Tuesday, August 9, 2016

വെറും നാടൻ കോഴികളെ ആർക്കു വേണം ?!!

വെറും നാടൻ കോഴികളെ
ആർക്കു വേണം ?!!
നമുക്ക് നല്ല ബ്രോയ്‌ലർ ചിക്കനും
ഇപ്പോൾ കെന്റക്കിയും
ഡോമിനോ പിസ്സയും 
പിന്നെ പെപ്സിയും ഉള്ളപ്പോൾ
നാടൻ കോഴികളുടെ സുവിശേഷം
ഇവിടെ ആർക്കാണ് ആവശ്യം ?
വെറും കോഴികളെ ആർക്കു വേണം !!
നമ്മൾ പണ്ടേ അന്താരാഷ്ട്രം.
പണ്ട് നമ്മൾ കുരുമുളക് വിറ്റു
കോഴികളെ ഇറക്കുമതി ചെയ്തു
അന്തിയോക്കയിൽ നിന്നും
അറബി നാട്ടിൽ നിന്നും
നല്ല ഒന്നാന്തരം വെളുത്തു തുടിച്ച
കോഴിമാർ കപ്പലിറങ്ങി
പിന്നെ കുടുമ വച്ച കോഴിമാർ
വെടി വെട്ടം പറഞ്ഞു
ദേവസ്വവും ബ്ര്ഹമ്മസവും
പറഞ്ഞു കര കൈക്കലാക്കി
കഥകളി കാര്യമായി.
പിന്നെ സായിപ്പു കോഴികൾ
വന്നു ഉപദേശിച്ചു ഉപദേശിച്ചു
വരുതിയിലാക്കി
വട്ടത്തിലിട്ടു വാലാട്ടിച്ചു
പാണ്ടി നാട്ടിൽ
നിന്നും സസ്യാഹാരിക
കോഴികൾ വഞ്ചിനാട്ടിൽ
വണ്ടിയിറങ്ങി
പൊന്നു തമ്പുരാന്
വേണ്ടി കൊക്കരോ കൂവി.
തലപ്പാവ് ഉള്ള പൂവൻ കോഴിയുടെ
മൂക്ക് വെട്ടി നാട്ടീന്നു ഓടിച്ചു.
പിന്നെ കോഴിമാരെ തേടി
വീണ്ടും നാമലഞ്ഞു
മോസ്കോയിലും
പീക്കിങ്ങിലും വങ്കനാട്ടിലും
മാർ മാർക്സ് ഉപദേശി
വഴികാട്ടി.
അങ്ങനെയൊക്കയാണ്
ഇങ്ങനെയോക്കെയായതു.
നിലക്കും വിലക്കും ഉള്ള
വൻ കക്ഷികൾ
ആഗോള ചന്തയിൽ
ചന്തത്തിലുണ്ട് !
പിന്നെ എന്തിനു അമാന്തിക്കണം ?
നല്ല ഒന്നാന്തരം ഒന്നിനെ വേണം,
നമ്മുടെ വിലക്കും നിലക്കും
ലക്ഷണമൊത്ത
നല്ലൊരു വലിയ മുട്ട
തന്നെ വേണം.
ഹം കിസീ സെ കം നഹി !!
വളർന്ന് വളർന്നു
ആകാശം മുട്ടെ
വളർന്നു വലുതായി
വലതാകാൻ
നല്ല വിലയും
നിലയും തലയുമുള്ള
കെന്റക്കി ഫ്രെഡ് ചിക്കൻ വേണം
പിന്നെ കേരളത്തിന്
വേണ്ടി സെപ്ഷ്യൽ
റൈസ് ആൻഡ് പോപ്കോൺ
ചിക്കൻ.
ചിക്കൻ തിന്നാ മതി
കുഴി എണ്ണണ്ട!
ചോദ്യങ്ങൾ അരുതു.
ഉത്തരങ്ങൾ തരും.
ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടണം.
കക്ഷത്തിലുള്ളത് പോയാൽ
ആർക്കാണിവിടെ പ്രയാസം ?
കേരളത്തെ രക്ഷിക്കാൻ
അന്താരാഷ്ട്രം അമൃതം.
ചിക്കൻ ചികയുന്നത് കേട്ട്,
കൈയടിച്ചു പാട്ടുപാടി
ആത്മാവിൽ സന്തോഷിക്കുക.
സംശയാലുക്കൾ
സാത്താൻമാരാണ്.
അവർ ആസൂയാലുക്കളും
കൊതി കെറുവുമുള്ള
വെറും കുശുമ്പനമ്രരാണ്.
കഷണ്ടിക്കും കുശുമ്പിനും
മരുന്നില്ല.
കേരളം എന്ന് കേട്ടാൽ
തിളക്കണം
ചോര നമുക്ക് ഞരമ്പുകളിൽ.
കെന്റക്കി ഫ്രെയ്‌ഡ്‌ ചിക്കന്
മാർക്കറ്റുള്ളപ്പോൾ
കാറ്റിനൊപ്പം
നമ്മൾ തൂറ്റും.
കൊതി കെറുവുള്ള
പഴഞ്ചൻമാർ
നാടൻ കോഴികളെ
ഓർത്തോട്ടെ.
പരിപ്പ് വട തിന്നോട്ടെ
കട്ടൻ ചായ കുടിച്ചോട്ടെ.
പക്ഷെ വെറും
പഴഞ്ചൻ ഉപദേശിമാരെ
ആർക്കു വേണം ??!!

No comments: