Wednesday, September 6, 2017

ഞാൻ എന്ത് കൊണ്ട് 'കരിയർ കൗൺസിലിംഗിൽ' വിശ്വസിക്കുന്നില്ല ?


ജീവീതം വെറുമൊരു കരിയറല്ലന്നു തിരിച്ചറിയുന്നതോട് കൂടി നമ്മുക്കുള്ളിൽ ഉള്ള സർഗാത്മകതയും ക്രിയാത്മകതയും പതിയെ തെളിഞ്ഞു വരും. സർഗാത്മകതയും ക്രിയാത്മകതയും ഒത്തു ചേരുമ്പോൾ മനസ്സിലും മനുഷ്യനിലും ആത്മ പ്രകാശം പൂവിടും. ആത്മ പ്രകാശം ഉള്ളിൽ ഉള്ളവരുടെ മുന്നിൽ ജീവിതത്തിന്റെ വഴിത്താരകൾ വിസ്മയത്തോടെ തെളിവ് ആയി വരും. വെളിവും തെളിവും ഉള്ളവർ ജീവിതത്തെ കണ്ടറിഞ്ഞു സ്വയം കണ്ടെത്തും. സ്വയം വഴികൾ നടന്നു പഠിക്കുമ്പോൾ ഉള്ള ഊർജ്ജത്തിൽ നിങ്ങള്ക്ക് കാടും lമലയും കടലും താണ്ടി പുതിയ വഴിത്താരകൾ ഉണ്ടാക്കുവാൻ കഴിയും. ജീവിതത്തെ കുറിച്ചും ലോകത്തെ കുറിച്ചും നമ്മളെ കുറിച്ചും തിരിച്ചറിവ് ഉണ്ടാകുമ്പോൾ ആണ് നാം മാറി തുടങ്ങന്നതു. അങ്ങനെയുള്ളവർക്കു ആകാശമാണ് അതിർത്തി.അവർ കണ്ടറിഞ്ഞു തിരഞ്ഞെടുക്കുന്ന മേഖലയിൽ അവർ പ്രകാശം പരത്തും. അവരുടെ യൗവ്വനം കഴുകനെ പോലെ പുതുകി വരും. അവർ അവർക്കുമപ്പുറം സ്വപ്നം കണ്ടെത്തി സ്വപ്നത്തോടൊപ്പം നൃത്തം വച്ചു പുതിയ ഭൂമിയും ഭൂമികയു കണ്ടെത്തി ജീവിതം ഒരു ഉത്സവമാക്കി അനുഭവിക്കും. അവർ നടന്നു പോയ വഴിത്താരകൾ അവരുടെ യാത്ര കഴിഞ്ഞും ഭൂമിയിൽ അവശേഷിക്കും.
മിക്ക ചെറുപ്പക്കാരും ജോലിയെ കുറിച്ചും ഭാവിയെ ക്കുറിച്ചും സ്വന്തം സ്വപ്നങ്ങളും ആകാംഷയും ഉള്ളവരാണ്. ഞാൻ ഏറ്റവും കൂടുതൽ ഇടപെടുന്നതും ഇടപഴകുന്നതും ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരുമായിട്ടാണ്. കഴിഞ്ഞ മുപ്പത് വര്ഷങ്ങളിൽ ഏതാണ്ട് ലോകത്തെല്ലായിടത്തുമുള്ള ഏകദേശം മുപ്പതിനായിരം ചെറുപ്പക്കാരുമായി ഇടപഴകിയിട്ടുണ്ടാകും. എന്റെ വിവിധ ഔദ്യോഗിക മേഖലയുമായി ബന്ധപെട്ട് ഏതാണ്ട് ഇരുന്നൂറോളം ചെറുപ്പക്കാർ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ പത്തു ചെറുപ്പക്കാർ എന്നോടൊപ്പം ഇന്റേണ്ഷിപ് ചെയ്യുകയോ കൂടെ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ട്. ബാങ്കോക്കിലും, ജെനീവയിലും, ജക്കാർതയിലും, കാഠ്മണ്ഡുവിലും ഉള്ള എന്റെ ഓഫിസുകളിൽ പതിനെഞ്ചോളം ഇന്റേൺസുണ്ട്. ഇന്ന് രാവിലേ ആദ്യത്ത ജോലി ഒരു ഇന്റേണിനെ തിരഞ്ഞെടുക്കുക എന്നതാണ്. ഐക്യ രാഷ്ട്ര സഭയുടെ വികസന വിഭാഗത്തിൽ ഡയറക്ടർ ആയിരുന്നപ്പോഴും ഏറ്റവും കൂടുതൽ ഇന്റേൺസ് എന്റെ ടീമിൽ ആയിരുന്നു.
ഇവരിൽ പലർക്കും അറിയണ്ടതു എങ്ങനെ ഏറ്റവും നല്ല ശമ്പളവും പദവിയുമുള്ള ജോലി തരപ്പെടുത്താം എന്നാണ്. എന്നാൽ എന്റെ കൂടെ ചില മാസം കഴിഞ്ഞു ഇവർ പോകുമ്പോൾ അവർക്ക് ജീവിത്തെ കുറിച്ചും ലോകത്തെ കുറിച്ചും ജോലിയെ കുറിച്ചും ഉള്ള കാഴ്ച്ചപ്പാട് മാറിയിരിക്കും.
ഇന്നവരിൽ പലരും അവരവരുടെ മേഖലയിൽ രാജ്യത്തോ ലോകത്തോ അറിയപ്പെടുന്നവരാണ്. എന്റെ ആദ്യ ഇന്റേൺ ഇന്ന് വളരെ ബഹുമാനിക്കപ്പെടുന്ന ഒരു പ്രൊഫസർ ആണ്. അയാളെ ആദ്യമായി ഞാൻ കാണുന്നത് ദാദർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ്. അയാൾ അന്ന് ബികോം കഴിഞ്ഞു ആയിരം രൂപ ശമ്പളത്തിൽ അക്കൊണ്ടെന്റ് ആയി ബോംബയിൽ ജോലി ചെയ്യുകയാണ്. എന്റെ അസിസ്റ്റന്റും അകൗണ്ടന്റും സർവോപരി എന്റെ നല്ല കൂട്ടുകാരനും ആയ റോബിൻ ആണ് അയാളെ പരിചയപെടുത്തിയത്. റെസ്റ്റ് ഈസ് ഹിസ്റ്ററി. ഇന്ന് പത്രപ്രവർത്തന രങ്ങത്തും, അക്കാദമിക് രങ്ങത്തും, അന്താരാഷ്ട്ര വികസന രങ്ങത്തും, ബിസിനസ്സിലും, യൂ എന്നിലും പ്രശോഭിക്കുന്ന പലരും എന്റെ കൂടെ ഇന്റേണ്ഷിപ് ചെയ്തവരാണ്.
അവർക്കാർക്കും ഞാൻ കരിയർ കൗൺസിലിംഗ് കൊടുത്തിട്ടില്ല എന്നതാണ് പ്രത്യേകത. അവരിൽ പലരും ആദ്യം എന്റടുത്തു വരുന്നത് യൂ എന്നിൽ എങ്ങനെ ഒരു ജോലി സംഘടിപ്പിക്കാം എന്ന ധാരണയുമായിട്ടായിരിക്കും. പക്ഷെ അവർ തിരിച്ചു പോകുന്നത് വളരെ വ്യത്യസ്തമായ ആളുകൾ ആയാണ് . അവർ ജീവിതത്തെയും ലോകത്തെയും നോക്കി കാണുന്ന രീതി മാറിയതാണ് അവർ തിരെഞ്ഞെടുത്ത രംഗങ്ങ ളിൽ വിജയിക്കുവാൻ കാരണം.
അവരോട് ഞാൻ പറയുന്ന ചില കാര്യങ്ങൾഎന്റെ ജീവിതത്തിൽ അനുഭവിച്ചു പഠിച്ചതാണ് . 1)സ്വയം കണ്ടെത്തുക (discover and rediscover your self). 2) സർഗാത്മകമായും ഭാവനയോടും ചിന്തിക്കുക (creative thinking and imagination), 3) എല്ലാ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുവാനുള്ള തിരിച്ചറിവ് (High learning curve to learn new things every single day).4.) നിങ്ങൾ എന്ത് ചെയ്താലും (സെക്സ് ഉൾപ്പെടെ ) നൂറു ശതമാനം ആത്മാർഥതയോടും പാഷനോടും, സ്നേഹത്തോടും ചെയ്യുക.5.) സ്വന്തം കാര്യം മാത്രം സിന്ദാബാദ് എന്ന കാഴ്ചപ്പാട് മാറ്റുക. കഴിയുന്നതും എല്ലവരെയും സഹായിക്കുക. 6). വെല്ലു വിളികളെ നേരിടാനുള്ളചങ്കൂറ്റം ഉണ്ടാകുക. 7). സ്വപ്നം കാണുവാൻ പഠിക്കുക. ആ സ്വപ്നങ്ങൾ പദവിക്കും പണത്തിനും അപ്പുറത്തു ലോകത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും കൂടെയായിരിക്കണം. 8)സ്വപ്നങ്ങളെ പ്രാവർത്തികം ആക്കാൻ നിച്ഛയദാർഡ്ഡ്യത്തോടെ കർമോൻമുഖരാകുക. 9)ജീവിതത്തിൽ എല്ലായിടത്തും സത്യ സന്ധത പുലർത്തുക. ആരെയും ചതിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാതിരിക്കുക. നല്ല മനുഷ്യൻ ആകുക. 10). കരിയറിനു പുറകേ ഓടാതിരിക്കുക (Never get in to rat race). 11) ചെയ്യുന്ന കാര്യങ്ങളിൽ എക്സൽ ചെയ്യുക. പ്രായോഗിക ബുദ്ധിയോട് ആളും അര്ധവും അനുസരിച്ചു പ്രശ്നങ്ങൾ പരിഹരിക്കുവാൻ ശീലീക്കുക്ക.
ഇനി എന്റെ ജിവിത പാഠങ്ങൾ. ഞാൻ മിസോറാമിലെ ഐസ്‌വാളിൽ ഒരു സ്‌കൂളിൽ മൂന്നാം ക്‌ളാസ്സിലെ ക്‌ളാസ് ടീച്ചറായാണ് 850 രൂപ ആദ്യമായി മാസ ശമ്പളം വാങ്ങിയത്. എം എ ക്കു പൂനയിൽ പഠിക്കുമ്പോൾ ടൈമ്സ് ഓഫ് ഇന്ത്യയിൽ ലേഖനം എഴുതികൊണ്ടാണ് പോക്കറ്റ് മണി ഉണ്ടാക്കിയത്. യൂനിവേഴ്സിറ്റിയിലും കോള ജിലും പഠിപ്പിച്ചു. ബോറടിച്ചപ്പോൾ സന്തോഷത്തോടെ ജോലി രാജി വച്ചു ഇന്ത്യയെല്ലാം യാത്ര ചെയ്‌തു. കഥകൾ എഴുതി പ്രസിദ്ധീകരിച്ചു. പത്തോളം സ്ഥാപനങ്ങൾ ഇന്ത്യക്കു അകത്തും പുറത്തും പിന്നെ കേരളത്തിലും സ്ഥാപിച്ചു.പഠിച്ചതും ഗവേഷണം ചെയ്തതുമായ മേഖലക്കപ്പുറത്താണ് ജിവീതവും ജോലിയും. ഇഷ്ട്ടമുള്ള വിഷയങ്ങൾ ഇഷ്ട്ടം പോലെ വായിച്ചു,,കണ്ടും അറിഞ്ഞും പഠിച്ചു. വിദ്യാഭ്യാസകാലത്തു പഠിച്ച വിഷങ്ങൾ അല്ല ഞാനിന്ന് സ്വദേശത്തും വിദേശത്തുമുള്ള യൂണിവേഴ്സിറ്റികളിലും ട്രെയിനിംഗുകളിലും പഠിപ്പിച്ചതും പഠിപ്പിക്കുന്നതും. ചുരുക്കത്തിൽ ഞാൻ യൂണിവേഴ്സിറ്റികളിൽ പഠിച്ച സയൻസോ, സാഹിത്യമോ, ഭാഷാ ശാസ്ത്രമോ, സാമൂഹിക ശാസ്ത്രമോ, ഗവേഷണമോ ഞാൻ ചെയ്ത ജോലികളുമായി ഡയറക്റ്റ് ലിങ്കൊന്നും ഇല്ല. പക്ഷെ ഞാൻ പഠിച്ചത് ലോകത്തെയും, പ്രപഞ്ചത്തെയും മനുഷ്യനെയും ചരിത്രത്തെയും സമൂഹത്തെയും നോക്കി കണ്ടു മനസ്സിലാക്കി തിരിച്ചറിയുവാനാണ്. ഒരു ജോലിക്കും പുറകെ ഓടുകയോ അപേക്ഷിക്കുക പോലും ചെയ്തിട്ടില്ല. ജോലികൾ ഓരോന്നും എന്നെ തേടി വന്നു.
അന്നും ഇന്നും കരിയറിലും, കരിയർ കൗൺസിലിംഗിലും വിശ്വാസമില്ല. സര്ഗാത്മകമ ല്ലന്നു തൊന്നുന്ന സമയം സന്തോഷത്തോടെ ജോലി മാറും. അഞ്ചു കൊല്ലത്തിൽ കൂടുതൽ ഒരേ ജോലി ചെയ്തിട്ടില്ല. അതു കൊണ്ട് സന്തോഷം അല്ലാതെ സങ്കടം ഉണ്ടായിട്ടില്ല. പദവികളുടെയും പണത്തിന്റെയും പുറകേ പോയിട്ടില്ല. പക്ഷെ അതു രണ്ടും എന്നെ തേടി വന്നു. പക്ഷെ അതു രണ്ടിനോടും ഇപ്പോഴും അകലം പാലിക്കും. തിരെഞ്ഞെടുത്ത മേഖ ലയിൽ ലോകത്ത ഏറ്റവും നല്ല ജോലികൾ എന്നെ തേടി വന്നു. നാട്ടിലെ സാദാ സർക്കാർ സ്‌കൂളുകളിലും കോളജൂകളിലും ആണ് പഠിച്ചത്. ഒരു കുഴപ്പവും ഉണ്ടായില്ല.
ലോകത്തിൽ ഏതൊക്ക വലിയ പദവിയിൽ എത്തിയാലും ലോകമാകെ സഞ്ചരിച്ചാലും ഞാ ൻ അടിസ്ഥാനപരമായി അടൂരിനടുത്തുള്ള തുവയൂർക്കാരൻ തന്നെ.സ്വന്തം നാട്ടിൽ ഒരു കാപ്പികട സ്വന്തമായിട്ടുള്ളതിനാൽ കാവിമുണ്ട്മുടുത്തു പ്രൈമറി സ്ക്കൂളിൽ പഠിച്ചവരുമൊത്തു ചായ കുടിക്കാൻ മാസത്തിലൊരിക്കൽ സ്വന്തം ഗ്രാമത്തിൽ എത്താറുണ്ട്.
കാരണം, വന്ന വഴി ഒരിക്കലും മറക്കരുത് എന്നു എന്നോട് ചെറുപ്പത്തിൽ എന്റെ വല്യപ്പച്ചൻ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. പിന്നെ എന്റെ വല്യമ്മച്ചി പറഞ്ഞു തന്നത്. "ജീവിതത്തിൽ ഒരിക്കലും അഹങ്കരിക്കരുത്. താണ നിലത്തെ നീരോടൂ ' എന്നാണ് എന്റെ അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട് 'താഴെ വന്നേയുള്ളൂ സമ്മാനം '.പിന്നെ യേശൂ ചെറുപ്പത്തിൽ എന്നോട് പറഞ്ഞു ' നീ ഭൂമിയുടെ ഉപ്പ് ആകുന്നു.' ഭഗവത്ഗീതയിലെ ക്രിഷ്ണൻ പറഞ്ഞു തന്നൂ ' കർമേണ്യ വാധി കാരസ്തേ, മാ ഫലേഷു കദാചന '. ബുദ്ധനിൽ നിന്നാണ് എല്ലാത്തിനോടും,പ്രത്യകിച്ചു പണത്തിനോടും പദവിയോടും ഡിറ്റാച്മെന്റ് വേണമെന്നു പഠിച്ചത്. ഇതിനെല്ലാം ഉപരിയായി 103 സങ്കീർത്തനത്തിൽ വായിച്ചറിഞ്ഞ ഒരു കാര്യമുണ്ട് ' മനുഷ്യൻ ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ ." None of us are indispensable! Success is often an illusion of the self. ഇതൊക്കയാണ് എനിക്ക് ജീവിതത്തിൽ നിന്ന് കിട്ടിയ കൗൺസിലിംഗ്.
പക്ഷെ ജീവിതത്തിൽ അന്നും ഇന്നും താന്തോന്നിയായി ജീവിക്കുന്ന ഒരാൾക്ക് പിന്നെ എന്തോന്ന് കരിയർ കൗൺസിലിംഗ് മാഷെ!!. കരിയറിന് അപ്പുറം എന്നു മനുഷ്യൻ ചിന്തിക്കാൻ പഠിക്കുന്നോ അന്ന് മുതൽ അവർ മാറ്റത്തിന്റെ നാന്ദിയാകും. ലോകം മാറ്റിയുട്ടള്ളതെല്ലാം മിഷൻ ഡ്രിവൺ ആയിട്ടുള്ള മനുഷ്യർ ആണ്.

No comments: