Thursday, May 14, 2020

മനുഷ്യ അവസ്ഥയും ടെക്നോളജീയും

മനുഷ്യ അവസ്ഥയും ടെക്നോളജീയും
രണ്ടു
മനുഷ്യ ചരിത്രവും ടെക്നൊലെജിയും തുടങ്ങുന്നത് മരങ്ങളിലും കല്ലുകളിലും പിന്നെ മണ്ണിലുമാണ്. പ്രകൃതിയുടെ വിവിധ ഭാവങ്ങളായ മണ്ണിനെയും കല്ലിനെയും, മരങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും അഗ്നിയെയും കാറ്റിനെയും വെള്ളത്തെയും വായുവിനെയും കണ്ടും കൊണ്ടും അറിഞ്ഞത് മുതലാണ് ഇന്ന് നമ്മൾ കാണുന്ന എല്ലാത്തിന്റെയും തുടക്കം.
ഇന്നും കല്ലൂകൾ എറിഞ്ഞു മാങ്ങ വീഴ്ത്താനും കല്ലുകൾ ആയുധങ്ങളാക്കി മനുഷ്യരെയും പോലീസിനെയൊക്കെ എറിയാനും പലതും എറിഞ്ഞു ഉടക്കാനുമുള്ള ശീലം മനുഷ്യൻ പുരാതനശിലാ യുഗം കൊണ്ടു നടക്കുന്ന ശീല ഓർമ്മകളാണ്. തെറ്റാലി മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് പതിനായിരകണക്കിന് വര്ഷങ്ങളായി.
മനുഷ്യൻ ആദ്യം എഴുതിയതും വരച്ചതും നിറങ്ങൾ ഉപയോഗിച്ചതും കല്ലുകളിലാണ്. പത്തു കൽപ്പനകൾ എന്ന ആദ്യ സാമൂഹിക ഭരണ പാഠങ്ങൾ ടാബ്‌ലെറ്റ് എന്ന കല്ലുകളിലാണ്.
ബുദ്ധനെ ലോകം അറിഞ്ഞത് കല്ലെഴുത്തിലൂടെയും കൽ പ്രതിമകളിലൂടെയുമാണ്. കല്ലച്ചിലാണ് അക്ഷരങ്ങൾ അച്ചടിച്ചു തുടങ്ങിയത്.
അതു കൊണ്ടാണ് അന്നും ഇന്നും മനുഷ്യൻ കല്ലിൽ ദൈവത്തിന്റ അവതാരങ്ങളെ കാണുന്നത്. മിക്കവാറും തീർത്ഥാടനങ്ങൾ ഇപ്പോഴും കല്ലുകൾ തേടിയോ അല്ലെങ്കിൽ വലിയ കല്ലിനു ചുറ്റുമോ കല്ലറകളിലെക്കോയാണ്.
കല്ലിൽ നിന്നും കല്ല്കൊണ്ടുള്ള ടെക്നൊലെജിയിലാണ് സത്യത്തിൽ മനുഷ്യൻ ഇന്നും ജീവിക്കുന്നത്.
പാറയിൽ തുരന്നുണ്ടാക്കിയ ഗുഹകൾ ആവസമാക്കിയ മനുഷ്യൻ ഇന്നും അതെ പാറ പൊട്ടിച്ച കല്ലും സിമന്റും മണലും കൊണ്ടുണ്ടാക്കിയ വീടുകളിൽ താമസിക്കുന്നു. കല്ല് അറകളിൽ അടക്കപെടുന്നു.
കല്ലും കാറ്റും അഗ്നിയും വെള്ളവും അറിഞ്ഞു ഇണക്കിയാണ് മനുഷ്യൻ ഇത് വരെ വന്നത്. ആദ്യം കല്ലെറിഞ്ഞു വേട്ട ചെയ്ത മൃഗങ്ങളെ വെട്ടി മുറിക്കാൻ കൽ മഴുകളുണ്ടാക്കി. മനുഷ്യൻ പ്രകൃതി വിഭവങ്ങളെ സർഗാത്മക ഉപയോഗിച്ചു ഊർജ്ജമാക്കി അവയെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനെയാണ് ടെക്നൊലെജി എന്ന് പറയുന്നത്.
മനുഷ്യൻ തെറ്റാലി മുതൽ കപ്പലും റോക്കറ്റും മൊബൈൽ ഫോണും ഉണ്ടാക്കുന്നത് ഭൂമിയിനിന്നുള്ള കല്ലുകളും മണ്ണും സംസ്കരിച്ചു കൊണ്ടാണ്. കല്ലുകളെ കണ്ടും തൊട്ടും അറിഞ്ഞും പഠിച്ചുമാണ് മനുഷ്യൻ എല്ലാ ലോഹങ്ങളും കണ്ടെത്തിയത്. ചെമ്പും ഈയവും ഇരുമ്പും കണ്ട്, തീയിൽ ഉരുക്കി മെരുക്കാൻ പഠിച്ച മനുഷ്യൻ. അതു കൊണ്ടു പാത്രങ്ങൾ മാത്രമല്ല ആയുധങ്ങളും നിർമ്മിച്ചു.
തെറ്റാൽ ടെക്നൊലെജി വലുതാക്കി കല്ലുകൾ കൊണ്ടു അഗ്നികൊണ്ടും മനുഷ്യൻ യുദ്ധം ചെയ്തു.
വേട്ടയാടിയ മൃഗങ്ങളെ മെരുക്കി മനുഷ്യരെ മൃഗങ്ങളെപ്പോലെ കൊല്ലുവാൻ പഠിച്ചു. മനുഷ്യൻ ടെക്നൊലെജി ഉപയോഗിച്ച് ജീവിക്കുവാൻ പഠിച്ചത് പോലെ ടെക്നൊലെജി ഉപയോഗിച്ച് കൊല്ലുവാനും പഠിച്ചു. മനുഷ്യ അവസ്ഥയുടെ വിരോധാഭാസമാണത്.
ജീവിക്കുവാനും വധിക്കുവാനും ഒരേ തരം ടെക്നൊലെജി ഉപയോഗിക്കുന്ന മനുഷ്യൻ.
ഏതാണ്ട് ഏഴായിരം കൊല്ലം മുമ്പ് ആണ് ഉരുളുന്ന കല്ലുകളുടെ തിരിച്ചറിവിൽ നിന്ന് മനുഷ്യൻ വീലുകൾ ഉപയോഗിച്ചു വാഹനമുണ്ടാക്കുവാൻ തുടങ്ങിയത്. അന്ന് മൃഗങ്ങളെ മെരുക്കി ഊർജം ഉപയോഗിച്ചു വാഹനമോടിച്ച മനുഷ്യൻ ഇന്ന് ഹോഴ്സ് പവർ അടിസ്ഥാനമാക്കി ഭൂമിൽ നിന്നുള്ള ലോഹങ്ങൾ കൊണ്ടു വാഹനങ്ങളുണ്ടാക്കി ഭൂമിയിൽ നിന്നുള്ള എണ്ണകൊണ്ടു ഓടിക്കുന്നു.
പഴയ മരങ്ങളിൽ നിന്നും കല്ലിൽനിന്നും വെള്ളത്തിൽ നിന്നും നൈരന്തര്യത്തിലൂടെയാണ് നാം ഇപ്പോഴും ജീവിക്കുന്നത്..
ആദ്യം കാറ്റിനെ ഉപയോഗിച്ച് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി കടൽ കടന്ന മനുഷ്യൻ, പിന്നെ വെള്ളത്തെ അഗ്നിയിൽ ആവിയാക്കി വേഗത്തിൽ കടൽ കടക്കാൻ പഠിച്ചു. സ്റ്റീമും സ്റ്റീലുംഗണ്ണും കൽക്കരിയും കൊണ്ടാണ് കൊളോണിയൽ അധികാരം ലോകത്തെങ്ങും കപ്പലിറങ്ങിയത്.
ഏതാണ്ട് ഏഴായിരം കൊല്ലം കൊണ്ട് മനുഷ്യൻ കൃഷി ജീവന ഉപധിയാക്കിയത്. പ്രകൃതിയിലെ മൃഗങ്ങളെയും മണ്ണിനെയും. വെള്ളത്തെയും ഇണക്കിയാണ്. കൃഷി ജീവനവും ഉപജീവനവുമായി.
കൃഷിയുടെ മിച്ച ലാഭം കൈമാറി ലോകത്ത് തുടങ്ങിയ സാമ്പത്തിക ക്രമം ടെക്നലെജിക്ക് അനുസരിച്ചു മാറികൊണ്ടിരുന്നു. കൃഷിയിൽ കൂടി ബയോടെക്നൊലെജി തുടങ്ങിയ മനുഷ്യൻ കൃഷി വിളവെടുപ്പ് കൂട്ടാനും ടെക്നൊലെജി നിരന്തരം പുതുക്കികൊണ്ടിരിന്നു.
ടെക്നൊലെജി കൊണ്ടു സാധ്യമായ ബഹുദൂര ഗതാഗതവും വിവര വിനിമയവുമാണ് മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചയൊന്നു. അത്‌ വഴിയാണ് വ്യാപാര സാമ്പത്തിക ക്രമവും യുദ്ധങ്ങളും ഭൂമിയുടെ അറ്റത്തോളം സംഭവിച്ചത്.
ടെക്നൊലെജി മേൽകൈ ഉള്ള സമൂഹങ്ങൾ പലപ്പോഴും അതു ഉപയോഗിച്ചു പിടിച്ചടക്കി ഭരിച്ചു സാമ്രജ്യങ്ങളും ഭരണ ക്രമങ്ങളുമുണ്ടാക്കി. അതാണ് അലക്‌സാണ്ടറും റോമാ സാമ്രജ്യവും അതു കഴിഞ്ഞു ചെങ്കിസ് ഖാനും മുഗളന്മാരും എല്ലാം ചെയ്തത്.
ടെക്നൊലെജിയാണ് വിവര വിനിമയങ്ങളെ സ്വാധീനിക്കുന്നത്. വിവര വിനിമയ രീതികൾ മസ്തിഷ്ക ന്യൂറോൺ പ്രവർത്തനങ്ങളെ സ്വാധീനിക്കും. അതു ചിന്തയെയും ചിന്താ രീതിയെയും മനുഷ്യ അവസ്ഥകളെയും സ്വാധീനിക്കും.
ടെക്നൊലെജി ഇന്ന് മനുഷ്യ അവസ്ഥയുടെ അടയാളപ്പെടുത്തലാണ് ഇന്ന്.
നമ്മൾ ജനിക്കുന്നതും അനുദിനം അനു നിമിഷം ജീവിക്കുന്നതും മരിക്കുന്നതും ടെക്നൊലെജിയുടെ സഹവാസത്തിലാണ്.
നമ്മൾ കൃഷി ചെയ്യുന്നതും യാത്ര ചെയ്യുന്നതതും പാചകം ചെയ്യുന്നത് ഉണ്ണുന്നതും ഉറങ്ങുന്നതും ഉടുക്കുന്നതും, കുടിക്കുന്നതും കുളിക്കുന്നതും, പല്ല് തേക്കുന്നതും, വിരേചനം ചെയ്യുന്നതും, രതി ചെയ്യുന്നതും എല്ലാം ഇന്ന് ടെക്നൊലെജിയുടെ സഹായ സഹവാസത്തിലാണ്.
പ്രിന്റിംഗ് പ്രസ്സ് വികസിച്ചത് അനുസരിച്ചു അക്ഷരങ്ങളും അക്കങ്ങളും അച്ചടിയിൽകൂടി പടർന്നു. അറിവ് പുസ്തകങ്ങളിൽ കൂടി ഭാഷയും ഭാഷാന്തരവും ഭാഷ്യവുമായി. ഭാഷ വികാരണവും വാക്കുകളുടെ നിഘണ്ടുവും പുതിയ സോഫ്റ്റ്‌വെയർ ടെക്നൊലെജിയായി 16 നൂറ്റാണ്ട് മുതൽ നാലു നൂറ്റാണ്ടുകൾ കൊണ്ടു ലോകമാകെ പടർന്നു.
കപ്പൽ ടെക്നൊലെജിയും ഗൺ ടെക്‌നോളേജിയും കൊണ്ടു കൊളോണിയൽ വ്യപാര അധികാര നെറ്റ് വർക്കുകളിൽ കൂടി ഭാഷയും ശാസ്ത്രവും സാഹിത്യവും പത്രങ്ങളും മനുഷ്യ അവസ്ഥയെ മാറ്റി മറിച്ചു
പത്തൊമ്പതാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ഇലക്ട്രിസിറ്റി ടെക്നൊലെജിയും അതിനെ തുടർന്ന വ്യാവസായിക വിപ്ലവും മനുഷ്യ അവസ്ഥകളെയും ചിന്തകളെ മാറ്റി മറിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഉള്ള നൂറു വർഷങ്ങളിൽ അമേരിക്കൻ സ്വാതന്ത്ര്യംവും ഫ്രഞ്ച് വിപ്ലവവും ജനാധിപത്യം, സോഷ്യലിസം, കമ്മ്യൂണിസം എല്ലാം ടെക്നൊലെജിയും അറിവിന്റെയും ചിന്തകളുടെയും ഫലമായുണ്ടായ രാഷ്ട്രീയ വിജ്ഞാന വിചാരങ്ങളാണ്.
കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി ടെക്നൊലെജി, ടെക്കി, മുതലായ പദങ്ങൾ എല്ലാ ദിവസവും ഭാഷാ വ്യവഹാരങ്ങളിലും അനുഭവ പരിസരങ്ങളിലും സജീവമായി മനുഷ്യ അവസ്ഥയുടെയും ജീവിതത്തിന്റയും അവിഭാജ്യ ഘടകമായി. കമ്പ്യൂട്ടറും, ഇന്റർനെറ്റും, വിവര വിനിമയവും, സ്മാർട്ട്‌ ഫോണും, സാമൂഹിക മാധ്യമങ്ങളും മനുഷ്യന്റ ഭാഷ -വിവര - ചിന്തകളെയും ജീവിത രീതികളെയും വിപ്ലവകരമായ വിധത്തിൽ സ്വാധിനിച്ചു.
സ്മാർട്ട്‌ ഫോൺ ടെക്നൊലെജി ഇല്ലായിരുന്നു എങ്കിൽ മലയാള അക്ഷരങ്ങൾ ഇത്ര വേഗം എഴുതി ഒരു നാനോ സെക്കൻഡ് ക്ലിക്കിൽ ലോകം എങ്ങും അതു എത്തില്ലായിരുന്നു.
ലോകത്തിൽ കാലദേശ അതിരുകളെ ആവിയാക്കുന്നതാണ് ഡിജിറ്റൽ ടെക്നൊളജി. മൂന്നൂറു കൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോൾ വിരൽ തുമ്പിൽ. ഗൂഗിൾ അറിയാതെ ഒന്നും നടക്കുന്നില്ല എന്നതായിരിക്കുന്നു മനുഷ്യ അവസ്ഥ. അതു സർവ്വ വ്യാപിയും സർവ്വ ശക്തവുമായി നിരന്തരം ആളുകളെയും ഭൂമിയെയും വീക്ഷിച്ചു കൊണ്ടിരിക്കുന്നു.
ഇന്ന് പ്ലാറ്റ് ഫോം ടെക്നൊലെജിയും ഓട്ടോമേഷനും മനുഷ്യ ജീവിതത്തെ മാറ്റി മറിച്ചു.. ഊബർ, ഗ്രാബ്, മുതലായ വിരൽ തുമ്പിലെ യാത്ര സൗകര്യങ്ങൾ മാത്രമല്ല,. അന്നന്നത്തെ ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്യുന്നത് പുതിയ നഗരവല്കൃത തലമുറക്ക് ശീലമായി. ടിൻഡർ മുതലായ ഡേറ്റിംഗ് പ്ലാറ്റഫോമിലൂടെ ഇണയെയും കണ്ടത്താം. അതു പോലെ ഡിജിറ്റൽ /ക്രിപ്റ്റോ കറൻസി പ്ലാറ്ഫോം ഫിനാൻസ് ഇക്കോണമിയെ മാറ്റി മറിക്കും.
2001 സെപ്റ്റംബർ 11 നു ടെക്നൊളജിയുടെ മറുവശം ലോക ചരിത്രത്തിൽ ആദ്യമായി കണ്ടു. വേൾഡ് ട്രേഡ് സെന്റെറിന്റ മുകളിൽ പോയി മനുഷ്യൻ നിർമ്മിച്ച ബിൽഡിംഗ്‌ ടെക്നൊലെജിയുടെ ആകാശ ഗോപുരത്തിൽ പോയ്‌ നിന്ന് അത്ഭുതം അനുഭവിച്ചിട്ടുണ്ട്.
ലോകത്തിലെ എൻജിനയിറിങ് ടെക്നൊലെജിയുടെ അടയാളപ്പെടുത്തലിനെ വേറെരു ടെക്നൊലെജികൊണ്ടു തകർക്കുന്നത് ലോകത്തിന്റ അറ്റത്തോളം തത്സമയം മനുഷ്യൻ കണ്ടതും ടെക്നൊലെജി എങ്ങനെ ഒരേ സമയം ഭയവും സ്വാതന്ത്ര്യവും തരുന്നതെന്നു കാട്ടിതന്നു.
അന്ന് മുതൽ മനുഷ്യൻ എവിടെയും നിരീക്ഷണത്തിലാണ്. പരസ്പര വിശ്വാസം നഷ്ട്ടപെട്ട, മനുഷ്യൻ ഇന്ന് വീട്ടിലും നാട്ടിലും കടയിലും ഓഫിസിലും എല്ലായിടത്തും സർവെലെൻസിലാണ് . അമ്പലങ്ങളിലും പള്ളിയിലും ദൈവങ്ങൾക്കും സർവെലിൻസ് ക്യാമറ.
ഊണിലും ഉറക്കത്തിലും 24x 7 ഒരാളുടെ കൂടെയുള്ള സ്മാർട്ട്‌ ഫോണാണ്. അതുപോലും സർവേലൻസ് നടത്തുന്നു. സോഷ്യൽ മീഡിയയിലും ഗൂഗിൾ അന്വേഷണത്തിലുമൊക്കെ മനുഷ്യൻ നിരന്തരം നീരീക്ഷണത്തിലാണ്.
പ്ലാറ്റ് ഫോം ക്യാപിറ്റലിസവും സോഷ്യൽ മീഡിയ ക്യാപിറ്റിലസിവും ഡിജിറ്റൽ കറൻസിയും, സാമ്പത്തിക ക്രമത്തെയും മനുഷ്യ അവസ്ഥകളെയും രാഷ്ട്രീയ വിവാഹാരത്തെയും മാറ്റും.
നിർമ്മിത ബുദ്ധിയും (artificial intelligence ), ജീൻ ടെക്നൊലെജിയും ബയോ ടെക്നൊലെജിയുമൊക്കെ മനുഷ്യ അവസ്ഥയെയും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അവസ്ഥകളെയും മാറ്റും.
ഇത് പുതിയ ആഗോള രാഷ്ട്രീയ വ്യവഹാരത്തിന് ഇടനൽകും. സോളാർ ഊർജവും അതുപോലെ ഇലക്ട്രിക് ഓട്ടോമേറ്റഡ് കാറുകളും വരുന്നതോടെ എണ്ണയുടെ ഉപയോഗം കുറയും. ഇപ്പോൾ നമ്മൾ കാണുന്ന ഓയിൽ ഡോളർ ഇക്കോണമി മാറുന്നതോടെ ലോക രാഷ്ട്രീയ സാമ്പത്തിക വ്യവഹാരങ്ങളും മാറും.
ഒരു വശത്തു ടെക്നൊളജി മനുഷ്യ അവസ്ഥയെ മാറ്റി മറിക്കുമ്പോൾ മറു വശത്തു അതു പല രാഷ്ട്രീയ നൈതീക പ്രശ്നങ്ങൾക്ക് ഇട നൽകും.
പത്തൊൻപതാം നൂറ്റാണ്ടിൽ ഉണ്ടായ ടെക്നൊലെജി വ്യവസായ സാമ്പത്തിക പരിസരത്ത് നിന്നാണ് ഇന്ന് കാണുന്ന ജനാധിപത്യം, സോഷ്യലിസം കമ്മ്യുണിസം മുതലായ രാഷ്ട്രീയ മൂല്യ വിജ്ഞാന വ്യവഹാരങ്ങൾ. എന്നാൽ നിരന്തരം മാറി മറിയുന്ന 21 നൂറ്റാണ്ടിലെ ടെക്‌നോ സാമ്പത്തിക സാമൂഹിക പരിസരങ്ങൾ വളരെ വ്യത്യസ്തമാണ്.
അതു കൊണ്ടു തന്നെ പത്തൊൻപതാം നൂറ്റാണ്ടിലെ ഇസങ്ങൾ കലഹരണപെട്ടിരിക്കുന്ന അവസ്ഥയിലാണ്. പഴയത് പൂർണ്ണമായും പോയിട്ടില്ല. പുതിയയത് വന്നിട്ടും ഇല്ല.
അങ്ങനെയുള്ള സന്നിഗ്ദ രാഷ്ട്രീയ അവസ്ഥയിലാണ് ലോകത്തു കോവിഡ് 19 എന്ന ഷോക്ക്. വെറും രണ്ടു മാസം കൊണ്ടു നിലവിൽ ഉള്ള ടെക്നൊലെജിയും രാഷ്ട്രീയ സാമ്പത്തിക ക്രമത്തെയും വെല്ലു വിളിക്കുന്നുണ്ട്. മാനുഷിക അവസ്ഥയിൽ വീണ്ടും ഭയത്തിന്റ കാറ്റു വിതച്ചു മനുഷ്യ ജീവിതത്തിന്റ വിരോധഭാസത്തെ ഒരിക്കൽ കൂടി തുറന്നു കാട്ടി.
മനുഷ്യൻ ഏറ്റവും കൂടുതൽ സുരക്ഷിതനാവാൻ ശ്രമിക്കുമ്പോൾ അരക്ഷിതത്വം എന്നും കൂടെയുണ്ട്
ടെക്നൊലെജി ഉപയോഗിച്ചു ജീവിക്കാൻ, മരണം നീട്ടാൻ മുന്നേറുമ്പോഴാണ്‌ ഒരു കുഞ്ഞൻ വൈറസ് വന്ന് എല്ലാം കീഴ്മേൽ മറിച്ചത്.
രാജ്യങ്ങളുടെ അതിരുകൾ തുറന്നു തുടങ്ങിയ കാലം ആയിരുന്നു. എവിടെയും എപ്പോഴും യാത്ര ചെയ്യുവാൻ അതിരുകൾ പ്രശ്നം അല്ലാതായി. പക്ഷെ ഒരു കുഞ്ഞൻ കോവിഡ് സംഹാര ദൂതനെപോലെ വന്നു അതിരുകൾ മാറ്റി എഴുതി.
ഇന്ന് വീടുകൾക്ക് അപ്പുറമുള്ള അതിരുകൾപോലും നിയന്ത്രണത്തിലാണ്. യാത്ര സ്വാതന്ത്ര്യം ഇല്ലാതായി. സംഘടിക്കുനുള്ള സ്വാതന്ത്ര്യം ഇല്ല. അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അവധിയിലാണ്. സർക്കാർ പുതിയ വിഗ്രഹവൽക്കരണത്തിലൂടെ എല്ലാത്തിനെയും നിയന്ത്രണ വിധേയമാക്കി.
കോവിഡ് അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ ദേശ രാഷ്ട്ര സർക്കാരുകളും പോലീസിനും അഭൂതപൂർവമായ അധികാരമാണ് കൈവന്നിരിക്കുന്നത്.
കോവിഡ് ഭീതിയിലായിരിക്കുന്ന മനുഷ്യന്റെ സുരക്ഷ വിചാരങ്ങൾ സർക്കാർ അധികാരത്തിനും അധികാരികൾക്കും പുതിയ സാധൂകരണം നൽകുന്നുണ്ട് ജനായത്ത രാഷ്ട്രീയത്തിൽ നിന്നും പഴയ രക്ഷകർതൃ കരുതൽ രാഷ്ട്രീയ വ്യവഹാരത്തിലാണ് ഇന്ന് ഭരണക്രമം.
എല്ലാ ടെക്നൊലെജിക്കും അടിസ്ഥാനം അന്നും ഇന്നും എന്നും ഭൂമിയും ഭൂമിയിൽ ഉളവായതുമാണ്. മനുഷ്യൻ ഭൂമിയിൽ ജീവനും ജീവിതവും നിലനിർത്തുന്നതും പ്രകൃതിയിൽ തന്നെയാണ് .
ടെക്നൊലെജി കൊണ്ടു പ്രകൃതിയുടെ അതിരുകൾ കടക്കുവാൻ നിരന്തരം ശ്രമിക്കുന്ന മനുസ്യനെ ഇടക്കിടെ അവരവരുടെ അതിരുകൾ ബോധ്യപ്പെടുത്തും.
കോവിഡ് 19 മനുഷ്യരെ ഓരോരുത്തരെയും അവരുടെ അതിരുകളിൽ തളച്ചു വീണ്ടും ഓർമിപ്പിക്കുന്നു :
മനുഷ്യൻ ഉറച്ചു നിന്നാലും ഒരു ശ്വാസം അത്രേ.
ജെ എസ് അടൂർ

മനുഷ്യനും പ്രകൃതിയും ടെക്നൊളജീയും

മനുഷ്യനും പ്രകൃതിയും ടെക്നൊളജീയും
ഒന്ന്
മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. എന്നാൽ മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് മനുഷ്യൻ നിരന്തരം പ്രകൃതിയുമായി സമരസപെട്ടു പ്രകൃതിയിൽ നിന്നുള്ള വിഭവങ്ങളെ തങ്ങൾക്കനുരൂപമായി രൂപപ്പെടുത്തി ജീവന് അപ്പുറം അതിജീവനവും ഉപജീവനവും ജീവിതവും സൃഷ്ട്ടിക്കുന്നതായതിനാലാണ്.
മനുഷ്യൻ പ്രകൃതിയെയും പ്രകൃതിയിൽ ഉള്ളതിനെയും ഇണക്കി ജീവനെ പരിരക്ഷിക്കാൻ കാരണം മനുഷ്യനു മറ്റു ജീവികളിൽ നിന്നും വിഭിന്നമായ മസ്തിഷ്ക പ്രവർത്തന വ്യവഹാരമുണ്ടായതിനാലാണ്.
മനുഷ്യ മസ്തിഷ്ക്കം ഏതാണ്ട് 1.2 കിലോഗ്രാം മുതൽ 1.6 കിലോഗ്രാം വലിപ്പമുള്ള അത്ഭുത ജീവ പ്രതിഭാസമാണ്. ശരീരത്തെയും, ഓർമ്മകളെയും ചിന്തകളെയും ഭാവനയെയും ഭാഷപ്രയോഗങ്ങളെയും കാഴ്ച്ചകളെയും കാഴ്ചപ്പാടുകളെയും രുചിയെയും ലൈംഗീകതയും ശരീരത്തിന്റ സർവ്വപ്രവർത്തനത്തെയും നിയന്ത്രിക്കുന്ന കേന്ദ്ര ജീവപ്രവർത്തന മാനേജ്‌മെന്റ് സംവിധാനമാണ്. സെന്ററൽ നേർവെസ് സിസ്റ്റം.
മനുഷ്യ മസ്തിഷ്ക്കത്തിൽ സദാ സജീവമായിരിക്കുന്ന 86 ബില്ല്യൻ ന്യൂറോൺ(നേർവ് സെൽ) വാഹന വൈദ്യുത വ്യവഹാരത്തെയാണ് നമ്മൾ മനസ്സെന്നും മനസ്ഥിതിയെന്നും മൈൻഡ് എന്നും എല്ലാം പറയുന്നത്. മൂന്നു തരം നൂറോണും ന്യൂറൽ നെറ്റ്വർക്കുമാണ് മനുഷ്യന്റ എല്ലാ അനുഭവ ബുദ്ധി വ്യവഹാരത്തെയും മജ്ജയെയും മാംസത്തെയും അന്തര അവയങ്ങളെയും നോട്ടത്തെയും കാഴ്ചകളെയും എല്ലാം എല്ലാം സജീവമാക്കി നിർത്തുന്നത്.
മനസ്സ് എന്ന് പറയുന്നത് മനുഷ്യ ഓർമ്മകളുടെ ജീവവ്യവഹാരമാണ്. നമ്മൾ കണ്ടു അറിയുന്നതും കേട്ട് അറിയുന്നതും കൊണ്ടു അറിയുന്നതും തിരിച്ചു അറിയുന്നതും ചിന്തിച്ചു അറിയുന്നതും ഉള്ളറിയുന്നതും എല്ലാം ഓർമ്മകളുടെ ഓളങ്ങളാണ്. മസ്തിഷ്കത്തിലെ ന്യൂറോൺ വാഹന വ്യവഹാരങ്ങളായാണ്. എല്ലാ വിജ്ഞാവും അറിവുകളും വിശ്വാസങ്ങളും യുക്തികളും ഓർമ്മകളുടെ ന്യൂറൽ വ്യവഹാരങ്ങളാണ്.
മനുഷ്യ മസ്തിഷ്‌കം ഓർമ്മകളുംകാഴ്ചകളും ഭാവനകളും ഭാഷയും ഒരുമിപ്പിച്ചു പ്രവർത്തിപ്പിച്ചാണ് മനുഷ്യനെ സ്വയബോധമുള്ള ജീവിയാക്കുന്നത്. സ്വയബോധമുള്ള മനുഷ്യനാണ് മറ്റു മനുഷ്യരുടെ സ്വയബോധങ്ങൾ അറിഞ്ഞു ഇണയും തുണയുമായി സാമൂഹിക ബന്ധങ്ങളിൽ സജീവമാക്കുന്നത്.
മനുഷ്യൻ ഒറ്റക്കാണ് ജീവൻ അനുഭവിക്കുന്നത് എങ്കിലും ജീവനിൽ നിന്ന് മനുഷ്യൻ ജീവിതം മെനയുന്നത് സാമൂഹികമാണ്. അതു കൊണ്ടു തന്നെ എല്ലാം മനുഷ്യ ജീവിതവും സാമൂഹിക ജീവിതമാണ്. സാമൂഹിക ജീവിതം എന്നത് ഓർമ്മകളുടെ പങ്കു വയ്ക്കലാണ്.
പല മനുഷ്യരുടെ മസ്തിഷ്ക വ്യവഹാരങ്ങളിൽ സംഭവിക്കുന്ന പങ്കുവക്കപ്പെടുന്ന ഓർമ്മകളാണ്.
ഭക്ഷണ രീതിയും ഭാഷ രീതിയും വസ്ത്ര ധാരണവും ആവാസ രീതിയുമൊക്കെ. അതിനെയാണ് പൊതുവെ സംസ്കാരം എന്ന് പറയുന്നത്.
മനുഷ്യ ജനുസ്സിന്റ ചരിത്രത്തിൽ അവരുടെ കൈ വിരുതും മെയ് വിരുതും കാഴ്ച്ച വിരുതുമെല്ലാം പ്രകൃതിയും സമൂഹവും തമ്മിലുള്ള സന്നിവേശത്തിൽ സംഭവിക്കുന്നയൊന്നാണ് . ഇപ്പോൾ നമ്മൾ ആ പ്രക്രിയയെ ടെക്നോളേജി (സാങ്കേതിക വിദ്യ എന്നത് ടെക്നൊലെജിയുടെ പൂർണ അർത്ഥം ഇല്ലാത്ത പദമാണ് ) എന്നറിയപ്പെടുന്നത്.
ടെക്നൊലെജി വിവിധ പ്രകൃതിദത്ത ഉപാധികളും(tools ), രീതികളും(methods ), കര കൗശലങ്ങളും(craft ), പ്രായോഗിക അറിവുകളും(practice knowledge ) ഏകോപിച്ചു മനുഷ്യൻ പ്രകൃതിയുമായി നിരന്തരം സമരസപ്പെടുന്ന വിനിമയ പ്രക്രിയയാണ്. മനുഷ്യൻ പ്രകൃതിയെയും സമൂഹത്തെയും സന്നിവേശിപ്പിച്ചു് ജീവന, അതിജീവന, ഉപജീവന ഉപാധികളാക്കുന്ന പ്രക്രിയയാണ്..
അറിവുകളുടെയും പുതിയ കണ്ടെത്തലുകളുടെയും ഓർമ്മകൾ സാംശീകരിച്ചു കാലദേശങ്ങൾക്കപ്പുറം വിനിമയം ചെയ്യുന്നതാണ് വിജ്ഞാനം.
അതു പ്രകൃതിയെകുറിച്ചും പ്രകൃതി വിന്യാസങ്ങളെകുറിച്ചും പ്രപഞ്ചത്തെകുറിച്ചു ആകുമ്പോൾ അതു ശാസ്ത്രമാകുന്നു. ശാസ്ത്ര വിജ്ഞാനവും പ്രായോഗിക ഉപയോഗ വിനിമയങ്ങളും പുനർ വിചാര -നിർമ്മിതി ചെയ്താണ് മനുഷ്യൻ ടെക്നൊലെജികളെ നിരന്തരം പുതുക്കുന്നത്.
ജെ എസ് അടൂർ
തുടരും

മണ്ണറിയുന്ന കൃഷി സുവിശേഷ.കഥ

മണ്ണറിയുന്ന കൃഷി സുവിശേഷ.കഥ
ചിലർ അങ്ങനെയാണ്.
അവർ ജീവിതത്തിലേക്ക് നടന്നു കയറും.
അങ്ങനെയാണ് ബിനു ഒരു ദിവസം ഉച്ച കഴിഞ്ഞു ജീവിതത്തിലെക്കു നടന്നു കയറിയത്.
വെള്ളമുണ്ടും ഷർട്ടുമിട്ട പ്രസരിപ്പുള്ള ഒരു ചെറുപ്പക്കാരൻ.
പേര് ബിനു ചക്കാലയിൽ.
സ്ഥലം അടൂരിനടുത്തു ഏഴംകുളത്തു.
ഏതാണ്ട് എട്ടു കൊല്ലം മുമ്പ് അടൂരിൽ നിന്നും എന്റെ അടുത്ത സ്നേഹിതൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ബാബു ജോൺ വിളിച്ചു.
അദ്ദേഹമാണ് ബിനുവിനെ പരിചയപെടുത്തിയത്. ബിനുവും ബാബുവും രണ്ടു പാർട്ടിക്കാരാണ്. രണ്ടുപേർക്കും വലിയ കൃഷി സ്നേഹമാണ്.
ബാബു ജോണിന് പുസ്തങ്ങളോട് എന്നത് പോലെ കൃഷിയോടും താല്പര്യമാണ്. പുസ്തകങ്ങളോടും കൃഷിയോടും എനിക്കും അന്നും ഇന്നും താല്പര്യമാണ്.
കർഷക കുടുംബത്തിൽ ജീവിച്ചു കൃഷി നന്മകൾ നിറഞ്ഞ ജീവിതം തൊട്ടറിഞ്ഞും പുസ്തകങ്ങൾ വായിച്ചറിഞ്ഞുമാണ് ഞങ്ങൾ വളർന്നത്.
കണ്ടത്തിൽ ഞാറു നട്ടു നെല്ല്‌ വളർന്നു വയൽ പച്ച പുതക്കുന്നത് കണ്ണ് നിറയെ കണ്ടു, അടുത്തു ഒഴുകുന്ന തോട്ടിൽ തോർത്ത്‌ വിരിച്ചു പരൽ മീനുകളെ പിടിച്ചു, വെള്ളത്തിൽ ഓളം തട്ടി ഒഴുക്കറിഞ്ഞ ബാല്യം ഒരുപാടു പേരുടെ ഗൃഹാതുരത്വമാണ്.
പാവലും പയറും പടവലവും വെണ്ടയുമൊക്ക പൂക്കുമ്പോൾ ഉള്ള സന്തോഷം.
സ്വന്തം പശുവിൻ കിടാവിനെ തഴുകിയുള്ള സ്നേഹം
കരിമ്പ് കണ്ടത്തിൽ കയറി കരിമ്പ് ഓടിച്ചു തിന്ന നാവിലെ മധുരം.
പറമ്പിൽ നിന്ന് കിട്ടുന്ന ഞാലി പൂവൻ പഴത്തിന്റെ രുചി ഓർമ്മകൾ.
തെങ്ങിൽ കയറി കരിക്ക് ഇട്ട് കുടിക്കുന്നതിന്റ ത്രിൽ.
നാട്ടു മാവിൽ നിന്ന് ഉലുത്തിയിടുന്ന മാമ്പഴങ്ങൾ പറക്കുവാൻ കുട്ടികൾ മത്സരിച്ചു ഓടുന്നത്.
വലിയ ആഞ്ഞിലി മരങ്ങളിൽ വലിഞ്ഞു കയറി പഴുത്ത ആഞ്ഞലി ചക്ക ചരടിൽ കെട്ടി കൂട്ടുകാർക്ക് കൊടുക്കുമ്പോൾ ഉള്ള ആത്മ വിശ്വാസം.
ഇത് എല്ലാം ഗ്രാമത്തിൽ കർഷക സമൂഹങ്ങളിൽ വളർന്നവരുടെ ഗൃഹാതുര ഓർമ്മകളാണ്.
കൃഷി അന്യം നിന്ന് പോയ നാട്ടിൽ കണ്ടങ്ങൾ നികത്തി. കൃഷി പച്ചപ്പുകൾ അപൂർവമായി. പഴയ കൃഷിക്കാരുടെ മക്കൾ ഗൾഫിലും അമേരിക്കയിലും പോയി. കൃഷികൾ നിറഞ്ഞ പറമ്പുകളിൽ റബർ മരങ്ങൾ നിറഞ്ഞു.
കൃഷി ഒരുപാടു പേർക്കും ബാല്യകാല ഓർമ്മകൾ മാത്രമായപ്പോൾ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് കൃഷി നന്മകളുമായിപോകുന്നയാളാണ് ബിനു ചക്കാലയിൽ.
നൂറുകണക്കിന് ഏക്കറിൽ നൂറു മെനി വിളയിച്ചു നൂറു കണക്കിന് ആളുകൾക്ക് ജീവനോപാധിയൊരുക്കുന്നതിൽ ജീവിത സന്തോഷം കണ്ടെത്തുന്ന ബിനുവിനെപോലുള്ളവർ അധികമില്ല.
മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ച ബിനുവിനെപ്പോലെയുള്ളവർ ഗൾഫിലും അമേരിക്കയിലും ലണ്ടനിലൊക്കെ പോയി ജീവിക്കുമ്പോൾ കണ്ടത്തിലെ ചെളിയിലിറങ്ങി ആളുകൾക്ക് കഴിക്കുവാൻ അന്നമുണ്ടാക്കുന്നയാൾ.
ബിനുവും അദ്ദേഹത്തിന്റെ കൂട്ടുകാരും നട്ട വാഴകൾ കുലക്കുന്നത് കാണുമ്പോഴാണ് അയാൾക്കു സന്തോഷം. കൈനിറയെ കിട്ടുന്ന ഗൾഫ് കറൻസിയെക്കാൾ അദ്ദേഹത്തിന് മനസ്സ്‌ നിറയുന്നത് വയലേലകളിൽ കാറ്റിലാടുന്ന കതിരുകൾ കാണുമ്പോഴാണ്.
സാധാരണ രാഷ്ട്രീയ നേതാക്കളിൽ നിന്നും വെത്യസ്തനാകുന്നത് പ്രസംഗം കുറവും പ്രവർത്തി കൂടുതലുമുള്ളയൊരാളയതിനാലാണ്. .
സാധാരണ ഖദർ ധാരികളിൽ പലരും കണാൻ വരുന്നത് പിരിവിനും വോട്ട് നേടാനും അവർക്കു എന്തെങ്കിലും കാര്യങ്ങൾ സാധിക്കാനുമാണ്.
ബിനു എട്ട് കൊല്ലം മുമ്പ് തിരുവനന്തപുരത്തു കാണുവാൻ വന്നത് അദ്ദേഹത്തിന്റെ കാർഷിക സ്വപ്‌നങ്ങൾ പങ്ക് വയ്ക്കാനായിരുന്നു. അവർക്കപ്പുറം സ്വപ്നങ്ങൾ ഉള്ള മനുഷ്യരേ ഇഷ്ട്ടമാണ്.
ഹരിത സേനയെന്ന കർഷക തൊഴിലാളികളുടെകൂട്ടായ്മയുണ്ടാക്കിയ സമയമായിരുന്നു. അന്ന് പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌. ബിനു ഒരൊറ്റ അക്ഷരം രാഷ്ട്രീയം സംസാരിച്ചില്ല.
അദ്ദേഹം പറഞ്ഞത് കേരളത്തിൽ ഒരു കാർഷിക വിപ്ലവം സാധ്യമാണ്. കൃഷി നഷ്ട്ടം ആണെന്ന പൊതു ധാരണ തെറ്റാണ്. പഴയ കൃഷി രീതികൾ മാറ്റി ചെറുപ്പക്കാരുടെ കൂട്ടായ്മകൾക്കു കേരളത്തിലേ തരിശ്‌ നിലങ്ങലെടുത്തു കൃഷിയിറക്കി അവരുടെ ഉപജീവനവും കേരളത്തിൽ ആവശ്യമായ ഭക്ഷണവും ഉൽപാദിപ്പിക്കാം. ശുഭാപ്‌തി വിശ്വാസം പ്രസരിപ്പിക്കുന്ന മനുഷ്യൻ.
അങ്ങനെ കൃത്യമായ ഒരു വിഷനും മിഷനും പാഷനുമുള്ള രാഷ്ട്രീയ പ്രവർത്തകരെ അധികം കണ്ടിട്ടില്ല.
രാഷ്ട്രീയ പ്രവർത്തനം മുഴുവൻ സമയ തൊഴിലും ആദായ മാർഗ്ഗവുമായ ഒരിടത്തു കൃഷിയെകുറിച്ചും സമൂഹത്തെകുറിച്ചും കേരളത്തിന്റെ ഭാവിയെക്കുറിച്ചും മാത്രം സംസാരിച്ച ബിനുവിൽ ഒരു രാഷ്ട്രീയ പ്രവർത്തകനെക്കാൾ ഒരു സാമൂഹിക നവോത്‌ഥാന പ്രവർത്തകനെയാണ് കണ്ടത്.
അന്ന് നിർദേശിച്ചത് അനുസരിച്ചു കാർഷിക പരീശീലനം നൽകുവാൻ കേരളത്തിലേ സാഹചര്യത്തിൽ യുവാക്കൾക്കു തൊഴിൽ കണ്ടത്താനുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലന്സ് തുടങ്ങിയത്.
ഇന്ന് മൂവായിരത്തോളം ആളുകളെ കൃഷിയിലും മറ്റു മേഖലയിലും പരിശീലിപ്പിച്ചു അംഞ്ഞൂറോളം ഏക്കർ തരിശ്‌ നിലം പാട്ടെത്തിനെടുത്തു നൂറു മേനി വിളയിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ 345 കാർഷിക ചർച്ച ഓറിയെന്റേഷൻ മീറ്റിങ്ങുകളിൽ മൂവായിരത്തോളം കർഷകരും താല്പര്യമുള്ളവരും പങ്കെടുത്തു.. കഴിഞ്ഞ വർഷം 85 പേർക്ക് മണ്ണൂത്തി കാർഷിക കോളേജിൽ പ്രത്യേക പരിശീലനം ലഭ്യമാക്കി.
പത്തനംതിട്ട ജില്ലയിൽ കുടുംബശ്രീയുമായി ചേർന്നു 196 വനിത കർഷകകൂട്ടായ്മകളെ പരിശീലിപ്പിച്ചു .
ഏതാണ്ട് 2.4 ലക്ഷം വാഴകളാണ് കൃഷി ചെയ്യുന്നത്. ഇതുവരെ രണ്ടു ലക്ഷത്തോളം കുല . ഏതാണ്ട് ആയിരം സ്ത്രീകൾക്ക് കൃഷി പരിശീലനം.
അവരുടെ സമീപനം. കോപ്പറേറ്റിവ് കമ്മ്യുണിറ്റി ഫാമിങ് രീതിയാണ്. കൂടെയുള്ള എണ്പതിൽ അധികം കാർഷിക പ്രവർത്തകരെ നെഞ്ചോടു അടുത്തു നിർത്തുന്ന സംഘാടക മികവാണ് അദ്ദേഹത്ത കൂട്ടായ്മയുടെ കൂട്ടാളിയാക്കുന്നത്.
ടീം വർക്ക് കൊണ്ടു മാത്രമേ ഇങ്ങനെയുള്ള സാമൂഹിക കാർഷിക സംരഭങ്ങൾ പിടിച്ചു നിൽക്കുകയുള്ളൂ. ബിനുവിന്റെ മേന്മ ടീം വർക്കും ജന വിശ്വാസവുമാണ്. കൂടെയുള്ള സജീ ദേവി, ശ്രീ ദേവി, പ്രമീള, മോഹനൻ, ശ്രീജിത്, രഞ്ജിത്ത് എല്ലാവരും ഒരു ടീമായാണ് പ്രവർത്തിക്കുന്നത്.
എല്ലാവർക്കും തുല്യ വേതനം. നെല്ലും കാർഷിക വിളകളും സുതാര്യമായി വിറ്റു. ലാഭ വിഹിതം വീതിക്കും. ഒപ്പമുള്ള കർഷക തൊഴിലാളികൾക്ക് പ്രതിമാസം ശരാശരി ഇരുപതിനായിരത്തിൽ അധികം വേതനം കിട്ടും
മാറ്റത്തിന്റെ മലയാളിയായതിനാലാണ് ഏറെ ഇഷ്ട്ടം. അയാളെ ഒറ്റക്ക് കണ്ടിട്ടില്ല. എപ്പോഴും ആരെങ്കിലും കാണും. അവരെല്ലാം അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്നവർ.
സാധാരണ രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ ആത്മാർത്ഥതയും കൂട്ടായ്മ മനോഭാവുമാണ്. സാമൂഹിക പ്രവര്ത്തനം രാഷ്ട്രീയ പ്രവർത്തനമായി കരുതുന്ന ഒരാൾ. രാവിലെ എട്ടു മണിക്ക് വീട്ടിൽ നിന്നറങ്ങിയാൽ രാത്രി പത്തു മണി വരെ സമൂഹത്തിൽ പ്രവൃത്തിക്കുന്ന മനുഷ്യൻ.
തികച്ചും ഗാന്ധിയനായ നെഹ്രുവിയൻ സോഷ്യലിസ്റ്റായ അടിസ്ഥാന തലത്തിൽ സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നു, കൃഷി ചെയ്തു ഉപജീവനം നടത്തുന്ന കൊണ്ഗ്രെസ്സ് നേതാക്കൾ അധികം ഇല്ല.
24x7 രാഷ്ട്രീയ അധികാര മോഹം കൊണ്ടു നടക്കാത്തത് കൊണ്ടും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റ വക്താവുമൊന്നും അല്ലാത്ത ബിനുവിനെ പോലെയുള്ളവർ പലപ്പോഴും അവർഹിക്കുന്ന നേതൃത്വ തലത്തിലേക്ക് പോകാത്തതിന്റ കാരണം ആ ആർജവമാണ്.
കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അദ്ദേഹം വിളിച്ചത് വാഴക്കൃഷി നശിച്ചു സ്ത്രീകൾക്ക് എന്തെങ്കിലും സഹായം കിട്ടുമോയെന്നു ചോദിക്കാനാണ്.
തിരിച്ചു അഭ്യർത്ഥിച്ചത് പത്തനംതിട്ട ജില്ലയിലെ പ്രളയ ദുരിത്വാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കാമോയെന്നാണ്. അയാൾ രാപ്പകൽ ഞങ്ങളുടെ യൂത്ത് വോളന്റിയേഴ്‌സിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള കൂട്ടുകാരും കൂടി. ഏതാണ്ട് 25000കുടുംബങ്ങൾക്ക് പ്രളയ ദുരിതശ്വാസം ഒരു പരാതിക്കും ഇടനൽകാതെ ഏകോപിച്ചു..
ഓരോറ്റ പത്രത്തിൽപോലും ന്യൂസ് കൊടുക്കാനോ പടം വരുത്താനോ ഓടിയില്ല. വളരെ നിശബ്ദമായി രാപ്പകൽ കൂടെയുണ്ടായിരുന്നു.. ദൂരെ ബാങ്കോക്കിൽ ഇരുന്നയെന്നോട് ആവശ്യമുണ്ടെങ്കിൽ മാത്രം സംസാരിക്കും. കാരണം എന്ത് പ്രശ്നമുണ്ടായാലും അതു പരിഹരിക്കുവാനുള്ള നേതൃത്വ പാടവം അയാൾക്കുണ്ടെന്ന് അപ്പോഴേക്കും വിശ്വാസമുണ്ടായിരുന്നു.
കഴിഞ്ഞ ചില ആഴ്ചകൾക്ക് മുന്നെ വന്നത് കോവിഡിൽ പ്രയാസം അനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചാണ്. അധികം ആരവങ്ങലില്ലാതെ അവരുടെ ടീമും ഒരുപാടു പേരെ സഹായിച്ചു
എല്ലാവരും കോവിഡ് ആശങ്കയിൽ വീട്ടിൽ ഇരുന്നപ്പോൾ ബിനുവും കൂട്ടരും കൊയ്യാൻപോയി.
അദ്ദേഹവുമായി സാധാരണ രാഷ്ട്രീയം സംസാരിക്കാറേ ഇല്ല. മിക്കവാറും കൃഷിയും കേരളത്തിന്റെ ഭാവിയുമാണ്‌ സംസാരിക്കുന്നത്.
ബിനുവിനെപ്പോലെ അടിസ്ഥാന തലത്തിൽ പ്രസംഗം കുറച്ചു മാറ്റങ്ങൾക്കു വേണ്ടി ആത്മാർത്ഥമായും സത്യ സന്ധ്മായി പ്രവർത്തിക്കുന്ന കുറെ ആളുകളാണ് ഇന്നും പല രാഷ്ട്രീയ പാർട്ടികൾക്കും ജനങ്ങളുടെ ഇടയിൽ സാധുത നൽകുന്നവരാണ്.
അടിസ്ഥാന തലത്തിൽ മാറ്റങ്ങൾ വിതക്കുന്ന രാഷ്ട്രീയ പ്രവർത്തകരാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്.
ബിനു ചക്കാലയിൽ ജീവിതത്തിലേക്ക് നടന്നു, പ്രവർത്തികൊണ്ടു സ്നേഹാദരങ്ങൾ നേടിയെടുത്ത ആളാണ് .
അങ്ങനെയൊരാൾ സഹോദര തുല്യനായത് അയാളുടെ മൂല്യാധിഷ്ഠിത സാമൂഹിക പ്രവർത്തന മികവ് കൊണ്ടാണ്.
ഭാവിയിലേക്ക്, കൂട്ടായ്മയുടെ ആത്മവിശ്വാസത്തോടെ, ശുഭാപ്‌തി വിശ്വാസത്തോട് നടക്കുന്നയാൾ
കേരളത്തെയും കൃഷിയെയും സ്നേഹിക്കുന്നൊരാൾ.
ആരവങ്ങൾ ഇല്ലാതെ മാറ്റങ്ങൾ വരുത്തുവാൻ ജീവിതം കൊണ്ടു ശ്രമിക്കുന്നൊരാൾ.
കൃഷിയുടെ പച്ചപ്പും, പൂവും, കതിരുമെല്ലാം നിറഞ്ഞ സുവിശേഷത്തിൽ ജീവിക്കുന്നയൊരാൾ.
അതാണ് ബിനു ചക്കാലയിൽ പരത്തുന്ന പ്രകാശം.
ജെ എസ് അടൂർ

സർക്കാരിനെ വിശ്വാസമാണ്. സർക്കാർ നമ്മളുടേതാണ്. സർക്കാർ നമ്മളാണ്

സർക്കാരിനെ വിശ്വാസമാണ്. സർക്കാർ നമ്മളുടേതാണ്. സർക്കാർ നമ്മളാണ്
കോവിഡ് സമയത്ത് കേരളത്തിൽ കാണുന്ന ഒരു പ്രശ്നം വിവിധ അഭിപ്രായങ്ങളോടുള്ള തികഞ്ഞ അസഹിഷ്ണുതതയാണ്. ഭരണ പാർട്ടി രാഷ്ട്രീയ ലെൻസും പ്രതീപക്ഷ പാർട്ടി രാഷ്ട്രീയ ലെൻസും വച്ചാണ് എന്ത് പറഞ്ഞാലും ഏത് പറഞ്ഞാലും നോക്കുക.
ഏതൊരു അടിയന്തര ഘട്ടത്തിലും വിവിധ അഭിപ്രായങ്ങൾ വരും. അതു കേട്ടിട്ടത് ആവശ്യമുള്ളത് യഥാർത്യ ബോധത്തോടെ ചെയ്യുക എന്നതാണ് കരണീയം
കേരളത്തിൽ സർക്കാരും പഞ്ചായത്തും ജനങ്ങളും എല്ലാം സഹകരിച്ചു വളരെ നല്ല പ്രവർത്തനങ്ങളാണ് ചെയ്യുന്നത് എന്നാണ് അഭിപ്രായം.
കേരളത്തിൽ എല്ലാ തലത്തിലും കൂട്ടായ പ്രവർത്തനം നടത്തിയത് വളരെ നല്ല കാര്യമാണ്. അതിൽ നമ്മുടെ സർക്കാരും ഉദ്യോഗസ്ഥരും മാതൃകപരമായി പ്രവർത്തിച്ചതിൽ അഭിമാനീക്കുന്നു. അതിൽ മുകളിൽ നിന്ന് താഴെ തട്ട് വരെ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.
പക്ഷെ സർക്കാർ എന്ന് പറയുന്ന സംവിധാനം ഇവിടുത്തെ എല്ലാം ജനങ്ങളുടെതുമാണ്. സർക്കാർ എന്ന് പറയുന്നത് അഞ്ചര ലക്ഷം ആളുകൾ ജോലി ചെയ്യുന്ന ഒരു സംവിധാനമാണ്. ആ അഞ്ചര ലക്ഷം പേർ കേരളത്തിലെ എല്ലാ രാഷ്ട്രീയ സാമൂഹിക വിഭാഗങ്ങളിൽ നിന്ന് ഉള്ളവരാണ്.
കാല കാലങ്ങളിൽ
തിരെഞ്ഞെടുക്കപെട്ടവരിൽ ചിലർ മന്ത്രിമാരായി അവരുടെ ജോലി ചെയ്യുന്നു. ഇവരെല്ലാം അവരെ ജനങ്ങൾ ശമ്പളം കൊടുത്തു ഏൽപ്പിച്ചത് ഉത്തരവാദിത്തോടെ ചെയ്യുന്നത് നല്ല കാര്യമാണ്.
ബഹുമാനപെട്ട പിണറായി വിജയൻ എന്റെ കൂടി മുഖ്യ മന്ത്രിയാണ്. ബഹുമാനപെട്ട ഷൈലജ എന്റെ കൂടി മന്ത്രിയാണ് അതുപോലെ തന്നെ ശ്രീ രമേശ്‌ ചെന്നിത്തല എന്റെ കൂടെ പ്രതിപക്ഷ നേതാവാണ് അതാണ് പൗര ബോധത്തിൽ അടിസ്ഥാനമായ ജനായത്ത ബോധം. ഇവരെല്ലാരും ശമ്പളവും മറ്റു സന്നാഹങ്ങളും വാങ്ങുന്നത് ഇവിടുത്തെ എല്ലാം ജനങളുടെയും നികുതിപണം കൊണ്ടാണ്.
അതു കൊണ്ടാണ് അവർ അകൗണ്ടബിൾ ആയിരിക്കണം എന്നു പറയുന്നത്.
വിവിധ ആശയങ്ങളും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ജനായത്ത സംവാദ സംസ്കാരത്തിന് അത്യാവശ്യമാണ്.
'അടിയന്തര ഘട്ടങ്ങളിൽ ' സർക്കാരിനെ പിന്തുണക്കുമ്പോൾ തന്നെ സർക്കാരും അധികാരികളും പറയുന്നത് കേട്ട് ഒരക്ഷരം മിണ്ടാതെ അംഗീകരിക്കുക എന്നതല്ല ജനയാത്തം. കണ്ണുമടച്ചു സർക്കാർ എന്ത് ചെയ്താലും വിമർശിക്കുന്നത് പോലെ പ്രശ്നംമാണ് സർക്കാർ എന്ത് ചെയ്താലും അത് മാത്രമാണ് ശരി എന്ന നിലപാട്
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതു " കുത്തി തിരുപ്പു ' എന്ന് പറഞ്ഞു അസഹിഷ്ണുതയോടെ ആക്രമിച്ചു ട്രോൾ ചെയ്താൽ ചിലർക്ക് അതു ഒരു വിരേചന സുഖം നൽകും. പക്ഷെ അതുകൊണ്ടു സാധാരണ ജനങ്ങളുടെ ആശങ്കകൾ മാറില്ല.
പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടക്കുമോ എന്ന് കണ്ടറിയാം .
ഇപ്പോൾ പലപ്പോഴും എഫ് ബി യിൽ ഓരോ പാർട്ടികളുടെയും സ്ഥിരം കുഴലൂത്തുകാർ കോവിഡ് പ്രതീകരണം തിരെഞ്ഞെടുപ്പ് ഗോദയായി കാണുന്നോ എന്നു തോന്നുന്നു.
കണ്ടു പരിചയിച്ച സ്ഥിരം കക്ഷി രാഷ്ട്രീയ പല്ലവികൾക്കും ആരോപണ -പ്രത്യാരോപണങ്ങൾക്കും അപ്പുറം ഒരുപാടു ജനങ്ങൾ ഇവിടെയുണ്ട്
സർക്കാരിനൊപ്പം നിന്ന് രാഷ്ട്രീയ പാർട്ടി തിമിരങ്ങൾക്കപ്പുറമുള്ള യാഥാർഥ്യം ബോധത്തോടെയും പ്രായോഗിക കാര്യക്ഷതെയോടെയും കോവിഡിനെ പ്രതിരോധിക്കുവാൻ കൂടുതൽ ഏകപനോതോടെ പ്രവർത്തിക്കേണ്ട സമയമാണ്.
കോവിഡ് അടുത്ത ഒരു വർഷമോ അതിൽ അധികമോ കൂടെക്കാണും. കോവിഡുമൊത്തു എങ്ങനെ ജീവിക്കാം എന്ന് സർക്കാരും ജനങ്ങളും സജ്ജമായി ശീലിക്കേണ്ടിയിയിരിക്കുന്നു. കോവിഡ് നെ അതിജീവിക്കാൻ നമ്മൾ ഒരുമിച്ചു പ്രവർത്തിക്കണം
അടുത്ത ഘട്ടം കോവിഡ് വ്യാപനം കേരളത്തിലും ഇന്ത്യയിലും ഉണ്ടാകും. കേരളത്തിൽ കാലവർഷത്തിൽ അതിനോട് അനുബന്ധിച്ചു അസുഖങ്ങളും ഉണ്ടാകാം. പ്രളയ സാധ്യതകൾ തള്ളിക്കളയാനാകില്ല.
അതു കൊണ്ടു എല്ലാവരും ഒത്തു ചേർന്നു വിവിധ ആശയങ്ങൾ സഹിഷ്ണുതയോട് കേട്ട് അതിൽ നല്ലത് എടുത്തു തയ്യാറെടുപ്പാണ് വേണ്ടത്.
ഇത് അടുത്ത രണ്ടോ മൂന്നോ ആഴ്ചകൊണ്ട് പോകുന്നു വൈറസ് അല്ല. അതുകൊണ്ടു തന്നെ നമ്മുക്ക് ഷോര്ട്ട് ടെം സ്ട്രാറ്റജിയോടൊപ്പം രോഗ പ്രതികരണ മാനേജ്മെന്റും, സാമ്പത്തിക മാനേജ്‌മെന്റും സർക്കാർ പ്രതീകരണവും എല്ലാം ആലോചിച്ചു ഒരുമിച്ചു മുന്നോട്ടു പോകണം.
ഒരുമിച്ചു മുന്നോട്ടു പോകണമെങ്കിൽ വിവിധ ആശയങ്ങളെയും അഭിപ്രായങ്ങളെയും വിമർശനങ്ങളെയും ഉൾക്കൊണ്ടാണ് പോകേണ്ടത്
സർക്കാരിനെ വിശ്വാസമാണ് . കാരണം സർക്കാർ നമ്മളാണ്. സർക്കാർ നമ്മുടെ എല്ലാവരുടേതുമാണ്.
അല്ലാതെ ഏതെങ്കിലും ഒരു പാർട്ടിയുടെയൊ വിഗ്രഹൽക്കരിക്കപ്പെടുന്ന നേതാക്കളുതോ അല്ല.
ജെ എസ് അടൂർ

ചിലർ ചില കാര്യങ്ങൾ പറഞ്ഞാൽ

ചിലർ ചില കാര്യങ്ങൾ പറഞ്ഞാൽ അവർക്കു വിവരം ഇല്ല. പണ്ട് തൊട്ടേ പലർക്കും ചിലർ പറയുന്നത് മണ്ടത്തരങ്ങളാണ്. ' തിരു -മേനി' മാർ പറയുന്നത് എല്ലാം ശരിയും. അതു പണ്ടേയുള്ള ശീലങ്ങളാണ്.
രമ്യ ഹരിദാസിനെ ട്രോളി ട്രോളി ട്രോളി 1.58 ലക്ഷം വോട്ടിനു ജയിപ്പിച്ചവർക്ക് അവർ പറയുന്നത് എല്ലാം വിവരക്കേട് ശുദ്ധ 'മണ്ടത്തരം '.
കാരണം നോക്കുന്ന കണ്ണുകളും ലെൻസുമാണ്. ആണത്ത.ലെന്സുകളാണ് അവരെ 'മണ്ടി' യാക്കുന്നത്. പുരുഷു വിഗ്രഹങ്ങളെ കണ്ടവർക്ക് സ്ത്രീകൾ പറയുന്നത് പലപ്പോഴും 'മണ്ടത്തര"മാകും.
അതു വീട്ടിൽ ആയാലും നാട്ടിൽ ആയാലും. പലരും അങ്ങനെ പറഞ്ഞു ശീലിച്ചു പോയി
ഇതേ കാര്യം വുഹാനിലെയും മറ്റു രാജ്യങ്ങളിലെയും ചെന്നൈയിലെയും ഒക്കെ ഉദാഹരണം കാണിച്ചു ശശി തരൂർ പറഞ്ഞാൽ ശരിയാകും. എല്ലാവരും കൈയ്യടിച്ചു അദ്ദേഹത്തിന്റെ വിവരത്തെ പ്രകീർത്തിക്കും . കാരണം 'ശരി ദൂരമാണ് '
പലയിടത്തും അമ്പതും നൂറും അതിൽ അധികവും മുറികൾ ഉള്ള കോളേജ്, സ്കൂൾ, ഹോസ്റ്റലുകൾ ഉണ്ട്. ശൗച്യ സൗകര്യങ്ങൾ ഒരുക്കുവാൻ ഇന്റർനാഷണൽ ഗൈഡ്‌ലൈൻസ് ഉണ്ട്.
വുഹാനിൽ സ്റ്റേഡിയം സ്കൂൾ കോളേജ് എന്നിവ ഉപയോഗിച്ചാണ് മേക് ഷിഫ്റ്റ്‌ ആശുപത്രികളും ക്വറിന്റൈൻ സംവിധാനങ്ങളും ഒരുക്കിയത്. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വേറെ ഉദാഹരണങ്ങൾ നിരവധി.
ലോകത്തു പ്രകൃതി ദുരന്തങ്ങളോ, യുദ്ധങ്ങളോ, പകർച്ച വ്യാധികളോ ഉണ്ടാകുമ്പോൾ സ്‌കൂളും, കോളെജും ഹോസ്റ്റലും, സ്റ്റേഡിയങ്ങളും ഉപയോഗിക്കുന്നത് സർവ്വ സാധാരമാണ് . അതാതു സാഹചര്യതിന്നു അനുസരിച്ചു ഉപയോഗിക്കുന്ന രീതി മാറും.
സംഗതി അതൊന്നും അല്ല. രമ്യ ഹരിദാസ് ' വിവരക്കേടും ' ' മണ്ടത്തരവും ' പറയുന്നു എന്ന് പറഞ്ഞു ട്രോളിയാൽ പലർക്കും ഒരു വിരേചന സുഖം കിട്ടും.
ചിലർക്ക് അസഭ്യം പറയുന്നതും തെറി പറയുന്നതും ഒക്കെ ഓരോ തരം 'സുഖമാണ് 'അങ്ങനെയുള്ളവർ എല്ലാ പാർട്ടി കുഴലൂത്തുകാരിലുമുണ്ട്
എന്തായാലും രമ്യ ട്രോളി വലുതാക്കിയവർ ഇനിയും ട്രോളുക. അതിൽ ചിലർ കൈയ്യടിച്ചു സന്തോഷിക്കും.
ജെ എസ് അടൂർ

Wednesday, May 13, 2020

ഹീലിംഗ് റ്റച് : പ്രകാശം പരത്തുന്ന പെൺ കേരളം


കേരളത്തെ മാറ്റി മറിച്ചത് നഴ്‌സുമാരും ടീച്ചറുമാരും അടിസ്ഥാനതലത്തിൽ പഞ്ചായത്തിലും കുടുംബ ശ്രീയിലുമൊക്കെ പ്രവർത്തിക്കുന്ന സ്ത്രീകളാണ്. പെണ്ണുങ്ങളാണ്. ആണുങ്ങളിൽ ഒരുപാടുപേർ എത്ര വിശകലനം നടത്തിയാലും സ്ത്രീകൾ അതിൽ കാണാത്തതു യാദൃച്ഛികമല്ല.
രോഗങ്ങളും പകർച്ച വ്യാധികളുമൊക്കെ നമ്മളെ നിരന്തരം ജീവിതത്തെകുറിച്ചു ചിന്തിപ്പിക്കും. വളരെ സീരിയസ് രോഗാവസ്ഥ വരുമ്പോൾ ശരീരം നമ്മൾ വിചാരിക്കുന്നിടത്തു നിൽക്കില്ല. ശരീരം ഷീണിക്കുമ്പോൾ മനസ്സും ക്ഷീണിക്കും. ഒറ്റക്കാകുമ്പോൾ, ഷീണിതരാകുമ്പോൾ, അവസാനം അടുത്തുവെന്ന് തോന്നുമ്പോൾ എല്ലാ മനുഷ്യരും ഏകരാണ്.
ആ സമയത്തു ലോകത്തിൽ ഏറ്റവും വലിയ കരുതലും സ്നേഹവും തരുന്നത് നേഴ്സ്മാരാണ്. അവർ ചിരിച്ചു കൊണ്ടു പറയും " ദേർ ഈസ്‌ നതിങ് ടു വറി. യു വിൽ ബി ഫൈൻ '. അല്ലെങ്കിൽ ' ഇന്ന് ക്ഷീണം എല്ലാം മാറി ആളു മിടുക്കൻ ആയല്ലോ ". എന്ത് വിഷമം ഉണ്ടെങ്കിലും ഞങ്ങൾ അടുത്തുണ്ട്.
ലോകത്തിൽ ഏറ്റവും എമ്പതെറ്റിക് ആയ പ്രൊഫെഷൻ നഴ്സിങ് ആണ്.
രോഗം വരുമ്പോൾ ഡോക്റ്ററുടെ വാക്കുകൾ വേദ വാക്യങ്ങളാണ്. പലപ്പോഴും തോന്നിയിട്ടുണ്ട് മരുന്ന്പോലെ പ്രധാനമാണ് ഡോക്റ്ററുടെ വായിൽ നിന്ന് വരുന്ന അത്ഭുത മന്ത്രങ്ങൾ. കാരണം വാക്കുകൾക്ക് മരുന്ന്പോലെ ചിലപ്പോൾ ശക്തിയുണ്ട്. ഡോക്റ്റർ ഒരു രോഗിയിലേക്ക് സന്നിവേശിപ്പിക്കുന്ന പോസിറ്റീവ് എനർജി, ശുഭാപ്‌തി വിശ്വാസം പലരെയും ജീവിതത്തിലെക്കു കൂട്ടി കൊണ്ടുവരും.
പക്ഷേ നഴ്‌സ്മാരുടെ പരിചരണം അനുഭവിക്കുന്നത് അതുപോലെയുള്ള രോഗ അവസ്ഥയിൽ കൂടെ പോകണം. ജീവിതത്തിൽ മൂന്നു പ്രാവശ്യം സാമാന്യം നല്ല രോഗാവസ്തയിൽ പെട്ടിടുണ്ട്. രണ്ടു പ്രാവശ്യം പെടുത്തിയത് മലേറിയയാണ്.
മലേറിയ അടിച്ചു പൂന ഇൻലാക്സ് ഹോസ്പിറ്റലിൽ പോയി സ്വയം അഡ്മിറ്റ് ആയി. അധികം ആരോടും പറഞ്ഞില്ല. പക്ഷേ അവിടെകിടന്ന ഒരാഴ്ചയിൽ ശ്രീ ദേവി എന്ന കുളനടക്കാരി നഴ്‌സ് ശരിക്ക് ശ്രീ ദേവിയായാണ് പ്രത്യക്ഷപെട്ടത്. അതു കഴിഞ്ഞ് എറണാകുളത്തു നിന്നുള്ള റൂബി. അവരും റൂബി എന്ന പേര് അന്വർത്ഥമാക്കി.
" ഓ ഇത് മൂന്നു ദിവസത്തെ കാര്യമേയുള്ളൂ ' എന്ന് പറഞ്ഞു പൾസ് നോക്കി. ഇടക്കിടെ വന്നു സന്തോഷം പകർന്നവർ കേരളത്തിൽ നിന്നുള്ള നേഴ്സുമാരായിരുന്നു.
ഇന്ത്യയിൽ 20ലക്ഷം രജിസ്‌ട്രേഡ് നഴ്‌സ്മാരിൽ 18 ലക്ഷവും കേരളത്തിൽ നിന്നാണ്.
സത്യത്തിൽ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ മാറ്റി മറിച്ചത് നേഴുമാരാണ്. കേരളത്തിൽ നിന്ന് അഞ്ചു ലക്ഷത്തിൽ അധികം നഴ്‌സുമാർ അമേരിക്കയിലും യൂറോപ്പിലും അതു പോലെ ഓസ്‌ട്രേലിയയിലുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം രണ്ടു ലക്ഷത്തോളം കാണും. ഇന്ത്യയിൽ എല്ലായിടത്തും കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ ഉണ്ട്.
ലോകത്തു പല ഭാഗത്തും കേരളത്തിന്റെ ഏറ്റവും നല്ല അംബസൈഡർമാർ ഹീലിംഗ് ടച്ചുമായി ഏറ്റവും ആത്മാർത്ഥമായി സന്തോഷത്തോടെ ജോലി ചെയ്യുന്ന നമ്മുടെ നഴ്‌സുമാരാണ്. ഇന്ന് ലോകത്തിലെ പല രാജ്യത്തും കോവിഡ് അടിയന്തര ഘട്ടത്തിൽ ജീവൻ പണയം വച്ചു രാപ്പകൽ
ജോലി ചെയ്യുന്നത് നമ്മുടെ നഴ്‌സ്മാരാണ്.
ഫിലിപ്പീൻസ് കഴിഞ്ഞാൽ അന്തരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ നഴ്‌സുമാരുള്ളത് കേരളത്തിൽ നിന്നാണ്. കേരളത്തെ യഥാർത്ഥത്തിൽ ആഗോള വൽക്കരിച്ചത് ഇവിടെ നിന്നും ലോകത്തിന്റെ അറ്റത്തോളം പോയ നഴ്‌സുമാരാണ്.
1934 ഇൽ മാത്രമാണ് കേരളത്തിൽ നഴ്‌സിംഗ് വിദ്യാഭ്യാസം തുടങ്ങിയത്. ആദ്യ മുപ്പതു കൊല്ലങ്ങളിൽ നഴ്സിങ്ങിന് പോകുന്നത് തന്നെ " നാണക്കേടു ' എന്ന പുരുഷ സമൂഹ മുൻവിധികൾ ശക്തമായിരുന്നു.
പിന്നെ വിദേശ നാണയത്തിൽ ശമ്പളം കിട്ടാൻ സാധ്യത വന്നപ്പോൾ ഡിമാൻഡ് വർധിച്ചു. കേരളത്തിൽ കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിൽ നഴ്സിങ് വിദ്യാഭ്യാസം സ്ഥാപങ്ങൾ പതിന്മടങ്ങു വർധിച്ചു. കേരളത്തിനു വെളിയിലും കൂടുതൽ നഴ്സിങ് പഠിക്കുന്നത് ഇവിടെ നിന്നുള്ളവരാണ്. ഇന്നത് വളരെ പ്രധാന പ്രൊഫഷണൽ ചോയ്‌സ് ആയി മാറിയിരിക്കുന്നു. അതു കൊണ്ടു ഇന്ന് പുരുഷമാരും നഴ്സിങ്ങിന് പോകുന്നു.
പല നഴ്‌സുമാരുടെ കഥയും അതിജീവനത്തിന്റ കഥയാണ്. എല്ലാ പ്രയാസങ്ങളെയും പലപ്പോഴും ഒറ്റക്ക് തരണം ചെയ്തു ഒരു കുടുംബത്തെ മുഴുവൻ കൈപിടിച്ചുയർത്തിയ കഥകൾ
ഏറ്റവും അടുത്തു സുഹൃത്തുക്കളിൽ പലരും നഴ്‌സ്മാരാണ്. അവരിൽ പലരുടെയും കഥകൾ അതിജീവനത്തിന്റെയും ആത്മ ധൈര്യത്തിന്റയും ശുഭാപ്‌തി വിശ്വാസത്തിന്റെയും കഥകളാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും കാമ്പും കാര്യപരപ്രാപ്തിയും ആത്മാർത്ഥയും കൂടുതൽ കണ്ടിട്ടുള്ളത് നഴ്‌സ്മാരിലാണ്.
ഇപ്പോൾ ഒരു നഴ്സിന്റെ കൂടെയാണ് താമസം. അടുത്തു ചെന്നിരുന്നു എല്ലാ ദിവസവും വർത്താനം പറനില്ലെങ്കിൽ പരിഭവമാണ്. ജീവിതത്തിൽ ആദ്യം കണ്ട നഴ്സ് അമ്മയാണ്. 1954 നഴ്സിങ് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി.ഇരുപത് വയസ്സുള്ള പെൺകുട്ടി ഒറ്റക്ക് ട്രെയിനിൽ ഭോപ്പാലിൽ പോയി അവിടുത്തെ പ്രശസ്തമായ ടി ബി ഹോസ്പിറ്റലിലാണ് ജോലി നോക്കിയത്.
അന്ന് നഴ്‌സുമാർക്ക് വിദേശത്ത് വളരെ എളുപ്പം ജോലി കിട്ടുമായിരുന്നു. അമേരിക്കയിലും കാനഡയിലും ജർമ്മനിയിലും ജോലിക്കു അവസരം കിട്ടിയിട്ടും അമ്മ കേരളത്തിൽ വന്നു ജോലി ചെയ്യാനാണ് തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും പബ്ലിക് ഹെൽത്ത്‌ നഴ്സിങ് പഠിച്ചു.
ഇന്ന് ഇപ്പോൾ നമ്മൾ കാണുന്ന പബ്ലിക് ഹെൽത്ത്‌ സംവിധാനത്തിന്റ ആദ്യകാല പ്രവർത്തക ആയിരുന്നു. ഡിസ്ട്രിക്ട് നഴ്‌സിംഗ് ഓഫിസറും നഴ്സിങ് സ്കൂൾ പ്രിൻസിപ്പലും ഒക്കെയായി ഏതാണ്ട് 32 വർഷം സേവനം ചെയ്തത് കേരളത്തിലെ പൊതു ജനാരോഗ്യത്തിനാണ്.
ഇപ്പോൾ നമ്മൾ കാണുന്ന പൊതു ജനാരോഗ്യ സംവിധാനം എന്റെ അമ്മയെപ്പോലെ ഒരുപാടു അമ്മമാരുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമാണ്. അവരിൽ ഡോക്റ്റര്മാരും നഴ്‌സ്മാരും ഹെൽത് ഇൻസ്‌പെക്ടർമാരും. എ എൻ എം മാരും, ആശ പ്രവർത്തകരുമുണ്ട്.
ചുരുക്കിപറഞ്ഞാൽ ഇന്ന് കേരള മോഡൽ എന്ന് ലോകം ഒട്ടുക്കു പ്രസ്തമായ പൊതു ജന ആരോഗ്യം സംവിധാനമുണ്ടാക്കിയതിൽ വലിയൊരു പങ്ക് സ്ത്രീകൾക്കാണ്. എന്റെ അമ്മയെപോലുള്ള അമ്മമാരാണ് കേരള പൊതു ജനാരോഗ്യ മോഡലിന്റെ ശില്പികൾ. അതുപോലെ ഒരമ്മയാണ് കേരളത്തിലെ ആരോഗ്യമന്ത്രി.
കേരളത്തിൽ രണ്ടു സ്ത്രീകൾ മാത്രമാണ് ആരോഗ്യ മന്ത്രിമാരായത് എന്നാണ് എന്റെ ഓർമ്മ. രണ്ടു പേരും ടീച്ചർമാരായിരുന്നു. നഴ്സിങ് പോലെ മഹത്വം ഉള്ള ജോലിയാണ് ടീച്ചർമാരുടെത്. ശ്രീമതി ടീച്ചറും ഇപ്പോഴത്തെ ഷൈലജ ടീച്ചറും. സത്യത്തിൽ കേരളത്തിലെ ഏറ്റവും നല്ല ആരോഗ്യ മന്ത്രിമാരുടെ പട്ടികയിലാണ് രണ്ടു പേരും.
ഈ കോവിഡ് സമയത്തു നമ്മുടെ ആരോഗ്യ മന്ത്രിയെ വെത്യസ്ഥമാക്കുന്നത് അവരുടെ നൂറു ശതമാനം ആത്മാർത്ഥയാണ്.
ഷൈലജ ടീച്ചറെ ടി വി ചർച്ചകളിൽ പങ്കെടുത്തപ്പോഴാണ് കൂടുതൽ ശ്രദ്ധയോടെ കേട്ടത്. ഇത്രമാത്രം ഹോം വർക്ക് ചെയ്തു വളരെ ആത്മാർത്ഥമായി, പക്വതയോടെ, സ്പഷ്ട്ടമായി സംസാരിക്കുന്ന മന്ത്രിമാരെ അധികം കണ്ടിട്ടില്ല.
നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന മന്ത്രി . സത്യത്തിൽ ശൈലജ ടീച്ചർ ഒരു മുഖ്യ മന്ത്രി മെറ്റേറിയലാണ്. നേത്രത്വ ശേഷിയും ആത്മാർത്ഥയും അഴിമതിഇല്ലാതെ, രാപ്പകൽ അധ്വനിക്കുന്ന മന്ത്രി.ഷൈലജ ടീച്ചർക്ക് ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്.
കേരള മോഡൽ കേരളത്തിലെ സ്ത്രീകളുടെ മോഡലാണ്. കേരളത്തിലെ പൊതു ജനാരോഗ്യം കെട്ടിപ്പടുത്തതിന് സ്ത്രീകളുടെ പങ്ക് പരമ പ്രധാനമാണ്. അതു പോലെ വിദ്യാഭ്യാസ രംഗത്തും. എപ്പോഴും സ്നേഹത്തോടെ എല്ലാവരും ഓർക്കുന്ന ടീച്ചർ അമ്മമാർ നമുക്ക് എല്ലാമുണ്ട്.
കേരളത്തിൽ ഇന്ന് കാണുന്ന സാമ്പത്തിക സാമൂഹിക വളര്ച്ചയില് സ്ത്രീകളുടെ പങ്ക് വളരെ ഗഹനമായി ഗവേഷണം ചെയ്യേണ്ട വിഷയമാണ്.
കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ ലോകമെങ്ങും പോയി ഹീലിംഗ് ടച്ചോടു കൂടി ജാതി മത വർണ്ണ ഭേദമില്ലാതെ ലോകത്തെങ്ങും കോവിഡ് ഭയത്തിന് അപ്പുറം രാപ്പകൽ പണി ചെയ്തു കേരളത്തിന്റെ സ്നേഹ നാളങ്ങളുടെ പ്രകാശം പരത്തുകയാണ്.
അവരെയാണ് കേരളം ഏറ്റവും കൂടുതൽ ബഹുമാനിക്കണ്ടത്.
യഥാർത്ഥത്തിൽ കേരളത്തിന്റെ നവോത്‌ഥാന നായകർ സ്ത്രീകളാണ്. ലോകമെങ്ങും കേരളത്തിന്റെ വിളക്കുമായി പുഞ്ചിരിയോടെ രാപ്പകൽ ജോലി ചെയ്യുന്നവർ.
ഇന്ന് കേരളത്തിൽ ഒരുപാടു വീടുകളെ പട്ടിണിയിൽ നിന്നും സാമ്പത്തിക പരാധീനതയിൽ നിന്നും കരകയറ്റിയത് നഴ്‌സുമാരാണ് . മധ്യ തിരുവിതാംകൂറിൽ നിന്ന് വിദേശ രാജ്യങ്ങളിൽപോയി സാമ്പത്തിക ഉന്നതിയിലെത്തിയത്തിന്റ പിന്നിൽ ഒരു നഴ്‌സുണ്ട്.
എന്റെ അമ്മ നഴ്‌സിംഗിന് പോയപ്പോൾ പലര്ക്കും പുച്ഛമായിരുന്നു. എന്നാൽ ഇന്ന് കുടുംബത്തിൽ നാലു തലമുറ നഴ്‌സ്മാരുണ്ട്. പലരും എം എസ് സി നഴ്സിngu പി എച് ഡിയും കഴിഞ്ഞവർ.
അതു പോലെ കേരളത്തിൽ വിവരവും വായനയും കൂടുതൽ ഉള്ള വിഭാഗമാണ് നഴ്‌സ്മാർ. എന്റെ കസിൻ എം എസ് സി നഴ്സിങ്‌ങ്ങും പി എച് ഡി യൊക്കെ കഴിഞ്ഞ് ഹൂസ്റ്റണിൽ നഴ്‌സ് പ്രാക്ടീഷനറാണ്. ചേച്ചിയുമായി ഫിലോസഫിയും പൊളിറ്റിക്‌സും ഹിസ്റ്ററിയും അനായേസേന സംവദിക്കാം. അതുപോലെ ഒരുപാടു നഴ്‌സ് സുഹൃത്തുക്കളുണ്ട്.
കേരളത്തെ മാറ്റിയത് ഇവിടുത്തെ സ്ത്രീകളാണ്. ഇവിടുത്തെ അമ്മമാരാണ്. സത്യത്തിൽ കേരളത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല പഞ്ചായത്ത്‌ പ്രസിഡന്റ് പഞ്ചായത്ത്‌ മെമ്പർമാർ സ്ത്രീകളാണ്. പ്രളയം സമയത്തു നേരിൽ കണ്ടതാണ്.
എല്ലാ പാർട്ടിയിലും ഉള്ള സ്ത്രീകൾ പാർട്ടി നോക്കിയല്ല ജനങ്ങളിൽ സഹായം എത്തിച്ചത്.
കേരളത്തിൽ അടിസ്ഥാന തലത്തിൽ ഒരുപാടു കാര്യങ്ങൾ മാറിയത് കുടുംബശ്രീ കൊണ്ടാണ് എന്ന് നേരിട്ട് അറിയാം. അതു പോലെ ബോധിഗ്രാം പ്രവര്ത്തനം കേരളത്തിൽ തുടങ്ങിയപ്പോൾ മുതൽ കൂടെ നിന്ന് പ്രകാശം പരത്തുന്നത് സ്ത്രീകളാണ്..
സ്ത്രീകളാണ് കേരള മോഡൽ.
പക്ഷേ ഇന്നും പുരുഷ മേധാവിത്തം ഏറ്റവും കൂടുതലുള്ള രാഷ്ട്രീയ പാർട്ടി നേത്രത്വത്തിൽ സ്ത്രീകൾ ഇല്ല.
കമ്മറ്റികളിൽ പേരിന് മാത്രം.
അതു എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥിതിയാണ്. അതിൽ തന്നെ ഏറ്റവും പുറകിൽ യു ഡി എഫ് കാരാണ്. കഴിവും പ്രാപ്തിയുമുള്ള സ്ത്രീകൾ ഉണ്ടെങ്കിലും അവർക്കു സീറ്റ് കൊടുക്കില്ല. പാർട്ടി സ്ഥാനങ്ങളും.
മുസ്ലിം ലീഗും കേരള കോൺഗ്രസ് എല്ലാം അടിമുടി ആണുങ്ങളുടെ പാർട്ടിയാണ്. അവർക്കു സ്ത്രീകളുടെ വോട്ട് മാത്രം മതി. പക്ഷേ നേതാക്കൾ ആണുങ്ങൾ ആയിരിക്കണം
കേരളത്തിൽ ഭൂ പരിഷ്കരണ നിയമം അവതരിപ്പിച്ച സഖാവ് ഗൗരിയമ്മ കേരളത്തിൽ മുഖ്യമന്ത്രിയാകാൻ എല്ലാ കഴിവുമുള്ള നേതാവായിരുന്നു. അനുഭവ പരിചയവും വിദ്യാഭ്യാസവും മറ്റു ആണ്കോയ്മ നേതാക്കളെക്കാൾ വിദ്യാഭ്യാസമുള്ള ഗൗരിയമ്മ മുഖ്യമന്ത്രിയാകാഞ്ഞത് കേരളത്തിലെ ആൺകോയ്‌മ വരേണ്യ കക്ഷി രാഷ്ട്രീയ സ്വഭാവം കൊണ്ടാണ്.
ഇന്നും കേരളത്തിൽ സ്ത്രീനേതാക്കളെയാണ് പാർട്ടി വ്യത്യസമെന്യെ " 'ആണത്തത്തോടെ " ആക്രമിക്കുന്നത്.
കേരളത്തിലും ലോകത്തും പ്രകാശം പരത്തുന്ന പെണ്ണുങ്ങളെയാണ് വണങ്ങേടത്.
പ്രകാശം പരത്തുന്ന പെൺ കേരളമാണ് ഇന്ന് ഇന്ത്യയിലും ലോകത്തും ഈ കൊച്ചു നാടിനെ അറിയിച്ചത്.
കേരളത്തിൽ സ്ത്രീകൾ എല്ലാ തലത്തിലും നേത്രത്വ സ്ഥാനങ്ങളിൽ വരണം. എന്നാലേ കേരളം മാറുള്ളൂ.
ജെ എസ് അടൂർ
പിൻ കുറിപ്പ് : ഈ പോസ്റ്റിനോടൊപ്പം കെ ആർ ഗൗരി അമ്മയുടെയും കേരളത്തിലെ രണ്ടു മന്ത്രിമാരുടെയും, ആകെ ഉള്ള എംപിയുടെയും, യൂ ഡി എഫ് ഇൽ ആകെയുള്ള എം എൽ എ യുടെയും ചിത്രങ്ങൾ ചേർത്തിരുന്നു. എഴുതിയ പോസ്റ്റ്‌ പോലും വായിക്കാതെ, എന്ത് എഴുതി എന്ന് വായിയ്ക്കാത, ആരാണ് എഴുതിയത് എന്ന് നോക്കി പലരും പ്രതികരിച്ചതിൽ അത്ഭുതം ഇല്ല.
പോസ്റ്റിനോടൊപ്പം ചേർത്ത ചിലർ പടം നോക്കി പാർട്ടി കുഴലൂത്തുകൾ തുടങ്ങി. .പ്രതീക്ഷിച്ചത് പോലെ ഏറ്റവും അസഹിഷ്ണുതതയും പുച്ഛവും കഴിഞ്ഞ അമ്പത് കോല്ലങ്ങളിൽ(ഭാർഗ്ഗവി തങ്കപ്പന് ശേഷം ) കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത്‌ വനിതാ എം പി യുടെ ഫോട്ടോയോടെ ആയിരുന്നു. എത്രമാത്രം പുച്ഛമാണ് ചിലരോട് ഉള്ളത് എന്ന് വ്യക്തം
അങ്ങനെ പ്രതികരിച്ചത് പുരുഷൻമാരാണ് എന്നത് യാദൃശ്ചികമല്ല. കാരണം ഇത് പുരുഷകേരളമാണ്.

Herd Mentality

നേരത്തെ എഴിതിയതാണ്. ഇപ്പോഴും നിലപാട് അതു തന്നെ.
Herd Mentality
“Collective fear stimulates herd instinct, and tends to produce ferocity toward those who are not regarded as members of the herd.”
― Bertrand Russell, Unpopular Essays
Today a significant number of those who are the die-hard loyalists of political parties are often influenced by ' Herd Mentality".
This 'herd' mindset is often influenced by 'identity' - as part of an organisation or real or acquired 'kinship' ties. or friendship ties.
Those who are not a part of the 'herd' get first profiled, then targeted, then attacked with words and then deeds- based on politics of fear- that produce intolerance and politics of hate.
Such a herd mentality of collective fear often generate politics of violence and then violent politics leading to extreme forms of intolerance to the 'other' and this often gets transformed in to mob violence, lynching as well murdering and terrorising political opponents.
If you are not with us, you are against us.and if you are against us you are a ' legitimate ' target. That often also create heard instincts of intolerances to different perspective or opinions or expressions
ഇന്ന് പലപ്പോഴും പലരും രാഷ്ട്രീയ പാര്‍ട്ടികളുടെ 'ചാവേര്‍ ' ആകുന്നതും ' എന്തിനെയും എതിനിനെയും, എല്ലാ വൃത്തികേടുകളെയും ന്യായീകരിക്കുന്നതും , തങ്ങളോടു യോജിക്കതവരെ ചാപ്പ കുത്തി തെറിയഭിഷേകം ചെയ്യുന്നതും ഈ ' Herd mentality' കൊണ്ടാണ്. അതു ചെയ്യുന്നത് ഇന്ത്യയിലെ ഭരണപാർട്ടി മാത്രമല്ല. ചോദ്യങ്ങൾ ചോദിക്കുന്നവരെ 'രാജ്യ ദ്രോഹി " ', എന്നും ' ദേശദ്രോഹി, ' യെന്നും പലരും പലയിടത്തും ഉപയോഗിക്കുന്ന രാഷ്ട്രീയ ചാപ്പ കുത്തലാണ്.
ഇന്ന് പലപ്പോഴും പലരും ഒരു രാഷ്ട്രീയ
പാര്‍ട്ടിയില്‍ ചേരുന്നത് വായിച്ചു പഠിച്ചുള്ള പ്രത്യയ ശാസ്ത്ര കാരണങ്ങള്‍ കൊണ്ടൊന്നും അല്ല.
പലപ്പോഴും അത് കിന്‍ ഷിപ്‌ കൊണ്ടോ പീയര്‍ സോഷ്യലൈസഷന്‍ കൊണ്ടോ ആണ്. അതയായത് അച്ചന്‍ കൊണ്ഗ്രെസ്സ് ആയിരുന്നു. ഞാനും കൊണ്ഗ്രെസ്സ് . അല്ലെങ്കില്‍ ഞങ്ങളുടെത് ' ഒരു കമ്മ്യുണിസ്റ്റ്' കുടുംബം ആണ് എന്ന അടയാളപെടുത്തല്‍. അല്ലെങ്കില്‍ അമ്മാവൻ ആര്‍ എസ എസ ആയിരുന്നു അങ്ങനെ ഞാന്‍ എ ബി വിപി ആയി.
അല്ലെങ്കില്‍ കോളേജില്‍/സ്കൂളില്‍ ചെന്നപ്പോള്‍ കൂടുകരെല്ലാം ഒരു വിദ്യാര്‍ത്തി സംഘടനയില്‍ ചേര്‍ന്ന് ഞാനും ചേര്‍ന്ന്. ഇതില്‍ ആദ്യത്തത് ' kinship ties' ഉം രണ്ടാമതെത് " friendship ties" ഉം ആണ് . പിന്നെ ;identity affiliation". അതായതു ഞങ്ങളുടെ ജാതി -അല്ലെങ്കില്‍ മതം അല്ലെങ്കില്‍ ഭാഷക്കാര്‍ എല്ലാം ഒരു പാര്‍ട്ടിയില്‍ ആണ് ഞങ്ങളും അവരുടെ കൂടെയാണ് . ഇതൊല്ലം ഒരു പരിധി വരെ ' Heard mentality' യിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് .
മിക്കപ്പോഴും വളരെ കുറച്ചു പേരു മാത്രമേ സ്വയം ചിന്തിച്ചു രാഷ്ട്രീയ -പ്രത്യായ ശാസ്ത്ര തിരേഞ്ഞെടുപ്പുകള്‍ നടത്താറൂള്ളൂ അല്ലെങ്കിൽ സ്വതന്ത്രമായി സ്വന്തം രാഷ്ട്രീയ -സാമൂഹിക കാഴ്ചപ്പാടുകൾ രൂപീകരിക്കാറുള്ളൂ .
മിക്കവാറൂം ആളുകൾ കോണ്ഫിമിസ്റ്റ് ആണ്. അവൻ വളർന്നു വന്നതോ ശീലിച്ചതോ ആയ സംഘ സ്വത്വത്തിനും ബലത്തിന്( ഇതിൽ പാർട്ടിയും മതവും എല്ലാം പെടും ) അപ്പുറം ചിന്തിക്കാൻ ഉള്ള ശേഷി നഷ്ട്ടപെട്ടവർ ആണ്.
കിന്ഷിപ് സോഷ്യലൈസെഷന്‍ കൊണ്ടോ , മറ്റു കാരണങ്ങള്‍ കൊണ്ടൊക്കെ ആയരിക്കും പലപ്പോഴും ഒരു സംഘ ബലത്തിന്‍റെ കൂടെ കൂടുന്നത്. ചിലര്‍ സ്വന്തം പ്രോറ്റെകഷന് വേണ്ടി. ചിലര്‍ direct or indirect incentive നു വേണ്ടി. ചിലര്‍ നേതാവ് ആകുവാന്‍ വേണ്ടി.
എന്ത് തന്നെയാലും അക്രമസക്ത്ത രാഷ്ട്രീയത്തിന് ഒരു കാരണം Bertrand Russel പറഞ്ഞ ആ Herd Mentality തന്നെ. അത് സമൂഹത്തിലും സാമൂഹിക മാധ്യമങ്ങളിലും എല്ലാം കാണാന്‍ കഴിയും.
Herd mentality കൂടി വ്യത്യസ്ത അഭിപ്രായമുള്ളവരെ, വ്യത്യസ്ത സ്വതമുള്ളവരെ അടയാളപ്പെടുത്തി അക്രമിക്കുമ്പോഴാണ് അതു ഫാസിസ്റ്റു മനസ്ഥിതിയായി വളർന്നു ' അവനെ കൊല്ലുക ' അവനെ ' ക്രൂശിക്കുക ', അവളെ ' കല്ലെറിയുക ' എന്ന ആൾക്കൂട്ട മനഃശാസ്ത്രമുണ്ടാകുന്നത്.
അങ്ങനെയാണ് ഇന്ത്യയിൽ പലഭാഗത്തും ആൾക്കൂട്ടകൊലകൾ നടക്കുന്നത്.
വ്യത്യസ്ത ശബ്ദങ്ങളോട് അസഹിഷ്ണുതയുണ്ടായപ്പോഴാണ് സഫ്ദർ ഹാഷ്മിയെയും, ഗൗരി ലങ്കേഷിനെയും, കാൾബുർഗിയെയും, പൻസാരെയും, ദാബോൽക്കറെയും, ടി പി ചന്ദ്രശേഖറെയും കൊന്നത്. പണ്ട് മഹാത്മാ ഗാന്ധിജീയെ കൊന്നതും അതുകൊണ്ടു തന്നെ
ഏത് ഒരു രാഷ്ട്രീയ പാർട്ടിയാണെങ്കിലും രാഷ്ട്രീയ സംഘടനയാണെങ്കിലും അതു അസഹിഷ്ണുതയും വെറുപ്പും ഹിംസയുമാണ് വാക്കിലും പ്രവർത്തിയിലും ഉപയോഗിക്കുന്നവെങ്കിൽ അവർ ഒന്നുകിൽ പോപ്പുലിസ്റ് അതോറിറ്റേറിയൻ അല്ലെങ്കിൽ ഹെർഡ്‌ മെന്റാലിറ്റിയുള്ള ആൾക്കൂട്ട ഹിംസയുള്ളവർ.
ജനായത്ത സംസ്കാരം സാമൂഹിക രാഷ്ട്രീയ ആശയ വിയോജിപ്പുകളുടെ സംവാദ പരിസരമാണ്. വിയോജിപ്പുകളും വിമർശനങ്ങളും വ്യത്യസ്ത അഭിപ്രായവുമില്ലെങ്കിൽ ജനായത്തമില്ല.
മാക്സിമം ലീഡർ മാക്സിമം സംഘടന എന്നസാമൂഹിക മനശാസ്ത്രം ജനായത്ത രാഷ്ട്രീയത്തിനെ കാർന്നു തിന്നും. ജനായത്തത്തിൽ ഓരോ പൗരനും സ്വതന്ത്രമായി ചിന്തിക്കാനും, പറയാനും എല്ലാം തുല്യ അവകാശങ്ങളാണ്. വിയോജിപ്പും സംവാദങ്ങളിലൂടെയും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെയാണ് വിജ്ഞാനവും ശാസ്ത്രവും സര്ഗാത്മകയും രാഷ്ട്രീയയവും ചരിത്രത്തിൽ വളർന്നത്
അധികാരത്തെ വിമർശിച്ചത് കൊണ്ടാണ് സ്നാപകന്റ തല വെട്ടിയത്, പരീശ ഭക്തിയുടെ സംഘടിത മത രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിന് യേശുവിനെ ക്രൂശിച്ചു. അടിച്ചമർത്തുന്ന ചൂഷണത്തിന് എതിരെ നിന്നത് കൊണ്ടു ചെ ഗുവേരെയെ വെടിവച്ചു കൊന്നു.
എല്ലാ സംഘടിത അധികാര വ്യവസ്ഥയും ഹേഡ് മെന്റാലിറ്റിയും ഹിംസയും ഉപയോഗിക്കും. കാരണം അവർക്കു വിയോജിപ്പുകളെ വ്യത്യാസ്ത്ത അഭിപ്രായങ്ങളെ വിമർശനങ്ങളെ ഭയമാണ്.
Those who feel more fear and insecurity tend to be more violent in their words and deeds. Fear is always afraid of freedoms of thoughts and expression. First they de-legitimize an opinion and then ridicule and then attack That is not something new. It happened all through history.
The pattern is familiar
Democracy is about dissent, dignity, dialogue and inclusive development of everyone irrespective of caste, creed, gender, organizational affiliation, and political affiliations. Democracy is to respect the voice of the last person too.
ജെ എസ് അടൂർ