പള്ളികൾ സ്വർഗത്തിൽ അല്ല. സമൂഹത്തിലാണ്. അതുകൊണ്ട് പള്ളികളിലും അമ്പലങ്ങളിലും സംഭവിക്കുന്നത് സാമൂഹിക അവസ്ഥകളിൽ നിന്ന് വേറിട്ട് കാണുവാൻ സാധിക്കില്ല.
കഴിഞ്ഞ ഇരുപത് കൊല്ലങ്ങൾക്കുള്ളിൽ കേരളത്തിലെ സമൂഹത്തിൽ വന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നു പണാധിപത്യ സംസ്കാരമാണ്. പണാധിപത്യ സംസ്കാരവും അതിനോട് അനുബന്ധിച്ചു വളർന്ന ഉപഭോഗ തൃഷ്ണയും നമ്മുടെ സമൂഹത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചു.
ഇന്ന് ഒരാളുടെ 'നിലയും വിലയും ' അറിയുന്നത് അയാളുടെ, അയാളുടെ കുടുംബത്തിന്റെ ഉപഭോഗ അടയാളങ്ങളിലാണ്. അയാൾ ധരിക്കുന്ന വസ്ത്രം, ഉപയോഗിക്കുന്ന മൊബൈൽ ഫോൺ, വാച്ചു, ചെരുപ്പ് തുടങ്ങി, വീട്, വാഹനം, വിവാഹം, വിദ്യാഭ്യാസം, സാഹിത്യം, സിനിമ, ആശുപത്രികൾ, രാഷ്ട്രീയം, പള്ളി, അമ്പലങ്ങൾ തുടങ്ങി മരണം വരെ ഇന്ന് അടയാളപെടുത്തുന്നത് ഉപഭോഗ സ്റ്റാറ്റസ് അളവ്കോലുകൾ കൊണ്ടാണ്.
പണാധിപത്യവും ഉപഭോഗ തൃഷ്ണ സംസ്ക്കാരവും മനുഷ്യരിൽ പുതിയ ആർത്തികളും അത്യാഗ്രഹങ്ങളുമുണ്ടാക്കുന്നുണ്ട്. പണാധിപത്യ -ഉപഭോഗ സംസ്കാരം കേരളത്തിൽ പുതിയ തരം അസാമാന മനസ്ഥിതികളെ സൃഷ്ടിയ്ക്കുന്നുണ്ട്. അത് ഒരു തലത്തിൽ ഡെപ്രൈവേഷൻ ഇൻഇക്വാളിറ്റിയാണ്. അതായത് ബൈക്ക് ഉള്ളവന് കാർ വാങ്ങണം എന്ന അദമ്യമായ ആഗ്രഹമുണ്ടെങ്കിലും ആ ഉപഭോഗ തൃഷ്ണയെ തൃപ്തിപെടുത്താനുള്ള പണമില്ല എന്ന തോന്നലിൽ ഉണ്ടാകുന്ന ഒരു തരം ഡെപ്രൈവേഷൻ അസാമാന മനസ്ഥിയിൽ നിന്ന് ഉണ്ടാകുന്ന സാമൂഹിക അവസ്ഥ. അതുപോലെ റിലേറ്റീവ് ഇനിക്വാളിറ്റി, അധവാ താരതമ്യ അസമനാത കൂടി. ഇതിന്റ സാമൂഹിക -രാഷ്ട്രീയ -സാംസ്കാരിക അനുരണങ്ങൾ പലതാണ്. അതിൽ ചിലതാണ് പള്ളികളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
പണാധിപത്യ -ഉപഭോഗം സംസ്ക്കരം ആവേശിച്ചിരിക്കുന്നത് നമ്മുടെ സമൂഹത്തിൽ നിന്ന് നിർമാർജനം ചെയ്യപ്പെടാത്ത ഫ്യുഡൽ മനസ്ഥിതിയുടെ മുകളിലാണ്. അങ്ങനെ ഫ്യുഡൽ കൺസേർവേറ്റിവ് മൂല്യങ്ങളും പണാധിപത്യ ഉപഭോഗ സംസ്കരവും കൂടി കുഴഞ്ഞു ഒരു നവയാഥാസ്ഥിതികത്വവും അതിനു അനുപൂരകമായി താരതമ്യേന അസാമാന സാമൂഹിക ചുറ്റുപാടിൽ പുതിയ സെക്ടേറിയനിസവും സമൂഹത്തിൽ വളരുന്നുണ്ട്. ഒരു തലത്തിൽ ഉള്ള ക്യാപ്പിലിസ്റ്റ് ഉപഭോഗ തൃഷ്ണയും അതിനു തൊട്ടു താഴയുള്ള ജാതി -മത ഫ്യുഡൽ മൊറാലിസവും ഇതിനിടയിലെവിടെയോ കയറികൂടിയ ചില സോഷ്യല്സ്റ്റ് ആശയ ധാരകളും തമ്മിലുള്ള ഉരസലുകളും കൂടികലരുകളും ചേർന്ന വല്ലാത്തൊരു മെറ്റിരിയലിസ്റ്റ് സാമൂഹിക അവസ്ഥയിൽ സമൂഹം എത്തിപെട്ടു.
ഇതെല്ലം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് രാഷ്ട്രീയത്തെയും മത സ്ഥാപനങ്ങളെയുമാണ്.
രാഷ്ട്രീയത്തിൽ ഐഡിയലിസവും ആശയ-പ്രത്യയ ശാസ്ത്ര ധാരകൾ കുറയുകയും പാർട്ടി ലോയൽറ്റി സെക്ടേറിയനസവും കൂടുകയും ചെയ്തു. അതുപോലെയൊന്ന് മത സ്ഥാപനങ്ങളിലും സംഭവിക്കുന്നു. പള്ളികളും അമ്പലങ്ങളും ആത്മീയ വിന്യാസങ്ങളിൽ നിന്ന് തെന്നി മാറി ഭൗതീക പണ സംഭരണ സംരംഭങ്ങളായി മാറി. പഴയ ആത്മീയത പുതിയ ഉപഭോഗ ഭൗതീകതക്ക് വഴിമാറി. പള്ളികളും അമ്പലങ്ങളും കെട്ടിട സ്റ്റാറ്റസുകളും വെറും സാമൂഹിക മരാമത്തുമായി. ആത്മീയത എന്നതും മാർക്കറ്റിങ് ചെയ്യേണ്ട ഒരു ഉപഭോഗ വസ്തുവായി. പൊങ്കാലകളും, കെട്ടിപിടികളും, രോഗ ശാന്തിയും, വചന പ്രഘോഷങ്ങളും മിറക്കിൾ ക്രൂസേഡുകളും 'ആത്മീയ യാത്രയുമെല്ലാം ' കാണുന്നതും കേൾക്കുന്നതും എല്ലാം ടീവി മാർക്കറ്റിങ് പാക്കേജുകളിൽ കൂടിയാണ്. എല്ലാത്തിലും ഒരു തരം സുപെർഫ്ലൂവസ് സുപെർഫെഷ്യൽ സിൻഡ്രോം. ഉപരിപ്ലവതയും അതിന് അനുപൂരകമായ വിഭാഗീയ വിചാര രഹിത വിരേചനങ്ങളും നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. അത് മാത്രമല്ല സ്വന്തം കണ്ണിലെ കോൽ കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് ചൂണ്ടി ട്രോളുന്നത് സാധാരണമായിരിക്കുന്നു. സമൂഹത്തിനുള്ളിലും കുടുംബത്തിനുള്ളിലും വളരുന്ന മൾട്ടിപ്പിൾ ഫ്രസ്ട്രേഷൻസ് പലതരം കലിപ്പുകളായി ഹിംസാ ധാരകളായി സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമ ചർച്ചകളിലും പുറത്തു വരുന്നുണ്ട്
ഇങ്ങനെയുള്ള പലതരം സോഷ്യൽ ഡീസലൊക്കേഷൻസ് ദൃശ്യമാകുന്നത് എണ്ണ പണത്തിന്റെ ഒഴുക്കും അതിൽ നിന്ന് ഉയർന്ന സർവീസ് ഇക്കോണോമിയും കാർഷിക ഫ്യുഡൽ സാമൂഹിക വ്യവസ്ഥയുടെ മറഞ്ഞുപോക്കും മുതലാണ്. അത് ഏറ്റവും കൂടുതൽ ദർശ്യമാകുന്നത് പള്ളികളിലാണ്. എനിക്ക് നേരിട്ട് അറിയാവുന്നത് പള്ളികളിൽ ഉണ്ടായ സാമൂഹിക സാമ്പത്തിക ആത്മീയ മാറ്റങ്ങളാണ്.
എന്റെ ചെറുപ്പത്തിൽ വല്ല്യമ്മച്ചി എല്ലാ സമയവും ചോറുണ്ടാക്കാൻ വെള്ളത്തിൽ അരിയിടുന്നതിന് മുൻപ് ഒരു പിടി അരി ഒരു കലത്തിൽ മാറ്റി വയ്ക്കുമായിരുന്നു. അതിന് 'പിടിയരി ' എന്നാണ് പറയുന്നത്. അത് പോലെ കൃഷി ചെയ്യുമ്പോൾ 'ആദ്യ ഫലം ' മാറ്റി വക്കും. ഇതെല്ലാം ഇലവുംതിട്ട ബെത്ലെഹേം മാർത്തോമ്മ പള്ളിയുടെ ചെറിയ ചാപ്പലിന് മുന്നിൽ കൊണ്ട് ചെന്ന് ഞായറാഴ്ച്ച ലേലം വിളിച്ചു ആളുകൾക്ക് കൊടുക്കും. ലേലം പിടിക്കുന്നവർ മിക്കപ്പോഴും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സഹോദരങ്ങൾ ആയിരിക്കും. അച്ചൻമാർ കാൽനടയായി വീടുകളിൽ പോയി പ്രാർത്ഥിച്ചു മോരും വെള്ളമോ പുഴുങ്ങിയ കപ്പയോ സന്തോഷത്തോടെ ഭക്ഷിച്ചു തൃപ്തരായി ദൈവത്തെ സ്തുതിച്ചു. പരിഷ്ക്കാരികകൾ ഹെർക്കുലീസ്, ഹീറോ മുതലായ സൈക്കിളിൽ പള്ളിയിൽ വന്നു. വീട്ടിൽ വൈകിട്ട് നിലവിളക്കു കത്തിച്ചു സന്ധ്യ പ്രാർത്ഥനയിൽ സ്വറ്ഗ്ഗത്തിലെ പ്രാർത്ഥന ചൊല്ലി 'ഞങ്ങൾക്ക് അന്നന്ന് വേണ്ട ആഹാരം തരേണമേ ' എന്ന് പ്രാർത്ഥിച്ചു.
ഇപ്പോൾ പിടി അരിയും ആദ്യഫലവും ഒന്നുമില്ലെങ്കിലും നോട്ടു കെട്ടുകൾ പള്ളിയിലേക്ക് ബി എം ഡബ്ള്യു വിലും, ബെന്സിലും, ഇന്നോവയിലും, ഹോണ്ടയിലും, മാരുതിയിലും എത്തും. പണ്ട് പള്ളിക്കുള്ളിൽ വിയർപ്പിന്റെയും കുന്തിരുക്കത്തിന്റെയും മണമെങ്കിൽ ഇന്ന് വിലയേറിയ പെർഫ്യൂമുകളുടെഅയറുകളി !! പണ്ട് പള്ളിയിൽ നേരെത്തെ പോകുന്നത് മുമ്പിലത്തെ പായിൽ ഇടം കിട്ടാൻ. ഇന്ന് നേരത്തെ പോകുന്നത് ഷേഡുള്ള പാർക്കിങ്ങിൽ സെഡാൻ കാറിന് സ്ഥലം കിട്ടാൻ. പണ്ട് അച്ചന്മാരും പാസ്റ്റര്മാരും ഉപവസിച്ചും പ്രാർത്ഥിച്ചും കല്ലും മുള്ളുമുള്ള വഴികളിൽ വീടുകേറി പ്രാർത്ഥിച്ചും പെന്സില് പോലെയുള്ള ശരീര പ്രകൃതമുള്ളവർ. ഇന്നവർ ഏറ്റവും നല്ല ഭക്ഷണ പാനീയങ്ങളും കഴിച്ച പ്ലെഷറു പഞ്ചാരയുമൊക്കെ കൂടി ഏറ്റവും വിലയേറിയ കാറുകളിൽ കറങ്ങി കറങ്ങി ബിസിയാകുന്ന ചുള്ളന്മാർ. ടീവി , ഫ്ളക്സ് എന്നിവയിൽ കയറി സ്വർഗ്ഗ രാജ്യം വിളമ്പുന്ന വമ്പന്മാർ. പ്രോസ്പിരിറ്റി ഗോസ്പൽ വിറ്റ് സ്വർഗ്ഗത്തിലെ പ്രാർത്ഥന മറന്നവർ. ആദ്യം ആത്മീകത്തിൽ നിന്ന് ഭൗതീക ഉപഭോഗ തൃഷ്ണയിലേക്കും അതിൽ ചിലർ ഭോഗ തൃഷ് യിലേക്കും വഴുതി.ആദ്യം വ്യഭിചരിക്കുന്നത് ആത്മീയത്തെയാണ്. പിന്നെയാണ് ഇവർ പെണ്ണുങ്ങളുടെ അസ്ഥാനത്തെക്കു അറിയാതെ നോക്കിപ്പോകുന്നതും. അതിൽ ചിലർ ഏഴാം കൽപ്പനയും പത്താം കൽപ്പനയും മറന്നു ഉത്തേജിതരായി പ്ലെഷറും പിന്നെ പ്രേഷറും കൂട്ടുന്നത്. എല്ലാവരും അങ്ങനെയുള്ളവർ ആകണമെന്നില്ല. ചിലർ അങ്ങനെയെന്നു കരുതി എല്ലാവരെയുകുറിച്ച് സാമാന്യവൽക്കരിക്കുന്നില്ല.
മിക്ക പള്ളികളിലും വലിയ കെട്ടിടങ്ങളും കിടിലൻ സന്നാഹങ്ങളും എയർ കണ്ടീഷനും വാദ്യ മേളങ്ങളിൽ ഉള്ള പാട്ടും, സീ സി ടീവി സെക്ക്യൂരിറ്റിയുമുണ്ട്. പള്ളിക്കു കാശും പത്രാസും കൂടിയപ്പോൾ പള്ളിയിൽ മുഖ്യസാനം കിട്ടുവാൻ അങ്ങാടിയിലെ കാര്യക്കാർ ആളാകാൻ കൂടി. കൈയൂക്ക് ഉള്ളവർ പള്ളി കാര്യസ്ഥരായി. അടിക്കടി. തെറിക്കു തെറി എന്നത് ട്രെൻഡായി. പള്ളി ലോയൽറ്റി കൂടി. ദൈവത്തിന്റ പേരിൽ മെത്രാൻമാരും അച്ചന്മാരും പാസ്റ്റര്മാരും പരസ്പരം പാരവച്ചു സ്വന്തം കാര്യം സിന്ദാബാദ് എന്ന വെറും അവനവനിസത്തിലേക്ക് കൂപ്പു കുത്തി. അങ്ങനെ പള്ളികളിൽ നിന്നുമെല്ലാം യേശു എന്നേ ഇറങ്ങി സ്ഥലം വിട്ടു. യേശുവൊഴിച്ചുള്ള എല്ലാ സന്നാഹങ്ങളൂം കത്തോലിക്കർ മുതൽ പെന്തകൊസ്തു മുതലായ പള്ളികളിലുമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പഴയ പാർത്തിയാർകീസ് -ഓർത്തോഡോക്സ് അടികൾക്ക് പുതിയ മാനങ്ങളായി അത് സാമൂഹിക മാധ്യമങ്ങളിൽ തുടരുന്നു. ഇതെല്ലാം എസ്റ്റാബ്ളിഷ്മെന്റുകൾ തമ്മിൽ പണത്തിനും അധികാരത്തിനും അഹങ്കാരത്തിനും വേണ്ടിയുള്ള കുടിപ്പകകളും കിടമത്സരങ്ങളും കോടതി വ്യവഹാരങ്ങളുമാണ്. ഇതിൽ ഒന്നും പാവം യേശുവിന് ഒരു പങ്കുമില്ല. പക്ഷെ യേശുവിനെ വിറ്റ് കാശാക്കുന്നവർക്കു വേണ്ട സുവിശേഷമുള്ളത് ബാങ്ക് ബാലസുകളിലെ കോടികളിലാണ്.
എന്ന് വിചാരിച്ചു എല്ലാവരും ഇങ്ങനെയാകണമെന്നില്ല. വളരെ ആത്മാർത്ഥയുള്ളവർ ഇപ്പോഴും പള്ളികളിലും പട്ടക്കാരിലുമുണ്ട്. അതുകൊണ്ട് ഇത് ഒരു പൊതുവായ സാമാന്യവൽക്കരണമല്ല. പൊതു ട്രെൻഡുകളാണ്. പക്ഷെ അസാരം പുളി മാവിനെ മുഴുവൻ പുളിപ്പിക്കും എന്ന അവസ്ഥയിലാണ് പണാധിപഥ്യവും ഉപഭോഗ സംസ്കാരവും ഒരു പൊതു ട്രെൻഡ് ആകുന്നത്.
പള്ളിയോട് ഏറ്റവും എടുത്തവർ ദൈവത്തോട് ഏറ്റവും അകന്നിരിക്കുന്നു എന്നത് പോലാണ് പലയിടത്തെയും സ്ഥിതികൾ. അത് കൊണ്ടാണ് ഞാൻ പള്ളികളിൽ നിന്നും പള്ളിക്കാര്യങ്ങളിൽ നിന്നും കാര്യസ്ഥൻമാരിൽ നിന്നും പുരോഹിത വർഗ്ഗത്തിൽ നിന്നും അകലം പാലിക്കുന്നത്. അതുകൊണ്ടാണ് ഇന്നും സ്വർഗ്ഗത്തിലെ പ്രാത്ഥനയും യേശു പഠിപ്പിച്ചതും മറക്കാത്തതും പ്രവർത്തി ഇല്ലാത്ത വിശ്വാസം ചത്തതാണ് എന്നു കരുതുന്നതും.
ജെ എസ് അടൂർ