Sunday, April 22, 2018

നിലപാടുകൾ, സമീപനങ്ങൾ: ഡോഗ്മയും ബദലുകളും


മനുഷ്യരുടെ സമീപനങ്ങൾ അവരുടെ നോട്ടത്തിലും, കാഴ്ചകളിലും, വാക്കുകളിലും, പ്രവർത്തികളിലൂടെയാണ് തെളിവായി വരുന്നത്. അവരുടെ രാഷ്ട്രീയ സാമൂഹിക നിലപാടുകൾ അവർ എങ്ങനെയാണ് അവരുടെ ചുറ്റും സമൂഹത്തിലും രാജ്യത്തും ലോകത്തും നടക്കുന്ന സംഭവങ്ങളെ മനസ്സിലാക്കി എങ്ങനെ പ്രതികരിക്കുന്നു എന്നതിലൂടെയാണ് മറ്റുള്ളവർക്ക് മനസ്സിലാകുന്നത്.
നമ്മുടെ പല സമീപനങ്ങളും നിലപാടുകളും പെട്ടന്ന് ഉണ്ടാകുന്നതല്ല. അത് വീട്ടിലും നാട്ടിലും സ്‌കൂളിലും കോളേജിലും മറ്റുള്ള ഇടങ്ങളിൽ നിന്നും കണ്ടും കെട്ടും അറിഞ്ഞുമൊക്കെ പഠിച്ചതാണ്. അതിനു പറയുന്ന പേരാണ് സാമൂഹിക വൽക്കരണം അധവാ സോഷ്യലൈസെഷെൻ എന്നത്.
നമ്മുടെ പേരോ, ജാതിയോ, മതമോ, ഒന്നും നമ്മൾ തിരഞ്ഞെടുക്കുന്നതല്ല. സ്വയം പേര് കണ്ടെത്തുന്നവർ വളരെ വളരെ കുറവാണ്. പേരിടീൽ എന്നത് തന്നെ ഒരു കുട്ടിയുടെ സ്വതം ജാതി -മത ശ്രേണി സ്വതവുമായി കൂട്ടിയിണക്കി ഒരു ഐഡന്റിറ്റി ചാർത്തി കൊടുക്കുന്ന ഏർപ്പാട് ആണ്. ഒരു കുട്ടിയുടെ ജാതി -മത ഏർപ്പാട് ചോറൂണ്, മാമ്മോദീസ, സുന്നത്ത്, ഉപനയനം തുടങ്ങിയ ഏർപ്പാട്കളിലൂടെ ഉറപ്പിക്കും.
മനുഷ്യൻ ജനിക്കുന്നത് സ്വതന്ത്രനായിട്ടാണ്. പക്ഷേ പേരും നാളും ഇടുന്നത് മുതൽ അവരെ വിവിധ സത്വ -അസ്തിത്വങ്ങളിൽ തളച്ചു കുടുംബ -മത -ലിംഗ -ജാതി വ്യവസ്ഥയുടെ ചട്ടക്കൂട്ടിലാക്കി ചിട്ടപ്പെടുത്തി വരൂതിയിലാക്കിയാണ് സമൂഹം നമ്മെ നിയന്ത്രിക്കുന്നത്.
കോടിക്കണക്കിന് ബീജത്തിൽ ഒരു ബീജം ഒരു അണ്ഡത്തെ തേടിയുള്ള ഒട്ടമത്സരത്തിൽ ഒരു നാനോ സെക്കൻഡിൽ താഴെയുള്ള സമയത്തു നടക്കുന്ന ഒരു യാദൃച്ഛിക സങ്കലനത്തിൽ നിന്നാണ് നമ്മുടെ ലിംഗവും, നിറവും, ശരീര പ്രകൃതിയുമൊക്കെ സംഭവിക്കുന്നത്. ചുരുക്കത്തിൽ നമ്മുടെ ശാരീരിക അസ്തിത്വമോ സാമൂഹിക അസ്തിത്വമോ, സത്വമോ തീരുമാനിക്കുന്നതിൽ നമ്മൾക്കു വലിയ റോൾ ഇല്ല.
എന്നാൽ അറിവ് കോണ്ടും, തിരിച്ചറിവ്കൊണ്ടും ചിന്തിച്ചു, മനനം ചെയ്തും, കണ്ടറിഞ്ഞും, കേട്ടറിഞ്ഞും, കൊണ്ടറിഞ്ഞും, വാക്കുകളും അർഥങ്ങളും അറിഞ്ഞും സ്വയം അഴിച്ചു പണിതു മനസ്സിലും സമൂഹത്തിലും മാറ്റങ്ങൾ വരുത്തുവാൻ ഉള്ള ബുദ്ധിപരമായ കഴിവ് ആണ് മനുഷ്യനെ മറ്റു സാമൂഹിക മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ബോധവും ബോധ്യങ്ങളും അവയുടെ വിനിമയം വാക്കുകളിലൂടെയും ചിന്തയിൽ കൂടിയും സ്പുടം ചെയ്തു കൂട്ടായ്മയുണ്ടാക്കിയാണ് മനുഷ്യൻ മാറ്റങ്ങലുണ്ടാക്കുന്നത്. പക്ഷേ ഈ പ്രക്രിയകൾ പോലും നമ്മുടെ ചിന്ത സാമൂഹികവൽക്കരണത്തെ ആശ്രയിച്ചിരിക്കും.
മനുഷ്യൻ ജീവിക്കുന്നത് ഓർമ്മകളിലൂടെയാണ്. അങ്ങനെയുള്ള ഓർമ്മകൾക്കു വ്യക്തി അനുഭവങ്ങളുടെ തലമുണ്ട്. അതു കുട്ടിക്കാലം മുതൽ കണ്ടും, കെട്ടും, തൊട്ടും, പറഞ്ഞും, രുചിച്ചും എല്ലാം, ചുറ്റുമുള്ള മനുഷ്യരെയും മണ്ണിനെയും, വെള്ളത്തെയും, മരങ്ങളെയും, കിളികളെയും, മൃഗങ്ങളെയും, ഭക്ഷണത്തെയും ഭാഷയെയും അനുഭവിച്ചറിഞ്ഞ ഓർമ്മകളാണ്. ഓർമ്മകൾ ഇല്ലെങ്കിൽ ചിന്തയും, ഭാഷയും, മനുഷ്യനും ഇല്ല. അതുപോലെ ഓർമ്മകൾക്കു സാമൂഹിക, ഭാഷ, ഭൂതല, ഭൂതകാല, സാംസകാരിക തലവുമുണ്ട്. നമ്മളുടെ പല തരം സത്വ ബോധങ്ങളെ ബാധിക്കുന്നത് 'കൂട്ട ഓർമ്മകൾ ' അധവാ 'കളക്റ്റീവ് മെമ്മറി' യാണ്. പലപ്പോഴും നമ്മുടെ പല വിശ്വാസങ്ങൾ -മതം, ജാതി, ലിംഗ, ഭാഷ, രാഷ്ട്ര - ഈ കളക്ടീവ് മെമ്മറിയുടെ ഭാഗമാണ്. പലപ്പോഴും ഈ കളക്ടീവ് മെമ്മറി കുട്ടിക്കാലം മുതലേ കുടുംബവും, അതിലൂടെ മതങ്ങളും, പിന്നെ ജാതി, വർണ്ണ, ലിംഗ ഭേദങ്ങളും - നമ്മളെ പറഞ്ഞു ശീലിപ്പിച്ച ചില വിശ്വാസങ്ങളിലും പലപ്പോഴും അന്ധവിശ്വാസങ്ങളിലും അധിഷ്ഠിതമാണ്.
കളക്ടീവ് മെമ്മറി കാലത്തിനു അനുസരിച്ചു മാറും.
ഉദാഹരണത്തിനും ഇവിടെ നൂറ്റമ്പത് കൊല്ലം ജീവിച്ചിരുന്നവർക്ക് ഇന്ന് നമ്മൾ അറിയുന്ന ഇന്ത്യയോ കേരളമോ എന്ന സത്വ ബോധമോ കളക്റ്റിവ് മെമ്മറിയോ ഇല്ലായിരുന്നു.
അതുപോലെ നൂറു കൊല്ലം മുമ്പ് ഒരാൾക്ക് കമ്മ്യുണിസ്റ്റെന്നോ, ഗാന്ധിയൻ എന്നോ, ആർ എസ് എസ് എന്നോ, മാർക്സിസ്റ്റ്‌ എന്നോ ഉള്ള വിശ്വാസ ഓർമ്മകൾ ഇല്ലായിരുന്നു. പക്ഷേ കുടുംബ -മത -ലിംഗ ബന്ധങ്ങളുടെയും വിവേചനങ്ങളും എല്ലാം നമ്മുടെ കളക്ടീവ് മെമ്മറിയുടെ ഭാഗമാണ്.
പലപ്പോഴും നമ്മുടെ വിശ്വാസങ്ങളെ നിയന്ത്രിക്കുന്നത് ഇങ്ങനെ നമ്മൾ വീട്ടിലും നാട്ടിലും സ്‌കൂളിലും എല്ലാം പറഞ്ഞും, കണ്ടും കേട്ട് ശീലിച്ച കാര്യങ്ങളിൽ കൂടിയാണ്. ഇങ്ങനെയുള്ള വ്യക്തിഗത അനുഭവ ഓർമ്മകളിൽ കൂടിയും കളക്റ്റിവ് വിശ്വാസ ഓർമ്മകളിൽ കൂടിയുമാണ് ഭാഷയും വിശ്വാസങ്ങളും പ്രത്യാശ
കളും വ്യവഹരിക്കുന്നത്. എല്ലാം' ഒരു വിശ്വാസം ആല്ലേ ' എന്ന ചൊല്ലിൽ നിന്ന് തുടങ്ങുന്നു നമ്മുടെ പല യാഥാസ്ഥിക ബോധ്യങ്ങൾ. കാരണം മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്. വാക്കുകൾകോണ്ടും വിശ്വാസങ്ങൾ കോണ്ടും ഓർമ്മകൾ കോണ്ടും കൂടിയാണ്.
ഒട്ടു മിക്ക മനുഷ്യരും അവർ ചുറ്റുംപാടുകളിൽ നിന്ന് കണ്ടും കെട്ടും മനസ്സിൽ കയറികൂടിയ ആശയങ്ങളും വിശ്വാസങ്ങളും മുൻവിധിയുമായി സ്വരൂപിച്ചു അവർ അവരുടെ സത്വ ബോധമുണ്ടാക്കുന്നു. അതു പേരിൽ തുടങ്ങി പിന്നെ ചിന്തയുടെ വിവിധ വിശ്വാസതലങ്ങളിൽ കുടിയിരുന്ന് നമ്മളുടെ വാക്കുകളെയും പ്രവർത്തികളെയും സമീപനങ്ങളെയും നിലപാടുകളെയും നിയന്ത്രിച്ചു നമ്മൾ പോലും അറിയാതെ നമ്മെളെ വരുതിയിലാക്കും.
ഇങ്ങനെ നമ്മൾ പല രീതിയിൽ ആർജിച്ച അനുഭവ ഓർമ്മകൾക്കും വിശ്വാസ കൂട്ടഓർമ്മകൾക്കും വെളിയിൽ പോകാൻ മിക്കവരും മടിക്കും. കാരണം അതു നമ്മൾ ശീലിച്ച കംഫെറ്റ് സോണിന് വെളിയിൽ പോയി സ്വയം വിമർശനാത്മകമായി നമ്മളെ മൊത്തം അഴിച്ചു പണിയുക, ശീലിച്ച സത്വബോധങ്ങളെ തകർത്തു പുതിയ സ്വയ ബോധ്യങ്ങളും ബോധതലങ്ങളും ഉണ്ടാക്കുക എന്ന ദുഷ്‌കരമായ ഏർപ്പാടാണ്. സ്വന്തം സത്യാന്വേഷണ പരീക്ഷണങ്ങൾ നടത്തി സ്വയ ബോധതലങ്ങളെ മാറ്റി മറിക്കാൻ പലർക്കും കഴിയില്ല. അതു കൊണ്ടു തന്നെ ഭൂരിപക്ഷം മനുഷ്യരും കാന്ഫെമിസ്റ്റാണ്. നാട് ഓടുമ്പോൾ നടുവേ ഓടുന്നവർ. നാട് ഭരിക്കുന്നവർ പോകുന്ന വഴിയിൽ പോകുന്നവർ. അവർ പ്രചരിപ്പിക്കുന്ന വിശ്വാസങ്ങളും അവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഏറ്റെടുത്തു ചോദ്യങ്ങൾ സ്വയം ചോദിക്കാതെ ശീലിച്ചവർ.
അതു കൊണ്ടു തന്നെ ഒരു പാർട്ടി സത്വത്തിലോ ഒരു പ്രത്യശാസ്ത്ര വിശ്വാസ സംഹിതയിലോ മിക്കവരും കോൺഫെർമിസ്റ്റ് ആയാണ് വ്യവഹരിക്കുന്നത്. അതു അവരുടെ അസ്തിത്വ വിശ്വാസമാകുമ്പോഴാണ് അവർ പലപ്പോഴും ഡോഗ്മയുടെ തടവുകരാകുന്നത്. ഒരാളുടെ ചിന്തകളുടെ നിയന്ത്രണ രേഖകൾ നിയന്ത്രിക്കുന്നത് ഇങ്ങനെ ശീലിച്ച ഡോഗ്മ വിശ്വാസ ഓർമ്മ സഞ്ചയങ്ങളാണ്.
ഒരാൾ മാർക്സിസ്റ്റോ ആർ എസ് എസ്ഓ, ബി ജെ പി യോ കൊണ്ഗ്രെസ്സ് വിശ്വസിയോ ഒക്കെയാകുന്നത് പലപ്പോഴും നമ്മൾ ആർജിച്ചെടുത്ത ഡോഗ്മാകളിൽ കൂടിയാണ്. മതങ്ങളും രാഷ്ട്രീയ അധികാര സ്വരൂപങ്ങളും മനുഷ്യന്റ മനസ്സിനെ കീഴടക്കുന്നത്. ഇങ്ങനെ രൂപ പ്പെടുത്തിയ വിശ്വാസ ഡോഗ്മ സോഫ്റ്റ്‌വെയർ നമ്മുടെ ബൗദ്ധീക വ്യവഹാരങ്ങളുടെ ഒരു ഫിൽറ്റർ ആയി പ്രവർത്തിക്കും. അങ്ങനെ ആയാൽ നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നത് അറിയുന്നതും ആ ഡോഗ്മ ഫിൽറ്ററിലൂടെ. അതിനപ്പുറം ഉള്ളവരെ അന്യവൽക്കരിച്ചാണ് ഡോഗ്മ തന്നെ ഒരു കോമ്മൺസെൻസായി അതിനു വെളിയിൽ ഉള്ളവരെ ആക്രമിക്കുന്നത്.
അങ്ങനെ ഡോഗ്മ അന്ധവിശ്വാസികൾ അവരുടെ അസ്തിത്വ സത്വങ്ങൾക്ക് വെളിയിൽ ഉള്ളവരെ സംശത്തോട് കാണുകയോ, വേണ്ടി വന്നാൽ അക്രമിക്കുകയോ കൊല്ലുകയോ ചെയ്യാൻ മടിയില്ലാത്തവരാണ്. പലപ്പോഴും പല മത മൗലീകവാദികളും രാഷ്ട്രീയ പാർട്ടി മൗലീക വിശ്വാസികളും സോഷ്യൽ മീഡിയയിലും പുറത്തും അക്രമോൽസുകാരാകുന്നത് അവർ അവരവരുടെ മത -ജാതി ഡോഗ്മാകൾക്കും അവരുടെ പാർട്ടി അധികാര ഡോഗ്മകളിലും തളച്ചിടപ്പെട്ടതു കൊണ്ടാണ്. അതിനപ്പുറം ചിന്തിക്കാൻ കഴിവ് നഷ്ട്ടംപെട്ടവരാണ് പല മത അധികാര സ്വരൂപം ങ്ങളുടെയും രാഷ്ട്രീയ പാർട്ടി സ്വരൂപങ്ങളുടെയും അടിമകളോ അകമ്പടിക്കാരോ ആകുന്നത്. ന്യായീകരണ തൊഴിലാളികളിൽ ഭൂരിപക്ഷവും അവർ ശീലിച്ചതിനു അപ്പുറം കാണാനോ ചിന്തിക്കാനോ കഴിവ് ഇല്ലാത്തവരാണ്.
ഇങ്ങനെ ശീലിച്ചു എടുത്ത വിശ്വാസങ്ങളെയും ഡോഗ്മാകളെയും പുനർവിചാരണ ചെയ്യാൻ കഴിയുമ്പോഴാണ് അറിവുകളുടെയും തിരിച്ചറിവുകളുടെയും പുതിയ ബോധ ധാരകളും ജ്ഞാന -വിജ്ഞാന ഉറവകളും ഉയിരാവുന്നത്. അങ്ങനെ ചെയ്യാൻ നോൺ -കന്ഫെമിസ്റ്റ് സമീപനം എടുക്കുവാൻ ഉൾക്കരുത്തുള്ളവർക്കു മാത്രമെ സാധിക്കയുള്ളൂ.
അങ്ങനെ പഴയ ഡോഗ്മാകളെ ഉടച്ചുകളഞ്ഞു പുതിയ ചിന്തകളയും വിചാരങ്ങളെയും പുതുക്കിയാണ് മനുഷ്യൻ സ്വാതന്ത്ര്യമായി ചിന്തിച്ചും പ്രവർത്തിച്ചും പുതിയ ആശയ ധാരകളിൽ കൂടി മനസ്സിനെയും സമൂഹത്തെയും പുതുക്കി സാമൂഹിക പരിവർത്തനങ്ങളും നവോദ്ധാന ധാരകളും ഉരുവാകുന്നത്.
നമ്മൾ അറിയുന്ന സത്യങ്ങൾ പോലും അനുഭവ ഓർമ്മകളുടെയും വിശ്വാസഓർമ്മളുടെയും ഒരു വിശ്വാസ വിചാര രൂപമാണ്. അതു സമൂഹത്തിന്റെയും ശാസ്ത്രത്തിന്റെയും കാര്യത്തിലും അങ്ങനെയാണ്. ഐസക് ന്യൂട്ടന്റെ കാലത്തുള്ള സത്യം എന്നു വിശ്വസിച്ചതിൽ നിന്ന് മാറിയാണ് ഇന്ന് നമ്മൾ വിശ്വസിക്കുന്ന 'ശാസ്ത്ര സത്യങ്ങൾ '. ഇന്ന് നാം 'ഇന്ത്യക്കാർ ' എന്നതിൽ വിശ്വസിക്കുന്നു. നൂറ്റമ്പത് കൊല്ലം മുമ്പ് അങ്ങനെ അല്ലായിരുന്നു. നൂറു കൊല്ലം കഴിഞ്ഞു ഇങ്ങനെ ആകണം എന്നില്ല.
അതു പോലെ തന്നെയാണ് ഇന്ന് ഒരു പ്രത്യയ ശാസ്ത്രം മാത്രമാണ് ശരി എന്നു വിശ്വസിച്ചു ഉറച്ചിരിക്കുന്നവരും. അങ്ങനെയുള്ളവർ അല്ല ചിന്തയെയുംസമൂഹത്തേയും ലോകത്തെയും മാറ്റിയത്. അതിനു ആദ്യം വേണ്ടത് ഡോഗ്മയുടെയും പറഞ്ഞും കെട്ടും പഠിച്ച സത്യം രൂപങ്ങളുടെയും ശീല വിചാര വിശ്വാസങ്ങളുടെയും അപ്പുറം കാണുവാനും ചിന്തിക്കാനും ഉള്ള സ്വതന്ത്ര വിചാര ധാരകളാണ്..
അങ്ങനെയാണ് പുതിയ ബദലുകൾ പഴയതിനെ മാറ്റി സമൂഹത്തെയും മനുഷ്യനെയും പുതുക്കുന്നത്. കേരളത്തിനും ഇന്ത്യക്കും ലോകത്തിനും പുതിയ ബദലുകൾ ആവശ്യമാണ്. അതു കൊണ്ടു തന്നെ ഡോഗ്മകളെ തകർക്കുന്ന പുതിയ ചിന്തകളും പാഠ ഭേദങ്ങളും ബദൽ കൂട്ടായ്‌മകളും ജനീകീയ നവോദ്ധാനവും ആവശ്യമാണ്.
ജെ എസ് അടൂർ

No comments: