Wednesday, May 9, 2018

കേരളത്തിലെ കൊലപാതക രാഷ്ട്രീയം


കേരളത്തിൽ വീണ്ടും ഒരു രാഷ്ട്രീയ കൊലപാതകം. ഇപ്രാവശ്യം ഒരു സി പി എം പ്രവർത്തകനാണു കൊല്ലപ്പെട്ടത്. പിന്നെ ഒരു ആർ എസ് എസ് പ്രവർത്തകനും. നഷ്ടപെട്ടത് അയാളുടെ കുടുംബത്തിന്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റ ദുഃഖത്തിൽ പങ്കു ചേരുന്നു. ഇതിന് മുമ്പ് കൊല്ലപ്പെട്ട പല പാർട്ടിയിലും ഉണ്ടായിരുന്നവരുടെ കുടുംബങ്ങളുടെ ദുഖത്തിലും പങ്ക് ചേരുന്നു.
വെറുപ്പിന്റെയും ഹിംസയുടെയും കക്ഷി രാഷ്ട്രീയ ആഭാസത്തിൽ ചാവേറുകളാകുന്നത് താഴെക്കിടയിൽ പ്രവർത്തിക്കുന്ന സാധാരണക്കാരാണ്. പലരുടെയും കുടുംബം കഴ്ട്ടിച്ചു ജീവിക്കുന്ന സാമ്പത്തിക സ്ഥിതിയുള്ളവർ. കൊല്ലുന്നവരും കൊല ചെയ്യുന്നവരും അങ്ങനെയുള്ളവർ തന്നെ. അവർക്ക് പോകാനുള്ളത് ജീവനും കിട്ടാനുള്ളത് ജയിലുമാണ്. അവരിൽ ഒരാൾ പോലും ഉന്നത നേതാക്കളുടെ വീട്ടിൽ നിന്നാകില്ല എന്നത് ഉറപ്പാണ്.
വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകി പ്രോത്സാഹിപ്പിച്ചു നേതാക്കളായവർക്ക് z!+ തൊട്ട് താഴോട്ട് പോലീസ് സന്നാഹങ്ങളുടെ അകമ്പടിയുണ്ട്. ഇഷ്ട്ടം പോലെ പണവും അധികാരവുമുണ്ട്. അവരുട മക്കൾ വൻ നിലകളിൽ വിദേശത്തോ സ്വദേശത്തോ വൻകിട സമ്പത്തുകാരുടെ കൂടാരങ്ങളിൽ സുഖമായി വാഴുന്നു. അടി കൊള്ളാനും കൊടുക്കാനും, കൊല്ലാനും കൊല്ലപ്പെടാനും ഗ്രാസ് റൂട്ടിലെ സാധാരണ കക്ഷി രാഷ്ട്രീയ പ്രവർത്തകർ.
അതാത് രാഷ്ട്രീയ പാർട്ടികളുടെ ഫേസ് ബുക്ക് വക്താക്കൾ തരാതരം പോലെ കൊലയെ അപലപിക്കുകയോ ന്യായീകരിക്കുകയോ ചെയ്യും.. എല്ലാ കൊലേക്കും കാരണം എതിർ ചേരിയിലുള്ളവരുടെ കാപാലിക, ഭീകര രാഷ്ട്രീയമാണെന്ന് സ്ഥാപിക്കും. എതിർ ചേരിയിലുള്ളവരും അത് തന്നെ ചെയ്യും. ഫേസ് ബുക്ക് കക്ഷി രാഷ്ട്രീയ തള്ളുകാർക്ക് നഷ്ട്ടം ഒന്നുമില്ലല്ലോ. പക്ഷെ കൊല്ലപ്പെടുന്നവർ രണ്ടു പേരും സാധാരണ മനുഷ്യർ ആണെന്നത് പകയുടെ രാഷ്ട്രീയത്തിൽ അഭിരമിക്കുന്നവർക്ക് വിഷയമേ അല്ല. അവർ അവരുടെ കക്ഷി രാഷ്ട്രീയത്തിനു അനുസരിച്ചു അപലപിച്ചോ ന്യായീകരിച്ചോ സ്ഥിരം പല്ലവി തുടരും.
അക്രമ രാഷ്ട്രീയം അശ്ളീല രാഷ്ട്രീയമാണ്. ഇരട്ടത്താപ്പ് രാഷ്ട്രീയം മലീനസമാണ്. അണികളെ കൊല്ലാനും കൊല്ലിക്കാനും വിട്ടു അധികാര രാഷ്ട്രീയത്തിന്റ സൗകര്യ സന്നാഹങ്ങളിൽ അഭിരമിച്ചു ജീവിക്കുന്നവരുടെ ഹിംസയുടെ രാഷ്ട്രീയം ജീര്ണിച്ചു ചതുുക്കിച്ച കക്ഷി രാഷ്ട്രീയമാണ്.
കൊന്നും കോല വിളിച്ചും അക്രമാസക്ത്തവുമായ രാഷ്ട്രീയമാണോ നമുക്ക് വേണ്ടത്? കുടിപ്പകയുടെയും, വെറുപ്പിന്റെയും രാഷ്ട്രീയമാണോ നമുക്ക് വേണ്ടത്? ഭീതിയുടെയും അസഹിഷ്‌ണുതയുടെയും രാഷ്ട്രീയമാണോ കേരളത്തിൽ വേണ്ടത്?
വാക്കിലും പ്രവർത്തിയിലും അസഹിഷ്ണുതയും, അക്രമവും, ഹിംസയും നിറഞ്ഞ രാഷ്ട്രീയ സംസകാരത്തിന് കേരളത്തിൽ മാറ്റമുണ്ടാകണം
ജെ എസ് അടൂർ

No comments: