Tuesday, February 20, 2018

അക്രമ -കൊലപാതക രാഷ്ട്രീയം

അക്രമ -കൊലപാതക രാഷ്ട്രീയം ആര് എപ്പോൾ എവിടെ കാണിച്ചാലും അതിനു എതിരാണ്. അത് സങ്കികൾ ഗാന്ധിജിയേ കൊന്നാലും, കൊണ്ഗ്രെസ്സ് കാർ കമ്മ്യുണിസ്റ്റ് കാരെ കൊന്നാലും., അടിയന്തരാവസ്ഥയിൽ ആളെ കൊന്നാലും, 84 ൽ സിഖുകാരെ കൂട്ടക്കൊല ചെയ്താലും. 2001 ൽ മുസ്ലിങ്ങളെ കൂട്ടക്കൊല നടത്തിയാലും. ഗൗരി ലങ്കേഷിനെയും കാൾബുർഗിയെയും, പൻസാരെ, ഡാബോൽക്കർ മുതലായ ആക്ടിവിസ്റ്റുകളെ ഒളിഞ്ഞു നിന്നു വെടിവച്ചു കൊന്നാലും. ബോംബിട്ട് ഭീകര ആക്രമണം നടത്തി നിരപരാധികളെ കൊന്നാലും. കമ്മ്യൂണിസ്റ് കാർ ആർ എസ് എസ് കാരരെയൊ കൊണ്ഗ്രെസ്സ്കാരെ കൊന്നാലും.ഇവർ സീ പി എമ്മുകാരെ കൊന്നാലും, കൊലപാതക രാഷ്ട്രീയം ഇന്നലെയും ഇന്നും എന്നും ഭീരുത്വത്തിന്റെയും ഭീഷണിയുടെയം പകയുടെയും രാഷ്ട്രീയമാണ്. പീരീഡ്‌.
ആര് ആരെ എന്നു എപ്പോൾ കൊന്നു എന്നത് അനുസരിച്ചു അല്ല കൊലപാതക രാഷ്ട്രീയത്തിനു എതിരെ നിലപാട് എടുക്കേണ്ടത്. കൊല്ലപ്പെടാനും കൊല്ലാനും വിധിക്കപ്പെട്ട ചാവേറുകൾ സാമ്പത്തികമായും സാമൂഹികമായും സമൂഹത്തിന്റെ താഴെതട്ടിൽ ഉള്ളവരാണ്. അവരുടെ കുടുംബങ്ങൾ ആണ് അനാഥമായി അർദ്ധ പട്ടിണിയിൽ ജീവിക്കാൻ വിധിക്കപ്പെടുന്നത്. പക്ഷെ ഈ കൊലകൾ നടത്താൻ പ്രേരിപ്പിക്കുന്നവർ മന്ത്രിയും, മുഖ്യ മന്ത്രിയും പാർട്ടി നേതാവും, പ്രധാന മന്ത്രിയൊക്കെ ആകെമെന്ന സിനിക്കൽ രാഷ്ട്രീയമാണ് ഇന്ത്യൻ ജനാധിപത്യത്തിലെ അശ്ലീലങ്ങളിൽ ഒന്ന്. അതു ഗുജറാത്തിലോ യു പി യിലോ മാത്രമല്ല സംഭവിക്കുന്നത്. അങ്ങനെയുള്ളവരെ ന്യായീകരിച്ചു അവർക്ക് സ്‌തുതി പാടി നടക്കുന്ന മധ്യ വർഗ്ഗ കൊട്ടാരം വാല്യക്കാരും രാജധാനിയിലെ ആശ്രീതരും പലപ്പോഴും അധികാര-അശ്ലീല കക്ഷി രാഷ്ട്രീയത്തിന്റെ വാലാട്ടികളാണ്. അവരാണ് അർണബിനെ പോലെ കള്ളത്തരങ്ങളുടെ റിപ്പബ്ലിക് പ്രചരിപ്പിച്ചു ആളു കളെ പറ്റിക്കാൻ നടക്കുന്നത്.
ചിലർക്ക് അവരുടെ പാർട്ടികൾ നടത്തുന്ന സ്ത്രീ വിരുദ്ധതയും, അക്രമവും, അസഹിഷ്ണുതയും, കൊലപാതക രാഷ്ട്രീയവും കാണാൻ ഒക്കാത്തതോ വിമർശിക്കാൻ കഴിയാത്തതോ അവർക്ക് ഇതു അറിയാൻ വയ്യാഞ്ഞിട്ടല്ല. പക്ഷെ അവർ അധികാര-രാഷ്ട്രീയത്തിന്റെ പേട്രൺ -ക്ലയന്റെ നെറ്റ്വർക്കിൽ സ്ഥാന മാനങ്ങൾ കിട്ടിയവയരോ കിട്ടാൻ ആഗ്രഹിക്കുന്നവരോ ഒക്കയാണ്. അവർക്ക് അധികാര-രാഷ്ട്രീയ അഹങ്കാരങ്ങളെ വിമർശിക്കുവാൻ ഉൾക്കരുത്തില്ലാത്തവർ ആണ്. അങ്ങനെയുള്ള വർക്കാണ് കൊലപാതക രാഷ്ട്രീയത്തിനു എതിരെയാണ് എന്നു പറഞ്ഞാൽ പോലും ചൊറിയുന്നത്.
അപ്പോൾ പിന്നെത്തെ പണി ചാപ്പ കുത്തൽ ആണ്. കൊണ്ഗ്രെസ്സ് കാരെ വിമർശിച്ചാൽ 'ഇടതൻ ' ആക്കും. സീ പി എമ്മിനിനെ വിമർശിച്ചാൽ 'വലതനോ ', ' കോൺഗ്രെസ്സോ ' ആക്കും. ഇവരെ രണ്ടു പേരെയും, വിമർശിച്ചാൽ 'സങ്കി ' യാക്കും. ഇതൊന്നും ഇല്ലെങ്കിൽ ജാതിയോ -മതമോ പറഞ്ഞു ആക്രമിക്കും. ഇതൊന്നും ഇല്ലെങ്കിൽ പഴയ ബോറൻ പ്രയോഗമായ 'അരാഷ്ട്രീയ ' വാദി എന്നു ചാപ്പ കുത്തി ആക്രമിക്കും.
അതത് രാഷ്ട്രീയപാർട്ടികളുടെ ന്യായീകരണ തൊഴിലാളികൾക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട് കേരളത്തിലെയും ഇന്ത്യയിലിലെയും ഒരുപാട് ആളുകളും ഒരു പാർട്ടിയുടെയോ നേതാക്കളുടയൊ മൂട് താങ്ങി നടക്കാത്തവരാണ്. ഒരു പാർട്ടിയുടെയോ നേതാവിന്റെയൊ വാലാട്ടി നടക്കുന്നത് മാത്രമാണ് രാഷ്ട്രീയ പ്രവർത്തനം എന്നു കരുതുന്നവരോട് സംവേദിക്കുവാൻ പോലും പ്രയാസമാണ്.

No comments: