Tuesday, October 16, 2018

ആചാര കോൺഗ്രെസ്സുകാരോട് പറയാനുള്ളത്.


ആചാര അനുഷ്ഠാനങ്ങൾ ആരാണ് ഉണ്ടാക്കുന്നത്? ജാതി വിവേചനവും തൊട്ട് കൂടായ്മയും ആചാരമായിരിന്നു. ബ്രാമണർക്ക് സർക്കാർ ചിലവിൽ ഊട്ടുപുര നടത്തിയതും ആചാരമായിരുന്നു.ജാതി വ്യവസ്ഥയുടെ പേരിൽ ഭൂരിപക്ഷം സ്ത്രീകളും മാറു മറക്കരുത് എന്ന തിട്ടൂരം ആചാരമായിരുന്നു. ഊഴിയ വേലയും അടിമപണിയും ഒരു കാലത്തെ ആചാരങ്ങൾ ആയിരുന്നു. കൂലി കൊടുക്കാതെ ജോലിയെടുപ്പിക്കുന്നത് ആചാരമായിരിന്നു..തമ്പ്രാ എന്നും തമ്പ്രാട്ടി എന്നും വിളിക്കുന്നത് ആചാരമായിരിന്നു. സ്ത്രീകൾക്ക് വോട്ടില്ലാത്തതും ആചാരമായിരുന്നു. ജന്മിത്ത വ്യവസ്ഥ ആചാരമായിരിന്നു.
ജനായത്ത വ്യവസ്ഥയും മനുഷ്യ തുല്യതക്കും സ്ത്രീകൾക്കും എല്ലാ ജാതി മത വ്യവസ്ഥക്കും അതീതമായി തുല്യ മനുഷ്യ അവകാശങ്ങൾക്കുമുള്ള ജനായത്ത മുന്നേറ്റം വന്നപ്പോഴാണ് ദിവ്യ ആചാരങ്ങൾ പലതും അനാചാരങ്ങളും അന്ധ വിശ്വാസങ്ങളുമാണ് എന്നറിഞ്ഞു മനുഷ്യനും മനസ്ഥിതിയും സമൂഹവും മാറിയത്. കാലാനുസൃതമായി മാറ്റങ്ങൾ മനസ്സിലും സമൂഹത്തിലുമുണ്ടാകുമ്പോഴാണ് സാമൂഹിക മനസ്ഥിതിയും മാറുന്നത്.
ഗാന്ധിയുടെയും നെഹ്രുവിന്റെയും കോൺഗ്രസ് മാറ്റങ്ങൾക്കു വേണ്ടി നിലകൊണ്ട നിലപാടുകളും, സ്ത്രീ -പുരുഷ തുല്യതയിലും വിശ്വസിച്ചു, എല്ലാവരുടെയും സ്വാതത്ര്യത്തിന് വേണ്ടി നിലകൊണ്ട പാർട്ടിയാണ്. ശ്രീ നാരയാണ ഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനും ഇടതു പക്ഷ പ്രസ്ഥാങ്ങളും എല്ലാം മനുഷ്യ തുല്യതക്കു വേണ്ടിയാണ് പോരാടിയത്. അങ്ങനെയാണ് കേരള സമൂഹത്തിൽ വിദ്യാഭ്യാസവും വിവരവും, വിവേചനങ്ങൾക്കെതിരായ മാറ്റങ്ങളും ഉണ്ടായത്. അംബേദ്‌കർ ഒരു ജീവിതകാലം മുഴുവൻ പോരാടിയത് അനാചാരങ്ങൾക്കും അനീതി നിറഞ്ഞ ജാതി വ്യവസ്ഥക്കെതിരായി എല്ലാ മനുഷ്യർക്കും മുള്ള തുല്യ നീതിക്കും സ്വാതന്ത്ര്യത്തിന് വേണ്ടിയുമാണ്.
എല്ലാ മനുഷ്യർക്കും അവരവരുടെ വിശ്വാസങ്ങൾ പാലിക്കുവാൻ അവകാശമുണ്ട്. അവരവരുടെ വിശ്വാസമനുസരിച്ചു അമ്പലത്തിലും പള്ളിയിലും പോകാനും പോകാതിരിക്കാനും അവകാശമുണ്ട്. അത് സ്ത്രീകളായാലും പുരുഷന്മാരായാലും തീരുമാനിക്കേണ്ടത് അവരവർ ആണ്. ചിലർക്ക് ചില സ്ഥലങ്ങളിൽ പോകാൻ അവരുടെ വിശ്വാസം അനുവദിക്കുന്നില്ലെങ്കിൽ പോകാതിരിക്കാനുള്ള അവകാശവുമുണ്ട്. ചുരുക്കത്തിൽ ഓരോ മനുഷ്യരുടെയും വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശാമല്ല ഇവിടെ പ്രശ്‌നം. എന്നാൽ ആ വിശ്വാസങ്ങളുടെ പേരിൽ സ്ത്രീകളെ വിവേചിക്കുന്നതും സ്ത്രീകൾക്ക് ആർത്തവ അശുദ്ധി ചാർത്തി കൊടുക്കുന്നതും അനാചാരമാണ്. സ്ത്രീകൾക്ക് പള്ളികളിലും അമ്പലങ്ങളിലും പ്രവേശനം നിഷേധിക്കുന്നതും രണ്ടാം തരം മനുഷ്യരായും മാമൂലുകളുടെ പേരിൽ വിവേചിക്കുന്നതും പുരുഷാധികാര പുരോഹിത വ്യവസ്ഥയും അതിനുള്ളിൽ ഇന്നുമുള്ള ആൺകോയ്‌മ അധികാരത്തിന്റെ നാണമില്ലാത്ത വക്താക്കളുമാണ്.
അങ്ങനെ ആൺകോയ്‌മ അധികാര അഹങ്കാര നവ യാഥാസ്ഥിക പ്രതിലോമ രാഷ്ട്രീയത്തിന്റെ വക്താക്കളാണോ കേരളത്തിലെ കൊണ്ഗ്രെസ്സ് നേതാക്കൾ?
കേരളത്തിലെ ചില കൊണ്ഗ്രെസ്സ് നേതാക്കളുടെ നിലപാടുകൾ പ്രതിലോമ നവ യഥാസ്ഥിക, ഗാന്ധി -നെഹ്‌റു വിരുദ്ധ നിലപാടുകൾ ഇരിക്കുന്ന കൊമ്പ് മുറുക്കുന്ന രാഷ്ട്രീയമാണ് എന്നവർക്ക് അറിയാത്തതാണ് ഇന്നത്തെ കോൺഗ്രസിന്റെ ട്രാജഡി. പലപ്പോഴും കാറ്റിന് ഒപ്പം തൂറ്റുന്ന, ഒഴുക്കിന് ഒപ്പം നീന്തുന്നത് താൽക്കാലിക ലാഭവും വോട്ട് മൈലേജുമാണ് എന്ന് തോന്നാം. പക്ഷെ അവസര വാദ വോട്ട് രാഷ്ട്രീയം കോൺഗ്രസിനെ പല സംസ്ഥാനത്തും അല്പ ലാഭം പേരും ഛേദം എന്ന അവസ്ഥയിലേക്കാണ് എത്തിച്ചത് എന്നാണ് രാഷ്ട്രീയ ചരിത്രം.
ബി ജെ പി യോട് മത്സരിക്കണ്ടത് അവരെ അനുകരിച്ചല്ല എന്ന് കൊണ്ഗ്രെസ്സ് കാർ മനസ്സിലാക്കിയില്ലെങ്കിൽ മറ്റു പല സംസ്ഥാനങ്ങളിലും കൊണ്ഗ്രെസ്സ് നേരിട്ട ദുര്യോഗമാണ് ആ പാർട്ടിയെ കാത്തിരിക്കുന്നത്. പലപ്പോഴും ഒറ്റ നോട്ടത്തിൽ സ്‌കോർ ചെയ്തു അല്ലെങ്കിൽ മൈലേജ് ഉണ്ടാക്കി എന്ന് തോന്നുമ്പോഴും ചില വഴികൾ കൊണ്ട് പോകുന്നത് മരുഭൂമികളിലേക്കാണ് എന്ന് മറക്കാതിരിക്കുക. എവിടൊക്കെ കൊണ്ഗ്രെസ്സ് ബി ജെ പി യെ അനുകരിച്ചു അഴകൊഴമ്പൻ യാഥസ്ഥിക രാഷ്ട്രീയമെടുത്തോ അവിടെല്ലാം പിന്നെ കസേര കണ്ടിട്ടില്ല. മധ്യ പ്രദേശും മഹാരാഷ്ട്രയും ഗുജറാത്തും യു പി യും എല്ലാം ഉദാഹരണങ്ങളാണ്. കണ്ടറിഞ്ഞേൽ കൊണ്ടറിയുമ്പോൾ മനസ്സിലാകും. ബി ജെ പി യുടെ ബി ടീമാണ് എന്ന് ആളുകൾക്ക് തോന്നുമ്പോൾ കുറെ പേർ എ ടീമിലൊട്ടു കാല് മാറും. കെ സി പന്ത് മുതൽ നജ്മ ഹെപ്തുള്ളയും എസ് എം കൃഷ്ണയും വരെ. ബാക്കിയുള്ളവർ ടീമിൽ നിന്നും വെളിയിൽ പോയി കളം മാറി കളിക്കും. അവസാനം ഗ്രൂപ്പും വഴക്കുമായി കൊണ്ഗ്രെസ്സ് ഒരു വഴിക്കായി കളിച്ചു കളിച്ചു കളത്തിന് പുറത്തായി. മിക്ക സംസ്ഥാനങ്ങളിലും പറ്റിയത് ഇതൊക്കെ തന്നെയാണ്.
കുറെ നേതാക്കളുടെ വ്യക്തിഗത അധികാര സ്വപ്നങ്ങൾക്കപ്പുറം സമൂഹത്തെക്കുറിച്ചു സ്വപ്‌നങ്ങൾ ഇല്ലാതാകുമ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത്. പ്രത്യശാസ്ത്ര ബോധം തല്ലിക്കെടുത്തി, വോട്ടിന് വേണ്ടി ജാതി മത ശക്തികളുടെ വോട്ട് നോക്കി മാത്രം അവസരവാദികളായ ആചാര -അനുഷ്ഠാന കൊണ്ഗ്രെസ്സ് ആയി ചുരുങ്ങിയതാണ് കൊണ്ഗ്രെസ്സ് നേരിടുന്ന അസ്തിത്വ വെല്ലുവിളി.
ഒടുവിൽ കക്ഷത്തിൽ ഉള്ളതും പോകും ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടുകയില്ല എന്ന സ്ഥിതിയിലാകും കോൺഗ്രസിന്റെ ഈ കുറുക്കു വഴി കുറുക്കൻ ബുദ്ധി വോട്ട് രാഷ്ട്രീയം. അല്പ ലാഭം എന്ന് പ്രത്യക്ഷത്തിൽ തോന്നുന്നത് വൻ നഷ്ടങ്ങളിൽ പോയതാണ് കോൺഗ്രസിന്റെ കഴിഞ്ഞ ഇരുപത്തി അഞ്ചു കൊല്ലത്തെ ചരിത്രം എന്ന് മറക്കണ്ട. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചു കലക്ക വെള്ളത്തിൽ വീണു ചത്ത ചരിത്രമുണ്ട്. പറഞ്ഞില്ലന്നു വേണ്ട. പറയാതെ വയ്യ.
ജെ എസ് അടൂർ

No comments: