Sunday, February 25, 2018

ഭൂമിയിൽ നിന്നും നീതിക്കായി നില വിളിക്കുന്ന രക്തം....


കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മലയാള ഫേസ് ബുക്ക്‌ കമ്മ്യുണിറ്റിയിൽ മലയാളികളുടെ ധാർമ്മിക രോക്ഷം പാർട്ടി -ജാതി -മത ഭേദമന്യേ അണപൊട്ടി ഒഴുകുകയാണ്. മുഖ്യ ധാര മാധ്യമങ്ങളും അതിൽ കൂടുതൽ ധാർമിക രോക്ഷം കാണിക്കാൻ ഉള്ള സാധ്യത കൂടുതലാണ്. പട്ടിണി കൊണ്ട് എല്ലുന്തിയ ഒരു മനുഷ്യന്റെ ഫോട്ടോ പല തരത്തിലും പങ്കു വച്ചു മലയാളി ധാർമ്മിക രോക്ഷം ഒരു ഫേസ് ബുക്ക്‌ ആഘോഷമാക്കിയിരിക്കുകയാണ്. എന്തായാലും ഇങ്ങനെ ഒരു സംഭവം മലയാളികളെ ഒരിക്കൽ കൂടി വിളിച്ചുണർത്താൻ പര്യാപ്‌തതമായത് നല്ല കാര്യമാണ്. സാമൂഹിക മാധ്യമങ്ങള്‍ വല്ലപോഴുമെങ്കിലും നമ്മുടെ നീതി ബോധത്തെ ഉണര്‍ത്തുന്നത് ഈ കലികാലത്ത് നല്ല സൂചനയാണ് .
അടിച്ചു കൊല്ലപ്പെട്ടയാൾ ഒരു പാർട്ടികാരനും അല്ലാത്ത വയറൊട്ടിയ ഒരാൾ ആയതിനാൽ എല്ലാ പാർട്ടിക്കാർക്കും പ്രധിഷേധിക്കുവാൻ ഒരു അവസരം ആയി. ആർക്ക് എതിരെയാണ് നമ്മൾ പ്രതിഷേധിക്കുന്നത് ? എന്തിനു എതിരെയാണ് നമ്മൾ പ്രതിഷേധിക്കുന്നത് ? എന്തിനു വേണ്ടിയാണ് നാം പ്രതിഷേധിക്കുന്നത് ?
ആ ഒരു സെൽഫി പടം ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ സാധാരണ ഒരു ദിന പത്രത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരു, "മോഷ്ട്ടാവ്' ആശുപത്രിയിൽ വച്ചു മരണപ്പെട്ടു എന്ന ആരാലും ശ്രദ്ദിക്കാത്ത ഒരു ചെറിയ കോളം നാട്ടു വാർത്തയായി ഒതുങ്ങിയേനെ. ആ ഒരു സെൽഫി കാരണം ഇന്ന് മധു മലയാളിയുടെ ധാർമ്മിക രോക്ഷത്തിന്റെ ഒരു ഐക്കൺ ആയി മാറിയിരിക്കുകയാണ്. പക്ഷെ പട്ടിണി കോലമായ 27 വയസ്സ് മാത്രം ഉള്ള ആ മനുഷ്യന്റെ ഫോട്ടോ ഫെസ് ബുക്കിൽ ഷെയർ ചെയ്യാന്‍ മനസ്സ് വന്നില്ല . കാരണം അയാളുടെ രക്തത്തില്‍ എനിക്കും നിങ്ങല്ല്ക്കും പങ്കുണ്ട് എന്ന തോന്നല്‍ ആണ് . ഒരാളുടെ അതി ദാരുണമായ , നിസ്സഹായ ഭീതിയില്‍ നമ്മുടെ സമൂഹത്തെ നോക്കുന്ന ആ ഫോട്ടോ ഷെയര്‍ ചെയ്യുന്നത് പോലും അശ്ലീലമായാണ് ഞാൻ കാണുന്നത് . കാരണം ആ പീഡനം സെൽഫി എടുത്തു ആഘോഷിച്ചവരും രോഗാതുരമായ കേരള സമൂഹത്തില്‍ ജീവിക്കുന്നവര്‍ ആണ് .
പക്ഷെ മധുവിന്റെ ശവ ശരീരം മലയാളികളുടെ ധാർമ്മിക രോഷത്തിനു നേരെ ഉയർത്തുന്ന നിരവധി ചോദ്യങ്ങൾ ഉണ്ട്. കേരളത്തിൽ രണ്ടു മുന്നണികളും മാറി മാറി ഭരിച്ചിട്ടും കേരളത്തിൽ ഒഴിഞ്ഞ വയറുകളുടെ നിഷ്ട്ടൂരതകൾ ആരും കാണാതെ പോയത് എന്ത് കൊണ്ടാണ് ? നമ്മുടെ അയൽ പക്കങ്ങളിൽ ഗ്രാമങ്ങളിൽ നഗരങ്ങളിൽ ഒഴിഞ്ഞ വയറുമായി ജീവിക്കുന്ന ആളുകൾ ഇന്നലെയും ഇന്നും ഉണ്ടെന്നു മറക്കാതിരിക്കുക. ഇതിൽ കൂടുതലും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരാണ് എന്നറിയുക. ആ അവസ്ഥ എങ്ങനെ ഉണ്ടായെന്ന് അറിയുക. കേരളത്തിൽ തല ചായ്ക്കാൻ ഒരു തുണ്ട് ഭൂമിയില്ലാത്ത മൂന്നര ലക്ഷം കുടുംബങ്ങൾ ഉണ്ടെന്നു മനസ്സിലാക്കുക. ആദിവാസി -ദളിത്‌ ഉന്നമെന്നതിനു എന്ന പേരിൽ ബജറ്റിൽ വക കൊള്ളിക്കുന്ന തുകയിൽ ഒരു പാട് വഴി മാറി ചിലവാക്കുന്നു എന്നറിയുക. ഹാരിസന്റെയും ടാറ്റയുടെയും കൈവശം പതിനായിരക്കണക്കിന് ഏക്കർ അനധികൃത ഭൂമി ഉണ്ടെന്നു അറിയുക.
ആദിവാസികളുടെ ഭൂമി തട്ടി പറിച്ചു സ്വന്തം നാട്ടിൽ അവരെ അഭയാർത്ഥികൾ ആക്കുന്ന കപട രാഷ്ട്രീയത്തെ തിരിച്ചറിയുക. കേരളത്തിലെ രാഷ്ട്രീയ -സാമൂഹിക -സാമ്പത്തിക സവർണ്ണ വരേണ്യതക്ക് പുറത്താണ് കേരളത്തിലെ ദളിത്‌ ആദിവാസി സമൂഹങ്ങളെ നിർത്തിയിരിക്കുന്നത് എന്നു തിരിച്ചറിയുക.
ഇന്ത്യയിലെയും കേരളത്തിലെയും ജനാധിപത്യ സർക്കസ് പ്രധാനമായും ഒരു വരേണ്യ രക്ഷകർതൃ രാഷ്ട്രീയമാണ് എന്ന് തിരിച്ചറിയുക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടിണി അനുഭവിക്കുവാൻ ഭൂമിയും തൊഴിലും ഇല്ലാത്ത അവകാശങ്ങൾ ഹനിക്കപെട്ട കോടി കണക്കിന് വരുന്ന ആദിവാസി ദളിത്‌ മനുഷ്യർ ആണെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയാത്തത് നമ്മൾ ഉറക്കം നടിച്ചു കഴിയുന്നത് കൊണ്ടാണ്. ഇവിടെ കോടി കണക്കിന് പട്ടിണി അനുഭവിക്കുന്ന 'മധു ' മാർ ഉണ്ട്. നമ്മൾ എന്ത് ചെയ്തു ? അങ്ങനെയുള്ള അനീതിക്കെതിരെ ഒരു ചെറു വിരൽ അനക്കാൻ എത്ര പേർക്ക് കഴിഞ്ഞു ? രണ്ടു ദിനങ്ങളിൽ ധാർമ്മിക രോക്ഷം പ്രകടിപ്പിച്ചു വീണ്ടും ഉറങ്ങാൻ പോകുന്നത് എന്താണ് ? മധുവിനെ കൊന്ന മൊബ് ലിഞ്ചിങിന് എതിരെ സാമൂഹ്യ മാധ്യമങ്ങളിലും സമൂഹത്തിലും ചില ദിവസങ്ങൾ എങ്കിലും പ്രതിക്ഷേധം ഉയരുന്നത് നല്ല സൂചനയാണ്. എന്നാൽ അടിച്ചു കൊല്ലപ്പെട്ട മധു ചൂഷണത്തിന്റെ അനീതിയുടെയും അക്രമത്തിന്റെയും ഒരു മെറ്റഫർ ആണ്.
He is a symptom of larger inequality within us and beyond us. He is symptom of injustice, apathy, exclusion and marginalization within the society. Unless we address the causes and consequences, such issues will recur across India. He is a victim of politics of exclusion and politics of arrogant apathy of governance and governments.
ചോദ്യങ്ങൾ നിരവധി ഇനിയും ഉണ്ട്.
ഫേസ് ബൂകിലെ ധാർമ്മിക രോഷത്തിനു മൂന്നു ദിവസത്തിന്റെ ആയുസ്സും പ്രധിഷേധങ്ങൾക്ക് ഒരാഴ്ച ആയുസ്സും കഴിഞ്ഞാൽ എല്ലാവരും അവരവരുടെ കംഫര്ട് സോണിലേക്കും അവരുടെ സ്ഥിരം രാഷ്ട്രീയ സാമൂഹിക മധ്യവർഗ്ഗ ശീലങ്ങളിലേക്ക് തിരിയെ പോകുമ്പഴും ഇന്ത്യയിലും കേരളത്തിലും ചതിക്കപ്പെടുന്ന, അനുദിനം വഞ്ചിക്കെപ്പെടുന്ന, മറക്കെപ്പടുന്ന കോടി കണക്കിന് ഒഴിഞ്ഞ വയറുകളും എല്ലുകൾ തെളിഞ്ഞ മനുഷ്യർ നമ്മുടെ ഇടയിൽ നിന്ന് ഉണ്ടെന്നു അറിയുക.
മധു വിന്റെ രക്തം ഭൂമിയിൽ നിന്ന് നിലവിളിക്കുകയാണ്. ഞാൻ അവന്‍റെകാവൽൽക്കാരൻ അല്ല എന്ന് കൈ കഴുകുന്ന കയീൻ മാരാണ് നമ്മൾ ഓരോരുത്തരും എന്ന് തിരിച്ചു അറിയുക. മധുവിന്റെ ശവശരീരം നമ്മോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കും. കാരണം മധുവാണ് യഥാർത്ഥ രക്ത സാക്ഷി. കേരള വികസന മാതൃകയുടെ രക്ത സാക്ഷി. പണാധിപത്യ രാഷ്ട്രീയ സംസ്ക്കാരത്തിന്റെ രക്ത സാക്ഷി. മലയാളികളുടെ കപട സദാചാരത്തിന്റെ രക്ത സാക്ഷി. സവർണ്ണ മനസ്ഥിതിയുടെ രക്ത സാക്ഷി. ആദിവാസികൾക്ക് വേണ്ടി മുതല കണ്ണീർ ഒഴുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ രക്ത സാക്ഷി. മധുവിന്റെ രക്തം ഭൂമിയിൽ നിന്ന് നിലവിളിച്ചു കൊണ്ടീയേരിക്കും. നമ്മുടെ വാക്കിലും നോക്കിലും പ്രവർത്തിയിലും വളരുന്ന അക്രമ ത്വരയുടെ രക്ത സാക്ഷി. മൊബ് ലിഞ്ചിങ്ങിന്റെ രക്ത സാക്ഷി. മാറി മാറി വരുന്ന സർക്കാർ നിസ്സംഗതയുടെ രക്ത സാക്ഷി.
അനുദിനം പട്ടിണിയാൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കൊച്ചു കുഞ്ഞുങ്ങളുടെ അമ്മ മാരുടെ, സ്വന്തം ഭൂമിയിൽ നിന്നും നിഷ്ക്കാസിതരാ,യിരിക്കുന്നവരുടെ രക്തം ഭൂമിയിൽ നിന്ന് നിലവിളിക്കുകയാണ്. നീതിക്ക് വേണ്ടി .മധുവിനല്ല മാനസിക രോഗം. മാനസിക രോഗമുള്ളത് നമ്മുടെ സമൂഹത്തിനാണ്. അയാളെ തല്ലിക്കൊന്ന ഭീരുക്കൾക്കാണ്
ഒന്നോ രണ്ടോ ദിവസത്തിലെ ധാർമിക രോഷത്തിനു അപ്പുറം പൊള്ളുന്ന ചോദ്യങ്ങളെ നേരിടുവാൻ നമ്മുക്കോ നമ്മുടെതെന്നു കരുതുന്ന സർക്കാരുകൾക്കോ ത്രാണിയുണ്ടോ ? ചോദ്യങ്ങൾ തീരുന്നില്ല.
തമ്മിൽ തല്ലി കൊന്നും കൊലവിളിച്ചും നടക്കുന്ന രാഷ്ട്രീയ പാർട്ടി ചാവേറുകൾ അല്ല യഥാർത്ഥ രക്തസാക്ഷികൾ. നമ്മൾ അറിഞ്ഞും അറിയാതെയും കൊന്നു തിന്നുന്ന മധു മാരാണ് . നമ്മുടെ ഇടയിൽ ഇപ്പോഴും ജീവശ്ശവമായി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്, നമ്മുടെ വികസനത്തിന്റെ രക്ത സാക്ഷികൾ.
അവരുടെ രക്തം ഭൂമിയിൽ നിന്ന് നീതിക്കായി നിലവിളിക്കുന്നത് നമ്മൾ കേൾക്കുന്നുണ്ടോ ?
ജെ എസ് അടൂർ

No comments: