Friday, July 15, 2016

മോഹവലയങ്ങളിലെ ഈയാംപാറ്റകൾ


പുതിയ മോഹവലയങ്ങൾ പുതിയ ഉപഭോഗ ആസ്‌ക്തികളിൽ കൂടി ആത്മ വിശ്വാസത്തെയും ആത്മ അഭിമാനത്തെയും കാർന്നു തിന്നുമ്പോൾ പലരും എത്തിപ്പെടുന്നത് അരക്ഷിതാവസ്ഥയുടെ ചതുപ്പ്നിലങ്ങളിൽ ആണ്. അതുണ്ടാക്കുന്ന മാനസിക സംഘർഷങ്ങളിൽ നിന്നാണ് ചെറുപ്പക്കാർ ആത്മീയ പ്രത്യാശയ പാളയെങ്ങളിലേക്ക് പാലായനം ചെയ്യുന്നത്.
കഴിഞ്ഞ ഇരുപത് കൊല്ലങ്ങളിൽ മനുഷ്യന്റെ ആഗ്രഹങ്ങൾ കൂടുകയും സംവേദന ക്ഷമ കുറയുകയും ചെയതിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഇന്ന് വിപണിയും വിപണിയിൽ ഇറങ്ങുന്ന മോഹന ഉല്പന്നങ്ങളും ആണ് ഒരു വലിയ ശതമാനം ആളുകളുടെ ആഗ്രഹ സ്വപ്നങ്ങളെ ഉത്തേജിപ്പിക്കുന്നത്. വിപണിയിൽ ഒരു പുതിയ മൊബൈൽ ഫോൺ ഇറങ്ങിയാൽ, ഒരു പുതിയ കാറിന്റെ മോഡൽ ഇറങ്ങിയാൽ നമ്മുടെ മോഹ സ്വപ്നങ്ങൾ ഉണരും. വിപണി സൃഷ്ടിക്കുന്ന മോഹ വലയങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്ന സ്വപ്നങ്ങൾ മാത്രം ഉള്ള ഒരു തലമുറയ്ക്ക് അവരെക്കാളും വലിയ സ്വപ്നങ്ങൾ നെയ്തു എടുക്കുവാൻ കഴിയുമോ?
ഒരു നിയോ ലിബറൽ വിപണിയുടെ ഉന്മാദത്തിൽ ഒരാളുടെ 'വിലയും നിലയും' അളക്കുന്നത് അയാൾ സമൂഹത്തിനോ ലോകത്തിനോ മറ്റുള്ള സഹജീവികൾക്കോ സർഗ്ഗാത്മകമോ ക്രിയാത്മകമോ ആയ എന്തെകിലും ചെയ്തോ എന്ന അടിസ്ഥാനത്തിൽ അല്ല. മറിച്ചു അയാൾ വാങ്ങി കൂട്ടുന്ന പണത്തിന്റെ അടിസ്ഥാനത്തിലും അയാൾ ഓടിക്കുന്ന കാറിന്റെ വിലയിലും അയാൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്റെ മോഡലും മറ്റു ഉപഭോഗ സന്നാഹങ്ങളും ആശ്രയിച്ചിരിക്കും.
ഈ പുതിയ ഉപഭോഗ മോഹ വലയങ്ങളുടെ പടവുകൾ ചവിട്ടി കയറി നിങ്ങൾ ഒരു ഉപഭോഗ ശ്രീമാൻ ആകുമ്പോഴാണ് ജീവിതത്തിൽ വിജയിക്കുന്നത് എന്ന മിഥ്യാ ധാരണ സമൂഹത്തിൽ മാനസിക രോഗികളുടെ എണ്ണം കൂട്ടുന്നുണ്ട്. ഇന്ന് ഒരു കുട്ടി കൗമാര പ്രായത്തിൽ എത്തുമ്പോഴേക്കും വല്ലാതെ പിയർ പ്രഷർ അനുഭവിക്കുവാൻ തുടങ്ങുന്നു. ഈ പിയർ പ്രഷർ വർത്തിക്കുന്ന ഒരു തലം ഉപഭോഗ മോഹ വലയങ്ങൾ ആണ്. മൊബൈൽ ഫോണിന്റെ പുതിയ മോഡലുകൾ മുതൽ നിരത്തിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ബൈക്ക് വരെ ഈ ഗണത്തിൽ പെടും. പിന്നീട് തിരഞ്ഞെടുക്കുന്ന ഉന്നത വിദ്യാഭ്യാസം പോലും വിദ്യ അഭ്യസിക്കുക എന്നതിൽ ഉപരി 'നിലയും വിലയും' തെളിയിക്കുവാനുള്ള ഒരു ഉപഭോഗ മോഹ ഭംഗിയായി കാണിക്കുവാൻ വെമ്പുന്ന ഒരു ഒരു കോലത്തിലേക്ക് നാം എത്തപ്പെട്ടിരിക്കുന്നു.
ജീവിത വിജയം തന്നെ ഉപഭോഗ മോഹ വലയങ്ങളിൽ ഉയരത്തിൽ ഏറ്റവും പുതിയ ഉൽപ്പന്ന രതിയിൽ
അഭിരമിക്കുകക എന്നതാണ് എന്ന് വരുമ്പോൾ അത് ഒരു തരം സാമൂഹിക മനോരോഗം സൃഷ്ടിക്കും. ഇത് ചെറുപ്പക്കാരിൽ ഉണ്ടാക്കുന്ന മാനസിക വ്യഥയും സംഘർഷവും ചെറുതല്ല. കാരണം ഇന്ന് ഒരാൾ ജോലി ചെയ്യുന്ന മാനസിക സംതൃപ്തിയേക്കാൾ പ്രധാനം അയാൾ എത്ര മാത്രം ശമ്പളം നേടുന്നത് എന്നാകുമ്പോൾ ചെറുപ്പക്കാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ചില്ലറയല്ല.
ഇന്നു കല്യാണ കമ്പോളങ്ങൾ നിറഞ്ഞു ആടുന്നത് അവരവരുടെ ജാതിക്കും മതത്തിനു സാമ്പത്തിക നിലക്കും അനുസരിച്ചു ഒരുക്കിയെടുത്ത കല്യാണ മോഹന പോർട്ടലുകളിൽ കൂടിയാണ്. അങ്ങനെയുള്ള കല്യാണ വിപണിയിൽ ആദ്യ ചോദ്യം എന്താണ് 'മന്‍തിലി പാക്കേജ്'' എന്നതാണ്. പരസ്പരം ഭോഗിക്കുവാനുള്ള ജീവിത കൂട്ടാളിയെ കല്യാണ ഉപഭോഗ വിപണിയിൽ നിന്ന് തിരിഞ്ഞു പിടിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം വേറെ.
ഇന്ന് 'നല്ല' ശമ്പളം ഇല്ലാത്ത ഒരു മധ്യ വർഗ്ഗ സമൂഹത്തിൽ പെട്ട ഒരാൾക്ക് കല്യാണ വിപണിയിൽ വളരെ ദുരിതം അനുഭവിക്കേണ്ടി വരും. ഇന്ന് ജോലിയെന്നു പറഞ്ഞാൽ കുറഞ്ഞത് അമ്പതിനായിരവും ഒരു ലക്ഷവും ഒക്കെ വാങ്ങുന്നവരാണ്. സർക്കാർ ഉദ്യഗസ്ഥർക്കു സ്ഥിര ജോലിയും പെൻഷനും ഉള്ളതിനാൽ ചില ഡിസ്‌കൗണ്ടുകൾ ഒക്കെ കിട്ടിയെന്നിരിക്കും.
ശമ്പളവും കല്യാണവും എല്ലാം ഇന്ന് ഉപഭോഗ മോഹ സ്വപ്നങ്ങൾ ആയി ചുരുങ്ങുമ്പോൾ കമ്പോളത്തിന് പുറത്തു നിൽക്കുന്നവരും പുറത്താക്കപ്പെട്ടവരും അനുഭവിക്കുന്ന മാനസിക വ്യഥകൾ അധികമാരും ശ്രദ്ധിക്കാറില്ല ശ്രദ്ധിക്കുവാൻ ഉള്ള സമയവും ഇല്ല.
ഈ കടമ്പകൾ കടന്നു ഒരു ' നല്ല' ജോലി കിട്ടിയാൽ തുടങ്ങും അടുത്ത കടമ്പ.
മത്സര കമ്പോള സംസ്കാരം നെഞ്ചിലേറ്റിയ കോർപ്പറേറ്റ് കമ്പിനികളിൽ 'ടാർജറ്റ്' എല്ലാ ആഴ്ചയും അയാളുടെ ജോലിയെ നോക്കി പേടിപ്പിച്ചു പീഡിപ്പിക്കും. ജോലി കിട്ടി ആറുമാസം കഴിഞ്ഞു തൽക്കാൽ 'സ്ഥിരപ്പെടുതൽ' ആയാൽ വീണ്ടും ഉപഭോഗ മോഹ വലയം ഫുൾ 'ക്രഡിറ്റിൽ' അവരെ തേടിയെത്തും. അവർ പുതിയ വാഹനവും മൊബൈൽ ഫോണും പിന്നീട് ഫ്ലാറ്റും വാങ്ങുമ്പോഴേക്കും ഇ.എം.ഐ എന്ന ഭീകരൻ മാസാവസാനം തുറിച്ചു നോക്കും. ഒരു ഭാഗത്തു 'ടാർജറ്റ്' എന്ന തോക്കു ചൂണ്ടി നിൽക്കുന്ന ബോസ് മറുഭാഗത്തു ഇ.എം.ഐ മാസവസാന ശമ്പള ത്തിൽ കണ്ണും നാട്ടു ഇരിക്കുന്നു. വീട്ടിൽ ചെന്നാൽ വേറെ സംഘർഷം. ചുരുക്കത്തിൽ ഉപഭോഗ കമ്പോള സംസ്കാരത്തിന്റെ മോഹവലയങ്ങൾ ഒരുപാട് പേരെ വലിച്ചു മുറുക്കുന്നുണ്ട്.
ഇത് വിവാഹ മോചനത്തിലേക്കും മറ്റു മാനസിക സംഘര്ഷങ്ങളിലേക്കും പലരെയും കൊണ്ടെത്തിക്കും. ഇങ്ങയുള്ള മാനസിക സംഘർഷങ്ങൾ പലരേയും നിരാശവാദികളും വിഷാദ രോഗികളും ആക്കുന്നുണ്ട്. ഇന്ന് കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്ന് മാനസിക ആരോഗ്യനിലയിൽ ഒരു വലിയ വിഭാഗം ആളുകൾ അനുഭവിക്കും പ്രശ്നങ്ങൾ ആണ്. കേരളത്തില്‍ ഇന്ന് മാനസിക രോഗങ്ങള്‍ കൂടുന്നു എന്ന് വേണം കരുതാന്‍. പലപ്പോഴും ഇത് പുറത്തു പറയാതെ വിങ്ങുന്നവർ ഏറെയാണ്. മാനസിക ആരോഗ്യ പ്രശങ്ങളെ നേരിടുവനുള്ള മരുന്നുകളുടെ വിൽപ്പന വർദ്ധിച്ചിരിക്കുന്നതെന്തു കൊണ്ടടാണ്?. അധികമായി വരുന്ന മദ്യസക്തിയും ഒരു പരിധിവരെ ഇങ്ങനെയുള്ള മാനസിക സംഘര്ഷങ്ങൾക്കി ഒരു താൽക്കാലിക വിടുതൽ എന്ന രീതിയിൽ ആണ് തുടങ്ങുന്നത്.
ഇന്ന് അമ്പലത്തിലും പള്ളിയിലും പുതു ആത്മീയ ധാരകളിലും ചെറുപ്പക്കാർ അഭയം തേടുന്നത് വിപണിയുടെ മോഹ വലയങ്ങളുടെ നീരാളിപിടുത്തിൽ പിടിച്ചു നിൽക്കാൻ ഉള്ള ആത്മാവിശ്വാസത്തിനോ അല്ലെങ്കിൽ അതിൽ നിന്ന് കുതറി മാറി പുതിയ ആത്മീയ ആവേശത്തെ പുല്കാനോ ആയിരിക്കും. ഇന്ന് പള്ളികളും അമ്പലങ്ങളിലും ചെറുപ്പക്കാർ കൂടുതൽ പോകുന്നത് അവർ അനിദിനം അനുഭവിക്കുന്ന അരക്ഷിത ബോധത്തിനും അതിൽ നിന്നുണ്ടാകുന്ന മാനസിക പിരിമുറകത്തിനും ഒരു മറു മരുന്ന് എന്ന നിലയിൽ ആണെന്ന് തോന്നുന്നു.
ഇങ്ങയുള്ള ഉപഭോഗ മോഹ വലയങ്ങളുടെ നീരാളിപിടുത്തത്തോടും സമൂഹ-സാമ്പത്തിക-രാഷ്ട്രീയ സമ്മർദ അവസ്ഥയിലും ആണ് ചെറുപ്പക്കാർ പലപ്പോഴും റിബൽ ചെയ്തു കലഹിച്ചു തീവ്ര ആത്മീയ ധാരകളിലും അതിന്റെ ചുഴിയിലും അക്കപ്പെടുന്നത്. ഇന്ന് പൊതു രാഷ്ട്രീയ പ്രവർത്തനം ഒരു വോട്ടു പിടുത്ത കമ്പോളവും ഉപജീവന മാർഗ്ഗവുമായി പരിണമിച്ചു ആമാശയപരമാകുമ്പോൾ ആശയറ്റ ചെറുപ്പക്കാർക്ക് അത് പ്രത്യാശക്കു വക നൽകുന്നില്ല.
അങ്ങനയുള്ള ഒരു സാഹചര്യത്തിൽ ആണ് പലപ്പോഴും നവാത്മീക സരംഭങ്ങൾ ആത്മ സംഘര്‍ഷംഅനുഭവിക്കുന്ന ആത്മാക്കളെ പ്രത്യാശ ഗീത താരാട്ട് പാട്ട് പാടി ഉറക്കുന്നതു. അവിടെയും തൃപ്തി വരാത്തവർ ലോകത്തിൽ നിന്നും ലോക സൗഖ്യങ്ങളിൽ നിന്നും വിരക്തിയോടെ പലായനം ചെയ്യും.
ഉപഭോഗത്തിൽ മോഹവലയത്തിൽ നിന്നും തീവ്ര ആത്മീയതയുടെ തീവ്ര വാദ കുരുക്കുകളിലൂടെ സ്വർഗം തേടി ഇറങ്ങുമ്പോഴാണ് അവർ ജീവ നിഷേധികളും ജീവിത ഹിംസകരും ആകുന്നത്. തികച്ചു വിഭ്രാത്മകമായ വിചിത്രമായ മനോരോഗ ബാധിതരാണ് സ്വർഗവും ഹൂറികളെയും തേടി ആളുകളെ കൊന്നു കൊല വിളിച്ചു സ്വയം സ്വർഗസ്ഥരാവാൻ വെമ്പുന്ന ചരിത്രത്തിലെ ഈയാം പാറ്റകൾ.

No comments: