Thursday, May 14, 2020

മണ്ണറിയുന്ന കൃഷി സുവിശേഷ.കഥ

മണ്ണറിയുന്ന കൃഷി സുവിശേഷ.കഥ
ചിലർ അങ്ങനെയാണ്.
അവർ ജീവിതത്തിലേക്ക് നടന്നു കയറും.
അങ്ങനെയാണ് ബിനു ഒരു ദിവസം ഉച്ച കഴിഞ്ഞു ജീവിതത്തിലെക്കു നടന്നു കയറിയത്.
വെള്ളമുണ്ടും ഷർട്ടുമിട്ട പ്രസരിപ്പുള്ള ഒരു ചെറുപ്പക്കാരൻ.
പേര് ബിനു ചക്കാലയിൽ.
സ്ഥലം അടൂരിനടുത്തു ഏഴംകുളത്തു.
ഏതാണ്ട് എട്ടു കൊല്ലം മുമ്പ് അടൂരിൽ നിന്നും എന്റെ അടുത്ത സ്നേഹിതൻ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ബാബു ജോൺ വിളിച്ചു.
അദ്ദേഹമാണ് ബിനുവിനെ പരിചയപെടുത്തിയത്. ബിനുവും ബാബുവും രണ്ടു പാർട്ടിക്കാരാണ്. രണ്ടുപേർക്കും വലിയ കൃഷി സ്നേഹമാണ്.
ബാബു ജോണിന് പുസ്തങ്ങളോട് എന്നത് പോലെ കൃഷിയോടും താല്പര്യമാണ്. പുസ്തകങ്ങളോടും കൃഷിയോടും എനിക്കും അന്നും ഇന്നും താല്പര്യമാണ്.
കർഷക കുടുംബത്തിൽ ജീവിച്ചു കൃഷി നന്മകൾ നിറഞ്ഞ ജീവിതം തൊട്ടറിഞ്ഞും പുസ്തകങ്ങൾ വായിച്ചറിഞ്ഞുമാണ് ഞങ്ങൾ വളർന്നത്.
കണ്ടത്തിൽ ഞാറു നട്ടു നെല്ല്‌ വളർന്നു വയൽ പച്ച പുതക്കുന്നത് കണ്ണ് നിറയെ കണ്ടു, അടുത്തു ഒഴുകുന്ന തോട്ടിൽ തോർത്ത്‌ വിരിച്ചു പരൽ മീനുകളെ പിടിച്ചു, വെള്ളത്തിൽ ഓളം തട്ടി ഒഴുക്കറിഞ്ഞ ബാല്യം ഒരുപാടു പേരുടെ ഗൃഹാതുരത്വമാണ്.
പാവലും പയറും പടവലവും വെണ്ടയുമൊക്ക പൂക്കുമ്പോൾ ഉള്ള സന്തോഷം.
സ്വന്തം പശുവിൻ കിടാവിനെ തഴുകിയുള്ള സ്നേഹം
കരിമ്പ് കണ്ടത്തിൽ കയറി കരിമ്പ് ഓടിച്ചു തിന്ന നാവിലെ മധുരം.
പറമ്പിൽ നിന്ന് കിട്ടുന്ന ഞാലി പൂവൻ പഴത്തിന്റെ രുചി ഓർമ്മകൾ.
തെങ്ങിൽ കയറി കരിക്ക് ഇട്ട് കുടിക്കുന്നതിന്റ ത്രിൽ.
നാട്ടു മാവിൽ നിന്ന് ഉലുത്തിയിടുന്ന മാമ്പഴങ്ങൾ പറക്കുവാൻ കുട്ടികൾ മത്സരിച്ചു ഓടുന്നത്.
വലിയ ആഞ്ഞിലി മരങ്ങളിൽ വലിഞ്ഞു കയറി പഴുത്ത ആഞ്ഞലി ചക്ക ചരടിൽ കെട്ടി കൂട്ടുകാർക്ക് കൊടുക്കുമ്പോൾ ഉള്ള ആത്മ വിശ്വാസം.
ഇത് എല്ലാം ഗ്രാമത്തിൽ കർഷക സമൂഹങ്ങളിൽ വളർന്നവരുടെ ഗൃഹാതുര ഓർമ്മകളാണ്.
കൃഷി അന്യം നിന്ന് പോയ നാട്ടിൽ കണ്ടങ്ങൾ നികത്തി. കൃഷി പച്ചപ്പുകൾ അപൂർവമായി. പഴയ കൃഷിക്കാരുടെ മക്കൾ ഗൾഫിലും അമേരിക്കയിലും പോയി. കൃഷികൾ നിറഞ്ഞ പറമ്പുകളിൽ റബർ മരങ്ങൾ നിറഞ്ഞു.
കൃഷി ഒരുപാടു പേർക്കും ബാല്യകാല ഓർമ്മകൾ മാത്രമായപ്പോൾ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് കൃഷി നന്മകളുമായിപോകുന്നയാളാണ് ബിനു ചക്കാലയിൽ.
നൂറുകണക്കിന് ഏക്കറിൽ നൂറു മെനി വിളയിച്ചു നൂറു കണക്കിന് ആളുകൾക്ക് ജീവനോപാധിയൊരുക്കുന്നതിൽ ജീവിത സന്തോഷം കണ്ടെത്തുന്ന ബിനുവിനെപോലുള്ളവർ അധികമില്ല.
മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ച ബിനുവിനെപ്പോലെയുള്ളവർ ഗൾഫിലും അമേരിക്കയിലും ലണ്ടനിലൊക്കെ പോയി ജീവിക്കുമ്പോൾ കണ്ടത്തിലെ ചെളിയിലിറങ്ങി ആളുകൾക്ക് കഴിക്കുവാൻ അന്നമുണ്ടാക്കുന്നയാൾ.
ബിനുവും അദ്ദേഹത്തിന്റെ കൂട്ടുകാരും നട്ട വാഴകൾ കുലക്കുന്നത് കാണുമ്പോഴാണ് അയാൾക്കു സന്തോഷം. കൈനിറയെ കിട്ടുന്ന ഗൾഫ് കറൻസിയെക്കാൾ അദ്ദേഹത്തിന് മനസ്സ്‌ നിറയുന്നത് വയലേലകളിൽ കാറ്റിലാടുന്ന കതിരുകൾ കാണുമ്പോഴാണ്.
സാധാരണ രാഷ്ട്രീയ നേതാക്കളിൽ നിന്നും വെത്യസ്തനാകുന്നത് പ്രസംഗം കുറവും പ്രവർത്തി കൂടുതലുമുള്ളയൊരാളയതിനാലാണ്. .
സാധാരണ ഖദർ ധാരികളിൽ പലരും കണാൻ വരുന്നത് പിരിവിനും വോട്ട് നേടാനും അവർക്കു എന്തെങ്കിലും കാര്യങ്ങൾ സാധിക്കാനുമാണ്.
ബിനു എട്ട് കൊല്ലം മുമ്പ് തിരുവനന്തപുരത്തു കാണുവാൻ വന്നത് അദ്ദേഹത്തിന്റെ കാർഷിക സ്വപ്‌നങ്ങൾ പങ്ക് വയ്ക്കാനായിരുന്നു. അവർക്കപ്പുറം സ്വപ്നങ്ങൾ ഉള്ള മനുഷ്യരേ ഇഷ്ട്ടമാണ്.
ഹരിത സേനയെന്ന കർഷക തൊഴിലാളികളുടെകൂട്ടായ്മയുണ്ടാക്കിയ സമയമായിരുന്നു. അന്ന് പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌. ബിനു ഒരൊറ്റ അക്ഷരം രാഷ്ട്രീയം സംസാരിച്ചില്ല.
അദ്ദേഹം പറഞ്ഞത് കേരളത്തിൽ ഒരു കാർഷിക വിപ്ലവം സാധ്യമാണ്. കൃഷി നഷ്ട്ടം ആണെന്ന പൊതു ധാരണ തെറ്റാണ്. പഴയ കൃഷി രീതികൾ മാറ്റി ചെറുപ്പക്കാരുടെ കൂട്ടായ്മകൾക്കു കേരളത്തിലേ തരിശ്‌ നിലങ്ങലെടുത്തു കൃഷിയിറക്കി അവരുടെ ഉപജീവനവും കേരളത്തിൽ ആവശ്യമായ ഭക്ഷണവും ഉൽപാദിപ്പിക്കാം. ശുഭാപ്‌തി വിശ്വാസം പ്രസരിപ്പിക്കുന്ന മനുഷ്യൻ.
അങ്ങനെ കൃത്യമായ ഒരു വിഷനും മിഷനും പാഷനുമുള്ള രാഷ്ട്രീയ പ്രവർത്തകരെ അധികം കണ്ടിട്ടില്ല.
രാഷ്ട്രീയ പ്രവർത്തനം മുഴുവൻ സമയ തൊഴിലും ആദായ മാർഗ്ഗവുമായ ഒരിടത്തു കൃഷിയെകുറിച്ചും സമൂഹത്തെകുറിച്ചും കേരളത്തിന്റെ ഭാവിയെക്കുറിച്ചും മാത്രം സംസാരിച്ച ബിനുവിൽ ഒരു രാഷ്ട്രീയ പ്രവർത്തകനെക്കാൾ ഒരു സാമൂഹിക നവോത്‌ഥാന പ്രവർത്തകനെയാണ് കണ്ടത്.
അന്ന് നിർദേശിച്ചത് അനുസരിച്ചു കാർഷിക പരീശീലനം നൽകുവാൻ കേരളത്തിലേ സാഹചര്യത്തിൽ യുവാക്കൾക്കു തൊഴിൽ കണ്ടത്താനുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലന്സ് തുടങ്ങിയത്.
ഇന്ന് മൂവായിരത്തോളം ആളുകളെ കൃഷിയിലും മറ്റു മേഖലയിലും പരിശീലിപ്പിച്ചു അംഞ്ഞൂറോളം ഏക്കർ തരിശ്‌ നിലം പാട്ടെത്തിനെടുത്തു നൂറു മേനി വിളയിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ 345 കാർഷിക ചർച്ച ഓറിയെന്റേഷൻ മീറ്റിങ്ങുകളിൽ മൂവായിരത്തോളം കർഷകരും താല്പര്യമുള്ളവരും പങ്കെടുത്തു.. കഴിഞ്ഞ വർഷം 85 പേർക്ക് മണ്ണൂത്തി കാർഷിക കോളേജിൽ പ്രത്യേക പരിശീലനം ലഭ്യമാക്കി.
പത്തനംതിട്ട ജില്ലയിൽ കുടുംബശ്രീയുമായി ചേർന്നു 196 വനിത കർഷകകൂട്ടായ്മകളെ പരിശീലിപ്പിച്ചു .
ഏതാണ്ട് 2.4 ലക്ഷം വാഴകളാണ് കൃഷി ചെയ്യുന്നത്. ഇതുവരെ രണ്ടു ലക്ഷത്തോളം കുല . ഏതാണ്ട് ആയിരം സ്ത്രീകൾക്ക് കൃഷി പരിശീലനം.
അവരുടെ സമീപനം. കോപ്പറേറ്റിവ് കമ്മ്യുണിറ്റി ഫാമിങ് രീതിയാണ്. കൂടെയുള്ള എണ്പതിൽ അധികം കാർഷിക പ്രവർത്തകരെ നെഞ്ചോടു അടുത്തു നിർത്തുന്ന സംഘാടക മികവാണ് അദ്ദേഹത്ത കൂട്ടായ്മയുടെ കൂട്ടാളിയാക്കുന്നത്.
ടീം വർക്ക് കൊണ്ടു മാത്രമേ ഇങ്ങനെയുള്ള സാമൂഹിക കാർഷിക സംരഭങ്ങൾ പിടിച്ചു നിൽക്കുകയുള്ളൂ. ബിനുവിന്റെ മേന്മ ടീം വർക്കും ജന വിശ്വാസവുമാണ്. കൂടെയുള്ള സജീ ദേവി, ശ്രീ ദേവി, പ്രമീള, മോഹനൻ, ശ്രീജിത്, രഞ്ജിത്ത് എല്ലാവരും ഒരു ടീമായാണ് പ്രവർത്തിക്കുന്നത്.
എല്ലാവർക്കും തുല്യ വേതനം. നെല്ലും കാർഷിക വിളകളും സുതാര്യമായി വിറ്റു. ലാഭ വിഹിതം വീതിക്കും. ഒപ്പമുള്ള കർഷക തൊഴിലാളികൾക്ക് പ്രതിമാസം ശരാശരി ഇരുപതിനായിരത്തിൽ അധികം വേതനം കിട്ടും
മാറ്റത്തിന്റെ മലയാളിയായതിനാലാണ് ഏറെ ഇഷ്ട്ടം. അയാളെ ഒറ്റക്ക് കണ്ടിട്ടില്ല. എപ്പോഴും ആരെങ്കിലും കാണും. അവരെല്ലാം അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്നവർ.
സാധാരണ രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ ആത്മാർത്ഥതയും കൂട്ടായ്മ മനോഭാവുമാണ്. സാമൂഹിക പ്രവര്ത്തനം രാഷ്ട്രീയ പ്രവർത്തനമായി കരുതുന്ന ഒരാൾ. രാവിലെ എട്ടു മണിക്ക് വീട്ടിൽ നിന്നറങ്ങിയാൽ രാത്രി പത്തു മണി വരെ സമൂഹത്തിൽ പ്രവൃത്തിക്കുന്ന മനുഷ്യൻ.
തികച്ചും ഗാന്ധിയനായ നെഹ്രുവിയൻ സോഷ്യലിസ്റ്റായ അടിസ്ഥാന തലത്തിൽ സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നു, കൃഷി ചെയ്തു ഉപജീവനം നടത്തുന്ന കൊണ്ഗ്രെസ്സ് നേതാക്കൾ അധികം ഇല്ല.
24x7 രാഷ്ട്രീയ അധികാര മോഹം കൊണ്ടു നടക്കാത്തത് കൊണ്ടും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റ വക്താവുമൊന്നും അല്ലാത്ത ബിനുവിനെ പോലെയുള്ളവർ പലപ്പോഴും അവർഹിക്കുന്ന നേതൃത്വ തലത്തിലേക്ക് പോകാത്തതിന്റ കാരണം ആ ആർജവമാണ്.
കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അദ്ദേഹം വിളിച്ചത് വാഴക്കൃഷി നശിച്ചു സ്ത്രീകൾക്ക് എന്തെങ്കിലും സഹായം കിട്ടുമോയെന്നു ചോദിക്കാനാണ്.
തിരിച്ചു അഭ്യർത്ഥിച്ചത് പത്തനംതിട്ട ജില്ലയിലെ പ്രളയ ദുരിത്വാശ്വാസ പ്രവർത്തനങ്ങൾ ഏകോപിക്കാമോയെന്നാണ്. അയാൾ രാപ്പകൽ ഞങ്ങളുടെ യൂത്ത് വോളന്റിയേഴ്‌സിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള കൂട്ടുകാരും കൂടി. ഏതാണ്ട് 25000കുടുംബങ്ങൾക്ക് പ്രളയ ദുരിതശ്വാസം ഒരു പരാതിക്കും ഇടനൽകാതെ ഏകോപിച്ചു..
ഓരോറ്റ പത്രത്തിൽപോലും ന്യൂസ് കൊടുക്കാനോ പടം വരുത്താനോ ഓടിയില്ല. വളരെ നിശബ്ദമായി രാപ്പകൽ കൂടെയുണ്ടായിരുന്നു.. ദൂരെ ബാങ്കോക്കിൽ ഇരുന്നയെന്നോട് ആവശ്യമുണ്ടെങ്കിൽ മാത്രം സംസാരിക്കും. കാരണം എന്ത് പ്രശ്നമുണ്ടായാലും അതു പരിഹരിക്കുവാനുള്ള നേതൃത്വ പാടവം അയാൾക്കുണ്ടെന്ന് അപ്പോഴേക്കും വിശ്വാസമുണ്ടായിരുന്നു.
കഴിഞ്ഞ ചില ആഴ്ചകൾക്ക് മുന്നെ വന്നത് കോവിഡിൽ പ്രയാസം അനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചാണ്. അധികം ആരവങ്ങലില്ലാതെ അവരുടെ ടീമും ഒരുപാടു പേരെ സഹായിച്ചു
എല്ലാവരും കോവിഡ് ആശങ്കയിൽ വീട്ടിൽ ഇരുന്നപ്പോൾ ബിനുവും കൂട്ടരും കൊയ്യാൻപോയി.
അദ്ദേഹവുമായി സാധാരണ രാഷ്ട്രീയം സംസാരിക്കാറേ ഇല്ല. മിക്കവാറും കൃഷിയും കേരളത്തിന്റെ ഭാവിയുമാണ്‌ സംസാരിക്കുന്നത്.
ബിനുവിനെപ്പോലെ അടിസ്ഥാന തലത്തിൽ പ്രസംഗം കുറച്ചു മാറ്റങ്ങൾക്കു വേണ്ടി ആത്മാർത്ഥമായും സത്യ സന്ധ്മായി പ്രവർത്തിക്കുന്ന കുറെ ആളുകളാണ് ഇന്നും പല രാഷ്ട്രീയ പാർട്ടികൾക്കും ജനങ്ങളുടെ ഇടയിൽ സാധുത നൽകുന്നവരാണ്.
അടിസ്ഥാന തലത്തിൽ മാറ്റങ്ങൾ വിതക്കുന്ന രാഷ്ട്രീയ പ്രവർത്തകരാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്.
ബിനു ചക്കാലയിൽ ജീവിതത്തിലേക്ക് നടന്നു, പ്രവർത്തികൊണ്ടു സ്നേഹാദരങ്ങൾ നേടിയെടുത്ത ആളാണ് .
അങ്ങനെയൊരാൾ സഹോദര തുല്യനായത് അയാളുടെ മൂല്യാധിഷ്ഠിത സാമൂഹിക പ്രവർത്തന മികവ് കൊണ്ടാണ്.
ഭാവിയിലേക്ക്, കൂട്ടായ്മയുടെ ആത്മവിശ്വാസത്തോടെ, ശുഭാപ്‌തി വിശ്വാസത്തോട് നടക്കുന്നയാൾ
കേരളത്തെയും കൃഷിയെയും സ്നേഹിക്കുന്നൊരാൾ.
ആരവങ്ങൾ ഇല്ലാതെ മാറ്റങ്ങൾ വരുത്തുവാൻ ജീവിതം കൊണ്ടു ശ്രമിക്കുന്നൊരാൾ.
കൃഷിയുടെ പച്ചപ്പും, പൂവും, കതിരുമെല്ലാം നിറഞ്ഞ സുവിശേഷത്തിൽ ജീവിക്കുന്നയൊരാൾ.
അതാണ് ബിനു ചക്കാലയിൽ പരത്തുന്ന പ്രകാശം.
ജെ എസ് അടൂർ

No comments: