Thursday, May 14, 2020

മനുഷ്യ അവസ്ഥയും ടെക്നോളജീയും

മനുഷ്യ അവസ്ഥയും ടെക്നോളജീയും
രണ്ടു
മനുഷ്യ ചരിത്രവും ടെക്നൊലെജിയും തുടങ്ങുന്നത് മരങ്ങളിലും കല്ലുകളിലും പിന്നെ മണ്ണിലുമാണ്. പ്രകൃതിയുടെ വിവിധ ഭാവങ്ങളായ മണ്ണിനെയും കല്ലിനെയും, മരങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും അഗ്നിയെയും കാറ്റിനെയും വെള്ളത്തെയും വായുവിനെയും കണ്ടും കൊണ്ടും അറിഞ്ഞത് മുതലാണ് ഇന്ന് നമ്മൾ കാണുന്ന എല്ലാത്തിന്റെയും തുടക്കം.
ഇന്നും കല്ലൂകൾ എറിഞ്ഞു മാങ്ങ വീഴ്ത്താനും കല്ലുകൾ ആയുധങ്ങളാക്കി മനുഷ്യരെയും പോലീസിനെയൊക്കെ എറിയാനും പലതും എറിഞ്ഞു ഉടക്കാനുമുള്ള ശീലം മനുഷ്യൻ പുരാതനശിലാ യുഗം കൊണ്ടു നടക്കുന്ന ശീല ഓർമ്മകളാണ്. തെറ്റാലി മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് പതിനായിരകണക്കിന് വര്ഷങ്ങളായി.
മനുഷ്യൻ ആദ്യം എഴുതിയതും വരച്ചതും നിറങ്ങൾ ഉപയോഗിച്ചതും കല്ലുകളിലാണ്. പത്തു കൽപ്പനകൾ എന്ന ആദ്യ സാമൂഹിക ഭരണ പാഠങ്ങൾ ടാബ്‌ലെറ്റ് എന്ന കല്ലുകളിലാണ്.
ബുദ്ധനെ ലോകം അറിഞ്ഞത് കല്ലെഴുത്തിലൂടെയും കൽ പ്രതിമകളിലൂടെയുമാണ്. കല്ലച്ചിലാണ് അക്ഷരങ്ങൾ അച്ചടിച്ചു തുടങ്ങിയത്.
അതു കൊണ്ടാണ് അന്നും ഇന്നും മനുഷ്യൻ കല്ലിൽ ദൈവത്തിന്റ അവതാരങ്ങളെ കാണുന്നത്. മിക്കവാറും തീർത്ഥാടനങ്ങൾ ഇപ്പോഴും കല്ലുകൾ തേടിയോ അല്ലെങ്കിൽ വലിയ കല്ലിനു ചുറ്റുമോ കല്ലറകളിലെക്കോയാണ്.
കല്ലിൽ നിന്നും കല്ല്കൊണ്ടുള്ള ടെക്നൊലെജിയിലാണ് സത്യത്തിൽ മനുഷ്യൻ ഇന്നും ജീവിക്കുന്നത്.
പാറയിൽ തുരന്നുണ്ടാക്കിയ ഗുഹകൾ ആവസമാക്കിയ മനുഷ്യൻ ഇന്നും അതെ പാറ പൊട്ടിച്ച കല്ലും സിമന്റും മണലും കൊണ്ടുണ്ടാക്കിയ വീടുകളിൽ താമസിക്കുന്നു. കല്ല് അറകളിൽ അടക്കപെടുന്നു.
കല്ലും കാറ്റും അഗ്നിയും വെള്ളവും അറിഞ്ഞു ഇണക്കിയാണ് മനുഷ്യൻ ഇത് വരെ വന്നത്. ആദ്യം കല്ലെറിഞ്ഞു വേട്ട ചെയ്ത മൃഗങ്ങളെ വെട്ടി മുറിക്കാൻ കൽ മഴുകളുണ്ടാക്കി. മനുഷ്യൻ പ്രകൃതി വിഭവങ്ങളെ സർഗാത്മക ഉപയോഗിച്ചു ഊർജ്ജമാക്കി അവയെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനെയാണ് ടെക്നൊലെജി എന്ന് പറയുന്നത്.
മനുഷ്യൻ തെറ്റാലി മുതൽ കപ്പലും റോക്കറ്റും മൊബൈൽ ഫോണും ഉണ്ടാക്കുന്നത് ഭൂമിയിനിന്നുള്ള കല്ലുകളും മണ്ണും സംസ്കരിച്ചു കൊണ്ടാണ്. കല്ലുകളെ കണ്ടും തൊട്ടും അറിഞ്ഞും പഠിച്ചുമാണ് മനുഷ്യൻ എല്ലാ ലോഹങ്ങളും കണ്ടെത്തിയത്. ചെമ്പും ഈയവും ഇരുമ്പും കണ്ട്, തീയിൽ ഉരുക്കി മെരുക്കാൻ പഠിച്ച മനുഷ്യൻ. അതു കൊണ്ടു പാത്രങ്ങൾ മാത്രമല്ല ആയുധങ്ങളും നിർമ്മിച്ചു.
തെറ്റാൽ ടെക്നൊലെജി വലുതാക്കി കല്ലുകൾ കൊണ്ടു അഗ്നികൊണ്ടും മനുഷ്യൻ യുദ്ധം ചെയ്തു.
വേട്ടയാടിയ മൃഗങ്ങളെ മെരുക്കി മനുഷ്യരെ മൃഗങ്ങളെപ്പോലെ കൊല്ലുവാൻ പഠിച്ചു. മനുഷ്യൻ ടെക്നൊലെജി ഉപയോഗിച്ച് ജീവിക്കുവാൻ പഠിച്ചത് പോലെ ടെക്നൊലെജി ഉപയോഗിച്ച് കൊല്ലുവാനും പഠിച്ചു. മനുഷ്യ അവസ്ഥയുടെ വിരോധാഭാസമാണത്.
ജീവിക്കുവാനും വധിക്കുവാനും ഒരേ തരം ടെക്നൊലെജി ഉപയോഗിക്കുന്ന മനുഷ്യൻ.
ഏതാണ്ട് ഏഴായിരം കൊല്ലം മുമ്പ് ആണ് ഉരുളുന്ന കല്ലുകളുടെ തിരിച്ചറിവിൽ നിന്ന് മനുഷ്യൻ വീലുകൾ ഉപയോഗിച്ചു വാഹനമുണ്ടാക്കുവാൻ തുടങ്ങിയത്. അന്ന് മൃഗങ്ങളെ മെരുക്കി ഊർജം ഉപയോഗിച്ചു വാഹനമോടിച്ച മനുഷ്യൻ ഇന്ന് ഹോഴ്സ് പവർ അടിസ്ഥാനമാക്കി ഭൂമിൽ നിന്നുള്ള ലോഹങ്ങൾ കൊണ്ടു വാഹനങ്ങളുണ്ടാക്കി ഭൂമിയിൽ നിന്നുള്ള എണ്ണകൊണ്ടു ഓടിക്കുന്നു.
പഴയ മരങ്ങളിൽ നിന്നും കല്ലിൽനിന്നും വെള്ളത്തിൽ നിന്നും നൈരന്തര്യത്തിലൂടെയാണ് നാം ഇപ്പോഴും ജീവിക്കുന്നത്..
ആദ്യം കാറ്റിനെ ഉപയോഗിച്ച് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി കടൽ കടന്ന മനുഷ്യൻ, പിന്നെ വെള്ളത്തെ അഗ്നിയിൽ ആവിയാക്കി വേഗത്തിൽ കടൽ കടക്കാൻ പഠിച്ചു. സ്റ്റീമും സ്റ്റീലുംഗണ്ണും കൽക്കരിയും കൊണ്ടാണ് കൊളോണിയൽ അധികാരം ലോകത്തെങ്ങും കപ്പലിറങ്ങിയത്.
ഏതാണ്ട് ഏഴായിരം കൊല്ലം കൊണ്ട് മനുഷ്യൻ കൃഷി ജീവന ഉപധിയാക്കിയത്. പ്രകൃതിയിലെ മൃഗങ്ങളെയും മണ്ണിനെയും. വെള്ളത്തെയും ഇണക്കിയാണ്. കൃഷി ജീവനവും ഉപജീവനവുമായി.
കൃഷിയുടെ മിച്ച ലാഭം കൈമാറി ലോകത്ത് തുടങ്ങിയ സാമ്പത്തിക ക്രമം ടെക്നലെജിക്ക് അനുസരിച്ചു മാറികൊണ്ടിരുന്നു. കൃഷിയിൽ കൂടി ബയോടെക്നൊലെജി തുടങ്ങിയ മനുഷ്യൻ കൃഷി വിളവെടുപ്പ് കൂട്ടാനും ടെക്നൊലെജി നിരന്തരം പുതുക്കികൊണ്ടിരിന്നു.
ടെക്നൊലെജി കൊണ്ടു സാധ്യമായ ബഹുദൂര ഗതാഗതവും വിവര വിനിമയവുമാണ് മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചയൊന്നു. അത്‌ വഴിയാണ് വ്യാപാര സാമ്പത്തിക ക്രമവും യുദ്ധങ്ങളും ഭൂമിയുടെ അറ്റത്തോളം സംഭവിച്ചത്.
ടെക്നൊലെജി മേൽകൈ ഉള്ള സമൂഹങ്ങൾ പലപ്പോഴും അതു ഉപയോഗിച്ചു പിടിച്ചടക്കി ഭരിച്ചു സാമ്രജ്യങ്ങളും ഭരണ ക്രമങ്ങളുമുണ്ടാക്കി. അതാണ് അലക്‌സാണ്ടറും റോമാ സാമ്രജ്യവും അതു കഴിഞ്ഞു ചെങ്കിസ് ഖാനും മുഗളന്മാരും എല്ലാം ചെയ്തത്.
ടെക്നൊലെജിയാണ് വിവര വിനിമയങ്ങളെ സ്വാധീനിക്കുന്നത്. വിവര വിനിമയ രീതികൾ മസ്തിഷ്ക ന്യൂറോൺ പ്രവർത്തനങ്ങളെ സ്വാധീനിക്കും. അതു ചിന്തയെയും ചിന്താ രീതിയെയും മനുഷ്യ അവസ്ഥകളെയും സ്വാധീനിക്കും.
ടെക്നൊലെജി ഇന്ന് മനുഷ്യ അവസ്ഥയുടെ അടയാളപ്പെടുത്തലാണ് ഇന്ന്.
നമ്മൾ ജനിക്കുന്നതും അനുദിനം അനു നിമിഷം ജീവിക്കുന്നതും മരിക്കുന്നതും ടെക്നൊലെജിയുടെ സഹവാസത്തിലാണ്.
നമ്മൾ കൃഷി ചെയ്യുന്നതും യാത്ര ചെയ്യുന്നതതും പാചകം ചെയ്യുന്നത് ഉണ്ണുന്നതും ഉറങ്ങുന്നതും ഉടുക്കുന്നതും, കുടിക്കുന്നതും കുളിക്കുന്നതും, പല്ല് തേക്കുന്നതും, വിരേചനം ചെയ്യുന്നതും, രതി ചെയ്യുന്നതും എല്ലാം ഇന്ന് ടെക്നൊലെജിയുടെ സഹായ സഹവാസത്തിലാണ്.
പ്രിന്റിംഗ് പ്രസ്സ് വികസിച്ചത് അനുസരിച്ചു അക്ഷരങ്ങളും അക്കങ്ങളും അച്ചടിയിൽകൂടി പടർന്നു. അറിവ് പുസ്തകങ്ങളിൽ കൂടി ഭാഷയും ഭാഷാന്തരവും ഭാഷ്യവുമായി. ഭാഷ വികാരണവും വാക്കുകളുടെ നിഘണ്ടുവും പുതിയ സോഫ്റ്റ്‌വെയർ ടെക്നൊലെജിയായി 16 നൂറ്റാണ്ട് മുതൽ നാലു നൂറ്റാണ്ടുകൾ കൊണ്ടു ലോകമാകെ പടർന്നു.
കപ്പൽ ടെക്നൊലെജിയും ഗൺ ടെക്‌നോളേജിയും കൊണ്ടു കൊളോണിയൽ വ്യപാര അധികാര നെറ്റ് വർക്കുകളിൽ കൂടി ഭാഷയും ശാസ്ത്രവും സാഹിത്യവും പത്രങ്ങളും മനുഷ്യ അവസ്ഥയെ മാറ്റി മറിച്ചു
പത്തൊമ്പതാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ഇലക്ട്രിസിറ്റി ടെക്നൊലെജിയും അതിനെ തുടർന്ന വ്യാവസായിക വിപ്ലവും മനുഷ്യ അവസ്ഥകളെയും ചിന്തകളെ മാറ്റി മറിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഉള്ള നൂറു വർഷങ്ങളിൽ അമേരിക്കൻ സ്വാതന്ത്ര്യംവും ഫ്രഞ്ച് വിപ്ലവവും ജനാധിപത്യം, സോഷ്യലിസം, കമ്മ്യൂണിസം എല്ലാം ടെക്നൊലെജിയും അറിവിന്റെയും ചിന്തകളുടെയും ഫലമായുണ്ടായ രാഷ്ട്രീയ വിജ്ഞാന വിചാരങ്ങളാണ്.
കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി ടെക്നൊലെജി, ടെക്കി, മുതലായ പദങ്ങൾ എല്ലാ ദിവസവും ഭാഷാ വ്യവഹാരങ്ങളിലും അനുഭവ പരിസരങ്ങളിലും സജീവമായി മനുഷ്യ അവസ്ഥയുടെയും ജീവിതത്തിന്റയും അവിഭാജ്യ ഘടകമായി. കമ്പ്യൂട്ടറും, ഇന്റർനെറ്റും, വിവര വിനിമയവും, സ്മാർട്ട്‌ ഫോണും, സാമൂഹിക മാധ്യമങ്ങളും മനുഷ്യന്റ ഭാഷ -വിവര - ചിന്തകളെയും ജീവിത രീതികളെയും വിപ്ലവകരമായ വിധത്തിൽ സ്വാധിനിച്ചു.
സ്മാർട്ട്‌ ഫോൺ ടെക്നൊലെജി ഇല്ലായിരുന്നു എങ്കിൽ മലയാള അക്ഷരങ്ങൾ ഇത്ര വേഗം എഴുതി ഒരു നാനോ സെക്കൻഡ് ക്ലിക്കിൽ ലോകം എങ്ങും അതു എത്തില്ലായിരുന്നു.
ലോകത്തിൽ കാലദേശ അതിരുകളെ ആവിയാക്കുന്നതാണ് ഡിജിറ്റൽ ടെക്നൊളജി. മൂന്നൂറു കൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോൾ വിരൽ തുമ്പിൽ. ഗൂഗിൾ അറിയാതെ ഒന്നും നടക്കുന്നില്ല എന്നതായിരിക്കുന്നു മനുഷ്യ അവസ്ഥ. അതു സർവ്വ വ്യാപിയും സർവ്വ ശക്തവുമായി നിരന്തരം ആളുകളെയും ഭൂമിയെയും വീക്ഷിച്ചു കൊണ്ടിരിക്കുന്നു.
ഇന്ന് പ്ലാറ്റ് ഫോം ടെക്നൊലെജിയും ഓട്ടോമേഷനും മനുഷ്യ ജീവിതത്തെ മാറ്റി മറിച്ചു.. ഊബർ, ഗ്രാബ്, മുതലായ വിരൽ തുമ്പിലെ യാത്ര സൗകര്യങ്ങൾ മാത്രമല്ല,. അന്നന്നത്തെ ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്യുന്നത് പുതിയ നഗരവല്കൃത തലമുറക്ക് ശീലമായി. ടിൻഡർ മുതലായ ഡേറ്റിംഗ് പ്ലാറ്റഫോമിലൂടെ ഇണയെയും കണ്ടത്താം. അതു പോലെ ഡിജിറ്റൽ /ക്രിപ്റ്റോ കറൻസി പ്ലാറ്ഫോം ഫിനാൻസ് ഇക്കോണമിയെ മാറ്റി മറിക്കും.
2001 സെപ്റ്റംബർ 11 നു ടെക്നൊളജിയുടെ മറുവശം ലോക ചരിത്രത്തിൽ ആദ്യമായി കണ്ടു. വേൾഡ് ട്രേഡ് സെന്റെറിന്റ മുകളിൽ പോയി മനുഷ്യൻ നിർമ്മിച്ച ബിൽഡിംഗ്‌ ടെക്നൊലെജിയുടെ ആകാശ ഗോപുരത്തിൽ പോയ്‌ നിന്ന് അത്ഭുതം അനുഭവിച്ചിട്ടുണ്ട്.
ലോകത്തിലെ എൻജിനയിറിങ് ടെക്നൊലെജിയുടെ അടയാളപ്പെടുത്തലിനെ വേറെരു ടെക്നൊലെജികൊണ്ടു തകർക്കുന്നത് ലോകത്തിന്റ അറ്റത്തോളം തത്സമയം മനുഷ്യൻ കണ്ടതും ടെക്നൊലെജി എങ്ങനെ ഒരേ സമയം ഭയവും സ്വാതന്ത്ര്യവും തരുന്നതെന്നു കാട്ടിതന്നു.
അന്ന് മുതൽ മനുഷ്യൻ എവിടെയും നിരീക്ഷണത്തിലാണ്. പരസ്പര വിശ്വാസം നഷ്ട്ടപെട്ട, മനുഷ്യൻ ഇന്ന് വീട്ടിലും നാട്ടിലും കടയിലും ഓഫിസിലും എല്ലായിടത്തും സർവെലെൻസിലാണ് . അമ്പലങ്ങളിലും പള്ളിയിലും ദൈവങ്ങൾക്കും സർവെലിൻസ് ക്യാമറ.
ഊണിലും ഉറക്കത്തിലും 24x 7 ഒരാളുടെ കൂടെയുള്ള സ്മാർട്ട്‌ ഫോണാണ്. അതുപോലും സർവേലൻസ് നടത്തുന്നു. സോഷ്യൽ മീഡിയയിലും ഗൂഗിൾ അന്വേഷണത്തിലുമൊക്കെ മനുഷ്യൻ നിരന്തരം നീരീക്ഷണത്തിലാണ്.
പ്ലാറ്റ് ഫോം ക്യാപിറ്റലിസവും സോഷ്യൽ മീഡിയ ക്യാപിറ്റിലസിവും ഡിജിറ്റൽ കറൻസിയും, സാമ്പത്തിക ക്രമത്തെയും മനുഷ്യ അവസ്ഥകളെയും രാഷ്ട്രീയ വിവാഹാരത്തെയും മാറ്റും.
നിർമ്മിത ബുദ്ധിയും (artificial intelligence ), ജീൻ ടെക്നൊലെജിയും ബയോ ടെക്നൊലെജിയുമൊക്കെ മനുഷ്യ അവസ്ഥയെയും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അവസ്ഥകളെയും മാറ്റും.
ഇത് പുതിയ ആഗോള രാഷ്ട്രീയ വ്യവഹാരത്തിന് ഇടനൽകും. സോളാർ ഊർജവും അതുപോലെ ഇലക്ട്രിക് ഓട്ടോമേറ്റഡ് കാറുകളും വരുന്നതോടെ എണ്ണയുടെ ഉപയോഗം കുറയും. ഇപ്പോൾ നമ്മൾ കാണുന്ന ഓയിൽ ഡോളർ ഇക്കോണമി മാറുന്നതോടെ ലോക രാഷ്ട്രീയ സാമ്പത്തിക വ്യവഹാരങ്ങളും മാറും.
ഒരു വശത്തു ടെക്നൊളജി മനുഷ്യ അവസ്ഥയെ മാറ്റി മറിക്കുമ്പോൾ മറു വശത്തു അതു പല രാഷ്ട്രീയ നൈതീക പ്രശ്നങ്ങൾക്ക് ഇട നൽകും.
പത്തൊൻപതാം നൂറ്റാണ്ടിൽ ഉണ്ടായ ടെക്നൊലെജി വ്യവസായ സാമ്പത്തിക പരിസരത്ത് നിന്നാണ് ഇന്ന് കാണുന്ന ജനാധിപത്യം, സോഷ്യലിസം കമ്മ്യുണിസം മുതലായ രാഷ്ട്രീയ മൂല്യ വിജ്ഞാന വ്യവഹാരങ്ങൾ. എന്നാൽ നിരന്തരം മാറി മറിയുന്ന 21 നൂറ്റാണ്ടിലെ ടെക്‌നോ സാമ്പത്തിക സാമൂഹിക പരിസരങ്ങൾ വളരെ വ്യത്യസ്തമാണ്.
അതു കൊണ്ടു തന്നെ പത്തൊൻപതാം നൂറ്റാണ്ടിലെ ഇസങ്ങൾ കലഹരണപെട്ടിരിക്കുന്ന അവസ്ഥയിലാണ്. പഴയത് പൂർണ്ണമായും പോയിട്ടില്ല. പുതിയയത് വന്നിട്ടും ഇല്ല.
അങ്ങനെയുള്ള സന്നിഗ്ദ രാഷ്ട്രീയ അവസ്ഥയിലാണ് ലോകത്തു കോവിഡ് 19 എന്ന ഷോക്ക്. വെറും രണ്ടു മാസം കൊണ്ടു നിലവിൽ ഉള്ള ടെക്നൊലെജിയും രാഷ്ട്രീയ സാമ്പത്തിക ക്രമത്തെയും വെല്ലു വിളിക്കുന്നുണ്ട്. മാനുഷിക അവസ്ഥയിൽ വീണ്ടും ഭയത്തിന്റ കാറ്റു വിതച്ചു മനുഷ്യ ജീവിതത്തിന്റ വിരോധഭാസത്തെ ഒരിക്കൽ കൂടി തുറന്നു കാട്ടി.
മനുഷ്യൻ ഏറ്റവും കൂടുതൽ സുരക്ഷിതനാവാൻ ശ്രമിക്കുമ്പോൾ അരക്ഷിതത്വം എന്നും കൂടെയുണ്ട്
ടെക്നൊലെജി ഉപയോഗിച്ചു ജീവിക്കാൻ, മരണം നീട്ടാൻ മുന്നേറുമ്പോഴാണ്‌ ഒരു കുഞ്ഞൻ വൈറസ് വന്ന് എല്ലാം കീഴ്മേൽ മറിച്ചത്.
രാജ്യങ്ങളുടെ അതിരുകൾ തുറന്നു തുടങ്ങിയ കാലം ആയിരുന്നു. എവിടെയും എപ്പോഴും യാത്ര ചെയ്യുവാൻ അതിരുകൾ പ്രശ്നം അല്ലാതായി. പക്ഷെ ഒരു കുഞ്ഞൻ കോവിഡ് സംഹാര ദൂതനെപോലെ വന്നു അതിരുകൾ മാറ്റി എഴുതി.
ഇന്ന് വീടുകൾക്ക് അപ്പുറമുള്ള അതിരുകൾപോലും നിയന്ത്രണത്തിലാണ്. യാത്ര സ്വാതന്ത്ര്യം ഇല്ലാതായി. സംഘടിക്കുനുള്ള സ്വാതന്ത്ര്യം ഇല്ല. അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അവധിയിലാണ്. സർക്കാർ പുതിയ വിഗ്രഹവൽക്കരണത്തിലൂടെ എല്ലാത്തിനെയും നിയന്ത്രണ വിധേയമാക്കി.
കോവിഡ് അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ ദേശ രാഷ്ട്ര സർക്കാരുകളും പോലീസിനും അഭൂതപൂർവമായ അധികാരമാണ് കൈവന്നിരിക്കുന്നത്.
കോവിഡ് ഭീതിയിലായിരിക്കുന്ന മനുഷ്യന്റെ സുരക്ഷ വിചാരങ്ങൾ സർക്കാർ അധികാരത്തിനും അധികാരികൾക്കും പുതിയ സാധൂകരണം നൽകുന്നുണ്ട് ജനായത്ത രാഷ്ട്രീയത്തിൽ നിന്നും പഴയ രക്ഷകർതൃ കരുതൽ രാഷ്ട്രീയ വ്യവഹാരത്തിലാണ് ഇന്ന് ഭരണക്രമം.
എല്ലാ ടെക്നൊലെജിക്കും അടിസ്ഥാനം അന്നും ഇന്നും എന്നും ഭൂമിയും ഭൂമിയിൽ ഉളവായതുമാണ്. മനുഷ്യൻ ഭൂമിയിൽ ജീവനും ജീവിതവും നിലനിർത്തുന്നതും പ്രകൃതിയിൽ തന്നെയാണ് .
ടെക്നൊലെജി കൊണ്ടു പ്രകൃതിയുടെ അതിരുകൾ കടക്കുവാൻ നിരന്തരം ശ്രമിക്കുന്ന മനുസ്യനെ ഇടക്കിടെ അവരവരുടെ അതിരുകൾ ബോധ്യപ്പെടുത്തും.
കോവിഡ് 19 മനുഷ്യരെ ഓരോരുത്തരെയും അവരുടെ അതിരുകളിൽ തളച്ചു വീണ്ടും ഓർമിപ്പിക്കുന്നു :
മനുഷ്യൻ ഉറച്ചു നിന്നാലും ഒരു ശ്വാസം അത്രേ.
ജെ എസ് അടൂർ

No comments: