Monday, March 27, 2017

മാറുന്ന ചൈന



ജോണ്‍ സാമുവല്‍
ബീജിങ്ങില്‍ ഡിസംബറിലെ മരവിപ്പിക്കുന്ന ഒരു ശനിയാഴ്ചയാണ് ഇന്ന്.
ചെയര്‍മാന്‍ മാവോയെ തിരയുകയയിരുന്നൂ ഞാന്‍. അദ്ദേഹം ടിയാനെന്‍മെന്‍ സ്ക്വയറിലുണ്ടാകാമെന്നു ആളുകള്‍ പറഞ്ഞു. അവിടെയാണല്ലോ അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്ത സ്ഥലം.
ടിയാനെന്‍മെന്‍ സ്ക്വയറില്‍ സന്ദര്‍ശകര്‍ അധികമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ പടുകൂറ്റന്‍ ഛായാപടം ഒരുതരം ഗംഭീരമായ ഏകാന്തതയിലെന്നവണ്ണം കാണപ്പെട്ടു. ഒരു വയോവൃദ്ധന്‍റെ ഒറ്റപ്പെട്ടുപോയൊരു ഛായാചിത്രമാണ് പുതിയ ചൈനയില്‍ മാവോ.
സമയം ചെലവഴിക്കേണ്ടത് സംഭവബഹുലമായ സ്ഥലത്താണെന്ന് ടാക്സി ഡ്രൈവര്‍ എന്നോടു പറഞ്ഞു ... “പറവക്കൂട്ടില്‍” (the Birds’ Nest).
"പറവക്കൂട്", ബീജിംഗ് 2008 ഒളിമ്പിക്സിന്‍റെ വേദി, ഏകാന്തമായി അനുഭവപ്പെട്ടില്ല. മരവിപ്പിക്കുന്ന ആ പുലരിയിലും പതിനായിരത്തിലധികംപേര്‍ അവിടെ ഉണ്ടായിരുന്നു. പതിനായിരക്കണക്കിനാളുകളാണ് "ചൈനയുടെ അഭിമാനസ്തംഭം" കാണാനെത്തുന്നത് ... ഒരു ഫ്രഞ്ചു വാസ്തുശില്പി തീര്‍ത്ത തിളങ്ങുന്ന ആ വാസ്തുകലാവിസ്മയം കാണാന്‍. ദര്‍ശനം സൌജന്യമല്ല. ശീട്ടൊന്നിനു 50 RMB, മുന്നൂറു രൂപയോളം, വില വരും. വില, പക്ഷെ, ക്യൂവിന്‍റെ നീളം കുറക്കാറില്ല. ചെയര്‍മാന്‍ മാവോയെ ഞാന്‍ അവിടെയും അന്വേഷിച്ചു. ഉത്സാഹം നിറഞ്ഞ ആള്‍ക്കൂട്ടത്തിലെവിടെയും ഞാന്‍ അദ്ദേഹത്തെ കണ്ടില്ല. ഒടുവിലൊരു പരിഷ്ക്കാരി സ്ത്രീയുടെ തുകല്‍സഞ്ചിക്കു മീതെയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. ബ്രാന്‍റുകളുള്ള ലോകത്ത് മവോയ്ക്കും പുതിയ വിപണിയുണ്ടായേക്കാം...ഷെ ഗുവേരയെപ്പോലെ.
എങ്ങും മാവോയെ കാണാത്തതിനാല്‍ ഞാന്‍ എന്‍റെ സുഹൃത്തോടു തിരക്കി. എണ്‍പതുകളുടെ ആദ്യം എന്നോ പൊതുജനസ്ഥലികളില്‍നിന്നും സ്മൃതിയില്‍നിന്നും മാവോ ഒഴുകിനീങ്ങിപ്പോയെന്നാണ് അവള്‍ പറഞ്ഞത്. ചരിത്രത്തിന്‍റെ രാവണന്‍കോട്ടയിലേക്കു അദ്ദേഹം നടന്നു നീങ്ങി. അദ്ദേഹത്തിന്‍റെ പ്രതിമകള്‍ മെല്ലെമെല്ലെ, എന്നാല്‍ നിര്‍വിശങ്കം, അപ്രത്യക്ഷമായി ...ഒന്നിനു പിറകെ ഒന്നായി ... ആദ്യം, പബ്ലിക് സ്ക്വയറില്‍നിന്ന്, പിന്നെ ആപ്പീസ്സു കെട്ടിടങ്ങളില്‍നിന്ന്, അതില്‍പ്പിന്നെ, സര്‍വ്വകലാശാലകളില്‍നിന്ന് ... ബിജിങ്ങില്‍ ഒരു പ്രതിമ അവശേഷിച്ചിരിപ്പുണ്ട്; യൂണിവേഴ്സിറ്റി ഓഫ് കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍. ദെംഗ് ചിയാവോപിംഗിന്‍റെ (Deng Xiaoping) സംഘം മാവോയെയും മാവോയിസത്തെയും പൊതുവിടങ്ങളില്‍നിന്നും പൊതുജനസ്മരണയില്‍നിന്നും തുടച്ചു മാറ്റിയതായി തോന്നുന്നു.
ബീജിങ്ങിലെ ആര്‍ട്ടുമ്യൂസിയം ഇപ്പോള്‍ ആഘോഷിക്കുന്നത് “നവയുഗ” (1978-2008) ത്തിന്‍റെ ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍, വാസ്തവത്തില്‍, ചൈനീസ് സമൂഹത്തിന്‍റെ മാറുന്ന അഭിരുചികളുടെയും ആകാരവടിവുകളുടെയും സാക്ഷികളാണ്. എഴുപതുകളിലെ യഥാതഥശൈലിയിലുള്ള മനോഹരമായ ചില ചിത്രങ്ങള്‍ എനിക്കു കാണുവാനായി. അതിനുശേഷം, പതിയെപ്പതിയെ, നിറങ്ങളും രൂപങ്ങളും മാറിയതായിക്കണ്ടു. ഇപ്പോള്‍ കൂടുതലും ആഗോളമാനമുള്ള ചിത്രങ്ങളാണ് കാണാന്‍ കഴിയുന്നത് ... ഏതു ദേശത്തുനിന്നുമുള്ള ഏതൊരാള്‍ക്കും ചെയ്യാവുന്ന അമൂര്‍ത്ത ചിത്രങ്ങള്‍ ... അവിടെയുമിവിടെയും ഒരു ചൈനീസ് സ്പര്‍ശമുണ്ടെങ്കില്‍ക്കൂടി.
“പറവക്കൂടും” ഒരിത്തിരി അമൂര്‍ത്തമാണ്. വെട്ടിത്തിളങ്ങുന്ന ഒരു കെട്ടിടവും, പുതിയ ചൈനയുടെ ശോഭയും അതിനെ ചൂഴ്‌ന്നു നില്‍ക്കുന്നു. പറവക്കൂടിനു പിറകിലെവിടെയോ, തൊട്ടടുത്തുതന്നെ, സൌന്ദര്യത്തിന്‍റെ താവോയിസ്റ്റു ദേവതക്കു സമര്‍പ്പിച്ച ഒരു ദേവാലയവുമുണ്ട്. എന്നാല്‍, മരവിപ്പിക്കുന്ന ഈ പുലരിയില്‍, ആവേശം പൂണ്ട ചൈനീസ് സന്ദര്‍ശകരാല്‍ പറവക്കൂട് തുള്ളിത്തുളുമ്പുകയാണ്. നിരവധി വിനോദസഞ്ചാര എജന്‍സികളും, ആഗോള വേദിയില്‍ ചൈനയുടെ അരങ്ങേറ്റം പ്രഖ്യാപിക്കുന്ന “ചൈനയുടെ അഭിമാനം” വില്‍ക്കുന്ന സുവനീര്‍ക്കടകളും അവിടെ കാണായി. മിംഗ് രാജവംശത്തിന്‍റെ കാലത്ത് 15-)o നൂറ്റാണ്ടില്‍ പണിത സൌന്ദര്യദേവതയുടെ ദേവാലയത്തിലേക്ക് ഞാന്‍ നടന്നു. അതു അടച്ചിട്ടിരിക്കുകയാണെന്നാണ് എനിക്കു കിട്ടിയ വിവരം. അവിടെങ്ങും ആരുമില്ലായിരുന്നു. വാരാന്ത്യത്തില്‍ ദേവാലയം തുറക്കാറില്ലത്രേ.
സര്‍ക്കാര്‍ നടത്തുന്ന ഇംഗ്ലീഷ് ടിവി ചാനലായ CCTV9 രണ്ടു “വന്‍”ശക്തികള്‍ തമ്മിലുള്ള “തന്ത്രപ്രാധാനമായ സാമ്പത്തികസംഭാഷണസമ്മേളന”ത്തെപ്പറ്റി നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്; ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയും ഏറ്റവും വലിയ വികസ്വര രാഷ്ട്രവും തമ്മിലുള്ള സമ്മേളനത്തെപ്പറ്റി. തീര്‍ച്ചയായും, ഒളിമ്പിക് മെഡലുകളുടെ എണ്ണവും, തൊണ്ണൂറായിരത്തിലധികമാളുകള്‍ക്കിരിക്കാവുന്ന “പറവക്കൂട്” ആഡിറ്റോറിയവും വര്‍ദ്ധിച്ചുവരുന്ന ചൈനീസ് മദ്ധ്യവര്‍ഗ്ഗത്തിന്‍റെ സമഷ്ടി ബോധത്തില്‍ ചൈനയൊരു വന്‍ശക്തിയാണെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നുണ്ട്. ദേശീയതാവാദം പെരുകിയിരിക്കുന്നു. പഴയ മാവോയിസവും, കമ്മ്യൂണിസ്റ്റു സ്വപ്നങ്ങളും അണിയറയിലെവിടേക്കോ പിന്‍ വാങ്ങിയതായി തോന്നി.
പക്ഷേ, ആഗോളവല്‍കൃത ചൈനയുടെ തിളക്കത്തിനു പിറകില്‍, കാഴ്ച്ചയിലത്ര പെടാത്ത ഒരു ലോകമുണ്ട്. നിരവധി ചിന്താക്കുഴപ്പങ്ങളും, സാമൂഹിക നോവുകളും, അസമത്വങ്ങളും, ഒപ്പം, നൂറുകോടിക്കണക്കിനു ഏകാകികളായ മനുഷ്യരുമുള്ള ഒരു ലോകം. പാളികള്‍ക്കുമേല്‍പാളികളുള്ളതാണ് ചൈന; ചരിത്രത്തിന്‍റെയും നാഗരികതയുടെയും കാര്യത്തില്‍ മാത്രമല്ല, സമുദായങ്ങളുടെയും, ജനതകളുടെയും, സംസ്കാരത്തിന്‍റെയും കാര്യത്തില്‍ കൂടി.
മാവോ മാത്രമല്ല പുതിയ ചൈനയിലെ ഏകാകി. റോഡുകളിലെ വാഹനത്തിരക്കിലും, തെരുവുകളിലെ ആള്‍ത്തിരക്കിലും ഏകാകികളായ മനുഷ്യരുടെ പെരുകി വരുന്ന ഒരു സങ്കടമുണ്ട്. സാമ്പത്തികസുഖത്തിനായി, പുതിയ വീടുകളും, കാറുകളും, ഏറ്റവും പുതിയ സാമഗ്രികളും വാങ്ങാനായി, വിനോദസഞ്ചാരവാഗ്ദാനങ്ങള്‍ കരസ്ഥമാക്കാനായി നിരന്തരം കൂടിവരുന്ന സാമ്പത്തികാവശ്യത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിലേക്കു തള്ളിവിടപ്പെട്ടവര്‍.
എനിക്കറിയാവുന്ന ഒരാള്‍ക്ക് ഒരു കഷ്ടകാലത്തിലൂടെ കടന്നു പോകേണ്ടതായി വന്നു. ഗുരുതരമായ ഒരു രോഗം കാരണം അവള്‍ക്കു ചികിത്സ വേണ്ടി വന്നു. ഒരു രണ്ടു മാസം അവള്‍ ആശുപത്രിയിലായിരുന്നു. അക്കാലത്ത് അവളെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നുവോ എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍, അവളുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍ വീണു. പറയാന്‍പറ്റാത്ത സങ്കടത്തിന് അവള്‍ അധീനയായി. അവള്‍ക്കു നല്ലൊരു വീടുണ്ട്; നല്ലൊരു കാറും. ബ്രിട്ടനില്‍നിന്നാണ് അവള്‍ ബിരുദം സമ്പാദിച്ചത്. വളരെ വിലമതിപ്പുള്ള ഒരു സങ്കേതിക വിദഗ്ദ്ധ. പക്ഷേ, ആശുപത്രിയിലെ രണ്ടുമാസക്കാലത്ത് അവളെ വന്നു കാണാന്‍ ആരുമില്ലായിരുന്നു. മാതാപിതാക്കള്‍ മരിച്ചു പോയിരുന്നു. സഹോദരനോ സഹോദരിയോ ഇല്ല. ഒരു രണ്ടുകൊല്ലത്തോളം അവള്‍ക്കൊരു പങ്കാളിയുണ്ടായിരുന്നു. അയാള്‍ വേറെ നാട്ടിലേക്കു പോയി. അതില്‍പ്പിന്നെ അവളുമായി യാതൊരു സമ്പര്‍ക്കവുമില്ല. അവളാകട്ടെ, കൂടി വന്ന പണയക്കടങ്ങള്‍ വീട്ടാനായി, തിരക്കിട്ട ജോലിയിലായിരുന്നു. സൌഹൃദങ്ങളുണ്ടാക്കാന്‍ സമയമില്ലായിരുന്നു. അപ്പോഴാണ്, ഏകാന്തതയുടെ തങ്ങാനാകാത്ത സങ്കടം ഒരു പ്രഹരമായി അവളുടെമേല്‍ പതിച്ചത്. ഈ ഒരു ശൂന്യതയിലേക്കാണ് പുതിയ ആത്മീയതയും മതവും കടന്നു കയറുന്നത്. താന്ത്രിക ബുദ്ധമതവും, ഉത്തരാധുനിക ക്രിസ്തീയ നെറ്റ്വര്‍ക്ക് സുവിശേഷവും സാരമായി ഇവിടെ പുരോഗമിക്കുന്നുണ്ട്.
ചെയര്‍മാന്‍ മാവോയുടെ കാലത്ത് അന്ധവിശ്വാസത്തിനെതിരെ ഭീമമായ രീതിയില്‍ പൊതുജനശിക്ഷണമുണ്ടായിരുന്നു. ഇന്നിപ്പോള്‍, വലിയ വലിയ ഔദ്യോഗിക സ്ഥാപനങ്ങള്‍പോലും ഉത്ഘാടനം ചെയ്യപ്പെടുന്നത് ദു:ശകുനങ്ങളും ദൌര്‍ഭാഗ്യങ്ങളും ഒഴിഞ്ഞു കിട്ടാനുള്ള ചടങ്ങുകളോടെയാണ്. ചൈനയിലെ പുതു യുഗത്തിന്‍റെ പളപളപ്പുരച്ചു നോക്കുമ്പോള്‍ കണ്ടനുഭവപ്പെടുക പുതിയൊരു അരക്ഷിതാബോധവും, എകാന്തതാബോധവും, അന്ധവിശ്വാസവുമാണ്. പുതുയുഗവും, നവമുതലാളിത്തവും മിക്ക മദ്ധ്യവര്‍ഗ്ഗ ചീനക്കാര്‍ക്കും ഒരു പുതിയ അഭിമാനബോധം നല്‍കിയതായി തോന്നിയേക്കാം. പക്ഷേ, അതിനൊപ്പം, അരക്ഷിതബോധവും, അന്യതാബോധവും വര്‍ദ്ധിച്ചിരിക്കുന്നു.
പുതുയുഗപ്പിറവിക്കുമുമ്പ് ചൈനയുടെ തെരുവുകളെ വ്യവച്ഛേദിച്ചിരുന്നത് സൈക്കിളുകളാണ്. ജീവിക്കാനുള്ള വകയും, ഒരു സൈക്കിലുമുള്ളയാള്‍ യോഗ്യനായ ഒരു വരനായി ഗണിക്കപ്പെട്ടിരുന്നു. അന്ന്, സമുദായമരുളുന്ന ബന്ധങ്ങളുടെ ബലമുണ്ടായിരുന്നു. സമുദായത്തില്‍ സ്നേഹവും ജീവിതപങ്കാളിയെ കണ്ടെത്താനുമുള്ള നിരവധി യോഗങ്ങളും ആഘോഷങ്ങളുമുണ്ടായിരുന്നു. അത്തരം സമുദായങ്ങള്‍ പുതിയ ചൈനയില്‍ കൂടുതുലും പോയകാലത്തെ സുഖസ്മരണ മാത്രമാണ്. റോഡുകളില്‍ ഇപ്പോഴും സൈക്കിള്‍ച്ചാലുകളുണ്ട്. പക്ഷേ, കാറുകളാണ് റോഡുകള്‍ നിറയെ. ഷാംഘായിലെയോ, ബീജിങ്ങിലെയോ തിരക്കുള്ള റോഡുകളിലൂടെ സൈക്കിള്‍ ചവിട്ടുക അത്ര എളുപ്പുള്ള കാര്യമല്ലാതായിരിക്കുന്നു.
ബീജിംഗ് സമൃദ്ധിയിലാണ്. ഷാംഘായി ഇപ്പോഴും തിളങ്ങുന്നു ... ഏറെക്കുറെ കിഴക്കിന്‍റെ മാന്‍ഹട്ടന്‍ പോലെ. അതേസമയം, വളരുന്ന അസമത്വത്തെയും കുടിയേറ്റത്തെയും ചൊല്ലിയുള്ള ആശങ്കകളുമുണ്ട്. ബീജിങ്ങിലെ ജനസംഖ്യ 18 ദശലക്ഷത്തിലെത്താന്‍ പോവുകയാണ്. ബീജിങ്ങിലേക്കുള്ള കുടിയേറ്റം തടയാനുള്ള ഒരു നീക്കം മുമ്പേതന്നെയുണ്ട്. ബീജിങ്ങിലോ, ഷാംഘായിലോ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ഒരു അന്തസ്സായി കരുതുന്നവരാണ് മിക്ക യുവതീയുവാക്കളും. പക്ഷേ, അതൊന്നും, വര്‍ദ്ധിച്ചു വരുന്ന കെട്ടിടങ്ങളുടെയും, പുതിയ KFC ചിക്കന്‍ കടകളുടെയും, തകരപോലെ മുളച്ചു പൊങ്ങുന്ന മസ്സാജ് സ്പാകളുടെയും നടുവില്‍ യുവജനതക്ക്, പ്രത്യേകിച്ച് ഉദ്യോഗസ്ഥകളായ യുവതികള്‍ക്ക്, അനുഭവപ്പെടുന്ന നൂതനമായ എകാന്തതാബോധത്തിനു പരിഹാരമാകുന്നില്ല.
മവോ തന്‍റെ ശവമാടത്തില്‍ ശാന്തമായുറങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. മാവോയിസം, പക്ഷേ, മ്യൂസിയത്തില്‍പ്പോലുമില്ല. ഷാംഘായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേഷനില്‍ ദു:ഖിതനായൊരു മാര്‍ക്സിന്‍റെയും, മ്ലാനമുഖനായ ഏംഗല്‍സിന്‍റെയും ഓരോ പ്രതിമ കാണാം. “ഷാംഘായിലെ മാര്‍ക്സ്” പുതിയ ചൈനയെക്കുറിച്ചുള്ള ഒരു നോവലിന്‍റെ ശീര്‍ഷകമാകാന്‍ പറ്റും.
വിസ്മയം വിളമ്പുന്ന ഒരു സ്ഥലമാണ് ചൈന. അടരുകള്‍ക്ക് പിറകില്‍ അടരുകള്‍ കണ്ടെത്താന്‍ പറ്റുന്ന ദേശം. ആഹാരമായാലും, രുചിയായാലും, അഭിരുചിയാലും, എന്തെങ്കിലുമൊരു പുതുമ എപ്പോഴും കണ്ടെത്താന്‍കഴിയും. ഇന്നും ചൈനയൊരു അത്ഭുതസ്ഥലിയാണ് ... കണ്ടെത്തപ്പെടാനായി എപ്പോഴും കാത്തിരിക്കുന്ന ഒരു ദേശം.

2008

No comments: