Monday, March 27, 2017

ഒഴിഞ്ഞ വയറുകളുടെ നിഷ്ഠുരത


ജോണ്‍ സാമുവല്‍
ധാരാളിത്തത്തിന്‍റെ ഈ ലോകത്തില്‍ ദാരിദ്ര്യസംബന്ധമായ കാരണങ്ങളാല്‍ അമ്പതിനായിരമാളുകളാണ് നിത്യേന മരിക്കുന്നത്; എണ്ണൂറു ദശലക്ഷം പേരാണ് ഒഴിഞ്ഞ വയറുമായുറുങ്ങുന്നത്. ഇക്കാര്യത്തില്‍ നാമെന്തു പരിഹാരമാണ് കണ്ടിരിക്കുന്നതെന്നാണ് 2005ലെ വേള്‍ഡ് സോഷ്യല്‍ ഫോറത്തിലെ മുഖ്യ പ്രഭാഷണത്തില്‍ ജോണ്‍ സാമുവല്‍ ചോദിക്കുന്നത്.
നീറുന്ന വേദനയിലും അതിയായ ദേഷ്യത്തിലുമാണ് ഞാനിവിടെ നില്‍ക്കുന്നത്. കാരണം, എനിക്കു പറയാനുള്ളത് നല്ല വര്‍ത്തമാനമല്ല; നിങ്ങള്‍ക്കു രോഷമുണ്ടാക്കുന്ന വാര്‍ത്തയാണ്. നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട ഒരാള്‍ മരിച്ചതായി ഒന്നു സങ്കല്‍പിച്ചു നോക്കു. അതു നിങ്ങളുടെ പറമ്പില്‍ കളിച്ചു നടന്നിരുന്ന കുഞ്ഞാകാം; പ്രിയപ്പെട്ട പങ്കാളിയാകാം; അമ്മയോ അച്ഛനോ ആകാം. ആ വാര്‍ത്ത, ആ മരണം സ്വാഭാവികമായിരുന്നില്ലെന്നു, എനിക്കു നിങ്ങളെ അറിയിക്കേണ്ടി വരുന്നത് ഒന്നോര്‍ത്തു നോക്കൂ.
ഞാനെന്‍റെ അടുത്ത വാക്യം മുഴുമിപ്പിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ സഹോദരീസഹോദരന്മാരോ, കമിതാക്കളോ, കുഞ്ഞുങ്ങളോ ആകുമായിരുന്ന നൂറുകണക്കിനാള്‍ക്കാര്‍ മരിച്ചിരിക്കും; മരിക്കാന്‍ നിര്‍ബന്ധിതരായിരിക്കും. ലോകമെമ്പാടും, ഈ നിമിഷം, അത്തരം അമ്പതിനായിരം ശവസംസ്കാരങ്ങള്‍ നടക്കുകയാണ്. ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കേ, ഒരു ദശലക്ഷം പേര്‍ ശ്മശാനങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവമടക്കില്‍ പങ്കുചേരുന്നുണ്ടാകണം. അവരെല്ലാവരും എന്‍റെയീ ഉല്‍ക്കടമായ വേദനയിലും കോപത്തിലും ഭാഗഭാക്കാകും.
അതെ; ദാരിദ്ര്യവും, അതുമായി ബന്ധപ്പെട്ട കാരണങ്ങളാലും, അമ്പതിനായിരം പേരാണ് ഓരോ ദിവസവും ധാരാളിത്തത്തിന്‍റെ ഈ ലോകത്തില്‍ മരിച്ചു വീഴുന്നത്. നമ്മുടെ സഹോദരീസഹോദരന്മാരുടെ ചോര മണ്ണില്‍നിന്നു നിലവിളിക്കുകയാണ്... ഈ ലോകത്തു നീതിയും, ശാന്തിയും, അവകാശവും ലഭിക്കാന്‍ നീറി വിളിക്കുകയാണ്‌. ഇല്ലായ്മയുടെയും, കൊള്ളരുതായ്മയുടെയും ആയിരം കഥകളാണ് അവരുടെ എല്ലുകള്‍ വൃത്തികെട്ട ചാവുനിലങ്ങളില്‍നിന്ന് വിളിച്ചു പറയുന്നത്; സഫലമാക്കപ്പെടാത്ത വാഗ്ദാനങ്ങളുടെ, കരിഞ്ഞുപോയ സ്വപ്നങ്ങളുടെ, ഒഴിഞ്ഞ വയറുകളുടെ കഥകള്‍.
നാമിതു കണ്ടേ പറ്റൂ! എന്നോടും നിങ്ങളോടും ഇത്തരം കഥകള്‍ പറയാനുള്ളവര്‍ ഒരു നൂറുകോടിയുണ്ട്. അവരെല്ലാം നമ്മുടെ പരിസരങ്ങളിലുള്ളവര്‍ തന്നെ. നാമിതേപ്പറ്റി ആശങ്കപ്പെടാറുണ്ടോ? എത്ര ചുരുങ്ങിയ കണക്കനുസരിച്ചുപോലും, എൺപത് കോടിയാളുകള്‍ വിശന്നാണ് ഉറങ്ങാന്‍ കിടക്കുന്നത്. നമ്മുടെ മക്കളാണിവരെങ്കില്‍ നാമിത് അനുവദിക്കുമോ? ഉവ്വ്, അഞ്ചു വയസ്സെത്തും മുമ്പേ മരിക്കുന്ന കുട്ടികളുടെ എണ്ണം ദിനം പ്രതി മുപ്പതിനായിരമാണ് ... ആഹാരവും മരുന്നും കിട്ടാത്തതുകൊണ്ടു മാത്രം. ഓരോ 3.6 നിമിഷത്തിലും പട്ടിണികൊണ്ടു ഒരാള്‍ മരിക്കുന്നു; മരിക്കാന്‍ വിധിക്കപ്പെടുന്നു. നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും വേണ്ടി നാം ഇത്തരമൊരു ലോകമാണോ വിട്ടു കൊടുക്കേണ്ടത്?
അതേ സമയം, യുദ്ധത്തിനായി തോക്കുകളും ബോംബുകളുമുണ്ടാക്കാന്‍ ലോകം വര്‍ഷം പ്രതി ചെലവിടുന്നത് ഒരു ട്രില്യന്‍ ഡോളറാണ്. ഇതു അശ്ലീലമല്ലെങ്കില്‍ പിന്നെയെന്താണ്? ഇതു കുറ്റമാണ്. ഇതാണു പാപം. ഇതാണോ നാം നിവസിക്കേണ്ട ലോകം? എന്‍റെ നാട് ഇന്ത്യയാണ്. ഒരു സുനാമിക്കിടയില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതേക്കുറിച്ചു പറയാനെനിക്കു വാക്കുകളില്ല. ഏഷ്യയിലെ വിവിധ ദേശങ്ങളില്‍ കണ്ട മരണത്തിന്‍റെയും നാശത്തിന്‍റെയും വാട ഇപ്പോഴുമെനിക്കനുഭവപ്പെടുന്നുണ്ട്. സാദ്ധ്യമായ എല്ലാ സഹായങ്ങളുമേകി ലോകമെമ്പാടുമുള്ള ജനത ഐക്യം പ്രകടമാക്കി. അത്തരമൊരു ഐക്യം ആഫ്രിക്കയിലെയും, ഏഷ്യയിലെയും, ലാറ്റിനമേരിക്കയിലെയും മരിച്ചുകൊണ്ടിരിക്കുന്ന ദശലക്ഷങ്ങളോട് നമുക്കെന്തുകൊണ്ടു പ്രകടിപ്പിച്ചുകൂടാ?
ആള്‍ക്കാരെ കൈകാര്യം ചെയ്യുന്നതില്‍ പ്രകൃതിക്കൊരു വിരോധാഭാസ രീതിയുണ്ട്. ഈ സുനാമി വേളയില്‍ മരിച്ചവരില്‍ തായ് ലണ്ടിലെ പഞ്ചനക്ഷത്ര വിശ്രമകേന്ദ്രങ്ങളില്‍ അവധിക്കാലം ചെലവിടുന്ന സമ്പന്നരാജ്യങ്ങളിലെ ധനികരും, ശ്രീ ലങ്കയിലെ മുക്കുവരും പെടും. ജാതിയുടെയോ, വര്‍ഗ്ഗത്തിന്‍റെയോ, ലിംഗത്തിന്‍റെയോ പേരില്‍ പ്രകൃതി വിവേചിക്കാറില്ല. നമ്മളാണ് വിവേചിക്കുന്നത്.
ലോകത്തില്‍ പുരുഷനുണ്ടാക്കുന്ന ... സ്ത്രീയുണ്ടാക്കുന്ന എന്നല്ല, പുരുഷനുണ്ടാക്കുന്ന എന്നു തന്നെയാണ് ഞാന്‍ പറഞ്ഞത് ... സുനാമി ഒരു നിത്യ സംഭവമാണ്: പെണ്ണുങ്ങള്‍ ബലാല്‍ക്കാരത്തിനിരയാകുന്നു; കുട്ടികള്‍ കൊല്ലപ്പെടുന്നു; പ്രതിദിനം ആറായിരത്തോളം പേരെ HIV/AIDSകൊണ്ടു മരിക്കാന്‍ വിടുന്നു. ദാരിദ്ര്യത്തിനു വര്‍ണ്ണമുണ്ട്; ലിംഗമുണ്ട്; മണവും. ചോരയുടെയും കണ്ണീരിന്‍റെയും മണം. തകര്‍ന്നു പോയ മനുഷ്യരാണവര്‍ ... ദളിതര്‍, സ്ത്രീകള്‍, ആഫ്രിക്കക്കാര്‍ ... നമുക്കെങ്ങിനെ മിണ്ടാതിരിക്കാനാകും? കോംഗോയിലും, റ്വാണ്ടായിലും, സബ്സഹാറന്‍ രാജ്യങ്ങളിലുമുള്ള ഇത്തരം സുനാമികളെ ശ്രദ്ധിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് സമയമില്ല. ലോകത്തിലെ വന്‍ശക്തികളായ രാഷ്ട്രങ്ങളാകട്ടെ, മൊത്തമായും ചില്ലറയായും, ബോംബിടാനും, അതുണ്ടാക്കി വില്‍ക്കാനും, പാരച്യൂട്ടു വഴി സ്വാതന്ത്ര്യമെത്തിക്കാനുമുള്ള തിരക്കിലാണ്; സമ്പന്നരാഷ്ട്രങ്ങളുടെ തീരങ്ങളില്‍നിന്നു ആഫ്രിക്കയിലേക്കും, ഏഷ്യയിലേക്കും, ലാറ്റിനമേരിക്കയിലേക്കും ദാരിദ്ര്യം മൊത്തമായി കയറ്റിയയക്കപ്പെടുമ്പോള്‍ നാമെന്താണ് ചെയ്യേണ്ടത്? CNN കണ്ട്, അത്താഴവുമുണ്ട്, ഉറങ്ങുകയോ?
The Global Call to Action Against Poverty ഒരു ആഹ്വാനമാണ് ; എന്നെയും നിങ്ങളെയും പോലുള്ളവര്‍ക്കുള്ള ഉണര്‍ത്തു കാഹളം. ഉറക്കത്തില്‍നിന്നുണര്‍ന്നു പ്രവര്‍ത്തിക്കാന്‍; നീതിക്കും, ശാന്തിക്കും, അവകാശങ്ങള്‍ക്കും വേണ്ടി പോരാടാന്‍; പ്രസിഡണ്ടുമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കുമുള്ള, അവര്‍ തങ്ങളുടെ ജോലി നിര്‍വ്വഹിക്കുന്നില്ലെന്നറിയിക്കുവാനുള്ള, ഉണര്‍ത്തുപാട്ടുകൂടിയാണിത്. ലോകമാകെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഏറ്റവും വലിയൊരു സംഘാതമാണ് The Global Call to Action Against Poverty; ഏറ്റവും താഴേക്കിടയിലുള്ള, സമുദായാധിഷ്ഠിതമായ സംഘടനകളും, അന്തര്‍ദ്ദേശീയ ട്രെയ്ഡ് യൂണിയനുകളും, നൂറു കണക്കനിനു മനുഷ്യാവകാശ, മാനവവികസന സംഘടനകളും, ആഗോള സംഘടനകളും ഇതിലുള്‍പ്പെടും. ബ്രിട്ടനിലെ Make Poverty History പ്രചാരണത്തിലൂടെയും, Global Campaign on Education, Trade Justice Movement എന്നിവയിലൂടെയും, അന്യായമായ കടത്തിനെതിരെയുള്ള Jubilee ക്യാംപെയിനിലൂടെയും ഉരുത്തിരിഞ്ഞതാണ് The Global Call to Action Against Poverty. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു നൂറുപേര്‍ 2004 സപ്തംബറില്‍ യോഹന്നാസ്ബര്‍ഗ്ഗില്‍ ഒത്തുകൂടുകുകയും സംയുക്തപ്രവര്‍ത്തനത്തിനായി ഒരു ആഗോളവേദിയുണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതാണ്‌ The Global Call to Action Against Poverty. പങ്കാളികളായ നൂറുകണക്കിനു സംഘടനകളും, ലോകമെങ്ങുമുള്ള പ്രമുഖ പ്രചാരപദ്ധതികളും കൂടി നാലു മുഖ്യ പ്രശ്നങ്ങളെ ഒത്തൊരുമിച്ചു നേരിടാന്‍ തീരുമാനിച്ചു:
1. വ്യാപാര നീതി: ദരിദ്രരാഷ്ട്രങ്ങളിലെ കോടിക്കണക്കിനുള്ള ജനങ്ങളുടെ ജീവിതവും ഉപജീവനവും ഇല്ലാതാക്കുന്ന ചവറു തള്ളലും, അന്യായമായ കാര്‍ഷിക ധനസഹായങ്ങളും സമ്പന്നരാജ്യങ്ങള്‍ നിര്‍ത്തലാക്കണം. WTO യുടെ അനീതിയാര്‍ന്ന വ്യാപാരക്കോയ്മയും, ആഫ്രിക്കയിലെയും, ലാറ്റിനമേരിക്കയിലെയും, ഏഷ്യയിലെയും രാജ്യങ്ങളുടെ മേല്‍ അസമത്വമാര്‍ന്ന വ്യാപാരനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും നിര്‍ത്തേണ്ടതാണ്.
2. കടം എഴുതിത്തള്ളല്‍: അവികസിത രാഷ്ട്രങ്ങള്‍ നിത്യേന നൂറു ദശലക്ഷത്തിലധികം അമേരിക്കന്‍ ഡോളറാണ് സമ്പന്ന രാഷ്ട്രങ്ങള്‍ക്കും, IMFഉം ലോകബാങ്കും പോലുള്ള അവരുടെ കൂട്ടാളികള്‍ക്കും നല്‍കുന്നത്. ഇതു തടഞ്ഞേ പറ്റൂ: അന്യായമായ ഈ കടം ഉടന്‍ റദ്ദു ചെയ്യേണ്ടതാണ്.
3. സഹായങ്ങളുടെ ഗുണത്തിലും അളവിലുമുള്ള വര്‍ദ്ധന: അതു അന്യായമായ ഉപാധികളില്ലാത്തതാവണം; (വികസനത്തിനു സമ്പന്നരാഷ്ട്രങ്ങള്‍ അംഗീകരിച്ച GNP യുടെ 7%.) please check the bracket.
4. ഭൂമുഖത്തുനിന്നും ദാരിദ്ര്യം തുടച്ചു മാറ്റാനുള്ള ദേശീയവും അന്തര്‍ദ്ദേശീയവുമായ പരിശ്രമങ്ങള്‍: സഹസ്രാബ്ദ പ്രഖ്യാപനവും (millenium declaration), വികസന ലക്ഷ്യങ്ങളും ജനാധിപത്യരീതിയിലും, ഉത്തരവാദിത്തത്തോടെയും സാക്ഷാല്‍ക്കരിക്കാനായുള്ള പരിശ്രമങ്ങളാണിവ. അടിച്ചേല്‍പ്പിക്കപെടുന്ന ഉദാരവല്‍ക്കരണം നിര്‍ത്തലാക്കണം. അതുപോലെ, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള പൊതുസേവനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതും നിര്‍ത്തലാക്കണം.
ന്യൂ ഡെല്‍ഹി മുതല്‍ ന്യൂയോര്‍ക്കു വരെ, ലങ്ക മുതല്‍ ലണ്ടന്‍ വരെ, ബ്രസീലു മുതല്‍ ബെല്‍ജിയം വരെ, മൊംബാസാ മുതല്‍ മെല്‍ബണ്‍ വരെ, ലോകത്തൊട്ടാകെയുള്ള നൂറായിരക്കണക്കിനു ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതുജനപ്രവര്‍ത്തനമുണ്ടാകും. ഒരൊറ്റ പ്രവൃത്തിയിലൂടെ, ഒരു വെള്ള നാട (ബാന്‍ഡ്) ധരിക്കുക വഴി, ലോകത്തെവിടെയുമുള്ള ഏതൊരു പൌരനും ഈ പ്രസ്ഥാനത്തില്‍ ഭാഗഭാക്കാന്‍ കഴിയും. ഈ വെള്ള നാടയണിയുക വഴി ദാരിദ്ര്യത്തോടു പോരാടാനുള്ള ഈ ആഗോള പ്രസ്ഥാനവുമായി നിങ്ങള്‍ ഐക്യദാര്‍ഢ്യത്തിലാവുകയാണ്; അനീതിയെ ചോദ്യം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാവുകയാണ്; കാര്യങ്ങള്‍ക്കൊരു മാറ്റമുണ്ടായിക്കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നു പ്രഖ്യാപിക്കുകയാണ്; ഈ ആഗോള മുന്നേറ്റത്തെ പിന്തുണക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ്. ഐക്യദാര്‍ഢ്യത്തിന്‍റെയും, നീതിയുടെയും, സമാധാനത്തിന്‍റെയും പ്രതീകമാണീ വെള്ള നാട.
ഒത്തൊരുമിച്ചാല്‍ നമുക്കു മലകള്‍ മറിക്കാനാകും; ദാരിദ്ര്യത്തിന്‍റെയും, ഇല്ലായ്മയുടെയും മലകള്‍; കടങ്ങളുടെ മലകള്‍; നമ്മുടെ തീരങ്ങളില്‍ ചവറുകൾ പോലെ തള്ളപ്പെടുന്ന വിദേശ ചരക്കുകളുടെയും മലകള്‍; സ്വാതന്ത്ര്യത്തിന്‍റെ, ഭയത്തില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യത്തിന്‍റെ, വഴിയില്‍ വിഘാതമായി നില്‍ക്കുന്ന അനീതിയുടെയും അസമത്വത്തിന്‍റെയും മലകള്‍!
നാം പ്രതിബദ്ധതയുള്ളവർ ആണെന്ന് ലോകത്തോടു വിളിച്ചു പറയുവാനുള്ള വലിയ അവസരങ്ങള്‍, 2005ല്‍, എനിക്കും നിങ്ങള്‍ക്കും ലഭ്യമാകും. ബോംബുകളുണ്ടാക്കാനും, യുദ്ധസന്നാഹത്തിനും വര്‍ഷം തോറും ഒരു ട്രില്യന്‍ ഡോളര്‍ ചെലവാക്കപ്പെടുമ്പോള്‍, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി ഒരല്‍പ്പം കോടികള്‍ എന്തു കൊണ്ടുണ്ടാവുന്നില്ലാ എന്നു നാം ചോദിക്കും. സമ്പന്നരാജ്യങ്ങളും, നിരുത്തരവാദികളായ, കൊഴുത്തുവീര്‍ത്ത, വമ്പന്‍ MNCകളും, അതേപോലെ നിരുത്തരവാദികളും ജാനാധിപത്യവിരുദ്ധരുമായ IMFഉം ലോകബാങ്കു പോലുള്ള സ്ഥാപനങ്ങളും മാറിയേ മതിയാകൂ. ദാരിദ്ര്യത്തെക്കാള്‍ ദരിദ്രരെ ഉന്മൂലനം ചെയ്യാനുള്ള ത്വരയാണ് വാഷിംഗ്‌ടണിലും ബ്രസ്സല്‍സിലുമുള്ള നയനിര്‍മ്മാതാക്കള്‍ക്കുള്ളതെന്നു തോന്നിപ്പോകും. ഈ വഞ്ചന തുടരാനനുവദിച്ചു കൂടാ. ഭഗ്നമായ വാഗ്ദാനങ്ങളുടെ ... റിയോയിലെയും, വിയന്നയിലെയും, ബീജിങ്ങിലെയും ഉച്ചകോടികളില്‍ നല്‍കപ്പെട്ട വാഗ്ദാനങ്ങളുടെ ... മലിനമായ ശ്മശാനങ്ങളില്‍ ചവിട്ടിയാണ് നാം നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സഹസ്രാബ്ദത്തിന്‍റെ തുടക്കത്തില്‍, 2000 സപ്തംബറില്‍, മില്ലനിയം പ്രഖ്യാപനം ഏറ്റെടുക്കാനായി 189 രാഷ്ട്രത്തലവന്മാര്‍ മുമ്പോട്ടു വന്നപ്പോഴും, പിന്നീട്, വ്യക്തമായ എട്ടു സഹസ്രാബ്ദവികസനലക്ഷ്യങ്ങളുമായി ഐക്യരാഷ്ട്രസഭ വന്നപ്പോഴും, വാഗ്ദാനങ്ങള്‍ പൊളിക്കുന്നതിലുള്ള ഭരണകൂടങ്ങളുടെ അലംഘനീയമായ ചരിത്രം അറിയാവുന്നതു കൊണ്ടുതന്നെ, പാവങ്ങളും പാര്‍ശ്വീകൃതരും ആവേശം കൊണ്ടില്ല.
വാസ്തവത്തില്‍, സഹസ്രാബ്ദവികസനലക്ഷ്യങ്ങള്‍ ഏറ്റവും മികച്ചതല്ലായിരിക്കാം; വേണ്ടത്ര ഗുണമുള്ളതായിരിക്കില്ലായിരിക്കാം; അനീതിയും അസമത്വവും തുടച്ചു നീക്കുന്ന ബ്രഹ്മാസ്ത്രമല്ലായിരിക്കാം. എങ്കിലും, ദാരിദ്ര്യത്തെ കാണാമറയത്തൊളിപ്പിക്കുന്ന ഇക്കാലത്ത്, സമ്പന്നരുടെയും, അധികാരമാളുന്നവരുടെയും സുരക്ഷ അമിതപ്രധാനമായി കൊടികുത്തിവാഴുമ്പോള്‍, പല രാജ്യങ്ങളും സെക്യൂരിറ്റി കൌണ്‍സിലില്‍ ഒരിരിപ്പിടമെന്ന ഒരൊറ്റ ചിന്ത മാത്രം പുലര്‍ത്തുമ്പോള്‍, സഹസ്രാബ്ദവികസനലക്ഷ്യങ്ങള്‍ക്കുപോലും ഇതുവരെയില്ലാത്ത സാംഗത്യം ഉണ്ടാകുന്നു. കാരണം, മറ്റെങ്ങും, അന്തര്‍ദ്ദേശീയ നയങ്ങളുടെ മുന്‍ഗണനകളിലൊന്നുംതന്നെ, ദാരിദ്ര്യത്തെയും അവകാശങ്ങളെയും കുറിച്ചൊന്നുമില്ല. നവയാഥാസ്ഥികതയുടെ ഉദയത്തിന്‍റെയും, ഏകപക്ഷീയതയുടെയും പശ്ചാത്തലത്തില്‍, ഭീകരവിരുദ്ധയുദ്ധമാണ് അരങ്ങു കയ്യടക്കിയിരിക്കുന്നത്; ദാരിദ്ര്യത്തെ, സസൌകര്യം, അണിയറയിലേക്ക് തള്ളിയിരിക്കുകയാണ്! ആയതിനാല്‍, ഈ വാഗ്ദാനങ്ങളെങ്കിലും പാലിക്കപ്പെടണമെന്ന് നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്; ഏതു വികസനപദ്ധതിയുടെയും ഭാഗമായിരിക്കണം പെണ്ണവകാശങ്ങളുമെന്നതും ഉറപ്പാക്കേണ്ടതുണ്ട്.
2005ല്‍ ആഗോളദാരിദ്ര്യവിഷയത്തെ സാരമായി ബാധിക്കുന്ന മൂന്നു നാഴികക്കല്ലുകളുണ്ടാകും: ബ്രിട്ടനിലെ ജൂലായ്‌ 5നുള്ള G8 സമ്മേളനം; ഐക്യരാഷ്ട്രസഭയുടെ സപ്തംബറിലെ മില്ലനിയം+5 ഉച്ചകോടി; ഹോംഗ്കൊംഗിലെ ഡിസംബര്‍13 - 18നുള്ള WTO മിനിസ്റ്റീരിയല്‍. ജൂലായിലും, സപ്തംബറിലും, WTO മിനിസ്റ്റീരിയല്‍ നടക്കുന്ന ഡിസംബറിലും ദശലക്ഷക്കണക്കിനാളുകള്‍ ഐക്യദാര്‍ഢ്യമറിയിക്കുന്ന വെള്ള നാടകളണിഞ്ഞ് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കുചേരും. ലോകമാകെ, 2005ല്‍ , ഒത്തൊരുമിച്ച പ്രയത്നമുണ്ടാകും.
ഒരു ചരിത്ര യാദൃച്ഛികതയല്ല ദാരിദ്ര്യം. രാജ്യങ്ങള്‍ക്കിടയിലും, സമൂഹങ്ങള്‍ക്കിടയിലും, അവയ്ക്കുള്ളിലുമുള്ള അസന്തുലിതമായ അധികാരബന്ധങ്ങള്‍ മൂലം നിത്യേന നിര്‍മ്മിക്കപ്പെടുന്നതാണ് ദാരിദ്ര്യം. മനുഷ്യനന്മയില്‍ വിശ്വാസമില്ലാത്ത ഒരു ന്യൂനപക്ഷത്തിന്‍റെ സൃഷ്ടിയാണ് ദാരിദ്ര്യം; ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ ചൂഴ്ന്നെടുത്തു ശോഷണം ചെയ്യുന്നതില്‍ വ്യാപൃതരായ ശക്തരായ സമ്പന്ന രാജ്യങ്ങളുടെ സൃഷ്ടി.
സ്വപ്നം കാണാനുള്ള തന്‍റേടം നമുക്കിപ്പോഴുമുണ്ട്; ഇല്ലായ്മയില്ലാത്ത, സ്വതന്ത്രമായി, അന്തസ്സോടെ, ഏവര്‍ക്കും ജീവിക്കുവാനുള്ള ഒരു ലോകം സ്വപ്നം കാണാന്‍. പക്ഷേ, ആ ദിശയിലേക്കു ലോകത്തെ കൊണ്ടുപോകാന്‍ നമുക്കാകണം. കാരണം, നയനിര്‍മ്മാതാക്കള്‍ എന്നെന്നും ദന്തഗോപുരത്തിലിരിക്കുവാനുള്ളവരല്ല; അവര്‍ മണ്ണിലേക്കിറങ്ങിയേ പറ്റൂ. അവര്‍ പുരുഷാരത്തിന്‍റെ ശബ്ദം കേട്ടേ മതിയാകൂ. സുഹൃത്തുക്കളേ, ഉണര്‍ന്നാലും! ഈ പ്രസ്ഥാനത്തില്‍ പങ്കു ചേരൂ; മാറ്റത്തിനു കളമൊരുക്കൂ.
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആണ് പറഞ്ഞത്, എവിടെയെങ്കിലുമുള്ള അനീതി മറ്റെവിടത്തെയും നീതിക്കു ഭീഷണിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭീഷണി ഒഴിഞ്ഞ വയറിന്‍റെ നിഷ്ഠുരതയാണ്. എണ്ണൂറുദശലക്ഷം ആളുകള്‍ പട്ടിണിയുടെ നിഷ്ഠുരതയില്‍ കഴിയുമ്പോള്‍, ഒരു ന്യൂനപക്ഷത്തിന്‍റെ സുരക്ഷയെക്കുറിച്ചു മാത്രം ചിന്തിക്കാന്‍ നമുക്കെങ്ങിനെ സാധിക്കും?
സ്വാതന്ത്ര്യം ഒരു ന്യൂനപക്ഷത്തിന്‍റെ സവിശേഷാവകാശമല്ല. സമത്വം പൊള്ളയായ വാഗ്ദാനങ്ങളിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും ജനിക്കുന്നതല്ല. ബോംബുകള്‍ക്കു സ്വാതന്ത്ര്യവും ജനാധിപത്യവും സാദ്ധ്യമാക്കാനാവില്ല; ഇറാഖിലായാലും, മറ്റെവിടെയായാലും.
ഈ ഭൂമുഖത്തെ അവസാന മനുഷ്യനു കൂടി സ്വാതന്ത്ര്യം, ഭീതിയില്‍നിന്നും വറുതിയില്‍നിന്നുമുള്ള സ്വാതന്ത്ര്യം, അനുഭവിക്കാന്‍ കഴിയുന്നതു വരെ നമ്മള്‍ മിണ്ടാതിരിക്കില്ല.
ഈ അനീതി തുടരാന്‍ നമ്മള്‍ സമ്മതിക്കില്ല. നമ്മള്‍ മിണ്ടാതിരുന്നാല്‍, അതു ദിനം പ്രതിയുള്ള ആയിരങ്ങളുടെ കൂട്ടക്കുരുതിയോടുള്ള മൌനത്തിന്‍റെ കുറ്റകരമായ സംസ്കാരത്തിന്‍റെ ഭാഗമാകും.
ആരുടെ ചുമതലയാണിതെന്നു നാം ചോദിക്കും. നാം നീതി ആവശ്യപ്പെടും. നമ്മുടെ ഈ അവകാശങ്ങള്‍ നാം സമര്‍ത്ഥിക്കും.
ദാരിദ്ര്യത്തിനറുതി വരുത്താനുള്ള ഈ മുന്നേറ്റത്തില്‍ പങ്കു ചേരാന്‍ നിങ്ങളോരുരുത്തരോടും, എല്ലാ സംഘടനകളോടും,
ഈ പുത്തന്‍ ആഗോള പ്രസ്ഥാനത്തിന്‍റെ പേരില്‍, ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. മാറ്റമുണ്ടാക്കാന്‍ നമുക്കു പ്രയത്നിക്കാം.
(2005 ജനുവരി 27നു പോര്‍ട്ടോ അല്ഗറെയിൽ നടന്ന വേള്‍ഡ് സോഷ്യല്‍ ഫാറത്തില്‍ വെച്ചാണ് The Global Call to Action Against Poverty(GCAP) പ്രാരംഭം കുറിച്ചത്. GCAP ന്റെ സ്ഥാപക ചെയർ പേഴ്സണും Action Aid Internationalന്‍റെ അന്തര്‍ദ്ദേശീയ ഡയറക്റ്ററുമായിരുന്ന ജോണ്‍ സാമുവല്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പകര്‍പ്പാണിത്. ബ്രസീലിയന്‍ പ്രസിഡണ്ട് Luís Inácio Lula da Silvaയും ബ്രസീലിലെ പത്തിലധികം ക്യാബിനറ്റ് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.)

No comments: