Monday, August 6, 2018

ജീവിത സമീപനങ്ങൾ

എല്ലാ മനുഷ്യരിലും നന്മയുള്ളതോ നല്ലതായോ ഉള്ള പലതുമുണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നന്മകളെ തിരഞ്ഞു മനുഷ്യരിലെ നന്മകളെ കണ്ടെത്തുന്നതാണ് സന്തോഷം തരുന്നത്.
ജീവിതത്തിൽ ആർക്കും ആരെയും തോൽപ്പിക്കാമെന്നോ എതിർത്ത് പാഠം പഠിപ്പിക്കാമെന്നോ കരുതുന്നില്ല.
അതുകൊണ്ട് തന്നെ ആരെയും ശത്രു പക്ഷത്തു നിർത്തി മനസാ വാചാ കർമ്മണാ ഹിംസ ഉപയോഗിക്കുവാനുള്ള മനുഷ്യ സഹജ ശീലങ്ങളിൽ നിന്ന് വിരക്തി നേടാനുള്ള ശ്രമത്തിലാണ്.
ഞാൻ ചെയ്യുന്നതും ചിന്തിക്കുന്നത് എല്ലാം പൂർണ്ണമായും ശരിയാണോ എന്ന സന്ദേഹം പ്രധാനമാണ് എന്ന് കരുതുന്നു. ഞാനാണ് ശരി, ഞാൻ മാത്രമാണ് ശരിയെന്നത് തെറ്റാണ് എന്നറിഞ്ഞത് വൈവിധ്യങ്ങളെ കണ്ടറിഞ്ഞു ബഹുമാനിക്കുവാൻ തുടങ്ങിയത് മുതലാണ്. സമൂഹവും മനസ്ഥിതികളുമൊക്കെ മാറുന്നത് ആയിരകണക്കിന് ആളുകളുടെ ചോദ്യങ്ങളും ചിന്തകളും വാക്കുകളും പ്രവർത്തികളും കൊണ്ടാണ്. കൂട്ടായ ചിന്തകളും കൂട്ടായ്മകളുമാണ് മാറ്റത്തിന്റ തുടക്കം..
ഒരാൾക്ക് സ്വയം ഒരുമലയും മറിക്കാമെന്നു കരുതുന്നില്ല. ഒറ്റയാൻമാരെ അവരുടെ വഴിക്കു വിടുക എന്നതാണ് നയം.
ഞാൻ കൂടുതൽ കൂട്ടായ്മയിൽ കൂട്ടുന്നത് മറ്റുള്ളവരുടെ ഗുണങ്ങൾ കൂടുതൽ കാണുന്നവരെയാണ്. എല്ലാവരുടെയും കുറ്റങ്ങളും കുറവുകളും ഭൂതകണ്ണാടിയിലൂടെ നോക്കി വിധികൽപ്പിച്ചു സ്വയം നീതീകരിച്ചാൽ ചിലർക്ക് ചിലപ്പോൾ ഒരു ഫീൽ ഗുഡ് ഫീലിംഗ് കിട്ടും എന്നതിനേക്കാൾ ഒന്നും പ്രത്യകിച്ചും സംഭവിക്കില്ല. അതുകൊണ്ട് തന്നെ ഏതു നെഗേറ്റീവ് എനർജിയിൽ നിന്നും വഴിമാറി നടക്കുക എന്നതാണ് സമീപനം.
കാരണം ജീവിതം ഇരുപത്തിനായിരത്തിനും മുപ്പതിനായിരം ദിവസങ്ങൾക്കുമിടയിൽ ഉള്ള ഒരു ചെറിയ കാലയളവ് മാത്രമാണ്. അവിടെ വിലക്ക് വാങ്ങാൻ കിട്ടാത്തത് സന്തോഷവും സമാധാനവും മാത്രമാണ്.
Towards the end of the day we are simply mortals. Even the most powerful men end up in graves or flames. Hence none of us are indispensable.

No comments: