Sunday, January 29, 2017

കേരള സമൂഹത്തിന്റെ രോഗാതുര അവസ്ഥ

സമൂഹ മാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും ലോ അക്കാഡമി പ്രശ്നം ചർച്ച ചെയ്യപ്പെടുന്നതിൽ ഒരു ഇക്കിളി ചുവ കലർത്തി വിളമ്പുന്നതിനു ഒരു പരിധി വരെ കാരണം ഒരു സ്ത്രീയാണ് വിമർശിക്കപ്പെടുന്നത് എന്നതാണ് . ഒരു പുരുഷൻ ആണെങ്കിൽ ചർച്ച ഇത് പോലെ ആയിരിക്കില്ല.
അതും ടീവി മാധ്യമങ്ങളിൽ പരസ്യമായ ഒരു പേരും ഗ്ലാമർ മുഖവും ഉള്ള ഒരു സ്ത്രീ ആണെന്നതാണ് ഈ വിഷയം ഒരു മസാല കഥകൂട്ടായി മാറുന്നതിന്റ കാരണം . ഇതിൽ ഇക്കിളി കലർത്താനായി ഒരു മാധ്യ മ മാനേജരിന്റെ പേരു വലിച്ചിഴക്കുന്നതും ഒരു എത്തിനോക്കൽ സാമൂഹിക സമീപനത്തിന്റ വികലതയെ ആണ് സൂചിപ്പിക്കുന്നത്.
ഇവിടെ സ്വാശ്രയ കോളജുകളിലെ വിദ്യഭാസ നിലവാരമോ , പഠന ഗുണമേന്മയോ ചർച്ച ചെയ്യപ്പെടുന്നില്ല. ഇവിടെ സർക്കാരിന്റെ ഇരട്ടതാപ്പു വിമര്ശിക്കപെടുന്നില്ല. ഇവിടെ ഇങ്ങനെയുള്ള സാമൂഹിക മനസ്ഥിതി ചോദ്യം ചെയ്യപ്പെടുന്നില്ല . ലോ അക്കാഡമിയുടെ പ്രിൻസിപ്പാൾ ഒരു പുരുഷൻ ആയിരുന്നെങ്കിൽ ഈ ഇക്കിളി പത്രപ്രവത്തനത്തിനു ഇത്രയും സ്കോപ്പില്ലായിരുന്നു .
പല പോസ്റ്റുകളിലും കാണുന്നത് തികഞ്ഞ സ്ത്രീ വിരുദ്ധ സമീപനമാണ് . കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ബിജൂ രാധാ ക്രിഷ്ണൻ എന്ന ക്രിമിനലിനേക്കാൾ മാധ്യമങ്ങൾ സരിതയെ ഫോക്കസ് ചെയ്തതും ഇക്കിളി രാഷ്ട്രീയ ചേരുവയും എത്തിനോക്കൽ കൊതിയും കാരണമാണ്. ഇതിൽ ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾക്കും ഒരു പങ്കുണ്ട്. അവർ പലപ്പോഴും ചർച്ച ചെയ്യുന്നത് പോളിസി ഇഷ്യുവോ കാമ്പുള്ള രാഷ്ട്രീയ പ്രശ്ങ്ങളോ അല്ല മറിച്ചു മാധ്യമങ്ങളുടെ മസാലകൂട്ട് കാഴ്ചകളുടെ കൂട്ടത്തിൽ പാടി കലക്ക വെള്ളത്തിൽ എങ്ങനെ ഒക്കെ മീൻ പിടിക്കാമെന്ന രാഷ്ട്രീയ കുരുട്ട് ബുദ്ധിയാണ് .തിരഞ്ഞെടുപ്പ് കഴിഞ്ഞതോട് കൂടി സരിതാ സീരിയൽ അവസാനിച്ചു .
ഇത് പറഞ്ഞത് ലോ അക്കാഡമിയോ അതിൽ ഉൾപ്പെട്ട ആളുകളെയോ ഒരു തരത്തിലും ന്യായീകരിക്കാനല്ല. മറിച്ചു നമ്മുടെ സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന സ്ത്രീ വിരുദ്ധ ഇക്കിളി എത്തി നോക്കൽ മാനസികാവസ്ഥയും മസാല മാധ്യമ കഥകൂട്ടുകൾക്കു ഉള്ള വിപണിയും കേരള സമൂഹത്തിന്റെ രോഗാതുര അവസ്ഥയെയെ ആണ് കാണിക്കുന്നത് എന്നു പറയാനാണ് .

No comments: