Tuesday, May 30, 2017

ഭരണ നിര്‍വഹണം ശരാശരി


കേരളത്തില്‍ പൊതുവേ കാണുന്നതു അതതു കാലത്ത് ഭരിക്കുന്ന പാര്‍ട്ടികളുടെ അനുഭാവികള്‍ സര്‍ക്കാര്‍ എങ്ങനെ പാലും തേനും ഒഴുക്കി എങ്ങനെ ഏറ്റവും നല്ല സല്‍ഭരണം നടത്തി എന്ന് വാദിച്ചു ന്യായീകരിക്കും. കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ എത്ര മഹ്വത്വരം ആണ് ഇപ്പോഴത്തെ സര്‍ക്കാര്‍ എന്ന് വരുത്തി തീര്‍ക്കും. അതതു കാലത്തെ സര്‍ക്കാര്‍ നമ്മുടെ നികുതി പണത്തില്‍ നിന്നും കുറെ കോടികള്‍ മുടക്കി അവരുടെ മഹത്വം പത്ര -ടീവി പരസ്യങ്ങളിലൂടെ വിളമ്പി നമ്മളെ എല്ലാവരെയും സംത്രിപ്ത്തരാക്കും . പ്രതിപക്ഷ പാര്‍ട്ടികളുടെ പാട്ട് നേരെ തിരിച്ചായിരിക്കും. അവര്‍ അപ്പഴപ്പത്തെ സര്‍ക്കാര്‍ ഏറ്റവും മോശമാണെന്ന് വാദിക്കും. അവരുടെ അനുയായികള്‍ സര്‍ക്കരിനെ ട്രോള്ളി എന്തുകൊണ്ടാനിവിടെ ദുര്‍ഭരണം എന്ന് സ്ഥാപിക്കും. ഈ കലാ പരിപാടിയാണ് ഇവിടെ കുറെ കാലമായി നടക്കുന്നത്.
പക്ഷെ ആര് ഭരിച്ചാലും മിക്ക സര്‍ക്കാരും തൊണ്ണൂറു ശതമാനവും സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന റൂട്ടീന്‍ പണിയാണ് ചെയ്യുന്നത് . മൊത്തം ബജറ്റിന്‍റെ ഒരു എന്പതു ശതമാനവും ശമ്പളവും പെന്‍ഷനും പലിശയടക്കാനും മറ്റുമാണ്ചിലവാക്കുന്നത്.ബാക്കിയുള്ളത് കുറെ പഞ്ചായത്ത് വഴി ചിലവഴിക്കും . പിന്നെ ആകയുള്ള പത്തു ശതമാനം വെച്ചുള്ള കലാ പരിപാടികള്‍ ആണ് അന്നന്നുള്ള സര്‍ക്കാര്‍ നടത്തുന്നത് .
ഭരണം കയ്യില്‍ കിട്ടിയാല്‍ എല്ലാവരും അതതു കാലത്ത് ഉള്ള കാറ്റിനൊപ്പം തൂറ്റി ഭരണവും അതിന്റെ സുഖവും സന്നാഹങ്ങളും ഒക്കെ അനുഭവിച്ചു അഞ്ചു കൊല്ലം കറങ്ങി നടന്നു പല കാര്യങ്ങള്‍ ഉല്‍ഘാടനം ചെയ്തും പ്രസംങ്ങിച്ചും ഭരിക്കും . അവരവരുടെ പീ ആര്‍ ഓ മാര്‍ അതതു മന്ത്രിമാര്‍ ചെയ്യുന്ന മഹത്തരമായ കാര്യങ്ങള്‍ പത്ര-മാധ്യമക്കാര്‍ക്ക് കൊടുത്തു സന്തോഷിപ്പിക്കും. എല്ലാ സര്‍ക്കാരും ചില പരിപാടികള്‍ ഒക്കെ പാക്കേജു ചെയ്തു മാര്‍ക്കെറ്റ് ചെയ്തു അവര്‍ എങ്ങനെ പുതിയ കാര്യങ്ങള്‍ ചെയ്യുന്നു എന്ന് വരുത്തി തീര്‍ക്കും . പഴയ സര്‍ക്കാരിന്‍റെ പരിപാടികള്‍ പേര് മാറ്റി റീസൈക്കിള്‍ ചെയ്തു പുതുമ അവകാശപ്പെടും. എല്ലാവരും കുറെ ക്ഷേമ പരിപാടികള്‍ ചെറുതായി കൂട്ടി അവര്‍ എങ്ങനെ ജന പക്ഷ സര്‍ക്കാര്‍ ആണെന്ന് വരുത്തി തീര്‍ക്കും . അതത് കാലത്തെ സര്‍ക്കാരിന്‍റെ പാര്‍ട്ടി ഗുണഭോക്ത്താക്കളും , സ്ഥാനമാനം നേടിയവരും , അനുചരന്മാരും അനുഭാവികളും അത് ഏറ്റ് പാടി ഫേസ് ബുക്കിലും മറ്റും തൃപ്തിയടയും. അതിനു മറു പാട്ട് പ്രതി പക്ഷത്തിന്‍റെ അനുയായികളും പാടും . ഈ കലാപരിപാടി അതതു സര്‍ക്കാരിന്‍റെ വാര്‍ഷിക ആഘോഷങ്ങളില്‍ നടക്കുന്ന സ്ഥിരം ഏര്‍പ്പാടാണ് .
ഇപ്പോഴത്തെ സര്‍ക്കാരിനെ കുറിച്ച് ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ എന്റെ അഭിപ്രായം എന്താണ്. ?ഭരണത്തെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ശരാശരി പെര്‍ഫോര്‍മന്‍സാണ്. എടുത്തു പറയാന്‍ മൂന്ന് പരിപാടികള്‍ ഉണ്ട് . ഒന്ന് ഹരിത കേരള മിഷന്‍ ( ഇത് കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയതെനെങ്കിലും അവര്‍ പ്രസംങ്ങിച്ചതല്ലാതെ പ്രവര്‍ത്തി ഒന്നും ചെയ്തില്ല) വളരെ സാധ്യത ഉള്ളതും ഒരു മിഷന്‍ മോട്പ്രവര്‍ത്തനം ആണ് . ഇത് നല്ല കാര്യമാണ്. പിന്നെ പൊതു വിദ്യാഭ്യാസത്തെ നന്നാക്കാനുള്ള ശ്രമങ്ങള്‍ നല്ലതാണ് . പക്ഷെ ഇത് ഫലം കാണുമോയെന്ന് കണ്ടറിയണം. കാരണം സര്‍ക്കാര്‍ എന്ത് പ്രസംങ്ങിച്ചാലും നാട്ട്കാര്‍ നാടു ഓടുമ്പോള്‍ നടുവേ ഓടി അവരുടെ കുട്ടികളെ സ്വകാര്യ സ്കൂളുകളില്‍ വിട്ടു സ്ടാറ്റസ് കാണിക്കും എന്നതാണ് .പിന്നെ കഴിഞ്ഞ സര്‍ക്കാര്‍ കൂട്ടിയത് പോലെ ഈ സര്‍ക്കാരും ക്ഷേമ പെന്‍ഷന്‍ കൂട്ടി . നല്ല കാര്യം.
ഈ കഴിഞ്ഞ ഏപ്രിലില്‍ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ റോഡുകള്‍ എല്ലാം ഭേദമായി എന്ന് തോന്നി. കഴിഞ്ഞ വര്ഷം ആലപ്പുഴയിലും മറ്റുമുള്ള റോഡുകളുടെ സ്ഥിതി വളരെ ശോചനീയ മായിരുന്നു . ഇപ്പോള്‍ സ്ഥിതി മാറി . അതുകൊണ്ട് സുധാകരന്‍ മന്ത്രിയെകുറിച്ചുള്ള മതിപ്പു കൂടി.
പിന്നെ പറയാനുള്ളത് സ്റ്റുടെണ്ട് ലോണിന്‍റെ കാര്യത്തില്‍ നടത്തിയ ആശ്വാസ പദ്ധതിയാണ്. ഇതൊക്കെ നല്ല കാര്യങ്ങള്‍ തന്നെ. പിന്നെ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം പ്ലാനിംഗ് ബോര്‍ഡു പങ്കാളിത്ത ചര്‍ച്ചകളില്‍ കൂടി രൂപപെടുത്തി എടുത്ത പഞ്ച വത്സര പ്ലാന്‍ ആണ് . ഈ പ്ലാനിംഗ് ബോഡിനെ കുറിച്ച് എനിക്ക് നല്ല മതിപ്പാണ്. കാര്യവിവരമുള്ള, പണിചെയുന്ന , അത്മാര്തയുള്ളവര്‍ .അതിന്‍റെ വൈസ് ചെയര്‍മാനും അങ്ങങ്ങളും നല്ലത് പോലെ പണി ചെയ്യുന്നുണ്ട് . കഴിഞ്ഞ പ്രാവശ്യം പ്ലാനിംഗ് ബോഡില്‍ പണി ചെയ്തത് സീ പി ജോണും ജീ വിജയ രാഘവനും മാത്രമാണ് . ഇപ്പോഴത്തെ സ്ഥിതി അതല്ല .വളരെ നല്ല പ്ലാനിംഗ് ബോഡാണ്.
എവിടെയാണ് പ്രശ്നം?. മുഖ്യമന്ത്രിക്കു ഒരു പാടു ഉപദേഷ്ട്ടാക്കള്‍ ഉണ്ടെങ്കിലും അതിന്‍റെ എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിവില്ല. പല കാര്യങ്ങളിലും കടും പിടുത്തങ്ങള്‍ കൊണ്ടും താന്‍ പോരിമ കൊണ്ടും നിസ്സാരമായി പരിഹരിക്കമായിരുന്ന പ്രശ്ങ്ങളെ വഷളാക്കി കുളമാക്കി . ഇതില്‍ ശരാശരിക്കു താഴെ പെര്ഫോര്‍മന്സു ഉള്ളതു അഭ്യന്തര വകുപ്പ് തന്നെ . വിവാദമില്ലാത്ത ഒരു മാസം പോലുമില്ലയിരുന്നു . രണ്ടാമത്തതു രാഷ്ട്രീയ കൊലപാതകങ്ങളുടെ വേലിഏറ്റമാണ്. ഒരു കൊല്ലം കൊണ്ട് പതിനെട്ടു പേര്‍ കൊല്ലപ്പെട്ടു . സ്ത്രീകള്‍ക്ക് നേരയുള്ള അക്രമങ്ങള്‍ കൂടി . അത് പോലെ വിലകയറ്റവും വര്‍ധിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പദ്ധതി ചിലെവിന്‍റെ നല്ലൊരു ഭാഗം ചിലവഴിക്കാന്‍ പോലും പറ്റിയില്ല. ഐസ്സക്കിന്റെ ബജറ്റ് പ്രസംങ്ങഗള്‍ നല്ലതായിരുന്നു . പിന്നെ എന്താണ് പ്രശ്നം? എട്ടിലെ പശു പുല്ലു തിന്നുകയില്ല എന്നതാണത് . പ്രസംങ്ങിക്കാനും ടീ വി ചര്‍ച്ചകളില്‍ ശോഭിക്കുവാനും വാക്ക് സാമര്‍ധ്യവും കുറെ വിവരവും ഉണ്ടായാല്‍ മതി. പക്ഷെ പറഞ്ഞ കാര്യങ്ങള്‍ നടത്തിഎടുക്കാന്‍ അത്ര എളുപ്പമല്ല. പണ്ട് ഐസക്ക് പറഞ്ഞ ഇസ്ലാമിക് ബാങ്ക് എങ്ങും എത്തിയില്ല . ഇപ്പോള്‍ കിഫ്ബി വച്ച് വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള ആഗ്രഹങ്ങള്‍ ഒരു വര്ഷം കഴിഞ്ഞും ആഗ്രഹങ്ങളായി തന്നെ നില്‍ക്കുന്നു.
മിക്ക മന്ത്രിമാരുടെയും പെര്ഫോര്‍മന്സു ആവരേജാണ്. ചിലരുടെത് അതിനും താഴെ. കൃഷി മന്ത്രിമെത്രാന്‍ കായല്‍ കൃഷി പോലെ ചില കാര്യങ്ങള്‍ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. മറ്റെല്ലരും സര്‍ക്കാര്‍ കാര്യങ്ങള്‍ മുറ പോലെ എന്ന മട്ടിലാണ്. പല വകുപ്പുകളിലും ഭരണം സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന സാധാരണ പോക്ക് മാത്രമാണ്. മൂന്നാറിലെ കലാ പരിപാടികള്‍ സര്‍ക്കാരിന്‍റെ പല ന്യൂനതകളെയെയും തുറന്നു കാട്ടി. ബാലകൃഷ്ണ പിള്ളയെ പോലോരാളെ സര്‍ക്കാര്‍ സന്നാഹങ്ങലോടെ കുടിയിരുത്തിയത് രാഷ്ടീയ ധാര്‍മികത എന്നത് വെറും വാചകമടിക്കപ്പുറമില്ലന്നു വെളിവാക്കി . പല കാര്യങ്ങളിലും അധികാര ധാര്‍ഷ്ട്യം പ്രകടമായി എന്നത് നല്ല കാര്യമല്ല.
ഇതൊക്കെ പറഞ്ഞാലും ഏറ്റവും നല്ല കാര്യം . ജാതി മത ശക്തികളെ അകലത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് . അവര്‍ കഴിഞ്ഞ സര്ക്കാരിന്‍റെ കാലത്ത് ബ്ലാക്ക് മെയില്‍ രാഷ്ട്രീയം കളിച്ചു കുളമാക്കി. ഇപ്പോഴത്തെ മുഖ്യ മന്ത്രി പിണറായി വിജയന്‍ ചെയ്ത ഏറ്റവും നല്ല കാര്യം അങ്ങനെയിള്ളവരെ അകലത്തില്‍ തന്നെ നിര്‍ത്തി എന്നതാണ് . ഈ കാര്യത്തില്‍ ആണ് മുഖ്യ മന്ത്രി നല്ല പെര്‍ഫോര്‍മന്‍സ് കാഴ്ച വെച്ചത്.
ഭരണം ആകെ മൊത്തത്തില്‍ ശരാശരി പെര്‍ഫോര്‍മന്‍സ് ആയിരുന്നു. എന്നാല്‍ രണ്ടാം കൊല്ലം കൂടുഅതല്‍ മെച്ചപ്പെടുത്താന്‍ ഉള്ള ഒരു സ്കോപ്പുണ്ട് .

No comments: