Wednesday, September 13, 2017

മൂന്നാര്‍ മ്യുസിങ്ങ്സ്

സെപ്റ്റംബര്‍ 14- 2015, ഫേസ് ബുക്ക്‌ പോസ്റ്റ്‌


.എല്ലാ വഴികളും മൂന്നാറിലേക്ക്! കഴിഞ്ഞ ഒന്ന് രണ്ട് ദിനങ്ങളിൽ കേരളത്തിൽ ദൃശ്യമായ കാഴ്ച ഇതായിരുന്നു. എങ്ങും കാമറകൾ നിരന്നു നിന്നു. മൂന്നാറിലേക്കുള്ള രാഷ്ട്രീയ വിനോദസഞ്ചാരം ഇനിയും കൂടുമായിരുന്ന ഘട്ടത്തിലാണ് സമരത്തിന് തിരശ്ശീല വീഴുന്നത്. അഞ്ച് വർഷം മുഖ്യമന്ത്രിയായിരുന്ന വ്യക്തിക്ക് ആ തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച് പ്രതിപക്ഷ നേതാവായിരി ക്കവേ പൊടുന്നനെ ബോധോദയം കൈവന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും വർഷങ്ങൾ നാല് വേണ്ടി വന്നു, യാഥാർഥ്യങ്ങളിലേക്ക് കൺതുറന്ന് 'തൊഴിലാളികളുടെ ആവശ്യങ്ങൾ ന്യായമാണെ'ന്ന് ബോധ്യപ്പെടാൻ. .
 അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു: തോട്ടങ്ങളിലും ഇതര തൊഴിലിടങ്ങളിലുമായി ചിതറിക്കിടക്കുന്ന, ദയനീയമാം വിധം തുച്ഛ വേതനക്കാരാരായ പരസഹസ്രം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി ഇക്കാലമത്രയും, വീയെസ് ഉൾപ്പെടെയുള്ള സമുന്നത രാഷ്ട്രീയനേതാക്കൾ എത്രത്തോളം ആത്മാർത്ഥ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്?
പ്രമുഖ രാഷ്ട്രീയപാർട്ടികൾ എല്ലാം തന്നെ സർവീസ് സംഘടനകളുടെ മധ്യവർഗ്ഗ സ്വഭാവത്താൽ സ്വാധീനിക്കപ്പെട്ട് പോയതാണ് യഥാർത്ഥ തൊഴിൽ പ്രശ്നങ്ങളിൽ നിന്ന് മുഖം തിരിക്കാനുള്ള പ്രധാന കാരണം. സർക്കാർ, ബാങ്ക്, നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കനത്ത ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ താല്പര്യ സംരക്ഷണാർത്ഥമുള്ളവയാണല്ലോ ഈ സംഘടനകൾ. മിക്കവരും ഈ യൂണിയനുകളിൽ അംഗങ്ങളാകുന്നത് തന്നെ, രാഷ്ട്രീയ സംരക്ഷണവും രക്ഷാകർതൃത്വവും ഉറപ്പിക്കാനും തദ്വാരാ സ്ഥലംമാറ്റം, ഉദ്യോഗക്കയറ്റം, ഉദ്ദിഷ്ട ലാവണങ്ങളിലേക്കുള്ള പറിച്ച് നടീൽ, പുതു അധികാരസ്ഥാനങ്ങൾ, അതുമല്ലെങ്കിൽ വിരമിച്ചതിൻ പിന്നിട് കരഗതമായേക്കാവുന്ന ഏതെങ്കിലും സർക്കാർ സംരംഭങ്ങളിലെ വേഷങ്ങൾ എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ സുഗമമാക്കുന്നതിനുമാണ്. ഉയർന്ന ശമ്പളക്കാരായ മധ്യവർഗ, ഉപരിമധ്യവർഗ ഉദ്യോഗസ്ഥരുടെ ഈ സർവീസ് സംഘടനകൾ ആകട്ടെ അധികാരം പങ്കിട്ടെടുക്കുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ 'നിയമാനുസൃത' വരുമാന സ്രോതസ്സ് കൂടിയാണ്.
വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളിൽ മൂന്നാറിലെ സ്ത്രീ തൊഴിലാളികൾക്ക് വിശ്വാസം നഷ്ടപ്പെട്ട കാഴ്ച കൂടി നാം കണ്ടു. എരിവും പുളിയും ചേർത്ത് നാടകീയമായി വിളമ്പാവുന്ന ദൃശ്യങ്ങൾ സമൃദ്ധമാണെന്ന് ഉറപ്പ് വരുത്തിയിട്ടാണ് മീഡിയ 'ഉണർന്ന്' കാമറയുമായി അങ്ങോട്ട്‌ വെച്ച് പിടിച്ചത്. അവരെ സംബന്ധിച്ചിടത്തോളം ടി.ആർ.പി. റേറ്റും അതനുസരിച്ച് കൂടാവുന്ന പരസ്യവരുമാനവുമാണ് നോട്ടം; തൊഴിലാളിയുടെ അവകാശം ഉറപ്പാക്കലല്ല.
 ഐതിഹാസികമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സ്ത്രീ സമരം ചില സൂചനകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്‌:
1) രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ വിശ്വാസ്യതക്ക് മുൻപെങ്ങും ഇല്ലാത്ത വിധം ഇടിവ് സംഭവിച്ചു.
2 )താഴെക്കിടയിൽ അതൃപ്തിയുടെയും മോഹഭംഗതിന്റെയുംഅടിയൊഴുക്ക് ശക്തമാണ് .
3 ) ഇടതാകട്ടെ വലതാകട്ടെ, രാഷ്ട്രീയ കക്ഷികളിൽ അംഗങ്ങൾ ക്കിടയിലും പ്രാദേശിക നേതൃത്വത്തിലും താഴേക്കിടയിലെ പ്രവർത്തകരിലും ആത്മവിശ്വാസം കുറഞ്ഞ് വരുന്നു.
4) വർധിച്ച് കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾക്കൊപ്പം, അസംതൃപ്തരായ ദരിദ്രരുടെയും സാധാരണക്കാരുടെയും അഭിവാന്ഛ കൾ , താമസിയാതെ മുഖ്യധാരാ പാർട്ടികളുടെ പ്രകടമായ മധ്യവർഗ്ഗ-ഉപരിവർഗ്ഗ ചായ് വുമായി ഏറ്റു മുട്ടേ ണ്ടി വരും .
(5 ) രാഷ്ട്രീയവർഗ്ഗം ഒറ്റക്കെട്ടായി പുതുപ്പണക്കാരായ പ്രമാണിമാരു മായുള്ള ബന്ധങ്ങളിൽ അഭിരമിക്കുന്നതിൽ സായൂജ്യം കണ്ടെത്തുമ്പോൾ അവകാശ സമരങ്ങളിലെ അവരുടെ 'പങ്കാളിത്തം' കാമറക്ക് മുന്നിലെ പ്രകടനങ്ങളിൽ പരിമിതപ്പെടും.
കഴിഞ്ഞ പത്ത് വർഷങ്ങളിൽ മാദ്ധ്യമങ്ങളുടെ രാഷ്ട്രീയ മുൻഗണനകളെ നിർണ്ണയിച്ചത് മസാല ദൃശ്യങ്ങൾ ആയിരുന്നു. (സരിത, മുല്ലപ്പെരിയാർ, ലൈംഗികാരോപണങ്ങൾ ഇവ ഉദാഹരണം). ആദിവാസികളുടെ നില്പ് സമരം, പരസ്യദാതാക്കൾ ആയ ചില വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരുടെ സമരം ഇവ നടക്കുമ്പോൾ പരിസരത്തൊന്നും മീഡിയ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ നമ്മുടെ രാഷ്ടീയ സംവിധാനങ്ങൾ പാഞ്ഞെത്തിയുമില്ല.
എന്ത് കൊണ്ടാണ് അസമത്വം, അനീതി, കൂലി കൊടുക്കായ്ക / കുറഞ്ഞ കൂലി എന്നീ പ്രശ്നങ്ങൾ ഉയർന്ന് വരുമ്പോൾ നമ്മുടെ രാഷ്ട്രീയനേതാക്കൾ 'പരിഹരിക്കുന്ന'തിനേക്കാൾ 'പ്രതികരണ'ത്തിൽ ശ്രദ്ധിക്കുന്നത്? മീഡിയയുടെ കാമറ വിന്യസിച്ചില്ലായിരുന്നെങ്കിൽ എത്ര നേതാക്കൾ മൂന്നാറിൽ എത്തുമായിരുന്നു?ഇപ്പോൾ ഒരു ഒത്തുതീർപ്പ് ഫോർമുല അംഗീകരിക്കപ്പെടുകയും ഉദാത്തമായ അവകാശവാദങ്ങളോടെ സ്റ്റുഡിയോകളിൽ ഇരുന്ന് എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ വിജയം അവകാശപ്പെടുകയും എന്നത്തെയും പോലെ പ്രതിപക്ഷ നേതാവ് തൻറെ വീതം അവകാശപ്പെടുകയും മുഖ്യമന്ത്രി അവസാന വിജയച്ചിരി മുഴക്കുകയും ചെയ്യുന്നുണ്ട്.
ഈ നാടകങ്ങൾ ജനങ്ങൾക്ക് ചിരപരിചിതമായിരിക്കുന്നു. എന്നാകും നമ്മുടെ മന്ത്രിമാരും അധികാര കേന്ദ്രങ്ങളും തിരിച്ചറിയുക, അവർ പറത്തി വിടുന്ന ഇന്നോവയുടെ ചുവന്ന ലൈറ്റിലും ഒപ്പം ചീറിപ്പായുന്ന പോലിസ് എസ്കോർട്ട് എന്ന അലങ്കാരത്തിലും ജനങ്ങൾ ഒട്ടും ആവേശഭരിതരാകുന്നില്ല എന്ന യാഥാർത്ഥ്യം?! അപ്പോഴും അരിപ്പയിൽ ഭൂസമരം നടക്കുന്നുണ്ട്. എന്നെങ്കിലും മീഡിയ കാമറ തിരിക്കുവോളം പോഷകാഹാരക്കുറവ് കൊണ്ടും ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടും ആദിവാസിക്കുട്ടികൾ മരിച്ച് വീഴുന്നത് തുടരുകയും ചെയ്യും. സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോഴും ക്വാറി മാഫിയക്കെതിരെ സമരങ്ങൾ നടക്കുന്നുണ്ട്. ഇടുക്കിയിലെ ആദിവാസികൾക്ക് ഇനിയും അവരുടെ ഭൂമിയിൽ പട്ടയം നൽകിയിട്ടില്ല; അതേസമയം അധികാരകേന്ദ്രങ്ങളുടെ അരുമയായ പലർക്കും വിഹിതമോ അവിഹിതമോ ആയി അല്ലലില്ലാതെ അവ കിട്ടിയപ്പോഴും. ആദിവാസി, ദളിത്‌ ഉന്നമനത്തിനായുള്ള പല ഫണ്ടുകളും ഇപ്പോഴും ചെലവഴിക്കാതെ കിടപ്പുണ്ട്. രാഷ്ട്രീയനാടകമായി മീഡിയയിൽ പ്രക്ഷേപണം ചെയ്യപ്പെടുവോളം ഇത് നമ്മുടെ ചൂടൻ ചർച്ചകൾക്കും വിഷയമാകില്ല. മൂന്നാറിൽ ഇത്രയും കാലം ചൂഷണത്തിന് വിധേയമായിക്കൊണ്ടിരുന്ന തൊഴിലാളികൾ ഏതാണ്ടെല്ലാം തന്നെ ദളിത്‌, ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ ആണ് എന്നതും ശ്രദ്ധിക്കുക.
ഇത്തരം ഇരട്ട സമീപനങ്ങളും അവസരവാദപരതയും കാമറക്ക് മുന്നിലെക്കായി സംവിധാനിക്കപ്പെടുന്ന വാചാടോപങ്ങളും എല്ലാം തന്നെയാണ് രാഷ്ട്രീയ പാർട്ടി സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്നത്. ഏറ്റവും താഴെക്കിടയിലുള്ള ഈ അതൃപ്തിയും നൈരാശ്യവും ജനങ്ങളെ പകരം സംവിധാനങ്ങൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കും. അതിൽ നിന്ന് നേട്ടം കൊയ്യുക ഒരുപക്ഷേ ഫാഷിസ്റ്റ് ശക്തികൾ ആയിരിക്കും. കേരളത്തിൽ മുഖ്യധാരാ പാർട്ടികളുടെ പല പ്രതിസന്ധികളും സമൂഹത്തെ വർഗീയവൽക്കരിക്കാനും അത് തങ്ങൾക്ക് അനുകൂലമായി തിരിച്ചു് വിടാനുമുളള കൃത്യമായ പദ്ധതി അവർക്കുണ്ട്.

No comments: