അധികാരത്തിന്റെ അടയാളപ്പെടുത്തലുകൾ
അധികാരം(power) ഓരോ സമൂഹത്തിലും വർത്തിക്കുന്നത് പല തലങ്ങളിലും പല മാനങ്ങളിലും ആണ്. ഓരോ സമൂഹത്തിലും അധികാര ഘടനകളും അധികാര സംസ്ക്കാരവും രൂപപ്പെട്ടു വരുന്നത് ചരിത്രപരമായ പ്രക്രിയകളിൽ കൂടി ആണ്. അധികാര രാഷ്ട്രീയ രൂപങ്ങളെ വായിച്ചെടുക്കണ്ടത് അതാതു സാമൂഹിക ചരിത്ര സാഹചര്യങ്ങളിൽ കൂടി ആണ്.
ജനാധിപത്യം എന്നോ ജനായത്തം എന്നോ ഒക്കെ നാം വിളിക്കുന്ന ഭരണകൂടങ്ങൾ ,വിവിധ രാജ്യങ്ങളില്‍ ,വളരെ വൈവിധ്യ സ്വഭാവത്തോട് കൂടിയാണ് ഭരണ അധികാരങ്ങൾ കൈയേറുന്നത്. ഭരണ സംവിധാനങ്ങൾ ഒന്നാണെങ്കിലും ഭരണ അധികാര സ്വഭാവങ്ങൾ ഇൻഡിയിലെ വിവിധ സംസ്ഥാനങ്ങളിൽ വൈവിധ്യമാര്‍ന്നതാണ്. അതുകൊണ്ട് തന്നേയാണ് തൊട്ടടുത്തു കിടക്കുന്ന കേരളത്തിലും തമിഴ് നാട്ടിലും അധികാര രാഷ്ട്രീയവും ഭരണ അധികാര സ്വഭാവവും വളരെ വ്യത്യസ്തമായിരിക്കുന്നത്.
എങ്ങനെയാണ് ഒരു സമൂഹത്തിലും രാജ്യത്തും അധികാര സാസ്കാരങ്ങൾ രൂപപ്പെടുന്നത്? ചരിത്രപരമായി അധികാര ഘട്ടനകൾ സാമൂഹ്യ സ്ഥാപന വ്യവസ്ഥകൾ ആയി മാറിയത് മത സംഹിത സ്ഥാപന വ്യവസ്ഥകളിൽ കൂടിയും അത് സാധുത നൽകുന്ന കുടുംബ സംവിധാന അടിസ്ഥാന സ്ഥാപനത്തിൽ കൂടിയും ആണ്. കഴിഞ്ഞ അയ്യായിരം വർഷങ്ങൾ ആയി എല്ലാ മനുഷ്യ സമൂഹത്തിലും മത സ്ഥാപന വ്യവസ്ഥകൾ പല രൂപത്തിലും ഭാവത്തിലും നില നിൽക്കുന്നത് എന്തുകൊണ്ടാണ് ?
മനുഷ്യർ പരസ്പരമുള്ള വിനിമയങ്ങളില്‍ കൂടിയും, മനുഷ്യനും പ്രകൃതിയും, അതിലെ ചാരാചരങ്ങലുമായുള്ള ഒത്തുതീർപ്പു വിനിമയങ്ങളിൽ കൂടിയാണ്, സാമൂഹിക വിചാരങ്ങളും സാംസ്ക്കാരിക പരിസരങ്ങളും ഉയർന്നു വന്നത്. മനുഷ്യൻ മറ്റു മനുഷ്യരുമായോ പ്രകൃതി പരിസരങ്ങളുമായോ ഏർപ്പെടുന്ന എല്ലാ വിനിമയങ്ങളിലും അധികാര സ്വാഭാവങ്ങളുടെ വ്യവഹാരം ഉണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും, പ്രപഞ്ചവും തമ്മിലുള്ള വൈവിധ്യ ആശയ വിനിമയങ്ങളെ നിജപ്പെടുത്തി സാധുകരിക്കുന്ന പ്രക്രിയയിൽ കൂടിയാണ് പുരാതന ലോക വീക്ഷണങ്ങള്രൂപപെട്ടത്. അതിന്റെ സ്ഥാപനൽക്കരണത്തിലൂടെയാണ് മത( അഭിപ്രായ) സംവാദ സമവായങ്ങൾ പുരാതന ഗോത്ര സാമൂഹിക പരിസരങ്ങളിൽ ഉടലെടുത്തത്.
ഏതു സാമൂഹിക സ്ഥാപന വ്യവസ്ഥയും മൂന്നു ഘടകങ്ങളിൽ ആണ് പടുത്തു ഉയർത്തുന്നത്. ഒന്നാമതായി സാമൂഹിക സ്വത്വം ( social identity). രണ്ടാമതായി, ആദർശ ധർമ്മങ്ങൾ(ethical ideals). മൂന്നാമതായി, സ്വയഅതിജീവന താല്പര്യങ്ങൾ( survival self-interest and instincts). പക്ഷെ സാമൂഹിക സ്ഥാപനങ്ങൾ നിലനിൽക്കുന്നത് അധികാര സാധുത പ്രക്രിയയെ (power legitimation process) ആശ്രയിച്ചായിരിക്കും. അധികാര സാധുത പ്രക്രിയ പുരാതന ഗോത്ര സമൂഹങ്ങളിൽ വർത്തിക്കുന്നത് തലമൂത്ത മൂപ്പന്മാർ മരിച്ചു മണ്ണടിയുമ്പോൾ കുടിയിരുത്തി കുടി ദൈവങ്ങൾ ആക്കിയാണ്. അങ്ങനെ മൂപ്പനെ കുടിയിരുത്തി ഒരു അധികാര സ്വഭാവം കൽപ്പിച്ചു നൽകിയാണ് കൂട്ട് കുടുംബ വിവാഹ വിനിമയ കണ്ണികള്‍( kinship ties) ഉണ്ടായത്. അങ്ങനെയാണ്ഗോ ത്ര സമൂഹങ്ങളിൽ പ്രാചിന മത രൂപങ്ങളും അധികാര വിനിമയ ഘടനകളും ഉണ്ടായി തുടങ്ങിയത്.
അധികാരം സ്ഥാപനവത്കരിക്കുമ്പോൾ അത് ശക്തി മിത്തുകളും പ്രതീകങ്ങളുമായി മാറും. അധികാര സ്ഥാപന വ്യവസ്ഥകൾ നിലനിൽക്കണമെങ്കിൽ അതിനു തക്ക അധികാര സാധുത ശ്രോതാസ്സ് വേണം. അങ്ങനെ അധികാര വ്യവസ്ഥാ സ്ഥാപനങ്ങൾ വിപുലമായി വികസിക്കുമ്പോൾ അതിന് സാധുത നൽകുവാൻ 'പരമാധിക സ്രോതസ്സ്' ( sovereign power resource) വേണം. ഗോത്ര സംസ്കാരങ്ങൾ ഒരു പരിമിത സാമൂഹിക രാഷ്ട്രീയ ഇടങ്ങളിൽ വർത്തിക്കുന്നതു ഗോത്ര സ്വത്വത്തില്‍ കൂടിയാണ്(clan and tribal identity).
അത് നിലനിർത്തുന്നതിന് കുടി മൂപ്പന്മാരും അവർ അടയാളപ്പെടുത്തുന്ന കുടി ദൈവങ്ങളും നൽകുന്ന പരിമിത അധികാര സാധുത മതി.
അത് നിലനിർത്തുന്നതിന് കുടി മൂപ്പന്മാരും അവർ അടയാളപ്പെടുത്തുന്ന കുടി ദൈവങ്ങളും നൽകുന്ന പരിമിത അധികാര സാധുത മതി.
എന്നാൽ അധികാര സ്ഥാപന വ്യവസ്ഥകൾ വിപുലമാകുമ്പോൾ അവ ശക്തി സ്വരൂപങ്ങൾ ആയിമാറും. ഏതു അധികാര ശക്തി സ്വരൂപങ്ങളും പിടിച്ചുനിൽക്കണമെങ്കിൽ ആയുധങ്ങളും ആശയങ്ങളും വേണം. ഗോത്ര സമൂഹ വ്യവസ്ഥത്തിയിലെ പരിമിതമായ അധികാര വിനിമയ ഘടന കൊണ്ട് വിപുലമായ ഭരണ ശക്തി സ്വരൂപങ്ങളെ പിടിച്ചു നിർത്താൻ സാധിക്കുകയില്ല.
അധികാര വിനിമയങ്ങൾ ശക്തി സ്വരൂപങ്ങളായി പരിണമിച്ചു ആശയങ്ങളുടെയും, ആയുധങ്ങളുടെ ശക്തിയിലാണ് ഭരണകൂടങ്ങൾ ഉണ്ടായി തുടങ്ങിയത്. വിപുലമായ ഭരണകൂടങ്ങൾക്ക് നില നിക്കണമെങ്കിൽ വിപുലമായ സാമൂഹിക രാഷ്ട്രീയ സാധുത (extensive. Social and political legitimation) വേണം. ഒരു 'പരമാധികാര ശക്തി' ശ്രോതസ്സിൽ നിന്ന് മാത്രമേ വിപുലമായ സാധുത സാധ്യമാകൂ. ഗോത്ര കുടി ദൈവങ്ങളുടെ പരിമിത അധികാര സാധുത വലയത്തിനുമപ്പുറം, സര്‍വ്വ ശക്തനും സർവ വ്യാപിയുമായ ദൈവ സാധുത( divine legitimacy) എന്ന സാമൂഹിക രാഷ്ട്രീയ ആശയ ധാരകളിൽ കൂടിയാണ് മതവ്യവസ്ഥകൾ രൂപപ്പെട്ടു വന്നത്. ഭരണകൂടങ്ങൾ ആയുധ ബലത്തിൽ കൂടിയും വ്യാപാര സമ്പത്തിൽ കൂടിയും അധികാര വിനിമയ ഘട്ടനകൾ ഉറപ്പിക്കുന്നത്. അതിനു അനുപൂരകമായി വളർന്നു വന്ന സാമൂഹിക-രാഷ്ട്രീയ സാധൂതാ സംവിധാനങ്ങളാണ് മത-സംഹിത സ്ഥാപന-വ്യവസ്ഥകള്‍.
മതവ്യവസ്ഥകൾ വർത്തിക്കുന്നത് അധികാര വിനിമയങ്ങളെ ആശയ രൂപങ്ങളായി മനുഷ്യ മനസ്സുകളിൽകുടി ഇരുത്തിയാണ്. ഭരണകൂടങ്ങളുടെ ശക്തി ആയുധങ്ങൾ ബലത്തിലും സാമ്പത്തിക മേല്കൊയ്മകളിലൂടെയും ആണ് നിലനിർത്തുന്നത്. പക്ഷെ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾ ഉണ്ടാകുമ്പോൾ പഴയ ആയുധ ബലത്തിനും പഴയ വ്യപര വ്യവഹാര സമ്പത്തുകൾക്കും പ്രസക്തി നശിക്കുകയും ഭരണകൂടങ്ങൾ കൊഴിഞ്ഞു പോകുകയും ചെയ്യും.
എന്നാൽ ആശയ സഞ്ചയങ്ങളുടെ ഒരു സോഫ്റ്റ് വെയർ ആയ മത സരൂപങ്ങൾ സമൂഹത്തിൽ അധികാര സാധുതയോടെ മൂവായിരം വര്‍ഷങ്ങളില്‍ നിലകൊണ്ടു. . ഇതിന് ഒരു കാരണം മത ആശയ സംഹിതകൾ ഒരാളുടെ ജനനം മുതൽ മരണവരെയുള്ള ജീവിതത്തെ ,കുടുംബ സ്ഥാപന വ്യവഹാരങ്ങളിൽ കൂടെ , നിയന്ത്രിക്കുന്നതിൽ നിന്നാണ്. ഒരാളുടെ പേരിടുന്നത്ത് തുടങ്ങുന്ന അധികാര അടയാളപ്പെടുതൽ അയാൾ പ്രായപൂർത്തിയായി ലൈംഗീക പ്രത്യത്പാദന ശേഷി പ്രാപിക്കുമ്പോഴും വിവാഹ വ്യവഹാരത്തിലും കുട്ടികൾ ഉണ്ടാകുമ്പോഴും മരിക്കുമ്പോഴും, മരിച്ചു കഴിഞ്ഞും, നില നിർത്തുന്ന ആശയ- അധികാര അടയാളപെടുത്തലാണ്.
എല്ലാ മത ആശയ സംഹിതകളും ശക്തി സ്വരൂപങ്ങൾ ആകുന്നതു അധികാര വ്യവഹാരങ്ങൾ ആശയ രൂപത്തിൽ മനുഷ്യരുടെ മനസ്സിനുള്ളിൽ കുടി ഇരുത്തിയാണ്. രണ്ടാമത് വ്യക്തികളുടെയും സമൂഹത്തിന്റെ സ്വത്വ നിർമ്മിതി നിയന്ത്രിച്ചു കൊണ്ടാണ്.
ഉദാഹരണത്തിന്ന് , ലോകത്തിലെ ബഹുഭൂരിപക്ഷവും സ്വന്തം പേര് സ്വയം തിരഞ്ഞെടുക്കാറില്ല. മിക്കപ്പോഴും പേര്നല്കുന്നത് ജാതി-മത- വംശ- ലിങ്ങ സ്വത്വങ്ങളുടെ പരിസരത്തില്‍ ആണ്. സ്വന്തം പേര് യാഥാർത്തിൽ ഒരു ആശയത്തെയും മത സ്വതത്തെയും അതിൽകൂടി അധികാര ഘടനയേയും ആണ് അടയാളപെടുത്തുന്നത്. അത് അയാളെ ഒരു സമൂഹവുമായി ബന്ധിപ്പിക്കുന്ന അടയാള സ്വതവും അധികാര സൂത്രവും ആണ്. അതുകൊണ്ടു ഓരോ പേരിലും ഒരുപാട് ചരിത്ര അധികാര ആശയ രൂപങ്ങൾ അടയാളപ്പെടുത്തകയാണ്.
ജനിക്കുമ്പോൾ തുടങ്ങുന്ന അടയാളപ്പെടുതൽ മരിച്ചു കഴിഞ്ഞാൽ പിന്നെയും ഒരു ലോകമുണ്ടന്നു വിശ്വസിപ്പിച്ചു മരണാനന്തരവുംത്ടരും. അടുത്ത തലമുറക്ക് വീണ്ടും പേർ ചൊല്ലിയും, സർവ ശക്തനും സർവ വ്യാപിയുമായ ദൈവം നമ്മെളെ തലമുറ തലമുറായായി കാക്കുമെന്നുള്ള സുരക്ഷാ വലയത്തിൽ ഉറപ്പിൻ മേലുമാണ് മതങ്ങൾ നമ്മുടെ മനസ്സിൽ അധികാരത്തിന്റെ ആദ്യവും അവസാനവുമായ അടയാളപ്പെടുതൽ ആകുന്നതു. അങ്ങനെ യുള്ള ആന്തരവൽക്കാരിക്കപ്പെട്ട ശ്രേണീ അധികാര രൂപങ്ങളിലൂടെയാണ് , പിതൃസത്തയും പുരുഷ മേധാവിത്തവും , ജാതി വ്യവസ്ഥയും , സാമൂഹിക സ്വത ശക്തികളായി തലമുറ കൈമാറി മാറി ഇപ്പോഴും മാറി പോകാൻ മടിച്ചു നിൽക്കുന്നത്.
ഒരാൾ ചിന്തിച്ചു യുക്ത്തിയിലൂടെ നിരീശ്വര വാദിയാൽ പോലും അയാളുടെ പേരിന്റെ സ്വത വ്യവഹാരത്തിലൂടെ മതം അയാളെ പിന്തുടരും. അതുകൊണ്ടു തന്നെയാണ് ഒരാൾ മതത്തെ ത്യജിച്ചാലും തള്ളി പറഞ്ഞാലും അയാളുടെ പേരിന്റെ അടയാളപെടുത്തലിൽ കൂടി മത ജാതി സ്വതങ്ങൾ അയാളെ ജീവിതത്തിലും മരണത്തിലും പിന്തുടരുന്നത്.
ഇങ്ങനെ മൂവായിരത്തിൽ അധികം വർഷങ്ങളായി അധികാര -ആശയ സംസ്കാര -സ്വത്വ വിനിമയങ്ങളെ നിയന്ത്രിക്കുന്ന ഒരു സാമൂഹിക രാഷ്ട്രീയ സാധുത പ്രത്യയ ശാത്രമായതിനാലാണ് മത സ്വരൂപങ്ങൾ21 നൂറ്റാണ്ടിലും ശക്തി സ്വരൂപങ്ങൾ ആയി വർത്തിക്കുന്നത്.
പതിനേഴാം നൂറ്റാണ്ടു മുതൽ രൂപപ്പെട്ടു ഭരണകൂട വ്യവസ്ഥ രൂപങ്ങളും വ്യവസായ സാമ്പത്തിക വ്യവസ്ഥയും പതിയെ മത രാഷ്ട്രീയ പ്രത്യയാ ശാസ്ത്രത്തിനു ബദലുകൾ ഉണ്ടാക്കി തുടങ്ങി. അത് കൊണ്ട് തന്നേ ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്രീയ ചിന്തയും ആശയ വ്യവസ്ഥകളുടെ മുന്നേറ്റവും , വിപണീ മുതലാളിത്ത മുന്നേറ്റവും , പുതിയ സാങ്കേതിക വിദ്യയിലൂടെ ആയുധ ശേഷിയുടെ കുതിപ്പും വ്യവസ്ഥാപിത മത വ്യവസ്ഥകളെ ആധുനിക അധികാര ഭരണകൂടങ്ങളുടെ പിന്നാമ്പുറത്തേക്ക് തള്ളി മാറ്റി . പുതിയ അധികാര ശക്തി ഭരണകൂടങ്ങൾ ആകുകയും അതിനുള്ള പരമാധികാര ശ്രോതാസ്സ് ഭരണഘടനയിൽ ആസ്പദമാക്കിയ പരമാധികാര ദേശ-രാഷ്ട്രങ്ങൾ എന്ന ആശയ സംഹിതക്കുമായി.
പക്ഷെ മനുഷ്യന്റെ പേരിലും നേരിലും ഓർമ്മയിലും വ്യക്തി സമൂഹ സ്വതങ്ങളിലും സഹസ്രാബ്ധങ്ങൾ ആന്തരവത്കരിക്കപ്പെട്ടു വ്യവഹരിക്കുന്ന അധികാര രൂപങ്ങൾ, മത -,ജാതി -വംശ അടയാളപ്പെടുതൽ ആയി ഇന്നും മനുഷ്യരെയും പിന്തുടരുന്നു എന്നതാണ് വാസ്തവം. അത്കൊണ്ടു തന്നേയാണ്, ആധുനിക ആശയ ശാസ്ത്ര സംഹിതകളാലും സാങ്കേതിക മികവുള്ള ആയുധ ബലത്താലും ആഗോള വിപണിയുടെ സമ്പത് സന്നാഹങ്ങളും വിളക്കി ചേർത്ത ആധുനിക ഭരണകൂടങ്ങൾക്ക് പോലും മത ആശയ അധികാര വ്യവസ്ഥകളെ തുടച്ചു മാറ്റാൻ കഴിയാത്തത്.
ഭരണം കയ്യാളുന്നവരുടെ മനസ്സിൽ നിന്നും ഭരിക്കപ്പെടുന്നവരുടെ മനസ്സിൽ നിന്നും സഹസ്രാബ്ധങ്ങളായി അടിഞ്ഞു കൂടിയ ആന്തരവത്കരിക്കപ്പെട്ട അധികാര സ്വതരൂപങ്ങൾ , ആധുനിക ആശയ ഭരണകൂടങ്ങളുടെ പ്രതലത്തിന് തൊട്ടു താഴെ ഇപ്പോഴും എല്ലായിടത്തും സജീവമാണ്. അതിനെ ആശയ രാഷ്ട്രീയ തലത്തിൽ നിയന്ത്രിക്കുന്നതിന് സെക്കുലറിസം പോലുള്ള ആശയ സംഹിതകൾ താൽക്കാലിക ഉപാധിയാണ്. എന്നാല്‍, അതിനു മത അധികാര സ്വതങ്ങൾക്കു പകരമുള്ള അധികാര ഘടന ആകാൻ സാധിച്ചില്ല എന്നതാണ് കഴിഞ്ഞ നൂറു വർഷത്തെ ചരിത്രം വെളിവാക്കുന്നത്.
സാമൂഹികമായും സാസ്കാരികമായും മത- ജാതി-ലിംഗ- വംശ വ്യവസ്ഥകളിലൂടെ അന്തരവത്കരിക്കപ്പെട്ട അധികാര രൂപങ്ങൾ, ജനായത്ത ഭരണകൂടത്തെയും വ്യവസ്ഥിതിയെയും പല രീതിയിൽ ദുർബലപെടുത്തുന്നത്.
അതുകൊണ്ടു തന്നേയാണ് 21 ആം നൂറ്റാണ്ടിലും ദക്ഷിണ ഏഷ്യയിലെ ജനായത്ത രാഷ്ട്രര്യത്തിലെ ഒത്തു തീർപ്പുകൾ ഇപ്പോഴും ജാതി കുടുംബ വാഴ്ചകളുടെ മേല്കോയമിയിൽ കൂടി വ്യവഹരിക്കുന്നത്. അതുകൊണ്ടു തന്നേയാണ് ആഫ്രിക്കയിൽ ജനായത്ത വൈവസ്ഥിതിക്ക് ഗോത്ര സ്വത മേല്കൊയ്മയെ അതിജീവിക്കുവാനാകാത്തത്. അതുകൊണ്ടു തന്നേയാണ് ചൈനയിൽ ഒരു കേന്ദ്രീകൃത ഭരണ സംവിധാനം നിൽനിക്കുന്നത്. അതുകൊണ്ടു തന്നേയാണ് 70 വർഷത്തെ റഷ്യൻ കമ്മ്യൂണിസത്തിന് ഓർത്തഡോക്സ് സഭയെ പിഴുത് മാറ്റാൻ സാധിക്കാഞ്ഞത്. അതുകൊണ്ട് തന്നെയാണ് ആധുനിക ആശയങ്ങളുടെ ഈറ്റില്ലമായ യൂറോപ്പ് ഇപ്പോഴും ക്രിസ്തീയ സ്വത സംസ്കാരത്തെ കൈവിടാൻ മടിക്കുന്നത്. കാരണം ഭരണകൂടങ്ങളെ മാറ്റുന്നത് ചരിത്രത്തിൽ താരതമ്യന എളുപ്പമാണ്. പക്ഷെ അന്തരിവത്കരിക്കപ്പെട്ട അധികാര രൂപങ്ങളെ മാറ്റി മറിക്കുവാൻ നൂറ്റാണ്ടുകൾ വേണ്ടി വരും.
ഇപ്പോൾ അറബ് രാജ്യങ്ങളിൽ ഉള്ള ഒരു കുഴാമറിച്ചിലുകൾക്ക് ഒരു പരിധിവരെ കാരണം അവിടെ പരമ്പരാഗതമായി നിലനിന്നിരുന്ന ഗോത്ര അധികാര വിനിമയ സത്വങ്ങളെ അമേരിക്കയുടെ ആയുധ അധികാര അധിനിവേശം തട്ടി ഇളക്കി എന്നതിനാലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ എണ്ണ പണത്തിന്റെ കൊഴുപ്പിലും സോവിയറ്റ്-അമേരിക്കൻ ലോക അധികാര സമാവാക്യത്തിലും ഉയർന്നു വന്ന അറബ് ദേശ രാഷ്ട്രങ്ങളുടെ പ്രതലത്തിനു തൊട്ടു താഴെ വർത്തുച്ചിരുന്ന ഗോത്ര ഇസ്ലാമിക സ്വത അധികാര ശ്രേണി ശൃങ്ങലകളെ ചരിത്ര രാഷ്ട്രീയ ബോധമില്ലാത്ത ബുഷ്-ബ്ലൈർ നേത്രത്തിൽ അമേരിക്കൻ യുദ്ധ അധിനിവേശങ്ങൾ തട്ടിയുടച്ചതിന്റെ പരിണിത ഫലങ്ങൾ ആണ് സ്വത രാഷ്ട്രീയ ഭീകരതകളായി കൊല്ലും കൊലവിളിയും നടത്തി ലോകമെമ്പാടും മരണം വിതച്ചു സ്വർഗം കൊയ്യാൻ നടക്കുന്നത്.
അധികാരത്തിന്റെ അടയാളപ്പെടുതൽ സ്വരൂപങ്ങളും വിരുപങ്ങളുമായി ആണ് ചരിത്രത്തിൽ വിളയാടിയത്. അധികാരത്തിന്റെ പ്രതല അടയാളങ്ങളെയും ആഴത്തിൽ വേരോടിയ സ്വത അധികാര ഘടന അടയാളപ്പെടുത്തലുകളെയും മനസ്സിലാക്കിയാൽ മാത്രമേ അധികാര രാഷ്ട്രര്യത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാക്കി സമൂഹത്തെ കാല കാലങ്ങളിൽ നവീകരിക്കുവാൻ സാധിക്കുകയുള്ളൂ.
1 comment:
Opiniated and informative article on power structures and influence of religion on the same. Looking forward for more. Thank you,sir.
Post a Comment