Wednesday, June 6, 2018

പഴയ പാര്‍ട്ടികളുടെ പുതിയ ശോഷണം

ഇന്ന് കേരളത്തിൽ ഉൾപ്പെടെ വളരെ സജീവമായി അങ്ങോട്ട് ചെന്ന് അംഗങ്ങളെ ചേർക്കുന്ന പാർട്ടി ബി ജെ പി മാത്രമാണ്. വളരെ കൃത്യമായി അവർ ആളുകളെ ടാർഗറ്റ് ചെയ്ത് സംവേദിച്ചു ആളുകളെ പല തലത്തിൽ ചേർക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. എഫ് ബി യിൽ സജീവ-പ്രസിദ്ധരുമായ പലരെയും ബി ജെ പി സമീപിച്ചിട്ടുണ്ട്. അതെ സമയത്തു ഗ്രാസ് റൂട്ട് ലവലിലും അതേപോലെ കൃത്യമായി ആളെ ചേർക്കുന്നുണ്ട്.
അത് മാത്രമല്ല ബി ജെ പി ഇന്നൊരു കോർപ്പറേറ്റ് മെഷിൻ ആണ്. സംഘടന എല്ലാ തലത്തിലും കെട്ടി പടുക്കാൻ ആക്ടീവ് ഫീഡർ മെക്കാനിസം ഉണ്ട്. ചിലവാക്കാൻ പതിനായിരക്കണക്കിന് കോടികൾ. വാഗ്ദാനം ചെയ്യൻ ഇഷ്ട്ടം പോലെ സ്ഥാന മാനങ്ങൾ. സ്ഥാന മാനങ്ങൾ വേണ്ടാത്ത ബഹു ഭൂരി പക്ഷം ആർ എസ് എസ് ബാക്ഗ്രൗണ്ടിൽ നീന്നുള്ളവർ. ചേർന്നാൽ ഫുൾ പ്രൊട്ടക്ഷൻ. ഇത് കൊണ്ടൊക്കെയാണ് ബി ജെ പി എല്ലാ സംസ്ഥാനങ്ങളിലും വളരുന്നത്. അവരുടെ വോട്ട് കൂടുന്നതും. അവർക്കു ബൂത്ത് തലം തൊട്ട് മേലോട്ട് സംഘടന സംവിധാനം ഉണ്ട്. ഹൊറിസോണ്ടൽ ആയി ആളുകളെ ചേർക്കുവാനും മറ്റുള്ള പാർട്ടിയിൽ നിന്ന് ചാക്കിട്ട് പിടിക്കാനും ഉള്ള സ്ട്രാറ്റജിയുണ്ട്.
എനിക്ക് ഏറ്റവും അടുത്ത പരിചയമുള്ള അനേകം സി പി എം നേതാക്കളോ കൊണ്ഗ്രെസ്സ് നേതാക്കളോ അവരുടെ പാർട്ടിയിൽ ചേരണം എന്ന് ഇത്‌ വരെ പറഞ്ഞിട്ടില്ല. പിരിവിന് വന്നിട്ടുണ്ട്. കോടുത്തിട്ടും ഉണ്ട്. പിന്നെ വോട്ടിനും.
എന്നാൽ കഴിഞ്ഞ ചില മാസങ്ങൾക്കു മുമ്പ് ഞാൻ ഡൽഹിയിൽ വച്ച് എന്റെ പഴയ ഒരു സുഹൃത്തും ഇപ്പോൾ ബി ജെ പി സർക്കാരിൽ ഉന്നത സ്ഥാനീയനുമായ(മലയാളി അല്ല ) ഒരാളെ അവിചാരിതമായി കണ്ടു മുട്ടി. പിന്നീട് വീണ്ടും കണ്ടപ്പോൾ ആദ്യം പറഞ്ഞത്. നിങ്ങളെപോലുള്ളവരാണ് ബി ജെ പി യിൽ വരേണ്ടത് എന്നതാണ്. അത് മാത്രമല്ല സീരിയസ് ഓഫറും മുന്നിൽ വച്ചു. അതിന് പറ്റിയ ആളല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. അത് മാത്രമല്ല എന്റെ രാഷ്ട്രീയ ബോധ്യങ്ങൾ വില്പനക്കല്ലെന്നും അവർക്ക് കടക വിരുദ്ധമാണെന്നും പറഞ്ഞു.
ചുരുക്കത്തിൽ ഭരണത്തിൽ ഇരുന്ന് തഴമ്പ് പിടിച്ച പാർട്ടികളുടെ ഫീഡർ മെക്കാനിസം ചതുക്കിച്ചു പോയി. കോൺഗ്രസിൽ കെ എസ യു വിലും യൂത്തു കോൺഗ്രസിൽ പോലും ഫീഡർ മെക്കാനിസം വല്ലാതെ ക്ഷയിച്ചു. കോൺഗ്രെസ്സിന്റ പ്രശ്നം ഭരണത്തിൽ ഇരുന്നു തഴമ്പ് പിടിച്ചു വയസ്സായവർ കൂടുതലായത് കാരണം താഴെ തലത്തിൽ ഇറങ്ങി പ്രവർത്തിക്കാനുള്ള കപ്പാസിറ്റി ഒട്ടുമിക്ക നേതാക്കൾക്കും ഇല്ലാതായി. പിന്നെ ഓരോ എം എൽ എ മാരും വീണ്ടും തിരഞ്ഞെടുക്കപെടുന്നത് 80% അവരുടെ സർവൈവൽ ഇൻസ്റ്റിൻകട് കൊണ്ടും അവരുടെ വ്യക്തി ഗത നെറ്റ് വർക്ക്‌ കൊണ്ടുമാണ്. കോൺഗ്രസിൽ കഴിവ് ഉള്ള ആരെങ്കിലും കയറി വന്നാൽ അവരെ വെട്ടും. കഴിവും കാര്യ പ്രാപ്തിയുമുണ്ടെകിൽ കൊണ്ഗ്രെസ്സ് നേതാക്കൾ ഏഴു അയലത്ത് പോലും അടുപ്പിക്കുകയില്ല. ശശി താരൂരിനു പോലും കൂടുതൽ പാര കേരളത്തിലെ കൊണ്ഗ്രെസ്സ് നേതാക്കളിൽ നിന്നായിരിക്കും. കോൺഗ്രസിൽ ചേരുന്നവരുടെ എണ്ണം അനുദിനം കുറയുകയാണ്. പിന്നെ പലയിടത്തും യുവ നേതാക്കൾ മുകളിലോട്ട് വരുന്നത് കുടുംബ കണക്ഷമുകളിൽ കൂടിയാണ്. അവർക്കൊന്നും ഗ്രാസ് റൂട്ട് പോയിട്ട് ജില്ല തലത്തിൽ പോലും പ്രവർത്തിച്ചു പരിചയം കുറവ്. പിന്നെങ്ങനെ പാർട്ടി ഗ്രാസ് റൂട്ട് ലെവലിൽ ഉണ്ടാകും?
സീ പി എമ്മിന്റെയും ഫീഡർ മെക്കാനിസം എസ എഫ് ഐ യും ഡിഫിയുമായി ചുരുങ്ങി. അവരിൽ തന്നെ പ്രത്യയ ശാസ്ത്ര ബോധ്യങ്ങളോ രാഷ്ട്രീയ ധാർമ്മിക ബോദ്യങ്ങളോ ഉള്ളവർ ചുരുക്കം. പിന്നെ സി പി എമ്മിന് ഇപ്പോഴും ഉള്ള അഡ്വെന്റേജ് മിക്ക നേതാക്കളും ഗ്രാസ് റൂട്ട് ലെവലിൽ പ്രവർത്തിച്ചു വന്നതാണ്. പിന്നെ സർവീസ് സംഘടനകൾ ആക്റ്റീവ് ആണ്. അടിസ്ഥാന തലത്തിൽ സംഘട സംവിധാനമുണ്ട്.പക്ഷെ സീ പി എം നും ചെറുപ്പക്കാർ കുറയുകയും പ്രായമുള്ളവർ കൂടുകയുമാണ്. മിക്ക നേതാക്കളും എൺപതുകളിലെ എസ് ഫൈ ക്കാർ. പലപ്പോഴും അടിസ്ഥാന തലത്തിൽ നേതാക്കളുടെ ക്വാളിറ്റി പല കാരണങ്ങൾ കൊണ്ട് കുറഞ്ഞു.
ഭരണത്തിൽ തഴമ്പ് പിടിച്ച പാർട്ടികൾക്ക് പിന്നെയുള്ള പ്രശ്നം നേതാക്കൾ ആയാൽ സ്ഥാന മാന മോഹങ്ങൾ ആകും പ്രധാന മോട്ടിവേഷൻ. അത് കൊണ്ട് തന്നെ നേതൃത്ത തലത്തിൽ സ്വാർത്ഥതയും സ്വന്തം കാര്യം സിന്ദാബാദ് എന്ന ഉൾ സമീപനം കൂടും. അങ്ങനെ സ്വാർത്ഥ രാഷ്ട്രീയം ഉള്ളിൽ ഉള്ളവർക്ക് മറ്റുള്ളവരെ പ്രത്യേകിച്ചു ചെറുപ്പക്കാരെ മോട്ടിവേറ്റ്‌ ചെയ്യാനോ ഇൻസ്പെയർ ചെയ്യാനോ സാധിക്കില്ല. അങ്ങനെ പാർട്ടി ഫീഡർ മെക്കാനിസം ക്ഷയിക്കുമ്പോൾ ആണ് നേതാക്കൾ ജാതി മത ചേരുവകളുടെ കുറുക്കു വഴികളിലൂടെ വോട്ടു കൂട്ടി ജയിക്കാൻ ശ്രമിക്കുന്നത്. അങ്ങനെയുള്ള കുറുക്കു വഴി രാഷ്ട്രീയവും ഫലത്തിൽ ബി ജെ പി യെ യാണ് സഹായിക്കുന്നത്.

No comments: