സമൂഹത്തില്‍ മാറ്റങ്ങള്‍ വരുന്നത് - ഒരു പറ്റം ആളുകള്‍ മാറ്റങ്ങള്‍ക്ക് വേണ്ടിയിറങ്ങി ചിന്തിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴുമാണ് . വലിയ സാമൂഹിക മാറ്റങ്ങള്‍ക്കു നിദാനമായവര്‍ പാരമ്പര്യ അധികാര-അഹങ്കാര സ്വരൂപങ്ങള്‍ക്ക് വെളിയില്‍ പ്രവര്‍ത്തിച്ചവരാണ് . അവര്‍ പ്രവര്‍ത്തിച്ചത് അവരുടെ ചിന്തയിലും മനസ്സിലും ഉളവായ സാമൂഹിക-രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് . അവര്‍ ' മാറ്റുവിന്‍ ചട്ടങ്ങളെ ' എന്ന ബോധ്യത്തില്‍ പാരമ്പര്യ അധികാര-വ്യവസ്ഥകളെയും അനുഷ്ട്ടാനങ്ങളെയും അനീതികളെയും ചോദ്യം ചെയ്തവരാണ് .
അവരാരും ഒഴുക്കിന് അനുസരിച്ചു നീന്തിയവരായിരുന്നില്ല. അവരില്‍ മിക്കവരും ഒഴുക്കിന് എതിരെ നീന്തിയവര്‍ ആയിരുന്നു . അവര്‍ അധികാര-അഹങ്കാരങ്ങള്‍ക്ക് ഓശാന പാടുന്നവരും അല്ലായിരുന്നു . അവരുടെ ജീവിത കാലത്ത് അവര്‍ പലപ്പോഴും പുറം തള്ളപെട്ടവര്‍ ആയിരുന്നു. അധികാരികാരികള്‍ക്കും അവരുടെ അശ്രീത ജനങ്ങള്‍ക്കും പ്രിയപെട്ടവര്‍ ആയിരുന്നില്ല. അവര്‍ അങ്ങനെയുള്ള പദവികള്‍ക്കും പാരമ്പര്യ അധികാര മോഹങ്ങള്‍ക്കും അപ്പുറം ചിന്തിച്ചവരും പ്രവര്‍ത്തിച്ചവരുമാണ് . കാള്‍ മാര്‍ക്സും , തോമസ് പെയ്നും , ഗാന്ധിയും , ഫുലെയും, നാരായണ ഗുരുവും ,അയ്യന്‍കാളിയും, അംബേദ്‌ക്കറും ,വിവേകാന്ദനും, അരബിന്ദ ഘോഷും , ചെഗുവേരെയും, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും, ജയ പ്രകാശ് നാരായണനും , മതര്‍ തെരേസയും അങ്ങനെ ചിന്താഗതികളെയും , മനസ്ഥിതികളെയും വ്യത്യസ്ത പ്രവര്‍ത്തന പഥങ്ങളിലൂടെ മാറ്റിയവര്‍ ആണ് .
ഇതിന്‍റെ അര്‍ഥം വ്യക്തികളില്‍ കൂടെ മാത്രമാണ് മാറ്റം ഉണ്ടാകുന്നത് എന്നല്ല. വ്യക്തികള്‍ വ്യക്തികള്‍ക്കുമപ്പുറം സമൂഹത്തെ കുറിച്ചും, പ്രകൃതിയെ കുറച്ചും , ചരിത്രത്തെ കുറിച്ചും അധികാരങ്ങളുടെ വിന്യാസങ്ങളെ കുറിച്ചും ബോധാമുള്‍ക്കൊണ്ട്, മറ്റുള്ള ജനങ്ങളുമായി സംവേദിച്ചു കൂട്ടായ കൂട്ടായ്മകളില്‍ കൂടി; സാമൂഹിക കാഴ്ചപ്പാടിലും കൂടുതല്‍ ആളുകളുടെ മനസ്ഥിതിയിലും മാറ്റങ്ങള്‍ ഉണ്ടാകുന്നത് . അത് കൊണ്ട് തന്നെ ഇവരെ ആരേയും 'രക്ഷകരായി' അല്ല കാണെണ്ടതു. മറിച്ചു ചരിത്ര ബോധത്തോടും , സര്‍ഗാത്മകതയോടും , ധാര്‍മികതയോടും , ക്രിയാത്മകതയോടും സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ ജീവിതം കൊണ്ട് നിറവേറ്റിയവര്‍ എന്ന നിലക്കാണ്. ഒരാളുടെയോ, ഒരു പ്രസ്ഥാനാത്തിന്‍റെ യോ പ്രസക്തി വിലയിരുത്തുന്നത് ഉടനടിയുള്ള കെട്ട് കാഴ്ചകളിലൂടെയോ, കേട്ട് കേള്‍വിയിലൂടെയോ , വിമര്‍ശനങ്ങളില്‍ കൂടയോ അല്ല. മറിച്ച് ചരിത്രത്തിന്‍റെയും സാമൂഹിക മാറ്റങ്ങളൂടെയും സാകല്യത്തില്‍ ആണ് . കാരണം അവര്‍ ചരിത്രത്തിന്‍റെ ചവറ്റ് കൊട്ടയില്‍ ഏറിയപെട്ടവരോ , ചരിത്ര സ്മ്രിതികളില്‍ അസ്തമിച്ചവരോ അല്ല എന്നതാണ്. അവര്‍ ചരിത്രത്തില്‍ മരിച്ചു ഉയര്‍ത്തെഴുന്നേറ്റു കാലങ്ങള്‍ക്കുമപ്പുറം ചരിത്രത്തോടും സമൂഹത്തോടും സംവേദിക്കുന്നു എന്നതാണ് അവരുടെ സമകാലീന പ്രസക്തി .അവര്‍ മാറ്റത്തിന്‍റെ പ്രവാചകന്മാര്‍ ആയിരുന്നു എന്ന് നാം തിരിച്ചറിയുന്നത് കാലത്തിന്‍റെ ഒഴിക്കിലാണ് .അവര്‍ നമ്മുടെ ചിന്തകളെയും സമൂഹത്തെയും ഉര്‍വരമാക്കി പുതിയ നാമ്പുകളും പുതിയ പച്ചപ്പും തന്നു നമ്മളെയും സമൂഹത്തെയും പുതിക്കിയ കാറ്റയിരുന്നു എന്ന് തിരിച്ചറിയുന്നത് അവരുടെ ജീവിതത്തിനു അപ്പുറം ഉള്ള കലാന്തരങ്ങലുടെ നിറവേറ്റലുകളില്‍ കൂടിയാണ് .
പലപ്പോഴും പലരും ചോദിക്കും നിങ്ങള്‍ മരിച്ച മഹാന്‍മാരെ കുറിച്ച് മാത്രം സംസാരിക്കുന്നതെന്താനെന്നു? കാരണം മാറ്റങ്ങളുടെ പ്രവചക ശബ്ദങ്ങളെ തിരിച്ചറിയുന്നത് ചരിത്ര സന്ധികളുടെ സാകല്യത്തിലും സാംപ്രതായിക കാലങ്ങളുടെ അതിര്‍ വരമ്പുകള്‍ക്കുമപ്പുറമാണ് . അവര്‍ തുടങ്ങിവച്ച വിജ്ഞാന , സാമൂഹിക- രാഷ്ട്രീയ -സമ്പത്തിക മറ്റങ്ങള്‍ അതാത് കാലത്തിന്‍റെയും സമൂഹത്തിന്‍റെയും സൃഷ്ട്ടിയാണ് . മാറ്റത്തിന്‍റെ തിരകള്‍ ആകാശത്ത് നിന്നു പെയ്തിറങ്ങുന്നതല്ല. മറിച്ച് ഭൂമിയില്‍ ഉള്ള മനുഷരുടെ മനസ്സില്‍ പെയ്തിറങ്ങുന്ന ചാറ്റല്‍ മഴയുടെ താള , ലയ , വിന്യാസങ്ങലാണ്. മാറ്റങ്ങള്‍ ഉണ്ടാകുന്നതു കവിതയുടെ കലാപങ്ങളിലൂടെയാണ്, കഥകളുടെ കാമ്പുകളില്‍ കൂടയാണ്. മാറ്റങ്ങള്‍ ഉണ്ടാകുന്നതു രാഷ്ട്രീയ-അധികാരങ്ങളുടെ മറു വായനകളില്‍ കൂടെയും, പാഠ ഭേദങ്ങളില്‍ കൂടെയും , പുനര്‍ നിര്‍മ്മിതികളില്‍ കൂടെയുമാണ്
മാറ്റങ്ങള്‍ ഉണ്ടാകുന്നതു ഒരു ദിവസം കൊണ്ടോ ഒരു വര്ഷം കൊണ്ടോ അല്ല. മാറ്റങ്ങള്‍ ഉണ്ടാകുന്നതു കുറേയെറെ വിജ്ഞാന, സാമൂഹിക, സാങ്കേതിക, സാംസ്‌കാരിക, സമ്പത്തിക , രാഷ്ട്രീയ, പാരിസ്തിതിക പ്രക്രീയകളുടെ സാകല്യത്തില്‍ ആണ് .പക്ഷെ ഈ മാറ്റങ്ങള്‍ക്കു നിദാനമായ ആളുകളും പ്രസ്ഥാനങ്ങളും പാരമ്പര്യ അധികാര സ്വരൂപങ്ങള്‍ക്ക് അപ്പുറം ചിന്തിച്ചവരും പ്രവര്‍ത്തിച്ചവരുമാണ്.. അവര്‍ സമൂഹത്തിന്‍റെയും വ്യവസ്ഥാപിത രാഷ്ട്രീയ -ഭരണ- അധികാരങ്ങളുടെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച ആളുകളും പ്രസ്ഥാനങ്ങളൂമാണ്
സാമൂഹിക മാറ്റങ്ങള്‍ കൊണ്ട് വന്ന പലരും മന്ത്രിമാരോ , എം . പി മാരോ ഒന്നും ആയിരുന്നില്ല. പാരമ്പര്യ അധികാത്തിന്‍റെ ഇടനാഴികകളില്‍ പ്രവര്‍ത്തിച്ച മിക്കവാറും പേരുടെ ചരിത്രത്തിലെ 'ഷെല്‍ഫ്-ലൈഫ് ' പത്തോ - ഇരുപതോ കൊല്ലമായിരിക്കും. പലര്‍ക്കും അതു പോല്ലുമില്ല. ഭരണം-അധികാര-അഹങ്കാരങ്ങള്‍ക്ക് അപ്പുറം അവരുടെ സ്വതങ്ങള്‍ക്ക് ചരിത്രത്തില്‍ നില നില്പ്പില്ല. കഴിഞ്ഞ പതിനഞ്ചു കൊല്ലത്തെ എത്ര മന്ത്രിമാരെയും എം പി മാരെയും എം എല്‍ എ മാരെയും ജനങ്ങളും സമൂഹവും ഓര്‍ക്കും ? പാരമ്പര്യ അധികാരത്തിന്‍റെ ഉപാസകര്‍ക്ക് കിട്ടുന്ന 'നിലയും , വിലയും, പ്രശസ്ഥിയും വളരെ ക്ഷണികമാണ് . അവരില്‍ മിക്കപേരും അധികാര-അഹങ്കാര- വാഴ്ചകളുടെ വെറും വാല്യക്കാരോ , കൊട്ടാരം സെവകരോ, സ്തുതി പാട്ടുകാരോ ആയിരിക്കും . ഇതിനു വെളിയി അവരില്‍ പലര്‍ക്കും സമൂഹത്തിലോ ചരിത്രത്തിലെ ഒരു പ്രസക്തിയുമില്ല.
കേരളത്തിലെ വലിയ മാറ്റങ്ങലക്ക് നിദാനമായവരോ , വിദ്യാഭ്യാസ ,ആരോഗ്യ മേഘലയിക്ക് തുടക്കം കുറിച്ചവരോ, ഗ്രന്ഥശാല പ്രസ്ഥാനവും സാമൂഹ്യ നവോഥാന പ്രസ്ഥാങ്ങള്‍ക്കോ നേത്രുത്വം കൊടുത്തവരോ ഭരണമോ അധികാരമോ ആഗ്രഹിച്ചവരല്ല. ഇന്ന് കാണുന്ന ഇടതു പക്ഷ പ്രസ്തങ്ങളെ ശരിക്ക് വളര്‍ത്തിയവര്‍ ആരും ഭരണ-അധികാരങ്ങളില്‍ ഒന്നും ആകാന്‍ ആഗ്രഹിച്ചവരല്ല. കൃഷ്ണ പിള്ളയും , എകെജീയും എല്ലാം ആ ഗണത്തില്‍ ഉള്ളവരാണ് .
സാമൂഹിക മാറ്റം ചുവരോ ചിത്ര രചനയോ അല്ല- ഭരണ-അധികാര -അഹങ്കാരങ്ങളില്‍ കൂടിയല്ല അത് നടക്കുന്നത് . കാരണം ഭരണ- അധികാര- സ്വരൂപങ്ങള്‍ പ്രധാനമായും ഭരണ 'മെയിന്റനന്‍സ് ' പ്രക്രിയയും, ചട്ടങ്ങള്‍ ഉണ്ടാക്കുകയും , സമൂഹത്തില്‍ ഒരു വ്യവസ്ഥാപിത 'കന്ഫേമിസ്റ്റ് ' വക്താകളാണ്.
മനുഷ്യന്‍റെ ചിന്തയിലും , പ്രവര്‍ത്തിയിലും ഉള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത് പല സാമൂഹിക- സാംസകാരിക -സാമ്പത്തിക പ്രക്രിയകളില്‍ കൂടെയാണ് . അതില്‍ ഒരു വളരെ ചെറിയ ഘടകമാണ് രാഷ്ട്രീയ പാര്‍ട്ടികളും ഭരണവും . കാരണം അവര്‍ പലപ്പോഴും ഉണ്ടാകുന്ന മാറ്റങ്ങളോടു പ്രതീകരിക്കുന്നവരും അതിനു അനസരിച്ചു മാറുന്നവരുമാണ് . പലപ്പോഴും മാറ്റങ്ങള്‍ കൊണ്ട് വരുന്നത് പാരമ്പര്യ അധികാര ക്രമങ്ങള്‍ക്കുമപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യന്നവരിലൂടയാണ് .
അതുകൊണ്ട് തന്നെയാണ് എന്നെ പോലുള്ളവര്‍ പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തതും , പാരമ്പര്യ ഭരണ -അധികാര സ്വരൂപങ്ങള്‍ക്ക് വെളിയില്‍ പ്രവര്‍ത്തിക്കുന്നതും . കാരണം വ്യവസ്ഥാപിത -ഭരണ-അധികാര - സ്ഥാപന സ്ഥാനങ്ങളില്‍ ഇരുന്നു കൊണ്ട് വ്യവസ്ഥകളെ വിമര്‍ശന വിധേയ മാക്കി നവീകരിക്കുവാനോ , പുനര്‍ നിര്‍മ്മിക്കുവാനോ വളരെ പ്രയാസമാണ് . അതിനര്‍ത്ഥം ഇപ്പോഴത്തെ വ്യവസ്ഥകളായ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാരിനോ എതിരാണെന്ന് ആല്ല. മറിച്ച് വ്യവസ്ഥാപിത അധികാര- സ്വരൂപങ്ങള്‍ക്ക് 'സ്ഥാന-മാനങ്ങളെ' നില നിര്‍ത്തി ഒരു അധികാര 'മെയിന്റനന്‍സ്' നടത്താന്‍ മാത്രമേ ത്രാണിയുള്ളൂ എന്നതു കൊണ്ടാണ് .
മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് പലരും കരുതുന്നത് പോലെ മഹാത്മാക്കള്‍ മാത്രമല്ല. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യമാകുന്നത് സാധാരണ മനുഷ്യരില്‍ കൂടിയാണ് . മാറ്റം നമ്മള്‍ക്കൊരോരുത്തര്‍ക്കും സാധ്യമാക്കാന്‍ കഴിയും.
ആദ്യം മാറേണ്ടത് ഇവിടെ മാറ്റമൊന്നും സാദ്ധ്യമാക്കാന്‍ കഴിയുകയില്ലന്ന നിരാശ ബോധമാണ്, രണ്ടാമത് മാറേണ്ടത് നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന സംശയ ബോധമാണ് . മൂന്നമതായും പ്രധാനമായും മാറ്റേണ്ടത് നമ്മുടെ ഉള്ളില്‍ പാരമ്പര്യ-അധികാര-അഹങ്കാര -സ്വരൂപങ്ങള്‍ ( മതം, ജാതി , സര്‍ക്കാര്‍ , പോലീസ് , പട്ടാളം ) അനുദിനം കുടിയിരുത്തുന്ന 'ഭയ ബോധ' മാണ് .ആദ്യം മാറേണ്ടത് നമ്മുടെ മനസ്സും മനസ്ഥിതിയുമാണ്. സര്‍ഗത്മകമായും ക്രിയാത്മകമായും ധാര്മീകമായും നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും ചിലത് ചെയ്യാന്‍ കഴിയും .
ഇരുട്ട് കൂടുമ്പോള്‍ ഇരുട്ടിനെ മാത്രം പഴിക്കാതെ നമ്മള്‍ ഓരോരുത്തരും ഒരു മെഴികിതിരി കത്തിച്ചു പിടിച്ചാല്‍ ഇരുട്ട് വിട്ടുപോകും . ആദ്യം വെളിച്ചം വരേണ്ടത് നമ്മുടെ ഉള്ളില്‍ ആണ് . അങ്ങനെയാണ് സമൂഹം മാറിയതും മാറുന്നതും . ആ മാറ്റങ്ങള്‍ സാധ്യമാക്കുവാന്‍ മറ്റെങ്ങും പോകേണ്ട .അത് നമ്മള്‍ക്കുള്ളില്‍ തന്നെ ഒളിച്ചിരുപ്പുണ്ട് . മനുഷ്യന്‍റെ ഉള്ളില്‍ ഉദിച്ചുയരുന്ന പ്രകാശമാണ് സമൂഹത്തെ പ്രകാശമയമാക്കുന്നത് . പലപ്പോഴും വലിയ അസാധാരണ മാറ്റങ്ങള്‍ക്ക് നിദാനമായവര്‍ നിങ്ങളെ പോലെയും എന്നെ പോലെയും ഉള്ള സാധാരണക്കാര്‍ ആണെന്ന് തിരിച്ചറിയുക. Be the change you want to see in the world. Be a change maker wherever you are!!! We together can indeed make change happen!