ഏന്ത് കൊണ്ട് ഞാൻ കൊച്ചി സമരത്തിനൊപ്പം ?
ഭരണത്തിൽ ഇരിക്കുന്നവർക്കും അവരുടെ ശിങ്കിടികൾക്കും ഏത് സമരവും അരോചകവും ദുരുദ്ദേശപരവുമാണ് . ആ കാര്യത്തിൽ കേന്ദ്രത്തിലും കേരളത്തിലും എല്ലായിടത്തും അധികാര ഭരണ കാര്യസ്ഥൻമാരെല്ലാം ഒരുപോലെയാണ് . അവരുടെ ഭരണ സുഖ സ്വർഗ്ഗത്തിലെ കട്ടുറുമ്പുകളാണ് എല്ലാ സമരക്കാരും .
പിന്നെ ചിലർക്ക് സമരത്തിൽ ഇരിക്കുന്നവരുടെയും അവിടെ പോകുന്നവരുടെയും ജാതിയും ജാതകവും ജനിതകവും അറിയണം , മതവും മദപ്പാടുമാറിയണം .സമരം സർക്കാരിനെയോ പോലീസിനെയോ അധികാര അഹങ്കാര സംവിധാങ്ങളെയോ ചോദ്യം ചെയ്‌താൽ അവരെ അർബൻ നക്‌സൈറ്റുകളോ ഇസ്ലാമിസ്റ്റുകളോ, അല്ലെങ്കിൽ വേറെ പണിയില്ലാത്ത സ്ഥിരം സമരക്കാരായ മനുഷ്യവകാശ പ്രവർത്തകാരെന്നോ പറഞ്ഞ് അവരുടെ സാധുതയെ തന്നെ ചോദ്യം ചെയ്യും . അവർ മാത്രമാണ് 22ക്യാററ്റോഡ് കൂടി വർഗീയതക്കു എതിരെ നിൽക്കുന്നു എന്ന് ഒരു വല്ലാത്ത സ്വയം നീതികരണവും നടത്തി ആളാകും .
ചിലർക്ക് പ്രതി പക്ഷത്തിരിക്കുമ്പോൾ ഏതിനും എന്തിനും സമരം ചെയ്യുന്നതും ഹർത്താൽ വിളിക്കുന്നതും 'ജനപക്ഷ ജനകീയ " സമരം , ഭരണ പക്ഷത്തായാൽ ദുരുദ്ദേശ ഇച്ചീച്ചി സമരം .
ഞാൻ കൊച്ചിയിലെ സമരത്തിനൊപ്പമാണ് . കാരണം അത് അധികാര അഹങ്കാര വ്യവസ്ഥിതിയെയും പുരുഷ മേധാവിത്ത മനസ്ഥിതിയെയും ചോദ്യം ചെയ്യുന്ന ഒന്നാണ് . ബിഷപ്പ് ഫ്രങ്കോ നിയമ ലംഘനം നടത്തിയോ പീഡനം നടത്തിയോ എന്നൊക്കെ കോടതിയാണ് തീരുമാനിക്കേണ്ടത് .
അതല്ല ഇവിടെ പ്രശ്‌നം. സാധാരണക്കാരന് ഒരു പോലീസ് വരേണ്യ അധികാര വ്യവസ്ഥയുടെ ഭാഗമായവർക്ക് വേറൊരു നീതി എന്ന അധികാര വ്യവസ്ഥയുടെ ഇരട്ടത്താപ്പാണ് . ഒരിടത്തു അധികാര അഹങ്കാര പണ ശക്തിയും മറ്റൊരിടത്തു ഇതൊന്നും ഇല്ലാത്ത ഇതിന്റഎല്ലാം തിക്തഫലം അനുഭവിക്കുന്ന സ്ത്രീകൾ . അത് കൊണ്ട് തന്നെ ഞാൻ അവരോടൊപ്പമാണ് .
പിന്നെ 'കന്യാക 'സ്ത്രീകൾ എന്നത് തന്നെ പുരുഷ മേധാവിത്ത വ്യവസ്ഥയുടെ കത്തോലിക്കാ അധികാര അകത്തളങ്ങളിൽ പാർശ്വവൽക്കരിക്കപെട്ടു , അവിടുത്തെ 'വിശുദ്ധ ' ആൺമേല്കോയ്മൾക്ക് വിധേയരായി 'അനുസരണയോടെ' ഊഴിയ വേല ചെയ്യാൻ വേണ്ടിയുണ്ടാക്കിയ ഒരു അന്യായ വ്യവസ്ഥയാണ് . അതിന് യേശുവുമായോ സുവിശേഷവുമായോ എന്തെങ്കിലും ബന്ധമുള്ളതായി അറിയില്ല . ആ വ്യവസ്ഥയുടെ ചരിത്രം പഠിച്ചാൽ അത് എന്തിന് വേണ്ടി എങ്ങനെയുണ്ടായി എന്നറിയാം . അങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ട, പുരുഷ അധികാര വ്യവസ്ഥിയുടെ അകത്തളങ്ങളിൽ നിന്ന് തെരുവിൽ ഇറങ്ങി നീതിക്കു വേണ്ടി നിലവിളിക്കുമ്പോൾ ഞാൻ അവർക്കൊപ്പം ആണ് .
കാരണം പീഡിതരും ദുഖിതരുമായുള്ളവരുടെ കൂടെ നിൽക്കണം എന്നാണ് യേശു എന്നെ പഠിപ്പിച്ചത് . യേശു പഠിപ്പിച്ച സ്നേഹവും നീതിയും ന്യായവും ഒക്കെ എല്ലാ ദിവസവും ഹനിക്കപ്പെടുന്ന ഒരു വ്യവസ്ഥിതിക്ക് എതിരെയാണവർ സഹന സമരം ചെയ്യുന്നത് . അവർക്ക് സമരം ചെയ്യാനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടന കൊടുക്കുന്നുണ്ട് .
പിന്നെ അധികാര അഹങ്കാര വ്യവസ്ഥയുടെ ഭാഗമായി എല്ലാ കക്ഷി രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ ശിങ്കിടികൾക്കും സൈബർ ന്യായീകരണ സേനകൾക്കും ഒക്കെ അവരവരുടെ പാർട്ടി വ്യവസ്ഥാപന താല്പര്യങ്ങൾക്ക് അപ്പുറം ഉള്ള എല്ലാ സമരങ്ങളും 'അരാഷ്ട്രീയ 'മാണ് . അങ്ങനെ സമരം ചെയ്യുന്നവരെല്ലാം അപകടകാരികൾ ആണ് എന്ന് ചില അധികാര ശിങ്കിടികൾ ആണയിടും . എന്നാൽ അതിനെ ഞാൻ കാണുന്നത് വിയോജിപ്പ് രേഖപ്പെടുത്താനുള്ള അധികാര അഹങ്കാരങ്ങൾക്കപ്പുറമുള്ള പൗരവകാശ രാഷ്ട്രീയമാണ് ; സിവിക് പൊളിറ്റിക്സ് ആണ് . സിവിക് പൊളിറ്റിക്സ് ജനാധിപത്യത്തിന് അത്യാവശ്യമാണ് അത് കൊണ്ട് ഞാൻ സമരം ചെയ്യുന്നവർക്കൊപ്പമാണ് .
സ്ത്രീകൾക്ക് തുല്യതയും നീതിയും ന്യായവും അവകാശപെട്ടുകൊണ്ടുള്ള എല്ലാ സമരങ്ങൾക്കും ഒപ്പമാണ് . അത് കൊണ്ട് ഞാൻ കൊച്ചിയിലെ സമരത്തിന് ഐക്യ ദാർഢ്യവും സോളിഡാരിറ്റിയും കൊടുക്കും .
ബിഷപ്പ് ഫ്രാങ്കോ എന്ന് പറയുന്നത് ഒരു ളോഹ അണിഞ്ഞു അഭിനവ സെലിബ്റ്റ് ചമയുന്ന ഒരു ആൽഫ മെയിൽ മാത്രമല്ല . അത് ഒരു അധികാര അഹങ്കാര ആൺകോയ്‌മ വരേണ്യ വ്യവസ്ഥിയുടെ ആൺ രൂപമാണ് . അങ്ങനെ 1500 കോല്ലങ്ങളിൽ വളർന്നു തഴച്ചു ഒരു വ്യവസ്ഥിതിക്കു കിട്ടുന്ന പ്രിവിലേജുകൾ ഇവിടുത്തെ സാധാരണകാരനും ലോക്കപ്പ് മർദ്ദനം എക്കുന്നവർക്കും കിട്ടുന്നില്ല എന്നത് എല്ലാവര്ക്കും തുല്യ നിയമ പോലീസ് വ്യവസ്ഥ അല്ല എന്ന് സാധാരണക്കാരെ അലോസരപ്പെടുത്തും
.അവർ ചോദ്യങ്ങൾ ചോദിക്കും . അത് കൊണ്ട് കൊച്ചിയിലെ സമരം ജനായത്ത സമൂഹത്തിന് വേണ്ടിയും എല്ലാവർക്കും തുല്യ നീതിക്കു വേണ്ടിയുമാണ് . ഞാൻ അവർക്കൊപ്പമാണ് .
ജെ എസ് അടൂർ
No comments:
Post a Comment