Wednesday, April 25, 2018

സമൂഹ മാധ്യമ വിചാരങ്ങള്‍

സമൂഹ മാധ്യമങ്ങൾ ഒരു പരിധി വരെ സമൂഹത്തി ന്റെ ക്രോസ്സ് സെക്ഷനാണ്. അതാത് ഭാഷസമൂഹത്തിൽ അവിടെയുള്ള മുൻവിധികളും, നിർമ്മിതമായ കോമ്മൺസെൻസും, രാഷ്ട്രീയ പദങ്ങളും, രാഷ്ട്രീയ ചായ്‌വും, ഭാഷ രീതികളും എല്ലാം വരും. മാന്യമായി എഴുതുന്നവരും പച്ചതെറി എഴുതുന്നവരുമുണ്ട്. മത മൗലീക വാദികളും, പാർട്ടി രാഷ്ട്രീയം തലക്കു പിടിച്ചവരും, ജാതി മത വിശ്വാസികളും രാഷ്ട്രീയ പാർട്ടി വിശ്വാസികളും ഇവിടെയുണ്ട്. വിവരമുള്ളവരും വിവരദോഷികളും.
അതെ സമയം ഇവിടെ നടക്കുന്ന ചർച്ചകളായിരിക്കില്ല മറ്റൊരു ഭാഷ സമൂഹത്തിൽ നടക്കുന്നത്. കേരളത്തിനു വെളിയിലുള്ള ഒരുപാട് പേര് എന്റെ ഫേസ്ബുക്ക്‌ സുഹൃത്തുക്കളാണ്. സി പി എം പാർട്ടി കൊണ്ഗ്രെസ്സ് ഒന്നും അവർക്ക് വിഷയമേ അല്ല. പലർക്കും അങ്ങനെ ഒരു കാര്യം നടന്നത് പോലുമറിയില്ല. മലയാള സമൂഹത്തിൽ മാത്രമാണ് അതു ചർച്ചയായത്. മലയാള സമൂഹത്തിൽ തന്നെ മുപ്പതു വയസ്സിൽ താഴെയുള്ളവർ ഇതൊന്നും ചർച്ചിച്ചു സമയം കളയില്ല. ഇരുപത്തി അഞ്ചിൽ താഴെയുള്ളവരുടെ വിഷയങ്ങൾ നാല്പത് കഴിഞ്ഞവരുടെ വിഷയങ്ങളിൽ നിന്ന് വിഭിന്നമാണ്. ഇരുപത്തി അഞ്ചു വയസ്സിൽ താഴെയുള്ളവരിൽ പലർക്കും ഒരു പാർട്ടിയിലും വിശ്വാസമില്ലാത്തവരാണ്
അതു പോലെ ഇവിടെകാണുന്ന പലതും എന്നേ അതിശയിപ്പിക്കുന്നു. എനിക്ക് നേരിട്ട് അറിയാവുന്ന ഒരാൾ ലിബറലാണ് എന്ന് ഞാൻ തെറ്റി ധരിച്ചു. അവരുടെ പോസ്റ്റുകൾ ഈ മാർച്ചോടെ കാവി നിറമായി. കാര്യം അന്വേഷിച്ചു. കാരണം ജീവിതത്തിൽ അവരുടെ പീയർ ഗ്രൂപ്പിൽ ഉള്ള ചിലർ അതി സംഘി വിചാര ധാരയുള്ളവരാണ്. അവരെ ഫേസ്ബുക്ക്‌ ക്ലോസ്ഡ് കമ്മ്യുണിറ്റിയിലും വാട്സ്ആപ്പ് ഗ്രൂപ്പിലും അംഗമാക്കി. അങ്ങനെ അവർ രാഷ്ട്രീയ നിറം മാറ്റി. ഈ കഴിഞ്ഞ ഇടക്കാണ് വേറൊരു കാര്യം ശ്രദ്ധിച്ചത്. ഫേസ് ബുക്കിൽ സാധാരണ വിവരത്തോടെയും സഹിഷ്ണുതയോടും പെരുമാറുന്ന മോക്ക് ലിബറൽസ് കുറെയേറെയുണ്ട്. കാരണം ഈയിടെ ഒരു പാർട്ടിയുടെ പ്രധാന ന്യായീകരണ വക്താവിന് എതിരെ സംഘ പരിവാർ ഒരു ഹേറ്റ് കാമ്പയ്ൻ നടത്തി. ഒരാളുടെ പണി കളയുവാൻ വേണ്ടിയുള്ള ഹേറ്റ് കാമ്പയിനിനു ലൈക്ക് അടിച്ചു പ്രോത്സാഹിപ്പിച്ച എന്റെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ചിലരെ കണ്ടു ഞെട്ടി. കാരണം അവർ ഒരു ഹേറ്റ് കാമ്പയിന്റെ ഭാഗമാകുമെന്നു കരുതിയില്ല. അതിൽ തന്നെ എനിക്ക് നേരിട്ട് അറിയാവുന്ന ചിലരുടെ നിലപാട് എന്നെ അതിശയിപ്പിച്ചു.
ബഹുജനം പലവിധം എന്ന് സോഷ്യൽ മീഡിയ ഒരിക്കൽ കൂടി തെളിയിച്ചു. അവരായി അവരുടെ പാടായി എന്നത് കൊണ്ടു ഞാൻ ആരുടെയും പേര് എന്റെ ഫേസ് ബുക്ക്‌ ഫ്രണ്ട്‌സിൽ നിന്ന് വെട്ടില്ല.
കാരണം ഞാൻ ചിന്തിക്കുന്നത് പോലെയും പ്രതീകരിക്കുന്നത് പോലെയും എല്ലാവരും പ്രതികരിക്കണം എന്ന നിർബന്ധം ഇല്ല. വ്യത്യസ്ത പാർട്ടിക്കാരും, പാർട്ടി അനുഭാവികളും, പാർട്ടി ഭ്രാന്തരും, ന്യായീകരണ വിഭാഗവമൊക്കെയുണ്ട്. അവരൊടോന്നും അസഹിഷ്ണുത പുലർത്തിയിട്ട് വലിയ മാറ്റങ്ങൾ ഒന്നും നടക്കില്ല. പിന്നെ ഒരേ പാർട്ടിക്കാരുടെയോ ഒരേ വിചാര ധാരയുള്ളവരുടെയോ മാത്രം ഒരു കൂട്ടമായാൽ ജീവിതവും ഫേസ് ബുക്കുമൊക്ക എന്ത്‌ ബോറായിരിക്കും.

പലപ്പോഴും ഒരു പാർട്ടിയുടേയോ സർക്കാരിന്റെയോ വെറും ന്യായീകരണ വക്താക്കളുടെ സാമൂഹിക മാധ്യമ സർക്കസ്കൾ കാണാൻ നല്ല രസമാണ്. ഈ കൂട്ടർ പലപ്പോഴും വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്താണ് കളത്തിൽ ഇറങ്ങുന്നത്. ചില ഒറ്റയാൾ പട്ടാളക്കാർ അവരുടെ കൊച്ചു പിച്ചാത്തിയുമായി കറങ്ങും. പിന്നെ ചീത്ത വിളിക്കുന്ന ഫേസ്ബുക്ക്‌ കാലാൾപ്പട വേറേ.
ഇതിനർത്ഥം ഒരു പാർട്ടിയുടെ എല്ലാ അനുഭാവികളും അങ്ങനെയാണ് എന്നല്ല. മിക്കപ്പോഴും പാർട്ടികളുടെ യഥാർത്ഥ നേതാക്കൾക്ക് ഒരുപാട് പണിയുണ്ടായതിനാൽ ഇതിനു ഒന്നും സമയം കിട്ടില്ല. പിന്നെയുള്ളത് അതിനു വേണ്ടി നിയമിച്ചവരോ, ശമ്പളം പറ്റുന്നവരോ, ഉദ്ദിഷ്ട്ട കാര്യത്തിന് ഉപകാര സ്മരണ ചെയ്യുന്നവരോ, വെറും വിശ്വാസികളുമൊക്കെയാണ്. പല ന്യായീകരണക്കാരും വേറൊരു വിഷയവും ചർച്ച ചെയ്യാറില്ല. ഇതു ഒരു പാർട്ടിയിൽ മാത്രമല്ല. ചിലടേത്ത് കൂടുതൽ സംഘടിതമാണ് എന്ന് മാത്രം.
ഇവരുടെ പണി താഴെപ്പറയുന്നവയാണ്.
1) സർക്കാരോ അവരുടെ പാർട്ടിയോ എന്ത്‌ മണ്ടത്തരം കാണിച്ചാലും അതു എന്തെങ്കിലും ഒക്കെ പറഞ്ഞു ന്യായീകരിക്കും. മിക്കവാറും എതിരാളികളുടെ കുറ്റവും കുറവും പറഞ്ഞു.
2)ഇവരുടെ ലോജിക്കിനെ ചോദ്യം ചെയ്‌താൽ ഒറ്റക്കോ കൂട്ടമായോ ആക്രമിക്കും. അതു എന്തെങ്കിലും ഒക്കെ വിശേഷണം തന്നായിരിക്കും. ഒന്നുമില്ലേൽ പോസ്റ്റ്‌ മോഡെന്‍, അരാഷ്രീയര്‍  എന്നൊക്കെ തട്ടിവിടും
3) ഇവരുടെ ഇരട്ടത്താപ്പിനെ ആരെങ്കിലും ചോദ്യം ചെയ്‌താൽ ടൈം ലൈനിൽ വന്നു ചൊറിയും
4) പിന്നെ ഇങ്ങനെയുള്ളവരെ ലൈക്കുന്നത് അവരുടെ ന്യായീകരണ ഉത്സവ കമ്മറ്റിക്കാർ മാത്രമാണ്.
5) ചിലർ അവരുടെ പാർട്ടിയോ സർക്കാരോ വൃത്തികേടുകൾ കാണിച്ചാൽ പെട്ടന്ന് നിശബ്ദമാകും.
ലിസ്റ്റ് പൂർണ്ണമല്ല. നിങ്ങൾക്ക് പൂരിപ്പിക്കാം.
പക്ഷേ ഇതൊക്കെയാണെങ്കിലും ഈ ന്യായീകരണ സർക്കസ്കാർ അവർക്ക് സ്വയം പാർട്ടി ശിങ്കിടി ലോയൽട്ടി തെളിയിക്കാൻ അല്ലാതെ, പുതിയ ആരെയെങ്കിലും ഇൻഫ്ലുവെൻസ് ചെയ്യുന്നുണ്ടോ എന്നു സംശയമാണ്.


No comments: