Wednesday, July 13, 2016

മാറുന്ന ലോകത്തിലെ മാറുന്ന മത പുനരുദ്ധാരണങ്ങൾ


എന്ത് കൊണ്ടാണ് മത വിശ്വാസങ്ങളും മത പ്രഭാഷണങ്ങലും വീണ്ടും ചർച്ചയാകുന്നത്.?എന്ത് കൊണ്ടാണ് ശാസ്ത്രവും സാങ്കേതിക വിദ്യകളും നക്ഷത്രം വരെ വളർന്നെങ്കിലും മത വിശ്വാസ ധാരകളും മത സ്വത്വവും 21 നൂറ്റാണ്ടിൽ കൂടുതൽ സജീവ മായെന്നു തോന്നുന്നത്?
ഇത് കുറഞ്ഞത് രണ്ടു പുസ്തകം എഴുതാനുള്ള ചോദ്യങ്ങൾ ആണ്. ഇവിടെ ഞാൻ കുറിക്കുന്നത് കണ്ടും കേട്ടും വായിച്ചും അറിഞ്ഞതും തിരിച്ചറിഞ്ഞതും ആയ ചില പ്രാഥമിക നിരീക്ഷണം മാത്രം.
വിവര വിനിമയ സാങ്കേതിക വിദ്യ മാറുന്നത് അനുസരിച്ച് മനുഷ്യനും സമൂഹവും ആശയ വിനിമയം ചെയ്യുന്ന രീതിക്ക് മാറ്റം വരും. ആശയ വിനിമയ രീതികൾ നമ്മുടെ ചിന്ത യെയും പ്രവർത്തികളെയും പല തരത്തിൽ ബാധിക്കും. ഉദാഹരണത്തിന് ലോക ഗതി ഗുട്ടൻ ബർഗ് അച്ചടി യന്ത്രം കണ്ടു പിടിച്ചതോടു കൂടി പാടെ മാറി. നമ്മൾ ആശയ വിനിമയം ചെയ്യുന്ന രീതിയും ഭാവവും നമ്മുടെ ചിന്തയും ജീവിത രീതികളും അച്ചടിച്ച പുസ്തകങ്ങൾ പാടെ മാറ്റി. പുസ്തങ്ങളിലൂടെ ശാസ്ത്രവും സമൂഹവും മാത്രമല്ല വളർന്നത്. അച്ചടിച്ച പുസ്തകങ്ങൾ ഭരണങ്ങളും അധികാര രൂപങ്ങളെയും മാറ്റി മറിച്ചു.
പക്ഷെ ആദ്യം തന്നേ അച്ചടി യന്ത്രം കൂടുതൽ ഉപയോഗിച്ചത് ബൈബിൾ അച്ചടിക്കുവാനും വിവിധ ഭാഷകളിൽ പരിഭാഷ പെടുത്തി അതാതു ഭാഷയിൽ അച്ചടിച്ചു വിതരണം ചെയ്യുക എന്നതായിരുന്നു. ഏതാണ്ട് മുന്നൂറു കൊല്ലങ്ങളിൽ അധികമായി വളർന്നു വന്ന ബൈബിൾ ഭാഷാന്തരം അച്ചടി സരംഭങ്ങൾ നൂറു കണക്കിന് ഭാഷകളെ നവീകരിക്കുകയും അറിവിന്റെയും ചോദ്യം ചെയ്യലുകളുടെയും പുതിയ വാക്കുകളും വാക്കുകളുടെ വാഖ്യാനങ്ങളും ഉണ്ടായി.
അത് തുറന്നു വിട്ട വിജ്ഞാന വിപ്ലവം കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ ലോകത്തെ ആകമാനം വിദ്യാഭാസത്തിലൂടെയും പുതിയ ആശയ ധാരകളിലൂടെയും സ്വാധീനിച്ചു. അച്ചടി പത്ര മാധ്യമങ്ങളിൽ കൂടി ലോക് വിവരങ്ങൾ ലോകത്തെ എല്ലാ ജനങ്ങളും വായിച്ചറിയാൻ തുടങ്ങി.
ഇതേ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് കൊളോണിയൽ മേല്കൊയ്മയുടെ സന്നാഹ സഹായങ്ങളോടെ ക്രിസ്തീയ വിശ്വാസ ധാരകൾ , പ്രത്യകിച്ചും പ്രൊട്ടസ്റ്റേന്റ് ഇവഞ്ചിലിക്കൽ മത ധാരകൾ, ലോകമെങ്ങും 16 ആം നൂറ്റാണ്ടു മുതൽ വളർന്നു പടർന്നത്; പ്രത്യകിച്ചു ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ.
പുതിയ സാങ്കേതിക വിദ്യയോട് മുഖം തിരിച്ചു നിന്ന ഇസ്ലാം മതം 16 ആം നൂറ്റാണ്ടിനു ശേഷം പരമ്പരാഗത അധികാര രാജ്യങ്ങൾക്കുപരി വളർന്നില്ല. അതു മാത്രമല്ല വിശുദ്ധ ഖുർആൻ അറബിയിൽ തന്നെ പഠിക്കണം എന്ന ഭരണ ഔദ്യോഗിക വ്യവസ്ഥകൾ അധികം വിപുലമായ വൈവിധ്യ വ്യാഖാന ആശയ ധാരകൾക്കു വഴിയേകിയില്ല. സൂഫി പരമ്പരയും സുന്നി ഷിയ അഹമ്മദീയ വേർതിരിവുകൾ പോലും അതാതു കാലത്തു അതിനു കിട്ടിയ രാഷ്ട്രര്യ അധികാര സാധുതകൾ കാരണമാണ്. ചുരുക്കത്തിൽ വിവര വിനിമയ സാങ്കേതിക വിദ്യകൾ മത ധാരകളെയും മത പ്രവർത്ഥങ്ങളെയും പല തരത്തിൽ സ്വാധീനിച്ചിട്ടുണ്ട്.
എന്നാൽ 1990 കളിൽ ലോകം പുതിയ മുന്നേറ്റങ്ങൾ കണ്ടു. ഒന്നാമതായി വിവര വിനിമയ സാങ്കേതിക വിദ്യകളിൽ ഉണ്ടായ വിപ്ലവം. രണ്ടാമതായി ഉപഭോഗ സംസ്കാര വിപണീ ശൃഖലകളുടെ ആഗോള വൽക്കരണം. മൂന്നാമതായി സോവിയറ്റ് പതനത്തിനു ശേഷം ഉണ്ടായ അമേരിക്കൻ-യൂറോപ്പ്യൻ ലോക അധികാര മേല്കൊയ്മയും അവരുടെ വിപണീ അധികാരങ്ങളെ ഉറപ്പിക്കുവാൻ ഉപയോഗിച്ച ആശയ സോഫ്റ്റ്വെയർ ആയ നവ ലിബറൽ ആശയ സംഹിതകളുടെ ആഗോള പ്രചാരവും. ഈ പുതിയ സാങ്കേതിക വിദ്യ വിപ്ലവവും അധികാര മേല്കൊയ്മയും ലോകത്തു പല വിധ പ്രതികരണങ്ങൾ പല തലത്തിൽ ഉണ്ടാക്കി.
വാർത്ത വിവര വിനിമയ വിദ്യയിൽ ഉള്ള കുതിച്ചു ചാട്ടം ആദ്യമായുണ്ടായത് ടെലിവിഷൻ സാങ്കേതിക വിദ്യയുടെ ആഗോള വൾക്കാരണത്തിൽ കൂടിയാണ്. ഇത് നമ്മളുടെ കാഴ്ച്ച ചിന്തകളെ വല്ലാതെ ബാധിച്ചു. കാഴ്ച്ച -ചിന്തകൾ നമ്മുടെ സാമൂഹിക സംവേദനങ്ങളെയും സാമൂഹിക കാഴ്ചപ്പാടുകളെയും സ്വാധീനിച്ചു. കാഴ്ചകളുടെയും കാഴ്ച്ചപ്പാട്ടുകളുടെയും ആഗോള വിപണീ വൽക്കരണം നമ്മുടെ ആശയ ധാരകളെയും ജീവിത രീതിയെയും ബാധിച്ചു.
ഈ സാഹചര്യത്തിൽ അധികാരത്തിന്റെ രണ്ടു രൂപങ്ങളായ മത സംഘടനകളും രാഷ്ട്രീയ അധികാര കക്ഷികളും ടി.വി മാധ്യമം ഉപയോഗിച്ചു കാഴ്ച-വിശ്വാസ-ആശയ വിനിമയത്തിലൂടെ കൂടുതൽ കാഴ്ക്കാരായ , അധികം ചിന്തിക്കാൻ സമയമില്ലാത്ത 'ആൾക്കൂട്ടത്തെ സ്വന്തം ചേരിയിൽ കൂട്ടാൻ മത്സരം കമ്പങ്ങൾ ടി.വി യിലൂടെ എയ്യുവാൻ തുടങ്ങി.
ടെലി ഇവാഞ്ജലിസം വിപണിയെയും വിശ്വാസത്തെയും കൂട്ടിയിണക്കിയ നവ നവ സംരംഭ വ്യവസായമായി പരിണമിച്ചു. പുതിയ ആത്മാക്കളെ നേടുക എന്നതിനേക്കാൾ പഴയതിനെ പുനരുദ്ധരിക്കുക എന്ന ഈ സരംഭ രീതി ലോകത്താകമാനം പുതിയ ആത്മീയ വ്യാപാര വ്യവസായത്തിന് തുടക്കമേകി. അമേരിക്കയിൽ ബില്ലി ഗ്രഹമുമൊക്ക പരീക്ഷിച്ചു വിജയിച്ച ഈ മോഡൽ ലോകമാകെ പടർന്നു.
ഈ ആത്മീയ വ്യാപാര വ്യവസായ മോഡലും മതത്തിന്റെ സ്ഥാപന വ്യവസ്ഥകളുടെ വിപണീ വൽക്കരണവും മത ആശയ ധാര വിശ്വാസത്തെ വിപണിയിലെ ഒരു ഉപ ഭോഗ വസ്തുവാക്കി.
അക്രമോല്സുകമായ വിപണിവൽക്കരണവും അധികാര രുപങ്ങളുടെ ആഗോള മേല്കൊയ്മയും യുദ്ധവും യുദ്ധ ശ്രുതികളും കൊള്ളയും കൊള്ളി വയ്പ്പും ജനങ്ങളെ കൂടുതൽ അരക്ഷിതരാക്കുമ്പോൾ മനസ്സിന് ആശ്വാസമേകുന്ന മറു മരുന്ന് എന്ന രീതിയിൽ ആണ് ആത്മീയ വ്യാപാര വ്യവ്യസായം ഒരു ആഗോള ഉപഭോഗ വിപണിയുടെ ചുവട് പിടിച്ചു വളർന്നത്.
കഴിഞ്ഞ ഇരുപതു കൊല്ലം കൊണ്ട് കേരളത്തിൽ ഏറ്റവും ലാഭകരമായ ഒരു സംരഭമാണിത്. ആറ്റുകാൽ പൊങ്കാല മുതൽ , ആത്മീയ യാത്രയും അമൃത ടി.വി യും മറ്റനേകം ടി.വി ചാനലുകളും ഈ പുതിയ ആത്മീയ ഉപഭോഗ സംസ്കാരത്തിന്റ് ഭാഗമാണ്.
അവിടം കൊണ്ട് പ്രശനം തീരുന്നില്ല. ലോകത്തെ ആയുധ-അധികാര വടം വലികളിൽ അമേരിക്ക സോവിയറ്റ് യൂണിയനും ചൈനക്കും എതിരെ നടത്താൻ 1980 കളിൽ പാകപ്പെടുത്തിയെടുത്ത ഒരു പുതിയ ആശയ വൈറസ് ആയിരിന്നു മത മൗലീക വാദവും മത തീവ്ര വാദ യോദ്ധാക്കളും. ഒരു ഭാഗത്തു പാകിസ്താനെ ഉപയോഗിച്ചു അഫ്ഗാനിസ്ഥാനിൽ കൂടി താലിബാൻ വഴി മുഹജ്ദീൻ യോദ്ധാക്കാളും മറു ഭാഗത്തു രുമേനിയിലും മറ്റും വുംബ്രാണ്ടിനെ പോലെയുള്ള ' ജീവിക്കുന്ന രക്ത സാക്ഷികളും' നടത്തിയത് അമേരിക്കൻ സാമൂഹിക നരവംശ വിദഗ്ദർ നിർദേശിച്ച മത മൗലീക ആശയ ധാരകൾ കമ്മ്യൂണിസത്തിന് മറു മരുന്നായി ഉപയോഗിച്ചു കൊണ്ട് പുതിയ ആശയ വൈറസിനെ കടത്തി വിടുക എന്നതായിരുന്നു. ഇത് നടത്തിയത് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തിൽ ആണ്. ഒരു വശത്തു മതങ്ങളുടെ വിപണീവൽക്കരണവും മറു ഭാഗത്തു മത സ്വതങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുവാനുമുള്ള ശ്രമങ്ങൾ ശക്തമായത് 1980 കളുടെ അവസാനവും 1990 കളുടെ ആദ്യ പാദത്തിലും ആണ്.
1980 കളിൽ പെട്രോഡോളർ ലോക സാമ്പത്തിക വ്യവസത്തിയിൽ വളരെ ശക്തി പ്രാപിച്ചു. ഈ പെട്രോൾ ഡോളർ സാമ്പത്തിക വ്യവസ്ഥ തങ്ങൾക്ക് അനുകൂലമാക്കുന്നതിനാണ് അമേരിക്ക സൗദി അറേബ്യായെ ഉപയോഗിച്ചു എണ്ണ പണം കൊണ്ട് ഇസ്ലാം മതസ്വത മൗലീക വാദമായ വഹാബീസത്തെ ആദ്യം പാക്കിസ്ഥാനിലേക്കും പിന്നെ അഫ്ഗാനിസ്താനിലേക്കും കയറ്റി അയച്ചു ശീത സമരത്തിൽ മത മൗലീക വൈറസ് ഉപയോഗിച്ചു അപകടകരമായ പുതിയ യുദ്ധ മുഖം തുറന്നതു. ഇന്ന് വഹാബിസം ലോകമെമ്പാടും അനുയായികളുള്ള ഒരു മത മൗലീക വാദ ശൃങ്ങലയാണ്.
ഇത് പോലെ ഒരു അവസ്ഥയിൽ ആണ് അമേരിക്കൻ സതേൺ ബാപിസ്റ്റ്റ് ടെലിവിഷൻ ആത്മീയ വിപണിയുടെ ചുവട് പിടിച്ചു ഡോ. സാക്കിർ നായക്ക് ദുബൈ ആസ്ഥാനമാക്കി എണ്ണ പണത്തിനു തണലിൽ ഒരു ആത്മീയ വ്യവസായ സാമ്രാജ്യം പീസ് ടി.വി എന്ന പേരിൽ കെട്ടിപടുത്തത്. പക്ഷെ അതിന്റെ വേറൊരു വക ഭേദം ആണ് റാം ദേവും, ശ്രീ ശ്രീ യും, അമൃത വ്യവസായവും ആത്മീയ യാത്രയും എല്ലാം. വൻകിടക്കാരും ചെറുകിടക്കാരും ഈ രംഗത്ത് ലോകമാകെ സജീവമാണ് ഇതെല്ലം പുതിയ കമ്പോളവൾക്കാരണത്തിന്റെയും ആത്മീയ വിപണീ വൾക്കരണത്തിന്റെയും വളവുകളും വിളവുകളും ആണ്.
എണ്ണ കമ്പോള -മതസ്വത മൗലിക ചേരുവ 2000 ആയപ്പോഴേക്കും പുതിയ തീവ്ര വാദ മതസ്വത രൂപ ഭേദം വൈറസ്സുകളായി മ്യുട്ടേറ്റു ചെയ്ത് രൂപന്തര പെട്ടു.. അങ്ങനെ അമേരിക്ക പണ്ട് തുടങ്ങിയ കളി കാര്യമായി അവരെ തന്നെ തിരിച്ചു കൊത്തി. അമേരിക്ക കയറ്റി അയച്ച അതെ സാങ്കേതിക യുദ്ധപാടവവും മത മൗലീക വൈറസും അമേരിക്കയുടെ മണ്ണിൽ മരണം വിതയ്ക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ആയുധ-ആശയ യുദ്ധം ഇന്നും പല രീതിയിലും പല ഭാവത്തിലും തുടരുകയാണ്. പഴയ ഇറാൻ-ഇറാക്ക് യുദ്ധ ദിന്ദ്വങ്ങൾ അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തോടെ തകിടം മറിഞ്ഞു. അത് മാത്രമല്ല തകിടം മറിഞ്ഞത്. അറബ് രാജ്യങ്ങളുടെ അധികാര രൂപങ്ങളുടെ തൊട്ട് താഴെ തലത്തിൽ നൂറ്റാണ്ടുകളായി രൂപ പെട്ട് വന്ന ഗോത്ര മത അധികാര സമാവയങ്ങളെ അത് പാടെ തകർത്തതു ആ മേഖലയെ മുഴുവൻ ഒരു പുതിയ അരാജകത്വത്തിലേക്ക് തള്ളി വിട്ടു. ഈ അധികാര വിടവിൽ ആണ് ഐ.എസ് പോലുള്ള മത സ്വത മൗലീക അധികാര ഭീകര രൂപീകൾ രൂപം കൊണ്ടത്.
2000 മുതൽ അമേരിക്ക തുടങ്ങിയ പുതിയ യുദ്ധം ലോകത്തെ കൊണ്ടെത്തിച്ചത് 2008 ഇൽ തുടങ്ങിയ സാമ്പത്തിക തകർച്ചയിലേക്ക് ആണ്. പുതിയ സാമ്പത്തിക പ്രതിസന്ധി അമേരിക്കയും യൂറോപ്പിലെയും തളർത്തി. ചൈനയും ഇന്ത്യയും വളർന്നു. വിപണിയിലെയും ലോകത്തിലെയും പുതിയ അരക്ഷിത അവസ്ഥയിൽ സാധാരണ ജനങ്ങൾക്ക് 'ദൈവം തന്നെ തുണ' എന്ന അവസ്ഥ വന്നു.
മനുഷ്യനിൽ ആശ്രയിക്കാൻ തരമില്ലാതെ വന്നാപ്പോൾ കൂടുതൽ അവരവർ കേട്ടറിഞ്ഞ ദൈവത്തിൽ ആശ്രയിക്കാൻ തുടങ്ങി. മനുഷ്യൻ പരസ്പര വിശ്വാസം നഷ്ട്ട പെട്ട് സമൂഹ കൂട്ടായ്മയിൽ നിന്ന് ആൾകൂട്ടമായി പരിണമിക്കുമ്പോൾ ജനം ചിന്തയറ്റു പഴയ മത സ്വത തവളങ്ങളിലേക്ക് പിൻ വാങ്ങുന്ന കാഴ്ചയാണു ഇന്ന് പല നാടുകളിലും കാണുന്നത്.
ഭൂരിഭക്ഷ മതസ്വതങ്ങൾ ഉപയോഗിച്ചു പുതിയ അധികാരി വർഗ്ഗം ഭരണം പിടിച്ചെടുക്കുമ്പോൾ ന്യുനപക്ഷ മതസ്വതങ്ങൾ ഉൾവലിഞ്ഞു കൂടുതൽ ഭീതിയും അരക്ഷിത അവസ്ഥയും അനുഭവിക്കുന്നു.
ഭീതിയും അരക്ഷിത അവസ്ഥയും ആണ് എല്ലാ വിധ ആക്രമ വസനയുടെയും തുടക്കം. ഈ അക്രമ വാസന മത പ്രസങ്ങളിലും പ്രതിലോമ രാഷ്ട്രര്യത്തിലും ദ്രശ്യമാണ്. ന്യുന പക്ഷ സ്വത വർഗീയ രാഷ്ട്രീയത്തെ ചൂണ്ടി കാട്ടി ഭൂരിപക്ഷ മത ധ്രൂവികാരണം ഉണ്ടാക്കിയാണ് ഒരു നവ യാഥാസ്ഥിതിക പ്രതിലോമ രാഷ്ട്രീയം ലോകമാകമാനം വളരുന്നത്.
മത സ്വത മൗലീക വാദം ഒരു ആശയ ധാരയായി രൂപെടുത്തിയത് ലോകത്തും അതാത് ദേശങ്ങളിലും ഉള്ള രാഷ്ട്രീയ അധികാര മേല്കൊയ്മകൾ ആണ്. 19 നൂറ്റാണ്ടിലും 20 നൂറ്റാണ്ടിലും ഉണ്ടായ അധികാര രൂപ ആശയ ധാരകൾ പൂരിതമാക്കപ്പെട്ടു കൊഴിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ അതാതു ദേശത്തെ അധികാര രൂപങ്ങൾ പഴയ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമായി വർധിച്ച മത ജാതി സ്വതങ്ങളെ പൊടിതട്ടി പുനരുജീവിപ്പിക്കുന്ന കാഴ്ചയാണ് നമ്മൾ കഴിഞ്ഞ 20 വർഷമായി കാണുന്നത്.

No comments: