്രിസ്തീയ സമുദായ വിഭാഗങ്ങളുടെ സംഘടനകൾ എല്ലാം രൂപമെടുത്തത്ത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ 25 വര്ഷങ്ങൾക്കുള്ളിലാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ കക്ഷി രാഷ്ട്രീയത്തിന് മുൻപ് തന്നെ സമുദായ സാമൂഹിക രാഷ്ട്രീയവും( civic politics) വിഭാഗീയ രാഷ്ട്രീയവും (sectarian politics) വേര് പിടിച്ചു. കേരളത്തിലെ പലരും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളങ്ങളിൽ പങ്കെടുത്തങ്കിലും 1920 കളിൽ ആണ് കേരളത്തിൽ ഒരു പൊതു രാഷ്ട്രീയ അവബോധവും സ്വാതന്ത്ര്യ സമര കാഴ്ചപ്പാടുകളും ഉണ്ടായി തുടങ്ങിയത്. കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ മുപ്പതു വർഷങ്ങളിൽ പത്രപ്രവർത്തനം ഒരു പുതിയ സാമൂഹിക രാഷ്ട്രീയത്തിന്റെ (civic politics) ഏറ്റവും സജീവമായ ഒരു നേർകാഴ്ച യായിരുന്നു. അതുകൊണ്ടു തന്നെയാണ് വിവിധ സമുദായങ്ങളും വിവിധ സമുദായങ്ങളിലെ വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരും പത്രപ്രവർതനത്തിലൂടെ ഒരു പൊതു രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചതു. വക്കം മൗലവിയും സ്വദേശി രാമകൃഷ്ണ പിള്ളയും ഒക്കെ കേരളത്തിലെ ആധുനിക സാമൂഹിക സാമൂഹിക രാഷ്ട്രീയത്തിന്റെ ആദ്യകാല പ്രവർത്തകർ ആയിരുന്നു.
1920 കളിലും 1930 കളിലും രൂപ പെട്ടുവന്ന കേരളത്തിലെ സാമുദായിക സമൂഹ രാഷ്ട്രീയവും അതിന്റെ ചുവട് പിടിച്ചു വന്ന കോൺഗ്രസ്സ് പാർട്ടിയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി ധാരകളും ആണ് കേരള രാഷ്ട്രീയത്തിന്റെ ഡി.എൻ.എ യിൽ ഉള്ളത്. 1920 കളിൽ ഉയർന്നു വന്ന സമുദായ സാമൂഹിക രാഷ്ട്രീയവും 1930 കളിൽ ഉണ്ടായ കക്ഷി രാഷ്ട്രീയവും ഇന്നും കേരള രാഷ്ട്രീയത്തിലെ രണ്ടു പ്രധാന ധാരകൾ ആണ്. ഇന്നും കേരളത്തിലെ കക്ഷി രാഷ്ട്രീയ പ്രക്രിയകളിൽ സമുദായ സാമൂഹിക രാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും പ്രഭാവം നടത്തുന്നുണ്ട്. 1930 കളിൽ ഉണ്ടായ നിവർത്തന പ്രസ്ഥാനവും അതെ കാലയളവിൽ ഉണ്ടായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും കേരളത്തിലെ പിൽക്കാല രാഷ്ട്രീയ , സാമൂഹിക , സമുദായ രാഷ്ട്രീയ പരിണാമങ്ങളെ പല തരത്തിൽ ബാധിച്ചിട്ടുണ്ട്.
കേരളത്തിൽ ഒരു നിയതമായ കക്ഷി രാഷ്ട്രീയ ധാര തുടങ്ങുന്നത് 1930 കളിലും 1940 കളിലുമാണ്. 1920 കളിൽ ചെറിയ രാഷ്ട്രീയ പാർട്ടി ഉദ്യമങ്ങൾ ഉണ്ടായെങ്കിലും 1930 മുതൽ ആണ് കേരള സമൂഹത്തിൽ രാഷ്ട്രീയ കക്ഷികൾ മാറ്റങ്ങൾ വരുത്തുവാൻ തുടങ്ങിയത്. വൈക്കം സത്യാഗ്രഹവും ക്ഷേത്ര പ്രവേശന വിളമ്പരവും ഗുരുവായൂർ സത്യാഗ്രഹവും മനോരമ പത്രത്തിന്റെ അടച്ചു പൂട്ടലും എല്ലാം കേരളത്തിലെ സാമുദായിക-സാമൂഹിക-കക്ഷി രാഷ്ട്രര്യങ്ങളുടെ (communitarion, civic and party politics) തുടക്കത്തിന്റ് അടയാളപ്പെടുതൽ ആയിരുന്നു. ഇന്നും കേരളത്തിൽ സമുദായ രാഷ്ട്രീയവും, സാമൂഹിക രാഷ്ട്രീയവും , കക്ഷി രാഷ്ട്രീയവും കേരള രാഷ്ട്രര്യത്തിലെ മൂന്നു പ്രധാന ധാരകൾ ആണ്.
ഇന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രര്യത്തിന്റെ മുന്നിൽ രാഷ്ട്രീയ പാർട്ടികൾ ആണെങ്കിലും അതിന്റെ പിന്നിൽ സമുദായ രാഷ്ട്രീയ പ്രഭാവങ്ങൾ പല തരത്തിലും പല തലത്തിലും ഉണ്ട്. സമൂഹിക രാഷ്ട്രീയ ധാര കേരള രാഷ്ട്രര്യത്തിൽ ഒരു തിരുത്തൽ ശക്തി ആയി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം പ്രവർത്തിക്കുന്ന സംരംഭങ്ങൾ ആണ്.
തുടരും ...

No comments: