Sunday, March 3, 2019

സമാധാനം പ്രസംഗത്തിൽ നിന്ന് പ്രവർത്തിയിൽ കൊണ്ടുവരട്ടെ

ഇമ്രാൻഖാന്റെ അഞ്ചു മിനുറ്റ് പ്രസംഗം കൊണ്ട് അങ്ങേരുടെ ഫാനാകാൻ മാത്രം പറയരുത് . ക്രിക്കറ്റ് കളി വേറെ .ഈ കളി വേറെ . പഴയ ക്രിക്കറ്റ് സെലിബ്രിറ്റിയുടെ വാചക കസർത്തിലൂടെ സമാധാനം പെട്ടന്ന് വരുമെന്നൊന്നും കരുതാൻ കഴിയാത്രത്ത അന്തരാഷ്ട്ര ചരിത്ര വിവരമുണ്ട്.
മാത്രമല്ല അപ്പുറത്തു കാര്യങ്ങൾ നടത്തുന്നത് ഡീപ് സ്റ്റേറ്റ് എന്ന മിലിട്ടറി-ഇന്റലിജെൻസ്-മുള്ള പവർ നെറ്റ്വർക്കാണ് . ജനാധിപത്യവും സിവിലിയൻ സർക്കാരുമൊക്കെ ഇടക്കിടെ അതിന്റ മുകളിൽ വിരിക്കുന്ന പുതപ്പാണ് .ഇതുവരെ അങ്ങനെ ഭരിക്കാൻ ശ്രമിച്ചവരെ കൊല്ലുകയോ , ജയിലിൽ അടക്കുകയോ നാട് കടത്തുകയോ ചെയ്ത് ചരിത്രമാണ്ള്ളത് .അത് കൊണ്ടാണ് ഇമ്രാൻ ഭായിയുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടേണ്ടത് . ആള് ആറടി രണ്ടിഞ്ച് പൊക്കമുള്ള സുന്ദരനാണ് .1992 ഇൽ വേൾഡ് കപ്പ് പൊക്കിയ ക്രിക്കറ്റ് ലെജൻഡാണ്.ഓക്സ്ഫോഡിൽ പഠിച്ചു മണി മണിയായി ഇഗ്ളീഷ് പറയും .പക്ഷെ അത് കൊണ്ടൊക്കെ അപ്പുറത്തു കടത്തിൽ മുങ്ങി നിൽക്കുന്ന രാജ്യത്തെയോ അവിടെമാകെ പടർന്ന് മത മൗലീക തീവ്ര വാദ വൈറസ്സിനെയോ ചൈനയുടെ ത്രിധരാഷ്ട്ര ആലിംഗനത്തെയോ മാറ്റി മറിച്ചു തെക്കേ ഏഷ്യയിൽ സമാധാനം കൊണ്ട് വരാനാകുമോ എന്ന് കണ്ടറിയണം .
വാചക മേളകളിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല അപ്പുറത്തു വളർന്നു അവിടെയും ഇവിടെയും നാശം വിതക്കുന്ന മത മൗലീക തീവ്ര വാദ വൈറസും അതിൽ നിന്നുളവാകുന്ന ആളെ കൊല്ലി അക്രമ ഭീകരതയും . സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യൻറെ കണ്ണിലെ കരെടുത്തു നമ്മൾക്ക് സുല്ല് സമാധാനം പറയാം എന്ന് പറഞ്ഞാൽ കോലും കരടുമൊന്നും അങ്ങനെ പോകില്ല ഇമ്രാൻ ഭായ് .
അദ്ദേഹത്തിന് നല്ലത് വരട്ടെ, സമാധാനം പ്രസംഗത്തിൽ നിന്ന് പ്രവർത്തിയിൽ കൊണ്ടുവരട്ടെ എന്ന് ആശംസിക്കാം.
ജെ എസ് അടൂർ

No comments: