Friday, September 30, 2016

നഗ്‌ന ശരീരങ്ങൾ എന്തിന് വാർത്തയാകണം?

നഗ്‌ന ശരീരങ്ങൾ എന്തിന് വാർത്തയാകണം?
അതിനു കാരണം മറ്റുള്ളവരുടെ നഗ്‌നത ഉപയോഗിച്ചു അൽപ്പം സെൻസേഷൻ ഉണ്ടാക്കി ഓൺലൈനും ഓഫ്‌ലൈനും പത്ര കച്ചോടമാണ്.
ശരിക്കും ചർച്ച ചെയ്യണ്ടത് ഒരു സന്യാസിക്ക് (തുണിയുടുത്തൊ അല്ലാതെയോ ) ഒരു ജനാധിപത്യ മതേതര രാജ്യത്തെ നിയമ നിർമ്മാണ സഭയിൽ എന്താന്ന് കാര്യം. അവിടേയും പലരും ചർച്ചയാകുന്നത് സ്വാമി തുണിയില്ലാതെ നടക്കുന്നു എന്നതാണ്. ഇന്ത്യയിൽ ഒരുപാട് സന്യാസികൾ ദിഗമ്ബരരാണ്. നഗ്നത വലിയ വിഷയമാക്കുമ്പോൾ മറ്റ്‌ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ പോകുന്നതാണ് പ്രശ്നം.
പക്ഷെ പല പ്രായത്തിലുള്ള ആളുകളുടെ നഗ്‌നത കണ്ടാൽ ഒരു നിമിഷത്തിലെ പകപ്പിനു ശേഷം ഒരു ചുക്കും തോന്നുകയില്ല എന്ന് അനുഭവത്തിൽ നിന്ന് എനിക്ക് പറയാം.
ഇന്നലെ ഹരിയാനയിലെ അസംബ്ലിയിൽ നൂൽ വസ്ത്രമില്ലാതെ ഒരു ദിഗമ്ബര ജൈന സന്യാസി പ്രസംഗിച്ചത് വാർത്തയായി. അയാൾ എന്തുകൊണ്ട് അവിടെ പ്രസംഗിച്ചുവെന്നോ, എന്ത് പ്രസംഗിച്ചു എന്നതോ അല്ലായിരുന്നു വാർത്ത. അയാൾ നഗ്‌നനായി പ്രസംഗിച്ചു എന്നതായിരുന്നു വാർത്ത.
സ്വന്തം നഗ്‌നതയൊ മറ്റാരുടെയെങ്കിലും നഗ്‌നതയോ സ്വകാര്യതയിൽ കാണാത്ത മനുഷ്യർ ഇല്ല. പക്ഷെ പൊതു ഇടങ്ങളിൽ ശരീരത്തെ മുഴുവനായോ ഭാഗീകമായോ തുണി കൊണ്ട് പൊതിയുന്ന പതിവ് ലോകത്തിൽ എല്ലായിടത്തും പ്രയോഗത്തിൽ വന്നിട്ട് അധിക നൂറ്റാണ്ടുകൾ ആയിട്ടില്ല. കേരളത്തിൽ തന്നേ ഒരു നൂറ്റമ്പതു കൊല്ലം മുന്നേ കോണകം ഒരു ഒട്ടുമിക്ക ആളുകളുടെയും പ്രധാന വസ്ത്രം ആയിരുന്നു. പലർക്കും ഉടുതുണിക്കു മറുതുണി ഇല്ലാതിരുന്നു.
ഞാൻ ആദ്യമായി പൊതുവിടത്തിൽ നൂറു കണക്കിന് ആളുകളെ തുണിയുരിഞ്ഞു കണ്ടത് റിയോ ഡിജനീറോയ്ക്ക് അടുത്തുള്ള കോപ്പ കബാന ബീച്ചിന്റെ ഒരു ഭാഗത്താണ്. ഞാനും എന്റെ സുഹൃത്ത് സന്ദീപും ഉച്ചകഴിഞ്ഞു ബീച്ചിനടുത്തു ഞങ്ങൾ താസിച്ചിരുന്ന ഹോട്ടലിന്റെ അരികത്തുള്ള ബീച്ചിൽ നിന്നു ഒരു കിലോമീറ്റർ കടൽ തീരത്തൂടെ നടന്നപ്പോഴാണ് അവിചാരിതമായാണ് വീക്കെൻഡ് ആസ്വദിക്കാൻ എത്തിയ കുടുംബങ്ങളെയും കൂട്ടുകാരായ ചെറുപ്പക്കാരെയും കണ്ടത്. അവർക്കാർക്കും ഉടുതുണി ഇല്ലായിരുന്നു. വളരെ കുറച്ചു പേർ മാത്രം ബിക്കിനിയൊ ബ്രീഫോ ഇട്ടിട്ടുണ്ട്. മിക്കവരും വെയിൽ കായുന്നു. ചിലർ നീന്തുന്നു. ചിലർ ബീച്ച് വോളിബാൾ കളിക്കുന്നു. അവരെല്ലാം വളരെ നോർമൽ ആയ സഹജീവികൾ.
തുണിയില്ലാത്ത ഒരിടത്തു തുണിയുമിട്ട് പോയ ഞങ്ങളെയാണ് പലരും വിചിത്ര ജീവികളെ പോലെ കാണാൻ തുടങ്ങിയത്. ഒന്നുകിൽ അവിടെ നിന്നു ഉടൻ സ്ഥലം വിടണം അല്ലെങ്കിൽ നമ്മളും തുണി ഉരിയണം. ഞങ്ങൾ ഒരു ഉടനടി കൂടി ആലോചന നടത്തി. എന്നിട്ടു ഒരു അടിവസ്ത്രം ഒഴികെ യുള്ള തുണി ഉരിയാൻ തീരുമാനിച്ചു. തുണി ഉരിഞ്ഞു ഞങ്ങളും കടലിൽ കുളിച്ചിട്ട് ബീച്ചിന്റെ അരികത്തു കിടന്നുറങ്ങി. ഒന്നും സംഭവിച്ചില്ല. ആരും ആരെയും തുറിച്ചു നോക്കിയില്ല. എല്ലാവരും സാധാരണ പോലെ പെരുമാറി. അസാധാരണമായി ഒന്നും തോന്നിയില്ല. അവിടെ കിടന്നുറങ്ങിയിട്ട് അഞ്ചു മണിക്ക് സ്ഥലം വിടുമ്പോൾ ഉടുതുണി ഇല്ല്ലാതെ ഉറങ്ങുന്നവരുടെ നടുവിലൂടെ ഞങ്ങൾ തിരിച്ചു നടന്നു.
രണ്ടാമത് നഗ്‌നരായ കുറെ പെണ്ണുങ്ങളെയു ആണുങ്ങളെയും കാണുന്നത് ഞാൻ ഒരു യോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ്. 2009 ഇൽ ബ്രെസീലിലെ ബേലം നഗരത്തിൽ വച്ചു നടന്ന ലോക സോഷ്യൽ ഫോറത്തിന്റെ ഒരു വേദിയിൽ പ്രസംഗിച്ചു നിൽക്കുമ്പോൾ മൂന്നു പെണ്ണുങ്ങളും നാല് ആണുങ്ങളും നൂൽ ബന്ധമില്ലാതെ വേദിയിലേക്ക് പെട്ടന്നു കയറി വന്നു. ഞാൻ ഒരു നിമിഷം പകച്ചു നിന്നെന്നെങ്കിലും പ്രസംഗം തുടർന്നു. അവർ കാടുകളെ രക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ട അനാർക്കിസ്റ്റു നെറ്റ്വർക്ക് അംഗങ്ങൾ ആയിരുന്നു. കുറെ ലഘു ലേഖകൾ വിതരണം ചെയ്തിട്ട് അവർ അടുത്ത വേദിയിലേക്ക് പോയി. ഒരു നിമിഷത്തെ ഷോക്ക് വാല്യൂവിൽ കവിഞ്ഞു ഒന്നും സംഭവിച്ചില്ല.
നമ്മൾ എല്ലാവരും സ്വന്തം നഗ്നതയോ മറ്റുള്ളവരുടെ നഗ്‌നതയോ കണ്ടു ശീലിച്ചതിനാൽ കുറെ പേരുടെ നഗ്‌നത ഒരുമിച്ചു കണ്ടാൽ ആദ്യ നിമിഷത്തെ പകച്ചിലിനു ശേഷം ഒന്നും സംഭവിക്കില്ല എന്ന് അനുഭവത്തിൽ നിന്നു പറയാം. പിന്നെ ഒരു പ്രായം കഴിഞ്ഞു ഉടുതുണിയില്ലാതെ ആളുകളെ കാണുമ്പൊൾ നഗ്‌ന ശരീരത്തിന്റെ മേദസ്സും ആകൃതിയിലുള്ള ഏറ്റ കുറച്ചിലുകളും കാണുമ്പൊൾ വിചാരിക്കും മനുഷ്യ സൗന്ദര്യം എന്ന് പറയുന്നതിൽ കൂടുതലും വെറും മേക്കപ്പും തുണികളുടെ പുറംപൂച്ചുമാണെന്ന്.

No comments: