ഇതിങ്ങനെ പോയാൽ ഒരു ബി ഗ്രേഡ് സിനിമ തിരക്കഥക്കുള്ള ചേരുവകളും മസാലയും എല്ലാം ഉണ്ട്. സിനിമയുടെ പേരു 'കറക്കു കമ്പിനി ' എന്നോ 'ട്രിവാൻഡ്രം കോക്കസ് ' എന്നോ ഇടാവുന്നതാണ്. സർക്കാരിന്റെ മൂന്നു എസ്റ്റേറ്റിലും , ഫോർത് എസ്റ്റേറ്റിലും പിന്നെ റിയൽ എസ്റ്റേറ്റിലും നീരാളി പിടുത്ത പിടിപാട്. യൂണിവേഴ്സിറ്റിയിൽ ഫുൾ കൺട്രോൾ. പിന്നെ എല്ലാ പാർട്ടിയിലും ലോങ്ങ് ടൈം ഇൻവെസ്റ്റ്മെന്റ് ; കുടുമ്പത്തിലെ അംഗങ്ങളോ അവരുടെ സില്ബന്ധികളോ എല്ലാ പാർട്ടിയുടെയും കാര്യക്കാർ . നായക കഥാപാത്രത്തിന് നല്ല തങ്കമാർന്ന വാൽ. ചുക്ക് ചേരാത്ത കഷായം ഇല്ലെന്നത് പോലെ തിരുവനന്തപുരത്തു എന്ത് എപ്പോൾ , ആർക്കൊക്ക 'കുക്കു 'ചെയ്യണമെന്ന രാഷ്ട്രീയ പാചക കലയിൽ ഉന്നത 'വിദ്യ' ' അഭ്യാസം' ഒരു പാരമ്പര്യ കുടുംബ കലയാണ്.പണ്ട് ആയിരുന്നെങ്കിൽ എന്തും , എല്ലാം ഒതുക്കത്തിൽ തീർക്കാമായിരുന്നു. കഥയിലെ ഇടതു പക്ഷ ജന്മി പാരമ്പര്യം ഉള്ള സുന്ദര നായകന് കളം അറിഞ്ഞു നല്ല നായക വേഷത്തിലും അല്പം വില്ലൻ വേഷത്തിലും കളിക്കുവാൻ അറിയാമായിരുന്നു. പക്ഷേ തലമുറ ഒന്ന് മറഞ്ഞപ്പോൾ കാലം മാറി, രൂപം മാറി , ഭാവം മാറി. കളി കളത്തിന് പുറത്തായപ്പോൾ കൈ വിട്ട് പോയീ. പെട്ടെന്ന് നായികയുടെ ചുവട് പിഴച്ചു. അടി തെറ്റിയാൽ ആനയും വീഴും എന്നത് പോലെയായി. നായികയുടെ തിരക്കഥ ചാനലുകാർ മാറ്റി എഴുതി നല്ല ഒന്നാം തരം വില്ലൻ വേഷം നൽകി അലക്കി ഒരു ബി ഗ്രേഡ് സീരിയൽ ഉണ്ടാക്കി. പിന്നെ ഇപ്പോൾ അറപ്പുര രഹസ്യം പുരമുകളിൽ നിന്ന് വിളിച്ചു പറയാൻ ഫോർത്തു എസ്റ്റേറ്റിന്റെ ആവശ്യമില്ല.. സോഷ്യൽ മീഡയ എന്ന ഫിഫ്ത് എസ്റ്റേന്റെ പുതിയ കളത്തിൽ അറപ്പുര രഹസ്യങ്ങൾ അങ്ങാടി പാട്ടാകാൻ അധിക സമയം വേണ്ട. സിനിമാ പിടിക്കാൻ അറിയുന്നവരാണെങ്കിൽ കെ.ജി ജോർജിന്റ 'ഇരകൾ ' പോലൊരു ചിത്രത്തിനും സ്കോപ്പുണ്ട് . പിന്നെ ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും സാമ്യമില്ലെന്നും ആദ്യമേ സ്‌ക്രീനിൽ ചേർക്കാൻ മറക്കണ്ട.
No comments:
Post a Comment