Sunday, March 3, 2019

Manufacturing consent

മീഡിയയും പത്ര പ്രവർത്തകരും എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് നാലു ദിവസം മുമ്പ് നമ്മൾ കണ്ടു . കുറെ പൈൻ മരങ്ങൾക്ക് പകരം മുന്നൂറും 350 പേരെ ബോംബിട്ട് കൊന്നുവെന്ന് പച്ച കള്ളം എഴുതി വിട്ടു വിട്ടു വെടിയടിച്ചു , എല്ലാ പത്രങ്ങളും .ഉറങ്ങുന്നവരെ വിളിച്ചുനർത്താം .ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പ്രയാസമാണ് . ഇന്ത്യൻ മീഡിയയുടെ സമീപ കാലത്തേ ഏറ്റവും വലിയ ഫേക്ക് ന്യൂസാണ് നാലു ദിവസം മുമ്പ്‌ എല്ലാവരും വെള്ളം തൊടാതെ വിഴുങ്ങിയത് . ഫേക്കു സന്നാഹക്കാർ പരത്തിയ ഫെക് ന്യൂസ് പനി പിടിച്ച പത്രങ്ങൾ അച്ചടിച്ചു കാശുണ്ടാക്കിയ പച്ച കള്ള കഥകൾ അവർക്ക് പറ്റിയ ചതിയാണെന്ന് പറയാൻ പോലുള്ള ആർജവം പോലുമില്ലാതെ വരുമ്പോൾ we need to weep for media in this country . പണ്ട് നോം ചോംസ്‌ക്കി പറഞ്ഞ Manufacturing consent ,ഇന്റെ ഇന്ത്യൻ ജിങ്കോയിസ്റ്റ് പതിപ്പാണ് കാണുന്നത് .
Sebin A Jacob ഈ വിഷയത്തെ കുറിച്ചെഴുതിയ നല്ല ഒരു കുറിപ്പാണ് താഴെയുള്ളത് .
Disclaimer: Not naming the names as this is not intended as an innuendo against any particular person or media house. Avoid commenting with the links and/or names. Avoid tagging 'em too.
ഇംഗ്ലീഷ് പത്രങ്ങൾ പലതും 300 ഭീകരരെ വധിക്കുകയും മലയാള മനോരമ മാത്രം 350 ഭീകരന്മാരെ വകവരുത്തുകയും ചെയ്ത, സൈന്യം ഇതേവരെ എണ്ണംപറയാത്ത ബലാക്കോട്ടെ ‘സൈനികേതര നടപടി’ സംബന്ധിച്ച വാർത്തയിൽ വാർത്താലേഖകർക്കും എഡിറ്റർമാർക്കും പൊതുവായി സംഭവിച്ച സ്ഖലിതത്തെ അബദ്ധം പറ്റിയെന്ന് അംഗീകരിക്കുന്നതിനു പകരം നൈസായി ന്യായീകരിക്കുന്ന ജേണലിസ്റ്റ് സുഹൃത്തിന്റെ പോസ്റ്റ് കണ്ടു. ഞാനിട്ട ഒരു കമന്റിനു മറുപടിയായി, വേറൊരു പത്രപ്രവർത്തക സുഹൃത്ത് ഒട്ടിച്ചത് ഈ ലിങ്ക് ആയിരുന്നതുകൊണ്ടു കണ്ടതാണ്. അതിനു മറുപടി പറയാൻ പോയാൽ പണ്ടു നായനാർ ചോദിച്ച ശൈലിയിൽ ‘ഓനിപ്പമേതു കടലാസിലാ’ എന്ന ചോദ്യം വരുമെന്നറിയാം. അതുകൊണ്ട് എന്നെ ഒരു ജേണലിസ്റ്റ് ആയി കൂട്ടേണ്ട. നിങ്ങൾ വാർത്തകൾക്കൊപ്പം തൊട്ടുകൂട്ടാൻ അച്ചാറിട്ടു വച്ചിരിക്കുന്ന ‘സൈബർ കമ്മി’ ആയിട്ടു കൂട്ടിയാൽ മതി.
ദേശാഭിമാനി അടക്കം എല്ലാ പത്രങ്ങളും ഈ വാർത്ത ഇങ്ങനെയാണു കൊടുത്തതെന്നും ഇതെല്ലാം വിശ്വസനീയമായ സോഴ്സുകൾ തന്നതാണെന്നുമാണ് അവകാശവാദം. എണ്ണം പറഞ്ഞില്ലെങ്കിലും ഹിന്ദു പോലും അപരാധം ചെയ്തു എന്നു വരുത്തിത്തീർക്കാനും ഇദ്ദേഹം ശ്രമിക്കുന്നുണ്ട്. അതായത്, ഇദ്ദേഹം തന്നെ ചില പത്രങ്ങളെയൊക്കെ ഹൈ പോഡിയത്തിൽ പ്രതിഷ്ഠിക്കുകയും തന്നെത്തന്നെ സാധാരണക്കാർക്കൊപ്പം സദസ്യരുടെ ഭാഗമായി കൂട്ടുകയും ചെയ്യുന്നു. എന്നാൽ അടുത്ത സെക്കൻഡിൽ ഡിഫൻസ് കോഴ്സ് പാസായ താനടക്കം പത്തുലേഖകർ തങ്ങളുടെ പത്രത്തിൽ തന്നെയുണ്ടെന്നു മേനിനടിച്ച് അപ്പർഹാൻഡ് തിരിച്ചുപിടിക്കയും ചെയ്യുന്നു.
ദേശാഭിമാനി തെറ്റായ വാർത്ത കൊടുത്തതിനാൽ തങ്ങൾക്ക് ഇളവു തരണമെന്ന് പ്രൊഫഷണൽ എന്നവകാശപ്പെടുന്ന ഒരു പത്രത്തിലെ ജേണലിസ്റ്റ് ആവശ്യപ്പെടുന്നതിലെ പരിഹാസ്യത അവിടെയിരിക്കട്ടെ. ഇവിടെ പ്രശ്നം ഈ തലമുറയിലെ ജേണലിസ്റ്റുകൾ വാർത്തയെ എങ്ങനെ സമീപിക്കുന്നു എന്നതാണ്. ഏതാണ്ട് ഒരേ മൂശയിൽനിന്നു വാർത്തെടുക്കപ്പെടുന്നവരാണ്, ഇവരെല്ലാം. (ഞാനും വ്യത്യസ്തനാണെന്നല്ല; ജേണലിസ്റ്റ് എന്ന അവകാശവാദം പരണത്തുവച്ചതിനാൽ എന്നെ മാറ്റിനിർത്തി പറയുന്നുവെന്നേയുള്ളൂ).
വാട്സ്ആപ്പിലെ കേശവൻമാമനെ പോലെ കിട്ടുന്നതെന്തും ഫോർവേഡ് ചെയ്യുന്നതാണു റിപ്പോർട്ടർ പണിയെന്നും തങ്ങളുടെ റിപ്പോർട്ടർക്ക് അബദ്ധം പറ്റാനിടയില്ല എന്നു ധരിച്ച് അതിനു വലിയ പൊലിപ്പുനൽകി പ്രസിദ്ധീകരിക്കുന്നതാണ് എഡിറ്റർ പണിയെന്നും ധരിച്ചുവശായ ഒരു തലമുറയ്ക്കു നേരെയാണ്, പൊതുസമൂഹത്തിൽ നിന്ന് ചോദ്യങ്ങളുയരുന്നത്. ആ ബാൻഡ് വാഗണൊപ്പം സഞ്ചരിച്ചില്ലെങ്കിൽ രാജ്യദ്രോഹപ്പട്ടം കിട്ടുമെന്ന അവസ്ഥയിൽ ദേശാഭിമാനി ലേഖകനല്ല, ഹോക്സ് ബസ്റ്റേഴ്സ് പോലും ചിലപ്പോൾ ജിംഗോയിസ്റ്റ് ആയെന്നിരിക്കും എന്നതാണ് ഭീതിതമായ സാഹചര്യം. അതിനിടയാക്കുന്നതാകട്ടെ, മാറിസഞ്ചരിക്കാൻ തയ്യാറാവാത്ത മുഖ്യധാരയിലെ പ്രധാനികളുടെ, ‘തങ്ങൾക്കെന്തുമെഴുതാം, ആരും ചോദ്യം ചെയ്യാനില്ല’ എന്ന ധാർഷ്ഠ്യമാണുതാനും. ഇതൊരു കമ്പോള സമ്മർദ്ദം കൂടിയായിട്ടാണു പ്രവർത്തിക്കുന്നത്. ആ മർദ്ദം വെറുതെ ഉണ്ടായതല്ല. കാലങ്ങൾ കൊണ്ട് കൃഷിചെയ്തുവിളയിച്ചതാണ്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് വാർത്തയ്ക്കു പണം വാങ്ങുന്ന ഇന്ത്യയിലെ പ്രമുഖ പ്രിന്റ്, വിഷ്വൽ മീഡിയയുടെ നടപടി സ്റ്റിങ് ഓപ്പറേഷനിലൂടെ കോബ്രാ പോസ്റ്റ് പുറത്തുകൊണ്ടുവന്നത്. (ഒറ്റയൊറ്റ ജേണലിസ്റ്റുകൾ കൈക്കൂലി വാങ്ങുന്നതല്ല, പരസ്യമാണെന്ന യാതൊരു സൂചനയും നൽകാതെ വാർത്താരൂപത്തിൽ പ്രചാരണ സാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനു പത്രത്തിന്റെ മാനേജ്മെന്റ് വാങ്ങുന്നത്.) ഈ അടുത്താണ്, സോഷ്യൽ മീഡിയയിൽ പ്രോ ഹിന്ദുത്വ, ആന്റി ഇസ്ലാം, പ്രോ ബിജെപി പോസ്റ്റുകൾ ഇടുന്നതിന് സെലിബ്രിറ്റികൾ കോടികൾ ആവശ്യപ്പെടുന്നതിന്റെ വീഡിയോ കോബ്രാ പോസ്റ്റ് പുറത്തിറക്കിയത്. നേരത്തെ മന്ത്രിസ്ഥാനം ലഭിക്കാൻ ഇന്ത്യയിലെ മുന്തിയ പത്രപ്രവർത്തകരെ ലോബിയിങ്ങിന് ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരെ കുറിച്ച് തെഹൽക്ക ഇൻവെസ്റ്റിഗേഷൻ വന്നിരുന്നതും ഒടുവിൽ 2ജി കേസിലേക്ക് എത്തിപ്പെട്ടതും ഓർമ്മയിലുണ്ടാവും. ഈ നിലയ്ക്ക് ഇത്തരം സ്ഖലിതങ്ങളൊന്നും വെറുതെ സംഭവിക്കുന്നതല്ല എന്നു കരുതേണ്ടിവരും. എന്നാൽ എല്ലാവരും അതുതന്നെ ലക്ഷ്യം വച്ചു ചെയ്യുന്നുവെന്നല്ല. വിസിബിളിറ്റി കൂടുതലുള്ളവർ അതു ചെയ്യുമ്പോൾ ‘മുമ്പേ ഗമിക്കുന്ന ഗോവുതന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം’ എന്ന മട്ടിൽ ചെറിയ പത്രങ്ങൾ പിന്തുടരും.
ജേണലിസം പഠിപ്പിക്കുമ്പോൾ ഒരു ചെവിയിലൂടെ കടത്തി മറ്റേ ചെവിയിലൂടെ പുറത്തേക്കു കളയുന്ന ഒന്നാണ്, സോഴ്സുകളെ എങ്ങനെ കാണണം എന്നത്. ഒരു വിഷയത്തിലെ തത്പരകക്ഷികളാവും മിക്കപ്പോഴും വാർത്തയുടെ സോഴ്സ് ആവുക. ഒരുദാഹരണത്തിന് നഗരസഭാ മേയർക്കെതിരെ നിരന്തരം വാർത്ത വരുന്നു എന്നു കരുതുക. മേയർ സ്ഥാനമോഹിയായിരുന്ന അതേ പാർട്ടിയിലെ ഏതെങ്കിലും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാവും പലപ്പോഴും ആ വാർത്തയുടെ പ്രൈമറി സ്രോതസ്സ്. പ്രതിപക്ഷത്തിന് അതിൽ പ്രത്യേകിച്ചു റോളൊന്നും ഉണ്ടാവണമെന്നില്ല. അയാൾക്ക് അതിൽ പ്രത്യേക താത്പര്യമുള്ളതുകൊണ്ടു തന്നെ അയാളെ മാത്രം വിശ്വസിച്ച് ആ വാർത്ത കണ്ണുമടച്ചു നൽകാതെയിരിക്കുക എന്നതാണ് അടിസ്ഥാന പത്രപ്രവർത്തന പാഠം. നിങ്ങൾക്കു വാർത്ത നൽകുന്നു എന്ന വ്യാജേന നിങ്ങളെ അയാൾ ഉപയോഗിക്കുകയാണ് എന്നിടത്താണ് പ്രശ്നം. അങ്ങനെ ഉപയോഗിക്കാൻ നിന്നുകൊടുക്കുന്നത് ഒരു നല്ല ജേണലിസ്റ്റിന്റെ ലക്ഷണമല്ല. പക്ഷെ അത്തരം ജേണലിസ്റ്റുകൾക്കാണ് ഇന്ന് എളുപ്പത്തിൽ ബൈലൈൻ കിട്ടുക. എഡിറ്റോറിയൽ ഡെസ്ക് ദുർബലമാകുന്നതുകൊണ്ടു സംഭവിക്കുന്നതാണത്.
കൊള്ളാവുന്ന ഡെസ്ക് അപ്പോൾ എന്താണു ചെയ്യുക? ഇതേ വാർത്തയ്ക്ക് ഒരു സെക്കൻഡറി സോഴ്സ് ഉണ്ടാവുമോ എന്നന്വേഷിക്കും. ആ സെക്കൻഡറി സോഴ്സ് ഒരുദ്യോഗസ്ഥനോ, നഗരസഭയുമായി ബന്ധമുള്ള ആളുകളോ, ഇതര കൗൺസിലർമാരോ ഒക്കെയാവാം. ആരെ ടാർഗറ്റ് ചെയ്താണോ വാർത്തവരുന്നത്, അയാളുടെ വേർഷൻ കൂടി എടുക്കണമെന്ന് ആവശ്യപ്പെടും. കൂടാതെ ഒരു ഇൻഡിപ്പെൻഡന്റ് മൈൻഡോടു കൂടി ഇതിന്റെ മറുവശം കൂടി ആലോചിക്കുകയും സംഭവവുമായി നേരിട്ടു ബന്ധമില്ലാത്ത എന്നാൽ കാര്യങ്ങൾ അനലൈസ് ചെയ്യാൻ ശേഷിയുള്ള വിഷയവിദഗ്ദ്ധരുടെ കമന്റ് കൂടി എടുക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ചിലപ്പോൾ സ്തോഭജനകമായ തലക്കെട്ടുകൾ ജനിച്ചെന്നു വരില്ല. എന്നാൽ ഇൻഫോംഡ് ആയ റിപ്പോർട്ടുകൾ ജനിക്കും. അതിനു പകരം പരമാവധി ലിങ്കുകൾ എന്ന ലക്ഷ്യത്തിൽ എല്ലാവരും ഡെയ്ലി മെയിൽ ആവാൻ നോക്കിയാൽ എന്തു പറയാനാണ്?
ബലാക്കോട്ട് വിഷയത്തിൽ പട്ടാളത്തിൽ നിന്നു തന്നെയുള്ള സോഴ്സുകളാണ് വിവരങ്ങൾ നൽകിയത് എന്നാണല്ലോ അവകാശവാദം. അതു സ്ഥിരീകരിക്കാനോ നിഷേധിക്കാനോ നമുക്കാവില്ല. ശരിക്കും ഇത് പൊളിറ്റിക്കൽ സോഴ്സ് ആവാനുള്ള സാധ്യത പക്ഷെ തള്ളിക്കളയാനാവുന്നതല്ല. അതൊട്ട് ഇവർ അംഗീകരിക്കുകയുമില്ല. രാഷ്ട്രീയക്കാരെ പരമപുച്ഛമാണു ജേണലിസ്റ്റുകൾക്ക്. എന്നാൽ അവരിൽ നിന്നു വിവരങ്ങൾ ലഭിക്കാൻ പഞ്ചപുച്ഛമടക്കി നിൽക്കും. കിട്ടുന്ന വിവരം അമൃതസമാനമായി സ്വീകരിക്കുകയും അച്ചുനിരത്തുകയും ചെയ്യും.
കേരളകൗമുദിയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബി സി ജോജോ എന്റെ ജേണലിസം അദ്ധ്യാപകനായിരുന്നു. അദ്ദേഹം റിപ്പോർട്ടിങ് ജോലി തുടങ്ങിയ കാലത്തെ ഒരു സംഭവം ഒരിക്കൽ ക്ലാസിൽ പറഞ്ഞിട്ടുണ്ട്. തനിക്കു തെറ്റു പറ്റിയ ഒരു സംഭവമാണ് അദ്ദേഹം അനുഭവപാഠം എന്ന നിലയിൽ ഞങ്ങൾക്കു പറഞ്ഞുതന്നത്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലം. അന്ന് കരുണാകരൻ ഡൽഹിയിൽ വന്നു. ആരെയൊക്കെയോ കാണുന്നുണ്ട്. കൂട്ടത്തിൽ രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽസിങ്ങിനേയും (അതോ എസ് വെങ്കിട്ടരാമനോ - കൃത്യമായി ഓർമ്മിക്കുന്നില്ല) കാണുന്നുണ്ടെന്നും ഒരു കാര്യം പറയാനുണ്ടെന്നും നേരത്തെ തന്നെ ബി സി ജോജോയെ അദ്ദേഹം വിളിച്ചറിയിക്കുന്നു. കേരളകൗമുദിയുടെ ഡൽഹി ലേഖകനായി ആയടുത്ത് ജോയിൻ ചെയ്തതേയുള്ളൂ, തുടക്കക്കാരനായ അദ്ദേഹം. വൈകിട്ട് ജോജോയെ മാത്രം പ്രത്യേകമായി കേരള ഹൗസിലേക്കു വിളിച്ച് കരുണാകരൻ സ്പെഷ്യൽ അഭിമുഖം കൊടുക്കുന്നു. ആ അഭിമുഖത്തിലാണ്, പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ ബാലകൃഷ്ണപിള്ളയ്ക്കെതിരെ നടപടി എടുക്കണമെന്നു രാഷ്ട്രപതി ആവശ്യപ്പെട്ടതായി കരുണാകരൻ പ്രഖ്യാപിക്കുന്നത്. പിറ്റേ ദിവസം കേരളകൗമുദിയുടെ എക്സ്ക്ലൂസീവ് ആയിരുന്നു അത്. ഒടുവിൽ പിള്ളയുടെ രാജിയിലേക്കാണ്, അതെത്തിയത്. വാസ്തവത്തിൽ കരുണാകരൻ അന്നു രാഷ്ട്രപതിയെ കണ്ടിരുന്നില്ല എന്നു തന്നെയല്ല, അതിന് അനുമതി പോലും തേടിയിരുന്നില്ല. ഇതു പിന്നീടു മാത്രമാണ്, അദ്ദേഹം തിരിച്ചറിയുന്നത്. കരുണാകരനെ പോലെ ഒരു നേതാവിനെ അവിശ്വസിക്കാതെയിരിക്കുക എന്ന തുടക്കക്കാരനായ ഒരു ജേണലിസ്റ്റിന്റെ തെറ്റിനെ കുറിച്ചാണ് അദ്ദേഹം അന്നു ഞങ്ങളോടു പറഞ്ഞത്.
ഇത് ഏറെക്കുറെ ഇന്നും ആവർത്തിക്കപ്പെടുന്ന അനുഭവമാണ്. വാർത്തകൾ പലപ്പോഴും പ്ലാന്റ് ചെയ്യപ്പെടുന്നത് ഇങ്ങനെയാണ്. അതു തിരിച്ചറിഞ്ഞ് സ്കെപ്റ്റിക്കലാവാൻ എഡിറ്റോറിയൽ ഡസ്കിനു കഴിയുന്നില്ലെങ്കിൽ ജേണലിസം മരിച്ചു എന്നാണ് അതിനർത്ഥം.
ബലാക്കോട്ട് ആക്രമണത്തിനു പിന്നിൽ രാഷ്ട്രത്തിന് അതിന്റേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ആ ലക്ഷ്യം സൈന്യം നിറവേറ്റുകയും ചെയ്തു. എന്നാൽ അതിനെ വഷളാക്കിയത്, പൊതുസമൂഹത്തിന്റെ കൈയടിയും വോട്ടും ലഭിക്കാനായി തികച്ചും കൃത്രിമമായ ഫലം പത്രങ്ങളിലൂടെ അവതരിപ്പിച്ചതിലൂടെയാണ്. ഇക്കഴിഞ്ഞ അഞ്ചുവർഷങ്ങളായി ബിജെപിയും അവർ നയിക്കുന്ന സർക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്, ഇത്തരം ബോധപൂർവ്വമായ കഥനങ്ങൾ അവതരിപ്പിക്കുക എന്നതാണ്. ഇതു നിരന്തരം തിരിച്ചറിയപ്പെടുന്നുമുണ്ട്. എന്നിട്ടും അതിൽ സംശയാലുക്കളാവാൻ പത്രപ്രവർത്തകർക്കു പൊതുവെ കഴിയുന്നില്ല എന്നതിനർത്ഥം അവർ വെറും ഒഴുക്കിനൊത്തു നീന്തുന്ന, ക്ലറിക്കൽ ജേണലിസ്റ്റുകൾ മാത്രമായി തീർന്നു എന്നതാണ്.
ഉത്തരേന്ത്യൻ വാർത്തകൾക്കായി ആശ്രയിക്കുന്ന പിടിഐയും എഎൻഐയും മറ്റും തെറ്റായ വാർത്ത നൽകി എന്ന ഒരു പ്രചാരണവുമുണ്ട്. വയർ വഴിവരുന്ന വാർത്തകളുടെ സ്വഭാവം - പ്രത്യേകിച്ച് ഇന്ത്യൻ ഏജൻസികൾ വഴിയുള്ളവ - എത്രയോ കാലമായി ഇങ്ങനെയാണ്. ചെറിയ ഇടവേളകളിൽ അവർ മുൻപു നൽകിയ വാർത്ത തിരുത്തിക്കൊണ്ടിരിക്കും. പക്ഷെ മിക്കപ്പോഴും ആദ്യമാദ്യം വരുന്നവ വെറും ഗ്യാസ് ആയിരിക്കും. ടെലിപ്രോംപ്റ്റർ ഉപയോഗിച്ചിരുന്ന കാലംമുതൽക്കേ, അതങ്ങനെയാണ്. ഇന്റർനെറ്റിലേക്കു മാറി എന്നതുകൊണ്ട് അതിനൊരു മാറ്റവും വന്നിട്ടില്ല എന്നു തന്നെയല്ല, വഷളായിട്ടുമുണ്ട്.
പിറ്റേദിവസം എണ്ണത്തെ സംബന്ധിച്ച സംശയവും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും അവകാശപ്പെടുന്നുണ്ട്. ആദ്യ വാർത്തയ്ക്കും ഈ സംശയത്തിനും നീക്കിവച്ച സ്ഥലം, നൽകിയ പ്രാധാന്യം എന്നിവ ഒരേപോലെയാണോ? ഒരിക്കലുമല്ല, ആവുകയുമില്ല. അതു മറച്ചുവച്ചുകൊണ്ട് വലിപ്പച്ചെറുപ്പങ്ങളെ കുറിച്ചു സാധാരണക്കാർക്കു ധാരണയില്ല എന്ന മട്ടിൽ ദയവായി തട്ടിവിടരുതേ...
അതുകൊണ്ടു പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, നിങ്ങൾക്ക് അന്ന് അബദ്ധം പറ്റിയതാണ്. You were taken for a ride. നിങ്ങളത് അംഗീകരിക്കുക. രാഷ്ട്രീയമായ ജാഗ്രതക്കുറവ് നിങ്ങളുടെ കൂടപ്പിറപ്പാണ്. അതു തിരിച്ചറിയാൻ ഇതൊരവസരമാക്കി എടുക്കുക. അതിനു പകരം ഇങ്ങനെ വല്ലാതെ ന്യായീകരണ പോസ്റ്റുകളെഴുതി കഷ്ടപ്പെടണമെന്നില്ല.

No comments: