Monday, May 22, 2017

പുലിംഗം മുറിച്ചു പെണ്‍കുട്ടി കേരള സമൂഹത്തോട് വിളിച്ചു പറയുന്നത് .


ഒരു ജനായത്ത സമൂഹത്തില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതത്ര്യം ഉണ്ട് . അത് ശശി തരൂരിനും ഉണ്ട് . അതിനോട് വിയോജിക്കുവാനും എല്ലാവര്ക്കും സ്വാതന്ത്ര്യം ഉണ്ട് .
എന്ത് കൊണ്ടാണ് ഒരു പെണ്‍കുട്ടി ഒരു 'സന്യാസി' സ്വാമിയുടെ ലിംഗം മുറിച്ചു എടുക്കേണ്ട അവസ്ഥയിലേക്ക് സമൂഹം മാറിയതെന്നാണ് ചോദിക്കണ്ടത്. ഈ സംഭവം നമ്മുടെ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ ഉള്ള പുഴു കുത്തുകളെയാണ് കാണിക്കുന്നത്.
കേരളത്തില്‍ ഇന്ന് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങള്‍ കൂടി വരുന്നെത് എന്ത് കൊണ്ടാണ് ?. പണ്ടും കേരളത്തില്‍ ലൈംഗീക ആക്രമണങ്ങള്‍ വീടിന്‍റെ നാല് ചുവരുകല്‍ക്കുളില്‍ നിശബ്ദതയുടെ വേദനയോടെ അനുഭവിച്ച ഒരു പാടു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. പലരും ആത്മഹത്യില്‍ അഭയം തേടി. ഇന്ന് ഇങ്ങനെയുള്ള ലൈംഗീക ആക്രമങ്ങള്‍ പലപ്പോഴും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപെടുന്നുണ്ട് . ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാത്ത ഒരു ദിവസവും ഇല്ല എന്നതാണ് സത്യം. പലപ്പോഴും മീഡിയ ഒരു ദിവസം ഇത് ചര്ച്ചിട്ടു അടുത്ത വിഷയം വരുമ്പോള്‍ അതിന്‍റെ പുറകെ പോകും . രാഷ്ട്രീയ നേതാക്കള്‍ അന്നരത്തെ മൂഡിന് അനുസരിച്ച് കൂട്ടത്തില്‍ പാടുകയും കണ്ടത്തില്‍ പൂട്ടുകയും ചെയ്തിട്ട് ,സര്‍ക്കാര്‍ കാര്യം മുറ പോലെ ഓടിച്ചു കൊണ്ട് പോകും .
എന്ത് കൊണ്ട് ആ പെണ്കുട്ടിയോ , അല്ലെങ്കിലെ വേറൊരു പെണ്‍കുട്ടികളും പോലിസിനെ വിളിക്കുന്നില്ല ? അത് കൊണ്ട് ഒരു കാര്യവുമില്ല എന്ന ബോധ്യത്തില്‍ നിന്നുമാണതു. പോലീസില്‍ പെണ്‍കുട്ടികള്‍ പരാതി പെട്ടാല്‍ പോലിസ് പലപ്പോഴും വാദിയെ പ്രതി ആക്കുന്ന ഏര്‍പ്പാടാണന്നു ജനം ചിന്തിച്ചാല്‍ കുറ്റം പറയുവാന്‍ സാധിക്കുകയില്ല. പലപ്പോഴും ഇങ്ങനെയുള്ള ' പെണ്ണ് വിഷയ' കേസുകള്‍ തേച്ചു മാച്ചു കളയുകയാണ് പതിവ്. കൊലപതകങ്ങള്‍ പോലും അത്മ്ഹത്യായി ആളും തരവും , പോക്കെറ്റിന്‍റെ കനവും അനുസരിച്ച് മാറുകയാണ് പതിവ്. പോലീസ് ഇരയെക്കാളില്‍ കൂടുതല്‍ 'വേട്ടക്കരോടപ്പം' ആണെന്ന് ജനത്തിന് തോന്നാന്‍ പല കാരണങ്ങള്‍ ഉണ്ട് . കൊച്ചിയില്‍ ചെറൂപ്പക്കാരായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും നേരെ ശിവ സേന ഗുണ്ടകള്‍ അക്രമം അഴിച്ചു വിട്ടപ്പോള്‍ നോക്കി നിന്ന പോലീസ് കാരെ എങ്ങനെ ഒരു പെണ്‍കുട്ടി വിശ്വസിക്കണം. ഇവിടെ പ്രതി കേരളത്തിലെ 'അധികാര ദല്ലാള്‍ നെറ്റ് വര്‍ക്കില്‍ പെട്ട ഒരു സ്വാമി യാണ്. അത് കൊണ്ട് തന്നെ പെണ്‍കുട്ടി പോലീസില്‍ നേരത്തെ പരാതി പെട്ടിരുന്നെങ്കില്‍ വാദി പ്രതിയാകാന്‍ ആണ് സാധ്യത.
ഒരാള്‍ സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരാണെങ്കില്‍ പോലീസില്‍ നിന്നും കോടതിയില്‍ നിന്ന് നീതി കിട്ടുവാന്‍ ഇന്ത്യ മഹാരാജ്യത്തു വലിയ പ്രയാസമാണ് .ഇവിടെ പലപ്പോഴും പോലീസും കോടതിയും പണക്കാര്‍ക്കും വരേണ്യ വിഭാഗത്തില്‍ പെട്ടവര്‍ക്ക്മാണെന്ന് ഒരു സാധരണക്കാരന്‍ വിചാരിച്ചാല്‍ തെറ്റില്ല . ശശി തരൂരിന്‍റെ യോ പിണറയി വിജയന്‍റെയോ , അങ്ങനെയുള്ള രാഷ്ട്രീയ വരേണ്യരുടെയു പോലീസും കൊടതിയുമല്ല ഇവിടുത്തെ സാധാരണ പാവപ്പെട്ട ആളുകളുടെ പോലീസും കോടതിയും . അവര്‍ക്ക് ഹരീഷ് സാല്‍വെയുടെയും അരുണ്‍ ജൈട്ലിയുടെയും, ചിതമ്പരത്തിന്ന്‍റെയും , കബില്‍ സിബലിന്‍റെയും ഒരു ദിവസത്തെ ഫീസ്‌ പത്തു ജന്മങ്ങളില്‍ പോലും സ്വപ്നം കാണാനാകില്ലെന്നു ഇവിടുത്തെ രാഷ്ടീയ വരേണ്യര്‍ക്ക് അറിയില്ലെങ്കില്‍ അവര്‍ക്ക് ഈ രാജ്യത്തെ കുറിച്ച് ഒരു ചുക്കുമറിയില്ല. ഇവിടുത്തെ പാവപെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും പോലീസിനെയും കോടതിയും വക്കീല്‍മാരെയും പേടിയാണെന്ന് സമൂഹത്തിലെ വരേണ്യര്‍ക്ക് പലര്‍ക്കുമറിയില്ല .
ആത്മീയ വ്യാപാര-വ്യവസായവും അതിനൊപ്പം രാഷ്ട്രീയ ദല്ലാള്‍ പണിയും ചെയ്യുന്ന ഒരു ഇത്തിള്‍ കണ്ണി വര്‍ഗ്ഗം കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവര്‍ ഒരു മതത്തിന്‍റെയോ , ജാതിയുടെയോ മേല്കുപ്പയമിട്ടാല്‍ പെട്ടന്നു സമൂഹത്തില്‍ വരേണ്യരാകുന്നു. ജാതി മത സത്വങ്ങളെ പേടി കൊണ്ട് പ്രീണിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഇങ്ങനെയുള്ളവരെ വോട്ടു കിട്ടുമെന്ന പ്രതീക്ഷയില്‍ സുഖിപ്പിച്ചു നിര്‍ത്തും. അവര്ക്ക് ഇന്ന് വലിയ സര്‍ക്കാര്‍ സെക്ക്യുരിട്ടി നല്‍കുന്നത് അവര്‍ക്ക് കൂടുതല്‍ മറവിനും, അവരുടെ ബിസിനസ്സ് സുരക്ഷക്കുമാണ് .
ആത്മീയ വ്യാപാര വ്യവസായത്തിലെ കള്ള നാണയങ്ങള്‍ പോലും കാശുണ്ടെങ്കില്‍ മാന്യമാരായി എന്ത് വൃത്തി കേട്ട തെമ്മാടിത്തരങ്ങളും , സ്ത്രീ പീഡനങ്ങളും , കൊല പാതകങ്ങളും നടത്തിയാലും അത് കാശും മന്ത്രവും , തന്ത്രവും കൊണ്ട് തേച്ചു മായിക്കാന്‍ അവര്‍ക്കറിയാം. സിസ്റ്റര്‍ അഭയ കേസിനെന്തു പറ്റിയെന്നു എല്ലാവര്ക്കും അറിയാം. അമൃത പുരിയെലെ കേസുകള്‍ക്ക്‌ എന്ത് സംഭവിച്ചെന്നു എല്ലാവര്ക്കും അറിയാം. പല പീഡനങ്ങള്‍ അനുഭവിച്ച പെണ്‍കുട്ടികള്‍ പോലീസില്‍ നിന്ന് അനുഭവിച്ച ആത്മ പീഡനങ്ങള്‍ എത്രെയനെന്നു ഇവിടെയുള്ള എല്ലാവര്ക്കും അറിയാം.
പല തരം പുതിയ അരക്ഷിതാവസ്ഥകള്‍ അനുഭവിക്കുന്ന ഇടത്തരം വീടുകളിലാണ് എല്ലാ ജാതി മത വിഭാഗത്തില്‍ പെട്ട ആത്മീയ വ്യാപാരി വ്യവസായികള്‍ ഇരകളെ തേടി ഇറങ്ങുന്നത് . പലപ്പോഴും അവരുടെ അരക്ഷിതാവസ്തകളെ മുതലെടുത്തു ലൈംഗീക ചൂഷണത്തിനും അതിക്രമങ്ങള്‍ക്കും ഇരയാക്കപ്പെടുന്ന ഒരു അവസ്ഥ ഇന്ന് കേരളത്തില്‍ ഉണ്ട് . ഇങ്ങനെയുള്ള ഒന്നോ രണ്ടോ കേസുകള്‍ വെളിച്ചത്തു വരുമ്പോഴാണ് ആത്മീയര്‍ എന്ന് നടിക്കുന്ന കപട മുഖങ്ങളെ തിരിച്ചറിയുന്നത്‌. ഇങ്ങനെയുള്ള പുഴുകുത്ത്കളെ സമൂഹം തിരിച്ചറിയപെടെണ്ടിയിരിക്കുന്നു .
ഒരു സ്വാമിയുടെ ലിംഗം മുറിക്കേണ്ടി വന്ന പെണ്‍കുട്ടി ലോകത്തോടു വിളിച്ചു പറയുന്നെന്താണ്? ഒന്നാമതായി, സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ , പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, പോലീസ്, നിയമ നീതി വ്യവസ്ഥയില്‍ വിശ്വാസം ഇല്ല എന്ന അവസ്ഥയാണ് .
രണ്ടാമതായി, കേരളത്തില്‍ ഭീകരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന നാനാ മത ജാതികളിലെ അത്മീമീയ വ്യാപാര വ്യവസായം ( ടീ വി ഉള്‍പെടെ) കേരള സമൂഹത്തെയും കേരള രാഷ്ട്രീയത്തെയും കൂടുതല്‍ പ്രതി സന്ധികളിലേക്ക് തള്ളി വിടും.
ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പലതും അടിയില്‍ നിന്ന് തുരുമ്പെടുക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ വോട്ടു തേടി പോകുന്നതും , സ്ഥാനര്‍ഥികളെ തിരഞ്ഞെടുക്കുന്നതും പലപ്പോഴും ജാതി മത സംഘടനകളുടെ ഒത്താശയോടെയാണ്. ഇന്ന് പല രാഷ്ട്രീയ നേതാക്കളും സീറ്റ് കിട്ടാന്‍ പോകുന്നത് അവിടെയാണ്. ഇങ്ങനെ ജാതി മത സംഘടനകളെ വച്ച് സ്വത്വ രാഷ്ട്രീയവും പിന്നെ അവരുടെ വ്യക്ത്തി താല്‍പ്പര സമ്മര്‍ദ്ദ രാഷ്ട്രീയ ദല്ലാള് മാരുടെ അടുത്താണ് ഇന്ന് ഒട്ടുമിക്ക നേതാക്കളും . ഇത് കേരളത്തില്‍ ഉള്ള എല്ലാ മുന്നണികളും ചെയ്യുന്ന ഒരു രാഷ്ട്രീയ ആഭാസമാണ് . ലിംഗം പോയ സ്വാമി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്തു ബന്ധമുള്ള ഒരു 'കാവി വര്യന്‍' ആയിരുന്നു എന്നത് യാദ്രിശ്ചികം അല്ല .
ഒരാളുടെ ലിംഗം മുറിച്ചത് കൊണ്ട് തീരുന്നതല്ല ഒരു പുരുഷ മേധാവിത്ത സമൂഹത്തില്‍ സ്ത്രീകളോടുള്ള സമീപനം . അത് കൊണ്ട് മാത്രം ഇവിടെ സ്ത്രീകള്‍ക്ക് നേരയുള്ള ലൈംഗീക അതിക്രമങ്ങള്‍ കുറയുകയില്ല. അതിനു സമൂഹത്തിന്റെ മനസ്ഥിതിയും കാഴ്ചപ്പാടും മാറണം. അത് ആദ്യം മാറേണ്ടത് അവരവരുടെ വീടുകളിലും കുടുമ്പത്തിലുമാണ് . അത് മാറേണ്ടത് സ്കൂളിലുകളില്‍ നാം എന്ത് എങ്ങനെ പഠിക്കുന്നു എന്നത് ആശ്രയിച്ചാണ് . അത് ഒരോ കുട്ടികള്‍ക്കും സ്ത്രീ പുരുഷ സമാനതയിലും , ലിങ്ങ നീതിയിലും , സെക്സ്നെ കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റം വരുംമ്പോഴാണ്. അത് മാറുന്നത് കപട-സദാചാരങ്ങളെ പൊളിച്ചടുക്കി സ്ത്രീകള്‍ക്കും പുരുഷന്‍ മാര്‍ക്കും പരസ്പര ബഹുമാനത്തോടെയും തുല്യതയോടും സ്വന്ത്ര്യത്തോടും ഇടപെടാന്‍ കഴിയുമ്പോഴാണ്‌
ലിംഗം മുറിച്ച് ആ പെണ്‍കുട്ടി കേരളത്തോടു വിളിച്ചു പറയുന്നത് കേരളം ഒരു രോഗാതുരമായ സമൂഹം ആയിരിക്കുന്നു എന്നതാണ്. അത് കൊണ്ട് തന്നെ ഈ സമൂഹത്തെ മാറ്റേണ്ട ചുമതല ഒരു രാഷ്ട്രീയ, സാമൂഹിക , ധാര്‍മിക ഉത്തരവാദിത്തമാണ് .
മാറ്റം നമ്മുക്കുള്ളിലും, പിന്നെ സമൂഹത്തിലും ഉണ്ടാകണം. മാറ്റം ഉണ്ടാക്കാന്‍ നമ്മള്‍ എല്ലാം ബാധ്യസ്ഥരാണ്.

No comments: