കേരളത്തിലും രാജ്യത്തും എന്തൊക്കെ പ്രശനങ്ങൾ ഉണ്ട്. സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ, പീഡനങ്ങൾ, ബലാൽസംഗങ്ങൾ കേരളത്തിലും രാജ്യത്തും കൂടുകയാണ് . ഇതിന് എതിരെ പ്രതീകരിക്കുവാനും തെരുവിൽ ഇറങ്ങാനും സ്ത്രീകളെയും പുരുഷന്മാരെയും അധികം കാണാറില്ല. കേരളത്തിൽ കാണാറേയില്ല. പെട്രോളിന് ലോകത്തു ഇല്ലാത്ത വില. രൂപയുടെ മൂല്യം അനുദിനം താഴോട്ട്. അതിന് എതിരെ പ്രതീകരിക്കുവാനും ആളില്ല.
ഇപ്പോൾ കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ പ്രശ്‌നം ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ആണെന്ന് തോന്നും.. ഇതിന് എതിരെ ഉറഞ്ഞു തുളളുന്നത് കേരളത്തിലെ യാഥാസ്ഥിക പ്രതിലോമ പുരുഷ മേല്കോയ്മയുടെ വക്താക്കളായ ഒരു ചെറിയ വിഭാഗമാണ്. ഇവർ എന്നും തുല്യതക്കായുള്ള എല്ലാ സാമൂഹ്യ മാറ്റത്തിനും എതിരായിരുന്നു. പലപ്പോഴും ആൺകോയ്മയുടെ ഏറ്റവും വലിയ വക്താക്കൾ സ്ത്രീകളാണ്.
ഇന്ന് സ്ത്രീകൾ അടക്കം തെരുവിൽ ഇറങ്ങുന്നത് യാഥാസ്ഥിതിക പുരുഷ സവർണ ജാതി മേധാവിത്ത വ്യവസ്ഥിതിയുടെ ആൾക്കൂട്ടമായാണ്. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിലെ മനസ്ഥിതിയുമായി ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ് മനുഷ്യ ജന്മത്തിന് നിദാനമായ ആർത്തവത്തെ പോലും അശുദ്ധമായി കാണുന്നത്. ആർത്തവം ഏറ്റവും ഉദാത്തമായ ജീവസുറ്റ ജൈവീക പ്രക്രിയയാണ്. ഞാനും നിങ്ങളുമെല്ലാം ജനിച്ചത് ആർത്തവ ഹേതുവായാണ്. അതുകൊണ്ട് തന്നേ മനുഷ്യ പ്രത്യുൽപ്പാദനത്തിന്ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ആർത്തവം അശുദ്ധമാണ് എന്ന് വരുത്തുന്നത് പുരുഷ ലൈംഗീക മേധാവിത്തത്തിന്റെ മൂരാച്ചി വേഷങ്ങളാണ്.
കേരളത്തിൽ നവ യാഥാസ്ഥിക സവർണ്ണ ജാതി മത പുരുഷമേൽക്കോയ്‌മ മനസ്ഥിതികൾക്കെതിരെ ഒരു പുതിയ സാമൂഹിക മുന്നേറ്റം ആവശ്യമാണ്. ജാതി മത വർഗീയ രാഷ്ട്രീയത്തിന് എതിരെ പോരേണ്ട പല രാഷ്ട്രീയ കക്ഷികളും നേതാക്കളും ഇന്ന് അഴകൊഴമ്പൻ രാഷ്ട്രീയത്തിന്റെ വക്താക്കളും പ്രതിലോമ ശക്തികളുടെ താക്കോൽ സൂക്ഷിപ്പ് കാരുമായിരിക്കുന്നു . നിലപാടും മൂല്യ വ്യവസ്ഥകൾ എല്ലാം വോട്ട് തേടി പോകുന്നവർക്ക് പ്രശ്നമല്ല.
സ്വന്തം രാഷ്ട്രീയ പ്രത്യയ ശാസ്ത്ര മൂല്യങ്ങളിൽ വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് കൂട്ടത്തിൽ പാടുകയും കണ്ടത്തിൽ പൂട്ടുകയും ചെയ്യുന്ന അവസര വാദ വോട്ട് രാഷ്ട്രീയക്കാർ കളത്തിൽ ഇറങ്ങുന്നത്. അവർ കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് നിദാനമാകില്ല. ഭരണ അധികാര സുഖ് സ്വപ്നങ്ങൾ മാത്രമുള്ളവർക്ക് പുതു വഴികളും മറു വഴികളും തേടി സാമൂഹിക മുന്നേറ്റം കൊണ്ടുവരാൻ സാധിക്കില്ല. സ്റ്റാറ്റസ് കോ യുടെ വക്താക്കൾ കേരളത്തെ മുന്നോട്ടല്ല പിറകോട്ടാണ് കൊണ്ട് പോകുവാൻ ശ്രമിക്കുന്നത്.
കേരളത്തിൽ ഒരു പുതിയ നവോതഥാന പ്രസ്ഥാനത്തിന് സമയമായി.
ജെ എസ് അടൂർ
No comments:
Post a Comment