Friday, September 14, 2018

Kerala Flood Response : Policy Recommendations to the Chief Minister

ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രിക്കു,
കേരളത്തിന്റെ സമീപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി മലയാളി സമൂഹമൊരുമിച്ചു അതിജീവിച്ചു . പ്രകൃതി ദുരന്തങ്ങൾ പലപ്പോഴും സാമ്പത്തിക -സാമൂഹിക രാഷ്ട്രീയ പ്രത്യഘാതങ്ങൾ ഉളവാക്കും .അതുകോണ്ടു ദുരന്ത പ്രതീകരണം ഒരു ഭരണ രാഷ്ട്രീയ പ്രക്രിയകൂടിയാണ് .
എന്നാൽ ദുരിത്വാശ്വാസത്തിന്റ രണ്ടാം ഘട്ടത്തിൽ കരുതലും , ജാഗ്രതയും എല്ലാവരുടെയും പങ്കാളിത്തം എങ്ങനെ ഉറപ്പാക്കാം എന്നത് സർക്കാരും ഭരിക്കുന്ന പാർട്ടികളും നേരിടുന്ന പ്രധാന പ്രശ്നമാണ് . ഇനി വരുന്ന ആഴ്ച്ചകളും അടുത്ത മൂന്ന് മാസങ്ങളും ഈ ഫലപ്രദമായ ദുരിത്വാശ്വാസ , പുനരധിവാസ , പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അതി പ്രധാനമാണ് . അടുത്ത ഘട്ടത്തിലെ പ്ലാനിങ്ങിലും ഏകോപനത്തിലും നടപ്പാകുന്നതിലും പിഴവ് പറ്റാതെയും കാലിടറാതെയും സർക്കാർ ശ്രദ്ധിക്കണം . ദുരന്ത മാനേജ്മെന്റിലും , നിവാരണത്തിലും സർക്കാരും മുഖ്യ മന്ത്രിയും ചെയ്യേണ്ട അടിയന്തര നടപടികൾക്കുള്ള ചില നിർദേശങ്ങളാണ് താഴെ വിവരിക്കുന്നത് .
1) സർക്കാരും മുഖ്യ മന്ത്രിയും ആദ്യം ചെയ്യേണ്ടത് എല്ലാവരെയും വിശ്വാസത്തിലെടുക്കുക എന്നതാണ് . എല്ലാവരുടെയും പങ്കാളിത്തത്തിനും കൂട്ട് ഉത്തരവാദിത്തമുറപ്പാക്കുന്നതിനും ഇത് ആവശ്യമാണ് .
എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി അവരുടെ നിർദേശങ്ങൾക്കായി ഒരു കൺസൾട്ടേഷൻ ഉടനെ നടത്തുക . അതിനെ തുടർന്ന് അടുത്ത ആറു മാസത്തേക്ക് കൃത്യമായ ടെമ്സ് ഓഫ് റെഫെറെൻസ് ആധാരമാക്കി ഓൾ പാർട്ടി കണ്സള്ട്ടേറ്റിവ് കമ്മറ്റി രൂപീകരിക്കുക . അതുപോലെ കേരളത്തിലെ വിവിധ സാമൂഹിക സംഘടനകളെയും സർക്കാരിതര സംഘടനകളെയും വിദേശ മലയാളി സംഘടനകളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു ദുരന്ത -പുനരധിവാസ കൺസൾട്ടേഷൻ നടത്തുക . വിദേശത്തും സ്വദേശത്തുമുള്ള മലയാളികൾക്കുള്ള നിർദേശങ്ങൾ മുഖ്യ മന്ത്രിയുടെ ഓഫീസിലേക്ക് അയക്കുവാൻ സംവിധാനമുണ്ടാക്കുന്നത് പ്രയോജനകാര്യമാണ് .
2.കൃത്യമായ ദുരന്തശ്വാസ -പുനരധിവാസ മാനദണ്ഡങ്ങളും പ്രായോഗിക ഗൈഡ് ലൈൻസും ഉടനെ സർക്കാർ പുറത്തിറക്കണം . ഇത് തയ്യാറാക്കേണ്ടത് മേൽ വിവരിച്ച കൺസൾട്ടേഷന്റെ അടിസ്ഥാനത്തിലും ഒറീസ്സ പോലെയുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ കാര്യങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുമായിരിക്കണം .
3, സുതാര്യതയും സർക്കാർ ഭരണ നിര്വഹണ ഉത്തരവാദിത്തവും പ്രധാനമാണ് . മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്ന തുകയുടെ കണക്കുകളും അതെങ്ങനെ , എവിടെ , എന്തിന് വേണ്ടി ചിലവാക്കി എന്ന റിപ്പോർട്ടും ഒരു പ്രത്യേക വെബ്‌സൈറ്റിൽ ആഴ്ച്ചതോറും അപ്‌ഡേറ്റ് ചെയ്യുക . ഈ ദുരന്ത പുനരധിവാസത്തിനായുള്ള എല്ലാ വിവരങ്ങളും പങ്കു വെക്കാൻ വെബ് പോർട്ടലും സാമൂഹിക മാധ്യമങ്ങളും പത്രകുറിപ്പുകളും ഇറക്കുക ഇങ്ങനെ എല്ലാ വിവരങ്ങളും സുതാര്യമായാൽ പകുതി പ്രശ്നങ്ങൾ കുറയും .
4. ഫലപ്രദമായ പങ്കാളിത്തവും ഏകോപനവും ദുരന്ത പുനരധിവാസത്തിന് ആവശ്യമാണ് . ആദ്യമായി വിവിധ സർക്കാർ , സർക്കാർ ഇതര സംഘടനകളുടെയും ദുരന്ത നിവാരണ രംഗത്ത് പരിചയവും വൈദദ്ധ്യം ഉള്ളവരെയും ഉൾപ്പെടുത്തി ദുരന്ത നിവാരണ ഏകോപന സമിതി പ്ലാനിങ് ബോഡിന്റെ ചുമതലയിൽ നടത്തുക . ഇത് ജില്ലാ തലത്തിലും പഞ്ചായത്തു തലത്തിലുമാവശ്യമാണ് . ഭരിക്കുന്ന പാർട്ടികളുടെ സജീവ അനുഭാവികളെയും അവരുടെ സർക്കാരിതര സംഘടനകകെയും സർക്കാർ ഉൽസാഹ കമ്മറ്റിക്കാരെയും ഈ ഏകോപന സമിതികളിൽ സാധാരണ കാണുന്നത് പോലെ കുത്തി നിറക്കരുത് . പ്രതി
പക്ഷ പ്രാധിനിത്യവും സ്വതത്ര വിദഗ്ധരുടെ പ്രാധിനിത്യവുമുറപ്പാക്കിയേലേ ഫലവത്തായ പങ്കാളിത്തമുണ്ടാകയുളളൂ .
5) പുനരധിവാസ-പുനർ നിർമ്മാണ ഫണ്ട് സ്വരൂപണം ആവശ്യമാണ് . ഇതിന് ഏതാണ്ട് ഇരുപത്തിനായിരത്തിൽ അധികം കോടി സ്വരൂപിക്കണം . ഇതിന് മൂന്ന് മാർഗങ്ങളുണ്ട് .ഒന്നാമതായി . ഒരു ചെറിയ സെസ് ഏർപ്പെടുത്തുക .അത് വളരെ ശ്രദ്ധയോടെ നിര്വഹിക്കണ്ടയൊന്നാണ് . രണ്ടാമതായി പേ റോൾ ഗിവിങ് .സർക്കാർ ഉദ്യോഗസ്ഥരും വിവിധ കമ്പിനികളിൽ ജോലി ചെയ്യുന്നവരും മാസം നൂറു രൂപ മുതൽ അയ്യായിരം വരെ ഒരുവര്ഷത്തേക്കു എല്ലാമാസവും സംഭാവന ചെയ്യുന്ന ഒരു രീതിയാണ് . ഒരാൾ പൈസ വാഗ്ദാനം ചെയ്‌താൽ അയാളുടെ ബാങ്ക് അകൗണ്ടിൽ നിന്ന്എല്ലാമാസവും ഓട്ടോമാറ്റിക് ഡെബിറ്റ് ചെയ്യുന്ന രീതിയാണിത് .മൂന്നാമതായി .സ്പോൺസർ എ പ്രോജക്റ്റ് . വിദേശത്തുള്ള മലയാളി സംഘടനകൾക്കും , സർക്കാരിതര സംഘടനകൾക്കും നേരിട്ട് ഒരു പ്രോജക്റ്റ് സർക്കാർ സഹകരണത്തോടെ നടപ്പാക്കുന്ന രീതിയാണിത് . എല്ലാ ജില്ലയിലും ചില പഞ്ചായത്തുകളിലെ പുനരധിവാസം സർക്കാരിനും സർക്കാരിതര സംഘടനകൾക്കും ഏകോപനത്തോടെ നടത്തുവാൻ ഉള്ള സംവിധാനമാണിത് . ഇതിന് കുറഞ്ഞത് ഒരു കോടി രൂപ ചിലവാക്കാൻ തയ്യറുള്ളവർക്കായിരിക്കണം സ്പോൺസർ എ പ്രീജക്റ്റിൽ പങ്കെടുക്കാൻ യോഗ്യത .ഇതിന് കൃത്യമായ മാനദണ്ഡങ്ങളും ഏകോപന ഗൈഡ് ലൈനും ആവശ്യമാണ് .കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പുനരധിവാസ സാരംഭങ്ങളും ഇതിൽപ്പെടുത്തം . ഇതിനു വേണ്ടി ഒരു പുനരധി വാസ -പുനർ നിർമാണ ഫണ്ട് തുടങ്ങുന്നതാണ് അഭികാമ്യം . ആ ഫണ്ടിലേക്ക് ആർക്കും സംഭാവന ചെയ്യുവാൻ സാധിക്കണം .ഇതുകൂടാതെ ഒരു പ്രളയ ആശ്വാസ ഭാഗ്യക്കുറി തുടങ്ങാവുന്നതാണ്. ഇതിൽ പ്രധാനം ഫണ്ട് വിനയോഗിക്കുന്നതിൽ വേണ്ട പൂർണ്ണ സുതാര്യതയാണ് .
6) ദുരന്ത പ്രതികരണ മാനേജുമെന്റും മോണിറ്ററിങ്ങും
ദുരന്ത പ്രതീകരണത്തിന്റ ആദ്യഭാഗമായി വേണ്ടത് റിക്കവറി -പുനരധിവാസ വിലയിരുത്തലാണ് . സംസ്ഥാന തലത്തിലും , ജില്ലാ തലത്തിലും നീഡ് അസീസ്സ്മെന്റ് റിപ്പോർട്ടുകൾ വേണം . അങ്ങനെയുള്ള റിപ്പോർട്ടുകൾ വിദേശത്തു നിന്നും സ്വദേശത്തും ഫണ്ട് സ്വരൂപണത്തിനും ആവശ്യമാണ് .
ദുരന്ത നിവാരണത്തിൽ ഇടപെടുന്ന സർക്കാരിതര സംഘടനകളും സാമൂഹിക സംഘടനകളും പ്ലാനിങ് ബോർഡിൽ ഓൺലൈൻ ആയി ദുരന്ത നിവാരണത്തിന് ഒരു എൻഡോഴ്സ്മെന്റ് അവശ്യമാണ് . ഇതുകാരണം ഏതൊക്കെ സംഘടനകൾ എവിടെ പ്രവർത്തിക്കുന്നു എന്ന വിവരം ഉടനടി ലഭിക്കും.
അത് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്വരെ ഒഴിവാക്കാൻ സഹായിക്കും .
സർക്കാരിന്റ എല്ലാ നല്ല കാര്യങ്ങൾക്കും പിന്തുണയും ആശംസകളും എന്നുമുണ്ടാകും
സ്നേഹാദരങ്ങളോടെ
ജെ എസ്സ് അടൂർ

No comments: