Monday, January 2, 2017

ദേശീയഗാനമല്ല പ്രശ്‍നം...

                                                                                                                        ജോണ്‍ സാമുവല്‍

കഴിഞ്ഞ രണ്ടു കൊല്ലമായി ഇന്ത്യയുടെ മേല്‍ക്കോയ്‌മ രാഷ്‌ട്രീയ വ്യവഹാരം രാജ്യസ്നേഹം-രാജ്യദ്രോഹം, അഥവാ ദേശസ്നേഹി-ദേശദ്രോഹി എന്ന ദ്വന്ദ പ്രതിബിംബങ്ങളില്‍ ആണ്. ഈ ദേശസ്നേഹി-ദേശദ്രോഹി കപട ദ്വിന്ദം നിര്‍മ്മിക്കുന്നത് സംഘികള്‍ ഉണ്ടാക്കിയെടുത്ത ഇന്ത്യന്‍ ഭരണഘടനക്കും അപ്പുറമുള്ള ഒരു കപട ദേശീയതയിലാണ്.
സ്വതന്ത്ര ഇന്ത്യയുടെ ദേശീയതയുടെ അടിത്തറ ഇന്ത്യന്‍ ഭരണഘടനയാണ്. ആ ദേശീയത സ്വാന്ത്ര്യത്തിന്റേതും മനുഷ്യാവകാശങ്ങളുടെയും, സാഹോദര്യത്തിന്റെയും, ഇന്ത്യയിലെ നാന-ജാതി മതസ്ഥരെയും ഉള്‍കൊണ്ടുകൊണ്ടുള്ള ദേശീയതയാണ്. അതിനെ തുരങ്കം വക്കുന്ന മേല്‍ജാതി ഭൂരിപക്ഷ ഉത്തരേന്ത്യന്‍ പശു പക്ഷ ദേശീയത ഇന്ത്യന്‍ ഭരണഘടനയില്‍ ഉറപ്പു നല്‍കിയ സ്വതന്ത്ര-സാഹോദര്യ-മനുഷ്യാവകാശ ദേശീയതയെ തകര്‍ക്കുവാന്‍ പല രീതിയില്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്നത്തെ രാഷ്‌ട്രീയ വ്യവഹാരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യ ദ്രോഹികളായി മുദ്രകുത്തുവാന്‍ പോലീസും, ശിങ്കിടി മീഡിയ സിണ്ടികേന്റുകളും സംഘി ഭക്തന്മാരും പലവിധത്തില്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ കപട ദേശീയവാദികള്‍ രാജ്യ-ദേശ ദ്രോഹമായി ചിത്രീകരിക്കാന്‍ തിടുക്കം കാണിക്കുന്നത്.
അതുകൊണ്ട് തന്നെയാണ് ശിങ്കിടി മുതലാളിമാര്‍ രാജ്യ സ്നേഹികളും അവരെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളും ആകുന്നത്. അതുകൊണ്ടാണ് അംബാനി-അദാനിമാരുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി പ്രധാനമന്ത്രി രാജ്യസ്നേഹത്തിനു മാതൃകയാകുന്നത്‌. അതു കൊണ്ട് തന്നെയാണ് ഈ രാജ്യത്തെ മാധ്യമങ്ങള്‍ എല്ലാം പിടിച്ചെടുത്തു ഗുജറാത്തു മോഡല്‍ രാജ്യസ്നേഹം വിളമ്പി നാട്ടുകാരെ കളിപ്പിക്കുന്നതു. അതുകൊണ്ടാണ് ഏറ്റവും വലിയ വായുള്ള അര്‍ണാബ് ഗോസാമിക്ക് z കിങ്കരമാരെ നല്‍കി രാജ്യദ്രോഹികളെ കൂകി ഓടിക്കാന്‍ ആളും അര്‍ത്ഥവും കൊടുത്തുആക്കിയിരിക്കുന്നത്. ലോകത്തു ഏറ്റവും കൂടുതല്‍ പട്ടിണിക്കാരും ദരിദ്രന്മാരും ഇന്ത്യയില്‍ ആണെന്ന് പറഞ്ഞാല്‍ അതുകൊണ്ടാണ് ഇവരെ പോലുള്ള രാജ്യസ്നേഹികള്‍ക്കു സുഖിക്കാത്തത്. ഇവര്‍ ഒരു വശത്തു അംബേദ്കറിനെ പ്രകീര്‍ത്തിക്കുകയും മറുവശത്തു അംബേദ്‌കറിന്റെ ആശയങ്ങളെ ക്രമേണ നിര്‍മൂലം ചെയ്യാനുമാണ് ശ്രമിക്കുന്നത്. ഗാന്ധിജിയെ കൊന്നവര്‍ ഗാന്ധിജിയുടെ വക്താക്കള്‍ ആകുകയും ഗാന്ധിജിയുടെ ഉള്‍കൊള്ളല്‍ (Inclusive) ദേശീയതയെ നിഷ്കാസനം ചെയ്യാനുമാണ് ശ്രമിക്കുന്നത്. ഇന്ന് ഇന്ത്യയിലെ എല്ലാത്തരം ന്യൂനപക്ഷ വിഭാഗങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതല്‍ അരക്ഷിത അനുഭവിക്കുന്നവര്‍ ആണ്. അവരുടെ രാജ്യസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് ഇന്നത്തെ അപകട രാഷ്‌ട്രീയം എത്തിനില്‍ക്കുന്നത്.
ഇന്നത്തെ രാഷ്ട്രീയ വ്യവഹാരത്തിൽ സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യ ദ്രോഹികളായി മുദ്രകുത്തുവാൻ പോലീസും , ശിങ്കിടി മീഡിയ സിണ്ടികേട്ടുകളും സംഘി ഭക്തന്മാരും പലവിധത്തിൽ ശ്രമിക്കുന്നുണ്ട് . അതുകൊണ്ടു തന്നെയാണ് മനുഷ്യാവകാശ പ്രവർത്തങ്ങളെ കപട ദേശീയവാദികൾ രാജ്യ -ദേശ ദ്രോഹമായി ചിത്രീകരിക്കാൻ തിടുക്കം കാണിക്കുന്നത് . അതുകൊണ്ടു തന്നെയാണ് എന്‍കൗണ്ടര്‍ എന്ന പേരില്‍ പോലീസ് പൗരന്മാരെ നിഷ്കരുണം വെടിവെച്ചു കൊല്ലുന്നതിനെ ചോദ്യം ചെയ്യതാല്‍ നിങ്ങള്‍ പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന, ഭീകരവാദികളെ ന്യായീകരിക്കുന്ന, രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഇന്ത്യയിലെ 90 ശതമാനം ജനങ്ങളെയും പീഡിപ്പിക്കുന്ന നോട്ട് അസാധുവാക്കല്‍ രാജ്യസ്‌നേഹം കൊണ്ടാണെന്നു പറയുന്നത്. ഇന്ന് എല്ലാ കള്ളന്മാരും ഏറ്റവും ദുരുപയോഗം ചെയ്യുന്ന പദമാണ് രാജ്യസ്നേഹം.
ദേശീയഗാനം പാടി എഴുന്നേറ്റ് നിന്നാല്‍ ഒരാള്‍ കൂടുതല്‍ രാജ്യസ്നേഹിയോ, ഇരുന്നു കേട്ടാല്‍ രാജ്യദ്രോഹിയോ ആകുന്നില്ലന്നു തിരിച്ചറിയുക. ഈ രാജ്യത്ത് നമ്മളുടെ വോട്ടു വാങ്ങി മേലാളന്മാരായി ചീറിപ്പാഞ്ഞു നടന്നു അഴിമതിയും അധികാരാഹങ്കാരവും സ്വജന പക്ഷപാതവും കാണിക്കുന്ന മാന്യന്‍മാരെല്ലാം ദേശീയഗാനം പാടി കൊണ്ടാണ് കള്ളത്തരങ്ങളും ചതിവുകളും കാണിക്കുന്നതെന്ന് മറക്കാതിരിക്കുക.
സര്‍ക്കാര്‍ സന്നാഹങ്ങളുടെ അകമ്പടി ഉള്ളവര്‍ക്കോ അത്‌ സ്വപ്നം കാണുന്ന മാന്യന്മാര്‍ക്കോ ഇന്ന് സംഘികള്‍ പൊതുബോധമാക്കുവാന്‍ ശ്രമിക്കുന്ന കപട രാജ്യസ്നേഹം വെള്ളം തൊടാതെ വിഴുങ്ങുന്നതില്‍ പ്രയാസമില്ല. അതിനു ഇടതെന്നും വലതെന്നും ഉള്ള വ്യത്യാസം പോലുമില്ലാതായിരിക്കുന്നു. ഇങ്ങനെയുള്ള ഒരു മേല്‍ക്കോയ്‌മ കപട ദേശീയ രാഷ്‌ടീയ സാമൂഹിക സാംസ്കാരിക രാഷ്‌ടീയത്തെ തിരിച്ചറിയാന്‍ സാധിക്കാതെ, സിനിമ തീയേറ്റര്‍ ദേശീയഗാന കലാപരിപാടിയെയും അതിനു എഴുന്നേറ്റ് നില്‍ക്കാത്തവരെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന രാഷ്‌ട്രീയക്കാരും സര്‍ക്കാര്‍ ബുദ്ധി ജീവികളും ഫാസിസം എന്ന അര്‍ബുദം ബാധിച്ചു കൊണ്ടിരിക്കുന്ന രോഗാതുരമായ ഒരു സമൂഹത്തെയാണ് കാണിക്കുന്നത്.
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നു നെഞ്ചത്ത് കൈ വച്ചു പറയുവാന്‍ ഈ മോദി രാഷ്‌ട്രീയത്തില്‍ എത്ര പേര്‍ക്ക് കഴിയും?  ദേശീയ ഗാനം പാടുന്ന സ്ഥലങ്ങളില്‍ ഞാന്‍ എഴുന്നേറ്റ് നില്‍ക്കും. അതു സ്‌കൂളില്‍ പറഞ്ഞു പഠിപ്പിച്ച ശീലം കൊണ്ടാണ്.
അതെ ശീലം കൊണ്ടുതന്നെ ദേശീയഗാനം ഒരു ഇഷ്‌ട ഗാനമാണ്. സാമ്പാറും അവിയലും ബീഫ് ഒലത്തിയതും ഇഷ്‌ട ആഹാരമായതു പോലെ തന്നെ. അതുകൊണ്ട് തന്നെ ദേശീയ ഗാനമല്ല പ്രശ്നം. ദേശീയഗാനം എന്ന പാടി പാടി പതിഞ്ഞ പാട്ടിനെ ഉപയോഗിച്ചു രാജ്യസ്‌നേഹികളെയും രാജ്യ ദ്രോഹികളെയും നിര്‍മ്മിച്ച് ജനത്തെ അനുസരണയുള്ള കുട്ടികളെ പോലെ വരുതിയില്‍ നിറുത്തി രാജ്യസ്നേഹം തെളിയിക്കാന്‍ പറയുന്ന കപട ദേശീയവാദി സര്‍ക്കാര്‍ സന്നാഹങ്ങള്‍ ആണ് പ്രശ്നം. ഇതെല്ലം ഒരു പ്രത്യേക സ്വേച്ഛാധിപത്യ പ്രവണതകളുടെ അടയാളപ്പെടുത്തലുകള്‍ ആണെന്നത് മറക്കാതിരിക്കുക. അനുസരണയും പേടിയും ഭയവും ഉള്ള ഒരു ജനതയെ വരിയില്‍ വരുതിക്ക് നിര്‍ത്തിയാണ് ജനായത്ത സ്വാതത്ര്യത്തിനു മൂക്ക് കയറിട്ടു സ്വച്ഛാധിപധ്യം അരങ്ങേറുന്നത്.
ഞാന്‍ തികഞ്ഞ രാജ്യസ്നേഹിയാണ് . പക്ഷെ എന്റെ രാജ്യസ്‌നേഹത്തിന്റ നിര്‍വചനം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖ സന്ദേശവും എല്ലാവര്‍ക്കും ഉറപ്പാക്കിയിട്ടുള്ള സ്വാന്ത്ര്യവും, തുല്യ അവകാശങ്ങളും ആണ്. അങ്ങനെയുള്ള ദേശീയത സാര്‍വ്വദേശീയതയില്‍ ഉറച്ച മനുഷ്യവകാശങ്ങളുടെയും മാനവ സംസ്കാരത്തിലും എല്ലാവര്ക്കും എല്ലായിടത്തും ജീവിക്കുവാനുള്ള അവകാശത്തിലും വിശ്വസിക്കുന്ന കാഴ്ചപ്പാടാണ് .
ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!
http://www.asianetnews.tv/magazine/john-samual-on-national-anthem-issue

No comments: