Tuesday, April 26, 2016

മലയാളിയുടെ പൊങ്ങച്ച ചാതുര്യo

ഇന്നത്തെ ചിന്താ വിഷയം മലയാളിയുടെ പൊങ്ങച്ച ചാതുര്യത്തെ കുറിച്ചാണ്. കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായി കേരളത്തിൽ കല്യാണത്തിന് മരണത്തിനും എന്തിന് പറയുന്നു തിരഞ്ഞെടുപ്പിന് പോലും ഇവന്റ് മാനേജ്മെന്റ് എന്ന പേരിലുള്ള ഒരു തരികിട ഏർപ്പാടുണ്ട്. വിദേശത്തു ഒക്കെ പോയോ റിയൽ എസ്റ്റേറ്റ് എന്ന പേരിൽ വസ്തു കച്ചോടം നടത്തിയോ സ്വർണ്ണ കടയോ ബ്ലേഡ് കമ്പനിയോ വട്ടി പലിശയോ കള്ളൂ കച്ചവടമോ മാർബിൾ കച്ചവടമോ ഒക്കെ , ഇതോന്നുമില്ലങ്കിൽ നല്ല കൈക്കൂലി കിട്ടുന്ന സർക്കാരുദ്യോഗമോ ഒക്കെയായി മലയാളിക്ക് പത്തു പുത്തനയി തുടങ്ങിയപ്പോൾ തുടങ്ങിയ പൂതിയാണ് ഇവന്റ് മാനേജ്മെന്റ്. ഇപ്പോൾ കല്യാണമെന്നത് ഒരു പൊങ്ങച്ച റിയാലിറ്റി ഷോ ആക്കിയിരിക്കുകയാണ്. അൽപ്പന് ഐശ്വര്യം വന്നാൽ ആർദ്ധരാത്രിക്കും കുടപിടിക്കും എന്ന പഴമൊഴി ഇവിടെ പാഴായി പോയിട്ടില്ല. കാച്ചിൽ കൃഷ്ണ പിള്ളമാർ നാട്ടിൽ സുലഭം. ഈ അടുത്ത് കൊല്ലത്തുകാരനൊരു പുത്തൻ മുതലാളി ഒരു കല്യാണ ഉത്സവും നടത്തി. നമ്മുടെരാഷ്ട്രീയ സിനിമാ സെലിബ്രിട്ടുകളെയോ ഒക്കെ വിളിച്ചു പട്ടും വളയുമൊക്കെ കൊടുത്തു പാട്ടും പാടി ശാപ്പാടും കൊടുത്തു ഫോട്ടോ ഒക്കെ എടുപ്പിച്ചു നമ്മളെ ഒക്കെ രോമാഞ്ചം കൊള്ളിച്ചു. മൊത്തത്തിൽ ഒരു സിനിമ സെറ്റപ്പ് പോലെയായിരുന്നു എന്നാണ് കേട്ട് കേൾവി. പിന്നെ നമ്മുടെ രാഷ്ട്രീയ നേതാക്കളെല്ലാം ഇങ്ങനെ ഉള്ളടാതെല്ലാം മുന്നിൽ കാണും.ഒഴുകിയ കോടികളുടെ കഥ കേട്ട് നമ്മളെല്ലാം കുശുമ്പ് കുന്നായ്മയും പറഞ്ഞില്ലേൽ നമ്മളെന്ത് മലയാളികൾ!! അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന പോലെ അവരവരുടെ വണ്ണത്തിനും പണത്തിനും അനുസരിച്ചു ഓരോ കക്ഷികളും ആവശ്യാനുസരം ഇവന്റ് മാനേജ്മെന്റ് കമ്പിനിക്കു കരാർ കൊടുക്കും. അപ്പൻ തട്ടി പോയന്ന് പറഞ്ഞാൽ പലരും നമ്മുടെ വിലക്കും നിലക്കുമൊത്ത ഒരു ഇവന്റ് മാനേജ്‌മന്റ് കമ്പിനയെ എപ്പിച്ചു കാര്യങ്ങൾ എല്ലാം നടത്തണമെന്ന് നാട്ടിലുള്ള കൺസൾട്ടിംഗ് കാര്യസ്ഥരെ പറഞ്ഞേപ്പിക്കും. പിന്നെ ഡിസൈനർ ശവ പെട്ടിയായി, സങ്കടത്തോട് പാട്ടു പാടാൻ ഹെവൻലി വോയ്‌സായി, കൊച്ചുമക്കൾക്ക്കിടൻ കറുത്ത സൂട്ടും കോട്ടുമായി സെലിബ്രിറ്റി രാഷ്ട്രര്യക്കാരേം തിരുമേനിമാരേം വിളിക്കാനേർപ്പടക്കി നാട് നെടുകെ പരേതന്റെ നിത്യശാന്തിക്കയോ ഫ്ലെക്സആയി സ്റ്റാർ ഹോട്ടലിൽ നിന്ന് ഭക്ഷണം പിന്നെ ജീവചരിത്രം ലൈവ് ഇന്റർനെറ്റ് ടെലികാസ്റ്റ് ഒക്കെ കൊണ്ട് അപ്പന്റെ മരണം ഒരു പൊങ്ങച്ച പൊങ്കാല ആക്കും. കല്യാണവും മരണവുമല്ല ജീവിതം പോലും പല മലയാളികൾക്കും ഇന്ന് ഒരു ഇവന്റ് മാനേജ്മെന്റ് റിയാലിറ്റി ഷോയാണ്. കല്യാണത്തിന് വിളിക്കുന്നത് നൂറും ആയിരവും ചിലവാക്കി അച്ചടിച്ച കാർഡുകളിൽ. കല്യാണത്തിന് ചെന്നാൽ ഒരു സിനിമ ഷൂട്ടിങ്ങിന് പോകുന്നത് പോലെ. കല്യാണത്തിലെ പ്രധാന പരിപാടി ഫോട്ടോ എടുപ്പാണ്. ശാപ്പാട് കഴിച്ചിലിലും ഫോട്ടോക്ക് പോസ് ചെയ്യാൻ മറക്കരുത്. എല്ലാം ഒരു പാക്കേജാണ്. ഓടി കാറിനു ഓടി കാറു ബെന്സിനു ബെൻസ് ഇപ്പോൾ ജ്വഗറിനാണ് പ്രിയം. ഇതൊക്കെ കഴിയും പോഴൊക്കേം ചെക്കന്റേം പെണ്ണിന്റേം കാറ്റ് പോകും. കുഴഞ്ഞു വിയർത്തു ആദ്യ രാത്രിയിൽ പെണ്ണിനും ചെക്കനും ഒന്ന് മിണ്ടാൻ പോലും ഉള്ള കെല്പില്ലായിരിക്കും. അതിനാണ് ഹണിമൂൺ പാക്കേജ് ഇവന്റുകാർ ശരി ആക്കുന്നത്. കാര്യം എല്ലാം ഭംഗിയായി പരിവസാനിപ്പിച്ചിട്ടു പലരും ആറു മാസത്തിനകം ഡൈവോഴ്സിന് കേസ് ഫയൽ ചെയ്യും. അത് മാനേജ് ചെയ്യാനും ഇവന്റ് കാർ കാണും. പല മലയാളികളും വീട് വക്കുന്നത് അവനു വേണ്ടിയല്ല. അവന്റെ പൊങ്ങച്ചം കാണിക്കാനാണ്. അവൻ വിലയുള്ള ഡിസൈനർ ക്ളോസെറ്റു വക്കുന്നത് അവനു അപ്പി ഇടാനല്ല, മറിച്ചു നമ്മളായിട്ടു എന്തിനാ കുറയുന്നെ എന്ന അപകര്ഷതയിൽ നിന്നാണ്. അവൻ വിലെയേറിയ കാറുകൾ വാങ്ങുന്നത് പലപ്പോഴും കുളിച്ചില്ലേലും കോണകം പുര പുറത്തു കിടക്കണമെനുള്ള മനസ്ഥിതി കൊണ്ടാണ്. ഇപ്പോൾ തിരഞ്ഞെടുപ്പ് തന്നെ ഒരു ഇവന്റ് മാനേജ്‌മന്റ് തരികിടയാണ്. കേരളം വളരുകയാണ്. എല്ലാം ഇപ്പൊ ശരിയാക്കി തരാമെന്നു പരസ്യമെഴുതുകർ ഉറപ്പു തരും. എന്തായാലും സർക്കാരെന്ന ഏർപ്പാട് പോലും ഇപ്പൊ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പിനിയാണ്. അടുത്ത കരാര് പണിക്കു കച്ചോടം കിട്ടുന്നതിന് വേണ്ടി വോട്ടു ചന്തയിൽ ചന്തമായി കാര്യങ്ങൾ പൂർവാധികം ഭംഗിയായി നടക്കുന്നുണ്ട്. ഇനി ഇപ്പോൾ നിങ്ങളെന്താ ഇത്ര സിനികായത് ജോണെന്നു മാത്രം ചോദിക്കരുത്. അത് താങ്ങാനുള്ള ശക്തി ഇല്ല സാറ്. നമ്മൾ മലയാളികൾ ആരാ മോന്മാർ.😊

No comments: