Monday, February 12, 2018

ഒളിഞ്ഞു നോട്ടത്തിന്‍റെ രാഷ്ട്രീയ കപട സദാചാരങ്ങള്‍ .

എ കെ ജി യുടെ കല്യാണമോ ബലറാമിന്റെ ' കണ്ടു പിടുത്തമോ ' ഒരു തട്ടിപ്പുകാരിയുടെ കൊച്ചു പുസ്തക കള്ള കഥകളോ അല്ല ഇന്നു കേരളം നേരിടുന്ന പ്രതിസന്ധികൾ. ഇതിൽ ഒക്കെ അടങ്ങിയിരിക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളുടെ കഥഇല്ലായ്മയും മാലിന്യ നാറ്റമുള്ള രാഷ്ട്രീയ വ്യവഹാരങ്ങളും കേരളത്തിലെ പൊതു ജീർണ്ണതകളെ ആണ് കാണിക്കുന്നത്. അതിന്റെ ഒരു പരിശ്ചേദമാണ് ഫേസ് ബുക്ക്‌ തെറി അഭിഷേകങ്ങൾ.
കേരളത്തിലെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ നിലവാര തകർച്ച തുടങ്ങിയിട്ട് കുറെ വർഷങ്ങൾ ആയി. പരസ്പരം ചെളി വാരിഎറിഞ്ഞു തെറികൾ വിളിച്ചു കണക്കുകൾ തീർക്കുന്ന നേതാക്കൾ. കഴിഞ്ഞ അഞ്ചു കൊല്ലത്തെ നിയമ സഭ വ്യവഹാരങ്ങളിലും ഈ നിലവാര തകർച്ച കാണാം. നിയമ സഭയിൽ ഒരു ബജറ്റ് സമ്മേളനത്തിൽ കാട്ടി കൂട്ടിയ വൃത്തി കേടുകൾ തന്നെ കേരള രാഷ്ട്രീയം എത്തി നിൽക്കുന്ന ചെളി കുണ്ടിനെ ആണ് കാണിച്ചത്. അന്ന് സ്പീക്കറുടെ കസേര തളളി താഴെയിട്ടവർ ആണ് ഇന്ന് ആ കസേരയിൽ. കേരളം എത്തി നിൽക്കുന്ന സാമ്പത്തിക -സാമൂഹിക -രാഷ്ട്രീയ പ്രശ്ന പ്രതിസന്ധികൾ ഒന്നും അല്ല ഇവിടെ മിക്കപ്പോഴും രാഷ്ട്രീയ പാർട്ടി നേതാക്കളും എം എൽ എ മാരും ഒക്കെ ചർച്ച ചെയ്യുന്നത്. സെക്‌സും മോറൽ പോലീസിങ്ങും പരസ്പരം വിഴുപ്പ് അലക്കൽ നടത്തുന്ന നേതാക്കൾ. പച്ച തെറി പരസ്പരം വിളിച്ചു സായൂജ്യം അടയുന്ന അണികൾ. സ്വന്തം പാർട്ടിയോ പാർട്ടികരോ എന്ത് ചെയതാലും എന്ത് വൃത്തികേടുകൾ കാണിച്ചാലും ന്യായീകരിക്കുന്ന ഫെസ് ബുക്ക്‌ പാർട്ടി പട്ടാളക്കാർ.
എ കെ ജി യോ ഗാന്ധിയോ നെഹ്‌റുവോ ആരേ എങ്ങനെ കല്യാണം കഴിച്ചു എന്നതോ, മാർക്സിന്റെ സെക്സ് ലൈഫൊ, അല്ലെങ്കിലും തട്ടിപ്പു തൊഴിൽ ആക്കിയ ഒരു സ്ത്രീ പറയുന്ന കൊച്ചു പുസ്തക കഥകളോ അല്ല കേരളം നേരിടുന്ന പ്രതിസന്ധി. അത് വച്ചു കളിക്കുന്ന രാഷ്ട്രീയമാണ് കേരളത്തിലെ പ്രതിസന്ധി.
മറ്റുള്ളവരുടെ കിടപ്പറകളിൽ ഒളിഞ്ഞു നോക്കുന്ന -ഒരു കപട സദാചാരം നമ്മുടെ രാഷ്ട്രീയത്തിലും സമൂഹത്തിലും ഉണ്ട്. അത് കൊണ്ടാണ് ഒരു മുൻ മന്ത്രിയുടെ ഇക്കിളി സംഭാഷണം ഒരു തട്ടിപ്പിലൂടെ കരസ്ഥമാക്കി പ്രക്ഷേപിച്ചു ഉത്ഘാടനം ചെയ്യാൻ ഒരു ചാനലിന് ഒരു ഉളുപ്പും ഇല്ലാതിരുന്നത്. ഇങ്ങനെയുള്ള ഒരു രാഷ്ട്രീയ -മാദ്ധ്യമ -സാമൂഹിക ജീര്ണതയും അത് അനുദിനം അഴുകി നാറ്റം വക്കുന്നു ഒരു അവസ്ഥയും ആണ് കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്. മാലിന്യങ്ങൾ തെരുവോരത്തും, മനസ്സിലും, മാധ്യമങ്ങളിലും നിയമ സഭയിലും കൂടി കൂടി മലീനസമായ ഒരു സമൂഹം ആയി നാം മാറുകയാണോ ? കേരളം എങ്ങോട്ടാണ് ?



കേരളത്തിൽ ഉപരിപ്ലവ രാഷ്ട്രീയ വർത്തമാനങ്ങൾ പല പ്രകടന പ്രതീകരണ ങ്ങളിലും പ്രകടമാണ്. സൂപ്പർഫിഷ്യൽ ആൻഡ് സൂപ്പർഫ്ലൂവസ്. അതിൽ പാർട്ടി വ്യത്യസങ്ങൾ കുറവാണ്. നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങൾ തരം താണ് താണ് വാക്കിലും പ്രവർത്തികളിലും വൃത്തിഹീനമായിരിക്കുന്നു.
.അത് കേരള സമൂഹത്തിൽ വളർന്നു വരുന്ന ജീർണ്ണതയുടെ പ്രതിഫലനങ്ങൾ ആണ്. സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരട് തപ്പുന്ന ഒരു സമൂഹം. പഴയ നവോദ്ധാന സാമൂഹിക രാഷ്ട്രീയ നേതാക്കക്കളുടെ പ്രതിമ വിഗ്രഹങ്ങളിൽ കാഷ്ഠിക്കുന്ന കാക്കൾ ആയി 'കാ കാ കാ ' കൂകുന്നവർ.
ആദർശങ്ങൾ അന്യം നിന്നു പോകുന്ന വായ്ത്താരികൾ ആയ നേതാക്കൾ അന്യോന്യം കലപില കൂടി അധികാര അഹങ്കാരങ്ങളിൽ രമിക്കുന്ന കാലം. ആരെയും ആർക്കും എന്തിനും ചീത്ത വിളിക്കാൻ തയ്യാറുള്ള സമൂഹം. കപട സദാചാര വർത്തമാനങ്ങളിൽ മുഴുകി ഒളിച്ചു നോട്ടം നടത്തുന്ന സമൂഹം.
പ്രണയവും പീഡനവും തമ്മിൽ ഉള്ള വ്യത്യസങ്ങൾ തിരിച്ചറിയാൻ വയ്യാത്ത ഒരു സമൂഹം. സ്ത്രീ വിരുദ്ധതയും ജാതി ചിന്തകളും വളർന്നു വരുന്ന സമൂഹം. എവിടയോ എന്തൊക്കയോ ചീയുന്ന ദുർഗന്ധങ്ങൾ മലയാളി ഫേസ് ബുക്കിലും നിറയുന്നു. മാലിന്യങ്ങൾ മനസ്സിനകത്തും പുറത്തും കുന്നു കൂടുന്നു.
ഒഴുക്ക് നിലച്ച ജലാശയത്തിൽ കൂത്താടികളും വെള്ളത്തിൽ ആശാൻമാരും ആയിരിക്കുന്നു നമ്മുടെ നേതാക്കളിൽ വലിയൊരു വിഭാഗം . കേരളം ഒഴുക്കറ്റു അഴുക്കു നിറഞ്ഞ ഒരു കായൽ ആയിരിക്കുന്നു. കേരളം എങ്ങോട്ടാണ് ?

No comments: