Tuesday, October 16, 2018

വിപണിയുടെ വിദ്യാഭ്യസവും ശാസ്ത്രത്തിന്റെ വിശ്വാസികളും


ഇപ്പോഴത്തെ രീതിയിൽ പ്രൊഫെഷണൽ വിദ്യാഭ്യാസം തുടങ്ങിയിട്ട് ഒരു നൂറ്റമ്പത് കൊല്ലം പോലുമായിട്ടില്ല .കഴിഞ്ഞ നൂറു കൊല്ലങ്ങൾക്കുള്ളിൽ വളർന്ന ഒന്നാണ് പ്രൊഫെഷനൽ വിദ്യാഭ്യസ മാർക്കറ്റ്. മാർക്കറ്റു വളരുന്നതനുസരിച്ചു അഡ്വെർടൈസ്‌മെന്റും മീഡിയയും അതുപോലെ മനുഷ്യന്റെ ആവശ്യങ്ങളും വളർന്നു . മാർക്കറ്റ് മനുഷ്യനിൽ പുതിയ പുതിയ ആഗ്രഹങ്ങൾ സൃഷ്ട്ടിച്ചു പുതിയ ഡിമാൻഡ് ഉണ്ടാക്കുന്നു . പുതിയ ഡിമാന്ഡിന് വേണ്ടി പുതിയ സപ്പ്ളെ . അങ്ങനെ കൺസ്യുമറും കൺസ്യുമർ മാർക്കറ്റും ഉണ്ടായി . ഈ ഡിമാൻഡും സപ്പ്ളെയും പൈസയുടെ കാര്യത്തിലും വന്നു . അങ്ങനെ ഫിനാൻസ് മാർക്കറ്റും സ്റ്റോക്ക് മാർക്കറ്റും മൂത്തു .
കൂടുതൽ ആഗ്രഹങ്ങൾക്ക് കൂടുതൽ പൈസ വേണം . കൂടുതൽ പൈസക്ക് കൂടുതൽ പൈസ ഉണ്ടാക്കുന്നുള്ള മാർഗ്ഗങ്ങൾ വേണം . അതിന് ഒന്നുകിൽ കൂടുതൽ പൈസ കിട്ടുന്ന ജോലി വേണം . കൂടുതൽ പൈസ കിട്ടുന്ന ജോലികൾ കൂടുതൽ ആവശ്യമുള്ള മാർക്കറ്റ് ഡിമാൻഡ് ഉള്ളിടത്താണ് . അങ്ങനെ ലേബർ മാർക്കറ്റ് ഉണ്ടായി . ഈ മൂന്നു മാർകെറ്റിൽ നിന്നും നികുതി പണം പിരിച്ചു സർക്കാർ ബജറ്റ്‌ ഉണ്ടാക്കി വീണ്ടും റോഡും പാലവും ബിൽഡിങ്ങും മനുഷ്യനെ പഠിപ്പിക്കാൻ സ്‌കൂളും , ചികല്സിക്കൻ ആശുപത്രിയും വരുതിക്ക് നിർത്താൻ പോലീസ് പട്ടാളം ജയിൽ ഒക്കെയുണ്ടാക്കി കുറെ പേർക്ക് ശമ്പളം കൊടുക്കുന്നു .അങ്ങനെ പബ്ലിക് ഫിനാൻസ് ഉണ്ടായി
ഇതൊക്കൊ പറയാൻ ഇക്കോണോമിസ്റ് എന്ന ഒരു തൊഴിൽ ഉണ്ടായി. ആ തൊഴിലിന് മാർക്കറ്റ് ഉണ്ടായത് മാർക്കറ്റ് നമ്മുടെ ബോർഡ് റൂമിൽ നിന്ന് ഡ്രോയിങ് റൂമിലേക്കും, ഡൈനിങ് റൂമിൽ നിന്ന് ബെഡ് റൂമിലേക്കും അവിടെ നിന്നും മനസ്സിലേക്കും കയറി പറ്റിയത് കൊണ്ടാണ്.
പബ്ലിക്ക് ഫൈനാൻസും പബ്ലിക് പോളിസിയുമൊക്ക ഗവര്ണൻസ് ഉണ്ടാക്കി. അതിൽ പരിശീലനം കിട്ടിയ എന്നെ പോലെയുള്ള സ്‌കിൽഡ് പണിക്കാർക്ക് മാർക്കറ്റുണ്ടാക്കി. ഇതൊന്നും ഇല്ലാത്ത കാലത്തു കാരണവന്മാർ കൃഷി ചെയ്തു ജീവിച്ചു. അവരെകാട്ടിൽ എന്തെങ്കിലും വിശേഷ ബുദ്ധിയുള്ളതായി തോന്നിട്ടില്ല. മാർക്കറ്റും സമൂഹവും ടെക്നലോജിയും വന്നു നാട് മാറിയപ്പോൾ മുന്നിൽ കണ്ട പെരുവഴയുമായി താദാത്മ്യപെട്ടു. അത്ര തന്നെ.
അങ്ങനെ മാർക്കറ്റും സ്റ്റേറ്റുമാണ് കാര്യങ്ങൾ നിയനിയന്ത്രിക്കുന്നത് .
ഈ രണ്ടു കൂട്ടരും വിദ്യാഭ്യാസം എന്ന ചിട്ടപ്പടി ചട്ടപ്പടി അറിവും അന്നന്നത്തെ സ്കിൽ ഒക്കെ വച്ച് ഓരോ ഡിഗ്രികളെ സാധൂകരിച്ചു ലേബർ മാർക്കറ്റിലെ ഡിമാൻഡ് അനുസരിച്ചു ഓരോ തൊഴിൽ പരിശീലിപ്പിച്ചു പ്രൊഫെഷണൽ എന്ന ഓമനപെരു ചൊല്ലി ലേബർ മാർക്കറ്റിലേക്ക് വിടുന്നു . പൈസ കൂടുതൽ കിട്ടുന്ന തൊഴിലിന് കൂടുതൽ ഡിമാൻഡ് ഉണ്ടായി .ആയതിനാൽ ആ തൊഴിലുകൾ പരിശീലിപ്പിക്കുന്ന വിദ്യാഭ്യാസ ചന്തകളും അതിന് അനുസരിച്ച ചന്തങ്ങളുമുണ്ടായി
ആശുപത്രികൾ കഴിഞ്ഞ നൂറു കൊല്ലം കൊണ്ട് വലിയ മാർക്കറ്റ് ആയി പുതിയ രോഗങ്ങളും പുതിയ മരുന്നുകളും പുതിയ ടെക്നൊലെജിയും അതിനൊക്കെ മാർക്കറ്റും വളർന്ന് മനുഷ്യൻ അതിന്റെ കൺസ്യൂമർ ആയി മരണ തീയതി നീട്ടാൻ ആഗ്രഹിക്കുന്നു. ആരോഗ്യ പരിപാലന ചന്തയിലെ ഉപഭോഗ്താക്കളാണ് നമ്മൾ എല്ലാവരും. രോഗ നിർണയത്തിനും മരുന്ന് കുറിക്കും ഡിമാൻഡ് ഉണ്ടായി . രോഗ പരിചരണത്തിന് വേറെ ഡിമാൻഡ് . മരുന്ന് ഉണ്ടാക്കാനും വിക്കാനും ഡിമാൻഡ് . അങ്ങനെ ഡോക്റ്ററും നേഴ്‌സും കമ്പോണ്ടറും ഫാര്മസിസ്റ്റും ഒക്കെ ലേബർ മാർക്കെറ്റിന് ആവശ്യത്തിന് ഉണ്ടായി .ചുരുക്കത്തിൽ മോഡേൺ മെഡിസിൻ ഡോക്ടർമാർ അഞ്ചും എട്ടും കൊല്ലം പഠിച്ചു ഒരു ലേബർ മാർകെറ്റിൽ താരതമ്യേന കൂടുതൽ വേതനം പറ്റുന്ന സ്‌കിൽഡ് തൊഴിൽ വർഗമാണ് .
അല്ലാതെ ശാസ്ത്ര അന്വേഷണത്തിന്റെ മുൻ വഴികളിലൂടെ സഞ്ചരിച്ചു ഫ്രണ്ടിയർ ഗവേഷണം നടത്തുന്നവരല്ല 95% പേരും. എല്ലാ സ്കിൽ തൊഴിലുകളെപ്പോലെ മാര്കെറ്റിന് ആവശ്യമായ സ്കില്ലും അപ്പ്ലൈഡ്‌ അറിവുകളും പഠിച്ചു ഉപയോഗിക്കുന്നവർ. അതിൽ കൂടുതൽ ഡെക്കറേഷൻ ഒക്കെ സമൂഹ നിർമ്മിതിയിൽ നിന്നുളവാകുന്ന തോന്നലുകൾ ആണ്. കുറെ നാൾ കഴിയുമ്പോൾ ഇതിൽ പാതി മുക്കാലും കമ്പ്യൂട്ടർ അപ്പ്ലികേഷനും ഓട്ടോമേറ്റഡ് മെഷിനും ചെയ്യാൻ സാധിക്കും.
ഇതിന് കൂടുതൽ ശമ്പളവും സോഷ്യൽ സ്റ്റാറ്റസും ഉണ്ടായത് കൊണ്ടാണ് 12 തരം കഴിഞ്ഞു എൻട്രൻസ് കടമ്പയോ അച്ഛന്റെ ബാങ്കിലെ പണമോ ഒക്കെ കൊണ്ട് ഡോ ആകുവാൻ തത്രപ്പെടുന്നത് . ഒരു ഡ്രൈവർ ആകേണണമെങ്കിലും അറിവും സ്കില്ലും വേണം . റെയിൽ ഡ്രൈവർക്കും. എഞ്ചിനീയർക്കും ഫൈറ്റർക്കും അത് വേണം. അതുപോലെ അഞ്ചു കൊല്ലം കൊണ്ട് അത്യാവശ്യം അനാട്ടമിയും പിന്നെ ഫാര്മക്കോളെജിയും രോഗ നിർണ്ണയവും അമ്പത് മരുന്ന് ചേരുവയും ഒക്കെ പഠിച്ചു എം ബി ബി ബി എസ് /എം ഡി /എം എസ് എന്ന മാർക്കറ്റ് -സ്റ്റേറ്റ് സാധുത ഡിഗ്രിയുണ്ടെങ്കിൽ ആരോഗ്യ പരിപാലന ലേബർ മാർകെറ്റിൽ തൊഴിൽ നേടാൻ കഴിയും . അങ്ങനെ കുറെ പേരാകുമ്പോൾ അത് ഒരു സ്‌പെഷ്യൽ ഇന്ററസ്റ്റ് പ്രൊഫെഷണൽ പ്രെഷർ ഗ്രൂപ് ആകും .
അങ്ങനെയാണ് ഡോക്റ്റർ മാരും പത്രക്കാരും വക്കീലുമാരും അവരവരുടെ പ്രൊഫെഷണൽ ഗ്രൂപ് ഉണ്ടാക്കുന്നത് .
എന്നാൽ ആശുപത്രി -ഫാർമ ഇന്ന് വലിയൊരു ലോക ബിസിനസ്സ് ആണ് .അതിന്റ അനുബന്ധ ബിസിനസാണ് ഇൻഷുറൻസ് . ഇതിലെ തൊഴിലാളികൾ മാത്രമാണ് ഡോക്ട്ടറും നേഴ്‌സ് ഒക്കെ .അതുപോലെ മാധ്യമ ബിസിനസിലെ തൊഴിലാളികൾ മാത്രമാണ് ജേണലിസ്റ്റുകൾ .
ഇത് പറഞ്ഞത് ചിലർക്കൊക്കെ ഒരു ധാരണയുണ്ട് നമ്മൾ ചില ഡിഗ്രികൾ എടുത്താൽ ശാസ്ത്രത്തിന്റെ ഉപാസകരും ശാസ്ത്ര 'സത്യ' ങ്ങളുടെ പ്രയോഗ വീരരുമാണ് എന്ന് . ശാസ്ത്രം എന്ന് പറയുന്നതും വിരോധഭാസമെന്നു തോന്നുന്നുമെങ്കിലും അത് പലപ്പോഴും പലരും ഒരു ഡോഗ്മയെപ്പോലെയാണ് വാദിക്കുന്നത് .പത്തൊമ്പതാം നൂറ്റാണ്ട് മുതൽ മാര്കെറ്റിനോടൊപ്പം വളർന്ന ഡോഗ്മ . ചിലർ അതിനെ വിളിക്കുന്നത് സയന്റിസം എന്നാണ്. അതുകൊണ്ടാണ് കമ്മ്യുണിസത്തിന് പോലും സയന്റിഫിക് സോഷ്യലിസം എന്ന് പേരിട്ടത് .
മനുഷ്യൻ എന്നും അന്വേഷണങ്ങളുടെ വഴിയിലാണ് . കഴിഞ്ഞ ഇരുപതിനായിരമോ അതിൽ അധികമോ വർഷങ്ങൾ കൊണ്ടു . ആ അന്വേഷണ പന്ഥാവിൽ ഒന്നാണ് ഇന്നു നമ്മൾ സയൻസ് എന്ന് വിളിക്കുന്ന അറിവുകളുടെ ഒരു പെരുവഴി . അതുപോലെ സാഹിത്യവും സാമൂഹ്യ പാഠങ്ങളും , വരകളും വർണ്ണങ്ങളും , വാക്കുകളും ചിന്തകളുടെ ഉടുവഴികളും മറു വഴികളും പുതു വഴികളുമൊക്കെ ചേർന്നതാണ് മനുഷ്യന്റ അന്വഷണങ്ങൾ . അവയെന്നും പരിധികൾക്കും വരുതികൾക്കുനുമപ്പുറം അനുസരണകെടുകളിൽ കൂടി കയറി ഇറങ്ങി പോയി വ്യവസ്ഥകളെ പൊളിച്ചെഴുതിയാണ് മനുഷ്യൻ ആശയ പ്രയോഗങ്ങളുടെ ചരിത്ര പന്ഥാവുകൾ രൂപപെടുത്തിയത് .
അതുകൊണ്ട് തന്നെ അറിവിന്റ അവസാനത്തെ അത്താഴങ്ങൾ ഏതെങ്കിലും ഒരു ഡിഗ്രിയുടെ സാധുതയിൽ ഏതെങ്കിലും ശാസ്ത്ര 'സത്യങ്ങളുടെ ' അകമ്പടിയോടെ വിളമ്പുമ്പോൾ എന്നെപോലെയുള്ളവർ സംശയാലുക്കളായ ശ്ലീഹ അല്ലാത്ത തോമമാരാകും . ശാസ്ത്ര സത്യ വേദക്കാർ കോപിക്കരുത് . ശാസ്ത്ര പരിഷ ത്തുകാർ അവിശ്വാസികളോട് പൊറുക്കുക . ഹെറിറ്റിക്കുകളെ ക്രൂശിക്കുക എന്ന് മുറവിളി കൂട്ടാതിരിക്കുക.
ശാസ്ത്ര വിശ്വാസികളായ ഡോക്റ്റർ സുഹൃത്തുക്കൾ അവരുടെ തൊഴിൽ തുടരുക . ശാസ്ത്രഞൻമാർ എന്തെങ്കിലും പുതിയ അന്വഷണ വഴികൾ പറഞ്ഞു തരിക .
അറിവ് അന്തവും കുന്തവുമില്ലാതെ ഇങ്ങനെ പല തരത്തിൽ പല തലത്തിൽ ഒഴുകി ഒർമകളിലൂടെ ഊളയിട്ട് ഒഴുകി മനസ്സിനെ മാറ്റി കൊണ്ടേയിരിക്കും . പല വിഖ്യാത കണ്ടു പിടുത്തങ്ങളും യാദൃച്ഛികമായി തിരിച്ചറിഞ്ഞ് യുറേക്കാ എന്ന് വിളിച്ചു പറഞ്ഞാണ് അറിവിന്റ വഴികളിലേക്ക് വന്നത് . മനുഷ്യനും അറിവുകളും അന്വേഷണങ്ങളും മാറികൊണ്ടിരിക്കും. അടുത്ത മുപ്പത് കൊല്ലത്തിൽ ഇപ്പോഴുള്ള പല തൊഴിലുകളും മെഷിൻ മാറുന്നതനുസരിച്ചു് വീണ്ടും മാറും.
ജെ എസ് അടൂർ

No comments: