Monday, March 27, 2017

സാമ്പത്തിക മാന്ദ്യ കാലത്തെ ചൈന


ജോണ്‍ സാമുവല്‍
ഒരു സമൂഹത്തിന്‍റെ ഏറ്റവും നല്ല കൈചൂണ്ടി പലകകള്‍ ആണ് അതാതു നാട്ടിലെ ടാക്സി ഡ്രൈവര്‍മാര്‍. അവര്‍ പൊതുജനത്തിന്‍റെ ഭാഗമാണല്ലോ. അവര്‍ക്കു നഗരം നന്നായറിയാം. നഗരങ്ങളുടെ പെരുവഴികളും, ഇടവഴികളും , സ്വഭാവും , അധോലോകവും അവര്‍ക്കറിയാം.അവരില്‍ പലരും സാധാരണക്കാരായ ജനങ്ങളുടെ ആള്‍ രൂപങ്ങള്‍ ആണ് . ഒരു നഗരത്തില്‍ എത്തിയാല്‍ ആ നഗരത്തില്‍ എന്തൊക്കെ നടക്കുന്നെന്നും മറ്റു ഞാന്‍ ആദ്യം ചോദിച്ചറിയുന്നത് ടാക്സി ഡ്രൈവറില്‍ നിന്നുമാണ് . അതുകൊണ്ടാണ് ബീജിങ്ങിലെ എന്‍റെ ടാക്സി ഡ്രൈവറോടു സംഭാഷണം തുടങ്ങിയത് . സാമ്പത്തിക മാന്ദ്യം മൂലം തന്റെ ടാക്സിക്കു ഓട്ടം കുറവാണെന്ന് അയാള്‍ പറഞ്ഞു. വിദശവിനോദസഞ്ചാരികള്‍ അധികമൊന്നുമില്ല. സാമ്പത്തിക തകര്‍ച്ചയെച്ചൊല്ലി അയാള്‍ ആശങ്കപ്പെട്ടു. പക്ഷേ, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്നും അയാള്‍ ആശപ്പെട്ടു. അയാള്‍ക്ക് അവരുടെ സര്‍ക്കാരിന്‍റെ കഴിവില്‍ വിശ്വാസം ഉണ്ട്
സാമ്പത്തികപ്രതിസന്ധി ചൈന മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം. അതിനെ നേരിടാന്‍ സമഗ്രമായൊരു തന്ത്രം ചൈന സ്വീകരിച്ചിരുന്നു താനും. അത്തരമൊരു ഒരുക്കമുണ്ടായിട്ടുകൂടി, ജനങ്ങള്‍ക്കിടയില്‍ പൊതുവായൊരു അസ്വസ്ഥതയുണ്ട്. ആള്‍ക്കാര്‍ പണം ചിലവിടുന്നതു ചുരുക്കുകയാണ്; കൂടുതല്‍ മിച്ചം വെക്കുകയാണ്. ആസന്നമായ ഒരു വിപത്തിനെക്കുറിച്ചുള്ള നിശ്ശബ്ദമായൊരു അവബോധം ആളുകൾക്കിടയിൽ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അതേസമയം, ഒരാത്മവിശ്വാസവുമുണ്ട്. ഭരണകൂടത്തിന് ഈ വിപത്തിനെ വരുതിയില്‍ കൊണ്ടുവരാനാകുമെന്ന ആത്മവിശ്വാസം.
പോയ പത്തു പതിനഞ്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ ഗ്രാമങ്ങളില്‍നിന്ന്, കാര്‍ഷികമേഖലകളില്‍നിന്ന്, അഭിവൃദ്ധിപ്രാപിക്കുന്ന കെട്ടിടനിര്‍മ്മാണത്തിലേക്കും, വ്യവസായ മേഖലയിലേക്കുമെത്തിയ കുടിയേറ്റത്തൊഴിലാളികള്‍ ഏകദേശം ഇരുനൂറു കോടിയോളം വരും. അവര്‍ക്കാണ് ഇന്നത്തെ പ്രതിസന്ധിയുടെ ആഘാതമേറ്റിരിക്കുന്നത്. ഗുവാംഗ്ഡോംഗ് (Guangdong) പോലുള്ള കയറ്റുമതി പ്രവിശ്യകളിലെ നൂറു കണക്കിനു ഫാക്റ്ററികളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. ബഹുരാഷ്ട്രകമ്പനികളുടെ നേരിട്ടുള്ള അനുബന്ധസ്ഥാപനങ്ങളിലും, അത്തരം വമ്പന്‍സ്ഥാപനങ്ങള്‍ക്കു നേരിട്ടു സാമഗ്രിവിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലുമാണ് ഏറ്റവുമധികം തൊഴില്‍നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇപ്പോഴുള്ളത് നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കുള്ള മറു കുടിയേറ്റമാണ്.
ദേശീയമായ ആവശ്യങ്ങള്‍ക്കും ഗ്രാമങ്ങളിലെ അടിസ്ഥാനസൌകര്യങ്ങള്‍ക്കുമായി 586 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ഒരു സഹായപദ്ധതി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സാമ്പത്തികവ്യവസ്ഥയ്ക്കു സ്ഥിരതയുണ്ടാക്കുകവഴി അതിനെ നിയന്ത്രണാധീനമാക്കാനായി, ഒമ്പതു കാര്യങ്ങളടങ്ങുന്ന ഒരു സാമ്പത്തികകാര്യനിർവ്വഹണനയവും അവര്‍ പ്രഖ്യാപിക്കുകയുണ്ടായി. പലിശനിരക്കുകള്‍ കുറയ്ക്കല്‍, ഗ്രാമങ്ങളിലെ പുതിയ സംരഭങ്ങള്‍ക്കു, സര്‍ക്കാര്‍ ഉറപ്പോടെയുള്ള, കടം അനുവദിക്കാനുള്ള ഭീമമായ ഒരു പദ്ധതി, പുതിയ വ്യാപാരവ്യവസായസംരംഭങ്ങള്‍ക്ക്‌ കടം കൊടുക്കാനുള്ളൊരു പദ്ധതി, സ്റ്റോക്ക് മാര്‍ക്കറ്റിനെ നിയന്ത്രണത്തിലാക്കാനുള്ള തന്ത്രം, നഷ്ടങ്ങളുടെ വാരം തോറുമുള്ള നിരീക്ഷണവും നിയന്ത്രണവുമൊക്കെ ഈ പദ്ധതിയിലുൾപ്പെടും.
നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്കുള്ള കുടിയേറ്റം മുന്‍കൂട്ടി കണ്ടുകൊണ്ട്, ദേശീയ സര്‍ക്കാരും, പ്രാദേശിക സര്‍ക്കാരും, പ്രവിശ്യകളിലെ ഭരണസ്ഥാപനങ്ങളും കൂടി സഹകരിച്ചുകൊണ്ട്, നാട്ടിന്‍പുറങ്ങളില്‍ മേന്മയേറിയ അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഒരു പരിശ്രമവും നിലവിലുണ്ട്. സ്കൂളുകളുടെ പുനര്‍നിര്‍മ്മാണവും, ആശുപത്രികള്‍ മെച്ചപ്പെടുത്തുന്നതും, പുതിയ റോഡുകളും പാലങ്ങളുമുണ്ടാക്കുന്നതുമൊക്കെ ഇതിലുള്‍പ്പെടും. അതുകൂടാതെ, രാജ്യത്താകെ 140 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികൂടെയുണ്ട്.
ബീജിങ്ങിലും മറ്റു വന്‍പട്ടണങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെങ്കിലും, കെട്ടിടനിര്‍മ്മാണരംഗത്ത് ഇതേവരെ ഗൌരവകരമായ പ്രതിസന്ധി പ്രത്യക്ഷപ്പെട്ടിട്ടില്ല. കടമെടുക്കാന്‍ ഇപ്പോഴും പറ്റുമെങ്കിലും, ആവശ്യക്കാര്‍ കുറവാണ്. എന്നിട്ടും, ബീജിങ്ങിലെ കെട്ടിടനിര്‍മ്മാണമേഖലയില്‍ വില പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ മാത്രമേ താഴ്ന്നിട്ടുള്ളൂ.
ആഭ്യന്തരവിനോദസഞ്ചാരം ബോധപൂര്‍വ്വം പ്രോത്സാഹിക്കപ്പെടുന്നതിനാല്‍, ചൈനക്കകത്തു യാത്രചെയ്യുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. തായ് വാന്‍ ഭരണകൂടവുമായുള്ള പുതിയ ബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍, തായ് വാനിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങളുമുണ്ട്. എന്നാല്‍, വിദേശവിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞുവരുന്നതിന്‍റെ സ്പഷ്ടമായ തെളിവുകളും കാണാം. ഇതു ഹോട്ടല്‍ വ്യാപാരത്തെയും, വിമാനസേവനവ്യവസായത്തെയും നേരിട്ടു ബാധിക്കും.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ചൈനക്കു സമഗ്രമായൊരു സുരക്ഷാനിയമമുണ്ടെന്നു തോന്നുന്നു. വിസയനുവദിക്കുന്നതില്‍ നിയന്ത്രണമുണ്ട്. എല്ലാ അന്തര്‍ദ്ദേശീയസംഘടനകളും പുതുതായി നിരീക്ഷണത്തിലായിരിക്കുന്നു. ഓരോ വ്യാപാരവാഗ്ദാനവും, കച്ചവടത്തിനുള്ള അവസരവും വളരെ കരുതലോടെയാണ് ചൈന സമീപിക്കുന്നത്. ആസൂത്രണത്തിലും, സന്നദ്ധതയിലും, നഷ്ടങ്ങള്‍ കണക്കു കൂട്ടുന്നതിലും ഇന്ത്യയേക്കാള്‍ ചൈന ഏറെ മുന്നിലാണെന്നു തോന്നും.
ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി രസകരമായ പല ചര്‍ച്ചകളുമുണ്ട്. അമേരിക്കയിലേക്കു കൂടുതല്‍ പണം കയറ്റി ആഗോളസാമ്പത്തികസ്ഥിതി സുരക്ഷമാക്കണോ, അതോ, ചൈനയുടെ സാമ്പത്തികസ്ഥിതി ബലപ്പെടുത്തണോ; ഏതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്നാണ് പ്രധാനപ്പെട്ടൊരു ചര്‍ച്ച. ചൈനീസ് ഭാഷയിലുള്ള മാദ്ധ്യമങ്ങളില്‍ ഇതെച്ചൊല്ലി രൂക്ഷമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇംഗ്ലീഷു ഭാഷാ മാദ്ധ്യമങ്ങളുടെ മേലെ സര്‍ക്കാര്‍ നിയന്ത്രണം കൂടുതലുള്ളതുകൊണ്ട് അവിടെയീ ചര്‍ച്ച തുലോം കുറവാണ്.
പ്രവര്‍ത്തനങ്ങളുടെ തോതും, നിയമനിര്‍മ്മാണനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ വേഗതയും വെച്ചുനോക്കിയാല്‍, മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി, ചൈന അനന്യമാണ്. കാര്യങ്ങള്‍ നടപ്പാക്കുന്ന രീതിയില്‍ ചൈന അങ്ങേയറ്റം കേന്ദ്രീകൃതമാണ്. പ്രാദേശിക ഭരണകൂടവും ദേശീയ ഭരണകൂടവും തമ്മിലുള്ള ഏകോപനം വളരെ മെച്ചമായ നിലയില്‍ സംവിധാനം ചെയ്യപ്പെട്ടതാണ്. അതിനാല്‍, ആവശ്യങ്ങള്‍ സൃഷ്ടിക്കാനുള്ള, പല തലങ്ങളും മാനങ്ങളുമുള്ള, പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ചൈനക്കു മറ്റു രാജ്യങ്ങളെക്കാളേറെ വേഗത്തില്‍ കഴിയും.
മൂന്നു തലയുള്ള ഒരാസൂത്രണതന്ത്രമാണ് ചൈനക്കുള്ളതെന്നു തോന്നുന്നു.
1. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഒരു ഭീമന്‍ പദ്ധതി (പോയ പതിനഞ്ചു വര്‍ഷങ്ങളില്‍ വികസനം കൂടുതലായും നഗരകേന്ദ്രീകൃതമായിരുന്നു). 2. നാട്ടിന്‍പുറങ്ങള്‍ക്കു സമീപമുള്ള രണ്ടും മൂന്നും തട്ടില്‍ നില്‍ക്കുന്ന പട്ടണങ്ങളില്‍ ചെറുതും ശരാശരി വലുപ്പമുള്ളതുമായ സംരഭങ്ങള്‍ക്കു ഉദാരമായ വായ്പ്പ നല്‍കുക വഴി വികസനത്തിനു ഉത്തേജനം നല്‍കുന്ന ഒരു പദ്ധതി.
3. ഒരു സാമ്പത്തിക നിയന്ത്രണ പദ്ധതി.
പോയ വാരമാണ് ചൈന അമേരിക്കയുമായുള്ള Strategic Economic Policy Dialogന്‍റെ അഞ്ചാം വട്ടം പൂര്‍ത്തിയാക്കിയത് . സംഭാഷണത്തില്‍ പങ്കു ചേര്‍ന്നത് ഹാങ്ക് പോള്‍സണും ചൈനയുടെ വൈസ് പ്രീമിയറുമായിരുന്നു. ഈ നീക്കം ബാഹ്യലോകത്തു തന്ത്രപരമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു; സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ തന്ത്രപരമായ നിലപാടുറപ്പിക്കാനും. മുമ്പത്തെക്കാളേറെ അമേരിക്കക്കു ചൈനയെ ആശ്രയിക്കേണ്ടി വരുമെന്നു ചൈനയുടെ നേതൃത്വത്തിനു നന്നായി അറിയാം. അതേസമയം, അമേരിക്ക അതിന്‍റെ സാമ്പത്തിക ഊര്‍ജ്ജസ്വലതയിലേക്കു തിരിച്ചു വരുമെന്നുറപ്പാക്കുന്നത് ചൈനയുടെ നന്മക്കു നല്ലതാണു താനും. ചൈനക്കു ചരക്കുകളും സേവനങ്ങളും കയറ്റി അയക്കേണ്ടതിലേക്ക് അമേരിക്ക സാമ്പത്തികമായി ബലിഷ്ഠമായിരിക്കേണ്ടത് അത്യാവശ്യമാണ്. അമേരിക്കക്കാകട്ടെ, സാമ്പത്തികവ്യവസ്ഥയുടെ സ്ഥിരതക്കായി, ചൈനയുടെ വിദേശവിനിമയകരുതല്‍ധനം (foreign exchange reserves) കൂടാതെ വയ്യ. ഇംഗ്ലീഷ് ചാനലായ CCTV 9 യൂറോപ്പിലെ വിവിധ നഗരങ്ങിലുള്ള വ്യാപാരികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു പ്രത്യേക പരിപാടി തയ്യാറാക്കുകയുണ്ടായി. സാമ്പത്തിക പ്രതിസന്ധി അവര്‍ക്കെങ്ങിനെ അനുഭവപ്പെടുന്നുവെന്നാണ് ചാനല്‍ ആരാഞ്ഞത്. നിസ്സംശയം, അവരുടെ വ്യാഖ്യാനം ഇതായിരുന്നു: "കഷ്ടപ്പാടുണ്ടാകും; എന്നാലും, ചൈന വിജയശ്രീലാളിതയാകും."
ചൈനയുടെ സ്ഥിതി പല രീതികളില്‍ അമേരിക്കയുടേതിനു തീര്‍ത്തും വിപരീതമാണ്. അമേരിക്കയില്‍ എല്ലാം ... വ്യക്തിഗത ചിലവുകളും, ഉപഭോക്തൃ വിപണിയും, പുത്തന്‍ നിക്ഷേപങ്ങളും ... വായ്പ്പയാല്‍ നയിക്കപ്പെടുന്നു. ചൈനയില്‍ പ്രേരകമായിരിക്കുന്നത് സമ്പാദ്യമാണ്. കാര്യമെന്തൊക്കെയായാലും, സമ്പാദിക്കുന്നതിന്‍റെ ചെറിയൊരു ശതമാനമേ ചൈനക്കാര്‍ ചിലവഴിക്കുന്നുള്ളൂ. ഈടിന്മേല്‍ എണ്‍പതും നൂറും ശതമാനം വായ്പ്പയെടുക്കുന്ന മറ്റു രാജ്യങ്ങളിലെ പൌരന്മാരില്‍നിന്നു വ്യത്യസ്തമായി, ഇവിടെ വീടു വാങ്ങിക്കുന്നവരില്‍ ഭൂരിപക്ഷവും മുപ്പതോ അമ്പതോ ശതമാനം മാത്രമാണ് വായ്പ്പയെടുക്കുന്നത്. ചൈനയിലാണ് ലോകത്തിലെ ഏറ്റവും മെച്ചമായ ധനനിക്ഷേപനിരക്കുള്ളത്. ചൈനയിലെ പൊതു വായ്പ്പാനിരക്കും മേന്മയുള്ളതു തന്നെ. സമ്പാദ്യപ്പ്രേരിതമായ ഈ സാമ്പത്തിക മാതൃക വരാനിരിക്കുന്ന കഠിനകാലത്ത് ചൈനക്കു ശരിക്കും സഹായകമായേക്കും.
ചൈനയുടെ പതനവും നാശവും പ്രവചിക്കുന്ന ഒരു കുടില്‍വ്യവസായം നിലവിലുണ്ട്. പക്ഷേ, ചൈനയുടെ ഗുണവും പ്രാപ്തിയും വില കുറച്ചു കാണരുത്. ബാഹ്യലോകത്തിന്‍റെ വീക്ഷണങ്ങളും, ചൈനയിലെ വൈവിധ്യമാര്‍ന്ന തലങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങളും തമ്മില്‍ ഗണ്യമായ വ്യത്യാസമുണ്ട്. അതിന്‍റെ ഭരണസംവിധാനത്തില്‍ പുനരുജ്ജീവനത്തിനുള്ള ആന്തരികമായൊരു കഴിവുണ്ട്. സാമ്പത്തികവ്യവസ്ഥയും, ധനമേഖലകളും സ്വതന്ത്രമായിട്ടുണ്ടെങ്കിലും, ശക്തമായ ചട്ടങ്ങളും നിയന്ത്രണസംവിധാനവും ഇപ്പോഴും ചൈനയില്‍ നിലനില്‍ക്കുന്നു. മിക്ക വലിയ ചൈനീസ് കോര്‍പ്പറേഷനുകളും ഗവര്‍മെന്‍റിന്‍റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ആണ്. അമേരിക്കയിലെയും യൂറോപ്പിലെയും സ്വതന്ത്രവിപണിയില്‍നിന്നും ചൈനയിലെ വിപണി അങ്ങിനെ തികച്ചും വ്യത്യസ്തതയുള്ളതാണ്.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും, ചൈനയുടെ കയറ്റുമതിവ്യാപാരം വളരെ ബൃഹത്തായതിനാല്‍, സാമ്പത്തികമാന്ദ്യം അതിന്‍റെ കയറ്റുമതിവിപണിയെ ബാധിക്കാതിരിക്കില്ല; പ്രത്യേകിച്ച്, യൂറോപ്പിലെയും അമേരിക്കയിലെയും നിരവധിപേര്‍ക്കു തൊഴില്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍. വളര്‍ച്ചാനിരക്കു ഒമ്പതു ശതമാനത്തില്‍ പിടിച്ചു നിര്‍ത്താമെന്ന ആത്മവിശ്വാസം ചൈനക്കുണ്ടെങ്കിലും, അടുത്ത ഒരു കൊല്ലത്തിനുള്ളില്‍ അതു താഴേക്കു നീങ്ങാനാണ് സാദ്ധ്യത. ഇതിന്‍റെ പ്രത്യാഘാതം ചില പ്രവിശ്യകളില്‍ വളരെ മോശമായിരിക്കും. പ്രവാസികളായ ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് അവരവരുടെ നാടുകളിലേക്കു താല്‍ക്കാലികമായി മടങ്ങേണ്ടതായി വരും.
കേന്ദ്രീകൃതമായ സാമ്പത്തികസംവിധാനത്താലും, ഉറച്ച ദേശീയതാബോധത്താലും (ഇതിനു മാനസികമായ പ്രഭാവമുണ്ട്), ആവശ്യങ്ങള്‍ സൃഷ്ടിക്കാനുള്ള സാദ്ധ്യതയാലും, ചൈനക്കു മറ്റു രാജ്യങ്ങളെക്കാള്‍ നന്നായി സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞേക്കും.

No comments: