Monday, August 6, 2018

പിടിയരിയും പണകെട്ടും പാവം യേശുവും

എന്റെ ചെറുപ്പത്തിൽ വല്ല്യമ്മച്ചി എല്ലാ സമയവും ചോറുണ്ടാക്കാൻ വെള്ളത്തിൽ അരിയിടുന്നതിന് മുൻപ് ഒരു പിടി അരി ഒരു കലത്തിൽ മാറ്റി വയ്ക്കുമായിരുന്നു. അതിന് 'പിടിയരി ' എന്നാണ് പറയുന്നത്. അത് പോലെ കൃഷി ചെയ്യുമ്പോൾ 'ആദ്യ ഫലം ' മാറ്റി വക്കും. ഇതെല്ലാം ഇലവുംതിട്ട ബെത്ലെഹേം മാർത്തോമ്മ പള്ളിയുടെ ചെറിയ ചാപ്പലിന് മുന്നിൽ കൊണ്ട് ചെന്ന് ഞായറാഴ്ച്ച ലേലം വിളിച്ചു ആളുകൾക്ക് കൊടുക്കും. ലേലം പിടിക്കുന്നവർ മിക്കപ്പോഴും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സഹോദരങ്ങൾ ആയിരിക്കും. അത് ഒരു പങ്കു വയ്ക്കലും കൂട്ടായ്മയുടെ ആത്മീക ഉത്തരവാദിത്തവുമായിരുന്നു.
അച്ചൻമാർ കാൽനടയായി വീടുകളിൽ പോയി പ്രാർത്ഥിച്ചു മോരും വെള്ളമോ പുഴുങ്ങിയ കപ്പയോ സന്തോഷത്തോടെ ഭക്ഷിച്ചു തൃപ്‌തരായി ദൈവത്തെ സ്തുതിച്ചു. പരിഷ്ക്കാരികകൾ ഹെർക്കുലീസ്, ഹീറോ മുതലായ സൈക്കിളിൽ പള്ളിയിൽ വന്നു. വീട്ടിൽ വൈകിട്ട് നിലവിളക്കു കത്തിച്ചു സന്ധ്യ പ്രാർത്ഥനയിൽ സ്വർഗ്ഗത്തിലെ പ്രാർത്ഥന ചൊല്ലി 'ഞങ്ങൾക്ക് അന്നന്ന് വേണ്ട ആഹാരം തരേണമേ ' എന്ന് പ്രാർത്ഥിച്ചു.
ഇപ്പോൾ പിടി അരിയും ആദ്യഫലവും ഒന്നുമില്ലെങ്കിലും നോട്ടു കെട്ടുകൾ പള്ളിയിലേക്ക് ബി എം ഡബ്ള്യു വിലും, ബെന്സിലും, ഇന്നോവയിലും, ഹോണ്ടയിലും, മാരുതിയിലും എത്തും. പണ്ട് പള്ളിക്കുള്ളിൽ വിയർപ്പിന്റെയും കുന്തിരുക്കത്തിന്റെയും മണമെങ്കിൽ ഇന്ന് വിലയേറിയ പെർഫ്യൂമുകളുടെഅയറുകളി !!
പണ്ട് പള്ളിയിൽ നേരെത്തെ പോകുന്നത് മുമ്പിലത്തെ പായിൽ ഇടം കിട്ടാൻ. ഇന്ന് നേരത്തെ പോകുന്നത് ഷേഡുള്ള പാർക്കിങ്ങിൽ സെഡാൻ കാറിന് സ്ഥലം കിട്ടാൻ. പണ്ട് അച്ചന്മാരും പാസ്റ്റര്മാരും ഉപവസിച്ചും പ്രാർത്ഥിച്ചും കല്ലും മുള്ളുമുള്ള വഴികളിൽ വീടുകേറി പ്രാർത്ഥിച്ചും പെന്സില് പോലെയുള്ള ശരീര പ്രകൃതമുള്ളവർ. ഇന്നവരിൽ പലരും ഏറ്റവും നല്ല ഭക്ഷണ പാനീയങ്ങളും കഴിച്ച പ്ലെഷറു പഞ്ചാരയുമൊക്കെ കൂടി ഏറ്റവും വിലയേറിയ കാറുകളിൽ കറങ്ങി കറങ്ങി ബിസിയാകുന്ന ചുള്ളന്മാർ. ടീവി , ഫ്ളക്സ് എന്നിവയിൽ കയറി സ്വർഗ്ഗ രാജ്യം വിളമ്പുന്ന വമ്പന്മാർ. പ്രോസ്പിരിറ്റി ഗോസ്പൽ വിറ്റ് സ്വർഗ്ഗത്തിലെ പ്രാർത്ഥന മറന്നവർ. അങ്ങനെ അല്ലാത്തവരുമുണ്ടെന്നത് വിസ്മരിക്കുന്നില്ല.
ആദ്യം ആത്മീകത്തിൽ നിന്ന് ഭൗതീക ഉപഭോഗ തൃഷ്ണയിലേക്കും അതിൽ ചിലർ ഭോഗ തൃഷ് യിലേക്കും വഴുതി.ആദ്യം വ്യഭിചരിക്കുന്നത് ആത്മീയത്തെയാണ്. പിന്നെയാണ് ചിലരെങ്കിലും പെണ്ണുങ്ങളുടെ അസ്ഥാനത്തെക്കു അറിയാതെ നോക്കിപ്പോകുന്നതും. അതിൽ ചിലർ ഏഴാം കൽപ്പനയും പത്താം കൽപ്പനയും മറന്നു ഉത്തേജിതരായി പ്ലെഷറും പിന്നെ പ്രേഷറും കൂട്ടുന്നത്. ചിലർ അങ്ങനെയെന്നു കരുതി എല്ലാവരെയുകുറിച്ച് സാമാന്യവൽക്കരിക്കുന്നില്ല.
മിക്ക പള്ളികളിലും വലിയ കെട്ടിടങ്ങളും കിടിലൻ സന്നാഹങ്ങളും എയർ കണ്ടീഷനും വാദ്യ മേളങ്ങളിൽ ഉള്ള പാട്ടും, സീ സി ടീവി സെക്ക്യൂരിറ്റിയുമുണ്ട്. പള്ളിക്കു കാശും പത്രാസും കൂടിയപ്പോൾ പള്ളിയിൽ മുഖ്യസാനം കിട്ടുവാൻ അങ്ങാടിയിലെ കാര്യക്കാർ ആളാകാൻ കൂടി. കൈയൂക്ക് ഉള്ളവർ പള്ളി കാര്യസ്ഥരായി. അടിക്കടി. തെറിക്കു തെറി എന്നത് ട്രെൻഡായി. പള്ളി ലോയൽറ്റി കൂടി.
ദൈവത്തിന്റ പേരിൽ മെത്രാൻമാരും അച്ചന്മാരും പാസ്റ്റര്മാരും പരസ്പരം പാരവച്ചു സ്വന്തം കാര്യം സിന്ദാബാദ് എന്ന വെറും അവനവനിസത്തിലേക്ക് കൂപ്പു കുത്തി. അങ്ങനെ പള്ളികളിൽ നിന്നുമെല്ലാം യേശു എന്നേ ഇറങ്ങി സ്ഥലം വിട്ടു. യേശുവൊഴിച്ചുള്ള എല്ലാ സന്നാഹങ്ങളൂം കത്തോലിക്കർ മുതൽ പെന്തകൊസ്തു മുതലായ പള്ളികളിലുമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പഴയ പാർത്തിയാർകീസ് -ഓർത്തോഡോക്സ് അടികൾക്ക് പുതിയ മാനങ്ങളായി അത് സാമൂഹിക മാധ്യമങ്ങളിൽ തുടരുന്നു. ഇതെല്ലാം എസ്റ്റാബ്ളിഷ്മെന്റുകൾ തമ്മിൽ പണത്തിനും അധികാരത്തിനും അഹങ്കാരത്തിനും വേണ്ടിയുള്ള കുടിപ്പകകളും കിടമത്സരങ്ങളും കോടതി വ്യവഹാരങ്ങളുമാണ്. ഇതിൽ ഒന്നും പാവം യേശുവിന് ഒരു പങ്കുമില്ല. പക്ഷെ യേശുവിനെ വിറ്റ് കാശാക്കുന്നവർക്കു വേണ്ട സുവിശേഷമുള്ളത് ബാങ്ക് ബാലൻസുകളിലെ കോടികളിലാണ്.
എന്ന് വിചാരിച്ചു എല്ലാവരും ഇങ്ങനെയാകണമെന്നില്ല. വളരെ ആത്മാർത്ഥയുള്ളവർ ഇപ്പോഴും പള്ളികളിലും പട്ടക്കാരിലുമുണ്ട്. അതുകൊണ്ട് ഇത് ഒരു പൊതുവായ സാമാന്യവൽക്കരണമല്ല. പൊതു ട്രെൻഡുകളാണ്. പക്ഷെ അസാരം പുളി മാവിനെ മുഴുവൻ പുളിപ്പിക്കും എന്ന അവസ്‌ഥയിലാണ് പണാധിപഥ്യവും ഉപഭോഗ സംസ്കാരവും ഒരു പൊതു ട്രെൻഡ് ആകുന്നത്.
പള്ളിയോട് ഏറ്റവും എടുത്തവർ ദൈവത്തോട് ഏറ്റവും അകന്നിരിക്കുന്നു എന്നത് പോലാണ് പലയിടത്തെയും സ്ഥിതികൾ. അത് കൊണ്ടാണ് ഞാൻ പള്ളികളിൽ നിന്നും പള്ളിക്കാര്യങ്ങളിൽ നിന്നും കാര്യസ്ഥൻമാരിൽ നിന്നും പുരോഹിത വർഗ്ഗത്തിൽ നിന്നും അകലം പാലിക്കുന്നത്. അതുകൊണ്ടാണ് ഇന്നും സ്വർഗ്ഗത്തിലെ പ്രാത്ഥനയും യേശു പഠിപ്പിച്ചതും മറക്കാത്തതും പ്രവർത്തി ഇല്ലാത്ത വിശ്വാസം ചത്തതാണ് എന്നു കരുതുന്നതും.
ജെ എസ് അടൂർ

No comments: