കേരളത്തിൽ പലപ്പോഴും അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകരിൽ നല്ലൊരു വിഭാഗം ഏറ്റവും നല്ല സാമൂഹിക പ്രവർത്തകരാണ്. പഞ്ചായത്ത്, ബ്ലോക്ക് തലത്തിലും ഒരു പരിധി വരേ ജില്ലാ തലത്തിലും മെമ്പർമാരും ഭാരവാഹികളും ആണ് ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുവർ. അവർ ആ നാട്ടിലെ ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും ഒരു പോലെ പങ്കു ചേരുന്നവർ ആണ്. അതു കൊണ്ട് തന്നെ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും അവരെയാണ്. അവരുടെ ജീവിതം ജനങ്ങൾ എപ്പോഴും ഓഡിറ്റ് ചെയ്യുന്നതിനാൽ ജാഡയോ അഹങ്കാരമോ കാണിച്ചാൽ അടുത്തു തിരെഞ്ഞെടുപ്പിൽ അതിനു മറുപടി അവിടെ തന്നെ കിട്ടും.
നല്ല കാര്യങ്ങൾ ആരു ചെയ്താലും എന്റെ പിന്തുണയുണ്ടാകും. അടൂരിലെ സീ പി എം പ്രവർത്തകരുംഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളും മദർ തെരേസ പാലിയേറ്റിവ് കെയർ എന്ന ജീവകാരുണ്യ സ്ഥാപനം തുടങ്ങിയത് വളരെ നല്ലകാര്യമാണ്. അതിനു ഈ ഏപ്രിൽ മുതൽ എല്ലാ മാസവും എന്റെ ഒരു സഹകരണ പങ്കാളിത്തം ഉണ്ടായിരിക്കും. അത് പോലെ ഇപ്പോൾ ഐസക് ആലപ്പുഴയിൽ ചെയ്യുന്നതും നല്ല കാര്യങ്ങൾ ആണ്. അതു പോലെയുള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങൾക്ക് എന്റെ എല്ലാ പിന്തുണയും ഐക്യദാർദാർഢ്യവുമുണ്ടാകും.
നല്ല രാഷ്ട്രീയ പ്രവർത്തനം എന്നത് പ്രസംഗത്തെക്കാൾ വലിയത് പ്രവർത്തിയാണ് എന്ന തിരിച്ചറിവ് ആണ്. അടിസ്ഥാന തലത്തിൽ ജാതിക്കും മതത്തിനും പാർട്ടിക്കും അതീതമായായി മനുഷ്യരെ മനുഷ്യരായി മാത്രം കണ്ട് അവരെ സ്നേഹിച്ചു, വിഷമവും പ്രായസവും വിശപ്പും അനുഭവിക്കുന്നവരുടെ കൂടെ നിന്ന് സ്നേഹം പകർന്നാൽ അതു നല്ല രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. അവരെ എനിക്ക് ഇഷ്ടവും ബഹുമാനവും ആണ്.
എന്നാൽ ആവതു പോലെ അങ്ങനെ അടിസ്ഥാന തലത്തിൽ രാഷ്ട്രീയ -സാമൂഹിക പ്രവർത്തനം നടത്താൻ ശ്രമിക്കുന്ന ഒരാളാണ് ഞാനും. കിട്ടുന്ന വരുമാനത്തിൽ പകുതിയിൽ ഏറെയും അങ്ങനെയുള്ള കാര്യങ്ങൾക്കാണ് ചിലവഴിക്കുന്നത്. എന്റെ നാട്ടിൽ ആരും പട്ടിണി അനുഭവിക്കരുത് എന്നത് കൊണ്ടാണ് വിശപ്പ് രഹിത ഗ്രാമ കൂട്ടായ്മ ചില വർഷങ്ങൾക്കു മുമ്പ് തുടങ്ങിയത്. അത്പോലെ ബോധിഗ്രാം കാരുണ്യ കൂട്ടായ്മയും. വിഷമത്തിൽ ഉള്ളവരോട് കൂടെ നിൽക്കുവാനാണ്. അത് ഒരു കൂട്ടുത്തരവാദിത്തത്തിന്റെ കൂട്ടായ്മയാണ്. അത് ജീവിതത്തെ കുറിച്ചും മനുഷ്യരെകുറിച്ചു ലോകത്തെകുറിച്ചും ഉള്ള ഒരു കാഴ്ച്ചപ്പാടിന്റെ പ്രവർത്തി പഥങ്ങൾ ആണ്. അത് ഒന്നും നേടാൻ വേണ്ടിയല്ല. എല്ലാം കൊടുക്കാൻ വേണ്ടിയാണ്.
ജീവിതം പങ്കു വെക്കൽ ആണ്. സഹജീവികളോടും ഭൂമിയോടും വരും തലമുറയോടുമുള്ള കൂട്ടായ്മയും കൂട്ട് ഉത്തരവാദിത്തവും ആണ്. കരയുന്നവരുടെ കണ്ണീർ ഒപ്പുന്നതാണ്. സന്തോഷ ഭവനത്തിലേക്കാളും ദുഃഖ ഭവനങ്ങളിൽ പോയി ആശ്വസിപ്പിക്കുന്നതാണ്.
ചെഗുവേര പറഞ്ഞത് പോലെ സ്നേഹം ആണ് വിപ്ലവം. ഏറ്റവും വലിയ സുവിശേഷം ദൈവം സ്നേഹം ആണ് എന്നതാണ്. സ്നേഹം ഇല്ലെങ്കിൽ ഏതുമില്ല. അത് കൊണ്ട് തന്നെ എന്റെ രാഷ്ട്രീയ -സാമൂഹിക കാഴ്ച്ചപാടിന്റെ അടിസഥാനം സ്നേഹമാണ്. സ്നേഹം ഒന്നും നേടാൻ ഉള്ളതല്ല. എല്ലാം കൊടുക്കാൻ ഉള്ളതാണ്. കാരണം നമ്മൾ ഒന്നും എങ്ങും കൊണ്ട് പോകുന്നില്ല. സക്സസ് ഈസ് ആൻ ഇലിയൂഷൻ. അധികാരം എന്നത് പോലും അത്യന്തകമായി ഒരു തോന്നലും മായകാഴ്ച്ചയുമാണ്.
അതു കൊണ്ട് തന്നെ എനിക്ക് എന്ത് കിട്ടും എന്നതിൽ ഉപരി എനിക്ക് എന്ത് കൊടുക്കാൻ കഴിയും എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുക എന്നതും രാഷ്ട്രീയമാണ്. അതാണ് എന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാന നൈതീകത. പ്രസംഗത്തെക്കാൾ പ്രവർത്തി ആണ് പ്രധാനം. പ്രവർത്തി ഇല്ലാത്ത വിശ്വാസം ചത്തതാണ്.
No comments:
Post a Comment