Saturday, April 1, 2017

ഈ മാധ്യമ ധർമം എന്താണ് ?ആരുടേത് ആണ് ?ആരാണ് പാലിക്കേണ്ടത് ?


ഇപ്പോഴത്തെ ചർച്ച കഴുത്തറപ്പൻ മാദ്ധ്യമ ചന്തയിൽ ചീഞ്ഞ മീൻ വിറ്റ് നാറ്റിച്ച 'മന്ഗളം' ഇല്ലാതെ തുടക്കമിട്ട ടീവി ക്കുമപ്പുറം പോകണം.
ആദ്യമായി മാധ്യമ പ്രവര്‍ത്തകരും മാധ്യമ കച്ചവടവും രണ്ടും രണ്ടാണ് എന്നതാണ് .എല്ലാ രംഗത്തെയും പോലെ മാധ്യമ രംഗത്തും ആത്മാര്‍ത്ഥതയും സത്യ സന്ധതയോടും പ്രൊഫഷണലായി തൊഴില്‍ ചെയ്യുന്നവരുണ്ട്. അവര്‍ മിക്കപ്പോഴും തങ്ങളുടെ താല്പര്യങ്ങള്‍ വാര്‍ത്തകളില്‍ കൊടുക്കാറില്ല. സാധാരണ മാധ്യമ പ്രവ്രത്തകരില്‍ കൂടുതലും സത്യസന്ധമായി പണിഎടുത്തു ജീവിക്കുന്ന നല്ല മനുഷ്യരാണ് . അവര്‍ക്ക് സത്യസന്ധമായി ജോലിചെയ്യുന്നത് കൊണ്ട് വെല്ലുവിളികളും നേരിടേണ്ടി വരും.
എന്നാല്‍ മാധ്യമ കച്ചവടത്തിന്റെ ലോജിക്കും ധര്‍മ്മവും വേറെയാണ് . പലപ്പോഴും മാധ്യമ പ്രവര്‍ത്തകരുടെ ധര്മ്മത്തിനു അനുസരിച്ചയിരിക്കില്ല മാധ്യമ മുതലാളി മാരുടെയും കച്ചവടക്കാരുടെയും ധര്‍മ്മം. സമീര്‍ ജയിന്‍ ടൈംസ്‌ ഓഫ് ഇന്ത്യയെ ഒരു പൂര്‍ണ കച്ചവട സംരംഭം ആക്കിയപ്പോള്‍ രാജി വച്ച പ്രത്ര പ്രവര്‍ത്തകര്‍ ഏറെയാണ്. നിയോ ലിബറല്‍ യുഗത്തില്‍ ടൈംസ് തുടങ്ങിവച്ച കഴുത്തറുപ്പന്‍ വിപണീ മത്സരം എല്ലാ പ്രത്ര മുതലാളിമാരും തുടരാന്‍ നിര്‍ബന്ധിതരായി .
ഇന്ന് ഒരു മാധ്യമ സ്ഥാപനത്തില്‍ അഞ്ചില്‍ കൂടുതല്‍ വര്ഷം ജോലിയെടുക്കുന്ന മാധ്യമപ്രൊഫെഷനുകളുടെ എണ്ണം കുറവാണ്. കാരണം ഇന്ന് വ്യവസ്ഥാപിത മാധ്യമങ്ങളുടെ ധര്‍മം നിയന്ത്രിക്കുന്നത്‌ കൂടുതലും വിപണീ - രാഷ്ട്രീയ സാഹചര്യങ്ങളാണ്. അതിനു അനുസരിച്ചു മീഡിയ സ്വര വിന്യാസം നടത്തും. അതിനു പറ്റാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് വോളന്ററി രിട്ടയര്‍മെന്ടു കൊടുത്തു വിടും.
ചുരുക്കത്തില്‍ വ്യവസ്തപിത മാധ്യമ ബിസിനസ്സില്‍ മാധ്യമ പ്രവര്കരുടെ പ്രൊഫഷണല്‍ എത്തിക്സിനുള്ള റോള്‍ കുറഞ്ഞു വരികയാണ്.
വ്യവസ്ഥാപിത മാദ്ധ്യമങ്ങൾ ഇന്ന് വ്യവസ്ഥാപിത കച്ചവട സാമ്രാജ്യങ്ങളാണ്. അവിടുത്തെ മുതലാളിമാരുടെ കച്ചവട തന്ത്രത്തിന് അനുസരിച്ചു പേനയുന്തുകയോ, കുഴലൂതുകയോ ചെയ്തു , അട്വെർടൈസ്‌മെന്റു പിടിച്ചു കൊടുത്തു കച്ചവടം കൊഴുപ്പിക്കാൻ വിധിക്കപ്പെട്ടവരാണ് ഇന്നത്തെ ഒരു നല്ല ശതമാനം മാധ്യമ പ്രൊഫഷണൽ തൊഴിൽ പ്രവർത്തകരും. അവരില്‍ പലരും വ്യക്തി പരമായി സത്യസന്ധരാണ്. പക്ഷെ മാധ്യമ ബിസിനസ്സിന്ടെ ലോജിക്കനുസരിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പണി പോകുമെന്ന അവസ്ഥയാണ്‌ ഇന്ന് മാധ്യമ ചന്തയിലേത് .
ഇങ്ങനെയുള്ള മാദ്ധ്യമ ചന്തയിലും ഇന്നും മുല്യങ്ങൾ പണയം വയ്ക്കാതെ സത്യ സന്ധമായി പ്രവർത്തിക്കുന്ന പഴയ മോൾഡിൽ ഉള്ള കുറെ നല്ല മാദ്ധ്യമ പ്രവർത്തകരുള്ളതാണു ഏക ആശ്വാസം.
മീഡിയ ദിനോസറുകളുടെ കാലത്തീന് മുമ്പ് മാദ്ധ്യമ പ്രവർത്തനം ഒരു സർഗത്മക സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ പ്രവർത്തനമായിരുന്നു. അന്നത്തെ മാദ്ധ്യമ പ്രവർത്തകർ വായനയും അറിവും സാമൂഹിക പ്രതിബദ്ധതയും സത്യ സന്ധതയുമുള്ള സൊഷ്യൽ ആക്റ്റിവിസ്റ്റുകളായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ വംശ നാശം നേരിടുന്ന ഒരു ചെറിയ ന്യൂന പക്ഷമായി മാറിക്കൊണ്ടിരിക്കുന്നു.
എന്തെകിലും പ്രതീക്ഷ ഉണ്ടായിരുന്ന നവ മാദ്ധ്യമ മേഖലയും കൂടുതൽ വഷളത്തങ്ങൾ വിളമ്പുന്ന അന്തി ചന്തകൾ ആയി ആയി പരിണമിച്ചിരിക്കുകയാണ്. ഇന്ന് നവ മാദ്ധ്യമ പ്രവർത്തനം പലർക്കും ഒരു വെബ്സൈറ്റും പത്തു പുത്തനുംരണ്ടു കൂലി എഴുത്തുകാരും ഉണ്ടെങ്കിൽ തുടങ്ങാവുന്ന ഒരു മാടക്കട കച്ചവടമായിരിക്കുന്നു. എങ്കിലും നവ മാദ്ധ്യമ രംഗത്തു നല്ല ചില സംരംഭങ്ങൾ ഉണ്ടെന്നത് കുറെയൊക്കെ ആശ്വാസമാണ്.
മാദ്ധ്യമ ധർമ്മത്തെ അധികാര രാഷ്ട്രീയത്തിന്റ ധാർമ്മികതയും പിന്നെ വിപണിയുടെ ധാർമ്മികതയും സമൂഹത്തിന്റെ ധാർമ്മികതയും ആയി കൂട്ടി വായിക്കേണ്ടതുണ്ട്. നിയോ ലിബറൽ യുഗത്തിലെ മീഡിയ വൻകിട ' പ്രമുഖ 'മുതലാളി മാർക്കും വിപണിക്കും കുട പിടിച്ചു കൊടുക്കുന്ന ഒരു ഏർപ്പാടാണ്. അഡ്വെർട്ടസ്‌മെന്റും മാർക്കറ്റിങ് വിഭാഗവും ആണിന്നു എന്താണ് ന്യുസെന്നും പിന്നെ ന്യുസിന്റെ ജ്യുസും നിയന്ത്രിക്കുന്നതും
അധികാര രാഷ്ട്രീയവും കക്ഷി രാഷ്ട്രീയവും മീഡിയ മുതലാളിമാരും തലസ്ഥാന നഗരികളിലെ പ്രമുഖ മാധ്യമ ശിങ്കങ്ങളും കൂടിയുള്ള ഒരു കൂട്ടു കച്ചവടമാകുമ്പോഴാണ് മാധ്യമ പ്രവർത്തനം തന്നെ കൂട്ടി കൊടുപ്പലും കൊടുക്കൽ വാങ്ങലുകളുമാകുന്നത്. സർക്കാരാണ് ഇന്ന് ഏറ്റവും കൂടുതൽ പരസ്യം കൊടുക്കുന്ന കമ്പിനി. കക്ഷി രാഷ്ട്രീയക്കാർ ഈ തുറുപ്പു ചീട്ടിട്ട് മാദ്ധ്യമ മുതലാളിമാരെ കയ്യിലെടുക്കും.
ഇന്ന് മൂലധന വേലിയേറ്റത്തിൽ വൻകിട മുതലാളിമാരുടെ കച്ചവട സ്വാർത്ഥ താൽപര്യങ്ങൾ കാക്കുന്ന അധികാര രാഷ്ട്രീയത്തിലേക്കുള്ള ഒരു പാലമാണ് മീഡിയ ബിസിനിസ്സ്. നാലു ഗുജറാത്തികൾ ചേർന്നു ഇന്ന് ഇന്ത്യ മഹാരാജ്യം ഭരിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് മോദി -ഷാ കമ്പനിക്കു കുട പിടിച്ചു കൊടുക്കുവാൻ അമ്പാനി മീഡിയയും പിന്നെ അമ്പാനി -,അദാനി രാഷ്ട്രീയത്തിൽ ഇൻവെസ്റ്റ് ചെയ്യുന്ന മൂല ധനവുമാണ്. ഇങ്ങനെയുള്ള അധികാര-വിപണീ ബാന്ധവങ്ങളിലെ കാശുവാങ്ങി നാഗസ്വരം വായിക്കുന്ന അധികാരത്തിന്‍റെ ഇത്തിക്കണ്ണികളാണ് അർണാബ് ഗോസ്വാമിയെപ്പോലെയുള്ള മാധ്യമ ചന്തയിലെ മുച്ചീട്ട് കളിക്കാർ. രാജീവ് ചന്ദ്രശേഖറിനെയോ സുഭാഷ് ചന്ദ്രയെ പോലുള്ള കച്ചവടക്കാർ മാദ്ധ്യമ ചന്തയിൽ ഇറങ്ങിയത് എന്തെങ്കിലും ധാർമ്മിക കർമ്മത്തിനല്ല.ആര് അധികാര രാഷ്ട്രീയം നിയന്ത്രിക്കുന്നുവോ എവിടെ അവരുടെ കച്ചവട -വ്യക്തി താൽപര്യങ്ങക്കു കൂടുതൽ ലാഭം കിട്ടുന്നുവോ അവിടെയാണ് അവരുടെ മാദ്ധ്യമ ധർമ്മം. കൊണ്ഗ്രെസ്സ് ഭരണത്തിൽ ഉള്ളപ്പോൾ കൊണ്ഗ്രെസ്സ് കാരും ബി.ജെ പ്പി ഭരണത്തിൽ ഉള്ളപ്പോൾ ബിജെപി കാരും ആകുന്നതാണിവരുടെ ധാർമ്മികത
ഇന്നു ലോക സഭയിലും രാജ്യ സഭയിലും ഉള്ള മിക്ക മാദ്ധ്യമ കേസരികളും അവിടെഎത്തിയത് ഇങ്ങനെയുള്ള അവിശുദ്ധ കൂട്ടു കച്ചവടങ്ങളിൽ കൂടിയും കൂട്ടി കൊടുക്കലുകളിൽ കൂടിയൊക്കയാണ്.
കേരളത്തിൽ മംഗളം ടീ വി യിലെ ഫേക്ക് ന്യുസ് അശ്ലീതക്കെതിരെ ഇപ്പോൾ ഫൗൾ പറയുന്ന അവസര വാദ ധാർമ്മികത എത്രമാത്രം അർത്ഥവത്താണ് ? മലയാള റ്റീ വി മാധ്യമങ്ങളെ ഒരു വസ്തുനിഷ്ട്ട മാധ്യമധർമ്മ വിലയിരുത്തൽ നടത്തിയാൽ പലരുടെയും നില പരിതാപകരമായിരിക്കും. കക്ഷി -രാഷ്ട്രീയ -മാധ്യമ ഒത്തുതീർപ്പുകളും വടം വലികകളും രാജധാനി രാഷ്ട്രീയത്തിലെ അഡ്ജസ്റ്റുമെന്റുകൾ ആകുമ്പോൾ ആരുടെയൊക്കെ ധാർമ്മികത എപ്പോഴൊക്ക ആര് ഉപയോഗിക്കുമെന്നത് കാണിച്ചു തരുന്നുണ്ട്. അത്‌ കൊണ്ടു തന്നെയാണ് തിരെഞ്ഞെടുപ്പ് കഴിഞ്ഞ സുപ്രഭാതത്തിൽ സരിതകാണ്ഡ ആട്ടകഥയും ബിജൂ രമേശിന്റെ സുവിശേഷ പ്രസംഗവും പൊടുന്നനെ നിന്നത്.
ഉടനടി ബ്രെക്കിങ് ന്യൂസ് പാട്ട് മത്സരവും പിന്നെ കഴുത്തറപ്പൻ മാദ്ധ്യമ വിപണീയുമാണ് റ്റീ വി യേ ഒരു മസാല മീഡിയയാക്കിയത്. റ്റീ ആർപി യും പരസ്യവരുമാനവും തേടിയുള്ള പരക്കം പാച്ചിലിൽ ഒരു ധാർമ്മികതെ കുറിച്ചു ആലോചിച്ചു തല പുണ്ണാക്കാൻ ആർക്കാണ് സമയം. ഇവർക്ക് മസാലയുള്ള ഒരു ന്യുസ് കിട്ടിയാൽ മൂന്നു ദിവസത്തെ അന്തി ചർച്ചക്കുള്ള വകയാകും.പിന്നെ തിരുവന്തപുരത്തും കൊച്ചിയിലും ഇഞ്ചി മുതൽ ഇന്റർനെറ്റ് വരെയുള്ള വിഷയങ്ങളിൽ വൈദഗ്ദ്യമുള്ള സ്ഥിരം ആസ്ഥാന വിദഗ്ധരും, 'സ്വന്തത്ര' മാദ്ധ്യമ, നിരീക്ഷകരും, പാർട്ടി വക്കീലന്മാരും ചർച്ച തൊഴിലാളികളും ഫ്രീയായിട്ടു അന്തിചർച്ചക്ക് വരുമെന്നതിനാൽ ലാഭകച്ചവടമാണ് മസാലമയമായ അന്തി ചർച്ചകൾ. മസാല കൂടുതല്‍ ഉണ്ടെങ്കില്‍ ടി ആര്‍ പി കൂടും. ടി ആര്‍ പി കുടിയാല്‍ പരസ്യ വരുമാനം കൂടും. അത് തന്നെ മസാലക്കുള്ള പ്രിയം. പിന്നെ ഒരു കൊച്ചുകേരളത്തില്‍ പത്തു പതിനഞ്ചു ന്യൂസ് ചാനലുകള്‍ ഉണ്ട് . ഇവയില്‍ പലതും അവരുടെ ജോലിക്കാര്‍ക്ക് ശമ്പളം പോലും നേരാവണ്ണം കൊടുക്കുന്നില. ഇന്‍ഡ്യ വിഷന്‍ വേണെമെങ്കില്‍ ഒരു കൈയിസ് സ്ടടി ആണ് . ഇന്നു പല ടീ വി സംരംഭങ്ങളുടെയും പിന്നാംപുറ കഥ തെടിപ്പോയാല്‍ മാധ്യമ ധര്‍മം വെറും പാഴ്വാക്ക് മാത്രമാണെന്ന് തീര്പ്പിക്കം.
പക്ഷെ അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ലൈംഗീക-രതീ ദാരിദ്രം അനുഭവിക്കുന്ന കൂടുതൽ ഫ്രസ്‌റ്റേഷനുകൾ ഉള്ള ഒരു പുരുഷ മേധാവിത്ത സമൂഹത്തിൽ ഒളിഞ്ഞു നോട്ടവും പൊണും എല്ലാം ഒരു തരം രോഗമാണ്. അതിന്റെ അനുബന്ധമാണ് 'മോറൽ പോലീസ് ' എന്ന പേരിൽ അറിയപ്പെടുന്ന ഞരമ്പ് രോഗം. അതുകൊണ്ടു തന്നെ മന്ത്രിയുടെ ഫോണിൽകൂടെയുള്ള ലൈംഗീക വിരേചനം ലക്ഷക്കണക്കിന് മലയാളികൾ കേട്ടു കാണും. മംഗളം ടി വി ക്ക് അന്ന് തട്ടു തകർപ്പൻ ടി ആർ പി യും കീട്ടിക്കാണും.
മീഡിയ ഒരു കച്ചവട സംരംഭമാണ്. കാശിറക്കി കളിക്കേണ്ട ഒരു കളി. ഇവിടെ സെക്സ് മസാലക്കു മാർക്കെട്ടുണ്ടെന്നു അവർക്കറിയാം. മംഗളത്തിലെ ചേരുവ തെറ്റിപ്പോയെന്ന് മാത്രം. ഉണ്ണിത്താനെ വളഞ്ഞു വച്ചു ഒരു ടീവി ചാനൽ അക്രമിച്ചപ്പോഴും, അബ്ദുള്ളകുട്ടിയെ ചേസ് ചെയ്ത് ബ്രെക്കിങ് ന്യുസ് കൊടുത്ത്, പിന്നെ കോയമ്പത്തൂരിൽ മുൻ മുഖ്യമന്ത്രിയുടെ വീഡിയോക്ക് വേണ്ടി ലൈവ് നെട്ടോട്ടമോടിയ മാന്യന്മാരിൽ പലരുമാണ് ഇന്ന് മാധ്യമ ധർമ്മത്തെകുറിച്ചു പ്രസംഗിക്കുന്നത്.
ഇവിടെ അത്യാവശ്യം ഇക്കിളി കാബറെ സിനിമ പോലെയുള്ള ന്യുസുകൾക്കിടയിൽ മംഗളം ഒരു തുണ്ട് പട ന്യുസിറക്കി ആളെ പിടിക്കാനുള്ള കളിയാണ് പാളിയത്. അത്‌ കള്ളത്തരത്തിലൂടെ കാശുണ്ടാക്കാൻ മുതലാളിയും അങ്ങേരുടെ ശിങ്കിടി പത്ര പുങ്കവരും അതിമിടുക്ക് കാണിച്ചപ്പോൾ പറ്റിയ മാധ്യമ ധർമമാണ്. പണി പാളി കൈവിട്ടുപോയപ്പോൾ മാപ്പ് പറഞ്ഞു തടി ഊരി ഒരു സ്ത്രീയെ പ്രതിക്കൂട്ടിലാക്കുന്നതും അവരുടെ ധർമ്മത്തിന്റെ വ്യാപ്തിയേ കാണിക്കുന്നു.
ഒരു ചൈനീസ് പഴമൊഴി പറയുന്നത് ഒരു കാര്യത്തെ കുറിച്ചു നമ്മൾ കൂടുതൽ സംസാരിച്ചാൽ അത്‌ യഥാർത്തിൽ ഇല്ല എന്നതാണ്. ഇപ്പോഴത്തെ മാദ്ധ്യമ ധാർമ്മിക ചർച്ചയും ചൈനീസ് പഴമൊഴിയേ ശരിവെക്കുന്നു
അപ്പോൾ എന്താണ് മാധ്യമ ധർമം ?ആരുടെ ധർമമാണത് ?

No comments: