Thursday, December 21, 2017

കേരള ലോക മഹാ സഭ കൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം ?

എന്തായാലും കേരള ലോക മഹാസഭയൊക്കെ സര്‍ക്കാര്‍ നടത്തുകയാണല്ലോ . ഇവിടെ ജീവിക്കാന്‍ ജോലിയും വേലയും ഇല്ലാതെ വണ്ടി കയറിവരാണ് മലയാളികളില്‍ കൂടുതലും. അവര്‍ക്ക് സര്‍ക്കാര്‍ ചെയ്തു കൊടുത്ത ഏക കാര്യം കേരളത്തില്‍ നിന്നാല്‍ രക്ഷപെടുക ഇല്ല എന്ന പൊതു ബോധം ശരിയാക്കി കൊടുത്തതാണ് . ഇപ്പോള്‍ കുറെയേറെ മലയാളികള്‍ വിദേശത്ത് പോയി പത്തു പുത്തന്‍ ഉണ്ടാക്കിയപ്പോള്‍ പാര്‍ട്ടിക്കാര്‍ക്കും പള്ളിക്കാര്‍ക്കും അമ്പല കമ്മറ്റിക്കും ഒക്കെ അവരെ വേണം. സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി മിക്കപ്പോഴും വാക്കുകള്‍ കൊണ്ട് പാല്‍ പായസം ഉണ്ടാക്കി വിതരണം ചെയ്യുന്നതല്ലാതെ പ്രത്യകിച്ചു ഒന്നും ചെയ്തിട്ടില്ല. പിന്നെ നോര്‍ക്ക മുതലായ സര്‍ക്കാര്‍ സംരംഭങ്ങള്‍ ഗള്‍ഫ്‌ മുതലിളിമാരും പ്രവാസി -സര്‍ക്കാര്‍/പാർട്ടി ശിങ്കിടികളും പിന്നെ കുറെ ഉദ്യോഗസ്ഥന്‍ മാരും തമ്മില്‍ ഉള്ള ഒരു ഏര്‍പ്പാടാണ് . ഇതിന്റെ ഉള്ളു കള്ളികൾ മനസ്സിലാക്കാൻ കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് വേണ്ടി ചിലവഴിച്ച തുകയുടെ ഒരു ബജറ്റ് വിശകലനം മാത്രം മതി.
ഇവിടെ തിരുവനന്തപുരത്ത് കുറെ പേരെ വരുത്തി ശാപ്പാടും ചിലവും പ്രസംഗങ്ങളും കൊടുത്തു ഒരു "കേരള ലോക സഭ' യൊക്കെ സര്‍ക്കാരും , ഭരിക്കുന്ന പാര്‍ട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും നടത്തിയത് കൊണ്ട് ലക്ഷകണക്കിന് വരുന്ന സാധാരണ പ്രവാസികള്‍ക്ക് ഒരു കാശിന്‍റെ പ്രയോജനവും ഇല്ല. പിന്നെ പ്രവാസികള്‍ കേരള രാഷ്ട്രീയത്തെ പരിപോഷിപ്പിക്കുന്നത് അറിയണമെങ്കില്‍ കുവൈറ്റ്‌ ചാണ്ടി സാറും വഹാബു സാറും , അലി സാറും പിന്നെ കുറെ നല്ല മുതലാളിമാര്‍ പുറകിലും ഉണ്ടല്ലോ.
പിന്നെ സര്‍ക്കാര്‍ സന്നാഹങ്ങള്‍ ഒന്നും ഇല്ലാതെ ഇവിടെ പ്രവാസി മലയാളികള്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട് . പ്രവാസ മലയാളികളില്‍ ലോക തലത്തില്‍ ഒരു പാടു വലിയതും ചെറുതും കാര്യങ്ങള്‍ ചെയ്യുന്ന മലയാളികള്‍ ഉണ്ട്. ഒരൊറ്റ സര്‍ക്കാരും അവരെകുറിച്ച് ഒരു മിനിമം സര്‍വേ പോലും നടത്തിയിട്ടില്ല. സീ ഡി എസ ചില പഠനങ്ങള്‍ ഒക്കെ നടത്തിയിട്ടുന്ടെങ്കിലും ഇന്നും കേരളത്തില്‍ ലോകത്ത് ഒരു നൂറു രാജ്യങ്ങളില്‍ എങ്കിലും ഉള്ള മലയാളി വംശജരേകുറിച്ചു ഒരു നല്ല പഠനമോ സര്‍വേയോ ഇല്ല. മിക്കപ്പോഴും പ്രവാസി എന്ന് പറഞ്ഞാല്‍ ' ഗള്‍ഫ്' എന്നതില്‍ കവിഞ്ഞൊന്നും ഇവിടുത്തെ സര്‍ക്കാരിനില്ല. കാരണം ഗള്‍ഫില്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും ബ്രാഞ്ചും സന്നാഹങ്ങളും ഉണ്ട് .
അവരരവരുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍ ഇവരെയൊക്കെ എന്തെങ്കിലും പേരില്‍ വിളിച്ചു കൂട്ടും. കഴിഞ്ഞ സര്‍ക്കാരിന്‍റെ മാമാങ്കം ആയിരുന്നു " ജിം' ഗ്ലോബല്‍ ഇന്വേവ്സ്റ്മെന്റ്റ് മീറ്റ്‌ '. ഇങ്ങനെയുള്ള ജമ്പോ കൊണ്ഫെരന്‍സ് കഴിഞ്ഞ ശേഷം അതിന്‍റെ ഒരെണ്ണത്തിന്‍റെയും ഇമ്പാക്റ്റിനെ കുറിച്ച് ഒരു വിശകലനവും ആരും നടത്താറില്ല. ഫലത്തില്‍ ഇവയെയെല്ലാം അതതു കാലത്തേ മുഖ്യ മന്ത്രി മാരുടെയും സര്‍ക്കാരിന്‍റെ ഒക്കെ പീ ആര്‍ എക്സര്‍സൈസ് ആയി മാറുകയാണ് പതിവ് . ഇങ്ങനെയുള്ള ജമ്ബോരികള്‍ക്ക് ശരാശരി അഞ്ചു കോടി ചിലവ് എങ്കിലും കാണും . ഇങ്ങനെയുള്ള വന്‍കിട സര്‍ക്കാര്‍ പീ ആര്‍ സന്നാഹങ്ങള്‍ ഇതുവരെയും ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്.
കാരണം നികുതി പണത്തിൽ ഒട്ടുമുക്കാലും ചിലവഴിക്കുന്നത് പബ്ലിസിറ്റിക്ക്‌ വേണ്ടിയും ഇവന്റ് മാനേജ്‌മെന്റിനു വേണ്ടിയും ആണ്. അത് കൊടുക്കുന്നത് മിക്കപ്പോഴും അവരവരുടെ പാർട്ടി ശിങ്കിടി ഏജൻസികൾക്കും. അതെ ഏജൻസികൾ പലപ്പോഴും ഉദ്യഷ്ട്ട കാര്യത്തിന് ഉപകാര സ്മരണകൾ അതാത് പാർട്ടികൾക്ക് ചെയ്തു കൊട്ടുക്കാറൂം ഉണ്ട്. കാര്യങ്ങൾ എല്ലാം മുറ പോലെ നടക്കും.
ഇത് കൊണ്ട് ഞാന്‍ ഇങ്ങനെയുള്ള സംരംഭങ്ങള്‍ക്ക്‌ എതിരാണ് എന്ന് അര്‍ഥം ഇല്ല. പക്ഷെ ഇതിനു വേണ്ടു ഗവേഷങ്ങങ്ങള്‍ നടത്തിയിട്ടുണ്ടോ , ഇതിനു ഗൗരവമായ ഒരു വിഷനോ, മിഷനോ , പ്രോഗ്രാമോ , ഫോളോ അപ്പ് ഓ ഉണ്ടോ ? ഇതില്‍ പങ്കെടുക്കുന്ന ആളുകളെ ഏതു അടിസ്ഥാനത്തില്‍ ആണ് തിരെഞ്ഞെടുക്കുന്നത് ? ഇതിന്‍റെ ഇമ്പാകറ്റ് എങ്ങനെ മനസ്സിലാക്കാം ? ഇതിനൊന്നും വ്യക്തത ഇല്ലെങ്കില്‍ ഇത് ഒരു പീ ആര്‍ ജമ്ബോരി മാത്രമായിരിക്കും .
ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല ഈ കേരള ലോക മഹാ സഭ. അത് തുടങ്ങിയിട്ട് കുറഞ്ഞത് രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങളായി . കഴിഞ വര്ഷം എഴുതിയത് പങ്കു വക്കുന്നു.
ആഗോളവല്‍ക്കരിക്കപ്പെട്ട മലയാളികൾ.
------------------------------------------------------------------------- ഒരു പത്തു ഇരുപതു കൊല്ലം മുന്നേ കേരളത്തിലെ മുക്കിലും മൂലയിലും പ്രിയ സഖാക്കൾ ആഗോളവൾക്കരണത്തിനെതിരെയും അമേരിക്കൻ സാമ്രാജ്യത്തെയുമൊക്കെ എതിർത്തു മൈക്ക് സ്ടാന്റിന്റെ കഴുത്തിൽ പിടിച്ചുനിന്നു ഘോര ഘോരം പ്രസംഗിക്കുമായിരുന്നു. ഇപ്പോഴ്ത് അത്ര കേൾക്കാനില്ല. അതിന്റെ കാര്യം എന്താണെന്നു ഞാൻ രഹസ്യമായി ഒരു പ്രിയ സഖാവിനോട് ചോദിച്ചു. " പിള്ളേര് മൂന്നും അമേരിക്കയിലെ നല്ല മൾട്ടി നാഷണൽ കമ്പിനികളിൽ, പിന്നെ ഞാനിപ്പോ പകുതി സമയം അവിടയ. ബേബി സിറ്റിങ്ങാനു പണി. നേതാക്കളുടെ മക്കളെല്ലാം വിദേശത്ത് സുഖമായി കഴിയുന്നു. പിന്നെ ഞാനെങ്ങനെ ആഗോളവൽക്കരണത്തിന് എതിരെ പ്രസംഗിക്കും സഖാവേ ?''
നമ്മുടെ നാട്ടിൽ ചൂടിപ്പോ കൂടുതലാണെങ്കിലും തിരഞ്ഞെടുപ്പിന് ഇതുവരെ വലിയ ചൂടോന്നും ഇവിടില്ല. പക്ഷെ ന്യൂഓർക്കിലും ഫിലാദല്‍ഫിയായിലും ലണ്ടനിലും ദുബായിലും ഇരുന്നു കേരള തിരഞ്ഞെടുപ്പിനെ പറ്റി വേവലതിപ്പെടുന്ന ആത്മാക്കൾ ഏറെയാണ്. കഴിഞ്ഞ പ്രാവശ്യം മിയാമിയിൽ പോയൊപ്പോൾ അവിടേം ഒരു കേരളാ കോൺഗ്രസ്സുണ്ടെന്നു ഒരച്ചയാൻ പറഞ്ഞു. മാണി സാറെന്നു കേട്ടാൽ പുള്ളിക്ക് ജീവനാ. ന്യൂയോർക്കിലും ദുബായിലുമിരിന്നു കേരളത്തിലെ വിപ്ലവത്തെ കുറിച്ച് സ്വപ്നം കാണുന്ന സഖാക്കൾ ഏറെയാണ്.
ഞാൻ നമ്മുടെ നേതാക്കളെ ഒക്കെ അടുത്ത് കാണുന്നത് തിരുവന്തപുരം ദുബായ് എമിറേറ്റ്സ് ഫ്ളൈറ്റിൽ ആണ്. മിക്കവാറും ബിസിനിസ്സ് കളാസ്സിൽ. ദോഷം പറയരുതല്ലോ നല്ല തങ്കപ്പെട്ട മനുഷ്യർ. പലപ്പോഴും നമ്മുടെ നേതാക്കളെ ഒന്ന് മാനം മര്യാദക്ക് കാണണമെങ്കിൽ ദുബാക്ക് പോകേണ്ട അവസ്ഥയാണ്. അവരെ കണ്ടില്ലെങ്കിൽ അവരുടെ മക്കളെ കണ്ടു കാര്യം സാധിക്കാം. അതിനു ഇത്ര കുഴപ്പമെന്താണെന്നെ?
നമ്മൾ മലയാളികൾ കാക്ക തൊള്ളായിരം വര്ഷങ്ങക്കു മുന്നേ ആഗോളവല്‍ക്കരിക്കപ്പെട്ട മഹാന്മാരും മഹതികളും ആണ് എന്റെ സാറന്മാരേ. ഇപ്പോൾ കേരളത്തിലുള്ള കപ്പേം ചേനേം റബ്ബറും ഒക്കെ ആമസോണിൽ നിന്ന് ലിസ്ബൻ വഴി കപ്പലിറങ്ങിയതാണ്. പറങ്കി അണ്ടിയും പറങ്ങിപുണ്ണും കപ്പലും കൊച്ചീൽ കപ്പലിറങ്ങി. ചൈനക്കാർ കൊല്ലത്തു കപ്പലടുപ്പിച്ചു കച്ചോടം ചെയ്തില്ലയിരുവെങ്കിൽ നമുക്ക് കൊഴുക്കട്ടയും, ഇടി അപ്പവും മുറുക്കും അച്ചപ്പവും പിന്നെ ചീന ചട്ടിയും ചീന ഭരണിയും ചീന വലയും ചിന്ന കടയുമുണ്ടാകില്ലയിരുന്നു. കൊല്ലത്തുള്ള പലർക്കും ഇപ്പോഴും ഒരു ചിന്ന ചൈനീസ് ലൂക്കുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ? കേരളത്തിന്റെ തനതായെന്നു നമ്മൾ കരുതുന്ന നാലു കെട്ടും കെട്ടിട നിർമ്മാണ കലയും ചൈനയിൽ നിന്ന് ഇവിടെ കുടിയേറിയതാണ്. കഞ്ഞിയും പിഞ്ഞാണവും ചൈനയിൽ നിന്ന് നാം കടം കൊണ്ടതാണ്. അപ്പവും സ്‌റ്റുവും പൂ കേക്കും പോര്ടുഗീസുകാർ തന്നതാണ്. തെങ്ങു കൃഷി ഇവിടുണ്ടായത് ഡച്ചുകാർ വന്നിട്ടാണ്. റബ്ബർ മലേഷ്യയിൽ നിന്നും മുണ്ടക്കയത് കൊണ്ട് വന്നു സായിപ്പു കൃഷി ചെയ്തു തുടങ്ങിയതാണ്.
ഇവിടെ പള്ളീം അമ്പലോം ഒക്കെ പല നാട്ടിൽ നിന്ന് വന്നതാണ്. ജനലും മേശയും കസേരയുമൊക്കെ നാം പോർത്തുഗീസ് ഭാഷയിൽ നിന്നും കടമെടുത്തതാണ്. കക്കൂസ് ഡച്ചു ഭാഷയിൽ നിന്നും. ബൂര്ഷ ജർമനിയിൽ നീന്നും. മാർക്സമ്മാവൻ ലണ്ടനിൽ നിന്നും. എന്തിന് അധികം പറയുന്നു നമ്മുടെ ജീൻ പൂൾ പോലും യമനിൽ നിന്നും ജോർഡാനിൽ നിന്നും ഈജിപ്തിൽ നിന്നും ലബനോനിൽ നിന്നും ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നുമൊക്കെ കച്ചോടം വഴി പല പരിപാടിയിൽ കൂടി ഇവിടെകൂടിയതാണ്.
ഞാനീ എഴുതുന്ന മലയാള ഭാഷ രണ്ടായിരമാണ്ടുണ്ടായിരുന്നുവെന്നു പുളൂ അടിച്ചു നാം ശ്രേഷ്ടട്ട ഭാഷ പദവി ഒക്കെ സങ്കടിപ്പിച്ചെങ്കിലും ഗുണ്ടർട്ട് സായിപ്പും ബെയിലി സായിപ്പോമൊക്കെ ഇല്ലാരുന്നേൽ മലയാളം നമ്മളെഴുതുന്നതും പറയുന്നതും ഇങ്ങനെ ആയിരിക്കില്ല. തിരുവന്തപുരത് മര്യാദക്കൊരു പൊതു കെട്ടിടം ഉണ്ടങ്കിൽ അത് സായിപ്പ് പണിഞ്ഞതാണ്. ബാർട്ടൻ സായിപ്പിന്റെ മഹ്വതം അറിയണമെങ്കിൽ 1869 ൽ പണിത നമ്മുടെ സെക്രട്ടറിയേറ്റ് മന്ദിരവും ഇന്നാളിൽ പണി കഴിപ്പിച്ച നിയമ സഭാ മന്ദിരവും ഒന്ന് തൂക്കി നോക്ക്.
കഴിഞ്ഞ പത്തൻപത്കൊല്ലമായി നമ്മൾ സിലോണിലും സിംഗപ്പൂരിലും ബർമേലും ബോർണിയോയിലും എത്യോപ്പിയായിലും ടാൻസാനിയായിലും ജർമനിയിലും ജനീവയിലും പേർഷ്യയിലും പിന്നെ കൂട്ടത്തോടെ ഗൾഫ് നാടുകളിലും അമേരിക്ക കാനഡ യു കെ ആസ്‌ട്രേലിയ വഴി ലോകമെമ്പാടും പെറ്റു പെരുകി. ഇന്ത്യയിൽ ഏറ്റവും ആഗോളവല്‍ക്കരിക്കപ്പെട്ട സമൂഹം നമ്മളാണെന്നുള്ളതില്‍ തർക്കമില്ല. നമ്മൾ അടിമുടി ആഗോളവൽക്കരിക്കപ്പെട്ട ആഗോളവളക്കരിക്കപ്പെട്ടൂകൊണ്ടിരിക്കുന്ന സമൂഹമാണ്. ഒരു കോടി ലക്ഷം രൂപയാണ് വെളിയിൽ നിന്നും നമ്മുടെ ബാങ്കുകളിൽ വന്നു നിറയുന്നത്. കുമ്പനാട് ഒരു കിലോമീറ്ററിനുള്ളിൽ ഒരു ഇരുപതു ബാങ്കുകൾ കാണും.
ഞാൻ പോകാത്ത രാജ്യങ്ങൾ കുറവാണ്. ഏതു ദുനിയാവിൽ ചെന്നാലും എനിക്ക് മുമ്പേ എത്തിയ ഒരു മലയാളി കാണും.ആമസോൺ കാടുകളും സംസ്കാരവും കാത്തു സൂക്ഷിക്കാൻ പണിപ്പെടിന്ന പാലക്കാരനായ എന്റെ കൂട്ടുകാരൻ ഷാജി യെ പരിചയപ്പെട്ടത് ബ്രസീലിലെ ബെലേം നഗരത്തിലെ യൂണിവേഴ്‌സിറ്റി ഭക്ഷണ ശാലയിൽ വച്ചാണ്. നോർവേയുടെ ഏറ്റവും അങ്ങേയറ്റം നോർത് പൊളിനടുത്തെ പ്രശസ്ത ഡന്റിസ്ട്റ്റ് ഉതിമൂടുകരനായ എൻെറ കൂട്ടുകാരൻ സജിയാണ്. കിഗാലിയിലെ വലിയ റെസ്റ്റോറന്റിൽ ആഫ്രിക്കൻ ഭക്ഷണം ഉണ്ടാക്കിയത് കൊച്ചീക്കാരൻ സന്തോഷ്. ഏതെന്സിലെ ചൈനീസ് റെസ്ടോരേന്ടില്‍ ഭക്ഷണം വിളമ്പിയത് കിളിമാനൂർക്കാരൻ റഷീദ്.
ഇവിടെ ചെറു പ്പക്കാർ പഠിച്ചു പാസായാൽ ആദ്യം ചിന്തിക്കുന്നത് എവിടേലും പോയി രക്ഷ പെടണമെന്നാണ്. അങ്ങനെയാണ് ഞാൻ ചെങ്ങന്നൂരിൽ നിന്നും ജയന്തി ജനതയിൽ കയറി ആഗോള പൗരനായ ഒരു നാടോടി ആയതു. നമ്മുക്ക് കേന്ടക്കി ഫ്രെയിട് ചിക്കാനൊക്കെ ലുലുമാലിരുന്നു അടിച്ചുകൊണ്ടു വീണ്ടും ആഗോളവല്‍ക്കരണത്തിനെതിരെ ആത്മ രോക്ഷം കൊള്ളാം.

No comments: