Friday, August 1, 2014

ബജറ്റ്- പുകമറയ്ക്ക്പിന്നിലെ രാഷ്ട്രീയക്കളി


 ജോണ്‍ സാമുവല്‍

പുതിയ സര്‍ക്കാരിന്‍റെ കന്നി ബജറ്റ് പുറംമോടി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഒരഭ്യാസമാണ്. ഭരണം കൈയാളുന്ന പ്രധാന കക്ഷിയുടെ രാഷ്ട്രീയ നയങ്ങളുടെ ചില സൂചനകള്‍ അത് തരുന്നുണ്ടെന്നത് നേര്. ശ്രദ്ധേയമായ കാര്യം, യു.പി.എ. II സര്‍ക്കാര്‍ പിന്തുടര്‍ന്നു വന്ന നയങ്ങള്‍ തന്നെയാണ് ഫലത്തില്‍ പുതിയ സര്‍ക്കാരും നടപ്പാക്കാനുദ്ദേശിക്കുന്നത് എന്ന തിരിച്ചറിവാണ്. ആ അര്‍ത്ഥത്തില്‍ കാവിയില്‍ പൊതിഞ്ഞ യു.പി.എ.-III യാണ് എന്‍.ഡി.എ. സര്‍ക്കാര്‍ എന്ന് പറയാമെന്നു തോന്നുന്നു.

പുതിയ കുപ്പിയില്‍, കാവിയില്‍ പൊതിഞ്ഞെത്തിയ, പഴയ വീഞ്ഞ്..   .

"യു.പി.എ. സര്‍ക്കാര്‍ അവതരിപ്പിക്കുമായിരുന്ന ബജറ്റ് തന്നെയാണിത്." NDTV യുമായി ബജറ്റ് ചര്‍ച്ച ചെയ്യവേ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു. "ധനക്കമ്മിയില്‍ മനസ്സുറപ്പിച്ച് ബജറ്റ് തയ്യാറാക്കിയ ധനമന്ത്രിയുടെ നടപടി എന്നെ സന്തോഷിപ്പിച്ചു."
പുതിയ നയപ്രഖ്യാപനങ്ങളും സന്നദ്ധ സംഘടനകളുടെ നടത്തിപ്പ് സംബന്ധിച്ച ഐ..ബി.റിപ്പോര്‍ട്ട്‌ പോലെ തന്ത്രപരമായ ചില വെളിപ്പെടുത്തലുകളും, പുറന്തള്ളല്‍ രാഷ്ട്രീയം എന്ന ഒരു പുതിയ ഇനം രാഷ്ട്രീയത്തിന്‍റെ ഉദയത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത് എന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.. 'മാറ്റങ്ങളോടെയുള്ള തുടര്‍ച്ച' എന്ന ധാരണ പടര്‍ത്തിയും 'പാവപ്പെട്ടവര്‍ക്ക് വേണ്ടി', 'ജനപക്ഷത്തു നിന്നുകൊണ്ട്', തുടങ്ങിയ വാചകക്കസര്‍ത്തുകളില്‍  ഊന്നിയും ആണ് ഭരണത്തിന്‍റെ തുടക്കം. പക്ഷേ, ബജറ്റും, കഴിഞ്ഞ രണ്ടുമാസത്തെ ഭരണവും തരുന്ന ചിത്രം മറ്റൊന്നാണ്. രാജ്യരക്ഷയിലും ഇന്‍ഷൂറന്‍സ് മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചത്‍, വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കായി പാരിസ്ഥിതിക നിബന്ധനകളില്‍ ഇളവനുവദിക്കാന്‍ നീക്കമാരംഭിച്ചത് , സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചത്, തീവണ്ടി യാത്രയില്‍ ടിക്കറ്റ് നിരക്കില്‍ 14.2 ശതമാനവും ചരക്കുകൂലിയില്‍ 6.5ശതമാനവും വര്‍ദ്ധിപ്പിച്ചത്, യാത്രക്കാര്‍ക്കുള്ള സേവനങ്ങളില്‍ പലതും സ്വകാര്യവല്‍ക്കരിക്കുന്നത്, ഉരുളക്കിഴങ്ങിനേയും ഉള്ളിയേയും അവശ്യ വസ്തു നിയമത്തിന്‍റെ (ESMA) കീഴില്‍ അവശ്യ വസ്തുക്കളായി പ്രഖ്യാപിക്കുന്നത് -ഇവയെല്ലാം വരാനിരിക്കുന്ന കാതലായ നയവ്യതിയാനങ്ങളുടെ നാന്ദി മാത്രമാണ്

വികസനം -ഒരു 'സാന്‍ഡ് വിച്ച്' സമീപനം :

നയങ്ങളിലും രാഷ്ട്രീയ സമീപനങ്ങളിലും ഒരു ത്രിതല ഞാണിന്മേല്‍ കളി നടത്തുന്നു പുതിയ സര്‍ക്കാര്‍ . നവ ലിബറല്‍ ആശയങ്ങളുടെ വക്താക്കളായി, 'More governance and less government' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിവരിക്കുന്ന, ഭരണകൂടം- അതാണ് ആദ്യം കിട്ടുന്ന ചിത്രം. ഇതാകട്ടെ കഴിഞ്ഞ ഇരുപതു കൊല്ലം, നാട് ഭരിച്ച മന്‍മോഹന്‍ സിംഗ്-ആലുവാലിയ -ചിദംബരം കൂട്ടുകെട്ടിന്‍റെ ആവര്‍ത്തനത്തില്‍ കവിഞ്ഞൊന്നുമല്ല. ഒന്നുകൂടി അടുത്തുനിന്നു നോക്കുമ്പോള്‍ ശിങ്കിടി മുതലാളിത്ത (crony  capitalism)ത്തേയും ഹിന്ദു ദേശീയതയില്‍  ഊന്നി, സമ്പന്നരായ ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങളേയും സമൂഹത്തിലെ സമ്പന്നവര്‍ഗ്ഗത്തേയും മാത്രം തുണയ്ക്കുന്ന ഭരണ നയത്തിന്‍റെ വ്യക്തമായ ചിത്രം കിട്ടും. പുറന്തള്ളലിന്‍റെ അഥവാ, മാറ്റിനിര്‍ത്തലിന്‍റെ, അടിത്തറയിലാണ് ഉദാരവല്‍ക്കരണത്തിന്‍റേയും  ജനയത്ത നാട്യത്തിന്‍റേയും മായക്കാഴ്ചകള്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. മുഖ്യ ഭരണ കക്ഷിയുടെ രാഷ്ട്രീയ സാമ്പത്തിക കാഴ്ചപ്പാടുകളുടേയും പല അടരുകളുള്ള തിരിമറി സമീപനങ്ങളുടേയും പശ്ചാത്തലത്തില്‍ വേണം ബജറ്റിനെ നോക്കിക്കാണാന്‍.
ശിങ്കിടി മുതലാളിത്തത്തേയും ഹിന്ദു ദേശീയതയില്‍  ഊന്നി, സമ്പന്നരായ ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങളേയും സമൂഹത്തിലെ സമ്പന്നവര്‍ഗ്ഗത്തേയും മാത്രം തുണയ്ക്കുന്ന ഭരണ നയത്തിന്‍റെ ചിത്രമാണ് ബജറ്റ്

മൂന്നു തലങ്ങളില്‍ നടപ്പാക്കപ്പെടുന്ന ഭരണനയം ലക്ഷ്യമാക്കുന്നത് സമൂഹത്തിലെ നാല് വ്യത്യസ്ത വിഭാഗങ്ങളെയാണ്‌
  • ഒന്ന്‍, നാഗരിക ചുറ്റുപാടുകളില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന നവ മദ്ധ്യവര്‍ഗം.
  • രണ്ട്, ശിങ്കിടി മുതലാളിത്തത്തിന്‍റെ വക്താക്കളായ സമ്പന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍-- തിരഞ്ഞെടുപ്പില്‍ മോഡിയെ പണം വഴിയും മാദ്ധ്യമങ്ങള്‍ വഴിയും കൈയയച്ച് സഹായിച്ചവരാണിവര്‍.
  • മൂന്ന്‍, സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍ പെരുപ്പിക്കുമെന്ന്‍ സ്വപ്നം കാണുന്ന നവ ഉദാരവല്‍ക്കരണനയവിശ്വാസികള്‍- മനസ്സില്‍ മൃദു ഹിന്ദു ദേശീയത കൊണ്ടുനടക്കുന്നവരാണിവര്‍   
  • നാല്, കൈയൂക്കോടെ, കാര്യം കാണാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന സംഘ പരിവാര്‍ പ്രഭൃതികള്‍.
ഇവരെ നാലുപേരെയും നാല് വ്യത്യസ്ത രീതികളില്‍ കൈയിലെടുക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം.
തിരഞ്ഞെടുപ്പ് സമയത്ത് ഉരുത്തിരിഞ്ഞു വന്നതാവണം തന്ത്രപരമായ ഈ സമീപനം. പ്രഖ്യാപിത നയങ്ങളോരോന്നും തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഓരോ വിഭാഗത്തിനും തോന്നുന്നു.  പൊതുദൃഷ്ടിയിലാവട്ടെ, വികസനത്തിന്‍റെ പാതയില്‍ രാജ്യത്തെ നയിക്കാന്‍ കെല്‍പ്പുള്ള ഭരണകൂടമെന്ന ചിത്രവും! കപടമായ ഈ 'വികസന' മുഖം, വളര്‍ച്ചയെ കുറിച്ചും ജനായത്തത്തെ കുറിച്ചും ഭരണത്തെക്കുറിച്ചും മതിഭ്രമങ്ങള്‍ ഉണ്ടാക്കും. തീവ്രഹിന്ദുത്വവാദത്തിനു മറ പിടിച്ചുകൊണ്ടുള്ള നവ പുരോഗമന നയങ്ങളെ തിരിച്ചറിയാനോ എതിര്‍ക്കാനോ പറ്റാത്ത മട്ടില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി പോലും ആശയക്കുഴപ്പത്തിലാവും. ഇങ്ങനെയൊരു അര്‍ത്ഥത്തില്‍ ഈ ബജറ്റ് പുറന്തള്ളലിന്‍റേയും കപട വികസനത്തിന്‍റേയും കൂടി രാഷ്ട്രീയം വെളിവാക്കുന്നു.                  വിലക്കയറ്റം തടയും; പണപ്പെരുപ്പത്തിനു കടിഞ്ഞാണിടും‍; സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കും; ഭരണം സുതാര്യമാക്കും; ഉത്തരവാദിത്വ ഭരണം കാഴ്ചവെയ്ക്കും; അഴിമതി അവസാനിപ്പിക്കും- ഇങ്ങനെ ഒട്ടേറെ വാഗ്ദാനങ്ങള്‍ തന്നുകൊണ്ടാണ് മോഡി ഭരണമേറ്റത്. ഇതുവരെ ഇവയിലേതെങ്കിലും നിറവേറിക്കിട്ടുന്നതിനുള്ള ആത്മാര്‍ത്ഥമായ നീക്കം സര്‍ക്കാരിന്‍റെ പക്ഷത്ത് നിന്നുണ്ടായതായി കാണുന്നില്ല.- ബജറ്റിലും ഈ ദിശയില്‍, കാര്യമായി എന്തെങ്കിലും നടന്നതിന്‍റെ തെളിവില്ല.. ഈ വര്‍ഷം മാര്‍ച്ചില്‍ ചിദംബരം അവതരിപ്പിച്ച വോട്ട് ഓണ്‍ അക്കൌണ്ടില്‍ നിന്ന് ഏറെ ദൂരം മാറി ഒരു ബജറ്റ് ഒരുപക്ഷേ, സാദ്ധ്യമാവുമായിരുന്നിരിക്കില്ല. തിരഞ്ഞെടുപ്പ് സമയത്ത്, ആവശ്യത്തിന് ഉപകരിച്ച വമ്പന്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് തിരിച്ചെന്തെങ്കിലും ചെയ്യാനുള്ള ചില ശ്രമങ്ങളല്ലാതെ ഏറെയൊന്നും കണ്ടില്ല. ബന്ധപ്പെട്ടവര്‍ക്ക്, മോഡി ബ്രാന്‍ഡ് ധനശാസ്ത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന സൂചനകളും സന്ദേശങ്ങളും. സൂക്ഷ്മദൃക്കുകള്‍ക്ക് കാണാനാവും.

ബജറ്റിനെ ഒന്ന് വിശദമായി അപനിര്‍മ്മാണം ചെയ്തു പരിശോധിച്ചാല്‍ മുകളില്‍ പറഞ്ഞ നാല് വിഭാഗക്കാരെ സര്‍ക്കാര്‍ എങ്ങനെ ഒറ്റയ്ക്കൊറ്റയ്ക്ക് അഭിമുഖീകരിക്കുന്നു എന്ന് വ്യക്തമാവും.
ആദായ നികുതി ഈടാക്കാവുന്ന കുറഞ്ഞ വാര്‍ഷിക വരുമാനം രണ്ടില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി ഉയര്‍ത്തിയത് ശരാശരി ഇരുപതിനായിരം രൂപ മാസവരുമാനമുള്ള ആദ്യ വിഭാഗത്തിന്, ആശ്വാസം കൊടുക്കും മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള ആനുകൂല്യവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2022 ഓടെ എല്ലാവര്‍ക്കും വീടെ'ന്ന ആശയവും ഇവരെ ഉദ്ദേശിച്ചാണ്.
എക്സൈസ് ,കസ്റ്റംസ് ഡ്യൂട്ടികളില്‍ 5.2 ലക്ഷം രൂപയ്ക്കടുത്ത് വരുന്ന ആനുകൂല്യമാണ് വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് കിട്ടുന്നത്.

നഗരങ്ങളില്‍ വന്‍ മുതല്‍മുടക്ക് നടത്താനുള്ള തീരുമാനം, (സ്മാര്‍ട്ട് സിറ്റികള്‍ക്ക് 7060 കോടി രൂപ), രാജ്യരക്ഷാ രംഗത്തും ഇന്‍ഷൂറന്‍സ് മേഖലയിലും വിദേശ മൂലധന നിക്ഷേപത്തിന്‍റെ പരിധി 26 ല്‍ നിന്ന്‍ 49 ശതമാനമായി ഉയര്‍ത്തിയത്, IIT, IIM, AIMS തുടങ്ങി ഉന്നതസാങ്കേതിക വിദ്യാഭാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വരുത്തിയ വര്‍ദ്ധനവ് തുടങ്ങിയവ‍, മൂന്നാമത്തെ കൂട്ടരെ ഉദ്ദേശിച്ചാണ്   സാങ്കേതിക രംഗത്ത് തൊഴിലവസരങ്ങള്‍ കൂടുമെന്നും രാജ്യത്തിനും അതുവഴി തങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ അത് നേടിത്തരുമെന്നും കരുതൂന്നവരെ ബജറ്റ് തീരുമാനങ്ങള്‍ സന്തോഷിപ്പിക്കും   . സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയ്ക്ക് 200 കോടി രൂപയും  യുദ്ധസ്മാരകങ്ങള്‍ക്ക് (100 കോടി രൂപയും  അനുവദിച്ച, നടപടി ഇവരുടെ മൃദു ഹിന്ദുദേശീയതാബോധത്തേയും വേണ്ടവണ്ണം തൃപ്തിപ്പെടുത്തും . കോണ്‍ഗ്രസ് ചരിത്രത്തിന്‍റെ ഭാഗമായ പട്ടേലിനെ പിടിച്ചെടുത്ത്  പൊക്കിക്കാട്ടിയും യുദ്ധസ്മാരകങ്ങള്‍ക്ക് തുക വകയിരുത്തിയും 'രാജ്യഭക്തിയില്‍ ഊന്നി, ഒരു Shining India യെ നാട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ച് കൈയടി നേടാനാണ് പ്രകടമായും, ശ്രമം.   
       
    

കേന്ദ്ര ചരിത്ര ഗവേഷണ കൌണ്‍സില്‍ (ICHR)ന്‍റെ തലപ്പത്തടക്കം തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ സംഘപാരിവാര്‍ അനുയായികളെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട് ഇതിനു കരുത്തു പകരാന്‍ ശ്യാമപ്രസാദ് മുഖര്‍ജി, ദീന്‍ദയാല്‍ ഉപാദ്ധ്യായ, മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയവരുടെ പേരില്‍ ഉള്ള പുതിയ പദ്ധതികളെ, ചെറുതായി കാവിയില്‍ പൊതിയുന്നുമുണ്ട്.

നൂറ് സ്മാര്‍ട്ട്സിറ്റികള്‍ക്കായി 7060 കോടി രൂപ അനുവദിക്കുമ്പോള്‍ ഒരു സിറ്റിക്ക് ശരാശരി കിട്ടുന്നത് 70 കോടി രൂപ മാത്രമാണ്. രാജ്യത്ത് നിന്ന് തന്നെയോ വിദേശരാജ്യങ്ങളുടെ വകയായോ (FDI) സിറ്റി ഒന്നിന് ശരാശരി 60,000 കോടി രൂപ എന്ന നിരക്കിലെങ്കിലും നിക്ഷേപസമാഹരണം നടത്താനാവുമെന്നാണ് കണക്കുകൂട്ടല്‍. നൂറു സ്മാര്‍ട്ട് സിറ്റികള്‍ക്ക് അവശ്യം വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ഭാരിച്ച ചെലവുള്ള പദ്ധതിക്കുതന്നെ എവിടെനിന്നാണ് ഭരണകൂടം പണം കണ്ടെത്തുന്നത് എന്നറിയില്ല. അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും സൌരോര്‍ജ്ജം പോലുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ചൂഷണം ചെയ്യുന്നതിലും  പണം മുടക്കാന്‍ തയ്യാറുള്ള നിക്ഷേപകരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതിവേഗ ഹൈവേകളുടെ നിര്‍മ്മാണത്തിനും റോഡുകള്‍, മെച്ചപ്പെടുത്തുന്നതിനും മറ്റുമായി 37880 കോടി (വടക്കു-കിഴക്കന്‍ മേഖലയ്ക്കുള്ള 3000 കോടി രൂപ ഉള്‍പ്പെടെ) രൂപ അനുവദിച്ചതിലും രണ്ടാം UPA സര്‍ക്കാരിന്‍റെ നയങ്ങളുടെ വ്യക്തമായ തുടര്‍ച്ച കാണാം. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലും ഇന്‍ഷൂറന്‍സ് - അടിസ്ഥാന സൌകര്യ മേഖലകളിലും പ്രതീക്ഷിക്കുന്ന വിദേശ നിക്ഷേപം നടന്നാലും ആദ്യ രണ്ടു വര്‍ഷങ്ങളിലെങ്കിലും, പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക വളര്‍ച്ച നേടാനാവില്ല പ്രത്യക്ഷ നികുതികളില്‍ ഇളവനുവദിച്ചും പരോക്ഷനികുതികള്‍ വര്‍ദ്ധിപ്പിച്ചും 7525 കോടിയോളം രൂപയുടെ അധിക വരുമാനം കണക്കുകൂട്ടിയിട്ടുണ്ട്. ഓഹരി വിറ്റഴിക്കല്‍ വഴിയും ‍,നികുതികളില്‍ നിന്നല്ലാതെയുള്ള വരുമാനം വര്‍ദ്ധിപ്പിച്ചും ,ചെലവ് ചുരുക്കല്‍ വഴിയും ധനസമാഹരണം നടത്താനാവും നീക്കം.  MGNREGS, ഭക്ഷ്യ സബ്സിഡി, NRLM, NRHM തുടങ്ങി മുഖ്യ പരിപാടികള്‍ക്ക് ഏറെക്കുറെ ഇടക്കാല ബജറ്റിലേതു പോലെത്തന്നെ  തുക വകയിരുത്തിയിട്ടുണ്ട് . ചെലവ് ചുരുക്കി ധനക്കമ്മി നികത്താനുള്ള ആവേശത്തില്‍, പുതുക്കിയ നിരക്കുകളില്‍, ചെലവിനത്തില്‍ കാര്യമായ വെട്ടിച്ചുരുക്കലുകള്‍ വരാനാണ് സാദ്ധ്യത.
               
ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളെ ഗൌരവബോധത്തോടെ ഈ ബജറ്റ് നോക്കിക്കാനുന്നുണ്ടോ?
  രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലെ മുഖ്യ വെല്ലുവിളികളെ ബജറ്റ് സമീപിക്കുന്നത് എങ്ങനെയെന്നു നോക്കാം. 186 രാജ്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 2013 ലെ Human Development Report ല്‍ ഭാരതത്തിന്‍റെ HDI (Human Development Index) സ്ഥാനം 136 ആണ്. ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളില്‍ പല ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ചും നമ്മുടെ നില പരുങ്ങലിലാണ്. ലോകത്തിലെ ഓരോ മൂന്നാമത്തെ നിരക്ഷരനും ഇന്ത്യക്കാരനാണ്. 80 ദശലക്ഷത്തിലധികം കുട്ടികള്‍ സ്കൂള്‍ കാണാതെ വളരുന്നു. 35% ത്തിലധികം പേര്‍ എട്ടാം ക്ലാസിനു മുമ്പ് പഠിപ്പ് നിര്‍ത്തുന്നു. ഇന്ത്യയിലെ ശിശു-മാതൃ മരണനിരക്ക് വളരെ വലുതാണ്‌.1000 ത്തില്‍ 44 ആയിരുന്നു ജീവനോടെ പിറന്ന ശിശുക്കളിലെ 2011ലെ മരണനിരക്ക്; 2010-2012 ലെ മാതൃ മരണ നിരക്കാവട്ടെ 178 ഉം. ലോകനിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ തീര്‍ത്തും മോശമായ കണക്കാണിത്. തൊഴിലില്ലാത്തവര്‍ ഔദ്യോഗിക കണക്കനുസരിച്ച് 5.6% ആണ്. യഥാര്‍ത്ഥ കണക്ക് മിക്ക സംസ്ഥാനങ്ങളിലും ഇതില്‍ നിന്നും വളരെയേറെ മേലെയാവാനാണ് സാദ്ധ്യത.

രാജ്യം നേരിടുന്ന വലിയ പ്രശ്നങ്ങളില്‍ ഒന്ന് വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ വളര്‍ന്നുവരുന്ന അസമത്വമാണ്. National Sample Survey യുടെ വിശകലനത്തില്‍ ധനികരുടേയും ദരിദ്രരുടേയും പണം ചെലവാക്കാനുള്ള കഴിവുകള്‍ തമ്മിലുള്ള അന്തരം ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിച്ചിട്ടുണ്ട്. നഗരങ്ങളിലെ സമ്പന്നരില്‍ ആദ്യ അഞ്ചു ശതമാനം പേരുടെ ആളോഹരി ചെലവ് ആദ്യ അഞ്ചു ശതമാനം ദരിദ്രരുടേതിനെ അപേക്ഷിച്ച് 14.7% കൂടുതലാണ്. ഗ്രാമപ്രദേശങ്ങളില്‍ ഈ അനുപാതം 9 മടങ്ങാണ്. സാമ്പത്തിക അസമത്വത്തോടൊപ്പം സാമൂഹ്യ അസമത്വം കൂടിയാവുമ്പോള്‍ സമൂഹത്തില്‍ വിഭാഗീയതയുടെ രാഷ്ട്രീയം വേരുറപ്പിക്കുന്നു. സാമൂഹ്യമായ ഈ ഒറ്റപ്പെടുത്തലിന് ഇരയാവുന്നത് മിക്കപ്പോഴും ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്ന പാര്‍ശ്വവല്‍കൃത സമൂഹമാണ്.

സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികള്‍ പലതാണ്. വര്‍ദ്ധിച്ചു വരുന്ന പണപ്പെരുപ്പം, ഭക്ഷ്യ വസ്തുക്കളുടെ 9.5% ത്തില്‍ കവിഞ്ഞ വിലവര്‍ദ്ധന, ഇതുമായി ബന്ധപ്പെട്ട് മറ്റ് അവശ്യ വസ്തുക്കള്‍ക്കുണ്ടായ വിലക്കയറ്റം-ഇവയൊക്കെ പാവപ്പെട്ടരുടെ ദൈനംദിന ജീവിതത്തിന്‍റെ താളം തെറ്റിക്കും. 2012-'13 ലും അതിനടുത്ത വര്‍ഷത്തിലും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച, GDP, യഥാക്രമം, വെറും 4.5ഉം 4.7ഉം ശതമാനം മാത്രമായിരുന്നു.. 2013-2014 ല്‍ ഒരുപാടു പേര്‍ക്ക്, ഉത്പാദന രംഗത്ത് വിശേഷിച്ചും, തൊഴില്‍ നഷ്ടപ്പെട്ടു. വ്യാവസായിക വളര്‍ച്ച 0.5% ശതമാനത്തില്‍ മുരടിച്ച മട്ടാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച്,കാര്‍ഷിക രംഗം 4% വളര്‍ച്ചയാണ് കാണിക്കുന്നത്..

ബജറ്റില്‍ ഇവയില്‍ ചിലവ പരാമര്‍ശിക്കപെടുന്നില്ല എന്നില്ല. പക്ഷേ, ഗൌരവത്തോടെയുള്ള ഒരു സമീപനമോ പരിഹാര നിര്‍ദ്ദേശങ്ങളോ കാണാനില്ല. 34000 കോടി രൂപ MGNREG ക്കും 1.15 ലക്ഷം  കോടി രൂപ ഭക്ഷ്യ സബ്സിഡിക്കും നീക്കിവെച്ചിട്ടുണ്ടെങ്കിലും, സാമൂഹ്യ-സാമ്പത്തിക രംഗത്തെ കാതലായ പ്രശ്നങ്ങളെ നേരിടാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ഒന്നും കാണാനില്ല. പല കര്‍ഷക സംഘടനകളും ദളിത്‌ സംഘടനകളും കാര്‍ഷിക മേഖലയ്ക്കും അനുബന്ധ മേഖലകള്‍ക്കും SC, ST ക്കാര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ക്കും ബജറ്റില്‍ അനുവദിച്ച തുക ആനുപാതികമായി തീരെ കുറഞ്ഞുപോയെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള സബ്സിഡി കുറച്ചതു കാരണം യാതാനിരക്കിലും ചരക്കുകൂലിയിലും വരുന്ന വര്‍ദ്ധനവ് ഭക്ഷ്യ വസ്തുക്കളുടെ വില ഇനിയും കൂടാന്‍ ഇടയാക്കും. സര്‍ക്കാര്‍ ഖജനാവില്‍ പ്രതീക്ഷിക്കുന്ന ധനം വന്നുചേരാതിരിക്കുകയും കാര്‍ഷിക രംഗം വരള്‍ച്ചയുടെ പിടിയില്‍ അമരുകയും ചെയ്‌താല്‍ ഗ്രാമോദ്ധാരണത്തിനും സാമൂഹ്യസേവനത്തിനും ഇന്ന് നീക്കിവെച്ച തുക കുറയാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

ആരുടെ ബജറ്റ് ആണിത് ? 

2014-15 ലേയ്ക്കുള്ള ബജറ്റിന്‍റെ മൊത്ത വലുപ്പം 17.94 ലക്ഷം കോടി രൂപയാണ്- 17.63 ലക്ഷം കോടി മതിപ്പുള്ള ഇടക്കാല ബജറ്റിനേക്കാള്‍ അല്പം കൂടുതല്‍. മൊത്തം ചെലവ് GDPയുടെ 13.9% വരും.. ഇടക്കാല ബജറ്റില്‍ നിന്ന്‍ ഈ ബജറ്റില്‍ 31000 കോടിരൂപയുടെ ഈ അധിക മൂലധനത്തില്‍ മൂന്നില്‍ രണ്ടു ഭാഗം പദ്ധതിച്ചെലവുകള്‍ക്കും (5.55 ലക്ഷം കോടി രൂപയില്‍ നിന്ന് 5.75 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി) ബാക്കി, മൂന്നിലൊന്ന്‍, പദ്ധത്യേതര ചെലവുകള്‍ക്കും (12.07 ലക്ഷം കോടി രൂപയില്‍ നിന്ന്‍ 12.19 ലക്ഷം കോടിയാക്കി ഉയര്‍ത്തി.)

അടുത്ത മൂന്നു വര്‍ഷത്തില്‍, സാമ്പത്തിക അസ്ഥിരതയ്ക്ക് കടിഞ്ഞാണിടാന്‍ കഴിയുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വാദം . സര്‍ക്കാരിന്‍റെ വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. ധനക്കമ്മി GDPയുടെ 4.1% ലേയ്ക്ക് കുറയ്ക്കാനുള്ള ശ്രമത്തില്‍ ജെയ്റ്റ്ലി പിന്തുടരുന്നത് ചിദംബരത്തിന്‍റെ പാതയാണ്. 2014-2015 ല്‍ 4.6% ലേയ്ക്കും 2016-17 ല്‍ 3% ലേയ്ക്കും ചുരുക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇതേ കാലയളവില്‍ റെവന്യൂ കമ്മി 3.3% ത്തില്‍ നിന്ന് 1.6% ആക്കിക്കുറയ്ക്കുകയും ചെയ്യും. അടുത്ത മൂന്നു വര്‍ഷങ്ങളില്‍ 2013-2014 ലെ 10.2% നികുതി വരുമാനം 2016-2017 ല്‍ 11.2% മായി ഉയര്‍ത്തും. വാര്‍ഷികച്ചെലവില്‍, ഇത് കാര്യമായ കുറവ് വരുത്തും. സാമൂഹ്യ സേവന മേഖലയ്ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും മറ്റുമായുള്ള നീക്കിയിരിപ്പ് വീണ്ടും കുറയാനാണ് സാദ്ധ്യത എന്നര്‍ത്ഥം. നവ ലിബറല്‍ ചിന്താഗതി പങ്കിടുന്ന മാദ്ധ്യമങ്ങളുടെ ഒത്താശയോടെ സബ്സിഡികള്‍ക്കെതിരെ വളര്‍ത്തിയെടുത്തിട്ടുള്ള ഒരു പൊതു'ബോധ'മുണ്ട് ബജറ്റ്, സബ്സിഡികള്‍ ഒന്നോടെ വെട്ടിച്ചുരുക്കിയിട്ടില്ല. പക്ഷേ ആ വഴിക്കൊരു നീക്കം- ചില പദപ്രയോഗങ്ങള്‍ -വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് കാണാനാകും. ഗ്രാമീണ ജനതയെ ഇത് മോശമായി ബാധിക്കും.

നികുതിയിളവിന്‍റെ കാര്യം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു ചിത്രമുണ്ട്. ആദായ നികുതി കൊടുക്കേണ്ടതില്ലാത്ത വരുമാനത്തിന്‍റെ പരിധി 2 ലക്ഷം രൂപയില്‍ നിന്ന്‍ 2.5 ലക്ഷം രൂപയാക്കി ഉയര്‍ത്തുന്നത് നവമദ്ധ്യവര്‍ഗ്ഗത്തിന് ആശ്വാസം പകരുന്ന നടപടി തന്നെ. പക്ഷേ സമ്പന്നര്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള നികുതിയിളവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് ഒന്നുമല്ല. മദ്ധ്യവര്‍ഗ്ഗത്തിന് അനുവദിച്ചിട്ടുള്ള ആകെ നികുതിയിളവ് 40000 കോടി രൂപയോളം വരും.. 5.32 ലക്ഷം കോടി രൂപയുടെ വമ്പിച്ച ഇളവാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത് ആദായ നികുതിയിലും, കസ്റ്റംസ്-ഏക്‌സൈസ് തീരുവകളിലും ഉള്ള ഇളവുകളായാണ് ഇത് അനുവദിച്ചിട്ടുള്ളത്. എഴുതിത്തള്ളിയ 76,116 കോടി രൂപയുടെ കോര്‍പ്പറേറ്റ് ആദായനികുതി, 1,95,679 കോടി രൂപയുടെ ഏക്‌സൈസ് ഡ്യൂട്ടി 2,60,714 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി ഇവ ഇതിലുള്‍പ്പെടും. 2012-2013 ല്‍ സമ്പന്നവിഭാഗത്തിന് ഇതേവിധം ഒഴിവാക്കിക്കൊടുത്തത് 566,235 കോടി രൂപയാണെങ്കില്‍ ഈ ബജറ്റില്‍ അത് 572,924 കോടി രൂപയാണ്. (GDP യുടെ 5%). സമ്പന്നരെ അനുകൂലിച്ചുകൊണ്ടുള്ള ഇന്ത്യന്‍ നികുതിവ്യവസ്ഥയെ വിശകലനം ചെയ്യുന്ന ശ്രീ പി. സായ്നാഥിന്‍റെ ലേഖനത്തില്‍ പറയുന്നത് 2005-2006 തൊട്ടിങ്ങോട്ടുള്ള ഒമ്പത് കൊല്ലക്കാലത്ത് ഇന്ത്യന്‍ ഭരണകൂടം ആകെ ഇങ്ങനെ എഴുതിത്തള്ളിയ നികുതി കുടിശ്ശിക 36.5 ലക്ഷം കോടി രൂപയുടേതാണെന്നാണ്. ഇതില്‍ ആറിലൊന്ന് കോര്‍പ്പറേറ്റ് ആദായനികുതി മാത്രമാണ്. ഇപ്പോള്‍ പൊതുവിതരണ മേഖലയ്ക്ക് അനുവദിച്ചിട്ടുള്ള 1.15 ലക്ഷം കോടി രൂപയുടെ തോതില്‍ കണക്കാക്കിയാല്‍, മേല്‍പ്പറഞ്ഞ 36.5 ലക്ഷം കോടി രൂപ കൊണ്ട് പൊതുവിതരണ ശൃംഖല 31 വര്‍ഷം കൊണ്ടുനടത്താമായിരുന്നു .അഥവാ ബജറ്റില്‍ 34000 കോടി രൂപ അനുവദിച്ചിട്ടുള്ള MGNREGS ന് 105 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് വിഹിതമാകുമായിരുന്നു. മോഡിസര്‍ക്കാര്‍, യു.പി.എ. സര്‍ക്കാരിന്‍റെ ശരിയായ തുടര്‍ച്ചയാവുന്നത് സമ്പന്ന വര്‍ഗ്ഗത്തിന്‍റെ പക്ഷം ചേര്‍ന്നുള്ള അതിന്‍റെ കാഴ്ചപ്പാടിലാണ് എന്ന സായ്നാഥിന്‍റെ നിരീക്ഷണം അക്ഷരംപ്രതി ശരിയാണ്. ശക്തരും സമ്പന്നരുമായ കോര്‍പ്പറേറ്റ് മേഖലയ്ക്ക് കനത്ത ആനുകൂല്യങ്ങള്‍ കൊടുക്കുകയും ചെലവ് ചുരുക്കലിന്‍റെ പേരില്‍ സാമൂഹ്യസേവന മേഖലയുടെ വിഹിതം പരോക്ഷമായി വെട്ടിക്കുറയ്ക്കുകയും ചെയ്യുമ്പോഴും പാവപ്പെട്ടവര്‍ക്ക് വേണ്ടി വാചാലമായി സംസാരിക്കാന്‍ ഭരണകൂടം മനസ്സിരുത്തുന്നു! 2005-2006 ല്‍ സമ്പന്നരായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പേരില്‍ ഇങ്ങനെ എഴുതിത്തള്ളിയതിന്‍റെ 132% ത്തിന്‍റെ വര്‍ദ്ധനവാണ് 2013-2014 ആയപ്പോഴേയ്ക്ക് ഉണ്ടായിട്ടുള്ളത്. ബജറ്റിന്‍റെ രാഷ്ട്രീയം ഇതില്‍ വ്യക്തമാണ്. പാവങ്ങള്‍ക്ക് സഹായം ഏറെക്കുറെ വാക്കുകളില്‍ ഒതുങ്ങുമ്പോള്‍, ശക്തരും സമ്പന്നരുമായ ഒരു ചെറിയ വിഭാഗം യഥാര്‍ത്ഥ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നു. ഇടത്തരക്കാരെ ചെറിയ ആനുകൂല്യങ്ങള്‍ കൊടുത്തു പ്രീണിപ്പിക്കുകയും ചെയ്യുന്നു.
പാവങ്ങള്‍ക്ക് സഹായം ഏറെക്കുറെ വാക്കുകളില്‍ ഒതുങ്ങുമ്പോള്‍, ശക്തരും സമ്പന്നരുമായ ഒരു ചെറിയ വിഭാഗം യഥാര്‍ത്ഥ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നു. ഇടത്തരക്കാരെ ചെറിയ ആനുകൂല്യങ്ങള്‍ കൊടുത്തു പ്രീണിപ്പിക്കുകയും ചെയ്യുന്നു
പാവപ്പെട്ടവര്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പുതുക്കിയ എസ്റ്റിമേറ്റുകളില്‍ വീണ്ടും വെട്ടിച്ചുരുക്കപ്പെടുന്നു. വളര്‍ന്നു വരുന്ന സാമ്പത്തിക മേഖലകളില്‍ നികുതി-GDP അനുപാതം ഏറെ കുറഞ്ഞ ഒന്നാണ് നമ്മുടേത്. കേന്ദ്ര നികുതി-GDP അനുപാതം 2012-2013 ലെ 10.2% ത്തില്‍ നിന്ന് 2013-2014 ല്‍ 10% ത്തിലേയ്ക്ക് താഴുകയാണുണ്ടായത്. ഏക്‌സൈസ്-കസ്റ്റംസ് ഡ്യൂട്ടി പിരിച്ചെടുക്കുന്നതില്‍ വരുന്ന വീഴ്ചയും കോര്‍പ്പറേറ്റ് ആദായനികുതി എഴുതിത്തള്ളുന്നതുമാണ് ഇതിന്‍റെ മുഖ്യ കാരണം. ഇങ്ങനെ വരുന്ന ധനക്കമ്മി സാമൂഹ്യ സുരക്ഷയേയും പൊതുവിതരണത്തേയും പൊതുവിദ്യാഭ്യാസ-പൊതുജനാരോഗ്യ-ഭവന നിര്‍മ്മാണ മേഖലകളേയും പോലുള്ള അടിസ്ഥാന ആവശ്യങ്ങളെ/ അവകാശങ്ങളെ ആണ് വിപരീതമായി ബാധിക്കുന്നത്. ഇവയ്ക്കെല്ലാം ഇരകളാവുന്നത് പാര്‍ശ്വവല്കൃതരും ദളിതരും ന്യൂനപക്ഷങ്ങളും അടങ്ങുന്ന ജനവിഭാഗവുമാണ്. റോഡ്‌ നിര്‍മ്മാണമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതും പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ ഫലപ്രദമായി ചൂഷണം ചെയ്യുന്നതും സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെങ്കിലും അതിനു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സമ്പന്നവര്‍ഗ്ഗത്തിന്‍റെ പക്ഷം ചേര്‍ന്ന് പാവപ്പെട്ടവരെ കൂടുതല്‍ ദുരിതങ്ങളിലേയ്ക്ക് നയിക്കുന്ന ഒരു രാഷ്ട്രീയ സമീപനമാണ് വെളിവാക്കുന്നത്. ജനസംഖ്യയുടെ 15% ത്തില്‍ കുറവേ വരു ഇപ്പറഞ്ഞ സമ്പന്ന വര്‍ഗ്ഗം. കര്‍ഷകരും ആദിവാസികളും ദളിതരും ഉള്‍പ്പെടുന്ന ഗ്രാമ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന നിക്ഷേപ സൌകര്യങ്ങളും സ്വയംപര്യാപ്തമായ കാര്‍ഷിക മേഖലയും സാമൂഹ്യ -സാമ്പത്തിക മേഖലകളിലെ മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളും ഒക്കെ ചേര്‍ന്ന് വന്നാല്‍ മാത്രമേ നേരത്തെ സൂചിപ്പിച്ച അസമത്വങ്ങള്‍ നീക്കി നമുക്ക് നമ്മുടെ human development index ഉയര്‍ത്തിക്കൊണ്ടു വരാനാകൂ.

( Published in Malayalanatu online magazine in July 2014. Malayalam translation by Satheesan Puthumana. Web-link-http://www.malayalanatu.com/component/k2/item/1418-2014-07-18-13-18-08)