Sunday, April 22, 2018

ഫേസ് ബുക്ക്‌ സമീപനങ്ങൾ


ഞാൻ അനുകൂലിക്കുന്നതും എതിർക്കുന്നതും ആശയങ്ങളെയും, നിലപാടുകളെയും, പ്രവർത്തികളെയുമാണ്. അല്ലാതെ അതു പറയുന്ന മനുഷ്യരെ അല്ല. യോജിക്കാവുന്ന കാര്യങ്ങളിൽ യോജിക്കുക്കുകയും വിയോജിക്കുന്ന കാര്യങ്ങളിൽ വിയോജിക്കുകയും ചെയ്യും. . മനുഷ്യരെല്ലാരും പല കാരണങ്ങളാൽ പല രീതിയിൽ ചിന്തിക്കുന്നവരും സമീപനങ്ങളും, നിലപാടുകളും ഭാഷ പ്രയോഗങ്ങളും ഉള്ളവരൂമാണ്. ബഹു ജനം പലവിധം. പലരോടും പല കാര്യങ്ങളിൽ യോജിക്കുന്നവർ മറ്റു കാര്യങ്ങളിൽ യോജിക്കണം എന്നില്ല. അതു കൊണ്ടു തന്നെ എല്ലാവരും എല്ലാം കാര്യങ്ങളിലും യോജിക്കണം എന്നില്ല. ഞാൻ ചിന്തിക്കുന്നത് പോലെയും പ്രതീകരിക്കുന്നത് പോലെയും എല്ലാവരും പ്രതികരിക്കണം എന്ന് ഒരു നിർബന്ധവുമില്ല. മറ്റുള്ളവർ പ്രതീകരിക്കുന്ന രീതിയിലും ഭാഷയിലും ഞാനും പ്രതീകരിക്കണം എന്ന പ്രതീക്ഷയും വെണ്ട.
എന്റെ സമീപനം ആളുകളോട് ചില ആശയങ്ങളിലും സമീപനങ്ങളിലും വിയോജിക്കുമ്പോൾ തന്നെ ആ ആളിനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതാണ്. തെറ്റ് എന്ന് എന്റെ മൂല്യ ആശയ കാഴ്ച്ചപ്പാട് എനിക്ക് ബോധ്യമാക്കി തന്നതിനെ നിശിതമായി വിമർശിക്കുമ്പോഴും എനിക്ക് ആ ആളിനോട് വെറുപ്പില്ല. പിണറായി വിജയൻ, എന്ന മനുഷ്യനോട് എനിക്കു തികഞ്ഞ സ്നേഹവും ബഹുമാനവുമാണ്. എന്നാൽ കേരള മുഖ്യമന്ത്രിയെയും സർക്കാരിനെയും ബഹുമാനത്തോടെ വിമർശിക്കുക എന്നത് എന്റെ പൗരധർമം ആണ് എന്ന് ഞാൻ കരുതുന്നു. കേന്ദ്ര സർക്കാരിനോടും അതെ നിലപാട് ആണ്. അതു ആര് ഭരിച്ചാലും. വ്യക്തികളോട് വെറുപ്പും വിദ്വേഷവും ഇല്ലാതെ അവരുടെ നിലപാടുകളെയും അവർ ഉൾപ്പെടുന്ന രാഷ്ട്രീയ സാമൂഹിക സ്ഥാപനങ്ങളെയും പാർട്ടി നിലപാടുകളെയും വിമർശിക്കാം എന്നതാണ് എന്റെ സമീപനവും നിലപാടും.
നിശിതമായ വിമർശന നിലപാടുകൾ എടുക്കുമ്പോഴും മനസ്സാ വാചാ കർമണാ ഹിംസയില്ലാതെയും കലിപ്പ് ഇല്ലാതെയും പെരുമാറാൻ സാധിക്കും എന്നതാണ് എന്റെ അനുഭവങ്ങൾ. എന്റെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടിന് കടക വിരുദ്ധമുള്ളവരിൽ പലരും ജീവിതത്തിൽ എന്റെ അടുത്ത കൂട്ടുകാരാണ് . കാരണം ഞാൻ മിക്ക മനുഷ്യരെയും ഒരു ബ്ലാക്ക് ആൻഡ് വൈയിട്ട് ബൈനറിയിൽ ഒതുക്കാൻ ഇഷ്ട്ടപെടുന്നില്ല. നമ്മളിൽ മിക്കവരും ഗ്രേ സോണിൽ ആണ് വ്യവഹരിക്കുന്നത്. സഹകരിക്കാവുന്നവരുമായി സഹകരിക്കാവുന്ന മേഖലയിൽ സഹകരിക്കുക. അല്ലാത്ത മേഖ യിൽ സഹകരിക്കാതെ മാറി നിൽക്കുക എന്നതാണ് നയം. ചിലർ ചില നിലപാടുകൾ ഒളിഞ്ഞോ തെളിഞ്ഞോ എടുത്താൽ ഞാൻ അവരുടെ ത്രെഡിൽ പോയി ചീത്ത വിളിക്കുകയോ പുച്ഛ ഭാഷയിൽ പ്രതീകരിക്കുകയോ ചെയ്യാറില്ല. കാരണം അതു കൊണ്ടു ആ ആൾ നിലപാട് മാറ്റില്ല. പിന്നെ വെറുതെ എന്തിനു കലിപ്പ് തീർത്തു സമയം കളയണം.
ഫേസ് ബുക്ക്‌ ഒരാളുടെ ജീവിതത്തിൽ ഒരു ചെറിയ പ്രതീകരണ ഇടം മാത്രമാണ്. അവിടെ ചില കാര്യങ്ങളിൽ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പക്ഷേ അത് മാത്രം വച്ചു ഞാൻ ഒരാളെ അളക്കാറും വിലയിരുത്താറുമില്ല.
കാരണം ഫേസ് ബുക്കിൽ കലിപ്പ് കാണിക്കുന്ന പലരും ജീവിതത്തിൽ അങ്ങനെ ആകണം എന്നില്ല. ഫേസ് ബുക്കിൽ മാന്യരായവർ ജീവിതത്തിൽ അങ്ങനെയാകണം എന്നില്ല. ഫേസ് ബുക്കിൽ പറയുന്നതിൽ കടക വിരുദ്ധമായി ജീവിക്കുന്നവരും കാണാം. അതൊക്കെ കൊണ്ടു തന്നെ ഇവിടെ എനിക്ക് ആരോടും പ്രത്യേക വെറുപ്പോ പ്രത്യേക സ്നേഹമൊ ഇല്ല. ഇതു ഞാൻ ഉപയോഗിക്കുന്നത് ഒരു പൊതു കമ്മ്യുണിക്കേറ്റിവ് സ്പേസ് മാത്രമായാണ്. ഞാൻ സുഹൃത്തുക്കളെ കൂട്ടുന്നതും കൂട്ട് ആകുന്നതും നേർ ജീവിതത്തിൽ നേരെ ചൊവ്വേയാണ്. അങ്ങനെ ആയിരക്കണക്കിന് സുഹൃത്തുക്കൾ ലോകമെമ്പാടും ഉള്ളതിനാൽ ഫേസ് ബുക്ക്‌ ഒരു ലിമിറ്റഡ് സ്പേസ് ആണെനിക്ക്. അതു കൊണ്ടു തന്നെ സോഷ്യൽ മീഡിയ ഞാൻ ഒരു മൊബിലൈസേഷൻ പ്ലാറ്റ് ഫോം ആയോ ഫാൻ ക്ലബ്‌ പ്ലാറ്റഫോമായോ, അനുയായി വൃന്ദത്തേഉണ്ടാക്കുവാനോ ഉപയോഗിക്കാറില്ല.
ഇവിടെ ഞാൻ മിക്കപ്പോഴും എഴുതുന്നത് ഒരു ഡയറി എഴുതുന്നത് പോലെയാണ്. അതു പെട്ടന്ന് പത്തു മിനിറ്റിൽ എന്റെ ഫോണിൽ മംഗ്ലീഷിൽ കീ ഇൻ ചെയ്യുന്നതാണ്. അതു കൊണ്ടു അക്ഷര പ്രശ്നങ്ങളുണ്ടെന്നും എനിക്കറിയാം . അതു പിന്നീട് സമയം കിട്ടുമ്പോൾ തിരുത്തുക എന്നതാണ് സമീപനം. പെർഫെക്ട് ഈസ് ദി എനിമി ഓഫ് ഗുഡ് എന്നതാണ് സമീപനം. സത്യത്തിൽ ഇതു തന്നെ മൂന്നു വാചകങ്ങൾ എന്ന് കരുതിയത് തുടങ്ങിയത് ഇവിടം വരെയെത്തി. അതിന് എത്ര ലൈക്ക് വരുന്നത് പോലും പ്രശ്നമല്ല. ഇതു ഞാൻ ബ്ലോഗിൽ എല്ലാ ആഴ്ച്ചയും ഡോക്കുമെന്റ് ചെയ്യും. ഫേസ് ബുക്ക്‌ ഒരു ഫ്‌ലീറ്റിങ് ലോകമാണ്. അതു കൊണ്ടു തന്നെ ഒന്നോ രണ്ടോ പോസ്റ്റ്കൾ കൊണ്ടൊക്കെ ഒരു യഥാർത്ഥ ആളെ വിലയിരുത്താൻ പ്രയാസമാണ്.
പിന്നെ ഒരു കാര്യം കൂടി പ്രായപൂർത്തിയായ ഒരാൾ ഒരു നിലപാട് എടുത്താൽ അതു ഫേസ് ബുക്ക്‌ പ്രതീകരണത്തിൽ കൂടി മാറ്റാം എന്നു ഞാൻ വിചാരിക്കുന്നില്ല. എത്ര പേർ എന്തൊക്കെ ന്യായീകരിച്ചാലും ആരെയും ഫേസ് ബുക്ക്‌ പ്രതീകരണങ്ങളിലൂടെ മാറ്റുവാൻ സാധ്യമല്ല എന്നാണ് എന്റെ സമീപനം. പലപ്പോഴും ന്യായീകരണ പോസ്റ്റുകൾ പലതും ഒരു ഇക്കോ ചേമ്പറിലെ ശബ്ദ കോലാഹങ്ങൾ മാത്രമാണ്. അതാതു ന്യായീകരണ സംഘങ്ങൾ പരസ്പരം ലൈക് അടിച്ചു പ്രോത്സാഹിപ്പിക്കും എന്നതിൽ കവിഞ്ഞു ഒന്നും സംഭവിക്കില്ല. ആരെയെങ്കിലും ആക്രമിച്ചു കൊണ്ടുള്ള പോസ്റ്റ്‌കളുടെയും സ്ഥിതി അതൊക്കെ തന്നെ.
അതു കൊണ്ടു ഫേസ് ബുക്കിൽ ഓടി നടന്ന് വാക്ക് പയറ്റു നടത്തി അടിപിടികൂടുന്നതും ചീത്ത വിളിക്കുന്നതും ചാപ്പകുത്തുന്നതും ട്രോളുന്നതും എല്ലാം നിരർത്ഥകമായുള്ള സമയം കൊല്ലി ഏർപ്പാടാണ്. പലരും അടക്കി വച്ചിരിക്കുന്ന കലിപ്പ് ഫേസ് ബുക്കിലായിരിക്കും തീർക്കുന്നത്. പലരും ശമ്പളം വാങ്ങി ഒരു സംഘത്തിനോ പാർട്ടിക്കോ ന്യായീകരണം നടത്തുവരായിരിക്കും. ചിലർക്ക് സ്വന്തം ജീവിതത്തിൽ രാഷ്ട്രീയ സാമൂഹിക പ്രവർത്തനം ചെയ്യാൻ സമയമോ സൗകര്യമൊ ഇല്ലെങ്കിൽ ഫേസ് ബുക്കിലായിരിക്കും അവരുടെ പ്രവർത്തന മേഖല. അതു ആയിക്കോട്ടെ!.അതിനു എനിക്ക് എന്ത്‌ ചേദം. അവരായി അവരുടെ പാടായി. അല്ലാതെ അവരെയൊന്നും ഫേസ് ബൂക്കിലൂടെ മര്യാദ പഠിപ്പിക്കാൻ സാധിക്കില്ല എന്നറിയാമെങ്കിൽ ഒരുപാട് സമയലാഭമുണ്ടാകും

No comments: