Monday, November 6, 2017

കേരളത്തിലെ ഐ ഏ എസ് ഭ്രമങ്ങൾ


കഴിഞ്ഞ ആഴ്ചയിൽ കോപ്പിയടിച്ചു എന്ന കുറ്റത്തിൽ.ഒരു ഐ പി എസ് ഓഫിസർ ആയ കരീമിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് വായിച്ചു. ഞാൻ കേട്ടിടത്തോളം മിടുക്കനായ ഒരു ചെറുപ്പക്കാരനായിരുന്നു ആയാൾ. തിരുവനന്തപുരത്ത് കരീംസ് എന്ന ഒരു സിവിൽ സർവീസ് കോച്ചിങ് സെന്‍റ്റർ സാമാന്യം തെറ്റില്ലാതെ നടത്തി അതിന്‍റെ കൂടെ പരീക്ഷ എഴുതിയ ആളാണ്‌. പക്ഷെ ആയാള്‍ ഇന്ന് ചെന്ന് പെട്ട അവസ്ഥ കേരളത്തിലെ ഐ ഏ എസ് ഭ്രമത്തിന്‍റെ ഒരു ചൂണ്ടു പലകയാണ് .
കേരളത്തിലെ മാദ്ധ്യമങ്ങളും, മദ്ധ്യ വര്‍ഗ്ഗ മനോഭാവവും , ഐ ഏ എസ്സ് എന്ന് പറഞ്ഞാല്‍ വലിയ സ്ടാറ്റസ് ആണ് എന്ന മിഥ്യാ ധാരണയും ഒക്കെ യാണ് ഈ ഐ ഏ എസ് ഭ്രമത്തിനു പിന്നിലെ ചില ഘടകങ്ങള്‍. മലയാള സിനിമകളും ഇങ്ങെനെയുള്ള മിത്തുകള്‍ ഉണ്ടാക്കുന്നതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട്‌. ഐ ഏ എസ്സ് കിട്ടിയാല്‍ ലോട്ടറി അടിച്ചു എന്ന രീതിയില്‍ ആണ് പലരും കരുതുന്നത്. പലപ്പോഴും കല്യാണ മാര്‍ക്കറ്റില്‍ നല്ല ഡിമാണ്ട് ആയിരിക്കും. എല്ലാവരും അങ്ങനെ ആണെന്നല്ല അതിനു അര്‍ഥം.
പക്ഷെ ഇതൊക്കെ കിട്ടി ഒരു പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു കിട്ടിയ സുഹൃത്തുകളുടെ ഇതിനോടുള്ള കാഴ്ചപ്പാട് തന്നെ മാറിയിരിക്കും. പലപ്പോഴും ജില്ല കലക്ട്ടര്‍ ആകുന്ന മൂന്ന് നാല് കൊല്ലം പലരും ചില നല്ല കാര്യങ്ങള്‍ ചെയ്യും. അത് കഴിഞ്ഞ കിട്ടുന്ന പോസ്റ്റ് പലതും അന്നന്ന് ഭരിക്കുന്ന രാഷ്ട്രീയ തമ്പ്രാന്‍മാരെ അനുസരിച്ച് ഇരിക്കും . അത് മടുത്തു ജോലി രാജി വച്ച ഒരുപാടു സുഹൃത്തുക്കള്‍ ഉണ്ട്. പലരും പറഞ്ഞിട്ടുണ്ട് കുടുമ്പത്തെ ഓര്‍ത്താണ് ജോലി രാജി വക്കാത്തത് എന്ന്. . സ്വകാര്യ സംഭാഷങ്ങളില്‍ മന്ത്രിമാരോടുള്ള കലിപ്പ് ചീത്ത വിളിച്ചു തീര്‍ക്കുന്ന ചില സുഹൃത്തുക്കളും എനിക്കുണ്ട് ( കേരളത്തില്‍ അല്ല ). എന്‍റെ കൂടെ യു എന്നില്‍ ജോലി ചെയ്ത ഇന്ത്യക്കാരില്‍ പലരും ഐ ഏ എസ് /ഐ പി എസ് /ഐ എഫ് എസ് മടുത്തു പിന്നെ വീണ്ടും പഠിച്ചു യു എന്നില്‍ ചേര്‍ന്നവരാണ്. ചിലര്‍ ഡപ്പ്യുട്ടെഷനില്‍ പല സാമുഹിക സംഘടനകളിലും ചേരും . അങ്ങനെ എന്‍റെ കൂടെ ജോലി ചെയ്ത ഒരാള്‍ ആണ് ഹര്‍ഷ് മന്ദിര്‍. അദ്ദേഹം ജോലി മടുത്തു വോളണ്ടറി റിട്ടയര്‍മെന്ടു എടുത്തു. അത് പോലെ പലരും. അരുണ റോയി ആദ്യ ചില കൊല്ലം കഴിഞ്ഞു പണി നിര്‍ത്തലാക്കി പിരിഞ്ഞു. എന്ന് വിചാരിച്ചു എല്ലാവരും അങ്ങനെ ആകണം എന്നില്ല. ഈ കടമ്പകള്‍ ഒക്കെ കടന്നു കൂള്‍ ആയി ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങള്‍ ഭംഗിയായി നടത്തി വലിയ മാറ്റങ്ങള്‍ക്കു കാരണമായ ഒരു ചെറിയ ശതമാനം ഓഫീസര്‍മാരുണ്ട് .

ഒരു പരീക്ഷയുടെ പേരില്‍ വളരെ മിടുക്കരായ എത്രയോ ചെറുപ്പക്കാര്‍ അവര്‍ക്കുള്ള വലിയ സാദ്ധ്യതകള്‍ കളഞ്ഞു കുളിക്കുന്നു. ഈ പരീക്ഷക്ക് ശ്രമിക്കുന്നവരില്‍ ഒന്നോ രണ്ടോ ശതമാനത്തിനു കിട്ടും . കിട്ടിയവര്‍ സര്‍വജ്ഞ മിടുക്കര്‍ ആണെന്ന് തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ ഒക്കില്ല. കാരണം കേരളത്തിലെ മാധ്യമങ്ങള്‍ അവരെ ആഘോഷിച്ചു ഒരു സെലിബ്രിറ്റി ആക്കി വക വരുത്തും. വലിയ കഴിവും ടാലെന്റ്സും ഉള്ള പലര്‍ക്കും കിട്ടാറില്ല. അവരില്‍ പലരും വല്ലാത്ത ഒരു ധര്‍മ്മ സങ്കടത്തില്‍ കൂടെയും പലപ്പോഴും നിരാശ വാദികളും ഡിപ്രേഷനില്‍ കൂടിയും കടന്നു പോകാറുണ്ട്.
സത്യത്തില്‍ ഒരു പരീക്ഷ ക്രാക്ക് ചെയ്യുന്നതും ഒരാളുടെ കഴിവും തമ്മില്‍ പലപ്പോഴും ബന്ധുണ്ടാകാറില്ല. പരീക്ഷ പാസാകുന്നവരില്‍ ഭൂരിഭാഗം പേരും എബവ് ആവറേജ് ആയുള്ള ഹാര്ഡ് വര്‍ക്കിംഗ് ആയ സ്ടുടെന്‍സ് ആയിരിക്കും. മിക്ക സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും മക്കള്‍ സിവില്‍ സര്‍വീസ് തിരെഞ്ഞെടുക്കാറില്ല. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന എന്നോട് ഏപ്പോഴും സേനഹമുള്ള ഒരു വലിയ സിവില്‍ സെര്‍വന്‍റെ ആണ് ബി എന്‍ യുഗാന്തര്‍ എന്ന നല്ല മനുഷ്യന്‍. പക്ഷെ അദ്ദേഹത്തിന്‍റെ മകന്‍ സിവില്‍ സര്‍വീസ് എടുത്തില്ല. അദ്ദേഹത്തിന്‍റെ മകന്‍ ആണ് മൈക്രോ സോഫ്റ്റിന്‍റെ സീ യീ ഓ സത്യന്‍ നടല്ല. ഒരു പാടു ഉദാഹരണങ്ങള്‍ ഉണ്ട് . അതിനു ഒരു കാരണം ഐ എ എസ്സ് /ഐ പീ എസ്സ് കിട്ടിക്ക്ഴിഞ്ഞുള്ള ആവശേം ഓക്കെ സര്‍വീസില്‍ ഒരു പത്തു കൊല്ലം ഇരിക്കുമ്പോഴേക്കും പോയി തുടങ്ങും. ഐ ഏ എസ്സ് /ഐ പ്പി എസ് രാജി വയ്ക്കാന്‍ അതിയായി ആഗ്രഹിക്കുന്ന പലരും ഉണ്ട് .പക്ഷെ അവരില്‍ ചുരുക്കം പേര്‍ക്കെ അതിനു കഴിയാറുള്ളൂ. ഇത് കണ്ടു വളര്‍ന്ന മക്കള്‍ പലരും ഈ പണിക്കില്ലന്നു തീരുമാനിച്ചാല്‍ അതുഭുതപെടാനില്ല.
എനിക്ക് ഐ എ എസ്സ് കാരും, ഐ പീ എസ്സ് ഐ എഫ് എസ് പിന്നെ പല സിവിൽ സർവീസിൽ ഉള്ള അനേക സുഹൃത്തുക്കൾ ഉണ്ട്. അവരിൽ പലരും പല കഴിവുകൾ ഉള്ളവരാണ്. എന്നാൽ കഴിവില്ലാത്ത, അഹങ്കാരികളും അഴിമതിക്കാരും ഈ കൂട്ടത്തിൽ അനവധി ആണെന്ന് മറക്കരുത്. പലപ്പോഴും ഇന്ത്യയിൽ ഏറ്റവും മസിലു പിടിച്ചു നടക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥരെ കാണുമ്പോൾ മസൂറിയിൽ ഇവരെ മസിൽ പിടിപ്പിച്ചു പഠിപ്പിക്കുവാൻ പ്രത്യേക കരിക്കുലം ഉണ്ടോ എന്ന് തോന്നിപോകും.
ഇനി കാര്യത്തിലേക്കു കടക്കാം. ഞാൻ കേരളത്തിലും കേരളത്തിന് വെളിയിലും നൂറു കണക്കിന് ചെറുപ്പക്കാരുമായി പല രീതിയിൽ ഇടപഴകുന്ന ഒരാളാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ ഞാൻ കണ്ട ചെറൂപ്പക്കാരിൽ നല്ല ഒരു പങ്ക് സിവിൽ സർവീസ് ആസ്പൈരെൻസ് ആണ്. കേരളത്തിൽ എന്‍റെ കൂടെ ഇന്റേൺഷിപ്പ് ചെയ്യാൻ വരുന്നവരിൽ ഏറെയും ഈ വിഭാഗത്തിൽ ഉള്ളവരാണ്. അവരെല്ലാം എനിക്ക് ഏറ്റവും സ്നേഹമുള്ള മിടുക്കർ ആയവരാണ്. പ്രശ്നം ഇവരെല്ലാം ഇരുപത്തി അഞ്ചു വയസ്സ് കഴിഞ്ഞു സിവിൽ സർവീസ് എഴുതുവാൻ വന്നവരാണ്.ജീവിത്തിൽ ഏറ്റവും നിർണ്ണായകമായ അഞ്ചു വർഷങ്ങൾ ആണ് ഇതിനായി മാറ്റി വക്കുന്നത്. ഇവരിൽ കടന്നു കൂടുന്നവർ ഒരു ശതമാനമോ മറ്റോ ആണ്. കിട്ടാതെ വരുന്നവർ അനുഭവിrക്കുന്ന ധർമ്മ സങ്കടങ്ങൾ അവരുടെ വീട്ടുകർ പോലും മനസ്സിലാക്കാറില്ല.
എന്ത് കൊണ്ടാണിത് സംഭവിക്കുന്നത് ?
2.
ഏതൊരു കരിയര്‍ സാധ്യതകളെയും പോലെ സിവില്‍ സര്‍വീസും ഒരു നല്ല കരിയര്‍ സാധ്യത തന്നെയാണ്. സിവില്‍ സര്‍വീസ് ഭരണത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുവാനും ജനങ്ങളെ സഹായിക്കുന്ന തരത്തില്‍ പബ്ലീക് പോളിസി രൂപപെടുത്തുവാനും നല്ലതാണ്. ഭരണ അധികാരങ്ങളുടെ നന്മ തിന്മകള്‍ അടുത്തറിയാന്‍ ഉള്ള അവസരങ്ങള്‍ കിട്ടുന്ന ഒന്നാണ് സിവില്‍ സര്‍വീസ്. ഇതില്‍ മിക്കവരും തീര്‍ത്തും കണ്ഫെമിസ്സ്റ്റു ആയി ഭരണത്തിന്‍റെ നാലു അരികില്‍ അധികാര ചുറ്റിക്കളി നടത്തി ജീവിക്കുമെങ്കിലും ചിലരെങ്കിലും വലിയ നല്ല മാറ്റങ്ങള്‍ക്കും നിദാനമായ്യിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കരിയര്‍ ഓപ്ഷനെ പോലെ സിവില്‍ സര്‍വീസ് നല്ല കരിയര്‍ ഓപ്ഷന്‍ തന്നെയാണ്.
അതുകൊണ്ട് പ്രശ്നം ഐ ഏ എസ്സോ , സിവില്‍ സര്‍വ്വീസ് കരിയരോ അല്ല. പ്രശ്നം സമൂഹത്തില്‍ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ ആണ്. ഒരു സെമി-ഫ്യുടല്‍ അസ്പെയ്യരിംഗ് മിഡില്‍ ക്ലാസ് സമൂഹത്തില്‍ സ്ടാറ്റസ് വളരെ പ്രധാന പെട്ട ഒന്നാണ്. സാമൂഹിക സ്ടാട്ടസിനു ഇവിടെ ജാതിയും ജോലിയും ഒരു പ്രധാന ഘടകമാണ്. കഴിഞ്ഞ അമ്പത് കൊല്ലങ്ങളായി ഡോക്റ്റര്‍ , എന്ജീനീയര്‍ എന്നി പ്രഫഷണല്‍ ജോലികള്‍ സാമൂഹിക സ്ടാട്ടസിലേക്ക് ഉള്ള ചവിട്ടു പടികള്‍ ആയിരുന്നു. കാരണം അന്ന് ആകെ ഉണ്ടായിരുന്നത് മൂന്ന് മെഡിക്കല്‍ കോളജും വിരലില്‍ എണ്ണാവുന്ന എന്‍ജീനീരിംഗ് കൊളജുകലുമാണ്. എന്‍റെ ഏറ്റവും അടുത്ത കസിന് മെഡിസിന് അഡ്മിഷന്‍ കിട്ടിയത് എഴുപതുകളുടെ ആദ്യ പാദത്തില്‍ വലിയൊരു വാര്‍ത്ത ആയിരുന്നു ഞങ്ങളുടെ നാട്ടില്‍. പിന്നെ ആ 'ഡോക്ട്ടരുടെ വീട്' എന്ന രീതിയാലാണ് ഞങ്ങളുടെ വീട് തന്നെ അറിഞ്ഞത്. പക്ഷെ തോന്നൂറൂകള്‍ കഴിഞ്ഞപ്പോഴേക്കും കളി മാറി. സെല്‍ഫ്-ഫിനാന്‍സ് കോളജുകള്‍ കാപ്പിക്കട പോലെ എല്ലാ മുക്കിലും തുടങ്ങിയപ്പോള്‍ കേരളത്തില്‍ എന്‍ജീനിയര്‍ മാരെ തട്ടി നടക്കാന്‍ മേലാത്ത അവസ്ഥയായി. നാട്ടില്‍ ഉള്ള എല്ലാവരും എന്‍ജിനീയര്‍ ആയപ്പോള്‍ അതിന്‍റെ 'ഗുമ്മു ' പോയി. പിന്നെ എല്ലാ ജില്ലയിലും ആവശ്യത്തിനു മെഡിക്കല്‍ കോളേജുമായപ്പോള്‍ എം ബി ബി എസ്സിനും പഴയ സ്ടാട്ടാസ് പോയി . പിന്നെ എംഡി /എമ്സ്സും ഒക്കെ എടുത്ത് വന്നാലെ മാനം മര്യാദക്ക് ശമ്പളം കിട്ടുന്ന ജോലിയ്യുള്ളൂ. അങ്ങനെയിരിക്കുംപോഴാണ് കുറെ കൊല്ലങ്ങള്‍ക്കു ശേഷം കേരളത്തില്‍ കുറെ പേര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് കിട്ടുന്നത്. പത്രങ്ങള്‍ അത് വേണ്ടുവോളം ആഘോഷിച്ചു . വനിതയിലും ഗ്രഹ ലക്ഷ്മിയിലും ഇന്റര്‍വ്യൂ , പിന്നെ അവരവരുടെ ജാതി -മത -നാട്ടുകാര്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍. പോരായെങ്കില്‍ കിംഗ്‌ എന്ന സിനിമയിലെ മമൂട്ടി ഡയലോഗ് . കമ്മീഷണര്‍ പോലുള്ള തട്ട് തകര്‍പ്പന്‍ സിനിമകള്‍. എന്ജീനീയരിംഗ് കഴിഞ്ഞിട്ടും നല്ല ജോലി കിട്ടാത്ത അവസ്ഥ.
ഈ സാഹചര്യത്തിലാണ് സിവില്‍ സര്‍വീസ് മോഹങ്ങള്‍ കേരളത്തിലാകമാനം വളരുവാന്‍ തുടങ്ങിയത്.കേരളത്തെ പോലൊരു മദ്ധ്യ വര്‍ഗ സമൂഹത്തില്‍ 'സക്സസ്' ഒരു വലിയ 'ക്രെയ്സ് ' യായി. ഇതിനു സാംപ ത്തിക മാനങ്ങളും സാമൂഹിക മാനങ്ങളും ഉണ്ടായി . ഒരു നിയോ ലിബറല്‍ സാമ്പത്തിക കാഴ്ചാപ്പടില്‍ എങ്ങനെയും 'വിജയിക്കുക' , എങ്ങനെയും പണം ഉണ്ടാക്കുക . അത് കൊണ്ട് സ്ടാട്ടാസ് മെച്ചപെടുത്തുക എന്ന മനസ്ഥിതി കേരളത്തില്‍ വ്യാപകമായി. കല്യാണം കഴിക്കുന്നതിനു പേ പാക്കറ്റും പിന്നെ പ്രൊഫഷണല്‍ സ്ടാട്ടസും വലിയ ഒരു ഘടകമാണിപ്പോള്‍ . എഴുപതു കള്‍ വരെ കല്യാണം ഒരു കാര്‍ഷിക ഫ്യുടല്‍ സമൂഹത്തില്‍ സ്ടാട്ടസു അളന്നിരുന്നത് വീട്ടില്‍ എത്ര തുറൂ ഉണ്ടെന്നു നോക്കിയാണ്. തുറുവിന്‍റെ എണ്ണം നോക്കിയാല്‍ എത്ര പറ കണ്ടമുണ്ടെന്നും വീട്ടില്‍ കറവയുള്ള പശുക്കളും പൂട്ടാന്‍ കാളകള്‍ എന്നിവ ഒക്കെ നോക്കും. പിന്നെ ആന ഉള്ള വീടുകള്‍ എല്ലാം 'തറവാടിത്ത' ലക്ഷണങ്ങള്‍ ആണ്. എന്പതുകള്‍ ആയപ്പോള്‍ ഗള്‍ഫില്‍ ഉള്ള ആര്‍ക്കും കല്യാണ മാര്‍കെറ്റില്‍ വലിയ ഡിമാണ്ട് ആയി. പക്ഷെ എല്ലാവരും ഗള്‍ഫിന് വച്ച് പിടിച്ചപ്പോള്‍ കല്യാണ മാര്‍ക്കെറ്റില്‍ ഗള്‍ഫ് ഡിമാന്ടിനു കോട്ടം തട്ടി .
കേരളത്തില്‍ ഒരു 'സക്സസ്' മോഡല്‍ കണ്ടാല്‍ പിന്നെ അതിനെ എല്ലാവരും അനുകരിക്കും. റബര്‍ സക്സ്സ്സ് ആണെന് കണ്ടാല്‍ മലയാളി കണ്ടം നികത്തിയും റബ്ബര്‍ നടും. ഒരാള്‍ ടെരെസ്സിന്‍റെ മുകളില്‍ ടിന്‍ ഷീറ്റ് ഇട്ടാല്‍ പിന്നെ എല്ലാവര്‍ക്കും അത് ഇടണം. ഒരിടത്ത് മാരുതി കാര്‍ ഉണ്ടെങ്കില്‍ പിന്നെ മാരുതിക്ക് വലിയ ഡിമാണ്ട്. ഒരു മോഡല്‍ സിനിമ സക്സ്സസ്സ് ആയാല്‍ പിന്നെ കുറെ നാള്‍ ആ ഫോര്‍മുലയുടെ പുറകെ. കേരളത്തില്‍ ഏതു സക്സ്സസും വൈറല്‍ ആകും. ഒരിടത്ത് 'പൊങ്കാല' വിജയിച്ചാല്‍ നാടാകെ 'പൊങ്കാല' . നേഴ്സുമാര്‍ അമരിക്കയിലും ഗള്‍ഫിലും യു കെ യിലും എല്ലാം പോയി കാശുണ്ടാക്കി വലിയ വീടുകള്‍ വച്ചപ്പോള്‍ , എല്ലാവര്ക്കും നേഴ്സ് ആയാല്‍ മതീ. അമ്പതുകളില്‍ 'ഈചീച്ചി ' പണി ആയിരുന്ന നേഴ്സിംഗ് തോന്നൂരുകളില്‍ സോഷ്യല്‍ ട്രെന്‍ഡ് യായി. എന്തിനു പറയുന്നു ആത്മീയ വ്യാപാര വ്യ്വവസായം പോലും കേരളത്തില്‍ വൈറല്‍ ആയി. ചുമ്മാതെ അല്ല 'കുടുമ്പ ശ്രീ ' പോലും കേരളത്തില്‍ വൈറല്‍ ആയതു .
ഈ സാഹചര്യത്തില്‍ ആണ് ഐ എ എസ്സ് /സിവില്‍ സര്‍വീസ് ക്രേസ് ' കേരളത്തില്‍ വൈറല്‍ ആകുവാന്‍ തുടങ്ങിയത്. ആയരക്കണക്കിനു ചെറുപ്പക്കാര്‍ ഇതിന്‍റെ 'സക്സസ്' ഫോര്‍മുല കണ്ടു സിവില്‍ സര്‍വീസ് എഴുതുവാന്‍ തുടങ്ങി. നാട്ടില്‍ എല്ലാം കോച്ചിംഗ് സെന്റ്റര്‍ മുളച്ചു പൊന്തീ. എല്ലാ ജാതിക്കും മതങ്ങള്‍ക്കും അവരുടെ സിവില്‍ സര്‍വീസ് ആക്കാദമി. പിന്നെ സര്‍ക്കാര്‍ വക. സിവില്‍ സര്‍വീസ് എഴുതി കിട്ടാത്ത മിടുക്കന്മാര്‍ അവരുടെ സ്വന്തം കോച്ചിങ് കട തുറന്നു . പിന്നെ കണ്ണന്താനം കട. ചുരുക്കത്തില്‍ കേരളത്തില്‍ ഈ 'സക്സസ് ' മോഡല്‍ വൈറല്‍ ആയപ്പോള്‍ പിന്നെ മീഡിയ അത് ആഘോഷിക്കും . അങ്ങനെ കേരളത്തിലെ ഒരു പാട് അസ്പെയരിംഗ് മിഡില്‍ ക്ലാസ്സ്‌ പേരന്റ്സ് അവരുടെ കുട്ടികളെ ഐ എ എസ്സ് ഡ്രീമിനു പ്രേരിപ്പിക്കുവാന്‍ തുടങ്ങി. അങ്ങനെ സംഗതി കേരളത്തില്‍ ആകമാനം വൈറല്‍ ആയി. ഇപ്പാൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ പോലും സിവിൽ സർവീസ്കരാക്കുവാൻ കോച്ചിങ് കച്ചവടക്കാർ ഇറങ്ങിയിട്ടുണ്ട്. അതിനു സർക്കാർ സ്‌കൂളുകളിൽ ഒത്താശ കൊടുക്കുന്നു. ഇപ്പാൾ എട്ടാം ക്ലാസ് മുതൽ പിള്ളേരെ മെഡിസിൻ /ഐ ഐറ്റി കോച്ചിങ് സെറ്റ് അപ്പ് പല സ്‌കൂളുകളിലും ഉണ്ടെന്നു ആണ് കേട്ടത്. പിള്ളേരുടെ ഒരു ഗതികേട് !!!
പക്ഷെ ഇങ്ങനെയുള്ള കസർത്തുകൾ എല്ലാം കഴിഞ്ഞിട്ടും പല പ്രാവശ്യം എഴുതിയിട്ടും കിട്ടാത്ത ആയിരകണക്കിന് ചെറുപ്പക്കാര്‍ക്കു എന്താണ് സംഭവിക്കുന്നതു ?



No comments: