Monday, March 19, 2018

സോഷ്യലിസത്തെ കുറിച്ചുള്ള ചില വീണ്ടുവിചാരങ്ങൾ


സത്യത്തിൽ സോഷ്യലിസവും കംമ്യുനിസവുമൊക്കെ ഉദാത്തമായ ആശയങ്ങളാണ്. സ്വാതന്ത്ര്യം, സമത്വം , സമാനത, സാഹോദര്യം ജനാധിപത്യം എന്നിവ ആധുനിക സമൂഹത്തിൽ ഉയർന്നു വന്ന മാനവിക ചിന്താ വികസത്തിൽ നിന്ന് ഉളവായ വൈഞ്ജാനിക രാഷ്ട്രീയ മോഡലുകൾ ആണ്. മനുഷ്യൻ കൂട്ടായ്മയായി എങ്ങനെ സമൂഹം രൂപ പെടുത്താമെന്നു എങ്ങനെ ഒരു സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ വ്യവസ്ഥിതി കെട്ടിപ്പടുക്കാം എന്നീ സ്വപ്‌നങ്ങളും ആണ്. എല്ലാം വിധ ചൂഷണങ്ങൾക്കെതിരെ ഉള്ള ഒരു ആധുനിക മാനവിക രാഷ്ട്രീയ സംരംഭമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉണ്ടായ വ്യവസായിക വിപ്ലവത്തോടെ ഗ്രാമങ്ങളിൽ ഭൂമിയില്ലാത്ത, ജന്മിത്ത വ്യവസ്ഥയുടെ തിക്ത ജീവിതത്തിൽ രക്ഷപെടാൻ ലക്ഷകണക്കിന് ആളുകൾ വ്യവസായ ശാലകളിൽ തൊഴിൽ ചെയ്യുവാൻ എത്തി. അവരുടെ ജീവിതം ദുരിത പൂർണ്ണമായിരുന്നു. വെറും തുച്ഛമായ വേതനത്തിൽ 15 മണിക്കൂർ പണിചെയ്തു ചൂഷണം ചെയ്യപ്പെടുവാൻ നിർബന്ധിരായ സാഹചര്യത്തിലാണ് മാറ്റങ്ങളെ കുറിച്ച് അന്നത്തെ വിദ്യാഭ്യാസവും വിവരവും ഉള്ള ചെറുപ്പക്കാർ ചിന്തിച്ചു തുടങ്ങിയത്.വ്യവസായികവൽക്കരണം കൂടിയ ജർമനി - ബ്രിട്ടൻ പോലുള്ള ഇടങ്ങളിൽ വിദ്യാഭ്യാസത്തിനും സാധ്യത കൂടുതൽ ആയിരുന്നു. അമേരിക്കൻ ഫ്രഞ്ച് വിപ്ലവങ്ങൾ ഉത്തേജകങ്ങളായിരുന്നു. അങ്ങനെയാണ് സമൂഹത്തെയും രാഷ്ട്രീയത്തെയും എങ്ങനെ കൂടുതൽ മാനവികമായി ചിട്ടപെടുത്താം എന്ന ആശയ രൂപങ്ങൾ ചിന്തയിലൂടെയും ചർച്ചകളിലൂടെയും ഉരുത്തിരിഞ്ഞത്.
അങ്ങനെ യൂറോപ്പിലും അമേരിക്കയിലും വളർന്നു വന്ന ആധുനിക വിദ്യാഭ്യാസ സിദ്ദിച്ച മധ്യ വർഗത്തിലുള്ളവർ ആണ് ലിബറലിസം, ജനാധിപത്യം, സോഷലിസം, കമ്മ്യുണിസം, അനാര്‍ക്കി മുതലായ ആശയ ധാരകൾ ചർച്ചകളിലൂടെയും ചെറു സംഘടന പ്രവർത്തനങ്ങളിലൂടെയും ഉത്തേപിജിച്ചു വളർത്തിയത്. അവരുടെ ചിന്ത പ്രവർത്തന പരിസരം യുറോപ്പ് ആയിരുന്നു. അവരിൽ പലരും കൊളോണിയൽ സാമ്പത്തിക വ്യവസ്ഥയുടെ ഗുണഭോക്താക്കൾ ആയിരുന്നു. അവരുടെ ചിന്താ പദ്ധതിയുടെ പിന്നാമ്പുറങ്ങളിൽ വെള്ളക്കാരന്റ ചിന്താ സാഹചര്യങ്ങൾ കാണുവാൻ കഴിയും.. അതു കൊണ്ടു തന്നെ ആഫ്രിക്കയേ കുറിച്ചും ഏഷ്യയേ കുറിച്ചും അവരുടെ ചിന്തകൾ പരിമിതവും ദരിദ്രവുമായിരുന്നു. പലപ്പോഴും വികലവും. അങ്ങനെ ആധുനിക യൂറോപ്പിൽ ഉണ്ടായിരുന്ന ചിന്തകളെ സർവ്വദേശീയമായി സാമാന്യവത്കരിച്ചും യൂണിവേഴ്സൽ ആശയ ധാരകൾ എന്ന രീതിയിൽ ചർച്ച ചെയ്‌തെങ്കിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും സ്ഥിതി വളരെ വിഭിന്നമായിരുന്നു. കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ വരി തന്നെ യുറോപ്പിനെ കുറിച്ചാണ്. അമേരിക്കയും ഓസ്‌ട്രേലിയയും വെള്ളക്കാരുടെ കുടിയേറ്റ പ്രദേശമായതിനാൽ അവിടെ വെള്ളക്കാരുടെ മേധാവിത്തം മാത്രമായിരുന്നു. അതു തദേശ വാസികളെ ഉന്മൂലനം ചെയ്തിട്ടാണ് എന്ന് മറക്കരുത്.
പ്രശ്നം തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിലെ പുസ്തകങ്ങളിലെയും ചർച്ചകളിലെയും ആശയ ധാരകൾ ഇരുപതാം നൂറ്റാണ്ടിൽ അധികാര രൂപങ്ങളും പിന്നെ അധികാര സ്വരൂപങ്ങളും ആകാൻ തുടങ്ങിയപ്പോൾ ആണ്. ബോൾഷേവിക് വിപ്ലവ സ്വപ്‌നങ്ങൾ ഉദാത്ത മായിരുന്നു.ലെനിൻ ചിന്തകനും വിപ്ലവകാരിയും ആയ നേതാവ് ആയിരുന്നു . റഷ്യയിൽ വ്യവസായിക വിപ്ലവമോ മുതലാളിത്തമോ ഇല്ലായിരുന്നു. മാര്ക്സ് വിഭാവനം ചെയ്ത മുതലാളിത്ത സമൂഹത്തിൽ നിന്ന് വിഭിന്നം. പക്ഷെ ജന്മിത്ത വ്യവസ്ഥയും ദുഷ് പ്രഭുത്വവും പട്ടിണിയും യുദ്ധവും സാമ്പത്തിക തകർച്ചയും നേരിട്ട ഒരു സമൂഹം ഉണ്ടായിരുന്നു. അവരുടെ കഷ്ട്ടം നിറഞ്ഞ ഇരുട്ടിൽ ആണ് കമ്മ്യുണിസ്റ്റ് ആശയ ധാര ഒരു പുതിയ വെളിച്ചവുമായി ഒക്ടോബർ വിപ്ലവത്തിലൂടെ കടന്നു വന്നത്.
പക്ഷെ ആശയം അധികാരമായപ്പോൾ പുതിയ ആശയ -അധികാരി വർഗ്ഗം ഉയർന്നു വന്നു. പ്രോലിയട്ടെറേറ്റിന്റെ പേരിൽ പോളിറ്റ് ബ്യുറോ ഭരണം കൈയാളിപ്പോൾ ഭരണ വർഗ്ഗ വരേണ്യർ അവരെ ചോദ്യം ചെയ്തവരെ വർഗ്ഗ ശത്രുക്കളായി ചാപ്പകുത്തി ഉന്മൂലനം ചെയ്യ്തു. പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍ ഏകാധിപത്യ അധികാരം ഊട്ടി ഉറപ്പിക്കുവാനുള്ള സാധുത-യുക്തിയായി ( legitimizing rationale ) ഭരണകൂടം ഉപയോഗിച്ചു തൊഴിലാളി വർഗ്ഗ സ്വച്ഛാഫിപത്യം ഫലത്തിൽ ഭരണ അധികാരിയുടെ നാര്സിസ്റ് സ്വച്ഛാധിപത്യമായി മാറി. വിപ്ലവം അതിന്റെ മക്കളെ കൊന്നു തിന്നു . അങ്ങനെയുള്ള സോവിയറ്റ് സാമ്രാജ്യത്തിന്റ പ്രോപഗണ്ട മെഷിനറിയിൽ കൂടെ റൂബിളിന്റ സഹായത്തോടെയാണ് കമ്മ്യുണിസ്റ്റ് ആശയങ്ങൾ ഏഷ്യയിലും ആഫ്രിക്കയിലും പടരാൻ തുടങ്ങിയത്. ഒരു പക്ഷെ ലെനിനും ഒക്ടോബര്‍ വിപ്ലവും സോവിയറ്റ് യുണിയനും ഇല്ലായിരുന്നു എങ്കില്‍ മാര്‍ക്സിന്‍റെ രചനകള്‍ അക്കാടെമിക്ക് ചര്‍ച്ചകളില്‍ ഒതുങ്ങിയേനെ . സോവിയറ്റ് യുനിയന്‍ സബ്സിടൈസ്‌ ചെയ്ത കമ്മ്യുണിസ്റ്റ് ഇവാന്‍ജെലിസം ഇരുപതാം നൂറ്റാണ്ടില്‍ 1925 മുതല്‍ 1975 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ സധുധ ഉള്ള ഒരു രാഷ്ട്രീയ പ്രത്യായ ശാസ്ത്രമായി . മിക്ക കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളും ഈ 50 വര്‍ഷങ്ങളില്‍ ഉണ്ടായതാണ് .അതിനു സോവിയറ്റ് അധികാരവും ആയുധങ്ങളും തണല്‍ നല്‍കി . അതിനു നേര്‍ വിപരീതമായി അമേരിക്കന്‍ ലിബറല്‍ മുതലാളിത്വവും ആയുധ ബലവും ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും അധീശ ബലം കാണിക്കുവാന്‍ ശ്രമിച്ചു . അങ്ങനെ ലോകത്തെ ഈ രണ്ടു കൂട്ടരും അവരവരുടെ ആശയ അധികാരമുപയോഗിച്ചു പരസ്പരം മത്സരിച്ചു പിടിച്ചെടുക്കുന്ന സാഹചര്യമാണ് 1950 മുതല്‍ 1990 വരെ ലോകം കണ്ടത് .
ലിബറലസം മുതലാളിത്ത വ്യവസ്ഥയുമായി സന്ധി ചെയ്തു ചീർത്തു തടിച്ചു ജനാധിപത്യത്തിലൂടെ അധികാരത്തിൽ എത്തി . പത്തൊമ്പതാം നൂറ്റാണ്ടിലെ ഉദാത്ത ആശയങ്ങൾ അധികാര സ്വരൂപങ്ങളായി പരസപരം യുദ്ധം ചെയ്തു ദശ ലക്ഷങ്ങളെ രണ്ടു യുദ്ങ്ങളലൂടെ കൊന്നൊടുക്കി. ആ യുദ്ധങ്ങൾ അധികാര അധീശത്തിന് വേണ്ടി ആയിരുന്നു. രണ്ടാം മഹായുദ്ധം അധികാര-ആശയ ധാരകൾ തമ്മിലുള്ള ബല പ്രയോഗം കൂടിയായിരുന്നു. അന്ന് ഫാസിസ്റ്റു നാസി ആശയ ധാരകൾക്ക് ബദലായി സോഷ്യൽ ലിബറലിസവും സോഷ്യലിസവും ഉയർന്നു വന്നു. അതു കൊണ്ട് തന്നെ കോളനി വൽക്കരണത്തിൽ നിന്ന് സ്വതന്ത്രമായ രാജ്യങ്ങളിൽ ഇതിൽ ഒന്നിനേയോ അതിന്റെ വിവിധ ചേരുവകളെയോ സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഒരു കൺസെൻസസ് ആണ് വെൽഫെയർ സ്റ്റേറ്റ് എന്നത്. ജനങ്ങളുടെ വിദ്യാഭ്യാസം ആരോഗ്യം സുരക്ഷിത്വം തൊഴിൽ എന്നിവ മുതലാളിത്ത ലിബറൽ ഭരണകൂടങ്ങളും സ്റ്റെറ്റിസ്റ്റ് സോഷ്യലിസ്റ്റ് ഭരണ കൂടങ്ങളും ഒരുപോലെ പലവിധത്തിൽ സ്വീകരിച്ചവയാണ്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ശീത യുദ്ധത്തിൽ കമ്മ്യുണിസ്റ്റ് ആശയത്തിന് ബദലായി സോഷ്യൽ ലിബറലിസവും സോഷ്യൽ ഡെമോക്രസിയും പലയിടത്തും വളർന്നു. കെൻസിയൻ ആശയങ്ങൾ ആണ് സോഷ്യൽ ലിബറൽ ആശയങ്ങൾക്കും വെൽഫെയർ സ്റ്റേറ്റ് മോഡലിനും ഉത്തേജകമായത് . എന്നാൽ കമ്മ്യുണിസ്റ്റ് സ്റ്റേറ്റുകൾ ഏകാധിപത്യത്തിലേക്ക് പോയി. റഷ്യയിൽ സ്റ്റാലിൻ ഏകാധിപത്യകാലത്തെ പഞ്ച വത്സര പദ്ധതികൾ വ്യവസായിക വൽക്കരണത്തിന് ആക്കം കൂട്ടിയതിനാൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. മറ്റു പലയിടതെയും അവസ്ഥ അതല്ലായിരുന്നു. അവിടെ തൊഴിൽ പ്രതി സന്ധികളെ അടിച്ചമർത്തി. ചോദ്യം ചെയ്തവരെ കൊന്നൊടുക്കി. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിലെ ഉദാത്ത ആശയം ഇരുപതാം നൂറ്റാണ്ടിൽ നിഷ്ടൂരമായ ഏകാധിപത്യ ആശയ -അധികാര സ്വരൂപങ്ങളായി അധപതിച്ചു.
എന്നാൽ മുതാളിത്വ ലിബറലിസം ഫ്ലെക്സിബിൾ ആയിരുന്നതിനാൽ ഒരോ പ്രതി സന്ധ്യയിലും അതു പുനർ നിർവചിച്ചു പുതുക്കി പല രൂപത്തിൽ പുറത്തിറങ്ങി. ഇതിനു ഒരു കാരണം അതു ഹ്യൂമൻ ഇൻസെന്റീവ് മോഡിലിൽ വർക്കു ചെയ്യുന്ന ഒരു ഏർപ്പാട് ആണ്. മുതലാളിത്തത്തിൽ മുതല് കൂടിയവർ സെല്ഫ് -പ്രിസേർവ് ചെയ്യാൻ ട്രേഡ് ഓഫ്‌ നടത്തും. അങ്ങനെയാണ് 8 മണിക്കൂർ ജോലി, ജീവിക്കാൻ ആവശ്യ ശമ്പളം, പെൻഷൻ, പ്രോവിഡന്റ് ഫണ്ട്, പൊതു വിദ്യാഭാസം പൊതു ജനാരോഗ്യം, പൊതു വിദ്യാഭ്യസം, റേഷൻ, ക്ഷേമ പെൻഷൻ, ജൻഡർ ഇക്വാളിറ്റി, മനുഷ്യ അവകാശം പരിസ്ഥിതി സരംക്ഷണം എന്നിവ സോഷ്യൽ ലിബറൽ ആശയ ധാരയിലൂടെ വികസൈച്ചത്. അതിനു നല്ല ഒരു ഉദാഹരമാണ് 1940, കളിൽ ബ്രിട്ടനിൽ ഇറക്കിയ ബവേറിഡ്ജ് റിപ്പോർട്. അന്ന് ഏറ്റവും വിറ്റഴിയപ്പെട്ടത് ബർവെറിഡ്ജ് റിപ്പോർട് ആയിരുന്നു പക്ഷേ സോഷ്യൽ ലിബറൽ ഡെമോക്രസി ഏറ്റവും പ്രായോഗികമാക്കിയത് നോർഡിക് രാജ്യങ്ങളാണ്. ഇന്നും വെൽഫെയർ സ്റ്റേറ്റ് ജനാധിപത്യ സോഷ്യൽ ഡെമോക്രസിയും നിലനിൽക്കുന്നത് നോർഡിക് രാജ്യങ്ങളിലാണ്.
സോഷ്യലിസ്റ്റ് ആശയ ധാര പലയിടത്തും നേരിട്ട പ്രതി സന്ധി അതു സ്റ്റേറ്റിസ്റ്റ് അധികാര സ്വരൂപമായി പരിണമിച്ചതാണ്. ഇവിടുത്തെ പ്രശ്നം സ്റ്റേറ്റ് എന്ന് പറയുന്നത് ഫലത്തിൽ ഭരിക്കുന്ന ചുരുക്കം വരുന്ന അതി -ന്യൂന പക്ഷ വരേണ്യരും പിന്നെ ആയിരകണക്കിന് ഉദ്യോഗസ്ഥരും ആണ്. ഒന്നാമത്തെ പ്രശ്നം 'പൊതു ' മുതൽ എന്ന് പറയുന്നതെല്ലാം ഈ ചെറിയ വരേണ്യ വിഭാഗം ഉൾപ്പെടുന്ന സർക്കാരിന്റെ അധികാര അധീനതയിലാണ്. പൊതു മേഖല വ്യവസായവും ഇവരുടെ കൈയ്യിൽ. അവരുടെ ആശയ-അധികാര വിന്യാസത്തിനുള്ളിൽ ആശ്രിതരായവർക്കു സർക്കാർ സാരംഭങ്ങളിൽ പണികിട്ടും. അവരുടെ ആശ്രിതരായ ബുദ്ധി ജീവികളെ പ്രോപഗണ്ട പണി ഏൽപ്പിച്ചു അവരുടെ ജീവ സന്ധാരണത്തിന് വഴിയുണ്ടാക്കി, അധികാരത്തിന്റെ അപ്പകഷ്ണം നൽകി ഭരിക്കുന്നവരുടെ വായത്താരികളാക്കും.
സദ്ദാം ഹുസാറിന്റ ബാത്ത് പാർട്ടിയും ' സോഷ്യലിസ്റ്റ് ' ആയിരുന്നു. സിറിയയും ലിബിയയിലെ ഗദ്ദാഫിയും സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെട്ടു. ഇപ്പോൾ ചൈനയിൽ നടക്കുന്ന നാഷണലിസ്റ്റ് ഒലിഗാർക്കി സ്റ്റേറ്റ് സ്പോൺസേഡ് ക്യാപ്പിറ്റലിസത്തെ അവൻ മാർക്കെറ്റ് സോഷ്യലിസം എന്ന് വിളിക്കും. ചോദ്യം ചെയ്യുന്നവർക്ക് തടവറയാണ് നൽകുന്നത്. വിയറ്റ്നാമിലെയും ലാവോസിലെയും സ്ഥിതി വിഭിന്നമല്ല. നോർത്ത് കൊറിയ ഇന്നും ഒരു കമ്മ്യുണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് അവകാശപ്പെടുന്നത് ഒരു ക്രൂര ആഭാസവും വിരോധാഭാസമാണ്. നോർത്ത് കൊറിയയിലെ അരകിറുക്കനായ ഏകാധിപതി കിം യോങ് -ഉൻ നെ നോക്കി അഭിനവ കമ്മ്യുണിസ്റ്റ് -സോഷ്യലിസം കൊണ്ടാടുന്നവർ ജനായത്തിൽ വിശ്വസിക്കുന്നവർക്ക് ഒരു രാഷ്ട്രീയ അശ്ലീലമാണ്. രാഷ്ട്രീയ പാപരത്തം കൊണ്ടാണ് കേരളത്തിൽ ഉള്ളവർ പോലും നോർത്ത് കൊറിയൻ ഏകാധിപതിയെ പൊക്കിക്കൊണ്ട് നടക്കുന്ന വിചിത്രമായ വികലത.
എന്താണ് പഴയ സോഷ്യലിസ്റ്റ് മോഡലിന്റെ പ്രശ്നം. ? ഒന്നാമത്തെ പ്രശ്നം സർക്കാർ ഡിപെൻഡൻസി ആണ് എല്ലാത്തിനും പരിഹാരം എന്ന ധാരണ. സ്റ്റേറ്റ് -സര്‍ക്കാര്‍ എന്ന് വച്ചാല്‍ "പീപിള്‍' ആണ് എന്ന അധികാരത്തിന്‍റെ കപട സന്ദേശം . ചൈനയില്‍ എല്ലാം നടത്തുന്നത് 'പീപിളിന്ടെ പേരില്‍' ആണ് . ഇത് പറയുമ്പോള്‍ മീഖയില്‍ ബകുനിന്‍ പണ്ട് പറഞ്ഞതാണ് ഓര്‍മ്മ വരുന്നത് :
"no state… in essence represents anything but government…
by an educated, and thereby privileged minority which
supposedly understand the real interest of the people
better than people themselves.’"
ഇങ്ങനെ ജനങ്ങളുടെ പേരിലും സോഷ്യലിസത്തിന്‍റെ പേരിലും ഏകാധിപത്യ - ഏക പാര്‍ട്ടി -ഭരണം നടത്തി എതിര്‍ സ്വരങ്ങളെ അസഹിഷ്ണതയോടെ ആക്രമിച്ചു ഉന്മൂലനം ചെയ്തു കൊണ്ടാണ് സോഷ്യലിസ്റ്റ് കംമ്യുനിസ്ട്ടു ആശയധാരകളെയും അദര്‍ശങ്ങളെയും അവര്‍ അധികാര-അഹങ്കാര-അടിച്ചമാര്തലുകള്‍ കൊണ്ട് അസാധുവാക്കിയത് .
രണ്ടാമത്തെ പ്രശ്നം സർക്കാർ അധീനതയിൽ ഉള്ള ഒന്നിനും പെർഫോമൻസ് ഇൻസെന്റീവ് ഇല്ലാത്തതിനാൽ കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടിലാണ് പോക്ക്. പൊതു മേഖല സരംഭങ്ങളിൽ കഴിവും കാര്യപ്രാപ്തിയും ഇല്ലാത്ത ആശ്രിതരെ വച്ചു നഷ്ടത്തിൽ ആക്കും. ഇതിന്റെ ഫലമായി നികുതി കുറയുകയും സർക്കാർ ചിലവ് കൂട്ടി പ്രതി സന്ധിയിൽ ആകുകയും ചെയ്യും. അങ്ങനെ സർക്കാരിന് പുതിയ തൊഴിൽ നൽകാൻ കഴിയാതെ വരും. സ്വകാര്യ സംരംഭകരെ മുതലാളി ബൂർഷാ ആയി കരുതി എതിർക്കുമ്പോൾ അവർ പ്രശ്നം കുറഞ്ഞ ഇടങ്ങളിലേക്കു ചേക്കേറും.
അഭ്യസ്ത വിദ്യരായ പുതിയ മധ്യ വർഗ്ഗത്തിന് തൊഴിൽ സാധ്യത ഇല്ലാതാകുമ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിലെ ഉദാത്ത ആശയങ്ങൾ കൊണ്ട് ഉടായിപ്പ് നടത്തിയാൽ അവരുടെ വയറു നിറയില്ല.അതു കൊണ്ടാണ് പല സോഷ്യലിസ്റ്റ് എന്ന് അവകാശപെടുന്ന സ്റ്റെറ്റിസ്റ്റുകൾ അടപടലോടെ നിലപരിശായി നിര്ജീവമായത് . ഇതു ലോകത്തു എല്ലായിടത്തും നടന്നതാണ്. ഇന്ത്യയിൽ ബംഗാൾ ഒരു ഉദാഹരണമാണ്. ഇപ്പോൾ തൃപുരയും.
കേരളത്തിൽ ചരിത്രപരമായി വളർന്നത് ഒരു സോഷ്യൽ വെൽഫെയർ മോഡലാണ്. അതിനു ഒരു കാരണം ഇരുപതാം നൂറ്റാണ്ടിന്റ ആദ്യ ദശകങ്ങൾ മുതലുണ്ടായ സർവർത്തിക പൊതു വിദ്യാഭ്യാസ ലഭ്യതയാണ്. കേരളത്തിൽ വളർന്ന വന്ന ഇടതു പക്ഷം പോലും ഫലത്തിൽ സോഷ്യൽ ലിബറൽ മോഡൽ പിന്തുടർന്നവരാണ്. അവര്‍ കംമ്യുനിസ്ട്ടു കള്‍ എന്ന് വിശേശിപ്പിക്കുന്നു വെങ്കിലും അവരുടെ യദാര്‍ഥ ഡി എന്‍ എ പഴയ കൊണ്ഗ്രെസ്സ് സോഷ്യലിസ്റ്റ് തന്നെ . പാര്‍ട്ടി ഘടന ഇപ്പോഴും കാലഹരണപെട്ട പഴയ ലെനിനിസ്റ്റ് സെന്റ്രലൈസെഡ് ടോപ്‌-ഡൌണ്‍ മോഡല്‍ ആണെന്നു മാത്രം. പിന്നെ എല്ലാ പാര്‍ട്ടികളും ഇന്ന് ടോപ്‌ ഡൌണ്‍ മോഡല്‍ ആയതു കൊണ്ട് അത് ഒരു പ്രത്യേകത അല്ല. കേരളത്തിലെ നയങ്ങളെ പഠിച്ചാൽ അതു സോഷ്യൽ ലിബറൽ പോളിസികളാണ്.
കേരളം രക്ഷപെട്ടത് അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ കേരളത്തിൽ നിന്ന് രക്ഷപെട്ടു വിദേശത്ത് പോയി കാശ് അയച്ചു കൊടുത്തു പുട്ടടിച്ചു ജീവിക്കുത്തിലാണ്. രണ്ടാമതായി. ഒരുത്തനെയും അഞ്ചു കൊല്ലത്തിൽ കൂടുതൽ ഭരണ സുഖം അനുഭവിച്ചു അധികാര തഴമ്പ് വരാൻ സമ്മതിച്ചില്ല എന്ന നല്ല കാര്യമാണ് . കേരളത്തിന്‍റെ സാമ്പത്തിക സാമൂഹിക വളര്‍ച്ചക്ക് ഒരു കാരണം ഒരു കൂട്ടരും അധികാരത്തില്‍ ഇരുന്നു തഴമ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഇടനല്‍കിയില്ലെന്നതാണ് .
പിന്നത്തെ ഒരു പ്രശ്നം സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന ഉപരി മധ്യ വർഗ്ഗത്തിൽ ജീവിക്കുന്നവർ മുതലാളിത്വത്തെയും ലിബറിലിസതേയും നീയോ ലിബറലിസത്തെയും വിമർശിക്കുന്നതിൽ വിദഗ്ധരാണ്. എന്നാൽ ഇതിനു പ്രായോഗികമായ ഒരു രാഷ്ട്രീയ -സാമ്പത്തിക പോംവഴി നിർദേശിക്കാൻ ത്രാണി ഇല്ലാത്ത അവസ്ഥ. കാര്യങ്ങൾ പറയുമ്പോഴോ ചോദ്യങ്ങൾ ചോദിക്കുമ്പോഴോ പഴയ പുസ്തകങ്ങൾ തപ്പി ഉത്തരങ്ങൾ തേടാൻ പോകുന്നവർ കാലഹരണ പെട്ടവരാണ്.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അസുഖങ്ങൾക്ക് പത്തൊമ്പതാം നൂറ്റാണ്ടിലെ ഒറ്റമൂലികൾ മതിയാവില്ല. ഇന്നത്തെ പ്രശ്നങ്ങൾക്ക് ഇന്നലത്തെ പരിഹാരങ്ങൾ മതിയാവില്ല. സൂപ്പർ സ്പീഡ് കംപ്യൂട്ടറിന്റെയും സ്മാർട്ട്‌ ഫോണിന്റെ യും ഇൻഫർമേഷൻ ഹൈവേയുടെയും നെറ്റ്‌വർക്ക് സൊസൈറ്റിയുടെയും ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന്റെയും കാലത്തു റെമിന്ഗ്ടന്‍ ടൈപ്പ്റൈറ്റർ മ്യുസിയത്തിൽ പോകും. അതു തന്നെയാണ് പുതിയ കാലത്തു പഴയ സോഷ്യലിസ്റ്റ് ഭരണ മോഡലിന്‍റെ പ്രതിസന്ധി. ഇന്നും 1970 കളിലെ ചിന്താ ധാരയുമായി നടക്കുന്നവര്‍ അറുപതും എഴുപതും വയസ്സായി കളമോഴിയാന്‍ പോകുന്നവരാണ് . ഇന്ന് പതിനഞ്ചു ഇരുപതും വയസ്സായ ചെറുപ്പക്കാരുടെ ചിന്തകളോടും രീതികളോടും അവര്‍ക്ക് സമരസപ്പെടുവാന്‍ സാധിക്കുന്നില്ല എന്നതാണ് വേറൊരു പ്രതി സന്ധി . ഇത് ഒരു കംമ്യുനിക്കെഷന്‍ ഗാപ് മാത്രമല്ല. ഇത് പഴയ രേമിങ്ങ്ടന്‍ ടൈപ്പേറെട്ടരും സ്മാര്‍ട്ട്‌ ഫോണില്‍ ലോകം കണ്ടെത്തുന്ന ചെറുപ്പക്കാരും തമ്മില്‍ ഉള്ള ഒരു അടിസ്ഥാന അകലം കൂടിയാണ് .
ആശയങ്ങളും ആദർശങ്ങളും അന്നും ഇന്നും നല്ലതാണ് . സോഷ്യലിസ്റ്റു ആശയങ്ങൾ ഉദാത്തമാണ്. പക്ഷേ ആ ആശയങ്ങൾ അധികാര സ്വരൂപങ്ങൾ ആകുമ്പോൾ ആദർശവും ആശയവും നഷ്ട്ടപെട്ടു അധികാര അഹങ്കാര ധാർഷ്ട്യങ്ങൾ ആകുമ്പോൾ ആണ് എന്ത് ഉടായിപ്പ് കാണിച്ചിട്ടും അതു സോഷ്യലിസമാണ് എന്ന് അവകാശപ്പെടുന്നത്. അതും യഥാര്‍ത്ഥ സോഷ്യലിസ്റ്റ് ആശയങ്ങളെ പ്രതി സന്ധിയിലാക്കുന്നുണ്ട് .
പുതിയ കാലത്തെ പ്രശ്നങ്ങളെ നേരിടാൻ പുതിയ ആശയ ധാരകൾ വരണം. പത്തൊമ്പതാം നൂറ്റാണ്ടിലെ മാനവിക ആശയ ആദർശ ധാരകൾ ഇന്നും പ്രസക്തമാണ്. പ്രധാന പ്രശ്നം അവയെ കാലാനുസൃതമായി എങ്ങനെ പുനർ നിർവചിച്ചു സ്വാതന്ത്ര്യവും സമാനതയും , മാനവിക സാഹോദര്യവും, സാമൂഹിക -സാമ്പത്തിക നീതിയും എല്ലാ മനിഷ്യരുടേയും അവകാശങ്ങളും ഭൂമിയിലെ ചരാചരങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്ന ഒരു ജനായത്തവൽക്കരണം പ്രയോഗത്തിൽ എങ്ങനെ സാധ്യമാക്കം എന്നതാണ്. അതിനു പുതു വഴികളും മറുവഴികളും ചിന്തയിലൂടെയും ചർച്ചകളിൽ കൂടിയും തേടേണ്ടിയിരിക്കുന്നു.
World is in a flux. As Antonio Gramsci said ,the old world is dying and the new world is yet to come. We are now witnessing different kinds of monstrosity of power. We are witnessing a neo- illiberalism ; politics of mistrust, insecurities and hate. We are living at the worst and best of times. Worst in terms of attack on freedom, dignity, rights by those hijacked the state. Best of times as it helps us to think fresh and innovate and imagine new pathways democracy , justice, peace and rights. The real task is how to shift the paradigm from the politics of hate to the politics of hope; politics of insecurities to a politics of inclusive imagination.
We should not simply be prisoners of the past; we should strive to be shapers of tomorrow and makers of the future pathways to greater common good, a peaceful planet where everyone can live a life of dignity, freedom and creativity.
JS Adoor
LikeShow More Reactions

No comments: