മനുഷ്യൻ ശ്വാസം കൊണ്ടും വിശ്വാസം കൊണ്ടുമാണ് ജീവിക്കുന്നത്.. സ്വന്തം അച്ഛൻ ആരെന്നുള്ളത് പോലും ബഹുഭൂരിപക്ഷം ആളുകളിലും വിശ്വാസമാണ്. നമ്മെളെകുറിച്ചും ചുറ്റുപാടുകളെകുറിച്ചും നാം ചിന്തിക്കുന്ന പലതും കേട്ടറിഞ്ഞ വിശ്വാസങ്ങളിൽ നിന്നുമാണ്. അവയിൽ പലതും അന്ധ വിശ്വാസങ്ങൾ ആണെന്ന് അറിഞ്ഞിട്ടും മനസ്സിന്റ ഏതോ കോണിൽ ചെറുപ്പത്തിലേ വിശ്വാസങ്ങളുടെ ബാക്കി പത്രങ്ങൾ കിടക്കും. ദൈവ വിശ്വാസമടക്കം മിക്ക നല്ലതും തീയതുമായ് പലതും സ്‌കൂളിൽ എത്തുന്നതിന് മുമ്പേ മനസ്സിൽ കുടിയേറുന്നതാണ്.
അതുകൊണ്ട് തന്നെ ഒരു കുട്ടി ജനിച്ച നാൾ മുതൽ 12 വയസ്സ് വരെ കണ്ടും ഉണ്ടും കേട്ടും പറഞ്ഞും അറിഞ്ഞ രുചികളും, അനുഭവങ്ങളും ഭാഷകളും വിശ്വാസങ്ങളും പാട്ടുകളും ധാർമ്മിക മൂല്യങ്ങളുമെല്ലാം പലതരത്തിൽ നമ്മുടെ വിചാര, വികാര, വിവേക, വിരേചനങ്ങളെയും ബാധിക്കും. ഇതിന് ഞാൻ പറയുന്ന പേര് ഇന്റിമേറ്റ് സോഷ്യലൈസേഷൻ എന്നാണ്.
അത് കഴിഞ്ഞുള്ള പ്രൈമറി സോഷ്യലൈസേഷനും പിന്നെയുള്ള സെക്കെന്റെറി സോഷ്യലൈസേഷനും പഠിക്കുന്ന പുസ്തകങ്ങളും വായനകളുമൊക്കെ നമ്മൾ പണ്ട് ബാല്യത്തിൽ കേട്ടറിഞ്ഞതും രുചിച്ചു അരിഞ്ഞതും എല്ലാം തെറ്റാണ് അല്ലെങ്കിൽ യുക്തി രഹിതമാണ് എന്ന് ബോധ്യപെട്ടാലും പണ്ട് പഠിച്ച ശീലങ്ങൾ പൂർണ്ണമായും ഡീലിറ്റ് ചെയ്യാൻ സാധിക്കുമോയെന്നു സംശയമാണ്. ദൈവ വിശ്വാസം ഉൾപ്പെടെ പലതും നമ്മൾ പഠിക്കുന്നതു എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ തന്നെ.
ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എന്നെ ബാല്യത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് എന്റെ അമ്മയുടെ അച്ഛനും അമ്മയുമാണ്. അതായത് വല്യപ്പച്ചനും വല്യ അമ്മച്ചിയും. അമ്മക്ക് ജോലിയായതിനാൽ ഞാൻ ഒമ്പത് വയസ്സ് വരെ വളർന്നത് അമ്മ വീടായ ഇലവുംതിട്ട എന്ന ഗ്രാമത്തിലാണ് . അതുകൊണ്ട് തന്നെ എന്റെ മെമ്മറി കാർഡിന്റെ ബെയ്‌സ് ആ ഗ്രാമത്തിൽ നിന്നാണ് തുടങ്ങുന്നത്. വായിക്കാൻ ശീലിപ്പിച്ചതും പ്രസംഗിക്കാൻ ശീലിപ്പിച്ചതും ബേസിക് ലോക വീക്ഷണമുണ്ടായതും വ്യക്തിഗത മൂല്യങ്ങൾ ഒരു വലിയ പരിധി വരെ അവിടെ നിന്നുണ്ടായതാണ്. എന്റെ അച്ഛന്റെ കുടുംബം ചുറ്റുപാട്ടുകളും ജീവിതത്തിൽ ഉണ്ടാക്കിയ ഇൻഫ്ലുവെൻസ് താരതമ്യേന കുറവാണ്. ഒമ്പത് വയസ്സ് വരെ കഴിച്ചതൊക്കെയാണ് ഇന്നും ഇഷ്ട്ടം.
എല്ലാം മാറ്റിയാലും നാക്കും അതിലുള്ള രുചി ഓർമ്മകളും മാറ്റുവാൻ പ്രായസം. ലോകത്തു എവിടെ പോയി എന്തൊക്കെ വസ്ത്രം ധരിച്ചു ഭാഷ പഠിച്ചു എല്ലാം എല്ലാം മാറിയാലും മാറ്റുവാൻ പ്രയാസമുള്ളയൊന്നാണ് ടേയ്സ്റ്റ് ബഡ്. അത് കൊണ്ടാണ് ലണ്ടനിൽ പോയാലും ഞാൻ ഇപ്പോഴും ഒരു പ്രാവശ്യമെങ്കിലും ബ്രിട്ടീഷ് മ്യൂസിയത്തിനടുത്തുള്ള മലബാർ ജംക്ഷൻ റെസ്റ്റോറന്റിൽ പോയി ഇരുപത്തി അഞ്ചു പൗണ്ട് കൊടുത്തു കപ്പയും മീനും കഴിക്കുന്നത്.
എന്റെ അമ്മയുടെ അമ്മ നാല് വയസ്സിൽ പറഞ്ഞു തന്ന ഒന്ന് " പറന്നു പോകുന്ന കാക്കയുടെ പോലും പ്രാക്ക് വാങ്ങരുത് " കാക്കക്ക് പ്രാകാൻ ഒക്കില്ല എന്ന ധാരണ പിന്നീട് വന്നെങ്കിലും (സത്യത്തിൽ കാക്കക്കു പ്രാകാൻ ഒക്കുമോ എന്നത് എനിക്കറിയില്ല എന്നതാണ് വാസ്തവം ) ആ വാക്കുകൾ എന്റെ ഉള്ളിൽ പ്രബലമായുണ്ട്. Never harm anyone എന്ന ഒരു എത്തിക്സ് ആണത്. ഇത് എന്നെ ഇന്നും പിന്തുടരുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ ഇന്നും ഞാൻ വളരെ ശ്രദ്ധിക്കുന്ന ഒന്നാണ് എന്റെ വല്യമ്മച്ചി പഠിപ്പിച്ച ബാല പാഠം. ഇപ്പോഴും ജോലിയിൽ നിന്ന് ആളുകളെ ഫയർ ചെയ്യാൻ എനിക്ക് വലിയ പ്രയാസമാണ്. അറിഞ്ഞു കൊണ്ട് ആരെയും ഉപദ്രവിക്കാൻ ഇന്നും കഴിയാത്തത് വളർന്നപ്പോൾ വായിച്ചു കൂട്ടിയ പതിനായിരത്തിലേറെ പുസ്തകങ്ങളോ വിജ്നാമോ ഒന്നുമല്ല നാല് വയസ്സിൽ വല്യമ്മച്ചി പറഞ്ഞു തന്നതാണ്.
പിന്നെ പറഞ്ഞു തന്നതാണ് വഴിയിൽ പത്തു രൂപ കളഞ്ഞു കിട്ടിയാൽ പോലും അതു ഉപയോഗിക്കരുത്. അർഹിക്കാത്തത് എടുക്കരുത് എന്നും അഴിമതിക്ക് എതിരായ ബാലപാഠമാണെന്നും തിരിച്ചറിഞ്ഞത് പിന്നീടാണ്.
'ചുട്ടയിലെ ശീലം ചുടല വരെ ' 'ബാല്യങ്ങളിലെ ശീലം മറക്കുമോ മാനുഷ്യരുള്ള കാലം വരെ ' എന്ന ചൈൽഡ് സൈക്കോളജിയും പറഞ്ഞു തന്നത് വല്യപ്പച്ചൻ തന്നെ ' അന്ന് അദ്ദേഹം മടിയിൽ ഇരുത്തി പഠിപ്പിച്ചതെല്ലാം ഇന്നും മനസ്സിലെ മെമ്മറി കാർഡിൽ സജീവം.
"ബഹു ജനം പല വിധം " എന്നും പറഞ്ഞതിനാൽ എന്റെ അനുഭവ ഓർമ്മകളും ചിന്തകളുമായിരിക്കില്ല എല്ലാവരുടെയും എന്നതും ബാലപാഠങ്ങളിലൊന്നാണ്.
No comments:
Post a Comment